സംഭാഷണം തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കുക
1 ഫലകരമായ സാക്ഷീകരണം മുഖ്യമായും, സംഭാഷണം തുടങ്ങാൻ നിങ്ങൾ മുൻകൈ എടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? വ്യക്തിയുടെ താത്പര്യത്തെ ഉണർത്തുന്ന ഒരു സംഗതി പറഞ്ഞുകൊണ്ട് അയാളെ ചർച്ചയിൽ ഉൾപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത് ഫലകരമായി എങ്ങനെ ചെയ്യാൻ കഴിയും?
2 ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഏതാനും വാക്കുകൾ പറഞ്ഞുകൊണ്ട് നമ്മുടെ ബൈബിളധിഷ്ഠിത ലഘുലേഖകളിൽ ഒന്നു സമർപ്പിക്കുകവഴി സംഭാഷണം തുടങ്ങാൻ കഴിയുമെന്നു മിക്ക പ്രസാധകരും കണ്ടെത്തിയിരിക്കുന്നു. ലഘുലേഖകളുടെ ശീർഷകങ്ങൾ ഹൃദയാവർജകങ്ങളാണ്, ചിത്രങ്ങൾ വർണശബളവും ആകർഷകവുമാണ്. ലഘുലേഖ ചെറുതായിരിക്കുന്നതിനാൽ, അതു വായിച്ചുതീർക്കാൻ ഒരുപാടു സമയം വേണമെന്ന ചിന്ത വ്യക്തിക്ക് ഉണ്ടാകുന്നില്ല. അവയിലെ ഹ്രസ്വ സന്ദേശങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്നവയും ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിക്കാനായി ഉപയോഗിക്കാൻ കഴിയുന്നവയുമാണ്.
3 ഒരു സഹോദരിക്കു തോന്നിയത് ഇങ്ങനെയാണ്: “ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിൽ, വായനയ്ക്ക് അധികം സമയം ചെലവഴിക്കാൻ ആളുകൾ പലപ്പോഴും ആഗ്രഹിക്കുന്നില്ല. എന്നാൽ സുപ്രധാന സന്ദേശം അടങ്ങുന്ന ലഘുലേഖകൾക്ക്, ആളുകൾ കാണുന്ന മാത്രയിൽത്തന്നെ നിരസിക്കാൻ പോന്നത്ര വലിപ്പമില്ല. അനേകം ലഘുലേഖകൾ വായിച്ചതിന്റെ ഫലമായാണ് ഞാൻ സത്യം പഠിച്ചത്.” ഈ ഹ്രസ്വ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന ദൈവവചനത്തിന്റെ ശക്തിയെ ഒരിക്കലും താഴ്ത്തിമതിക്കരുത്.—എബ്രാ. 4:12.
4 നാല് എളുപ്പവഴികൾ: ലളിതമായ സമീപനരീതിയിലൂടെ അനേകർക്കും നല്ല ഫലം ലഭിച്ചിട്ടുണ്ട്. (1) വ്യക്തിയെ ഏതാനും ചില ലഘുലേഖകൾ കാണിച്ചിട്ട് ഏതു വിഷയത്തിലാണ് അദ്ദേഹത്തിന് താത്പര്യമുള്ളതെന്ന് ചോദിക്കുക. (2) അയാൾ അതിൽ ഒന്ന് എടുത്തു കഴിയുമ്പോൾ, പ്രസ്തുത ലഘുലേഖയിലെ മുഖ്യ ആശയത്തെ വിശേഷവത്കരിക്കുന്ന നന്നായി തയ്യാറായ ഒരു ചോദ്യം ചോദിക്കുക. (3) അതിന്റെ ഉത്തരമായി, ലഘുലേഖയിൽനിന്ന് ഉചിതമായ ഖണ്ഡികയോ തിരുവെഴുത്തോ വായിക്കുക. (4) അനുകൂലമായ പ്രതികരണം ലഭിക്കുന്നെങ്കിൽ, ലഘുലേഖയിലെ വിവരങ്ങൾ തുടർന്നു ചർച്ച ചെയ്യുക. അല്ലെങ്കിൽ സൃഷ്ടി പുസ്തകത്തിന്റെ 16-20 അധ്യായങ്ങളിൽ നിന്നുള്ള ഉചിതമായ ഒരു ആശയത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. ലഘുലേഖകളിൽ നാലെണ്ണം ഉപയോഗിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ തയ്യാറാകാൻ പിൻവരുന്ന നിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
5 “ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?” എന്ന ലഘുലേഖയുടെ ശീർഷകംതന്നെ ഒരു ചോദ്യമായി ഉപയോഗിക്കാവുന്നതാണ്.
◼ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ആൾ “ദൈവം” അല്ലെങ്കിൽ “എനിക്കറിയില്ല” എന്നാണു മറുപടി പറയുന്നതെങ്കിൽ, 2-ാം പേജിലെ ആദ്യത്തെ രണ്ടു വാചകങ്ങളും 3-ാം പേജിലെ ആദ്യ ഖണ്ഡികയും വായിക്കുക. 1 യോഹന്നാൻ 5:19-ഉം വെളിപ്പാടു 12:9-ഉം വിശേഷവത്കരിക്കുക. പിശാചായ സാത്താന്റെ അസ്തിത്വത്തെയോ അവൻ ഈ ലോകത്തെ സ്വാധീനിക്കുന്നു എന്നതിനെയോ വ്യക്തി സംശയിച്ചാലും ഇല്ലെങ്കിലും “ലോകാവസ്ഥകളിൽനിന്നും ഒരു സൂചന” എന്ന ഉപതലക്കെട്ടിൻ കീഴിലെ ന്യായവാദങ്ങൾ നിങ്ങൾക്ക് തുടർന്ന് ഉപയോഗിക്കാവുന്നതാണ്. വ്യക്തി ആ വിഷയത്തിൽ താത്പര്യം കാട്ടുന്നെങ്കിൽ, ലഘുലേഖയുടെ 3-ഉം 4-ഉം പേജുകളിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട്, പിശാച് എവിടെനിന്നു വന്നു എന്നു വിശദീകരിക്കാമെന്നു പറയുക.
6 “മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?” എന്ന ലഘുലേഖ പെട്ടെന്നുതന്നെ ആളുകളുടെ താത്പര്യം ഉണർത്തിയേക്കാം. ഇങ്ങനെ ചോദിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു സംഭാഷണം തുടങ്ങാവുന്നതാണ്:
◼ “നമ്മുടെ മരിച്ച പ്രിയപ്പെട്ടവരെ എന്നെങ്കിലും കാണാനാകുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” വ്യക്തിയുടെ പ്രതികരണം കേട്ടശേഷം 4-ാം പേജിലെ രണ്ടാം ഖണ്ഡികയിലേക്കു ശ്രദ്ധ ക്ഷണിക്കുകയും തുടർന്ന് യോഹന്നാൻ 5:28, 29 വായിക്കുകയും ചെയ്യുക. ലഘുലേഖയിലെ ആദ്യത്തെ ഉപതലക്കെട്ടിൻ കീഴിലെ വിവരങ്ങൾ മനസ്സിലാക്കാൻ ഈ വാക്യം സഹായിക്കുമെന്നു വിശദീകരിക്കുക. അത് ഒന്നിച്ചിരുന്നു ചർച്ച ചെയ്യാമെന്നു പറയുക.
7 “കുടുംബജീവിതം ആസ്വദിക്കുക” എന്ന ലഘുലേഖ ലോകത്തെങ്ങുമുള്ള കുടുംബങ്ങൾക്ക് ആകർഷകമാണ്. അത് ഉപയോഗിച്ച് നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼ “കുടുംബങ്ങൾക്ക് ഇന്ന് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു എന്നത് ശരിയല്ലേ? കുടുംബബന്ധങ്ങളെ ബലിഷ്ഠമാക്കാൻ എന്തു ചെയ്യാനാകുമെന്നാണു താങ്കൾ വിചാരിക്കുന്നത്?” മറുപടി കേട്ടശേഷം, 6-ാം പേജിലെ ആദ്യ ഖണ്ഡികയിലെ വിവരങ്ങളിലേക്കു വ്യക്തിയുടെ ശ്രദ്ധ ക്ഷണിക്കുക. 4-ഉം 5-ഉം പേജുകളിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളിലൊന്ന് തിരഞ്ഞെടുത്ത് അതിന്റെ അർഥം വിശദീകരിക്കുക. എന്നിട്ട് ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യുക.
8 “ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം” എന്ന ലഘുലേഖ നിങ്ങൾക്ക് ഈ വിധത്തിൽ പരിചയപ്പെടുത്താവുന്നതാണ്:
◼ “ബൈബിളിന്റെ ആദ്യ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കയീന്റെയും ഹാബെലിന്റെയും കഥ മിക്കവരും കേട്ടിട്ടുണ്ട്. ഉല്പത്തിയിലെ ആ വിവരണത്തിൽ കയീന്റെ ഭാര്യയെക്കുറിച്ചും പരാമർശമുണ്ട്. എന്നാൽ കയീന് ഭാര്യയെ കിട്ടിയത് എവിടെനിന്നാണെന്നു താങ്കൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ലഘുലേഖയുടെ 2-ാം പേജിലെ അവസാന ഖണ്ഡിക ഉപയോഗിച്ച് ഉത്തരം നൽകുക. ഭാവി എന്തു വെച്ചുനീട്ടുന്നു എന്നതു സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളും ഈ ലഘുലേഖ ചർച്ച ചെയ്യുന്നുണ്ടെന്നു വിശദീകരിക്കുക. തുടർന്ന് 5-ാം പേജിലെ മൂന്നാമത്തെ ഖണ്ഡിക മുതൽ ചർച്ച ചെയ്യുക, കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ അതിലെ വിവരങ്ങൾക്ക് ഉപോദ്ബലകമായി ഉപയോഗിക്കുക.
9 സുവാർത്ത അവതരിപ്പിക്കുന്നതിൽ ഫലകരമെന്നു കാലം തെളിയിച്ച ഒരു മാർഗമാണ് ലഘുലേഖാ സമർപ്പണം. കാരണം, അതു കൊണ്ടുനടക്കാൻ എളുപ്പമാണ്, വീടുതോറുമുള്ള സാക്ഷീകരണത്തിലും അനൗപചാരിക സാക്ഷീകരണത്തിലും നിങ്ങൾക്ക് അവ ഫലകരമായി ഉപയോഗിക്കാം. നമ്മുടെ ശുശ്രൂഷ നിറവേറ്റുന്നതിൽ ലഘുലേഖകൾ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ട്, നാനാ വിധത്തിലുള്ള ലഘുലേഖകൾ കൂടെ കരുതുകയും സംഭാഷണം തുടങ്ങുന്നതിനായി അവ മടികൂടാതെ ഉപയോഗിക്കുകയും ചെയ്യുക.—കൊലൊ. 4:17.