‘മനുഷ്യരാം ദാനങ്ങൾ’ ഉത്സുകരായി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു
1 “മനുഷ്യരാം ദാനങ്ങളെ” പ്രദാനം ചെയ്യുകവഴി യഹോവയാം ദൈവം തന്റെ പുത്രൻ മുഖാന്തരം എത്ര സ്നേഹപൂർവകമായ കരുതലാണു ചെയ്തിരിക്കുന്നത്! (എഫെ. 4:8, 11, 12, NW) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സജീവവും ഉത്സുകവുമായി മേയിക്കുന്നത് ഉൾപ്പെടെ അനേകം ഉത്തരവാദിത്വങ്ങൾ അവർക്കുണ്ട്. (1 പത്രൊ. 5:2, 3, NW) നമ്മെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമായ ഈ കരുതലിൽനിന്ന് നാമെല്ലാം പ്രയോജനം അനുഭവിക്കുന്നു. പ്രയാസങ്ങളെ നേരിടുന്നവരോ പുതുതായി സഹവസിച്ചു തുടങ്ങിയവരോ ചില ബലഹീനതകൾ ഉള്ളവരോ വഴിതെറ്റിപ്പോയവരോ ആയാലും എല്ലാവരുടെയും ആത്മീയ ക്ഷേമത്തിൽ ഈ പുരുഷന്മാർക്ക് അതിയായ വ്യക്തിഗത താത്പര്യം ഉണ്ട്.—ഫിലി. 2:4; 1 തെസ്സ. 5:12-14.
2 അസ്വസ്ഥജനകമായ ലോക സംഭവങ്ങൾ ഒരളവിലുള്ള ആശങ്ക ജനിപ്പിക്കുമ്പോൾ, ഈ ഉപ ഇടയന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും” ആണെന്നു തെളിയുന്നു. നാം ക്ഷീണിതരോ ഭാരപ്പെടുന്നവരോ ആയിത്തീരുകയും നമുക്ക് ആശ്വാസത്തിന്റെ ആവശ്യം അനുഭവപ്പെടുകയും ചെയ്യുമ്പോൾ, “വരണ്ട നിലത്തു നീർത്തോടുകൾപോലെ”യോ “ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെ”യോ ആയിരുന്നുകൊണ്ട് അവർ നമുക്കു നവോന്മേഷം പകരുന്നു.—യെശ. 32:2.
3 നിഷ്ക്രിയരെ പ്രോത്സാഹിപ്പിക്കൽ: മുഴു സഭാപ്രവർത്തനങ്ങളിലും ക്രമമായി പങ്കെടുക്കുന്നതിലേക്കു മടങ്ങിവരാൻ നടപടികളെടുക്കുന്നതിൽ സഹായിച്ചുകൊണ്ട് ക്രമമില്ലാത്തവരെയും നിഷ്ക്രിയരെയും, പ്രോത്സാഹിപ്പിക്കുന്നതിന് മൂപ്പന്മാർ ഒരു പ്രത്യേക ശ്രമം ചെയ്യുന്നതായിരിക്കും. സഭായോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതിനും വയൽ ശുശ്രൂഷയിൽ വീണ്ടും പങ്കെടുക്കുന്ന അളവോളം ആത്മീയമായി ബലിഷ്ഠരായിത്തീരുന്നതിനും സ്നേഹപൂർവകമായ ഇടയസന്ദർശനങ്ങൾ അനേകരെ സഹായിച്ചിട്ടുണ്ട്. മൂപ്പന്മാരുടെ ഭാഗത്തെ അത്തരം ശ്രമങ്ങളെല്ലാം യഹോവയുടെ സ്നേഹപൂർവകമായ കരുതലിനെയും യേശുക്രിസ്തുവിന്റെ ക്രിയാത്മകമായ നേതൃത്വത്തെയും പ്രതിഫലിപ്പിക്കുന്നു. വഴിതെറ്റിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്ത തന്റെ ഏതൊരു ആടിന്റെ കാര്യത്തിലും പ്രകടമാക്കേണ്ട താത്പര്യത്തിന്റെ മാതൃക അവൻ കാണിച്ചുതന്നിട്ടുണ്ട്.—മത്താ. 18:12-14; യോഹ. 10:16, 27-29.
4 ആർക്കെങ്കിലും ആത്മീയ ഇടർച്ചയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ഉപ ഇടയന്മാർ നിരീക്ഷിക്കുന്നു. യോഗങ്ങൾക്കു ക്രമമായി ഹാജരാകാതിരിക്കുന്നതോ വയൽസേവനത്തിൽ മാന്ദ്യമുള്ളവരായിത്തീരുന്നതോ പോലുള്ള നിരുത്സാഹത്തിന്റെ ലക്ഷണങ്ങൾ ആരെങ്കിലും പ്രകടമാക്കുന്നെങ്കിൽ സാധ്യതയനുസരിച്ച് അവർക്ക് ആത്മീയ സഹായം ആവശ്യമുണ്ട്. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ലോകത്തിന്റെ പ്രവണത അനുകരിച്ചു തുടങ്ങിയിരിക്കുന്നവരോ സഭയെ സംബന്ധിച്ച് വിമർശനാത്മക മനോഭാവം വളർത്തിയെടുക്കുന്നവരോ ആയ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ മൂപ്പന്മാർ ഉത്സുകരാണ്. യഹോവയോടുള്ള തങ്ങളുടെ സ്നേഹം പുനർജ്ജ്വലിപ്പിക്കാൻ അത്തരം ആളുകളെ സഹായിക്കാനുള്ള ശ്രമത്തിൽ ആത്മാർഥ താത്പര്യത്തോടും ആർദ്രപ്രിയത്തോടും കൂടെ, സ്നേഹനിധികളായ മേൽവിചാരകന്മാർ മനസ്സോടെ ‘തങ്ങളുടെ പ്രാണൻ വെച്ചുകൊടുക്കുന്നു.’—1 തെസ്സ. 2:8.
5 കഴിഞ്ഞ കാലങ്ങളിൽ, സമർപ്പിതരായ ചില ക്രിസ്ത്യാനികൾക്കു സഭയുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അവർ ആത്മീയ നിഷ്ക്രിയാവസ്ഥയിലേക്കു വീണുപോയിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളാലോ സാമ്പത്തിക പരാജയങ്ങളാലോ കുടുംബ സമ്മർദങ്ങളാലോ അമിതമായി ഭാരപ്പെടുത്തപ്പെട്ടതാണ് അതിനു കാരണം. ഇത്തരം സന്ദർഭങ്ങളിൽ മൂപ്പന്മാർ വിമർശനാത്മക മനോഭാവം പ്രകടിപ്പിക്കാതെ, യഹോവ തന്റെ എല്ലാ ആടുകൾക്കും വേണ്ടി കരുതുന്നുണ്ടെന്നും പ്രയാസ കാലങ്ങളിൽ അവരെ താങ്ങുമെന്നും ദയാപൂർവം ഉറപ്പു നൽകുന്നു. (സങ്കീ. 55:22; 1 പത്രൊ. 5:7) അവർ ‘ദൈവത്തോട് അടുത്തു ചെല്ലുന്നെങ്കിൽ’ അവർക്ക് ആശ്വാസവും നവോന്മേഷവും പ്രദാനം ചെയ്തുകൊണ്ട് ‘അവൻ അവരോടും അടുത്തുവരും’ എന്ന വസ്തുത തിരിച്ചറിയുന്നതിന് ആടുകളെ സഹായിക്കാൻ ശ്രദ്ധാലുക്കളായ ഇടയന്മാർക്കു കഴിയും.—യാക്കോ. 4:8; സങ്കീ. 23:3, 4, NW.
6 ശാരീരിക ബലഹീനത ഉള്ളവർക്കുവേണ്ടി കരുതൽ: സ്നേഹമുള്ള ഉപ ഇടയന്മാർ, സാധാരണഗതിയിൽ അവഗണിക്കപ്പെട്ടേക്കാവുന്നവരുടെ കാര്യത്തിലും തത്പരരാണ്. ബലഹീനരായ ചിലർ മിക്ക സഭകളിലും ഉണ്ട്. ആതുരാലയങ്ങളിൽ കഴിയുന്നവരോ മറ്റു രീതിയിൽ ദുർബലരായവരോ ആണ് അവർ. അവരുടെ സാഹചര്യം നിമിത്തം രാജ്യസന്ദേശം ഘോഷിക്കുന്നതിലെ അവരുടെ പങ്ക് പരിമിതപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ അവർക്ക്, സന്ദർശകരോടോ, മറ്റു രോഗികളോടോ തങ്ങളെ ശുശ്രൂഷിക്കുന്നവരോടോ മാത്രമേ സാക്ഷീകരിക്കാനാവൂ. എന്നിരുന്നാലും, ശുശ്രൂഷയിൽ അവർക്കു ചെയ്യാൻ കഴിയുന്നത് എന്തുതന്നെ ആയിരുന്നാലും അതു മൊത്തം പ്രസംഗവേലയ്ക്കുള്ള മൂല്യവത്തായ സംഭാവനയായി കണക്കാക്കപ്പെടുന്നു. (മത്താ. 25:15) അവർ കേവലം 15 മിനിട്ടേ സാക്ഷീകരിക്കുന്നുള്ളൂ എങ്കിൽപ്പോലും അതു റിപ്പോർട്ടു ചെയ്യണം. അവരെ ക്രമമുള്ള രാജ്യപ്രസാധകരായി കണക്കാക്കുന്നതായിരിക്കും.
7 വർഷത്തിലെ ഈ സമയത്ത്, അതായത് സ്മാരകകാലത്ത് തങ്ങളുടെ സഹോദരങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ‘മനുഷ്യരാം ദാനങ്ങൾ’ വിശേഷാൽ ശ്രദ്ധാലുക്കളാണ്. സഭയിലെ ഊഷ്മളമായ സഹവാസത്തിൽനിന്നു ലഭിക്കുന്ന സന്തോഷവും മനസ്സമാധാനവും വീണ്ടും ആസ്വദിക്കാൻ തക്കവണ്ണം, വഴിതെറ്റിപ്പോയ എല്ലാവരെയും സഹായിക്കുന്നതിന് മൂപ്പന്മാർ പ്രത്യേക ശ്രമം ചെയ്യുന്നതിനുള്ള എത്ര ഉചിതമായ സമയമാണിത്! മറുവിലയാഗത്തിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിച്ചുകൊണ്ട് അത്തരം “സഹവിശ്വാസികൾ” സഭായോഗങ്ങളിൽ ഹാജരാകുന്നതും ശുശ്രൂഷയിൽ പങ്കെടുക്കുന്നതും കാണുമ്പോൾ നാം സന്തോഷിക്കുന്നു.—ഗലാ. 6:10; ലൂക്കൊ. 15:4-7; യോഹ. 10:11, 14.