പ്രസംഗവേലയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
1 സുവാർത്ത പങ്കുവെക്കുന്നതിലെ സന്തോഷം—നിങ്ങളുടെ ശുശ്രൂഷയിൽ നിങ്ങൾക്ക് അതു ലഭിക്കുന്നുണ്ടോ? നാം ശ്രദ്ധാലുക്കളല്ലെങ്കിൽ, പ്രസംഗവേലയുടെ കാര്യത്തിൽ നാം അധൈര്യപ്പെടുന്നതിനും അങ്ങനെ നമ്മുടെ സന്തോഷം നഷ്ടമാകുന്നതിനും നമുക്കു ചുറ്റുമുള്ള ലോകം ഇടയാക്കിയേക്കാം. യാതൊരു പ്രതികരണവുമില്ലാത്ത പ്രദേശത്തു പ്രവർത്തിക്കുന്നതും നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. പ്രസംഗവേലയിലെ സന്തോഷം വർധിപ്പിക്കാൻ നമുക്ക് ഏതെല്ലാം പ്രായോഗിക നടപടികൾ സ്വീകരിക്കാവുന്നതാണ്?
2 ശുഭാപ്തിവിശ്വാസമുള്ളവർ ആയിരിക്കുക: ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കുന്നത് വളരെ സഹായകമാണ്. അതിനുള്ള ഒരു മാർഗം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുന്നതിനുള്ള നമ്മുടെ മഹത്തായ പദവിയെ കുറിച്ചു ധ്യാനിക്കുക എന്നതാണ്. (1 കൊരി. 3:9) ഈ വേല നിർവഹിക്കുന്നതിൽ യേശുവും നമ്മോടൊപ്പമുണ്ട്. (മത്താ. 28:20) ഒരു ദൂത സൈന്യത്തെ ഉപയോഗിച്ച് അവൻ നമ്മെ പിന്തുണയ്ക്കുന്നു. (മത്താ. 13:41, 49) അതുകൊണ്ട്, നമ്മുടെ ശ്രമങ്ങളുടെമേൽ ദിവ്യനടത്തിപ്പുണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (വെളി. 14:6, 7) അതുകൊണ്ട്, ചിലർ നമ്മുടെ വേലയോട് എങ്ങനെ പ്രതികരിച്ചാലും ശരി, സ്വർഗത്തിൽനിന്നുള്ള പ്രതികരണം അത്യധികം ആഹ്ലാദത്തിന്റേതാണ്!
3 നന്നായി തയ്യാറാകുക: നല്ല തയ്യാറാകലും നമ്മുടെ സന്തോഷം വർധിപ്പിക്കുന്നു. ശുശ്രൂഷയ്ക്കു വേണ്ടിയുള്ള തയ്യാറാകൽ വളരെ ശ്രമകരമായ വേലയൊന്നുമല്ല. ഓരോ മാസത്തെയും മാസികയിൽനിന്നോ സമർപ്പണസാഹിത്യത്തിൽനിന്നോ ശുശ്രൂഷയിൽ വിശേഷവത്കരിക്കാവുന്ന ഒരു ആശയം കണ്ടുപിടിക്കാൻ ഏതാനും മിനിട്ടുകളേ വേണ്ടൂ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്നതിനു കീഴിൽനിന്ന് ഒരു അവതരണം തിരഞ്ഞെടുക്കുക. 2002 ജനുവരി ലക്കത്തിലെ “നിർദേശിച്ചിരിക്കുന്ന വയൽസേവന അവതരണങ്ങൾ” എന്ന അനുബന്ധം പരിശോധിക്കുക. അല്ലെങ്കിൽ ഫലകരമായ മുഖവുരയ്ക്കുവേണ്ടി ന്യായവാദം പുസ്തകം നോക്കുക. വീട്ടുകാർ സാധാരണ ഉന്നയിക്കാറുള്ള ഒരു തടസ്സവാദത്തെയാണു നേരിടുന്നതെങ്കിൽ, അവരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുള്ളതും എന്നാൽ താത്പര്യജനകമായ ഒരു വിഷയത്തിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതുമായ ഒരു മറുപടി തയ്യാറാകുക. ഇക്കാര്യത്തിൽ ന്യായവാദം പുസ്തകം വളരെ സഹായകമാണ്. ഈ സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നത് സന്തോഷപൂർവം പ്രസംഗിക്കാൻ ആവശ്യമായ ആത്മവിശ്വാസം നമുക്കു നൽകും.
4 ഉള്ളുരുകി പ്രാർഥിക്കുക: നിലനിൽക്കുന്ന സന്തോഷത്തിനു പ്രാർഥന അത്യാവശ്യമാണ്. നാം ചെയ്യുന്നത് യഹോവയുടെ വേല ആയതിനാൽ അവന്റെ ആത്മാവിനുവേണ്ടി നാം യാചിക്കേണ്ടതുണ്ട്. ആത്മാവിന്റെ ഒരു ഫലമാണു സന്തോഷം. (ഗലാ. 5:22) തുടർന്നു പ്രസംഗിക്കുന്നതിന് ആവശ്യമായ ശക്തി യഹോവ നമുക്കു നൽകും. (ഫിലി. 4:13) നമ്മുടെ ശുശ്രൂഷയെ കുറിച്ചു പ്രാർഥിക്കുന്നത്, വിപരീത ഫലങ്ങൾ ഉണ്ടാകുമ്പോൾ പോലും ശരിയായ കാഴ്ചപ്പാടു നിലനിറുത്താൻ നമ്മെ സഹായിക്കും. (പ്രവൃ. 13:52; 1 പത്രൊ. 4:13, 14) ഭയം തോന്നുന്നെങ്കിൽപ്പോലും ധൈര്യത്തോടും സന്തോഷത്തോടും കൂടെ തുടരാൻ പ്രാർഥനയ്ക്കു നമ്മെ സഹായിക്കാനാകും.—പ്രവൃ. 4:31.
5 അവസരങ്ങൾ ഉണ്ടാക്കുക: ആളുകളെ കണ്ടുമുട്ടാനും അവരോടു സാക്ഷീകരിക്കാനും കഴിയുമ്പോൾ നമ്മുടെ ശുശ്രൂഷ ഏറെ സന്തോഷകരമായിത്തീരുന്നു. വീടുതോറുമുള്ള വേല ഒരുപക്ഷേ ഉച്ചകഴിഞ്ഞ നേരത്തേക്കോ വൈകുന്നേരത്തേക്കോ മാറ്റിക്കൊണ്ട് പ്രവർത്തന പട്ടികയിൽ അൽപ്പം വ്യതിയാനം വരുത്തുന്നത് ഏറെ നല്ല ഫലങ്ങൾ ഉളവാക്കിയേക്കാം. വഴിനടക്കുമ്പോഴോ കടയിൽ പോകുമ്പോഴോ ബസ്സിൽ യാത്ര ചെയ്യുമ്പോഴോ പാർക്കിൽ ഉലാത്തുമ്പോഴോ ഒക്കെ നിങ്ങൾ ആളുകളെ കണ്ടുമുട്ടുന്നു. ഒരു സംഭാഷണത്തിനു തുടക്കമിടുന്നതിനുള്ള ഏതാനും വാചകങ്ങൾ തയ്യാറായിക്കൊണ്ട് സൗഹൃദഭാവമുള്ളവരെന്നു തോന്നിക്കുന്നവരെ സമീപിക്കാൻ എന്തുകൊണ്ട് മുൻകൈ എടുത്തുകൂടാ? അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരുമായി നിരന്തരം സംഭാഷണത്തിൽ ഏർപ്പെടാൻ അവസരമുള്ള ഒരു ലൗകിക തൊഴിലിൽ ഏർപ്പെട്ടിരിക്കുകയോ സ്കൂളിൽ പോകുകയോ ചെയ്യുന്നുണ്ടായിരിക്കാം. താത്പര്യജനകമായ ഒരു തിരുവെഴുത്തു വിഷയം പരാമർശിക്കുക മാത്രം ചെയ്യുന്നതിലൂടെ സാക്ഷ്യം നൽകാനുള്ള അവസരം നിങ്ങൾക്കു ലഭിച്ചേക്കാം. 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ ഒന്നാം പേജിൽ സഹായകമായ നിർദേശങ്ങൾ കാണാനാകും. ഇത്തരത്തിലുള്ള ഏതൊരു ശ്രമവും പ്രസംഗവേലയിലെ സന്തോഷം വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കും.
6 സഹിച്ചുനിൽക്കാൻ സന്തോഷം നമ്മെ സഹായിക്കുന്നതിനാൽ, അതു നിലനിറുത്തുന്നത് എത്ര പ്രധാനമാണ്! അപ്രകാരം ചെയ്യുന്നതിനാൽ, ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേല അതിന്റെ പരിസമാപ്തിയിലേക്കു വരുമ്പോൾ നമുക്കു വലിയ പ്രതിഫലം കൊയ്യാനാകും. ആ പ്രത്യാശയ്ക്കുതന്നെ പ്രസംഗവേലയിലെ നമ്മുടെ സന്തോഷത്തെ അതിയായി വർധിപ്പിക്കാനാകും.—മത്താ. 25:21.