‘സൽപ്രവൃത്തികളിൽ സമ്പന്നരായിരിപ്പിൻ’
1 അപ്പൊസ്തലനായ പൗലൊസ് തന്റെ തീക്ഷ്ണമായ ശുശ്രൂഷയുടെ അവസാന വർഷങ്ങളിൽ തിമൊഥെയൊസിനോടും തീത്തൊസിനോടും കൂടെ അടുത്തു പ്രവർത്തിച്ചിരുന്നു. ഇരുവർക്കും അവൻ സമാനമായ പ്രോത്സാഹന വാക്കുകൾ എഴുതി. “ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ” കരുതേണം എന്ന് അവൻ തീത്തൊസിനോടു പറഞ്ഞു. (തീത്തൊ. 3:8) ദൈവത്തിൽ ആശവെക്കുന്നവർ “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കണം എന്ന് അവൻ തിമൊഥെയൊസിനോടു പറഞ്ഞു. (1 തിമൊ. 6:18) നമുക്കേവർക്കുമുള്ള ഉത്തമ മാർഗനിർദേശമാണിത്! എന്നാൽ ജീവിതത്തിൽ സത്പ്രവൃത്തികൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? വരുംദിനങ്ങളിൽ ഏതു പ്രത്യേക പ്രവൃത്തികൾ നാം ചെയ്യുന്നതായിരിക്കും?
2 ശരിയായ പ്രവൃത്തികളിൽ സമ്പന്നരായിരിക്കുന്നതിനുള്ള പ്രേരണ നമ്മിൽ ഉളവാകുന്നത്, യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിൽനിന്നും അവനോടുള്ള നമ്മുടെ സ്നേഹത്തിൽനിന്നും അവൻ നമുക്കു നൽകിയിരിക്കുന്ന മഹത്തായ പ്രത്യാശയിൽനിന്നും ആണ്. (1 തിമൊ. 6:19; തീത്തൊ. 2:11) പ്രത്യേകിച്ചും വർഷത്തിന്റെ ഈ സമയത്ത്, യഹോവ തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതു സംബന്ധിച്ച് നാം ഓർമിപ്പിക്കപ്പെടുന്നു. യേശുവിന് തന്റെ പിതാവിനെ നീതീകരിക്കാനും അർഹരായ എല്ലാവർക്കും ജീവനിലേക്കുള്ള മാർഗം പ്രദാനം ചെയ്യാനും കഴിയേണ്ടതിനാണ് അവൻ അങ്ങനെ ചെയ്തത്. (മത്താ. 20:28; യോഹ. 3:16) മാർച്ച് 28-ന് ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കവേ ഇത് ഏറെ വ്യക്തമാക്കപ്പെടും. നമുക്കു ലഭിച്ചിരിക്കുന്ന നിത്യജീവന്റെ പ്രത്യാശയോടുള്ള പ്രതികരണമെന്ന നിലയിൽ “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കുന്നതിന് നമ്മാലാവതെല്ലാം ചെയ്യാൻ നാം പ്രേരിതരാകുന്നില്ലേ? തീർച്ചയായും! ഏതെല്ലാം പ്രവൃത്തികളാണ് നമുക്ക് ഇപ്പോൾ ചെയ്യാനാകുക?
3 മാർച്ചിലും അതിനുശേഷവും ചെയ്യാനാകുന്ന സത്പ്രവൃത്തികൾ: തീർച്ചയായും, നാമെല്ലാം സ്മാരകത്തിനു ഹാജരാകും. ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണിത്. (ലൂക്കൊ. 22:19) എന്നാൽ ആ സന്തോഷാവസരം സാധ്യമാകുന്നത്ര ആളുകളുമായി പങ്കുവെക്കാൻ നാം ആഗ്രഹിക്കുന്നു. വാർഷികപുസ്തകം 2002-ലെ സേവന റിപ്പോർട്ട് പരിശോധിച്ചാൽ ഭൂവ്യാപകമായി പല രാജ്യങ്ങളിലും കഴിഞ്ഞവർഷത്തെ സ്മാരക ഹാജർ പ്രസാധകരുടെ എണ്ണത്തിന്റെ മൂന്നോ നാലോ അഞ്ചോ അതിൽ കൂടുതലോ മടങ്ങായിരുന്നെന്നു കാണാനാകും. സഭയിലുള്ള എല്ലാവരും തങ്ങളുടെ പ്രദേശത്ത് ഉടനീളം സ്മാരക ക്ഷണക്കത്ത് വിപുലമായി വിതരണം ചെയ്യാൻ ആത്മാർഥമായി ശ്രമിച്ചതിന്റെ ഫലമാണത്. അതുകൊണ്ട്, രക്ഷയുടെ പ്രത്യാശയെ കുറിച്ചു പഠിക്കാൻ ആളുകളെ സഹായിക്കാൻ തക്കവണ്ണം അവരെ സ്മാരകത്തിനു ക്ഷണിക്കുന്നതിന് ഇന്നു മുതൽ മാർച്ച് 28 വരെ പരമാവധി സമയം ചെലവഴിക്കാൻ നാം ആഗ്രഹിക്കുന്നു.
4 ഏപ്രിലിൽ സ്കൂളുകൾക്ക് അവധിയായതിനാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും അത്ര തിരക്കുണ്ടായിരിക്കില്ല, അതുകൊണ്ടുതന്നെ അവർക്ക് ഏറെ സമയവും ഉണ്ട്. “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കുന്നതിന് ഈ അനുകൂല സാഹചര്യം നമുക്ക് എങ്ങനെ മെച്ചമായി ഉപയോഗിക്കാൻ കഴിയും? സുവാർത്താ പ്രസംഗവേലയിൽ ഉത്സാഹപൂർവം പങ്കുപറ്റിക്കൊണ്ട് “സൽപ്രവൃത്തികളിൽ ശുഷ്കാന്തിയു”ള്ളവരായിരിക്കുന്നതിനാൽ. (തീത്തൊ. 2:14; മത്താ. 24:14) മാർച്ചിൽ സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഏപ്രിലിലും മേയിലുമോ അല്ലെങ്കിൽ അതിൽ ഏതെങ്കിലും ഒരു മാസമോ അപ്രകാരം ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾ മാർച്ചിൽ പയനിയറിങ് ചെയ്യുന്നെങ്കിൽ അതു തുടരാൻ നിങ്ങൾക്കാകുമോ?
5 ലൗകിക ജോലിയുള്ള ചിലർ, തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടുകൊണ്ടോ അതിരാവിലെ ബിസിനസ് തുടങ്ങുന്നവരുമായി സംസാരിച്ചുകൊണ്ടോ ജോലിക്കു പോകുംവഴി ഒരു മണിക്കൂറോ മറ്റോ സേവനത്തിൽ ചെലവഴിക്കാൻ കഴിയുന്നതായി കണ്ടെത്തുന്നു. മറ്റുള്ളവർ തങ്ങളുടെ ഉച്ചയ്ക്കത്തെ ഇടവേളയിൽ കുറച്ചു സമയം സാക്ഷീകരണത്തിനായി മാറ്റിവെക്കുന്നു. ആ സമയത്ത് ഒരു സഹജോലിക്കാരനുമായി അധ്യയനം നടത്തുക സാധ്യമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. വീട്ടമ്മമാരായ പല സഹോദരിമാർക്കും സ്കൂൾ ഉള്ള സമയത്തുപോലും വയൽസേവനത്തിനു സമയം കണ്ടെത്താൻ കഴിയുന്ന സ്ഥിതിക്ക് സ്കൂൾ അവധിക്കാലത്ത് കൂടുതലായി അതിനു സാധിക്കും. വീട്ടുജോലികൾ തീർക്കുന്നതിന് ചില ദിവസങ്ങളിൽ അൽപ്പം നേരത്തേ ഉണർന്നുകൊണ്ട് പകൽനേരത്ത് പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്കായി അവർക്ക് ഏറെ സമയം കണ്ടെത്താൻ കഴിയും.—എഫെ. 5:15, 16.
6 സഹായ പയനിയറിങ് ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യമാണു നിങ്ങളുടേത് എങ്കിലും ശുശ്രൂഷയിൽ കൂടുതലായ പങ്കുണ്ടായിരിക്കാൻ തക്കവണ്ണം വ്യക്തിപരമായ ഒരു പട്ടിക ഉണ്ടാക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. അങ്ങനെ ‘നന്മ ചെയ്ത്, സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി’രുന്നുകൊണ്ട് മറ്റുള്ളവരുമായി സത്യം പങ്കുവെക്കുന്നതിൽ നിങ്ങളുടെ പരമാവധി ചെയ്യാൻ കഴിയും.—1 തിമൊ. 6:18.
7 ശിഷ്യരാക്കൽ എന്ന സത്പ്രവൃത്തി ഓർമിക്കുക: എല്ലാ വർഷവും സ്മാരകത്തിനു ഹാജരാകുന്ന താത്പര്യക്കാരുണ്ട്. അങ്ങനെ ഹാജരാകുകയും എന്നാൽ ഇപ്പോൾ ഒരു അധ്യയനം ഇല്ലാതിരിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ സഭയിൽ ആർക്കെങ്കിലും കഴിയുമോ? ആത്മീയ പുരോഗതി വരുത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അവർക്കു മടക്കസന്ദർശനം നടത്താൻ കഴിയുമോ? സ്മാരകത്തിനു ഹാജരായ ചിലർ സാക്ഷികളുടെ സ്വന്തക്കാരായിരിക്കാം. മറ്റുള്ളവർ, മുമ്പ് ബൈബിൾ പഠിച്ചുകൊണ്ടിരുന്നവരും അധ്യയനം പുനഃരാരംഭിക്കുന്നതിനും ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതിനും ചെറിയൊരു പ്രോത്സാഹനം മാത്രം ആവശ്യമുള്ളവരും ആയിരിക്കാം. യഹോവയുടെ പ്രവർത്തനനിരതരായ ദാസരായി അവർ നമ്മോടൊപ്പം ചേരുന്നത് നമ്മെ എത്രമാത്രം സന്തോഷിപ്പിക്കും!
8 മാർച്ചിലും അതിനുശേഷവും ശുശ്രൂഷയിൽ വർധിച്ച പങ്കുണ്ടായിരിക്കുന്നതിലൂടെ, മടക്കസന്ദർശനം നടത്തേണ്ടതായ കൂടുതൽ താത്പര്യക്കാരെ നാം കണ്ടെത്താൻ ഏറെ സാധ്യതയുണ്ട്. പോരുന്നതിനു മുമ്പ് ഒരു ചോദ്യം ചോദിക്കുക. എന്നിട്ട് മടങ്ങിവന്ന് അതിനുള്ള ഉത്തരം നൽകാമെന്നു പറയുക. അങ്ങനെ ചെയ്യുമ്പോൾ നാം ഒരു മടക്കസന്ദർശനത്തിനുള്ള വഴി ഒരുക്കുകയാണ്. എത്രയും പെട്ടെന്ന് മടക്കസന്ദർശനം നടത്തുന്നുവോ അത് അത്രയും നന്ന്. ആദ്യ സന്ദർശനത്തിൽ ഒരു അധ്യയനം തുടങ്ങാൻ സാധിച്ചില്ലെങ്കിൽ എങ്ങനെയും അടുത്ത സന്ദർശനത്തിൽത്തന്നെ അധ്യയനം തുടങ്ങാൻ ശ്രമിക്കുന്നതിനു നാം ആഗ്രഹിക്കുന്നു.
9 തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആളുകളുമായി സംഭാഷണം തുടങ്ങാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. അനേകം പ്രസാധകർക്കും, തെരുവുവേലയിൽ ഏർപ്പെട്ടിരിക്കെ കണ്ടുമുട്ടിയ താത്പര്യക്കാരിൽനിന്നു പേരും മേൽവിലാസവും ടെലിഫോൺ നമ്പരുകളും കിട്ടിയിട്ടുണ്ട്. കണ്ടുമുട്ടിയ വ്യക്തി നിങ്ങളുടെ സഭാ പ്രദേശത്തല്ല താമസിക്കുന്നതെങ്കിൽ രാജ്യഹാളിൽനിന്നും ‘ദയവായി മടങ്ങിച്ചെല്ലുക’ ഫാറം (S-43) വാങ്ങി പൂരിപ്പിച്ച് സഭാ സെക്രട്ടറിയെ ഏൽപ്പിക്കുക. അദ്ദേഹം അത് പ്രസ്തുത വ്യക്തി ഏതു സഭയുടെ പ്രദേശത്തുള്ള ആളാണോ ആ സഭയ്ക്കു കൈമാറും. സെക്രട്ടറിക്ക് അതിനു കഴിയാത്ത പക്ഷം, അതു കൈകാര്യം ചെയ്യുന്നതിനായി അദ്ദേഹം അത് ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കും. അങ്ങനെ താത്പര്യം നട്ടുവളർത്താൻ കഴിയും.
10 മേൽവിലാസമില്ലാതെ ടെലിഫോൺ നമ്പർ മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിൽ ആ വ്യക്തിക്കു ഫോൺ ചെയ്തുകൊണ്ട് മടക്കസന്ദർശനം നടത്തുക. ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ നേരത്തേതന്നെ തയ്യാറാകുക. പെട്ടെന്നു മറിച്ചു നോക്കാൻ തക്കവണ്ണം ന്യായവാദം പുസ്തകം അടുത്തുതന്നെ വെക്കുക. വീട്ടിൽ കണ്ടുമുട്ടാൻ പ്രയാസമായിരുന്നവർ ഉൾപ്പെടെ ഉള്ള ആളുകളുമായി ടെലിഫോണിലൂടെ അധ്യയനം നടത്തുന്നതിൽ ചിലർ നല്ല വിജയം കണ്ടെത്തിയിരിക്കുന്നു. ഒരു സഹോദരി വീടുതോറുമുള്ള ശുശ്രൂഷയിൽ കണ്ടുമുട്ടിയ താത്പര്യക്കാരായ സ്ത്രീകളോട് ടെലിഫോൺ നമ്പരുകൾ ചോദിക്കാൻ തുടങ്ങി. തത്ഫലമായി, അവർക്കു രണ്ട് ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു.
11 നിഷ്ക്രിയരെ സഹായിക്കുന്നതിൽ മൂപ്പന്മാരുമായി സഹകരിക്കുക: ഇവർക്ക് സ്നേഹപൂർവകമായ ശ്രദ്ധ കൊടുക്കുന്നതിൽ മൂപ്പന്മാർ അതീവ തത്പരരാണ്. അവരിൽ ചിലരെങ്കിലും സ്വപ്രേരണയാൽ സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയിട്ടുണ്ട്. സങ്കീർത്തനം 91-ൽ പറഞ്ഞിരിക്കുന്ന ആത്മീയ സുരക്ഷിതത്വം ആസ്വദിക്കുന്നതിന് യഹോവയുടെ സംഘടനയുമായി അടുത്തു സഹവസിക്കേണ്ടതിന്റെ ആവശ്യം അവർ തിരിച്ചറിയുന്നു. അവരിൽ ചിലർ വീണ്ടും വയൽസേവനത്തിൽ പങ്കെടുക്കാറായിരിക്കുന്നു. നിഷ്ക്രിയരായ മറ്റുചിലർ ഈ മാസം സ്മാരകത്തിനു ഹാജരാകുന്നെങ്കിൽ വ്യക്തിപരമായ ഒരു ബൈബിൾ അധ്യയനം ഉണ്ടായിരിക്കുന്നതിനെ അവർ സ്വാഗതം ചെയ്തേക്കാം. അങ്ങനെയെങ്കിൽ സഹായം ആഗ്രഹിക്കുന്നവരുമായി ആരെങ്കിലും അധ്യയനം നടത്തുന്നതിനുള്ള ക്രമീകരണം മൂപ്പന്മാർ ചെയ്യും. ഈ വിധത്തിൽ സഹായിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ അക്കാര്യത്തിലുള്ള നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടും.—റോമ. 15:1, 2.
12 “സൽപ്രവൃത്തികളിൽ ഉത്സാഹികളായിരി”ക്കുന്നതിൽ തുടരുക: ഒരു മാസമോ അതിൽ കൂടുതലോ സഹായ പയനിയർ സേവനത്തിൽ പങ്കുപറ്റിയ അനേകരും, തുടർന്നുള്ള മാസങ്ങളിലും തങ്ങളുടെ വയൽപ്രവർത്തനം വർധിച്ചതായി കണ്ടെത്തി. കണ്ടുമുട്ടിയ താത്പര്യക്കാരെ വീണ്ടും സന്ദർശിക്കേണ്ടതിന്റെ ആവശ്യം അവർക്കു തോന്നി. അതിനായി വയൽസേവനത്തിൽ കൂടുതൽ പ്രാവശ്യം പങ്കെടുക്കുന്നതിന് ഏറെ ശ്രമം ചെയ്യാൻ അവർ പ്രേരിതരായി. ചിലർ അധ്യയനങ്ങൾ തുടങ്ങി, അത് ശുശ്രൂഷയിൽ വീണ്ടും കൂടുതലായ പങ്കുണ്ടായിരിക്കാൻ അവരെ സഹായിച്ചു.
13 പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കൂടുതലായി പ്രവർത്തിക്കുന്നതിൽ വർധിച്ച സന്തോഷം കണ്ടെത്തിയ മറ്റുചിലർ തങ്ങളുടെ മുൻഗണനകൾ അവലോകനം ചെയ്യാൻ പ്രേരിതരായി. തത്ഫലമായി, ലൗകിക ജോലിസമയം അൽപ്പം വെട്ടിക്കുറച്ചുകൊണ്ട് തുടർച്ചയായി സഹായ പയനിയറിങ് ചെയ്യാൻ ചിലർക്കു കഴിഞ്ഞിരിക്കുന്നു. മറ്റുചിലർക്ക് സാധാരണ പയനിയർ സേവനത്തിൽ പ്രവേശിക്കാൻ സാധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രത്യാശ ഏറെ പൂർണമായി ദൈവത്തിൽ അർപ്പിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു, ഈ ലോകം വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിലല്ല. “ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കുന്നത് യഹോവയിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നതായും “സാക്ഷാലുള്ള ജീവ”ൻ ആസ്വദിക്കുന്നതിനുള്ള തങ്ങളുടെ പ്രത്യാശയെ ശക്തിപ്പെടുത്തിയിരിക്കുന്നതായും അവർ കണ്ടെത്തിയിരിക്കുന്നു. (1 തിമൊ. 6:18, 19) തീർച്ചയായും കൂടുതൽ പേർ പയനിയർ സേവനം ഏറ്റെടുക്കുന്നത് മുഴു സഭയ്ക്കും പ്രയോജനം കൈവരുത്തുന്നു. പയനിയർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും തങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു മറ്റുള്ളവരെ ക്ഷണിക്കാനും ചായ്വുള്ളവരാണ്. അത് സഭയിൽ മെച്ചപ്പെട്ട ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുന്നു.
14 ഈ സ്മാരകകാലത്തും അതിനു ശേഷവും ക്രിസ്തീയ ശുശ്രൂഷയിലെ പങ്കു വർധിപ്പിച്ചുകൊണ്ട് നമുക്കേവർക്കും “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കാം. നീതിയുള്ള പുതിയ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ നൽകിയതിലൂടെ യഹോവ നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പ് നമുക്കു പ്രകടിപ്പിക്കാം.—2 പത്രൊ. 3:13.