ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലേക്കു സ്വാഗതം
ലോകമെമ്പാടുമായി, 200-ലധികം രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനു വിദ്യാർഥികൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് ഓരോ ആഴ്ചയും പ്രയോജനം നേടിക്കൊണ്ടിരിക്കുന്നു. ഇവരിൽ ചിലർ പുതിയവരാണ്. മറ്റു ചിലരാകട്ടെ, നിരവധി വർഷങ്ങളായി ഈ സ്കൂളിൽ സംബന്ധിക്കുന്നവരും. പതിനായിരക്കണക്കിന് ഇടങ്ങളിൽ ഈ സ്കൂൾ നടത്തപ്പെടുന്നു. നിങ്ങൾ താമസിക്കുന്നത് ലോകത്തിൽ എവിടെ ആയിരുന്നാലും, ഈ വിദ്യാഭ്യാസ പരിപാടി നിങ്ങൾക്കു ലഭ്യമാണ്. എല്ലാ പ്രായത്തിലും വംശീയ കൂട്ടങ്ങളിലും വിദ്യാഭ്യാസ പശ്ചാത്തലങ്ങളിലും ഉള്ളവർ ഈ ദിവ്യാധിപത്യ പ്രബോധനം സൗജന്യമായി സ്വീകരിക്കുന്നു.
യഹോവയുടെ സാക്ഷികൾ 1943-ലാണു തങ്ങളുടെ സഭകളിൽ ഈ സ്കൂൾ ആരംഭിച്ചത്. അന്ന് അതിന്റെ ഉദ്ദേശ്യം ഇങ്ങനെ വിശദീകരിക്കപ്പെട്ടു: ‘ദൈവവചനം കേട്ട് അതിൽ വിശ്വാസം തെളിയിച്ചിട്ടുള്ള എല്ലാ “വിശ്വസ്ത പുരുഷന്മാരെയും” “മറ്റുള്ളവരെ പഠിപ്പിക്കാൻ” ഒരുക്കുന്നതിന്, തന്നിലുള്ള പ്രത്യാശ പൊതുജന സമക്ഷം അവതരിപ്പിക്കാൻ ഓരോരുത്തരെയും കൂടുതൽ സജ്ജനാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആണിത്.’ (ദിവ്യാധിപത്യ ശുശ്രൂഷാ കോഴ്സ് [ഇംഗ്ലീഷ്] പേ. 4) ഇന്നും ഈ സ്കൂളിന്റെ ഉദ്ദേശ്യം അതുതന്നെയാണ്.
വാസ്തവത്തിൽ, ദൈവദാനമായ നമ്മുടെ സംസാരപ്രാപ്തി ഉപയോഗിച്ച് നമുക്കെല്ലാം ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്കൃഷ്ടമായ കാര്യമെന്താണ്? ബൈബിൾ ഉത്തരം നൽകുന്നു: “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ.” (സങ്കീ. 150:6) അപ്രകാരം ചെയ്യുമ്പോൾ നാം നമ്മുടെ സ്വർഗീയ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. അവന്റെ നന്മയെയും സ്നേഹത്തെയും പ്രതി നമ്മുടെ ഹൃദയം നന്ദികൊണ്ട് നിറഞ്ഞുതുളുമ്പുന്നുവെന്ന് നാം അതുവഴി അവനു കാണിച്ചുകൊടുക്കുന്നു. ‘ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം [“സ്തുതിയാഗം,” NW] ഇടവിടാതെ അർപ്പിക്കാൻ’ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത് അതുകൊണ്ടാണ്! (എബ്രാ. 13:15) യഹോവയെ സ്തുതിക്കുന്നതിനു നിങ്ങളുടെ ദൈവദത്ത ദാനങ്ങൾ കൂടുതൽ മെച്ചമായി ഉപയോഗിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ, നിങ്ങളെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ഒരു വിദ്യാർഥിയായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
പരസ്യവായനയ്ക്കും പ്രസംഗ-പഠിപ്പിക്കൽ കലകൾക്കും സ്കൂളിൽ വളരെയേറെ ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ അവിടംകൊണ്ടു തീരുന്നില്ല. അതിൽ പങ്കുപറ്റവേ, വ്യക്തിപരമായ നല്ല വായനാ പ്രാപ്തി വികസിപ്പിച്ചെടുക്കാനും ശ്രദ്ധിച്ചുകേൾക്കാനും കാര്യങ്ങൾ ഓർത്തിരിക്കാനും പഠിക്കാനും ഗവേഷണം നടത്താനും വിശകലനം ചെയ്ത് ആശയങ്ങൾ ചിട്ടപ്പെടുത്താനും സംഭാഷണം നടത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആശയങ്ങൾ എഴുതി ഫലിപ്പിക്കാനുമൊക്കെ നിങ്ങൾ പഠിക്കും. പഠിക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവതരണങ്ങൾ നടത്തുന്നതും ബൈബിളിനെയും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളെയും ആധാരമാക്കി ആയിരിക്കും. ദൈവവചനത്തിലെ അമൂല്യ സത്യങ്ങൾകൊണ്ടു മനസ്സു നിറയ്ക്കുമ്പോൾ ദൈവിക വിധത്തിൽ ചിന്തിക്കാൻ നിങ്ങൾ പഠിക്കും. ജീവിതത്തിന്റെ സമസ്ത തലങ്ങളിലും അത് എന്തെല്ലാം പ്രയോജനങ്ങളായിരിക്കും കൈവരുത്തുക! വില്യം ലൈയോൺ ഫെൽപ്സ് എന്ന 20-ാം നൂറ്റാണ്ടിലെ വിദഗ്ധനായ ഒരു യൂണിവേഴ്സിറ്റി അധ്യാപകൻ ദൈവവചനത്തിന്റെ മൂല്യത്തെ കുറിച്ച് ഇങ്ങനെ എഴുതി: “സമഗ്രമായ ബൈബിൾ പരിജ്ഞാനമുള്ള ഏതൊരാളും വിദ്യാസമ്പന്നനാണ് എന്നു വാസ്തവമായും പറയാം. . . . കോളെജ് വിദ്യാഭ്യാസം ഇല്ലാതിരിക്കെ ബൈബിൾ പരിജ്ഞാനമുണ്ടെങ്കിൽ അതാണ് ബൈബിൾ പരിജ്ഞാനം ഇല്ലാതെ കോളെജ് വിദ്യാഭ്യാസം ഉണ്ടായിരിക്കുന്നതിലും മൂല്യവത്ത് എന്നു ഞാൻ കരുതുന്നു.”
പൂർണ പ്രയോജനം എങ്ങനെ നേടാം?
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് വിദ്യാർഥികളായ നിങ്ങൾ ഓരോരുത്തരും വ്യക്തിപരമായി ശ്രമം ചെയ്യേണ്ടതുണ്ട്. അപ്പൊസ്തലനായ പൗലൊസ് തന്റെ ക്രിസ്തീയ സഹകാരിയായ തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഈ സംഗതികളെ കുറിച്ചു വിചിന്തനം ചെയ്യുക; ഇവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാകട്ടെ.” (1 തിമൊ. 4:15, NW) പൂർണ പ്രയോജനം നേടാൻ നിങ്ങൾക്കു വ്യക്തിപരമായി എന്തെല്ലാം പ്രായോഗിക കാര്യങ്ങൾ ചെയ്യാൻ കഴിയും?
എല്ലാ ആഴ്ചയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഹാജരാകാൻ സാധ്യമായ സകല ശ്രമവും ചെയ്യുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന ഈ പാഠപുസ്തകം നന്നായി ഉപയോഗിക്കുക. നിങ്ങളുടെ പേര്, ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് അതിനായി കൊടുത്തിട്ടുള്ള സ്ഥലത്ത് വ്യക്തമായി എഴുതുക. സ്കൂളിൽ ഹാജരാകുമ്പോഴെല്ലാം ഈ പുസ്തകം കൂടെ കൊണ്ടുവരിക. ഈ പാഠപുസ്തകത്തിൽ കുറിപ്പുകൾ എഴുതാനുള്ള സ്ഥലവും ഉണ്ട്. ഇതു വായിക്കുമ്പോൾ, നിങ്ങൾക്കു പ്രയോജനം ചെയ്യുമെന്നു തോന്നുന്ന പ്രധാനപ്പെട്ട ആശയങ്ങളുടെ അടിയിൽ വരയ്ക്കുക. സ്കൂളിലെ ചർച്ചകളുടെ സമയത്ത് മനസ്സിലാക്കുന്ന പ്രായോഗിക ആശയങ്ങൾ എഴുതാൻ വിശാലമായ മാർജിനുകൾ ഉപയോഗിക്കുക.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നടത്തപ്പെടുന്ന പരിപാടികളുടെ അച്ചടിച്ച ഒരു പട്ടിക വേറെ ലഭ്യമാക്കുന്നുണ്ട്. സ്കൂൾ എങ്ങനെയാണു നടത്തപ്പെടുക എന്നതു സംബന്ധിച്ച വിശദാംശങ്ങളും ആ പട്ടികയിൽ ഉണ്ടായിരിക്കും. പട്ടിക ഈ പുസ്തകത്തിനുള്ളിൽ സൂക്ഷിക്കുന്നതു പ്രായോഗികമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അങ്ങനെയാകുമ്പോൾ അത് എടുത്തു നോക്കാൻ എളുപ്പമായിരിക്കും.
വാരംതോറുമുള്ള സ്കൂളിനു തയ്യാറാകവേ, ബൈബിളാണ് മുഖ്യ പാഠപുസ്തകം എന്ന കാര്യം മനസ്സിൽ പിടിക്കുക. ആ ആഴ്ചത്തേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ ഭാഗം വായിക്കുന്നതിനു പ്രാധാന്യം നൽകുക. ആ വാരം സ്കൂളിൽ ചർച്ചചെയ്യപ്പെടുന്ന മറ്റു വിവരങ്ങൾ മുന്നമേ വായിക്കാൻ കഴിഞ്ഞാൽ അതും വളരെ പ്രയോജനകരമായിരിക്കും.
സ്കൂളിൽ സദസ്യ പങ്കുപറ്റലിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നേക്കാം. അവ പൂർണമായി പ്രയോജനപ്പെടുത്തുക. കേൾക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാനും വ്യക്തിപരമായ ജീവിതത്തിൽ ഉപയോഗപ്പെടുത്താനും നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന ഘടകമാണ് അത്തരം ചർച്ചകളിലെ പങ്കുപറ്റൽ.
സഭയുടെ മുമ്പാകെ പ്രസംഗങ്ങളോ പ്രകടനങ്ങളോ നടത്താനുള്ള അവസരങ്ങൾ എല്ലാ വിദ്യാർഥികൾക്കും ഉണ്ടായിരിക്കും. അതിനു ലഭിക്കുന്ന ഓരോ അവസരവും നന്നായി പ്രയോജനപ്പെടുത്തുക. നിയമിച്ചു തന്നിരിക്കുന്ന പ്രസംഗ ഗുണം ഏതാണെങ്കിലും അതിൽ മെച്ചപ്പെടാൻ പരമാവധി ശ്രമിക്കുക. നിങ്ങളുടെ തുടർച്ചയായ പുരോഗതിയെ മുൻനിറുത്തി നിങ്ങൾക്കു ബുദ്ധിയുപദേശം നൽകുന്നതായിരിക്കും. വ്യക്തിപരമായി ലഭിക്കുന്ന ആ സഹായം സസന്തോഷം സ്വീകരിക്കുക. മെച്ചപ്പെടുന്നതിനു നിങ്ങൾക്കു വ്യക്തിപരമായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചു ലഭിക്കുന്ന പ്രത്യേക നിർദേശങ്ങൾ നിങ്ങളുടെ പുസ്തകത്തിൽ കുറിച്ചിടുക. ഒരു വ്യക്തിക്ക്, മറ്റുള്ളവർ തന്നെ കാണുന്ന വിധത്തിൽ സ്വയം കാണാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നിങ്ങൾക്കു ലഭിക്കുന്ന സ്നേഹപൂർവകമായ ബൈബിൾ അധിഷ്ഠിത നിർദേശങ്ങളും ബുദ്ധിയുപദേശവും പുരോഗതി പ്രാപിക്കുന്നതിനു വളരെയേറെ സഹായകമായിരിക്കും. നിങ്ങൾ സ്കൂളിൽ പേർ ചാർത്തിയിട്ട് അനേകം വർഷങ്ങൾ ആയെങ്കിൽ പോലും ഇതു സത്യമാണ്.—സദൃ. 1:5.
കൂടുതൽ വേഗത്തിൽ പുരോഗതി കൈവരിക്കുന്നതിനു നിങ്ങൾ ആഗ്രഹിക്കുന്നുവോ? വ്യക്തിപരമായി മുൻകൈ എടുക്കുന്നെങ്കിൽ നിങ്ങൾക്ക് അതിനു സാധിക്കും. ഓരോ വിദ്യാർഥി പ്രസംഗത്തിലും പരിചിന്തിക്കാൻ പോകുന്ന വിവരങ്ങൾ മുന്നമേ പഠിക്കുക. അപ്പോൾ, അത്യാവശ്യമായി ആർക്കെങ്കിലും പകരം പ്രസംഗം നടത്തേണ്ടിവരുന്ന ഒരു സാഹചര്യത്തിൽ അതു നിർവഹിക്കുന്നതിനു മുന്നോട്ടു വരാൻ പറ്റിയ സ്ഥാനത്തായിരിക്കും നിങ്ങൾ. അതു നിങ്ങൾക്കു കൂടുതൽ അനുഭവപരിചയം നേടിത്തരും. മറ്റുള്ളവർ പ്രസംഗങ്ങൾ നടത്തുമ്പോൾ അവർ വിവരങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിച്ചു കേൾക്കുക. നാമെല്ലാം മറ്റുള്ളവരിൽനിന്നു പഠിക്കുന്നു.
കൂടാതെ, സാഹചര്യങ്ങൾ അനുവദിക്കുന്നപക്ഷം ഈ പാഠപുസ്തകത്തിന്റെ മുന്നോട്ടുള്ള ഭാഗങ്ങൾ വ്യക്തിപരമായി പഠിച്ചുകൊണ്ട് നിങ്ങൾക്കു പുരോഗതി ത്വരിതപ്പെടുത്താൻ കഴിയും. അടുത്ത 15 പാഠങ്ങളിലെ വിവരങ്ങൾ നന്നായി പഠിച്ച ശേഷം, 78-ാം പേജിൽ തുടങ്ങുന്ന “മെച്ചപ്പെട്ട പ്രസംഗകരും അധ്യാപകരും ആയിത്തീരാൻ സഹായിക്കുന്ന വിദ്യാഭ്യാസ പരിപാടി” എന്ന ഭാഗത്തേക്കു കടക്കുക. ആദ്യം, ഓരോ പാഠവും പഠിക്കുക. എന്നിട്ട് അതുമായി ബന്ധപ്പെട്ട അഭ്യാസങ്ങൾ ചെയ്യുക. പഠിക്കുന്ന കാര്യങ്ങൾ ശുശ്രൂഷയിൽ ബാധകമാക്കുക. ദൈവവചനത്തിന്റെ ഒരു പ്രസംഗകനും അധ്യാപകനും എന്ന നിലയിലുള്ള നിങ്ങളുടെ പുരോഗതിയെ ഇതു വളരെയേറെ ത്വരിതപ്പെടുത്തും.
ജീവിതത്തിലെ അതിപ്രധാന സംഗതിക്കായി നിങ്ങളെ ഒരുക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസം സഹായിക്കും. നാം ജീവിച്ചിരിക്കുന്നതു ദൈവേഷ്ടത്താൽ ആയതുകൊണ്ട്, ദൈവത്തെ സ്തുതിക്കുമ്പോൾ നാം നമ്മുടെ നിലനിൽപ്പിന്റെ യഥാർഥ ഉദ്ദേശ്യം തിരിച്ചറിയുകയാണു ചെയ്യുന്നത്. യഹോവയാം ദൈവം ഏറ്റവും ഉന്നതമായ സ്തുതി അർഹിക്കുന്നു. (വെളി. 4:11, NW) ദൈവത്തിന് ഇപ്രകാരം സ്തുതി കരേറ്റാൻ നമ്മെ സജ്ജരാക്കുന്ന ഒരു മാർഗമാണ് ഈ സ്കൂൾ വിദ്യാഭ്യാസം. കാരണം, വ്യക്തമായി ചിന്തിക്കാനും ജ്ഞാനപൂർവം പ്രവർത്തിക്കാനും ദൈവത്തിന്റെ നിശ്വസ്ത വചനത്തിലെ അത്ഭുത സത്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും ഇതു നമ്മെ പരിശീലിപ്പിക്കുന്നു.