നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു ചെവികൊടുക്കാനുള്ള ശക്തമായ ആഹ്വാനം
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ എന്ന വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന ബൈബിൾ നാടകത്തിൽനിന്നു പഠിച്ച കാര്യങ്ങൾക്കു ചെവികൊടുത്തുകൊണ്ട്, ദൃഢവിശ്വസ്തത നിലനിറുത്താനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ നമുക്കേവർക്കും ശക്തമാക്കാം. ഈ വീഡിയോ കാണുന്നതിനു മുമ്പ് ദയവായി, സംഖ്യാപുസ്തകം 25-ാം അധ്യായവും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 419, ഖണ്ഡിക 3-5-ൽ നൽകിയിരിക്കുന്ന പശ്ചാത്തല വിവരണവും വായിക്കുക. തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: മോവാബ്യർ ആരായിരുന്നു, അവർക്കെതിരെ യുദ്ധം ചെയ്യരുതെന്ന് യഹോവ മോശെയോടു പറഞ്ഞത് എന്തുകൊണ്ട്? (ആവ. 2:9) ഇസ്രായേൽ ജനതയെ നശിപ്പിക്കാനായി മോവാബ്യരെ ഉപയോഗിക്കാൻ ബിലെയാം പദ്ധതിയൊരുക്കിയത് എങ്ങനെ? വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായി അനേകം ഇസ്രായേല്യർ നിർണായകമായ ഒരു പരിശോധനയിൽ പരാജയപ്പെട്ടു എന്നത് നാം മറന്നുപോകരുതാത്തത് എന്തുകൊണ്ട്?—1 കൊരി. 10:11, 12.
മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ എന്ന വീഡിയോ കാണുമ്പോൾ, വിശ്വസ്തരെന്നു തെളിയിച്ചുകൊണ്ട് ദൈവ പ്രീതി ആസ്വദിക്കേണ്ടതിന് ഇക്കാലത്ത് നാം ഗൗരവമായ ശ്രദ്ധ നൽകേണ്ട നാലു മേഖലകളെ കുറിച്ചു ചിന്തിക്കുക. അവ പിൻവരുന്നവയാണ്. (1) മനോഭാവം: ചില ഇസ്രായേല്യർ യഹോവയോടും അവന്റെ ക്രമീകരണങ്ങളോടും തെറ്റായ മനോഭാവം പ്രകടമാക്കിയത് എങ്ങനെ? എന്നാൽ നാം ഏതു മനോഭാവം പ്രകടമാക്കാൻ ശ്രമിക്കണം? (2) സഹവാസം: ഇസ്രായേല്യർ മോവാബ്യരുമായി സുഹൃദ്ബന്ധത്തിലാകാൻ യഹോവ ആഗ്രഹിക്കാഞ്ഞത് എന്തുകൊണ്ട്? (പുറ. 34:12; സദൃ. 13:20) നാം ജ്ഞാനപൂർവം സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്? (3) ധാർമികത: മോശമായ സഹവാസം ഏതാണ്ട് 23,000 ഇസ്രായേല്യരെ ഗുരുതരമായ ഏതു പാപത്തിലേക്കു നയിച്ചു? (1 കൊരി. 10:8) ഇന്ന്, അധാർമികതയിൽ ഏർപ്പെടാൻ തക്കവണ്ണം ദൈവജനത്തിൽ ചിലരെ വശീകരിച്ചിരിക്കുന്നത് എന്ത്, എന്നാൽ നമുക്ക് എങ്ങനെ നമ്മെത്തന്നെ സംരക്ഷിക്കാം? (4) ആരാധന: തങ്ങളുടെ ആരാധനയുടെ ശുദ്ധി സംബന്ധിച്ച് ഇസ്രായേല്യർ പരിശോധിക്കപ്പെട്ടത് എങ്ങനെ? വിഗ്രഹാരാധനയുടെ ഏതു കുടിലമായ രൂപത്തിന് ഇന്നു ചിലർ വശംവദരായേക്കാം, എന്നാൽ നമുക്ക് അത് എങ്ങനെ ഒഴിവാക്കാം?—കൊലൊ. 3:5.
ഈ നാടകത്തിൽ, ധാർമിക വിശ്വസ്തത നിമിത്തം യാമീൻ അനുഗ്രഹിക്കപ്പെട്ടത് എങ്ങനെ? ഈ വീഡിയോയിലൂടെ ഭരണസംഘം, സകല സത്യക്രിസ്ത്യാനികൾക്കും ഏതു ശക്തമായ ആഹ്വാനം നൽകുന്നു? നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ, ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നത് നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകം ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?