പ്രസംഗിക്കുക, സമ്പൂർണ സാക്ഷ്യം നൽകുക
1 ഭാവിയിലെ ബൃഹത്തായ പ്രസംഗവേലയ്ക്കായി, “നേതാവും നായകനും” ആയ യേശു തന്റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചു. (യെശ. 55:4, ഓശാന ബൈബിൾ; ലൂക്കൊ. 10:1-12; പ്രവൃ. 1:8) യേശു നൽകിയ നിയോഗത്തെ കുറിച്ച് അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പറഞ്ഞു: “ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.” (പ്രവൃ. 10:42) ‘പ്രസംഗിച്ചു സാക്ഷീകരിക്കുന്നതിൽ’ അഥവാ പുതിയലോക ഭാഷാന്തര പ്രകാരം സമ്പൂർണ സാക്ഷ്യം നൽകുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
2 സാക്ഷീകരണത്തിൽ അപ്പൊസ്തലനായ പൗലൊസ് വെച്ച മാതൃക പരിശോധിച്ചാൽ ഇതു സംബന്ധിച്ചു ധാരാളം കാര്യങ്ങൾ നമുക്കു പഠിക്കാൻ കഴിയും. എഫെസൊസിലെ സഭയിൽനിന്നുള്ള മൂപ്പന്മാരുമായി കൂടിവന്നപ്പോൾ അവൻ അവരെ ഇങ്ങനെ ഓർമിപ്പിച്ചു: “ഞാൻ . . . പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു [“സമ്പൂർണ സാക്ഷ്യം നൽകി,” NW] എന്നും നിങ്ങൾ അറിയുന്നുവല്ലോ.” അനേകം പ്രാതികൂല്യങ്ങൾ നേരിട്ടിട്ടും പരമാവധി ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ അവൻ തീവ്രമായി യത്നിച്ചു. തന്റെ ശ്രോതാക്കളുമായി അടിസ്ഥാന സത്യങ്ങൾ മാത്രം പങ്കുവെച്ചുകൊണ്ട് അവൻ തൃപ്തിയടഞ്ഞില്ല. മറിച്ച്, ‘ദൈവത്തിന്റെ ആലോചന മുഴുവനും’ അവൻ അവരെ അറിയിക്കാൻ ശ്രമിച്ചു. അതിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാനും കഠിനമായി പ്രയത്നിക്കാനും അവൻ സന്നദ്ധനായിരുന്നു. അവൻ തുടർന്ന് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു [“സമ്പൂർണ സാക്ഷ്യം വഹിക്കേണ്ടതിനു,” NW] കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.”—പ്രവൃ. 20:19-21, 24, 27.
3 പൗലൊസിന്റെ മാതൃക ഇന്നു നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? (1 കൊരി. 11:1) പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ പോലും യോഗ്യരായ വ്യക്തികളെയും കുടുംബങ്ങളെയും അന്വേഷിക്കുന്നതിൽ തുടർന്നുകൊണ്ടും എല്ലാ പശ്ചാത്തലങ്ങളിലും ഭാഷകളിലും നിന്നുള്ള ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ശ്രമിച്ചുകൊണ്ടും താത്പര്യക്കാരെ സഹായിക്കുന്നതിൽ ശുഷ്കാന്തി പ്രകടമാക്കിക്കൊണ്ടും നമുക്ക് അതു ചെയ്യാൻ കഴിയും. (മത്താ. 10:12, 13) ഇതിന് സമയവും ശ്രമവും ആളുകളോടുള്ള സ്നേഹവും ആവശ്യമാണ്.
4 നിങ്ങൾക്ക് ഒരു സഹായ പയനിയറായി സേവിക്കാൻ കഴിയുമോ? സഹായ പയനിയറിങ് ചെയ്തുകൊണ്ട് സമ്പൂർണ സാക്ഷ്യം നൽകാനുള്ള ഒരു നല്ല അവസരമായിരുന്നേക്കാം മാർച്ച്, ഏപ്രിൽ മാസങ്ങൾ. സഹായ പയനിയറിങ് ചെയ്യാൻ നിരവധി പ്രസാധകർ കഴിഞ്ഞ വർഷം പ്രത്യേക ശ്രമം നടത്തി എന്നു കാണുന്നത് എത്ര പ്രോത്സാഹജനകമാണ്!
5 അനേകം ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന 80 വയസ്സുള്ള ഒരു സഹോദരി യഹോവയുടെ സംഘടന നൽകിയ പ്രോത്സാഹനത്താൽ ഉത്സാഹഭരിതയായി. സഹോദരി ഇങ്ങനെ എഴുതി: “വളരെക്കാലമായി എന്റെ ഉള്ളിൽ കിടന്നിരുന്ന ഒരു തീപ്പൊരി ആളിക്കത്താൻ അത് ഇടയാക്കി. ഒരു പ്രാവശ്യം കൂടെയെങ്കിലും സഹായ പയനിയറിങ് ചെയ്തേ തീരൂ എന്ന് എനിക്കു തോന്നി.” അങ്ങനെ മാർച്ചിൽ സഹായ പയനിയറിങ് ചെയ്യാൻ സഹോദരി തീരുമാനിച്ചു. “എനിക്ക് അതു ചെയ്തു തീർക്കാൻ കഴിയുമോ എന്നു കണക്കുകൂട്ടുകയാണ് ഞാൻ ആദ്യം ചെയ്തത്,” അവർ പറഞ്ഞു. “ഇക്കാര്യം ഞാൻ എന്റെ മകളോടു സംസാരിച്ചു, കാരണം അവളുടെ സഹായം എനിക്ക് ആവശ്യമായിരുന്നു. സഹായ പയനിയറിങ് ചെയ്യാൻ അവളും അപേക്ഷ നൽകിയത് എന്നെ അത്ഭുതപ്പെടുത്തി.” പ്രായംചെന്ന ആ സഹോദരി ആ മാസം 52 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. “ശക്തിചോർന്നു പോകുന്നതായി തോന്നിയപ്പോഴെല്ലാം എന്നെ ബലപ്പെടുത്തേണമേ എന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു. ആ മാസാവസാനം എനിക്ക് എന്തൊരു സന്തോഷവും സംതൃപ്തിയും ആയിരുന്നെന്നോ, എന്നെ സഹായിച്ചതിന് ഞാൻ യഹോവയോട് ആവർത്തിച്ചു നന്ദിപറഞ്ഞു. ഇനിയും സഹായ പയനിയറിങ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.” ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും സഹായ പയനിയറിങ് ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന മറ്റനേകം സഹോദരങ്ങൾക്ക് ഈ സഹോദരിയുടെ സന്തോഷകരമായ അനുഭവം പ്രോത്സാഹനം പ്രദാനം ചെയ്തേക്കും.
6 അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട ഒരു സഹോദരൻ സഹായ പയനിയറിങ് ചെയ്യാനായി ആ അവസരം വിനിയോഗിച്ചു. ദിവസങ്ങൾ പിന്നിട്ടപ്പോൾ പ്രസംഗവേലയിൽ സഹോദരനു പൂർവാധികം ഉത്സാഹം തോന്നിത്തുടങ്ങി. മാസാവസാനം ആയപ്പോഴേക്കും അദ്ദേഹം ഒരു പുതിയ ബൈബിളധ്യയനം ആരംഭിച്ചു കഴിഞ്ഞിരുന്നു. “എത്ര പ്രതിഫലദായകമായിരുന്നു ആ മാസം,” അദ്ദേഹം സ്മരിക്കുന്നു. യഹോവയുടെ സഹായവും വഴിനടത്തിപ്പും അനുഭവിക്കാൻ സാധിച്ചതിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. അതേ, ശുശ്രൂഷയിൽ സഹോദരൻ ചെലുത്തിയ കൂടുതലായ ശ്രമത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. അപ്രകാരം പ്രവർത്തിക്കുമ്പോൾ യഹോവ നിങ്ങളെയും അനുഗ്രഹിക്കും.—മലാ. 3:10.
7 പല പ്രസാധകരെയും സംബന്ധിച്ചിടത്തോളം സഹായ പയനിയറിങ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നുവരികിലും, ലൗകിക തൊഴിലും കുടുംബ ഉത്തരവാദിത്വങ്ങളും വ്യക്തിപരമായ പല വെല്ലുവിളികളും ഉണ്ടായിരുന്നിട്ടുപോലും നിരവധി സഹോദരീസഹോദരന്മാർക്ക് സഹായ പയനിയറിങ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സമ്പൂർണ സാക്ഷ്യം നൽകുന്നതിന് നമ്മുടെ വിലപ്പെട്ട സമയത്തിന്റെയും ഊർജത്തിന്റെയും വലിയൊരു ഭാഗം ശുശ്രൂഷയ്ക്കായി ചെലവഴിക്കേണ്ടി വരുമെങ്കിലും അതുല്യമായ അനുഗ്രഹങ്ങളാണ് അതു കൈവരുത്തുന്നത്.—സദൃ. 10:22.
8 മാർച്ച്, ഏപ്രിൽ മാസങ്ങൾ സഹായ പയനിയറിങ് നടത്താൻ തികച്ചും അനുയോജ്യമായ സമയമാണ്. മാർച്ചിൽ അഞ്ചു വാരാന്തങ്ങൾ ഉണ്ട്. ഇവയും മറ്റുദിവസങ്ങളിലെ സായാഹ്നങ്ങളും ബുദ്ധിപൂർവം ഉപയോഗിച്ചാൽ മുഴുസമയ ലൗകിക ജോലിയുള്ളവർക്കുപോലും സഹായ പയനിയറിങ് ചെയ്യാൻ സാധിച്ചേക്കും. കൂടാതെ ഏപ്രിൽ മാസത്തെ പൊതുഅവധികളും പ്രയോജനപ്പെടുത്താൻ കഴിയും. സ്കൂളിൽനിന്നും തൊഴിലിൽനിന്നും ഒഴിവു ലഭിക്കുന്നതിനാൽ 50 മണിക്കൂർ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ പലർക്കും സാധിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 50 മണിക്കൂർ ലക്ഷ്യത്തിൽ എത്തിച്ചേരാൻ തക്കവണ്ണം ആസൂത്രണം ചെയ്യാൻ ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന സഹായ പയനിയർ പട്ടികകളിൽ ഒന്ന് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ? നിങ്ങളുടെ പട്ടികയെ കുറിച്ച് മറ്റുള്ളവരുമായി ചർച്ച ചെയ്യുക. അങ്ങനെ ചെയ്താൽ നിങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ അവരിൽ ചിലരെങ്കിലും തീർച്ചയായും പ്രോത്സാഹിതരാകും. നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ സാധിക്കില്ലെങ്കിൽ, ഈ മാസങ്ങളിലേക്ക് നിശ്ചിത ലക്ഷ്യങ്ങൾ വെക്കുകയും പയനിയറിങ് ചെയ്യുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുക. മാർച്ചിലും ഏപ്രിലിലും വേലയിൽ വർധിച്ച പങ്കുണ്ടായിരിക്കാൻ ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യുക.
9 സ്മാരകത്തോടു വിലമതിപ്പു പ്രകടമാക്കൽ: മറുവില ക്രമീകരണത്തോടുള്ള വിലമതിപ്പ് എല്ലാവർഷവും സ്മാരകകാലത്ത് സഹായ പയനിയറിങ് ചെയ്യുന്നതിന് ‘സമയം വിലയ്ക്കു വാങ്ങാൻ’ ആയിരങ്ങളെ പ്രേരിപ്പിക്കുന്നു. (എഫെ. 5:15, 16, NW) ഇന്ത്യയിൽ കഴിഞ്ഞ മാർച്ചിൽ 2,509 പേരും ഏപ്രിലിൽ 1,349 പേരും സഹായ പയനിയറിങ് ചെയ്യുകയുണ്ടായി. ആ മാസങ്ങളിൽ ശരാശരി 1,929 സഹായ പയനിയർമാർ ഉണ്ടായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. ആ സേവനവർഷത്തിൽത്തന്നെ അതിനു മുമ്പുള്ള മാസങ്ങളിലെ 657 എന്ന സഹായ പയനിയർ ശരാശരിയുമായി ഇതു താരതമ്യം ചെയ്തുനോക്കുക. ഈ വരുന്ന സ്മാരകകാലം, വയൽശുശ്രൂഷയിലെ നമ്മുടെ പങ്കുവർധിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ മറുവിലയാഗത്തോട് ആത്മാർഥമായ വിലമതിപ്പു കാണിക്കാനുള്ള മറ്റൊരവസരം പ്രദാനം ചെയ്യും.
10 ഏപ്രിൽ 16 അടുത്തുവരവേ, സ്മാരകം നിങ്ങൾക്ക് എന്തർഥമാക്കുന്നു എന്നു ചിന്തിക്കുക. ക്രിസ്തുവിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളെയും ആ സമയങ്ങളിലെല്ലാം അവന്റെ ഹൃദയത്തെയും മനസ്സിനെയും ആകുലപ്പെടുത്തിക്കൊണ്ടിരുന്ന കാര്യങ്ങളെയും കുറിച്ചു വിചിന്തനം ചെയ്യുക. കൂടാതെ, യേശുവിന്റെ മുമ്പിൽ ഉണ്ടായിരുന്ന സന്തോഷത്തെയും ദുഷ്പെരുമാറ്റം സഹിക്കാൻ അത് അവനെ സഹായിച്ച വിധത്തെയും കുറിച്ചു ധ്യാനിക്കുക. പ്രസംഗ-ശിഷ്യരാക്കൽ വേലയ്ക്കു നേതൃത്വം വഹിച്ചുകൊണ്ട് സഭയുടെ ശിരസ്സ് എന്ന നിലയിൽ ഇന്ന് അവൻ വഹിക്കുന്ന സ്ഥാനം സംബന്ധിച്ചും ഓർക്കുക. (1 കൊരി. 11:3; എബ്രാ. 12:2; വെളി. 14:14-16) ക്രിസ്തു ചെയ്തിരിക്കുന്ന സകലതിനോടുമുള്ള നിങ്ങളുടെ വിലമതിപ്പ് സാഹചര്യങ്ങൾ അനുവദിക്കുന്ന അളവോളം പ്രസംഗ പ്രവർത്തനത്തിൽ പൂർണമായി പങ്കെടുത്തുകൊണ്ട് പ്രകടമാക്കുക.
11 സമ്പൂർണ സാക്ഷ്യം നൽകാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക: സഹായ പയനിയറിങ് ചെയ്യുന്നതിൽ മാതൃകവെച്ചുകൊണ്ട് മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. പ്രസാധകരുമൊത്തു വയലിൽ പ്രവർത്തിക്കുമ്പോഴും ഇടയസന്ദർശനങ്ങൾ നടത്തുമ്പോഴും ഈ പ്രത്യേക പ്രവർത്തനത്തിൽ ഒരു പൂർണപങ്കുണ്ടായിരിക്കാൻ മറ്റുള്ളവരെ വ്യക്തിപരമായി സഹായിക്കുന്നതിന് അവർക്ക് അവസരം ലഭിക്കുന്നു. സമ്പൂർണ സാക്ഷ്യം നൽകാനുള്ള നമ്മുടെ ഏകീകൃത ശ്രമങ്ങൾക്കു ശക്തി പകരാനായി ഈ വിഷയം നമുക്കു പ്രാർഥനയിൽ ഉൾപ്പെടുത്താം.
12 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വർധിച്ച പ്രവർത്തനത്തിനായുള്ള സഭാക്രമീകരണങ്ങളെ എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പിന്തുണയ്ക്കുമെങ്കിലും വയൽസേവന ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം എടുക്കേണ്ടത് സേവന മേൽവിചാരകൻ ആണ്. ഭൂരിപക്ഷം പ്രസാധകരുടെയും സൗകര്യം കണക്കിലെടുത്തുകൊണ്ട് അദ്ദേഹം വയൽസേവനത്തിന് കൂടിവരേണ്ട സ്ഥലം, ദിവസം, സമയം എന്നിവയൊക്കെ ക്രമീകരിക്കുകയും അതു സംബന്ധിച്ച് ക്രമമായി അറിയിപ്പുകൾ നടത്താനുള്ള ഏർപ്പാടുകൾ ചെയ്യുകയും വേണം. ഒരേ ദിവസംതന്നെ വ്യത്യസ്ത സമയങ്ങളിൽ കൂടിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും. സാക്ഷീകരണത്തിന്റെ വിവിധ വശങ്ങളിൽ പങ്കെടുക്കുന്നതിന് അതു സഭയിലെ എല്ലാ പ്രസാധകർക്കും അവസരം നൽകും. വ്യാപാരപ്രദേശത്തു പ്രവർത്തിക്കുന്നതും തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടുന്നതും വീടുതോറും പോകുന്നതും മടക്കസന്ദർശനങ്ങൾ നടത്തുന്നതും ടെലിഫോണിലൂടെ സാക്ഷീകരിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടേക്കാം. കൂടാതെ, ഈ മാസങ്ങളിൽ മതിയായ അളവിൽ സാഹിത്യങ്ങളും മാസികകളും പ്രദേശവും ഉണ്ടായിരിക്കാൻ അദ്ദേഹം ക്രമീകരണം ചെയ്യണം.
13 ബൈബിളധ്യയനങ്ങൾ തുടങ്ങാനുളള ലക്ഷ്യത്തിൽ മാർച്ചിലെ സാഹിത്യ സമർപ്പണം പരിജ്ഞാനം പുസ്തകം ആയിരിക്കും. പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതിനുള്ള ഫലപ്രദമായ നിർദേശങ്ങൾ 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ കാണാൻ കഴിയും. ഏപ്രിലിലെ സാഹിത്യ സമർപ്പണം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ആയിരിക്കും. “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്ന ഭാഗത്തു കൊടുത്തിട്ടുള്ള അവതരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഒരു സമ്പൂർണ സാക്ഷ്യം നൽകാൻ കഴിയേണ്ടതിന് നന്നായി തയ്യാർ ചെയ്യാൻ എല്ലാവരും സമയം കണ്ടെത്തണം.
14 സഭയുടെ ശിരസ്സായ യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിച്ചുകൊണ്ട് മറ്റാളുകളുമായി സുവാർത്ത പങ്കുവെക്കാനുള്ള പദവി നമുക്കുള്ളതിൽ നാം എത്ര സന്തുഷ്ടരാണ്! മാർച്ച്, ഏപ്രിൽ മാസങ്ങൾ അടുത്തുവരികയാണ്. പ്രസംഗിക്കാനും സമ്പൂർണ സാക്ഷ്യം നൽകാനുമുള്ള ക്രിസ്തുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്, അവയെ നമ്മുടെ ഏറ്റവും മെച്ചപ്പെട്ട മാസങ്ങൾ ആക്കിത്തീർക്കാൻ നമുക്ക് ഒരിക്കൽക്കൂടി പ്രയത്നിക്കാം.
[4-ാം പേജിലെ ചതുരം]
2003 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യാൻ സഹായിക്കുന്ന വിവിധ സമയപ്പട്ടികകൾ
ദിവസം മണിക്കൂർ
തിങ്കൾ 1 2 — — 2 —
ചൊവ്വ 1 — 3 — — —
ബുധൻ 1 2 — 5 — —
വ്യാഴം 1 — 3 — — —
വെള്ളി 1 2 — — — —
ശനി 5 4 3 5 6 7
ഞായർ 2 2 3 2 2 3
മാർച്ച് 56 56 54 55 50 50
ഏപ്രിൽ 50 50 51 53 — —
ഇതിൽ ഏതെങ്കിലും പട്ടിക നിങ്ങൾക്കു പ്രായോഗികമാണോ?