വഴക്കമുള്ള ഒരു സമീപനം ഉപയോഗിച്ചുനോക്കുക
ആളുകളുടെ ആവശ്യങ്ങൾ വിവേചിച്ചറിയാൻ ശ്രമിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ദൈവരാജ്യം സമ്പൂർണ പരിഹാരം വരുത്തുന്നത് എങ്ങനെയെന്ന് അവരെ കാണിച്ചുകൊടുക്കുന്നതിനും അവരോടുള്ള ആത്മാർഥമായ താത്പര്യം നമ്മെ പ്രേരിപ്പിക്കും. (ഫിലി. 2:4) നമ്മുടെ പ്രസിദ്ധീകരണങ്ങളിലുള്ള പറുദീസയുടെ ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വീട്ടുകാരനെ ക്ഷണിക്കുന്നത്, ഫലപ്രദമായ, വഴക്കമുള്ള ഒരു സമീപനമാണെന്ന് അനേകം പ്രസാധകരും തിരിച്ചറിഞ്ഞിരിക്കുന്നു—അത്തരം ചില ചിത്രങ്ങളെക്കുറിച്ചാണ് ഈ പേജിന്റെ വലതുവശത്തെ കോളത്തിൽ പരാമർശിച്ചിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു മുഖവുര ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് അപ്രകാരം ചെയ്യാവുന്നതാണ്:
◼ “മനുഷ്യകുടുംബം എന്നെങ്കിലും ഈ ചിത്രത്തിൽ കാണുന്നതുപോലുള്ള അവസ്ഥകൾ ആസ്വദിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?”
◼ “നമ്മുടെ മക്കൾ ഇവിടെ കാണുന്നതുപോലുള്ള ഒരു ലോകത്തിൽ ജീവിതം ആസ്വദിക്കാൻ നാമെല്ലാം ആഗ്രഹിക്കും. നിങ്ങളുടെ അഭിപ്രായത്തിൽ, അതു സാധ്യമായിത്തീരാൻ എന്താണ് ആവശ്യമായിരിക്കുന്നത്?”
◼ “ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറുമ്പോൾ ഭൂമി എങ്ങനെ കാണപ്പെടും എന്നുള്ളതിന്റെ ഒരു ചിത്രമാണ് ഇത്. ഇന്നത്തെ ജീവിതത്തിൽനിന്നു വ്യത്യസ്തമായ എന്തെങ്കിലും നിങ്ങൾ ഇതിൽ കാണുന്നുണ്ടോ?”
◼ “ഇവിടെ ചിത്രീകരിച്ചിട്ടുള്ള അവസ്ഥകളിൽ ജീവിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ ജീവിതകാലത്ത് അതു സംഭവിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?”
പ്രതികരണത്തിന് അടുത്തശ്രദ്ധ നൽകുകയും കൂടുതലായ ഒന്നോ രണ്ടോ ചോദ്യങ്ങൾ ദയാപുരസ്സരം ചോദിച്ചുകൊണ്ട് വ്യക്തിയുടെ വീക്ഷണം മനസ്സിലാക്കുകയും ചെയ്യുക. ചിത്രത്തിൽ കാണുന്നതുപോലുള്ള അവസ്ഥകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നോ അത്തരമൊരു സംഗതി സാധ്യമാണെന്നു താൻ വിശ്വസിക്കുന്നില്ലെന്നോ ആരെങ്കിലും പറഞ്ഞാൽ അവർക്കു താത്പര്യം ഇല്ലെന്നു പെട്ടെന്നു നിഗമനം ചെയ്യരുത്. എന്തുകൊണ്ടാണ് അങ്ങനെ വിചാരിക്കുന്നത് എന്നു നയപൂർവം ചോദിക്കുക. മനുഷ്യവർഗം അഭിമുഖീകരിക്കുന്ന, അപരിഹാര്യമെന്നു തോന്നുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ചിന്ത അവരുടെ മനസ്സിനെ ആഴത്തിൽ അലട്ടുന്നുണ്ടെന്ന് അവരുടെ വാക്കുകൾ വെളിപ്പെടുത്തിയേക്കാം.—യെഹെ. 9:4.
വീട്ടുകാരന്റെ മനസ്സിലുള്ളത് വിവേചിച്ചറിഞ്ഞു കഴിഞ്ഞാൽ അതിന് അനുസരിച്ച് അവതരണം ക്രമപ്പെടുത്തുക. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന രാജ്യാനുഗ്രഹങ്ങൾ പ്രദീപ്തമാക്കുക. അദ്ദേഹം ഉത്കണ്ഠപ്പെടുന്ന കാര്യത്തോടു ബന്ധപ്പെട്ട ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ചർച്ചചെയ്യുക. (വലതു വശത്തെ കോളത്തിലുള്ള നിർദേശങ്ങൾ കാണുക.) ദൈവവചനം പറയുന്നത് എന്താണെന്നു വ്യക്തിപരമായി കാണാൻ അദ്ദേഹത്തിന് അവസരം നൽകുക. താത്പര്യം കാണിക്കുന്നെങ്കിൽ പ്രസിദ്ധീകരണം സമർപ്പിക്കുകയും മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുക. പ്രാരംഭ സംഭാഷണത്തിൽ പ്രദർശിപ്പിച്ച താത്പര്യം വളർത്തിയെടുക്കുന്നതിൽ തുടരുക.
[6-ാം പേജിലെ ചതുരം]
പറുദീസയുടെ ചിത്രീകരണങ്ങൾക്കു ചില ദൃഷ്ടാന്തങ്ങൾ
സൃഷ്ടി പുസ്തകം: 237, 243, 251 പേജുകൾ
അധ്യാപകൻ പുസ്തകം: 251-4 പേജുകൾ
പരിജ്ഞാനം പുസ്തകം: 4-5, 188-9 പേജുകൾ
ആവശ്യം ലഘുപത്രിക: 11, 13 പേജുകൾ
യഥാർഥ സമാധാനം പുസ്തകം: 98-ാം പേജ്
ദൈവത്തെ ആരാധിക്കുക പുസ്തകം: 92-3 പേജുകൾ
[6-ാം പേജിലെ ചതുരം]
ആളുകളെ ഉത്കണ്ഠപ്പെടുത്തുന്ന സംഗതികൾ
അഴിമതി, അനീതി
കുറ്റകൃത്യം, അക്രമം
ദാരിദ്ര്യം, മർദനം
ധാർമിക അധഃപതനം
പാർപ്പിടം, സാമ്പത്തിക പ്രശ്നങ്ങൾ
ഫലപ്രദമല്ലാത്ത ഗവൺമെന്റ്
ഭക്ഷ്യക്ഷാമം, വികലപോഷണം
ഭൂമിയെ നശിപ്പിക്കൽ
മരണം, വിലാപം
മുൻവിധി, അസമത്വം
മൃഗങ്ങളോടുള്ള ദുഷ്പെരുമാറ്റം
യുദ്ധം, ഭീകരപ്രവർത്തനം
രോഗം, വൈകല്യം
വിഷാദം