സൂക്ഷിച്ചുവെക്കുക
വയൽസേവനത്തിനായി നിർദേശിച്ചിരിക്കുന്ന ചില അവതരണങ്ങൾ
ഓരോ മാസത്തെയും സാഹിത്യ സമർപ്പണം വിശേഷവത്കരിക്കുന്ന അവതരണങ്ങൾ തയ്യാറാകാൻ പിൻവരുന്ന നിർദേശങ്ങൾ ഉപയോഗിക്കുക.
യഹോവയോട് അടുത്തു ചെല്ലുവിൻ
“ദൈവത്തിൽ വിശ്വസിക്കുന്ന അനേകം ആളുകളും അവനോടു കൂടുതൽ അടുത്തുചെല്ലാൻ ആഗ്രഹിക്കുന്നു. തന്നോട് അടുത്തുവരാൻ ദൈവം നമ്മെ ക്ഷണിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? [യാക്കോബ് 4:8 വായിക്കുക.] സ്വന്തം ബൈബിൾ പഠിച്ചുകൊണ്ട് ദൈവത്തോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കുന്നതിനാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിട്ടുള്ളത്.” 16-ാം പേജിലെ 1-ാം ഖണ്ഡിക വായിക്കുക.
“ഇന്ന് അനീതി അങ്ങേയറ്റം വർധിച്ചിരിക്കുകയാണ്. അത് ഇവിടെ വിശദീകരിച്ചിരിക്കുന്നതുപോലെ തന്നെയാണ്. [സഭാപ്രസംഗി 8:9 വായിക്കുക.] ദൈവം ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ എന്നു പലരും ചോദിക്കുന്നു. [119-ാം പേജിൽ നാലാം ഖണ്ഡികയിലെ ആദ്യത്തെ രണ്ടു വാചകങ്ങൾ വായിക്കുക.] കുറച്ചു കാലത്തേക്കു ദൈവം അനീതി അനുവദിച്ചിരിക്കുന്നതിന്റെ കാരണം ഈ അധ്യായം വിശദീകരിക്കുന്നു.”
നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്)
“നമ്മെയെല്ലാം വളരെയേറെ കുഴപ്പിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല ബുദ്ധിയുപദേശം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് മത്തായി 7:28, 29 വായിക്കുക.] യേശുവിന്റെ ഗിരിപ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ ആളുകൾ അതിനോട് അനുകൂലമായി പ്രതികരിച്ച വിധമാണ് നമ്മൾ ഇവിടെ കണ്ടത്. അതിനെക്കുറിച്ചുള്ള മറ്റുചിലരുടെ അഭിപ്രായങ്ങളും ശ്രദ്ധിക്കുക. [152-ാം പേജിലെ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക.] ഈ അധ്യായം, യേശുവിന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ളതാണ്.”
“‘ഒരു ദൈവം ഉണ്ടെങ്കിൽ, ലോകത്തിലെ കഷ്ടങ്ങളും അനീതിയും നീക്കംചെയ്യാൻ അവൻ എന്നെങ്കിലും നടപടി എടുക്കുമോ?’ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് വെളിപ്പാടു 21:3-5എ വായിക്കുക.] കഷ്ടപ്പാടുകൾ നീക്കംചെയ്യാനും അവയുടെ മൂലകാരണം തുടച്ചുനീക്കാനും വേണ്ടി ദൈവം എന്തു ചെയ്യുമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.” 10-ാം അധ്യായം കാണിക്കുക.
ജാഗരൂകർ ആയിരിക്കുവിൻ!
“ഇന്നു സാധാരണമായിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെയും കുറിച്ച് അനേകരും ഉത്കണ്ഠയുള്ളവരാണ്. [പ്രാദേശികമായ ഒരു ദൃഷ്ടാന്തം പരാമർശിക്കുക.] ദൈവത്തിന്റെ ഗവൺമെന്റ് പെട്ടെന്നുതന്നെ ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കാൻ പോകുകയാണ് എന്നു സൂചിപ്പിക്കുന്ന ആഗോളമായ അടയാളത്തിന്റെ ഭാഗമാണ് അത്തരം കാര്യങ്ങൾ എന്ന കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് മത്തായി 24:3, 7, 8; ലൂക്കൊസ് 21:7, 10, 11; അല്ലെങ്കിൽ 2 തിമൊഥെയൊസ് 3:1-5 എന്നിങ്ങനെയുള്ള ഉചിതമായ ഒരു തിരുവെഴുത്തു വായിക്കുക.] ഈ സംഭവങ്ങളുടെ അർഥം സംബന്ധിച്ച് ഇപ്പോൾ നാം ജാഗ്രതയുള്ളവർ ആയിരിക്കുന്നത് വിശേഷാൽ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ടെന്ന് ഈ ലഘുപത്രിക വിശദീകരിക്കുന്നു.”
“ഞെട്ടിക്കുന്ന സംഭവങ്ങളോ വ്യക്തിപരമായ തീരാനഷ്ടങ്ങളോ ഇന്ന് അനേകരെയും ദുഃഖത്തിലാഴ്ത്തുന്നു. അത്തരം കാര്യങ്ങൾ തടയാൻ ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് ചിലർ ചിന്തിക്കുന്നു. മനുഷ്യവർഗം അനുഭവിക്കുന്ന ദുരിതങ്ങൾ നീക്കംചെയ്യാൻ അവൻ ഉടൻ പ്രവർത്തിക്കുമെന്ന് ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. [വെളിപ്പാടു 14:6, 7 വായിക്കുക.] ദൈവത്തിന്റെ ന്യായവിധി മനുഷ്യവർഗത്തിന് എന്ത് അർഥമാക്കും എന്നു ശ്രദ്ധിക്കുക. [2 പത്രൊസ് 3:10, 13 വായിക്കുക.] ഈ സുപ്രധാന വിഷയത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ ഈ ലഘുപത്രികയിൽ അടങ്ങിയിരിക്കുന്നു.”
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
“ഇതുപോലുള്ള മനോഹരമായ ചുറ്റുപാടിൽ ജീവിക്കാൻ ക്ഷണം ലഭിച്ചാൽ നിങ്ങൾ അതു സ്വീകരിക്കുമോ? [4-5 പേജുകളിലെ ചിത്രം കാണിക്കുക. തുടർന്ന്, പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരം ഒരു ജീവിതം എന്നേക്കും ആസ്വദിക്കാൻ പ്രധാനമായും എന്താണ് ആവശ്യമായിരിക്കുന്നതെന്ന് ദൈവവചനം പറയുന്നു. [യോഹന്നാൻ 17:3 വായിക്കുക.] നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.” അടുത്ത സന്ദർശനത്തിൽ, ഒന്നാം അധ്യായത്തിന്റെ ആദ്യത്തെ അഞ്ചു ഖണ്ഡികകൾ ചർച്ചചെയ്യാൻ ക്രമീകരണം ചെയ്യുക.
188-9 പേജുകളിലെ ചിത്രം കാണിക്കുക. തുടർന്ന് അതിന്റെ ചിത്രക്കുറിപ്പിലെ വാക്കുകൾക്കു ചേർച്ചയിൽ ഇങ്ങനെ ചോദിക്കുക: “ദൈവപരിജ്ഞാനംകൊണ്ട് നിറഞ്ഞ ഒരു പറുദീസാ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ പ്രത്യാശിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, യെശയ്യാവു 11:9 വായിക്കുക.] പറുദീസയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു എന്നും നമുക്ക് അവിടെ ആയിരിക്കാൻ എങ്ങനെ കഴിയും എന്നും പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.” അടുത്ത സന്ദർശനത്തിൽ, ഒന്നാം അധ്യായത്തിന്റെ 11-16 ഖണ്ഡികകൾ ചർച്ചചെയ്യാൻ ക്രമീകരണം ചെയ്യുക.
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്)
“ആളുകൾ ഈ വാക്കുകൾ അനുസരിച്ചു ജീവിക്കുകയാണെങ്കിൽ ലോകം മെച്ചപ്പെട്ട ഒരു സ്ഥലമായിത്തീരും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [മത്തായി 7:12എ വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ജീവിച്ചിരുന്നിട്ടുള്ളതിലേക്കും മഹാനായ അധ്യാപകനിൽനിന്നുള്ള നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.” 17-ാം അധ്യായത്തിലെ ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
“ഇന്ന് മിക്ക മാതാപിതാക്കളും പ്രയോജനപ്രദമായ ധാർമിക മൂല്യങ്ങൾ തങ്ങളുടെ കുട്ടികളിൽ ഉൾനടാൻ ശ്രമിക്കുന്നു. ഇതു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം സദൃശവാക്യങ്ങൾ 22:6 വായിക്കുക.] ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങാൻ ഇവിടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.” 15-ാമത്തെയോ 18-ാമത്തെയോ അധ്യായത്തിലുള്ള ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
“പലപ്പോഴും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾ മാതാപിതാക്കളെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ ചില ചോദ്യങ്ങൾക്കു മുന്നിൽ ശരിക്കും വെള്ളം കുടിച്ചുപോകും, അല്ലേ? [പ്രതികരിക്കാൻ അനുവദിച്ചശേഷം എഫെസ്യർ 6:4 വായിക്കുക.] ഇന്ന് കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ പുസ്തകം മാതാപിതാക്കളെ സഹായിക്കും.” 11, 12 അധ്യായങ്ങളിലെ അല്ലെങ്കിൽ 34-36 അധ്യായങ്ങളിലെ ചില ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
“ഈ പ്രദേശത്തു സംഭവിക്കുന്ന കുറ്റകൃത്യങ്ങളും അക്രമവും നമ്മെയെല്ലാം ഉത്കണ്ഠപ്പെടുത്തുന്നു. ആർക്കെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം ഇതു പരിഹരിക്കാൻ പോകുകയാണ്.” 196-ാം പേജിലെ 19-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന സദൃശവാക്യങ്ങൾ 2:21, 22 വായിച്ച് അഭിപ്രായം പറയുക. 16-ാം അധ്യായത്തിന്റെ തലക്കെട്ട് കാണിച്ചുകൊടുക്കുകയും പുസ്തകം സമർപ്പിക്കുകയും ചെയ്യുക.
6-ാം പേജ് കാണിച്ചുകൊണ്ട് ഇങ്ങനെ പറയുക: “നമ്മുടെ മനോഹരമായ ഭൂമിയും അതിലുള്ള ജീവജാലങ്ങളും യാദൃച്ഛികമായി ഉണ്ടായതാണെന്ന് അനേകർ വിചാരിക്കുന്നു. ഇതെല്ലാം എങ്ങനെ ഉണ്ടായി എന്നുള്ളതിന് ഒരു ന്യായമായ വിശദീകരണം എന്താണെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] അത്യന്തം ശക്തിയും നമ്മോടു വളരെയധികം സ്നേഹവുമുള്ള ഒരു സ്രഷ്ടാവിനെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണത്തെ സ്ഥിരീകരിക്കുന്ന അസംഖ്യം തെളിവുകളുണ്ട്. അവനാണ് സത്യദൈവം. അവന്റെ പേര് യഹോവ എന്നാണ്.” സങ്കീർത്തനം 83:18 വായിച്ചിട്ട്, ഈ മുഴു ഭൂമിയെയും ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുന്നത് അവന്റെ ഉദ്ദേശ്യമായിരിക്കുന്നത് എങ്ങനെയെന്നു ഹ്രസ്വമായി വിശദീകരിക്കുക.
ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്)
“വ്യത്യസ്തമായ ധാരാളം മതങ്ങൾ ഇന്നുള്ളതിനാൽ, ഏതു മതത്തിനാണ് ദൈവത്തിന്റെ അംഗീകാരം ഉള്ളത് എന്നു നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പ്രതികരിക്കാൻ അനുവദിച്ചശേഷം, 377-ാം പേജിലുള്ള 7-ാമത്തെ പോയിന്റ് വിശേഷവത്കരിക്കുക. എല്ലാ വർഗങ്ങളിലുംപെട്ട മനുഷ്യരെ ഏകീകരിക്കാൻ സത്യമതം പ്രാപ്തമായിരിക്കണം എന്നതിനോടു യോജിക്കുന്നില്ലേ എന്നു വീട്ടുകാരനോടു ചോദിക്കുക. പരാമർശിച്ചിട്ടുള്ള ഒരു തിരുവെഴുത്ത് വായിക്കുകയും പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റു പോയിന്റുകളിൽ ചിലത് സമയം അനുവദിക്കുന്നതനുസരിച്ച് ചർച്ചചെയ്യുകയും ചെയ്യുക. യഥാർഥ താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ പുസ്തകം സമർപ്പിക്കുക. ഇറങ്ങുന്നതിനുമുമ്പായി ഇങ്ങനെ ചോദിക്കാവുന്നതാണ്: “സത്യമതം ഒരു വ്യക്തിയുടെ നടത്തയെ എങ്ങനെ ബാധിക്കേണ്ടതാണ്?” ഉത്തരം നൽകാനായി മടക്കസന്ദർശനത്തിനു ക്രമീകരിക്കുക.
ഒരാൾ താൻ ഒരു പ്രമുഖ മതത്തിലെ അംഗമാണെന്നു പറയുന്നപക്ഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “വിവിധ മതങ്ങളിൽപ്പെട്ട ആളുകളെ കണ്ടുമുട്ടുന്നത് നല്ലൊരു അനുഭവമാണ്. ദൈവത്തിനുവേണ്ടിയുള്ള അന്വേഷണത്തിൽ മനുഷ്യർ പല ദിശകളിൽ സഞ്ചരിച്ചിരിക്കുന്നു. [ഉചിതമെങ്കിൽ പ്രവൃത്തികൾ 17:26, 27 വായിക്കുക.] മിക്കപ്പോഴും ആളുകൾ തങ്ങളുടെ മാതാപിതാക്കളുടെ മതം പിൻപറ്റുന്നു. [8-ാം പേജിലെ 12-ാമത്തെ ഖണ്ഡിക വായിക്കുക.] മറ്റു മതങ്ങളെക്കുറിച്ചു കൂടുതലായി പഠിക്കുന്നത് പ്രബോധനാത്മകവും വിജ്ഞാനപ്രദവും ആണ്. ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉത്ഭവം, ആചാരങ്ങൾ, ഉപദേശങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകം വിശദീകരിക്കുന്നു.” വീട്ടുകാരന്റെ മതത്തെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് കാണിച്ചുകൊടുക്കുക. പിൻവരുന്ന പേജുകളിൽ വ്യത്യസ്ത മതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണപ്പെടുന്നു: സിക്കുമതം (100-1); ഹിന്ദുമതം (116-17); ബുദ്ധമതം (141); താവോമതം (164-6); കൺഫ്യൂഷ്യസ്മതം (177); ഷിന്റോമതം (190-5); യഹൂദമതം (220-1); ഇസ്ലാംമതം (289).
വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
“താങ്കൾ ഇതിനെക്കുറിച്ചു [വാർത്ത സൂചിപ്പിക്കുക] കേട്ടിരിക്കും. ജീവിതം ദാരുണമായി പൊലിയുമ്പോൾ, ഇരകളായവരുടെ കുടുംബത്തിന് എന്താശ്വാസം പകർന്നുകൊടുക്കാനാകുമെന്ന് അനേകരും ചിന്തിക്കുന്നു. അതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?” പ്രതികരിക്കാൻ അനുവദിച്ചശേഷം വെളിപാട് പുസ്തകത്തിന്റെ 299-ാം പേജിൽ ചിത്രീകരിച്ചിരിക്കുന്ന പുനരുത്ഥാന രംഗം കാണിക്കുക. തുടർന്ന് ഇങ്ങനെ പറയുക: “ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിന് നീതിമാന്മാരും നീതികെട്ടവരും തിരികെ വരുത്തപ്പെടും എന്നു മനസ്സിലാക്കുമ്പോൾ നിരവധിയാളുകളും അതിശയിച്ചുപോകുന്നു. [297-ാം പേജിലെ 9-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന പ്രവൃത്തികൾ 24:15 വായിക്കുക. അതിനുശേഷം 10-ാം ഖണ്ഡികയിലുള്ള വിശദീകരണം നൽകുക.] ഭാവി സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള വേറെ അനേകം രസകരമായ ആശയങ്ങൾ ഈ പുസ്തകം ചർച്ചചെയ്യുന്നു.”
ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്)
“മിക്ക ആളുകളും ഗൗരവമേറിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. അനേകർ മാർഗനിർദേശത്തിനായി എല്ലാത്തരം ഉപദേഷ്ടാക്കളെയും സമീപിക്കുന്നു. ചിലർ സഹായത്തിനായി അതീന്ദ്രിയ ശക്തിയുള്ളവരിലേക്കു നോക്കുന്നു. നമുക്കു വാസ്തവത്തിൽ പ്രയോജനംചെയ്യുന്ന യുക്തിസഹമായ ബുദ്ധിയുപദേശം എവിടെ കണ്ടെത്താമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത ബൈബിൾ പ്രസ്താവിക്കുന്നു. [2 തിമൊഥെയൊസ് 3:16, 17 വായിക്കുക. തുടർന്ന് 187-ാം പേജു തുറന്ന് 9-ാം ഖണ്ഡിക വായിക്കുക.] ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിൻപറ്റുന്നത് എല്ലായ്പോഴും ഏറ്റവും മികച്ച ഫലങ്ങളിൽ കലാശിക്കുന്നത് എങ്ങനെയെന്നു കാണാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.”
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
“ക്രിസ്തുമസ്സ് സമയത്തോടനുബന്ധിച്ച് അനേകരും യേശുവിനെ വിശേഷാൽ ഓർമിക്കുന്നു. എന്നാൽ, ഞെട്ടിപ്പിക്കുന്ന വളരെയധികം കാര്യങ്ങൾ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുകൊണ്ട് യേശുവിന് നമ്മുടെ കാര്യത്തിൽ യഥാർഥ താത്പര്യം ഉണ്ടോ എന്ന് ചിലർ അതിശയിച്ചേക്കാം. അതേക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?” മറുപടി പറയാൻ അനുവദിക്കുക. പുസ്തകത്തിന്റെ 24-ാം അധ്യായമെടുത്ത് യേശു ഭൂമിയിലേക്കു വന്നതിന്റെ കാരണം ഹ്രസ്വമായി ചർച്ചചെയ്യുക. എന്നിട്ട് യോഹന്നാൻ 15:13 വായിച്ചുകൊണ്ട് മറ്റുള്ളവരോടുള്ള യേശുവിന്റെ ഹൃദയംഗമമായ സ്നേഹത്തെക്കുറിച്ച് ഊന്നിപ്പറയുക.
“യേശുക്രിസ്തുവിനെക്കുറിച്ചു കേൾക്കുമ്പോൾ, അനേകരും അവനെപ്പറ്റി ചിന്തിക്കുന്നത് ഒന്നുകിൽ ഒരു ശിശുവായിട്ട് അല്ലെങ്കിൽ ദുരിതം അനുഭവിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായിട്ട് ആണ്. യേശുവിനെക്കുറിച്ചുള്ള അവരുടെ ധാരണ അവന്റെ ജനനം, മരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതാണ്. തന്റെ ജീവിതകാലത്ത് അവൻ പറഞ്ഞതും ചെയ്തതുമായ ആശ്ചര്യകരമായ സംഗതികൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അവൻ ചെയ്ത കാര്യങ്ങൾ, ഭൂമിയിൽ ജീവിച്ചിട്ടുള്ള ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്നു. അതുകൊണ്ട് നമുക്കുവേണ്ടി അവൻ ചെയ്തിരിക്കുന്ന മഹത്തായ സംഗതികളെക്കുറിച്ചു കഴിയുന്നത്ര പഠിക്കുന്നത് ജീവത്പ്രധാനമാണ്.” യോഹന്നാൻ 17:3 വായിക്കുക. തുടർന്ന് പുസ്തകത്തിലെ ആമുഖത്തിന്റെ ആദ്യപേജ് എടുത്ത് നാലാമത്തെ ഖണ്ഡിക വായിക്കുക.
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
“ഇന്ന് അഭിമുഖീകരിക്കുന്നതുപോലുള്ള പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടു നാം ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, മത്തായി 6:10 വായിക്കുക.] ദൈവരാജ്യം എന്നു പറയുന്നത് യഥാർഥത്തിൽ എന്താണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?” 6-ാം പാഠം തുറന്ന് അതിന്റെ തുടക്കത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ വായിക്കുക. എന്നിട്ട് പാഠത്തിന്റെ ചർച്ച ആരംഭിക്കുകയോ അടുത്ത സന്ദർശനത്തിൽ അങ്ങനെ ചെയ്യാൻ ക്രമീകരിക്കുകയോ ചെയ്യുക.
“ആധുനിക ശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും, രോഗവും മരണവും മനുഷ്യരെ ഇന്നും കഷ്ടപ്പെടുത്തുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു. രോഗികൾക്കും പ്രായമായവർക്കും മരിച്ചവർക്കും വേണ്ടി യേശു എന്തു ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമോ?” പ്രതികരിക്കാൻ അനുവദിക്കുക. അറിയാൻ വീട്ടുകാരൻ ആഗ്രഹിക്കുന്നെങ്കിൽ, ലഘുപത്രികയുടെ 5-ാം പാഠം തുറന്ന് 5-6 ഖണ്ഡികകൾക്കുള്ള ചോദ്യങ്ങൾ വായിക്കുക. എന്നിട്ട് ആ ഖണ്ഡികകൾ ചർച്ചചെയ്യുകയോ അടുത്ത സന്ദർശനത്തിൽ അങ്ങനെ ചെയ്യാൻ ക്രമീകരിക്കുകയോ ചെയ്യുക.
ഏക സത്യദൈവത്തെ ആരാധിക്കുക
“ജീവിത സമ്മർദങ്ങൾ നേരിടാനുള്ള സഹായത്തിനായി നമുക്ക് എവിടേക്കു തിരിയാൻ കഴിയും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് റോമർ 15:4 വായിക്കുക.] നിശ്വസ്ത തിരുവെഴുത്തുകൾ നമുക്കു പ്രബോധനവും ആശ്വാസവും പ്രത്യാശയും നൽകുന്നു എന്നതു ശ്രദ്ധിക്കുക. വിഷമതകൾ സഹിച്ചുനിൽക്കാൻ അവ നമ്മെ ശക്തീകരിക്കുന്നു. ബൈബിൾ വായനയിൽനിന്ന് ഏറ്റവുമധികം പ്രയോജനം നേടാൻ സഹായിക്കുന്ന നിർദേശങ്ങൾ അടങ്ങിയതാണ് ഈ പുസ്തകം.” 30-ാം പേജിൽ കൊടുത്തിരിക്കുന്ന നാല് ആശയങ്ങൾ എടുത്തുപറയുക.
“യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലംമുതൽ ആളുകൾ ദൈവരാജ്യത്തിന്റെ വരവിനായി പ്രാർഥിക്കാൻ തുടങ്ങിയതാണ്. ആ രാജ്യത്തിന്റെ വരവ് മനുഷ്യവർഗത്തിന് എന്ത് അർഥമാക്കും എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ദാനീയേൽ 2:44 വായിക്കുക.] ദൈവരാജ്യം എന്താണ് എന്നും അത് എന്തെല്ലാം കാര്യങ്ങൾ സാധിക്കും എന്നും അതിന്റെ നീതിനിഷ്ഠമായ ഭരണത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം എന്നും ഈ പുസ്തകം വിശദമാക്കുന്നു. ” 92-93 പേജുകളിലെ ചിത്രം വിശേഷവത്കരിക്കുക.