നന്മ ചെയ്യുക, നിങ്ങൾക്കുള്ളത് പങ്കുവെക്കുക
1 “വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു” തബീഥാ. (പ്രവൃ. 9:36, 39) അവളുടെ ഉദാരമനസ്കത, അവളെ പരിചയക്കാർക്കും യഹോവയാം ദൈവത്തിനും പ്രിയങ്കരിയാക്കിത്തീർത്തു. എബ്രായർ 13:16 ഇങ്ങനെ പറയുന്നു: “നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും [“നിങ്ങൾക്കുള്ളവ പങ്കുവയ്ക്കാനും,” ഓശാന ബൈബിൾ] മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.” നന്മ ചെയ്യാനും നമുക്കുള്ളത് പങ്കുവെക്കാനും നമുക്കിന്ന് എങ്ങനെ കഴിയും?
2 മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ കഴിയുന്ന ഒരു വിധം നമ്മുടെ “ധനം” പങ്കുവെക്കുന്നതാണ്. (സദൃ. 3:9) ലോകവ്യാപക വേലയ്ക്കുള്ള നമ്മുടെ സംഭാവനകൾ ലോകമെമ്പാടും രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, ബ്രാഞ്ച് സൗകര്യങ്ങൾ എന്നിവ നിർമിക്കുക സാധ്യമാക്കിത്തീർക്കുന്നു. നമ്മുടെ ഔദാര്യ മനോഭാവം നിമിത്തം ദിവ്യാധിപത്യ പ്രബോധനത്തിൽനിന്നും കെട്ടുപണിചെയ്യുന്ന ആത്മീയ സഹവാസത്തിൽനിന്നും ദശലക്ഷങ്ങൾക്ക് പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നു.
3 ആശ്വാസം പകരൽ: വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ, സഹവിശ്വാസികൾക്കും അല്ലാത്തവർക്കും ‘നന്മ ചെയ്യാൻ’ യഹോവയുടെ ജനം സന്നദ്ധരാണ്. (ഗലാ. 6:10) ഫ്രാൻസിലെ ഒരു രാസവ്യവസായശാലയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് അതിനടുത്തു താമസിച്ചിരുന്ന ഒരു ദമ്പതികൾ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ സഹായിക്കാനായി പാഞ്ഞെത്തി. ഞങ്ങളുടെയും മറ്റുള്ളവരുടെയും അപ്പാർട്ട്മെന്റുകൾ വൃത്തിയാക്കാൻ അവർ സഹായിച്ചു. ഇത്രയേറെ ആളുകൾ സഹായിക്കാനെത്തിയതു കണ്ട് ഞങ്ങളുടെ അയൽക്കാർ അതിശയിച്ചുപോയി.” മറ്റൊരു സഹോദരി ഇപ്രകാരം കൂട്ടിച്ചേർത്തു: “മൂപ്പന്മാർ ഞങ്ങളുടെ സഹായത്തിനെത്തി. അവർ ഞങ്ങൾക്കു പ്രോത്സാഹനം പകർന്നു. വാസ്തവത്തിൽ, ഭൗതിക സഹായത്തെക്കാൾ ഞങ്ങൾക്ക് ആവശ്യമായിരുന്നത് അതായിരുന്നു.”
4 നമുക്ക് അനേകം വിധങ്ങളിൽ അയൽക്കാർക്ക് നന്മ ചെയ്യാൻ കഴിയുമെങ്കിലും അതിൽ ഏറ്റവും പ്രയോജനകരമായത് അവരുമായി സത്യത്തെക്കുറിച്ചുള്ള അമൂല്യ പരിജ്ഞാനം പങ്കുവെക്കുക എന്നതാണ്. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന “നിത്യജീവന്റെ പ്രത്യാശ” അതിൽ ഉൾപ്പെടുന്നു. (തീത്തൊ. 1:2, 3) ലോകാവസ്ഥകളെയും തങ്ങളുടെതന്നെ പാപാവസ്ഥയെയും ചൊല്ലി ദുഃഖിക്കുന്നവർക്ക് ബൈബിൾ സന്ദേശം യഥാർഥത്തിൽ ആശ്വാസദായകമാണ്. (മത്താ. 5:4) നന്മ ചെയ്യാനും നമുക്കുള്ളത് പങ്കുവെക്കാനും പ്രാപ്തിയുള്ളപ്പോൾ നമുക്ക് അപ്രകാരം ചെയ്യാം.—സദൃ. 3:27.