മറ്റുള്ളവരോടു നമുക്കുള്ള ഒരു കടപ്പാട്
1 അപ്പൊസ്തലനായ പൗലൊസിന് ആളുകളോടു പ്രസംഗിക്കാൻ കടപ്പാടു തോന്നി. യഹോവ തന്റെ പുത്രന്റെ അമൂല്യ രക്തത്താൽ സകലതരം മനുഷ്യർക്കും രക്ഷ പ്രാപിക്കാൻ വഴി തുറന്നിരിക്കുന്ന കാര്യം അവന് അറിയാമായിരുന്നു. (1 തിമൊ. 2:3-6) അതുകൊണ്ട്, “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു” എന്ന് അവൻ പ്രസ്താവിച്ചു. സഹമനുഷ്യരോടു സുവാർത്ത പ്രസംഗിച്ചുകൊണ്ട് അവരോടുള്ള തന്റെ കടപ്പാടു നിറവേറ്റാൻ പൗലൊസ് ഉത്സാഹത്തോടെ അക്ഷീണം പ്രയത്നിച്ചു.—റോമ. 1:14, 15.
2 പൗലൊസിനെപ്പോലെ എല്ലാ അവസരങ്ങളിലും അയൽക്കാരോടു സുവാർത്ത പ്രസംഗിക്കാൻ ഇന്നു ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. “വലിയ കഷ്ടം” അഥവാ മഹോപദ്രവം അതിവേഗം അടുത്തുവരവേ, പരമാർഥ ഹൃദയർക്കായുള്ള നമ്മുടെ അന്വേഷണം അടിയന്തിരമായി നിർവഹിക്കേണ്ട ഒന്നാണ്. ഈ ജീവദായക വേല ഉത്സാഹപൂർവം നിവർത്തിക്കാൻ ആളുകളോടുള്ള യഥാർഥ സ്നേഹം നമ്മെ പ്രേരിപ്പിക്കട്ടെ.—മത്താ. 24:21; യെഹെ. 33:8.
3 നമ്മുടെ കടപ്പാടു നിവർത്തിക്കൽ: നാം ആളുകളുടെ അടുക്കൽ എത്തുന്നത് മുഖ്യമായും വീടുതോറുമുള്ള പ്രസംഗത്തിലൂടെയാണ്. ആളില്ലാഭവനങ്ങൾ ധാരാളമുള്ള പ്രദേശങ്ങൾ പ്രവർത്തിക്കുമ്പോൾ അക്കാര്യം കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത സമയങ്ങളിൽ മടങ്ങിച്ചെല്ലുന്നതിലൂടെ കൂടുതൽ പേരെ കണ്ടുമുട്ടാൻ നമുക്കു കഴിയും. (1 കൊരി. 10:33) വ്യാപാരപ്രദേശങ്ങളിലും തെരുവുകളിലും പാർക്കുകളിലും പാർക്കിങ് സ്ഥലങ്ങളിലും സാക്ഷീകരിക്കുന്നത് ആളുകളുടെ അടുക്കൽ എത്തിച്ചേരാനുള്ള മറ്റു മാർഗങ്ങളാണ്. കൂടാതെ ടെലിഫോണിലൂടെയും സാക്ഷീകരിക്കാവുന്നതാണ്. ‘എല്ലാ സാക്ഷീകരണരീതികളും ഉപയോഗിച്ചുകൊണ്ട് ജീവരക്ഷാകരമായ സന്ദേശം മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടോ?’ എന്ന് നമുക്കു സ്വയം ചോദിക്കാൻ കഴിയും.—മത്താ. 10:11.
4 ഒരു പയനിയർ സഹോദരിക്കു തന്റെ പ്രദേശത്തുള്ള സകലരോടും സുവാർത്ത പ്രസംഗിക്കാൻ കടപ്പാടു തോന്നി. എന്നാൽ ഒരു വീട്ടിൽ ഒരു സമയത്തും ആളുണ്ടായിരുന്നില്ല. അതിന്റെ ജനലുകളെല്ലാം അടഞ്ഞുകിടന്നിരുന്നു. എന്നിരുന്നാലും ഒരു ദിവസം ഈ ആളില്ലാഭവനത്തിന്റെ മുമ്പിൽ ഒരു കാർ കിടക്കുന്നതു സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടു. ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന സമയം അല്ലായിരുന്നിട്ടും അവസരം പാഴാക്കാതെ അവർ ഡോർബെൽ അടിച്ചു. വാതിൽ തുറന്നുവന്ന മനുഷ്യനോടു സഹോദരി സംസാരിച്ചു. അതേത്തുടർന്ന് ഭർത്താവിനോടൊപ്പം പല പ്രാവശ്യം അവർ അദ്ദേഹത്തെ സന്ദർശിച്ചു, അധികം താമസിയാതെ ഒരു ബൈബിളധ്യയനവും ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം സ്നാപനമേറ്റ ഒരു സഹോദരനാണ്. മറ്റുള്ളവരോടു പ്രസംഗിക്കാൻ ഈ സഹോദരിക്കു കടപ്പാടു തോന്നിയതിൽ അദ്ദേഹം നന്ദിയുള്ളവനാണ്.
5 ശേഷിച്ചിരിക്കുന്ന സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുന്നതിനാൽ, പ്രസംഗവേലയിൽ അങ്ങേയറ്റം തീക്ഷ്ണതയോടെ ഏർപ്പെട്ടുകൊണ്ട് സഹമനുഷ്യരോടുള്ള നമ്മുടെ കടപ്പാടു നിവർത്തിക്കാനുള്ള സമയം ഇപ്പോഴാണ്.—2 കൊരി. 6:1, 2.