ശുശ്രൂഷയിൽ പുരോഗമിക്കാൻ മക്കളെ സഹായിക്കുക
1 ഇളംപ്രായത്തിൽത്തന്നെ മക്കളെ ശുശ്രൂഷയിൽ പരിശീലിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് ക്രിസ്തീയ മാതാപിതാക്കൾ. ഇതു പല വിധങ്ങളിൽ നിർവഹിക്കാൻ കഴിയും. വായിക്കാൻ പഠിക്കുന്നതിനുമുമ്പുപോലും എളുപ്പമുള്ള ഒരു ബൈബിൾ വാക്യം മനഃപാഠം പറയാൻ ചില കുട്ടികൾ പ്രാപ്തരാണ്. കേൾവിക്കാരിൽ ശക്തമായ പ്രഭാവം ചെലുത്താൻ അതിനു കഴിയും. വളർന്നുവരവേ, ശുശ്രൂഷയിൽ കൂടുതലായി ഉൾപ്പെടാനും കുട്ടികൾക്കു സാധിക്കും. സാക്ഷ്യം കൊടുക്കുന്നതിൽ പങ്കെടുക്കാൻ മക്കളെ സഹായിക്കുന്നതിന് മാതാപിതാക്കളായ നിങ്ങൾക്ക് എങ്ങനെ കഴിയും? പിൻവരുന്ന നിർദേശങ്ങൾ സഹായകം ആയിരുന്നേക്കാം.
2 അഭിവാദനത്തിനുശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “എന്റെ മകൻ, [പേര്], അർഥവത്തായ ഒരു തിരുവെഴുത്ത് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.” അപ്പോൾ കുട്ടി ഇങ്ങനെ പറയുന്നു: “സങ്കീർത്തനങ്ങളിലെ ഈ തിരുവെഴുത്ത് ദൈവത്തിന്റെ പേരു മനസ്സിലാക്കാൻ എന്നെ സഹായിച്ചു. [എന്നിട്ട് സങ്കീർത്തനം 83:18 വായിക്കുകയോ മനഃപാഠം പറയുകയോ ചെയ്യുന്നു.] യഹോവയാം ദൈവം നമുക്കുവേണ്ടി എന്തു ചെയ്യുമെന്ന് ഈ മാസികകൾ പറയുന്നു. ഇവ വായിക്കാൻ ഇഷ്ടമാണോ?” ലോകവ്യാപക വേല പിന്തുണയ്ക്കപ്പെടുന്നത് എങ്ങനെയെന്നു പറഞ്ഞുകൊണ്ട് നിങ്ങൾക്കു സംഭാഷണം ഉപസംഹരിക്കാവുന്നതാണ്.
3 അല്ലെങ്കിൽ ഈ സമീപനം പരീക്ഷിക്കാവുന്നതാണ്:
◼ “നമസ്കാരം. സമൂഹത്തിലെ മറ്റാളുകളോടു പരിഗണന കാണിക്കാൻ എന്റെ മകളെ [പേരു പറയുക] ഞാൻ പരിശീലിപ്പിക്കുകയാണ്. ഒരു ചെറിയ ബൈബിൾസന്ദേശം താങ്കളെ അറിയിക്കാൻ അവൾ ആഗ്രഹിക്കുന്നു.” അപ്പോൾ കുട്ടിക്ക് ഇങ്ങനെ പറയാവുന്നതാണ്: “മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു വിധം ഭാവി സംബന്ധിച്ചു ബൈബിൾ നൽകുന്ന പ്രത്യാശയെക്കുറിച്ച് അവരോടു സംസാരിക്കുക എന്നതാണ്. [തുടർന്ന് വെളിപ്പാടു 21:4, 5എ വായിക്കുകയോ മനഃപാഠം പറയുകയോ ചെയ്യുന്നു.] ദൈവരാജ്യത്തിൽ നമുക്കു ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈ മാസികകളിൽ പറയുന്നുണ്ട്. ഇവ വായിക്കുന്നത് ഇഷ്ടമായിരിക്കുമെന്നു ഞാൻ കരുതുന്നു.”
4 എപ്പോഴും ലളിതമായ അവതരണം ഉപയോഗിക്കുന്നത് രാജ്യദൂതു പ്രസംഗിക്കുന്നതിൽ ആത്മവിശ്വാസം നേടാൻ കുട്ടികളെ സഹായിക്കും. വേണ്ടത്ര ശബ്ദത്തിലും വ്യക്തമായും സംസാരിക്കുന്നതിനു ശ്രദ്ധകൊടുത്തുകൊണ്ടുള്ള പരിശീലനങ്ങൾ, വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രസംഗിക്കാൻ അവരെ പ്രാപ്തരാക്കും. മുൻകൂട്ടിയുള്ള നല്ല തയ്യാറാകലും ആത്മാർഥമായ അഭിനന്ദനങ്ങളും തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ കുട്ടികളെ സഹായിക്കും.
5 ഇത്തരം പ്രോത്സാഹനത്തിന്റെ ഫലമായി അനേകം കുട്ടികളും സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി യോഗ്യത നേടിയിരിക്കുന്നു. നമ്മുടെ മക്കൾ ക്രിസ്തീയ ശുശ്രൂഷയിൽ പുരോഗമിക്കുന്നതു കാണുന്നത് എന്തൊരു സന്തോഷമാണ്!—സങ്കീ. 148:12, 13.