പാഠം 49
ഈടുറ്റ വാദമുഖങ്ങൾ നിരത്തൽ
നിങ്ങൾ ഒരു കാര്യം ഉറപ്പിച്ചു പറയുമ്പോൾ “അത് എന്തുകൊണ്ടാണു സത്യമായിരിക്കുന്നത്? അത് അംഗീകരിക്കാൻ എന്തു തെളിവാണുള്ളത്?” എന്നു ചോദിക്കാനുള്ള അവകാശം ന്യായമായും നിങ്ങളുടെ കേൾവിക്കാർക്കുണ്ട്. പഠിപ്പിക്കുന്ന വ്യക്തി എന്ന നിലയിൽ, ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ ഉത്തരം കണ്ടെത്താൻ കേൾവിക്കാരെ സഹായിക്കാനോ ഉള്ള കടപ്പാട് നിങ്ങൾക്കുണ്ട്. നിങ്ങൾ പറഞ്ഞ കാര്യം നിങ്ങളുടെ വാദത്തിന് നിർണായകമാണെങ്കിൽ അതു സ്വീകരിക്കാനുള്ള ശക്തമായ കാരണങ്ങൾ കേൾവിക്കാർക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇത് ബോധ്യം വരുത്തുമാറ് പ്രേരണാത്മകമായി വിവരങ്ങൾ അവതരിപ്പിക്കാൻ നിങ്ങളെ സഹായിക്കും.
അപ്പൊസ്‌തലനായ പൗലൊസ് ഈ രീതി ഉപയോഗിച്ചു. ഈടുറ്റ വാദമുഖം, യുക്തിസഹമായ ന്യായവാദം, ആത്മാർഥമായ അഭ്യർഥന എന്നിവ ഉപയോഗിച്ച് അവൻ ശ്രോതാക്കളുടെ മനസ്സിനു മാറ്റം വരുത്താൻ ശ്രമിച്ചു. അവൻ നമുക്ക് ഒരു മികച്ച മാതൃക വെച്ചു. (പ്രവൃ. 18:4; 19:8; NW) തീർച്ചയായും, വാക്‌ചാതുര്യമുള്ള ചില പൊതുപ്രസംഗകർ ആളുകളെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചുകൊണ്ട് പ്രേരണാത്മകമായി സംസാരിക്കാറുണ്ട്. (മത്താ. 27:20; പ്രവൃ. 14:19; പി.ഒ.സി. ബൈ.; കൊലൊ. 2:4, NW) അവർ ഒരു തെറ്റായ അനുമാനത്തിൽനിന്നു തുടങ്ങുകയോ പക്ഷപാതപരമായ ചായ്‌വുള്ള ഉറവിടങ്ങളെ ആശ്രയിക്കുകയോ കാമ്പില്ലാത്ത വാദമുഖങ്ങൾ ഉപയോഗിക്കുകയോ തങ്ങളുടെ വീക്ഷണവുമായി യോജിക്കാത്ത വസ്‌തുതകൾ സൗകര്യപൂർവം അവഗണിക്കുകയോ യുക്തിയെക്കാളേറെ വികാരങ്ങളെ ഉണർത്താൻ പോന്ന വിധത്തിൽ സംസാരിക്കുകയോ ചെയ്‌തേക്കാം. അത്തരം മാർഗങ്ങളെല്ലാം ഒഴിവാക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം.
ദൈവവചനത്തിൽ അടിയുറച്ചത്. നമ്മൾ സ്വന്തം ആശയങ്ങൾ പഠിപ്പിക്കാൻ പാടില്ല. ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനാണു നാം ശ്രമിക്കേണ്ടത്. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഇക്കാര്യത്തിൽ നമുക്കു വലിയ സഹായമായിരുന്നിട്ടുണ്ട്. തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ ഈ പ്രസിദ്ധീകരണങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. തുടർന്ന് നമ്മൾ മറ്റുള്ളവരെ ബൈബിളിലേക്കു നയിക്കുന്നു. നമ്മുടെ പക്ഷം ശരിയാണെന്നു തെളിയിക്കുക എന്ന ലക്ഷ്യത്തോടെയല്ല നാം ഇതു ചെയ്യുന്നത്, പകരം ബൈബിൾ പറയുന്നതു നേരിട്ടു കാണാൻ മറ്റുള്ളവരെ അനുവദിക്കാനുള്ള എളിയ ആഗ്രഹത്തോടെയാണ്. പിതാവിനോടുള്ള പ്രാർഥനയിൽ “നിന്റെ വചനം സത്യം ആകുന്നു” എന്നു പറഞ്ഞ യേശുക്രിസ്‌തുവിനോടു നാം യോജിക്കുന്നു. (യോഹ. 17:17) സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയാം ദൈവത്തെക്കാൾ ആധികാരികമായി സംസാരിക്കാൻ കഴിയുന്ന മറ്റാരുമില്ല. നമ്മുടെ വാദമുഖങ്ങൾ ഈടുറ്റവയാണോ എന്നത് അവ യഹോവയുടെ വചനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ബൈബിളുമായി പരിചിതരല്ലാത്തവരോ അതിനെ ദൈവവചനമായി അംഗീകരിക്കാത്തവരോ ആയ ആളുകളെ ചിലപ്പോൾ നിങ്ങൾ കണ്ടുമുട്ടിയേക്കാം. ബൈബിൾ വാക്യങ്ങളിലേക്ക് എപ്പോൾ, എങ്ങനെ ശ്രദ്ധ ക്ഷണിക്കണം എന്ന കാര്യത്തിൽ നിങ്ങൾ നല്ല ന്യായബോധം പ്രകടമാക്കണം. എങ്കിലും, വിവരങ്ങളുടെ ആ ആധികാരിക ഉറവിലേക്ക് എത്രയും പെട്ടെന്ന് അവരുടെ ശ്രദ്ധ ക്ഷണിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്.
പ്രസക്തമായ ഒരു തിരുവെഴുത്ത് കേവലം ഉദ്ധരിച്ചതുകൊണ്ട് അതു ഖണ്ഡിക്കാനാവാത്ത ഒരു വാദമുഖമാകുമെന്നു നിഗമനം ചെയ്യണമോ? അവശ്യം അങ്ങനെ നിഗമനം ചെയ്യേണ്ടതില്ല. നിങ്ങൾ പറയുന്നതിനെ തിരുവെഴുത്ത് തീർച്ചയായും പിന്താങ്ങുന്നു എന്നു കാണിക്കുന്നതിന് നിങ്ങൾ അതിന്റെ സന്ദർഭത്തിലേക്കു ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഒരു തിരുവെഴുത്തിൽനിന്ന് ഒരു തത്ത്വം മാത്രം എടുത്തുകാണിക്കുകയും അതിന്റെ സന്ദർഭം ആ വിഷയത്തെ കുറിച്ച് യാതൊന്നും ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നെങ്കിൽ കൂടുതൽ തെളിവ് ആവശ്യമായിവന്നേക്കാം. നിങ്ങൾ പറയുന്നത് ശരിക്കും തിരുവെഴുത്തുകളിൽ അടിയുറച്ചതാണ് എന്നു സദസ്സിനെ ബോധ്യപ്പെടുത്താൻ ആ വിഷയവുമായി ബന്ധപ്പെട്ട മറ്റു തിരുവെഴുത്തുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം.
ഒരു തിരുവെഴുത്തു തെളിയിക്കുന്ന കാര്യം അതിശയോക്തിയോടെ പ്രസ്‌താവിക്കാതിരിക്കുക. ശ്രദ്ധാപൂർവം അതു വായിക്കുക. ആ വാക്യം നിങ്ങൾ ചർച്ച ചെയ്യുന്ന പൊതു വിഷയത്തെ കുറിച്ചുള്ളതായിരിക്കാം. എങ്കിലും നിങ്ങളുടെ വാദമുഖം ബോധ്യം വരുത്തുന്നത് ആയിരിക്കണമെങ്കിൽ, നിങ്ങൾ പറയുന്ന കാര്യത്തെ ആ വാക്യം തെളിയിക്കുന്നതായി ശ്രോതാവിനു കാണാൻ കഴിയണം.
അനുബന്ധ തെളിവുകളാൽ പിന്താങ്ങപ്പെട്ടത്. ചില സന്ദർഭങ്ങളിൽ, തിരുവെഴുത്തുകളുടെ ന്യായയുക്തത മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന്, ബൈബിളിനു വെളിയിലെ ആശ്രയയോഗ്യമായ ഒരു ഉറവിടത്തിൽ നിന്നുള്ള തെളിവുകൾ ഉപകരിച്ചേക്കാം.
ഉദാഹരണത്തിന്, നിങ്ങൾ ദൃശ്യ പ്രപഞ്ചത്തെ ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ളതിന്റെ തെളിവായി ചൂണ്ടിക്കാണിച്ചേക്കാം. ഗുരുത്വാകർഷണം പോലുള്ള പ്രകൃതി നിയമങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചിട്ട് അത്തരം നിയമങ്ങൾ ഉണ്ട് എന്ന വസ്‌തുത അവ നിർമിക്കാൻ ഒരു നിയമനിർമാതാവ് ആവശ്യമായിരുന്നു എന്നു സൂചിപ്പിക്കുന്നതായി നിങ്ങൾ ന്യായവാദം ചെയ്‌തേക്കാം. നിങ്ങളുടെ യുക്തി ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നതിനു ചേർച്ചയിലാണെങ്കിൽ അത് ഈടുറ്റതായിരിക്കും. (ഇയ്യോ. 38:31-33; സങ്കീ. 19:1; 104:24; റോമ. 1:20) അത്തരം തെളിവുകൾ സഹായകമാണ്. കാരണം ബൈബിൾ പറയുന്നത്, നിരീക്ഷിക്കാൻ കഴിയുന്ന വസ്‌തുതകളുമായി ചേർച്ചയിലാണെന്ന് അവ പ്രകടമാക്കുന്നു.
ബൈബിൾ സാക്ഷാൽ ദൈവവചനമാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണോ നിങ്ങൾ? ബൈബിൾ ദൈവവചനമാണെന്നു പറയുന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ നിങ്ങൾ ഉദ്ധരിച്ചേക്കാം. എന്നാൽ അത് അതിനുള്ള തെളിവാകുമോ? അത്തരം ഉദ്ധരണികൾ ആ പണ്ഡിതന്മാരെ ആദരിക്കുന്നവർക്കു മാത്രമേ സഹായകമാകൂ. ബൈബിൾ സത്യമാണെന്നു തെളിയിക്കാൻ നിങ്ങൾക്കു ശാസ്‌ത്രത്തെ ഉപയോഗിക്കാൻ കഴിയുമോ? ആധികാരിക ഉറവായി നിങ്ങൾ അപൂർണ ശാസ്‌ത്രജ്ഞരുടെ അഭിപ്രായങ്ങളെ ഉപയോഗിക്കുന്ന പക്ഷം, ഇളക്കമുള്ള ഒരു അടിസ്ഥാനത്തിന്മേൽ ആയിരിക്കും നിങ്ങൾ പണിയുക. നേരെ മറിച്ച്, നിങ്ങൾ ദൈവവചനത്തിൽനിന്നു തുടങ്ങുകയും തുടർന്ന് ബൈബിളിന്റെ കൃത്യത എടുത്തുകാട്ടുന്ന ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങളിലേക്കു വിരൽചൂണ്ടുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ വാദമുഖങ്ങൾ ഒരു ഈടുറ്റ അടിസ്ഥാനത്തിൽ ഉറച്ചതായിരിക്കും.
നിങ്ങൾ ഏതു കാര്യം തെളിയിക്കാൻ ശ്രമിച്ചാലും, വേണ്ടത്ര തെളിവുകൾ നിരത്തുക. എത്രമാത്രം തെളിവുകൾ വേണം എന്നത് നിങ്ങളുടെ സദസ്സിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ 2 തിമൊഥെയൊസ് 3:1-5-ൽ വർണിച്ചിരിക്കുന്ന അന്ത്യകാലത്തെ കുറിച്ചു ചർച്ച ചെയ്യുകയാണെന്നിരിക്കട്ടെ. ആളുകൾ ‘വാത്സല്യമില്ലാത്തവർ [“സ്വാഭാവിക പ്രിയമില്ലാത്തവർ,” NW]’ ആണെന്നു സൂചിപ്പിക്കുന്ന പരക്കെ അറിയാവുന്ന ഒരു വാർത്താ റിപ്പോർട്ടിലേക്ക് നിങ്ങൾക്കു സദസ്സിന്റെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. അന്ത്യകാലത്തിന്റെ അടയാളത്തിന്റെ ഈ വശം ഇപ്പോൾ നിവൃത്തിയേറുകയാണെന്നു തെളിയിക്കാൻ ആ ഒരു ഉദാഹരണം മതിയായേക്കാം.
പ്രധാന ഘടകങ്ങളിൽ സാമ്യമുള്ള രണ്ടു കാര്യങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തുന്നത് (Analogy) പലപ്പോഴും സഹായകമായിരുന്നേക്കാം. അത്തരം താരതമ്യപ്പെടുത്തൽ അതിൽത്തന്നെ ഒരു കാര്യത്തെ സ്ഥാപിക്കുന്നില്ല. ബൈബിൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്. എന്നാൽ അത്തരം താരതമ്യപ്പെടുത്തൽ ഒരു ആശയത്തിന്റെ ന്യായയുക്തത കാണാൻ ഒരു വ്യക്തിയെ സഹായിച്ചേക്കാം. ഉദാഹരണത്തിന്, ദൈവരാജ്യം ഒരു ഗവൺമെന്റ് ആണെന്നു വിശദീകരിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു താരതമ്യപ്പെടുത്തൽ ഉപയോഗിക്കാവുന്നതാണ്. മാനുഷ ഗവൺമെന്റുകളെ പോലെതന്നെ ദൈവരാജ്യത്തിനും ഭരണാധികാരികൾ, പ്രജകൾ, നിയമങ്ങൾ, നീതിന്യായ വ്യവസ്ഥ, വിദ്യാഭ്യാസ സംവിധാനം എന്നിവയൊക്കെ ഉണ്ടെന്നു ചൂണ്ടിക്കാണിക്കാവുന്നതാണ്.
ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുന്നത് എത്ര ജ്ഞാനപൂർവകമാണെന്നു കാണിച്ചുകൊടുക്കാൻ യഥാർഥ ജീവിത അനുഭവങ്ങൾ പലപ്പോഴും ഉപയോഗിക്കാൻ കഴിയും. നടത്തുന്ന പ്രസ്‌താവനകളെ പിന്താങ്ങാൻ വ്യക്തിപരമായ അനുഭവങ്ങളും ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ബൈബിൾ വായനയുടെയും പഠനത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഒരു വ്യക്തിയോടു പറയുമ്പോൾ, ബൈബിൾ വായനയും പഠനവും നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കു വിശദീകരിക്കാവുന്നതാണ്. തന്റെ സഹോദരങ്ങൾക്കു പ്രോത്സാഹനം പകരാൻ, അപ്പൊസ്‌തലനായ പത്രൊസ് താൻതന്നെ ഒരു ദൃക്‌സാക്ഷി ആയിരുന്ന യേശുവിന്റെ രൂപാന്തരീകരണത്തെ കുറിച്ചു പരാമർശിക്കുകയുണ്ടായി. (2 പത്രൊ. 1:16-18) പൗലൊസും സ്വന്തം അനുഭവങ്ങളെ കുറിച്ചു പറഞ്ഞു. (2 കൊരി. 1:8-10; 12:7-9) എങ്കിലും, നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പരിമിതമായേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം നിങ്ങൾ നിങ്ങളിലേക്കു തന്നെ അനാവശ്യമായി ശ്രദ്ധ ക്ഷണിക്കുകയായിരിക്കും ചെയ്യുക.
ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഒരു വ്യക്തിക്കു ബോധ്യം വരുത്തുന്ന തെളിവുകൾ മറ്റൊരു വ്യക്തിക്കു തൃപ്‌തികരം ആയിരിക്കണമെന്നില്ല. അതുകൊണ്ട് നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന വാദമുഖങ്ങൾ ഏതെല്ലാമാണെന്നും അവ എങ്ങനെ അവതരിപ്പിക്കുമെന്നും തീരുമാനിക്കുന്ന സമയത്ത് ശ്രോതാക്കളുടെ വീക്ഷണങ്ങൾ കണക്കിലെടുക്കുക. സദൃശവാക്യങ്ങൾ 16:23 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ [“പ്രേരകശക്തി,” പി.ഒ.സി. ബൈ.] വർദ്ധിപ്പിക്കുന്നു.”