സുവാർത്തയുടെ ഘോഷകരാകാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
1 മത്തായി 28:19, 20-ൽ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ നിയമനം വിപുലവ്യാപകമായ ഒരു പ്രവർത്തനത്തിനു തുടക്കംകുറിച്ചു. കൂടുതൽ ശിഷ്യരെ ഉളവാക്കാൻ ആ ക്രിസ്തുശിഷ്യർക്കു നിർദേശം ലഭിച്ചു, പുതുതായി എത്തുന്നവരും അതുതന്നെ ചെയ്യുമായിരുന്നു. നാം ജീവിക്കുന്ന നിർണായകമായ ഈ അന്ത്യനാളുകളിൽ ലോകവ്യാപകമായി നിർവഹിക്കപ്പെടുന്ന അന്തിമമായ രാജ്യസുവാർത്താ പ്രസംഗത്തിന് അത് അടിസ്ഥാനമിട്ടു.—മത്താ. 24:14.
2 സ്വന്തം മക്കളോ ബൈബിൾ പഠിക്കാൻ മനസ്സൊരുക്കമുള്ള മറ്റുള്ളവരോ ആയിരിക്കാം നമ്മുടെ ബൈബിൾവിദ്യാർഥികൾ. യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ മറ്റുള്ളവരെ സഹായിക്കുകയെന്ന ഉത്തരവാദിത്വം കയ്യേൽക്കുന്നതിന് അവരെ ഓരോരുത്തരെയും സഹായിക്കാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നു.—ലൂക്കൊ. 6:40.
3 സാക്ഷ്യംനൽകാൻ സജ്ജരാക്കുക: രസകരമായ വയൽസേവന അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെക്കുക. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. കഴിവുപോലെ ശുശ്രൂഷയിൽ അർഥവത്തായി പങ്കുപറ്റാൻ ചെറുപ്പംമുതലേ മക്കളെ പരിശീലിപ്പിക്കുക. (സങ്കീ. 148:12, 13) വാക്കാലും മാതൃകയാലും ശുശ്രൂഷയോടുള്ള നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കുക.—1 തിമൊ. 1:12.
4 തന്റെ നീതിയുള്ള നിലവാരങ്ങൾ അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുന്നവരെ മാത്രമേ യഹോവ ഉപയോഗിക്കുന്നുള്ളൂ. സമർപ്പിതരും സ്നാനമേറ്റവരും അനുഭവസമ്പന്നരുമായ ശുശ്രൂഷകർക്കുള്ളത്ര അറിവ് പുതിയ പ്രസാധകർക്കില്ല എന്നതു സത്യംതന്നെ. എന്നാൽ അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളിൽ അവർക്കു വിശ്വാസമുണ്ടായിരിക്കണം, മറ്റുള്ളവർക്ക് അവ വിശദീകരിച്ചുകൊടുക്കാൻ അവർ പ്രാപ്തരുമായിരിക്കണം. (സംഘടിതർ, പേ. 79-82 കാണുക.) ‘മഹാബാബിലോണിൽനിന്നും’ രാഷ്ട്രീയ കാര്യാദികളിൽനിന്നും പൂർണമായി വേർപെട്ടിരിക്കുന്നവരും ക്രമമായി സഭായോഗങ്ങളിൽ സംബന്ധിക്കുന്നവരും ആയിരിക്കണം അവർ.—വെളി. 18:2, 4; യോഹ. 17:16; എബ്രാ. 10:24, 25.
5 സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകനാകാൻ ഒരു ബൈബിൾവിദ്യാർഥിക്കു യോഗ്യതയുള്ളതായി നിങ്ങൾക്കു തോന്നുന്നപക്ഷം ഉടൻതന്നെ അക്കാര്യം അധ്യക്ഷമേൽവിചാരകനെ അറിയിക്കുക. രണ്ടു മൂപ്പന്മാർ നിങ്ങളിരുവരുമായി സംസാരിക്കാൻ അദ്ദേഹം ക്രമീകരിക്കും. സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകൻ എന്നനിലയിൽ സഭയോടൊപ്പം ഒരു രാജ്യഘോഷകനായി സേവിക്കാൻ വിദ്യാർഥിക്കു യോഗ്യതയുണ്ടോയെന്നു കണ്ടെത്തുന്നതിനാണിത്. തുടർന്ന് വിദ്യാർഥിയോടൊപ്പം വയൽസേവനത്തിനു പോകാനും അദ്ദേഹത്തെ കൂടുതലായി പരിശീലിപ്പിക്കാനുമുള്ള അവസരവും നിങ്ങൾക്കുണ്ട്.