‘നിങ്ങളുടെ വാക്ക് എപ്പോഴും ഉപ്പിനാൽ രുചിവരുത്തിയത് ആയിരിക്കട്ടെ’
1. ‘നമ്മുടെ വാക്ക് ഉപ്പിനാൽ രുചിവരുത്തിയതായിരിക്കണം’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
1 “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊ. 4:6) ശരിയായ വാക്കുകൾ ഉപയോഗിച്ച്, കേൾവിക്കാരന് അസ്വസ്ഥത ഉളവാക്കാതെ, ഹൃദ്യമായി സംസാരിക്കുന്നതാണ് ഉപ്പിനാൽ രുചിവരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുശ്രൂഷയിൽ ഇത് വളരെ പ്രധാനമാണ്.
2. ഒരു ശമര്യസ്ത്രീയോടു സാക്ഷീകരിക്കാൻ യേശുവിനു സാധിച്ചതെങ്ങനെ?
2 യേശുവിന്റെ മാതൃക: ഒരു കിണറ്റിൻകരയിൽ വിശ്രമിച്ചുകൊണ്ടിരിക്കെ, വെള്ളം കോരാൻ വന്ന ഒരു ശമര്യക്കാരിയോടു സംസാരിക്കാൻ യേശു മുൻകയ്യെടുത്തു. സംഭാഷണത്തിനിടെ പലതവണ അവൾ, യഹൂദന്മാർക്കും ശമര്യർക്കും ഇടയിൽ കാലങ്ങളായി നിലനിന്നിരുന്ന ശത്രുതയെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. ശമര്യക്കാർ യാക്കോബിന്റെ പിൻഗാമികളാണെന്ന തന്റെ വിശ്വാസത്തെക്കുറിച്ചും അവൾ പറഞ്ഞു—അവർ വിജാതീയരുടെ പിൻമുറക്കാരാണെന്നാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നതെങ്കിലും. ആ സ്ത്രീയുടെ വാക്കുകൾ ഖണ്ഡിക്കാൻ മുതിരുന്നതിനുപകരം സംഭാഷണം ഹൃദ്യമാക്കിനിറുത്താൻ യേശു ശ്രദ്ധിച്ചു. ഫലമോ? ആ സ്ത്രീയും പട്ടണത്തിലെ മറ്റുചിലരും വിശ്വസിക്കാൻ ഇടയാകുംവിധം ഒരു സാക്ഷ്യം നൽകാൻ യേശുവിനു സാധിച്ചു.—യോഹ. 4:7-15, 39.
3. ശുശ്രൂഷയിൽ നമുക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാനാകും?
3 പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ, “നന്മ സുവിശേഷിക്കു”കയെന്നതാണ് നമ്മുടെ ഉദ്ദേശ്യം എന്നതു നാം മനസ്സിൽപ്പിടിക്കണം. (റോമ. 10:15) വീട്ടുകാരന് ആകർഷകവും പ്രോത്സാഹജനകവുമായ ഒരു ആശയം ബൈബിളിൽനിന്നു കാണിച്ചുകൊടുക്കാനാണു നാം ശ്രമിക്കേണ്ടത്; അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ കുറ്റംവിധിക്കാൻ ശ്രമിക്കുകയാണു നാം എന്ന പ്രതീതി ഉളവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടുകാരന്റെ വീക്ഷണഗതി തെറ്റാണെങ്കിൽ അതിൽക്കയറിപ്പിടിക്കേണ്ട ആവശ്യമില്ല. നമുക്കു യോജിക്കാനാകുന്ന എന്തെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടോ? അല്ലെങ്കിൽ അദ്ദേഹത്തെ അനുമോദിക്കാൻ വക നൽകുന്ന എന്തെങ്കിലും? ഒരുപക്ഷേ, “ഇങ്ങനെയൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചുനോക്കിയിട്ടുണ്ടോ?” എന്നു ചോദിച്ചുകൊണ്ട് ഒരു തിരുവെഴുത്തിലേക്ക് വീട്ടുകാരന്റെ ശ്രദ്ധ തിരിക്കാനായേക്കും.
4. വീട്ടുകാരൻ അപമര്യാദയായി സംസാരിക്കുന്നെങ്കിൽ എന്തു ചെയ്യണം?
4 വീട്ടുകാരൻ അപമര്യാദയായി സംസാരിക്കുകയോ തർക്കിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നെങ്കിലോ? അപ്പോഴും ശാന്തതയും മാന്യതയും കൈവിടാതിരിക്കാൻ ശ്രദ്ധിക്കണം, വാക്കിലും പെരുമാറ്റത്തിലും. (2 തിമൊ. 2:24-26) രാജ്യസന്ദേശത്തിൽ വീട്ടുകാരനു താത്പര്യമില്ലെങ്കിൽ നയപൂർവം അവിടംവിടുന്നതാണു ബുദ്ധി.—മത്താ. 7:6; 10:11-14.
5. ഒരു സഹോദരിയുടെ ഹൃദ്യമായ മറുപടിക്ക് എന്തു ഫലമുണ്ടായി?
5 നല്ല ഫലങ്ങൾ: അയൽക്കാരിയോടു സാക്ഷീകരിക്കാൻ ശ്രമിക്കുകയായിരുന്നു നമ്മുടെ ഒരു സഹോദരി. ദേഷ്യം അടക്കാനാവാതെ ആ സ്ത്രീ ഒച്ചവെക്കാനും അസഭ്യം പറയാനും തുടങ്ങി. ശാന്തത കൈവിടാതെതന്നെ സഹോദരി പറഞ്ഞു: “നിങ്ങൾക്ക് ഇങ്ങനെ തോന്നിയതിൽ എനിക്കു വിഷമമുണ്ട്. ശരി, വരട്ടെ!” രണ്ടാഴ്ചയ്ക്കുശേഷം വാതിൽക്കൽ ആരോ മുട്ടുന്നതു കേട്ട് വാതിൽ തുറന്ന സഹോദരി കണ്ടത് തന്റെ പെരുമാറ്റത്തിനു ക്ഷമ പറയാൻ കാത്തുനിൽക്കുന്ന ആ സ്ത്രീയെയാണ്. സഹോദരിക്കു പറയാനുള്ളതു കേൾക്കാനും അവർ മനസ്സു കാണിച്ചു. ദയാപുരസ്സരമായ ഒരു മറുപടി മിക്കപ്പോഴും നല്ല ഫലങ്ങൾ ഉളവാക്കും!—സദൃ. 15:1; 25:15.
6. ശുശ്രൂഷയിൽ, ഉപ്പിനാൽ രുചിവരുത്തിയ വാക്കുകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 സുവാർത്ത പങ്കുവെക്കുമ്പോൾ ഉപ്പിനാൽ രുചിവരുത്തിയ വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഇപ്പോൾ ശ്രദ്ധിക്കാൻ മനസ്സു കാണിക്കാത്ത വീട്ടുകാരൻപോലും നാളെയൊരിക്കൽ തന്റെ വീട്ടിൽ വരുന്ന സാക്ഷികളെ ശ്രദ്ധിക്കില്ലെന്ന് ആരുകണ്ടു?