യോഗ്യരായവരെ കണ്ടെത്തുക
1 കഴിഞ്ഞലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം, രാജ്യസന്ദേശത്തോടുള്ള ഈ രാജ്യത്തെ ആളുകളുടെ മനോഭാവത്തിലെ മാറ്റം സംബന്ധിച്ച് നമ്മെ ജാഗരൂകരാക്കുകയും അത്തരം മാറ്റങ്ങളോടു പൊരുത്തപ്പെടാൻ സഹായകമായ തിരുവെഴുത്തു തത്ത്വങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ പ്രദേശത്ത് അത്തരം മാറ്റം കാണുന്നുണ്ടോ? നാം നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ് നമ്മെ എതിർക്കുന്ന അനേകരും ചിന്തിക്കുന്നത്. ക്രൈസ്തവലോകത്തിലെ സുവിശേഷ പ്രസംഗകരെപ്പോലെയാണ് അവർ നമ്മെ വീക്ഷിക്കുന്നത്. കൂട്ടംചേർന്നുള്ള ആക്രമണങ്ങൾക്കും അറസ്റ്റുകൾക്കും ഇതു വഴിവെച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനോ കഴിവതും കുറയ്ക്കാനോ നമുക്കെങ്ങനെ കഴിയും? സമീപനത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തുക എന്നതാണ് ഒരു മാർഗം.
2 ക്ഷണിക്കപ്പെടാത്ത സന്ദർശകരാണു നാം. അതുകൊണ്ട് വീടുതോറുമുള്ള വേലയോ കടകൾ തോറുമുള്ള സാക്ഷീകരണമോ അനൗപചാരിക സാക്ഷീകരണമോ ഏതായാലും, ശ്രോതാവിന് നമ്മുടെ സന്ദേശത്തിൽ താത്പര്യമുണ്ടോയെന്നും അയാൾ അക്രമാസക്തനാകാനോ ആളുകളെ വിളിച്ചുകൂട്ടാനോ സാധ്യതയുണ്ടോയെന്നും ആദ്യംതന്നെ ഉറപ്പുവരുത്തണം. ഇതു വളരെ പ്രധാനമാണ്, പ്രത്യേകിച്ചും വ്യാപകമായി എതിർപ്പുനേരിടുന്ന ഒരു പ്രദേശമാണു നിങ്ങളുടേതെങ്കിൽ. അനാവശ്യമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ അതു സഹായിക്കും, ദൈവവചനം പ്രോത്സാഹിപ്പിക്കുന്നതും അതിനുതന്നെയാണ്.—ലൂക്കൊ. 10:5, 6.
3 ആത്മീയ സഹായം ആവശ്യമുള്ളവരെ നമുക്കെങ്ങനെ തിരിച്ചറിയാം? സംഭാഷണത്തിനായി ഒരു വിഷയമോ ചോദ്യമോ അവതരിപ്പിച്ചശേഷം പ്രതികരണം ശ്രദ്ധിക്കുക. ബൈബിളിലേക്കോ പ്രസിദ്ധീകരണങ്ങളിലേക്കോ ശ്രദ്ധക്ഷണിക്കാതെ അൽപ്പനേരത്തേക്കു സംഭാഷണം തുടരുക. വീട്ടുകാരൻ എങ്ങനെയുള്ള ആളാണെന്നു കണ്ടുപിടിക്കാൻ, നാം ക്രിസ്ത്യാനികളാണെന്ന് ആദ്യംതന്നെ പറയേണ്ടതില്ല. അല്ലാതെതന്നെ മിക്കപ്പോഴും അതിനു കഴിയും. സംഭാഷണം തുടരാൻ ഇഷ്ടമാണോയെന്ന് ഇടയ്ക്ക് അദ്ദേഹത്തോടു ചോദിക്കുന്നത് ഉചിതമായിരുന്നേക്കാം. താത്പര്യമില്ലെന്നു തോന്നുകയോ വീട്ടുകാരൻ അങ്ങനെ പറയുകയോ ചെയ്യുന്നപക്ഷം നാം പിന്നെയും സംസാരിച്ചിരിക്കരുത്. (മത്താ. 7:6) നന്ദിപറഞ്ഞുകൊണ്ട് സൗഹാർദപൂർവം പെട്ടെന്നുതന്നെ പോരുന്നതാണു നല്ലത്.
4 ശുശ്രൂഷയിലെ നമ്മുടെ സമീപനത്തിലുള്ള ഈ മാറ്റം നമ്മുടെ രാജ്യ ശുശ്രൂഷയിലെ മാതൃകാവതരണങ്ങളിൽ പ്രതിഫലിക്കുന്നതായിരിക്കും. ഓരോ പ്രദേശത്തുമുള്ള എതിർപ്പിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, സമീപനത്തിലെ ഈ പൊരുത്തപ്പെടുത്തൽ എത്രത്തോളം ആവശ്യമാണെന്നറിയാൻ മൂപ്പന്മാരുടെ സംഘം സഭയുമായി ചർച്ചനടത്തണം.
5 അപ്പൊസ്തലന്മാരെ ശുശ്രൂഷയ്ക്ക് അയയ്ക്കുന്നതിനു മുമ്പായി യേശു പറഞ്ഞു: “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ.” (മത്താ. 10:11) എല്ലാവരും യോഗ്യരായിരിക്കില്ലെന്ന് അവരുടെ പ്രതികരണം സൂചിപ്പിക്കുമായിരുന്നു. സമാനമായി, ചിലരൊക്കെ നമ്മോടു കയർക്കുന്നു. അത്തരത്തിലുള്ള പ്രതികരണം ഉണ്ടാകുമെന്ന് അറിയാമായിരുന്ന യേശു, മത്തായി 10:12-14-ൽ കാണുന്ന നിർദേശങ്ങൾ നൽകി. ഇതിനു ചേർച്ചയിൽ, സമാധാനപൂർവം ഇറങ്ങിപ്പോരുക. സംഭാഷണം തുടരുന്നത് സാഹചര്യം കൂടുതൽ വഷളാക്കിയേക്കാം. യഹോവ നീതിപൂർവം അവരെ ന്യായംവിധിച്ചുകൊള്ളുമെന്നു നമുക്കുറപ്പുണ്ടായിരിക്കാം.