അധ്യായം മൂന്ന്
ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?
മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?
ദൈവത്തിനെതിരെ ഉന്നയിക്കപ്പെട്ട വെല്ലുവിളി ഏത്?
ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിത്തീരും?
1. ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?
ഭൂമിയെ സംബന്ധിച്ച് അതിമഹത്തായ ഉദ്ദേശ്യമാണ് ദൈവത്തിനുള്ളത്. സന്തോഷവും ആരോഗ്യവും ഉള്ള മനുഷ്യരെക്കൊണ്ടു ഭൂമി നിറയാൻ യഹോവ ആഗ്രഹിക്കുന്നു. ‘ദൈവം ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും നിലത്തുനിന്നു മുളെപ്പിച്ചു’ എന്നു ബൈബിൾ പറയുന്നു. ദൈവം ആദ്യ മനുഷ്യനെയും സ്ത്രീയെയും അതായത്, ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് മനോഹരമായ ആ ഭവനത്തിൽ ആക്കിയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കുവിൻ.’ (ഉല്പത്തി 1:28; 2:8, 9, 15) അതുകൊണ്ട്, മനുഷ്യർ മക്കളെ ജനിപ്പിക്കുകയും ആ ഉദ്യാനത്തിന്റെ അതിർത്തികൾ മുഴുഭൂമിയിലേക്കും വ്യാപിപ്പിക്കുകയും ജീവജാലങ്ങളെ പരിപാലിക്കുകയും ചെയ്യണമെന്നുള്ളത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു.
2. (എ) ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറുമെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) ബൈബിൾ പറയുന്നതനുസരിച്ച്, എങ്ങനെയുള്ള ആളുകളായിരിക്കും എന്നേക്കും ജീവിക്കുന്നത്?
2 മനുഷ്യർ ഭൗമിക പറുദീസയിൽ ജീവിക്കണമെന്ന യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യം എന്നെങ്കിലും നടപ്പാകുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും” എന്നു ദൈവം പ്രഖ്യാപിക്കുന്നു. (യെശയ്യാവു 46:9-11; 55:11) അതേ, ദൈവം എന്ത് ഉദ്ദേശിക്കുന്നുവോ അതു നിവർത്തിക്കുകതന്നെ ചെയ്യും! ‘വ്യർത്ഥമായിട്ടല്ല [ഭൂമിയെ] സൃഷ്ടിച്ചത്, പാർപ്പിന്നത്രേ’ എന്ന് അവൻ പറയുന്നു. (യെശയ്യാവു 45:18) ഭൂമിയിൽ എങ്ങനെയുള്ള ആളുകൾ പാർക്കണമെന്നാണ് യഹോവ ഉദ്ദേശിച്ചത്? അവർ എത്രകാലം ഇവിടെ പാർക്കാൻ അവൻ ആഗ്രഹിച്ചു? ബൈബിൾ ഇങ്ങനെ ഉത്തരം പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5.
3. ഭൂമിയിൽ ഇപ്പോൾ ദുഃഖകരമായ ഏത് അവസ്ഥകളാണുള്ളത്, അത് ഏതെല്ലാം ചോദ്യങ്ങളുയർത്തുന്നു?
3 ഇതുവരെയും അതു സംഭവിച്ചിട്ടില്ലെന്നു വ്യക്തമാണല്ലോ. ഇന്ന് മനുഷ്യർ രോഗികളാകുന്നു, മരിക്കുന്നു, പരസ്പരം പോരാടുകയും കൊല്ലുകയുംപോലും ചെയ്യുന്നു. എവിടെയോ എന്തോ കുഴപ്പം സംഭവിച്ചു. ഭൂമി നാം ഇന്നു കാണുന്നതുപോലെ ആയിരിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല! എന്താണു സംഭവിച്ചത്? ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറിയിട്ടില്ലാത്തത് എന്തുകൊണ്ട്? മനുഷ്യരുടെ ചരിത്രപുസ്തകങ്ങളിലൊന്നും അതിന് ഉത്തരമില്ല. കാരണം, പ്രശ്നങ്ങൾ തുടങ്ങിയതു സ്വർഗത്തിലാണ്.
ഒരു ശത്രുവിന്റെ ഉത്ഭവം
4, 5. (എ) ഒരു പാമ്പിലൂടെ ഹവ്വായോടു സംസാരിച്ചത് യഥാർഥത്തിൽ ആരായിരുന്നു? (ബി) മാന്യനും സത്യസന്ധനും ആയ ഒരാൾ ഒരു കള്ളനായിത്തീർന്നേക്കാവുന്നത് എങ്ങനെ?
4 ഏദെൻതോട്ടത്തിൽ രംഗപ്രവേശം ചെയ്ത, ദൈവത്തിന്റെ ഒരു എതിരാളിയെക്കുറിച്ചു ബൈബിളിന്റെ ആദ്യ പുസ്തകം നമ്മോടു പറയുന്നു. അവനെ ‘പാമ്പ്’ എന്നാണു വിളിച്ചിരിക്കുന്നത്. എങ്കിലും, അവൻ വെറുമൊരു പാമ്പല്ലായിരുന്നു. ബൈബിളിന്റെ അവസാന പുസ്തകം അവനെ, “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും” ആയി തിരിച്ചറിയിക്കുന്നു. അവനെ ‘പഴയ പാമ്പ്’ എന്നും വിളിച്ചിരിക്കുന്നു. (ഉല്പത്തി 3:1; വെളിപ്പാടു 12:9) വിദഗ്ധനായ ഒരു പാവകളിക്കാരന് തന്റെ ചുണ്ട് അനക്കാതെ, പാവ സംസാരിക്കുന്നതായി തോന്നിപ്പിക്കാൻ കഴിയുന്നതുപോലെ, ശക്തനായ ഈ ദൂതൻ അഥവാ അദൃശ്യ ആത്മജീവി ഹവ്വായോടു സംസാരിക്കാൻ ഒരു പാമ്പിനെ ഉപയോഗിച്ചു. മനുഷ്യർക്കായി ദൈവം ഭൂമിയെ ഒരുക്കുന്ന സമയത്ത് ആ ആത്മജീവി നിശ്ചയമായും അവിടെ ഉണ്ടായിരുന്നു.—ഇയ്യോബ് 38:4, 7.
5 യഹോവ സൃഷ്ടിച്ചതെല്ലാം പൂർണമായിരുന്നു. അപ്പോൾപ്പിന്നെ, ഈ ‘പിശാചിനെ,’ അല്ലെങ്കിൽ ‘സാത്താനെ’ ആരാണ് ഉണ്ടാക്കിയത്? ലളിതമായി പറഞ്ഞാൽ, ദൈവത്തിന്റെ ശക്തരായ ആത്മപുത്രന്മാരിൽ ഒരാൾ സ്വയം പിശാചായിത്തീരുകയായിരുന്നു. ഇത് എങ്ങനെയാണു സംഭവിച്ചത്? ശരി, ഒരിക്കൽ മാന്യനും സത്യസന്ധനും ആയിരുന്ന ഒരാൾ ഒരു കള്ളനായിത്തീരുന്നുവെന്നു കരുതുക. ഇത് എങ്ങനെയാണു സംഭവിക്കുന്നത്? തെറ്റായ ഒരു ആഗ്രഹം ഹൃദയത്തിൽ നാമ്പെടുക്കാൻ അയാൾ അനുവദിച്ചേക്കാം. അയാൾ അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ ആ ആഗ്രഹം വളരെ ശക്തമായിത്തീരാനിടയുണ്ട്. പിന്നീട്, തക്കംകിട്ടിയാൽ അയാൾ തെറ്റായ ആ ആഗ്രഹം നടപ്പിലാക്കിയേക്കാം.—യാക്കോബ് 1:13-15.
6. ദൈവത്തിന്റെ ശക്തനായ ഒരു ആത്മപുത്രൻ പിശാചായ സാത്താൻ ആയിത്തീർന്നത് എങ്ങനെ?
6 പിശാചായ സാത്താന്റെ കാര്യത്തിൽ ഇതു സംഭവിച്ചു. മക്കളെ ജനിപ്പിച്ച് ഭൂമി നിറയ്ക്കാൻ ദൈവം ആദാമിനോടും ഹവ്വായോടും പറഞ്ഞത് അവൻ കേട്ടിരിക്കണം. (ഉല്പത്തി 1:27, 28) ‘ഈ മനുഷ്യരെല്ലാം ദൈവത്തിനു പകരം എന്നെ ആരാധിച്ചിരുന്നെങ്കിൽ,’ എന്നു സാത്താൻ ചിന്തിച്ചു. അങ്ങനെ, തെറ്റായ ഒരു ആഗ്രഹം അവൻ വളർത്തിയെടുത്തു. കാലക്രമത്തിൽ, ആ ആഗ്രഹത്തിനൊത്ത് അവൻ പ്രവർത്തിച്ചു. ദൈവത്തെ സംബന്ധിച്ച നുണകൾ ഹവ്വായെ പറഞ്ഞുകേൾപ്പിച്ചുകൊണ്ട് സാത്താൻ അവളെ വഞ്ചിച്ചു. (ഉല്പത്തി 3:1-5) ഈ വിധത്തിൽ അവൻ ഒരു “ദൂഷകൻ” ആയിത്തീർന്നു. “പിശാച്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം അതാണ്. അതോടൊപ്പംതന്നെ അവൻ ഒരു “എതിരാളി”യും ആയിത്തീർന്നു. ആ അർഥം വന്നിരിക്കുന്നതാകട്ടെ, “സാത്താൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിൽനിന്നും.
7. (എ) ആദാമും ഹവ്വായും മരിക്കാൻ കാരണമെന്ത്? (ബി) ആദാമിന്റെ സന്തതികൾ എല്ലാവരും വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
7 ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ പിശാചായ സാത്താൻ ഇടയാക്കി. അതിനായി അവൻ ഒരു കുതന്ത്രം പ്രയോഗിക്കുകയും നുണ പറയുകയും ചെയ്തു. (ഉല്പത്തി 2:17; 3:6) അതിന്റെ ഫലമായി, അനുസരണക്കേടു കാണിച്ചാൽ അവർക്ക് എന്തു സംഭവിക്കുമെന്നാണോ യഹോവ പറഞ്ഞിരുന്നത് അതുതന്നെ ഭവിച്ചു, ഒടുവിൽ അവർ മരിച്ചു. (ഉല്പത്തി 3:17-19) പാപം ചെയ്തപ്പോൾ ആദാം അപൂർണനായിത്തീർന്നതിനാൽ അവന്റെ എല്ലാ സന്തതികൾക്കും അവനിൽനിന്നു പാപം കൈമാറിക്കിട്ടി. (റോമർ 5:12) ഈ സാഹചര്യത്തെ അപ്പം ഉണ്ടാക്കുന്ന ഒരു പാത്രം ഉപയോഗിച്ചുകൊണ്ടു ദൃഷ്ടാന്തീകരിക്കാം. പാത്രത്തിന് ഒരു ചളുക്കമുണ്ടെങ്കിൽ അതിൽ ഉണ്ടാക്കുന്ന അപ്പത്തിന് എന്തു സംഭവിക്കും? ആ ചളുക്കം ഓരോ അപ്പത്തിനും ഒരു ന്യൂനത ഉളവാക്കും. സമാനമായി, മുഴു മനുഷ്യവർഗത്തിനും ആദാമിൽനിന്ന് അപൂർണതയാകുന്ന “ചളുക്കം” കൈമാറിക്കിട്ടിയിരിക്കുന്നു. അതുകൊണ്ടാണ് സകല മനുഷ്യരും വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത്.—റോമർ 3:23.
8, 9. (എ) സാത്താൻ ഏതു വെല്ലുവിളിയാണ് ഉന്നയിച്ചത്? (ബി) ദൈവം മത്സരികളെ ഉടൻതന്നെ നശിപ്പിച്ചുകളയാതിരുന്നത് എന്തുകൊണ്ട്?
8 ആദാമും ഹവ്വായും ദൈവത്തോടു പാപം ചെയ്യാൻ സാത്താൻ ഇടയാക്കിയപ്പോൾ അവൻ യഥാർഥത്തിൽ ഒരു മത്സരത്തിനു തുടക്കമിടുകയായിരുന്നു. യഹോവയുടെ ഭരണവിധത്തെ അവൻ ചോദ്യംചെയ്തു. ഫലത്തിൽ സാത്താൻ ഇപ്രകാരം പറയുകയായിരുന്നു: ‘ദൈവം ഒരു നല്ല ഭരണാധികാരിയല്ല. അവൻ നുണയനും സ്വന്തം പ്രജകളിൽനിന്നു നല്ല കാര്യങ്ങൾ പിടിച്ചുവെക്കുന്നവനും ആണ്. മനുഷ്യർക്ക് ദൈവത്തിന്റെ ഭരണം ആവശ്യമില്ല. നന്മയും തിന്മയും മനുഷ്യർക്കുതന്നെ തീരുമാനിക്കാൻ കഴിയും. എന്റെ ഭരണമായിരിക്കും അവർക്കു നല്ലത്.’ നിന്ദാകരമായ അത്തരമൊരു വെല്ലുവിളി ദൈവം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? ദൈവത്തിന് ആ മത്സരികളെ ഉടൻതന്നെ നശിപ്പിച്ചുകളയാമായിരുന്നെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ അത് സാത്താന്റെ വെല്ലുവിളിക്ക് ഉത്തരമാകുമായിരുന്നോ? അതു ദൈവത്തിന്റെ ഭരണവിധമാണു ശരിയെന്ന് തെളിയിക്കുമായിരുന്നോ?
9 മത്സരികളെ അപ്പോൾത്തന്നെ നശിപ്പിച്ചുകളയാൻ യഹോവയുടെ സമ്പൂർണമായ നീതിബോധം അവനെ അനുവദിക്കുമായിരുന്നില്ല. സാത്താന്റെ വെല്ലുവിളിക്ക് തൃപ്തികരമായ ഒരു ഉത്തരം നൽകാനും പിശാച് ഒരു നുണയനാണെന്നു തെളിയിക്കാനും സമയം ആവശ്യമാണെന്ന് അവൻ കണ്ടു. അതിനാൽ, സാത്താന്റെ സ്വാധീനത്തിൻകീഴിൽ കുറേക്കാലത്തേക്കു തങ്ങളെത്തന്നെ ഭരിക്കുന്നതിനു മനുഷ്യരെ അനുവദിക്കാൻ ദൈവം തീരുമാനിച്ചു. യഹോവ അങ്ങനെ ചെയ്തതിന്റെയും പ്രശ്നപരിഹാരത്തിനുമുമ്പ് സുദീർഘമായ ഒരു കാലഘട്ടം അനുവദിച്ചുകൊടുത്തതിന്റെയും കാരണം ഈ പുസ്തകത്തിന്റെ 11-ാം അധ്യായം ചർച്ചചെയ്യും. എന്നാൽ ഇപ്പോൾ ഇതു ചിന്തിക്കുക: തങ്ങൾക്കുവേണ്ടി യാതൊരു നന്മയും ചെയ്തിട്ടില്ലാത്ത സാത്താനെ ആദാമും ഹവ്വായും വിശ്വസിച്ചതു ശരിയായിരുന്നോ? തങ്ങൾക്കു സകലതും നൽകിയ യഹോവ ക്രൂരനായ ഒരു നുണയനാണെന്ന് അവർ വിശ്വസിച്ചത് ഉചിതമായിരുന്നോ? നിങ്ങൾ ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?
10. സാത്താന്റെ വെല്ലുവിളിക്ക് ഉത്തരമായി യഹോവയെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
10 ഇക്കാലത്ത് നാം ഓരോരുത്തരും സമാനമായ സാഹചര്യങ്ങളെ നേരിടുന്നതിനാൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നത് ഉചിതമാണ്. അതേ, സാത്താന്റെ വെല്ലുവിളിക്ക് ഉത്തരമായി യഹോവയെ പിന്തുണയ്ക്കാനുള്ള അവസരം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ഭരണാധികാരിയെന്ന നിലയിൽ യഹോവയെ സ്വീകരിച്ചുകൊണ്ട് സാത്താൻ ഒരു നുണയനാണെന്നു തുറന്നുകാട്ടുന്നതിൽ ഒരു പങ്കുവഹിക്കാൻ നിങ്ങൾക്കു കഴിയും. (സങ്കീർത്തനം 73:28; സദൃശവാക്യങ്ങൾ 27:11) ദുഃഖകരമെന്നു പറയട്ടെ, ഭൂമിയിലെ ശതകോടിക്കണക്കിനു മനുഷ്യരിൽ വളരെക്കുറച്ചുപേർ മാത്രമേ അങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നുള്ളൂ. ഇത് സുപ്രധാനമായ ഒരു ചോദ്യമുയർത്തുന്നു: ഈ ലോകത്തെ ഭരിക്കുന്നതു സാത്താനാണെന്ന് ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നുണ്ടോ?
ആരാണ് ഈ ലോകത്തെ ഭരിക്കുന്നത്?
ലോകരാജ്യങ്ങൾ സാത്താന്റേതല്ലായിരുന്നെങ്കിൽ അവ യേശുവിനു വാഗ്ദാനം ചെയ്യാൻ അവന് എങ്ങനെ കഴിയുമായിരുന്നു?
11, 12. (എ) ഈ ലോകത്തിന്റെ ഭരണാധിപൻ സാത്താനാണെന്ന് യേശുവിനുണ്ടായ ഒരു പരീക്ഷണം വെളിപ്പെടുത്തുന്നത് എങ്ങനെ? (ബി) സാത്താനാണ് ലോകത്തെ ഭരിക്കുന്നതെന്നു മറ്റെന്തുകൂടെ തെളിയിക്കുന്നു?
11 ഈ ലോകത്തെ ഭരിക്കുന്നതു സാത്താനാണെന്ന കാര്യത്തിൽ യേശുവിന് യാതൊരു സംശയവുമില്ലായിരുന്നു. ഒരിക്കൽ, അത്ഭുതകരമായ ഏതോ വിധത്തിൽ സാത്താൻ “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” യേശുവിനു കാണിച്ചുകൊടുത്തു. തുടർന്ന് അവൻ ഈ വാഗ്ദാനം നൽകി: “വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം.” (മത്തായി 4:8, 9; ലൂക്കൊസ് 4:5, 6) ഒന്നു ചിന്തിക്കുക: സാത്താൻ ഈ രാജ്യങ്ങളുടെ ഭരണാധിപൻ അല്ലായിരുന്നെങ്കിൽ ആ വാഗ്ദാനം യേശുവിന് ഒരു പ്രലോഭനം അഥവാ പരീക്ഷ ആയിരിക്കുമായിരുന്നോ? ഈ ലൗകിക ഗവണ്മെന്റുകളെല്ലാം സാത്താന്റേതാണെന്ന വസ്തുത യേശു നിഷേധിച്ചില്ല. അവയെ നിയന്ത്രിക്കുന്നത് സാത്താനല്ലായിരുന്നെങ്കിൽ അവൻ തീർച്ചയായും അങ്ങനെ ചെയ്യുമായിരുന്നു.
12 യഹോവ തീർച്ചയായും സർവശക്തനായ ദൈവവും അത്ഭുതകരമായ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവുമാണ്. (വെളിപ്പാടു 4:11) എങ്കിലും, യഹോവയോ യേശുക്രിസ്തുവോ ഈ ലോകത്തെ ഭരിക്കുന്നതായി ബൈബിൾ ഒരിടത്തും പറയുന്നില്ല. വാസ്തവത്തിൽ, യേശു സാത്താനെ “ലോകത്തിന്റെ പ്രഭു” അഥവാ ഭരണാധിപൻ എന്നു വ്യക്തമായി പരാമർശിക്കുകയുണ്ടായി. (യോഹന്നാൻ 12:31; 14:30; 16:11) പിശാചായ സാത്താനെ “ഈ ലോകത്തിന്റെ ദൈവം” എന്നുപോലും ബൈബിൾ വിശേഷിപ്പിക്കുന്നു. (2 കൊരിന്ത്യർ 4:3, 4) ഈ എതിരാളിയെ അഥവാ സാത്താനെക്കുറിച്ച് അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”—1 യോഹന്നാൻ 5:19.
സാത്താന്റെ ലോകം നീക്കംചെയ്യപ്പെടുന്ന വിധം
13. ഒരു പുതിയ ലോകം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 ഓരോ വർഷം കഴിയുന്തോറും ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിത്തീരുകയാണ്. തമ്മിലടിക്കുന്ന സൈന്യങ്ങളെയും സത്യസന്ധരല്ലാത്ത രാഷ്ട്രീയക്കാരെയും കപടഭക്തരായ മതനേതാക്കളെയും നിഷ്ഠുരരായ കുറ്റവാളികളെയും ലോകത്തെവിടെയും കാണാം. നമുക്ക് മുഴു ലോകത്തെയും നന്നാക്കിയെടുക്കുക സാധ്യമല്ല. അതിനാൽ പെട്ടെന്നുതന്നെ അർമഗെദോൻ എന്ന യുദ്ധത്തിലൂടെ ദൈവം ഈ ദുഷ്ടലോകത്തെ നശിപ്പിക്കാൻ പോകുകയാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. ഇത് നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിനു വഴിയൊരുക്കും.—വെളിപ്പാടു 16:14-16.
14. ദൈവം തന്റെ രാജ്യത്തിന്റെ ഭരണാധിപനായി ആരെയാണു തിരഞ്ഞെടുത്തിരിക്കുന്നത്, അതു മുൻകൂട്ടിപ്പറയപ്പെട്ടത് എങ്ങനെ?
14 യഹോവയാം ദൈവം, തന്റെ സ്വർഗീയ രാജ്യത്തിന്റെ അഥവാ ഗവൺമെന്റിന്റെ ഭരണാധിപനായിരിക്കാൻ യേശുക്രിസ്തുവിനെ തിരഞ്ഞെടുത്തിരിക്കുന്നു. വളരെക്കാലം മുമ്പ് ബൈബിൾ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവന്നു . . . സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ [ഭരണത്തിന്റെ] വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.” (യെശയ്യാവു 9:6, 7) ഈ ഗവണ്മെന്റിനെക്കുറിച്ച് പിൻവരുന്നവിധം പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) നാം ഈ പുസ്തകത്തിൽനിന്നു പിന്നീടു പഠിക്കാൻ പോകുന്നതുപോലെ, ഈ ലോകത്തിലെ സകല ഗവണ്മെന്റുകളെയും താമസിയാതെ നീക്കം ചെയ്തിട്ട് തത്സ്ഥാനത്ത് ദൈവരാജ്യം വരും. (ദാനീയേൽ 2:44) തുടർന്ന് അത് ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും.
ഒരു പുതിയ ലോകം സമീപം!
15. എന്താണ് “പുതിയ ഭൂമി”?
15 ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “നാം അവന്റെ [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13; യെശയ്യാവു 65:17) ചിലപ്പോഴൊക്കെ ബൈബിൾ “ഭൂമി”യെക്കുറിച്ചു പറയുമ്പോൾ അത് ഭൂമിയിലെ ജനങ്ങളെയാണ് അർഥമാക്കുന്നത്. (ഉല്പത്തി 11:1) അതുകൊണ്ട്, നീതി വസിക്കുന്ന “പുതിയ ഭൂമി,” ദൈവാംഗീകാരമുള്ള ഒരു മനുഷ്യസമൂഹമാണ്.
16. ദൈവം അംഗീകരിക്കുന്നവർക്ക് അവൻ നൽകുന്ന അമൂല്യ ദാനം എന്ത്, അതു ലഭിക്കാൻ നാം എന്തു ചെയ്യണം?
16 വരാനിരിക്കുന്ന ആ പുതിയ ലോകത്തിൽ, ദൈവാംഗീകാരമുള്ളവർക്കു ‘നിത്യജീവൻ’ എന്ന ദാനം ലഭിക്കുമെന്നു യേശു വാഗ്ദാനം ചെയ്യുകയുണ്ടായി. (മർക്കൊസ് 10:30) നിത്യജീവൻ നേടാൻ നാം എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞതെന്നു മനസ്സിലാക്കാൻ ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് യോഹന്നാൻ 3:16-ഉം 17:3-ഉം വായിക്കുക. ഇനി, ദൈവത്തിൽനിന്നുള്ള അത്ഭുതകരമായ ആ ദാനത്തിന് യോഗ്യരാകുന്നവർ വരാനിരിക്കുന്ന ഭൗമിക പറുദീസയിൽ ആസ്വദിക്കാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നതെന്നു നോക്കാം.
17, 18. ഭൂമിയിൽ എല്ലായിടത്തും സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
17 ദുഷ്ടത, യുദ്ധം, കുറ്റകൃത്യം, അക്രമം എന്നിവ ഉണ്ടായിരിക്കുകയില്ല. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) ‘ദൈവം ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിറുത്തൽ ചെയ്യുമെന്നതിനാൽ’ ഭൂമിയിൽ സമാധാനമുണ്ടായിരിക്കും. (സങ്കീർത്തനം 46:9; യെശയ്യാവു 2:4) ‘നീതിമാന്മാർ തഴയ്ക്കും; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകും.’ എന്നേക്കും സമാധാനം കളിയാടുമെന്നാണ് ഇതിനർഥം!—സങ്കീർത്തനം 72:7.
18 യഹോവയുടെ ആരാധകർ സുരക്ഷിതരായി വസിക്കും. ദൈവത്തെ അനുസരിച്ചിടത്തോളം കാലം പുരാതന ഇസ്രായേല്യർ സുരക്ഷിതരായിരുന്നു. (ലേവ്യപുസ്തകം 25:18, 19) സമാനമായ സുരക്ഷിതത്വം പറുദീസയിൽ ആസ്വദിക്കാനാകുന്നത് എത്ര മഹത്തായ ഒരു അനുഭവമായിരിക്കും!—യെശയ്യാവു 32:18; മീഖാ 4:4.
19. ദൈവത്തിന്റെ പുതിയ ലോകത്തിൽ ഭക്ഷണം സമൃദ്ധമായിരിക്കുമെന്നു നമുക്കെങ്ങനെ അറിയാം?
19 ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കുകയില്ല. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 72:16) യഹോവയാം ദൈവം നീതിമാന്മാരെ അനുഗ്രഹിക്കും, ‘ഭൂമി അതിന്റെ അനുഭവം തരും.’—സങ്കീർത്തനം 67:6.
20. മുഴു ഭൂമിയും ഒരു പറുദീസയാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
20 മുഴു ഭൂമിയും ഒരു പറുദീസയായി മാറും. പാപികളായ മനുഷ്യർ താറുമാറാക്കിയ പ്രദേശങ്ങളിൽ മനോഹരമായ പുതിയ വീടുകളും പൂന്തോപ്പുകളും സ്ഥാനംപിടിക്കും. (യെശയ്യാവു 65:21-24; വെളിപ്പാടു 11:18) കാലം കടന്നുപോകുന്നതോടെ മനുഷ്യൻ കൂടുതൽ പ്രദേശങ്ങളിലേക്കു താമസം വ്യാപിപ്പിക്കും. അങ്ങനെ ഒടുവിൽ മുഴുഗോളവും ഏദെൻതോട്ടംപോലെ മനോഹരവും ഫലഭൂയിഷ്ഠവും ആയിത്തീരും. തന്റെ “തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും . . . തൃപ്തിവരുത്തു”ന്നതിൽ ദൈവം ഒരിക്കലും വീഴ്ചവരുത്തുകയില്ല.—സങ്കീർത്തനം 145:16.
21. മനുഷ്യരും മൃഗങ്ങളും സമാധാനത്തിലായിരിക്കുമെന്ന് എന്തു പ്രകടമാക്കുന്നു?
21 മനുഷ്യരും മൃഗങ്ങളും സമാധാനത്തിലായിരിക്കും. കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും ഒരുമിച്ചു മേയും. ഇപ്പോൾ ഉപദ്രവകാരികളായിരിക്കുന്ന ജന്തുക്കളെ ഒരു കൊച്ചുകുട്ടിക്കുപോലും ഭയക്കേണ്ടിവരില്ല.—യെശയ്യാവു 11:6-9; 65:25.
22. രോഗങ്ങൾക്ക് എന്തു സംഭവിക്കും?
22 രോഗങ്ങൾ അപ്രത്യക്ഷമാകും. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ യേശു, താൻ ഭൂമിയിലായിരിക്കെ ചെയ്തതിനെക്കാൾ വിപുലമായ തോതിൽ രോഗശാന്തി നിർവഹിക്കും. (മത്തായി 9:35; മർക്കൊസ് 1:40-42; യോഹന്നാൻ 5:5-9) അപ്പോൾ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24; 35:5, 6.
23. പുനരുത്ഥാനം നമുക്കു സന്തോഷം കൈവരുത്തുന്നത് എന്തുകൊണ്ട്?
23 മരിച്ചുപോയ പ്രിയപ്പെട്ടവർ നിത്യജീവന്റെ പ്രതീക്ഷയോടെ വീണ്ടും ജീവനിലേക്കുവരും. മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന, ദൈവത്തിന്റെ സ്മരണയിലുള്ള എല്ലാവരും ജീവനിലേക്കു തിരികെവരും. വാസ്തവത്തിൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15; യോഹന്നാൻ 5:28, 29.
24. ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?
24 നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തെക്കുറിച്ചു പഠിക്കാനും അവനെ സേവിക്കാനും തീരുമാനിക്കുന്നവർക്ക് എത്ര അത്ഭുതകരമായ ഒരു ഭാവിയാണുള്ളത്! “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്ന് തന്നോടൊപ്പം വധിക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരനോടു പറഞ്ഞപ്പോൾ യേശു വരാനിരിക്കുന്ന ഭൗമിക പറുദീസയിലേക്കു വിരൽചൂണ്ടുകയായിരുന്നു. (ലൂക്കൊസ് 23:43) ഈ അനുഗ്രഹങ്ങളെല്ലാം സാധ്യമായിത്തീരുന്നത് യേശുക്രിസ്തുവിലൂടെയാണ്. അതുകൊണ്ട്, നാം അവനെക്കുറിച്ചു കൂടുതൽ പഠിക്കേണ്ടത് അനിവാര്യമാണ്.