വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 23 പേ. 157-പേ. 159 ഖ. 4
  • പ്രായോഗിക മൂല്യം വ്യക്തമാക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രായോഗിക മൂല്യം വ്യക്തമാക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വിവരങ്ങൾ വയൽശുശ്രൂഷക്കു പററുന്നത്‌
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 23 പേ. 157-പേ. 159 ഖ. 4

പാഠം 23

പ്രായോഗിക മൂല്യം വ്യക്തമാക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങൾ അവതരിപ്പിക്കുന്ന വിഷയം സദസ്യരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രയോജനകരമായ ഒരു വിധത്തിൽ അവർക്ക്‌ അത്‌ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ആളുകൾക്ക്‌ നിങ്ങൾ പറയുന്നതിന്റെ പ്രായോഗിക മൂല്യം മനസ്സിലാകുന്നില്ലെങ്കിൽ, താത്‌പര്യമില്ലെന്ന്‌ അവർ നിങ്ങളോടു പറഞ്ഞേക്കാം. അല്ലെങ്കിൽ തങ്ങളുടെ മനസ്സുകളെ അലഞ്ഞുതിരിയാൻ അനുവദിച്ചുകൊണ്ട്‌ അവർ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാതിരുന്നേക്കാം.

നിങ്ങൾ സംസാരിക്കുന്നത്‌ ഒരു വ്യക്തിയോടാണെങ്കിലും വ്യക്തികളുടെ ഒരു കൂട്ടത്തോട്‌ ആണെങ്കിലും, അവതരിപ്പിക്കുന്ന വിഷയത്തിൽ നിങ്ങൾക്കു താത്‌പര്യമുണ്ട്‌ എന്ന ഒറ്റ കാരണത്താൽ നിങ്ങളുടെ ശ്രോതാവിന്‌ (അല്ലെങ്കിൽ, ശ്രോതാക്കൾക്ക്‌) അതിൽ താത്‌പര്യമുണ്ടായിരിക്കും എന്ന്‌ അനുമാനിക്കുന്നതു ബുദ്ധിയായിരിക്കില്ല. നിങ്ങളുടെ സന്ദേശം പ്രാധാന്യമുള്ളതാണ്‌. എന്നാൽ അതിന്റെ പ്രായോഗിക മൂല്യം വ്യക്തമാക്കാൻ പരാജയപ്പെട്ടാൽ, നിങ്ങൾക്കു സദസ്സിന്റെ താത്‌പര്യം അധിക നേരം പിടിച്ചുനിറുത്താൻ ആയെന്നുവരില്ല.

ഒരു രാജ്യഹാളിലെ സദസ്സിന്റെ കാര്യത്തിൽ പോലും ഇതു സത്യമാണ്‌. അവർ മുമ്പു കേട്ടിട്ടില്ലാത്ത ഒരു ദൃഷ്ടാന്തമോ അനുഭവമോ നിങ്ങൾ ഉപയോഗിക്കുമ്പോൾ അവർ നന്നായി ശ്രദ്ധിച്ചേക്കാം. എന്നാൽ അവർക്ക്‌ ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളെ കുറിച്ചു നിങ്ങൾ സംസാരിക്കുമ്പോൾ അവർ ശ്രദ്ധിക്കാതായേക്കാം, പ്രത്യേകിച്ചും അവ വേണ്ട വിധത്തിൽ വികസിപ്പിക്കുന്നില്ലെങ്കിൽ. നിങ്ങൾ പറയുന്ന കാര്യങ്ങൾ അവർക്കു യഥാർഥത്തിൽ പ്രയോജനകരം ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നും എങ്ങനെയെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കേണ്ടതുണ്ട്‌.

പ്രായോഗികമായി ചിന്തിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 3:​21, NW) ആളുകളെ ‘നീതിമാന്മാരുടെ ബോധത്തിലേക്ക്‌ [‘പ്രായോഗിക ജ്ഞാനത്തിലേക്ക്‌,’ NW]’ നയിക്കാൻ യഹോവ യോഹന്നാൻ സ്‌നാപകനെ ഉപയോഗിച്ചു. (ലൂക്കൊ. 1:17) യഹോവയോടുള്ള ആരോഗ്യാവഹമായ ഭയത്തിൽ വേരുറച്ചതാണ്‌ ഈ ജ്ഞാനം. (സങ്കീ. 111:​10, NW) ഈ ജ്ഞാനത്തെ വിലമതിക്കുന്നവർ ഇപ്പോഴത്തെ ജീവിതത്തെ വിജയകരമായി കൈകാര്യം ചെയ്യാനും വരാനിരിക്കുന്ന നിത്യജീവനാകുന്ന സാക്ഷാലുള്ള ജീവനെ മുറുകെ പിടിച്ചുകൊള്ളാനും സഹായിക്കപ്പെടുന്നു.​—1 തിമൊ. 4:8; 6:⁠19.

പ്രസംഗം പ്രായോഗിക മൂല്യമുള്ളതാക്കൽ. നിങ്ങളുടെ പ്രസംഗം പ്രായോഗിക മൂല്യമുള്ളത്‌ ആയിരിക്കണമെങ്കിൽ, അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങളെ കുറിച്ചു മാത്രമല്ല, സദസ്സിനെ കുറിച്ചും നിങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതുണ്ട്‌. അവരെ കേവലം ഒരു കൂട്ടമായി കാണാതിരിക്കുക. ആ കൂട്ടത്തിൽ വ്യക്തികളും കുടുംബങ്ങളും ഉണ്ട്‌. തീരെ പ്രായംകുറഞ്ഞവരും കൗമാരപ്രായക്കാരും പ്രായപൂർത്തിയായവരും വയസ്സായവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നേക്കാം. പുതിയ താത്‌പര്യക്കാരും നിങ്ങൾ ജനിക്കുന്നതിനു മുമ്പേ യഹോവയെ സേവിക്കാൻ തുടങ്ങിയവരും അതിൽ കണ്ടേക്കാം. ചിലർ ആത്മീയ പക്വത ഉള്ളവരായിരിക്കാം; മറ്റു ചിലരാകട്ടെ ഇപ്പോഴും ചില ലൗകിക മനോഭാവങ്ങളുടെയും ശീലങ്ങളുടെയും ശക്തമായ സ്വാധീനത്തിൻ കീഴിലുള്ളവരും. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ചർച്ച ചെയ്യാൻ പോകുന്ന വിവരങ്ങൾ സദസ്സിലുള്ളവർക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാം? ആശയം ഗ്രഹിക്കാൻ എനിക്ക്‌ അവരെ എങ്ങനെ സഹായിക്കാനാകും?’ മേൽ പരാമർശിച്ചതിൽ കേവലം ഒന്നോ രണ്ടോ കൂട്ടർക്ക്‌ മുഖ്യ ശ്രദ്ധ നൽകാൻ നിങ്ങൾ തീരുമാനിച്ചേക്കാം. പക്ഷേ, ബാക്കിയുള്ളവരെ പാടേ മറന്നുകളയരുത്‌.

ഒരു അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനെ കുറിച്ചു ചർച്ച ചെയ്യാനാണു നിങ്ങൾക്കു നിയമനം ലഭിച്ചിരിക്കുന്നതെങ്കിലോ? ആ പഠിപ്പിക്കലിൽ ഇപ്പോൾത്തന്നെ വിശ്വസിക്കുന്ന ഒരു സദസ്സിനു പ്രയോജനകരമായ വിധത്തിൽ അത്തരം ഒരു പ്രസംഗം എങ്ങനെ വികസിപ്പിക്കാനാകും? അതിൽ അവർക്കുള്ള ബോധ്യം ശക്തിപ്പെടുത്താൻ ശ്രമിക്കുക. എങ്ങനെ? അതിനെ പിന്താങ്ങുന്ന തിരുവെഴുത്തുപരമായ തെളിവുകൾ ഉപയോഗിച്ച്‌ ന്യായവാദം ചെയ്യുന്നതിലൂടെ. ആ ബൈബിൾ പഠിപ്പിക്കലിനോടുള്ള അവരുടെ വിലമതിപ്പ്‌ ആഴമുള്ളതാക്കാനും നിങ്ങൾക്കു കഴിയും. പ്രസ്‌തുത പഠിപ്പിക്കൽ മറ്റു ബൈബിൾ സത്യങ്ങളോടും യഹോവയുടെ സ്വന്തം വ്യക്തിത്വത്തോടും ചേർച്ചയിലായിരിക്കുന്നത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കുന്നതിലൂടെ ഇതു ചെയ്യാവുന്നതാണ്‌. ഈ പ്രത്യേക പഠിപ്പിക്കൽ സംബന്ധിച്ച ഗ്രാഹ്യത്തിൽനിന്ന്‌ ആളുകൾ പ്രയോജനം നേടിയിരിക്കുന്നത്‌ എങ്ങനെയെന്നും ഭാവി സംബന്ധിച്ച അവരുടെ വീക്ഷണത്തെ അതു സ്വാധീനിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും കാണിക്കുന്ന ഉദാഹരണങ്ങൾ​—സാധ്യമെങ്കിൽ യഥാർഥ ജീവിത അനുഭവങ്ങൾ​—ഉപയോഗിക്കുക.

വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്നതു സംബന്ധിച്ച വിശദീകരണം പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ നടത്തുന്ന ഹ്രസ്വമായ ഏതാനും പ്രസ്‌താവനകളിൽ മാത്രമായി ഒതുക്കി നിറുത്തരുത്‌. ആരംഭം മുതൽ തന്നെ, സദസ്സിലിരിക്കുന്ന ഓരോ വ്യക്തിക്കും “ഇത്‌ എനിക്കു വേണ്ടി ഉള്ളതാണ്‌” എന്നു തോന്നണം. അങ്ങനെ അടിസ്ഥാനം ഇട്ടശേഷം, പ്രസംഗത്തിന്റെ ഉടലിലെ ഓരോ മുഖ്യ പോയിന്റ്‌ വികസിപ്പിക്കുമ്പോഴും അതുപോലെതന്നെ പ്രസംഗം ഉപസംഹരിക്കുമ്പോഴും വിവരങ്ങളുടെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്നതിൽ തുടരുക.

വിവരങ്ങൾ എങ്ങനെ ബാധകമായിരിക്കുന്നു എന്നു വിശദീകരിക്കുന്ന രീതി ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലാണെന്ന്‌ ഉറപ്പുവരുത്തുക. അതിന്റെ അർഥം എന്താണ്‌? സ്‌നേഹപുരസ്സരമായ ഒരു വിധത്തിൽ സമാനുഭാവത്തോടെ അതു ചെയ്യുക എന്ന്‌. (1 പത്രൊ. 3:8; 1 യോഹ. 4:⁠8) തെസ്സലൊനീക്യയിലെ ദുഷ്‌കരമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്‌തപ്പോൾ പോലും അവിടത്തെ തന്റെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരുടെ ആത്മീയ പുരോഗതിയുടെ നല്ല വശങ്ങൾ എടുത്തുകാട്ടാൻ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രത്യേകം ശ്രദ്ധിച്ചു. കൂടാതെ, അപ്പോൾ ചർച്ച ചെയ്‌തുകൊണ്ടിരുന്ന കാര്യത്തിൽ ശരിയായതു ചെയ്യാൻ അവർ താത്‌പര്യമെടുക്കും എന്ന വിശ്വാസവും അവൻ പ്രകടമാക്കി. (1 തെസ്സ. 4:​1-12) അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക!

സുവാർത്താ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പങ്കുപറ്റുന്നതിന്‌ ആളുകളെ പ്രചോദിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണോ നിങ്ങളുടെ പ്രസംഗം? അങ്ങനെയെങ്കിൽ ആ പദവിയോടുള്ള ഉത്സാഹവും വിലമതിപ്പും കെട്ടുപണി ചെയ്യുക. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ ഓരോരുത്തർക്കും ഇതിൽ പങ്കെടുക്കാൻ കഴിയുന്ന അളവ്‌ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന കാര്യം മനസ്സിൽ പിടിക്കുക. ബൈബിൾ ഇത്‌ കണക്കിലെടുക്കുന്നു. (മത്താ. 13:23) നിങ്ങളുടെ സഹോദരങ്ങൾ കുറ്റബോധംകൊണ്ട്‌ ഭാരപ്പെടാൻ ഇടയാക്കരുത്‌. “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” എബ്രായർ 10:25 നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. സ്‌നേഹിക്കാൻ തക്കവണ്ണം നാം ഉത്സാഹം വർധിപ്പിക്കുന്നെങ്കിൽ അഥവാ പ്രചോദിപ്പിക്കുന്നെങ്കിൽ നല്ല ആന്തരത്തിൽ അധിഷ്‌ഠിതമായ പ്രവൃത്തികൾ ഉരുത്തിരിയാൻ ഇടവരും. നിർബന്ധപൂർവം അനുസരിപ്പിക്കുന്നതിനു പകരം, നമ്മൾ “വിശ്വാസത്താലുള്ള അനുസരണം” പ്രോത്സാഹിപ്പിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌ എന്ന സംഗതി തിരിച്ചറിയുക. (റോമ. 16:​26, NW) ഇതു മനസ്സിൽ പിടിച്ചുകൊണ്ട്‌ വിശ്വാസം ബലപ്പെടുത്താൻ നാം ശ്രമിക്കുന്നു​—നമ്മുടേതും നമ്മുടെ സഹോദരങ്ങളുടേതും.

നമ്മുടെ സന്ദേശത്തിന്റെ പ്രായോഗിക മൂല്യം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കൽ. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോൾ സുവാർത്തയുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടാൻ വിട്ടുപോകരുത്‌. അതിന്‌, നിങ്ങളുടെ പ്രദേശത്തുള്ള ആളുകളുടെ മനസ്സിൽ എന്താണ്‌ ഉള്ളതെന്നു നിങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്‌. നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താൻ കഴിയും? റേഡിയോയിലെയോ ടെലിവിഷനിലെയോ വാർത്ത കേൾക്കുക. പത്രത്തിന്റെ മുൻപേജിലൂടെ കണ്ണോടിക്കുക. കൂടാതെ, ആളുകളെ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, അവർ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക. തൊഴിൽ നഷ്ടം, വാടക കൊടുക്കാനുള്ള ബുദ്ധിമുട്ട്‌, രോഗം, ഒരു കുടുംബാംഗത്തിന്റെ മരണം, കുറ്റകൃത്യത്തിന്റെ ഫലമായുള്ള ആപത്ത്‌, അധികാരസ്ഥാനത്തുള്ളവരുടെ കയ്യാലുള്ള അനീതി, ദാമ്പത്യ തകർച്ച, കൊച്ചു കുട്ടികളെ നിയന്ത്രിക്കൽ തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങളുമായി അവർ മല്ലിടുകയാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ബൈബിളിന്‌ അവരെ സഹായിക്കാൻ കഴിയുമോ? തീർച്ചയായും.

ഒരു സംഭാഷണം തുടങ്ങുമ്പോൾ സാധ്യതയനുസരിച്ച്‌ നിങ്ങളുടെ മനസ്സിൽ ഒരു വിഷയം കാണും. പക്ഷേ, തന്റെ കാര്യത്തിൽ അടിയന്തിര ശ്രദ്ധയർഹിക്കുന്നത്‌ മറ്റൊരു വിഷയമാണെന്ന്‌ ആ വ്യക്തി സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങൾക്കു കഴിയുമെങ്കിൽ, നിങ്ങൾ ഉദ്ദേശിച്ചിരുന്ന വിഷയത്തിനു പകരം അതേക്കുറിച്ചു ചർച്ച ചെയ്യാൻ മടി കാണിക്കരുത്‌. അല്ലെങ്കിൽ സഹായകമായ ചില വിവരങ്ങളുമായി മടങ്ങിച്ചെല്ലാമെന്നു പറയുക. ‘പരകാര്യം നോക്കുന്നത്‌’ നാം തീർച്ചയായും ഒഴിവാക്കുന്നെങ്കിലും ബൈബിൾ നൽകുന്ന പ്രായോഗിക ബുദ്ധിയുപദേശം നാം മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കുവെക്കുന്നു. (2 തെസ്സ. 3:11) സ്‌പഷ്ടമായും, ആളുകളിൽ ഏറ്റവുമധികം മതിപ്പുളവാക്കുന്നത്‌ തങ്ങളുടെ ജീവിതത്തെ സ്‌പർശിക്കുന്ന ബൈബിൾ ബുദ്ധിയുപദേശമായിരിക്കും.

നമ്മുടെ സന്ദേശം തങ്ങളെ വ്യക്തിപരമായി ബാധിക്കുന്നത്‌ എങ്ങനെയെന്ന്‌ ആളുകൾക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അവർ സംഭാഷണം പെട്ടെന്ന്‌ അവസാനിപ്പിക്കാൻ ഇടയുണ്ട്‌. ഇനി, അവർ നമ്മെ സംസാരിക്കാൻ അനുവദിച്ചാൽ പോലും, വിഷയത്തിന്റെ പ്രായോഗിക മൂല്യം കാണിച്ചുകൊടുക്കാൻ നാം പരാജയപ്പെടുന്നെങ്കിൽ, നമ്മുടെ സന്ദേശത്തിന്‌ അവരുടെ ജീവിതത്തിൽ വളരെ കുറച്ചു ഫലമേ ഉണ്ടായിരിക്കൂ. നേരെ മറിച്ച്‌, നാം സന്ദേശത്തിന്റെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്നെങ്കിൽ നമ്മുടെ ചർച്ച ആളുകളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി ഭവിച്ചേക്കാം.

ബൈബിൾ അധ്യയനങ്ങൾ നടത്തുമ്പോൾ വിവരങ്ങളുടെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്നതിൽ തുടരുക. (സദൃ. 4:⁠7) യഹോവയുടെ വഴികളിൽ നടക്കേണ്ടത്‌ എങ്ങനെയെന്നു വ്യക്തമാക്കുന്ന തിരുവെഴുത്തു ബുദ്ധിയുപദേശവും തത്ത്വങ്ങളും ഉദാഹരണങ്ങളും മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുക. യഹോവയുടെ വഴികളിൽ നടക്കുന്നതിന്റെ പ്രയോജനങ്ങൾ ഊന്നിപ്പറയുക. (യെശ. 48:​17, 18) ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അതു വിദ്യാർഥികളെ പ്രേരിപ്പിക്കും. യഹോവയോടുള്ള സ്‌നേഹവും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും അവരിൽ വളർത്തിയെടുക്കുക. ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കാനുള്ള പ്രചോദനം അവരുടെ ഉള്ളിൽനിന്നുതന്നെ വരട്ടെ.

അതു ചെയ്യാൻ കഴിയുന്ന വിധം

  • പ്രസംഗം തയ്യാറാകുമ്പോൾ അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങളെ കുറിച്ചു മാത്രമല്ല, നിങ്ങളുടെ സദസ്സിനെ കുറിച്ചും പരിചിന്തിക്കുക. അവർക്കു യഥാർഥത്തിൽ പ്രയോജനം ചെയ്യുന്ന ഒരു വിധത്തിൽ അവ അവതരിപ്പിക്കുക.

  • വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്നതു സംബന്ധിച്ച വിശദീകരണം പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ മാത്രമായി ഒതുക്കിനിറുത്തരുത്‌. പ്രസംഗത്തിൽ ഉടനീളം പ്രയോഗിക മൂല്യം വ്യക്തമാക്കേണ്ടതുണ്ട്‌.

  • സാക്ഷീകരണത്തിനായി തയ്യാറാകുമ്പോൾ നിങ്ങളുടെ പ്രദേശത്തുള്ള ആളുകളുടെ മനസ്സിൽ എന്താണുള്ളതെന്നു പരിചിന്തിക്കുക.

  • സാക്ഷീകരണം നടത്തുമ്പോൾ, മറ്റേ വ്യക്തിക്കു പറയാനുള്ളത്‌ നന്നായി ശ്രദ്ധിച്ചു കേൾക്കുക. എന്നിട്ട്‌ നിങ്ങളുടെ അവതരണം അതിനോട്‌ അനുയോജ്യമാക്കുക.

അഭ്യാസം: കൈവശമുള്ള നമ്മുടെ രാജ്യ ശുശ്രൂഷയുടെ ലക്കങ്ങൾ പുനരവലോകനം ചെയ്‌ത്‌ നിങ്ങളുടെ പ്രദേശത്തു വിശേഷിച്ചും പ്രായോഗികമെന്നു തോന്നുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ തിരഞ്ഞെടുക്കുക. എന്നിട്ട്‌ വയൽസേവനത്തിൽ അവ ഉപയോഗിച്ചു നോക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക