ഹൃദ്യമായി വരവേൽക്കാം!
1. സാക്ഷ്യം നൽകാനുള്ള ഒരു സുവർണാവസരം ഏതാണ്, എന്തുകൊണ്ട്?
1 സ്‌മാരകാചരണംപോലെ സാക്ഷ്യം നൽകാൻ പറ്റിയ സുവർണാവസരം മറ്റൊന്നില്ല. ഒരു കോടിയിലധികം താത്‌പര്യക്കാരെയാണ് നാം ഈ വർഷം സ്‌മാരകാചരണത്തിന് പ്രതീക്ഷിക്കുന്നത്! മറുവില എന്ന ക്രമീകരണത്തിലൂടെ അത്യുത്‌കൃഷ്ടമായ സ്‌നേഹം പ്രകടമാക്കിയ രണ്ടു വ്യക്തികളെക്കുറിച്ച് അവർ മനസ്സിലാക്കും. (യോഹ. 3:16; 15:13) യഹോവ നൽകിയ ഈ സമ്മാനത്തിന്റെ ഫലമായി അവർക്കു കരസ്ഥമാക്കാനാകുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അവർ കേൾക്കും. (യെശ. 65:21-23) എന്നാൽ പ്രസംഗകനു മാത്രമല്ല സാക്ഷ്യം നൽകാനാകുന്നത്. സന്നിഹിതരായിരിക്കുന്ന ഏവർക്കും സന്ദർശകരെ ഹൃദ്യമായി സ്വാഗതം ചെയ്‌തുകൊണ്ട് നല്ലൊരു സാക്ഷ്യം നൽകാനാകും.—റോമ. 15:7.
2. സന്ദർശകരെ നമുക്ക് എങ്ങനെ ഹൃദ്യമായി സ്വാഗതം ചെയ്യാം?
2 പരിപാടി ആരംഭിക്കുന്നതുംകാത്ത് വെറുതെ നമ്മുടെ ഇരിപ്പിടത്തിൽ പോയി ഇരിക്കുന്നതിനു പകരം പുതിയവരെ പരിചയപ്പെടാൻ മുൻകൈയെടുക്കാനാകും. സന്ദർശകർ ഒരുപക്ഷേ പരിഭ്രമത്തിലായിരിക്കാം; അവിടെ നടക്കാൻ പോകുന്നതും മറ്റും എന്താണെന്ന് അവർക്ക് അറിയില്ലായിരിക്കും. ഹൃദ്യമായി പുഞ്ചിരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതും അവരുടെ പിരിമുറുക്കം കുറയ്‌ക്കാൻ സഹായിക്കും. “ആദ്യമായിട്ടാണോ ഞങ്ങളുടെ യോഗങ്ങൾക്ക് വരുന്നത്? ഇവിടെയുള്ള ആരെയെങ്കിലും പരിചയമുണ്ടോ?” എന്നൊക്കെ നമുക്ക് അവരോട് ചോദിക്കാനാകും. ആ വ്യക്തിയെ നിങ്ങളോടൊപ്പം ഇരുത്താനും ബൈബിളും പാട്ടുപുസ്‌തകവും അദ്ദേഹത്തിനുംകൂടെ കാണിച്ചുകൊടുക്കാനും സാധിക്കും. രാജ്യഹാളിലാണ് സ്‌മാരകാചരണം നടക്കുന്നതെങ്കിൽ ഒരുപക്ഷേ നമ്മുടെ ഹാളിന്റെ പ്രത്യേകതകൾ കാണിച്ച് വിശദീകരിക്കുന്നതും നല്ലതാണ്. പരിപാടിക്കു ശേഷം അദ്ദേഹത്തിന്റെ സംശയങ്ങൾക്ക് ഉത്തരം നൽകാനും മുൻകൈയെടുക്കുക. സ്‌മാരകാചരണം നടത്തുന്നതിനായി മറ്റൊരു സഭയ്‌ക്ക് ഹാൾ പെട്ടെന്നുതന്നെ ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെങ്കിൽ അദ്ദേഹത്തോട് ഇങ്ങനെ പറയാനാകും: “ഇവിടെ നടന്ന പരിപാടിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. താങ്കളോട് വീണ്ടും സംസാരിക്കാൻ എങ്ങനെ കഴിയും?” മറ്റൊരു സന്ദർഭത്തിൽ അദ്ദേഹവുമായി സംസാരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഉടനടി ചെയ്യുക. സ്‌മാരകത്തിനു ഹാജരാകുന്ന നിഷ്‌ക്രിയരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മൂപ്പന്മാർ സവിശേഷശ്രദ്ധ നൽകുന്നതായിരിക്കും.
3. സ്‌മാരകത്തിനു ഹാജരാകുന്ന പുതിയവരെ സ്വാഗതം ചെയ്യാൻ നാം മുൻകൈയെടുക്കേണ്ടത് എന്തുകൊണ്ട്?
3 ആത്മീയപറുദീസയിൽ യഹോവയുടെ ജനം ആസ്വദിക്കുന്ന സന്തോഷവും സമാധാനവും ഐക്യവും മിക്ക സന്ദർശകർക്കും ഒരു പുതുമയായിരിക്കും. (സങ്കീ. 29:11; യെശ. 11:6-9; 65:13, 14) അതുകൊണ്ട് സ്‌മാരകത്തിനു ഹാജരാകുന്ന പുതിയവരെ നമുക്ക് ഹൃദ്യമായി വരവേൽക്കാം. ആ മധുരസ്‌മരണകൾ അവരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും!