ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 19-25
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(സങ്കീർത്തനം 136:15) ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു—അവന്റെ ദയ എന്നേക്കുമുള്ളത്.
it-1-E 783 ¶5
പുറപ്പാട്
തന്റെ സൈനികശക്തികളുമായി ഫറവോൻ നേരിട്ട് ചെങ്കടലിലേക്ക് ഇറങ്ങിച്ചെന്നെന്നും അവിടെ അവൻ നശിച്ചുപോയെന്നും പുറപ്പാടിലെ വിവരണങ്ങൾ പറയുന്നില്ല. എന്നാൽ സങ്കീർത്തനം 136:15-ാം വാക്യത്തിൽ യഹോവ ‘ഫറവോനെയും സൈന്യത്തെയും ചെങ്കടലിലേക്കു തള്ളിയിട്ടതായി’ പറഞ്ഞിരിക്കുന്നു.
സെപ്റ്റംബർ 26-ഒക്ടോബർ 2
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(സങ്കീർത്തനം 150:6) ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
it-2-E 448
വായ്
ഭക്ഷണം കഴിക്കുക, സംസാരിക്കുക തുടങ്ങിയ ഉദ്ദേശ്യത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഒരു അവയവമാണ് വായ്. യഹോവയാണ് അതിന്റെ സ്രഷ്ടാവ്. അതുകൊണ്ട് അതിൽനിന്ന് പുറപ്പെടുന്ന എല്ലാ സംസാരവും ദൈവത്തിന് സ്തുതി നൽകുന്നതായിരിക്കണം. (സങ്കീ. 34:1; 51:15; 71:8; 145:21) ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. അതുകൊണ്ട് ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ അവരുടെ സംസാരപ്രാപ്തി യഹോവയെ സ്തുതിക്കാൻ ഉപയോഗിച്ചേ മതിയാകൂ.
അതിന് ജീവനോ മരണമോ നേടിത്തരാൻ കഴിയും. നാവിന്റെ ശരിയായ ഉപയോഗം ജീവത്പ്രധാനമാണ്. “നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃ. 10:11) അതുകൊണ്ട്, വായിൽനിന്ന് വരുന്ന സംസാരത്തിന് നമ്മൾ അതീവ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം ആ പ്രാപ്തി ദുരുപയോഗം ചെയ്യുന്നത് ഒരുവന്റെ നാശത്തിൽ കലാശിക്കും. (സങ്കീ. 141:3; സദൃ. 13:3; 21:23; 10:14; 18:7) ഏതുതരം സംസാരമാണ് വായിൽനിന്ന് വന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തി ദൈവത്തോട് കണക്കുബോധിപ്പിക്കേണ്ടിവരും. (മത്താ. 12:36, 37) ഒരു വ്യക്തി തിടുക്കത്തിൽ നേർച്ച നേരുകയും, അതു കഴിക്കാതിരിക്കുകയും ചെയ്തേക്കാം. (സഭാ. 5:4-6) അതുമല്ലെങ്കിൽ മുഖസ്തുതി പറഞ്ഞുകൊണ്ട് ഒരുവനെ വീഴ്ത്താനും അങ്ങനെ തനിക്കുതന്നെ നാശം വരുത്തിവെക്കാനും ഒരുവൻ തന്റെ നാവിനെ ഉപയോഗിച്ചേക്കാം. (സദൃ. 26:28) ഇനി, ദുഷ്ടന്മാരുടെ മുമ്പിലായിരിക്കുമ്പോൾ ഒരുവൻ തന്റെ വായ് കാക്കേണ്ടത് പ്രത്യേകാൽ പ്രധാനമാണ്. കാരണം ദൈവികജ്ഞാനത്തിൽനിന്നുള്ള നേരിയ വ്യതിചലനംപോലും ദൈവനാമത്തിന്മേൽ നിന്ദ വരുത്തിവെക്കാനും ആ വ്യക്തിയുടെ മരണത്തിൽ കലാശിക്കാനും ഇടയാക്കിയേക്കാം. (സങ്കീ. 39:1)
ഒരു വ്യക്തി തന്റെ വായ് ജാഗ്രതയോടെ കാക്കേണ്ടതുണ്ട്. കാരണം നമ്മളെല്ലാം അപൂർണരാണ്, ഹൃദയം തെറ്റിലേക്ക് ചായ്വുള്ളതും ആണ്. ഒരുവനെ അശുദ്ധനാക്കുന്നത് വായിലേക്കു പോകുന്നതല്ല പകരം വായിൽനിന്നു പുറപ്പെടുന്നതാണെന്ന് യേശു പറഞ്ഞു. കാരണം “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ് സംസാരിക്കുന്നത്?” (മത്താ. 12:34; 15:11) അതുകൊണ്ട് പരിണിതഫലങ്ങളെക്കുറിച്ചൊന്നും ഓർക്കാതെ ചിന്താശൂന്യമായ വാക്കുകൾ വായിൽനിന്ന് പുറപ്പെടാതിരിക്കാൻ ഒരുവൻ ജാഗ്രതയുള്ളവനായിരിക്കണം. അങ്ങനെ ചെയ്യുന്നതിന് ദൈവവചനത്തിൽനിന്ന് പഠിച്ച നല്ല കാര്യങ്ങൾ വിവേചനാപ്രാപ്തി ഉപയോഗിച്ച് പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.—സദൃ. 13:3; 21:23.