ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഒക്ടോബർ 17-23
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(സദൃശവാക്യങ്ങൾ 15:15) അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
g-E 11/13 16
നിങ്ങൾക്കു ‘നിത്യം ഉത്സവമാണോ?’
“അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.”—സദൃശവാക്യങ്ങൾ 15:15.
ഈ വാക്കുകളുടെ അർഥം എന്താണ്? അത് ഒരുവന്റെ മാനസികവും വൈകാരികവും ആയ നിലയെയാണ് സൂചിപ്പിക്കുന്നത്. “അരിഷ്ടൻ” അല്ലെങ്കിൽ മനോവിഷമമുള്ളവൻ മനസ്സിനെ തളർത്തുന്ന കാര്യങ്ങളായിരിക്കും ചിന്തിച്ചുകൂട്ടുന്നത്. അത് അവന്റെ ദിവസങ്ങൾ ‘കഷ്ടതയുള്ളതാക്കുന്നു.’ എന്നാൽ ‘സന്തുഷ്ടഹൃദയൻ’ നല്ല കാര്യങ്ങളിൽ അതായത് അവന് സന്തോഷം വർധിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് അവന് ‘നിത്യം ഉത്സവം’ ആയിരിക്കും.
നമ്മുടെയെല്ലാം സന്തോഷം കവർന്നെടുക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. എങ്കിലും, പ്രയാസം നിറഞ്ഞ അത്തരം സമയങ്ങളിലും സന്തോഷം വീണ്ടെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. ബൈബിൾ ഇതെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക.
• നാളത്തെ ഉത്കണ്ഠകൾ ഇന്നത്തെ ദിവസത്തിന്റെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കരുത്. യേശുക്രിസ്തു പറഞ്ഞു: “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്; നാളത്തെ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരിക്കുമല്ലോ. അതതു ദിവസത്തിന് അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം.”—മത്തായി 6:34.
• നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മനസ്സ് തളർന്നിരിക്കുമ്പോൾ, ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കി അവയെക്കുറിച്ച് ചിന്തിക്കാൻ ശ്രമിച്ചുകൂടെ? എന്നാൽ, കഴിഞ്ഞകാല പിഴവുകളെക്കുറിച്ചോ മോശമായ പ്രവൃത്തികളെക്കുറിച്ചോ ചിന്തിച്ച് മനസ്സുപുണ്ണാക്കരുത്. പകരം അവയിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുക. വണ്ടി ഓടിക്കുന്ന ഒരു ഡ്രൈവർ പിന്നിലുള്ള കാര്യങ്ങൾ അറിയാൻ കണ്ണാടിയിൽ ഇടയ്ക്കൊക്കെ നോക്കാറുണ്ടെങ്കിലും അയാൾ അതിൽതന്നെ നോക്കിയിരിക്കാറില്ല. ‘ദൈവത്തിന്റെ പക്കൽ വിമോചനം ഉണ്ട്’ എന്നത് മനസ്സിൽപ്പിടിക്കുക.—സങ്കീർത്തനം 130:4.
ദുഃഖഭാരം നിങ്ങളെ തളർത്തിക്കളയുമ്പോൾ, ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരാളോട് അതെക്കുറിച്ച് പറയുക. “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 12:25 പറയുന്നു. അത്തരത്തിലുള്ള ഒരു ‘നല്ല വാക്ക്’ കുറ്റംകണ്ടുപിടിക്കുന്ന സ്വഭാവമില്ലാത്ത, “എല്ലാകാലത്തും സ്നേഹിക്കുന്ന” ഒരു കുടുംബാംഗത്തിൽനിന്നോ ഒരു ഉറ്റ സുഹൃത്തിൽനിന്നോ ലഭിച്ചേക്കാം.— സദൃശവാക്യങ്ങൾ 17:17.
പ്രയാസസാഹചര്യങ്ങളിലും സന്തോഷം നിലനിറുത്താൻ ബൈബിളിലെ ജ്ഞാനോപദേശങ്ങൾ അനേകരെ സഹായിച്ചിട്ടുണ്ട്. അതു നിങ്ങളെയും സഹായിക്കും, തീർച്ച!
ഒക്ടോബർ 31 – നവംബർ 6
it-2-E 818 ¶4
വടി
മാതാപിതാക്കളുടെ അധികാരം. കുട്ടികളുടെമേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ചിത്രീകരിക്കാൻ ‘വടി’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം അധികാരത്തെക്കുറിച്ചുള്ള അനേകം പരാമർശങ്ങൾ സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിലുണ്ട്. അത് എല്ലാത്തരം ശിക്ഷണത്തെയും, അതായത് അക്ഷരീയമായി ശിക്ഷിക്കുന്നതിനെയോ അല്ലെങ്കിൽ ശാസിക്കുന്നതിനെയോ ഒക്കെ അർഥമാക്കുന്നു. എന്നാൽ കുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾ ഈ വടി ഉപയോഗിക്കുമ്പോൾ അവർ തീർച്ചയായും ദൈവത്തോട് കണക്കുബോധിപ്പിക്കേണ്ടവരാണെന്ന് ഓർക്കുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ പരാജയപ്പെട്ടാൽ കുട്ടിയുടെ അധഃപതനത്തിനും മരണത്തിനും ഉത്തരവാദിയാകുക മാത്രമല്ല അവർക്കു ദൈവത്തിന്റെ പ്രീതിയും അംഗീകാരവും നഷ്ടപ്പെടുകയും ചെയ്യും. (സദൃ. 10:1; 15:20; 17:25; 19:13) “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകറ്റിക്കളയും.” “ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.” (സദൃ. 22:15; 23:13, 14) വാസ്തവത്തിൽ, “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.”—സദൃ. 13:24; 19:18; 29:15; 1 ശമു. 2:27-36.