വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 44 പേ. 236-പേ. 239 ഖ. 5
  • ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • പഠിപ്പിക്കൽ കല വളർത്തിയെടുക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ചോദ്യങ്ങളുടെ ഉപയോഗം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക​—ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • മഹാഗുരുവിനെ അനുകരിക്കുക
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 44 പേ. 236-പേ. 239 ഖ. 5

പാഠം 44

ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ഉദ്ദിഷ്ട ഫലം കൈവരിക്കാൻ തക്ക വിധത്തിൽ ചോദ്യങ്ങൾ ഉപയോഗിക്കുക. നിങ്ങളുടെ ലക്ഷ്യം ഒരു വാചിക പ്രതികരണം ലഭിക്കുക എന്നതാകാം; അല്ലെങ്കിൽ ഒരു മാനസിക പ്രതികരണം ഉളവാക്കുക എന്നതായിരിക്കാം. നിങ്ങൾ എന്തു ചോദിക്കുന്നു എന്നതും അത്‌ എങ്ങനെ ചോദിക്കുന്നു എന്നതും ചോദ്യങ്ങൾ ഉപയോഗിക്കുന്നതിലെ നിങ്ങളുടെ വിജയത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്‌.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ഫലകരമായ ചോദ്യങ്ങൾ ചർച്ചയിൽ ഉൾപ്പെടാൻ ശ്രോതാക്കളെ സഹായിക്കുന്നു. കൂടാതെ, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കുള്ള മറുപടികൾ ഒരു അധ്യാപകന്‌ ആവശ്യമായ മൂല്യവത്തായ വിവരങ്ങൾ നൽകുകയും ചെയ്‌തേക്കാം.

ചോദ്യങ്ങൾ വാചികമോ മാനസികമോ ആയ ഒരു പ്രതികരണത്തിനുള്ള ക്ഷണം ആയതുകൊണ്ട്‌ ശ്രോതാക്കളെ ചർച്ചയിൽ ഉൾപ്പെടുത്താൻ അവ ഉപകരിക്കുന്നു. സംഭാഷണങ്ങൾക്കു തുടക്കമിടാനും പ്രചോദനാത്മകമായ ആശയ കൈമാറ്റം ആസ്വദിക്കാനും ചോദ്യങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും. ഒരു പ്രസംഗകനും അധ്യാപകനും എന്ന നിലയിൽ നിങ്ങൾക്ക്‌, താത്‌പര്യം ഉണർത്താനോ ഒരു വിഷയത്തെ കുറിച്ചു യുക്തിസഹമായി ചിന്തിക്കുന്നതിന്‌ ആരെയെങ്കിലും സഹായിക്കാനോ നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക്‌ ഊന്നൽ നൽകാനോ ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. ചോദ്യങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുമ്പോൾ നിഷ്‌ക്രിയമായി കേട്ടിരിക്കുന്നതിനു പകരം ക്രിയാത്മകമായി ചിന്തിക്കാൻ നിങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ലക്ഷ്യം മനസ്സിൽപ്പിടിക്കുക, അതു കൈവരിക്കാൻ സഹായകമായ ഒരു വിധത്തിൽ ചോദ്യങ്ങൾ ചോദിക്കുക.

സംഭാഷണത്തിനു പ്രോത്സാഹിപ്പിക്കാൻ. വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, ആശയപ്രകടനം നടത്താൻ ആളുകൾ ഒരുക്കമാണെങ്കിൽ അവരെ അതിനു പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുക.

“. . . എന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” എന്നു കേവലം ചോദിച്ചുകൊണ്ട്‌ പല സാക്ഷികളും രസകരമായ ചർച്ചകൾക്കു തുടക്കം കുറിക്കുന്നു. പലയാളുകളുടെയും മനസ്സിലുള്ള ഒരു ചോദ്യം തന്നെ അവർ തിരഞ്ഞെടുക്കുമ്പോൾ അവർക്കു വയൽശുശ്രൂഷയിൽ ആസ്വാദ്യമായ സംഭാഷണങ്ങൾ നടത്താൻ കഴിയുമെന്ന്‌ ഏറെക്കുറെ ഉറപ്പാണ്‌. ചോദ്യം മറ്റേ വ്യക്തി അതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒന്നാണെങ്കിൽ കൂടി അത്‌ അയാളുടെ ജിജ്ഞാസ ഉണർത്തിയേക്കാം. “. . . -നെ കുറിച്ച്‌ നിങ്ങൾ എന്തു വിചാരിക്കുന്നു?,” “. . . -നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്‌?,” “. . . എന്നതു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” തുടങ്ങിയ വാക്കുകൾ ചേർത്ത്‌ നിങ്ങൾക്ക്‌ ഒട്ടനവധി വിഷയങ്ങളെ കുറിച്ചു ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിയും.

സുവിശേഷകനായ ഫിലിപ്പൊസ്‌, യെശയ്യാ പ്രവചനം ഉറക്കെ വായിച്ചുകൊണ്ടിരുന്ന എത്യോപ്യൻ രാജകൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനെ സമീപിച്ച്‌ “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്നു ചോദിച്ചു. (പ്രവൃ. 8:30) ഈ ചോദ്യം ഫിലിപ്പൊസിന്‌ യേശുക്രിസ്‌തുവിനെ കുറിച്ചുള്ള സത്യങ്ങൾ വിശദീകരിക്കാനുള്ള വഴി തുറന്നുകൊടുത്തു. സമാനമായ ഒരു ചോദ്യം ഉപയോഗിച്ചുകൊണ്ട്‌ ചില ആധുനികകാല സാക്ഷികൾ ബൈബിൾ സത്യത്തിന്റെ വ്യക്തമായ ഗ്രാഹ്യത്തിനായി ശരിക്കും വിശന്നിരുന്ന ആളുകളെ കണ്ടെത്തിയിരിക്കുന്നു.

സ്വന്തം വീക്ഷണങ്ങൾ വെളിപ്പെടുത്താൻ അവസരം നൽകുന്നപക്ഷം, പലരും നിങ്ങൾ പറയുന്നതു കേൾക്കാൻ കൂടുതൽ ചായ്‌വു കാണിക്കും. ഒരു ചോദ്യം ചോദിച്ച ശേഷം, ശ്രദ്ധിച്ചു കേട്ടിരിക്കുക. മറ്റേ വ്യക്തിയുടെ മറുപടി വിമർശന മനോഭാവത്തോടെയല്ല, പകരം ദയാപൂർവം സ്വീകരിക്കുക. ആത്മാർഥമായി അഭിനന്ദിക്കാൻ കഴിയുന്ന അവസരങ്ങളിൽ അങ്ങനെ ചെയ്യുക. ഒരിക്കൽ, ഒരു ശാസ്‌ത്രി “ബുദ്ധിയോടെ ഉത്തരം പറഞ്ഞ”പ്പോൾ “നീ ദൈവരാജ്യത്തോടു അകന്നവനല്ല” എന്നു പറഞ്ഞുകൊണ്ട്‌ യേശു അവനെ അഭിനന്ദിച്ചു. (മർക്കൊ. 12:34) മറ്റേ വ്യക്തിയുടെ വീക്ഷണത്തോടു നിങ്ങൾ യോജിക്കുന്നില്ലെങ്കിൽ കൂടി, തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിന്‌ നിങ്ങൾക്ക്‌ അദ്ദേഹത്തോടു നന്ദി പറയാൻ കഴിയും. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അദ്ദേഹവുമായി ബൈബിൾ സത്യം പങ്കുവെക്കുമ്പോൾ നിങ്ങൾ മനസ്സിൽ പിടിക്കേണ്ട അദ്ദേഹത്തിന്റെ ഒരു മനോഭാവം നിങ്ങൾക്കു വെളിപ്പെടുത്തി തന്നേക്കാം.

പ്രധാനപ്പെട്ട ആശയങ്ങളിലേക്കു നയിക്കുന്നതിന്‌. നിങ്ങൾ ഒരു കൂട്ടത്തോടു സംസാരിക്കുകയോ ഒരു വ്യക്തിയുമായി സംഭാഷണത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ, സുപ്രധാന ആശയങ്ങളിലേക്ക്‌ അവരെ നയിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ചോദ്യങ്ങൾ സദസ്സിന്‌ യഥാർഥ താത്‌പര്യമുള്ള വിഷയങ്ങളെ കുറിച്ചുള്ളതാണെന്ന്‌ ഉറപ്പുവരുത്തുക. ഉത്തരം പ്രഥമദൃഷ്ട്യാ വ്യക്തമല്ലാത്തതും അതു നിമിത്തം ജിജ്ഞാസ ഉണർത്തുന്നതുമായ ചോദ്യങ്ങളും നിങ്ങൾക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ചോദ്യം ഉന്നയിച്ച ശേഷം നിങ്ങൾ അൽപ്പനേരം നിറുത്തുന്നെങ്കിൽ തുടർന്നു പറയുന്ന കാര്യങ്ങൾ നിങ്ങളുടെ സദസ്സ്‌ വർധിച്ച താത്‌പര്യത്തോടെ കേൾക്കാനിടയുണ്ട്‌.

ഒരിക്കൽ, മീഖാ പ്രവാചകൻ ചോദ്യങ്ങളുടെ ഒരു പരമ്പരതന്നെ ഉപയോഗിക്കുകയുണ്ടായി. ദൈവം തന്റെ ആരാധകരിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നു എന്നു ചോദിച്ച ശേഷം പ്രവാചകൻ വേറെ നാലു ചോദ്യങ്ങൾ കൂടെ ഉന്നയിച്ചു. ഉത്തരമുള്ള ചോദ്യങ്ങളായിരുന്നു അവ ഓരോന്നും. ആ ചോദ്യങ്ങളെല്ലാം, തന്റെ ചർച്ചയുടെ ആ ഭാഗത്തിന്റെ ഉപസംഹാരത്തിൽ അവൻ നൽകിയ ഉൾക്കാഴ്‌ച നിഴലിക്കുന്ന ഉത്തരത്തിനായി വായനക്കാരെ ഒരുക്കുന്നു. (മീഖാ 6:​6-8, NW) മറ്റുള്ളവരെ പഠിപ്പിക്കുന്ന അവസരത്തിൽ നിങ്ങൾക്കും ഇതേപോലെ ചെയ്യാൻ കഴിയുമോ? ശ്രമിച്ചു നോക്കുക.

വിഷയത്തെ കുറിച്ചു യുക്തിസഹമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്‌. ഒരു വാദമുഖത്തിന്റെ യുക്തി മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു ചോദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. ഇസ്രായേലിനോട്‌ ഗൗരവമർഹിക്കുന്ന ഒരു പ്രഖ്യാപനം നടത്തവേ, യഹോവ അങ്ങനെ ചെയ്‌തു. മലാഖി 1:​2-10-ലാണ്‌ നമുക്ക്‌ ഇതു കാണാൻ കഴിയുന്നത്‌. “ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു” എന്ന്‌ അവൻ ആദ്യം അവരോടു പറഞ്ഞു. ആ സ്‌നേഹം വിലമതിക്കാൻ അവർ പരാജയപ്പെട്ടു. അതുകൊണ്ട്‌ “ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ” എന്ന്‌ അവൻ ചോദിച്ചു. തുടർന്ന്‌ യഹോവ, ഏദോമിന്റെ ദുഷ്ടത നിമിത്തം താൻ ആ ജനതയെ സ്‌നേഹിക്കാഞ്ഞതിന്റെ തെളിവായി അവരുടെ ദേശത്തിന്റെ ശൂന്യാവസ്ഥ ചൂണ്ടിക്കാട്ടി. അതിനുശേഷം, തന്റെ സ്‌നേഹത്തോടു ശരിയായി പ്രതികരിക്കാനുള്ള ഇസ്രായേലിന്റെ പരാജയം എടുത്തുകാട്ടാൻ അവൻ ദൃഷ്ടാന്തങ്ങളും ചോദ്യങ്ങളും ഇടകലർത്തി ഉപയോഗിച്ചു. ഈ ചോദ്യങ്ങളിൽ ചിലത്‌, അവിശ്വസ്‌ത പുരോഹിതന്മാർ ചോദിക്കുന്ന വിധത്തിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. യഹോവ പുരോഹിതന്മാരോടു ചോദിച്ചവയാണ്‌ മറ്റു ചിലത്‌. നമ്മുടെ വികാരങ്ങളെ തൊട്ടുണർത്തുകയും ശ്രദ്ധ പിടിച്ചുനിറുത്തുകയും ചെയ്യുന്ന വിധത്തിലുള്ള സംഭാഷണം; ഖണ്ഡിക്കാനാവാത്ത യുക്തി; മറക്കാനാവാത്ത സന്ദേശം. ഇതൊക്കെയാണ്‌ ആ വിവരണത്തിന്റെ പ്രത്യേകതകൾ.

ചില പ്രസംഗകർ സമാനമായ വിധത്തിൽ, ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്നു. ഫലമോ, വാചികമായ ഒരു മറുപടി പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും സദസ്സ്‌ വിഷയത്തിൽ മാനസികമായി മുഴുകുന്നു, ഒരു സംഭാഷണത്തിൽ പങ്കെടുക്കുന്നതുപോലെ.

ബൈബിൾ അധ്യയനങ്ങൾ നടത്തുമ്പോൾ, വിദ്യാർഥിയുടെ പങ്കുപറ്റൽ വേണ്ടിവരുന്ന ഒരു രീതിയാണ്‌ നമ്മൾ അവലംബിക്കുന്നത്‌. വിദ്യാർഥി, അച്ചടിച്ച താളിൽനിന്ന്‌ ഉത്തരങ്ങൾ അതുപടി പറയാതെ സ്വന്തം വാചകത്തിൽ പറയുന്നെങ്കിൽ അത്‌ ഏറെ പ്രയോജനകരമാണ്‌. ദയാപൂർവകമായ ഒരു സ്വരത്തിൽ ഉപചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ യുക്തിസഹമായി ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക. മുഖ്യ ആശയങ്ങളെ കുറിച്ചുള്ള മറുപടികൾ ബൈബിളിനെ അടിസ്ഥാനമാക്കി പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. കൂടാതെ നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിയും: “നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന കാര്യം നാം നേരത്തേ പഠിച്ച മറ്റേ ആ പോയിന്റുമായി ഏതു വിധത്തിലാണു ബന്ധപ്പെട്ടിരിക്കുന്നത്‌? അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? നമ്മുടെ ജീവിതത്തെ അത്‌ ഏതു വിധത്തിൽ സ്വാധീനിക്കണം?” ഈ രീതി, കാര്യങ്ങളെ കുറിച്ചു നിങ്ങൾക്കുതന്നെ എത്രമാത്രം ബോധ്യമുണ്ടെന്നു പറയുകയോ നിങ്ങൾതന്നെ വിസ്‌തരിച്ച്‌ ഒരു വിശദീകരണം നൽകുകയോ ചെയ്യുന്നതിനെക്കാൾ ഫലപ്രദമാണ്‌. ഈ വിധത്തിൽ, ദൈവത്തെ ആരാധിക്കാൻ തക്കവണ്ണം “യുക്തിസഹമായി ചിന്തിക്കാനുള്ള” തന്റെ “പ്രാപ്‌തി” ഉപയോഗിക്കാൻ നിങ്ങൾ വിദ്യാർഥിയെ സഹായിക്കുന്നു.​—റോമ. 12:​1, NW.

വിദ്യാർഥിക്ക്‌ ഒരു ആശയം ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, ക്ഷമയോടിരിക്കുക. അദ്ദേഹം, നിങ്ങൾ പറയുന്ന കാര്യങ്ങളെ താൻ വർഷങ്ങളായി വിശ്വസിച്ചുപോരുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുകയായിരിക്കാം. വിഷയത്തെ ഒരു വ്യത്യസ്‌ത കോണിലൂടെ സമീപിക്കുന്നത്‌ ഉപകാരമായേക്കാം. എന്നിരുന്നാലും, ചിലപ്പോൾ അടിസ്ഥാന തലത്തിലുള്ള ന്യായവാദം ഉപയോഗിക്കേണ്ടി വരുന്നു. തിരുവെഴുത്തുകൾ യഥേഷ്ടം ഉപയോഗിക്കുക, അതുപോലെതന്നെ ദൃഷ്ടാന്തങ്ങളും. ഇവയ്‌ക്കൊപ്പം, തെളിവുകളെ കുറിച്ചു യുക്തിസഹമായി ചിന്തിക്കാൻ വ്യക്തിയെ ക്ഷണിക്കുന്ന ലളിതമായ ചോദ്യങ്ങളും ചോദിക്കുക.

ഉള്ളിലെ വികാരങ്ങൾ പുറത്തു കൊണ്ടുവരുന്നതിന്‌. ചോദ്യങ്ങൾക്ക്‌ മറുപടി പറയുമ്പോൾ ആളുകൾ എല്ലായ്‌പോഴും തങ്ങൾക്ക്‌ യഥാർഥത്തിൽ എന്തു തോന്നുന്നു എന്ന്‌ വെളിപ്പെടുത്തുന്നില്ല. നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന്‌ അവർക്കു തോന്നുന്ന ഉത്തരങ്ങൾ അവർ പറയുകയാണു ചെയ്യാറ്‌. വിവേകം ആവശ്യമാണ്‌. (സദൃ. 20:5) യേശു ചോദിച്ചതു പോലെ, ‘ഇതു നിങ്ങൾ വിശ്വസിക്കുന്നുവോ’ എന്ന്‌ നിങ്ങൾക്കു ചോദിക്കാവുന്നതാണ്‌.​—യോഹ. 11:⁠26.

യേശുവിന്റെ ശിഷ്യന്മാരിൽ പലരും അവൻ പറഞ്ഞതിൽ നീരസപ്പെട്ട്‌ അവനെ ഉപേക്ഷിച്ചു പോയപ്പോൾ, തങ്ങളുടെ വികാരങ്ങൾ വെളിപ്പെടുത്താൻ യേശു തന്റെ അപ്പൊസ്‌തലന്മാരെ ക്ഷണിച്ചു. അവൻ അവരോട്‌ “നിങ്ങൾക്കും പൊയ്‌കൊൾവാൻ മനസ്സുണ്ടോ” എന്നു ചോദിച്ചു. അപ്പോൾ പത്രൊസ്‌ അവരുടെ വികാരങ്ങൾ പിൻവരുന്ന വാക്കുകളിൽ പ്രകടിപ്പിച്ചു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.” (യോഹ. 6:67-69) മറ്റൊരു സന്ദർഭത്തിൽ യേശു തന്റെ ശിഷ്യന്മാരോട്‌ “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു. തുടർന്ന്‌ അവൻ “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചുകൊണ്ട്‌ തങ്ങളുടെതന്നെ ഹൃദയത്തിൽ ഉള്ളതു വെളിപ്പെടുത്താൻ അവരെ ക്ഷണിച്ചു. അതിനു പത്രൊസ്‌ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു” എന്നു മറുപടി പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)​—മത്താ. 16:13-16.

ബൈബിൾ അധ്യയനം നടത്തുമ്പോൾ, ചില കാര്യങ്ങളോടുള്ള ബന്ധത്തിൽ സമാനമായ ഒരു സമീപനം സ്വീകരിക്കുന്നതു പ്രയോജനകരമായി നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: “നിങ്ങളുടെ സഹപാഠികൾ (അല്ലെങ്കിൽ സഹജോലിക്കാർ) ഇതിനെ എങ്ങനെയാണു വീക്ഷിക്കുന്നത്‌?” തുടർന്ന്‌ നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിയും: “നിങ്ങൾക്ക്‌ അതേക്കുറിച്ച്‌ എന്തു തോന്നുന്നു?” ഒരു വ്യക്തിയുടെ യഥാർഥ വികാരങ്ങൾ തിരിച്ചറിയുമ്പോൾ ഒരു അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥിയെ സഹായിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കും നിങ്ങൾ.

ഊന്നൽ നൽകുന്നതിന്‌. ആശയങ്ങൾക്ക്‌ ഊന്നൽ നൽകാനും ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും. റോമർ 8:​31, 32-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, പൗലൊസ്‌ അപ്പൊസ്‌തലൻ അങ്ങനെ ചെയ്‌തു. അവിടെ നാം വായിക്കുന്നു: ‘ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്‌പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്‌കാതിരിക്കുമോ?’ ഓരോന്നിലും ചോദ്യം തൊട്ടു മുമ്പത്തെ വാക്യാംഗത്തെ​—⁠ചെരിച്ചെഴുതിയിരിക്കുന്ന ഭാഗം​—വിപുലമാക്കുന്നതു ശ്രദ്ധിക്കുക.

ബാബിലോൺ രാജാവിന്‌ എതിരെയുള്ള യഹോവയുടെ ന്യായവിധിയെ കുറിച്ചു രേഖപ്പെടുത്തിയ ശേഷം, പിൻവരുന്ന പ്രകാരം കൂട്ടിച്ചേർത്തുകൊണ്ട്‌ യെശയ്യാ പ്രവാചകൻ ശക്തമായ ബോധ്യം പ്രകടമാക്കി: “സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?” (യെശ. 14:27) അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആശയം നിഷേധിക്കാനാവാത്തതാണെന്ന്‌ അത്തരം ചോദ്യങ്ങളുടെ ഉള്ളടക്കം തന്നെ സൂചിപ്പിക്കുന്നു. മറുപടി ഒന്നും പ്രതീക്ഷിക്കപ്പെടുന്നില്ല.

തെറ്റായ ചിന്താഗതിയെ തുറന്നു കാട്ടാൻ. ശ്രദ്ധാപൂർവം ചിന്തിച്ചെടുത്ത ചോദ്യങ്ങൾ തെറ്റായ ചിന്താഗതിയെ തുറന്നുകാട്ടാനുള്ള ശക്തമായ ഉപകരണങ്ങൾ കൂടിയാണ്‌. ഒരു മനുഷ്യനെ സുഖപ്പെടുത്തുന്നതിനു മുമ്പ്‌ യേശു പരീശന്മാരോടും ന്യായശാസ്‌ത്രിമാരോടും “ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ” എന്നു ചോദിച്ചു. സൗഖ്യമാക്കിയ ശേഷം അവൻ അവരോടു വീണ്ടും ഒരു ചോദ്യം ചോദിച്ചു: “നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണററിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ?” (ലൂക്കൊ. 14:1-6) മറുപടിയൊന്നും പ്രതീക്ഷിച്ചില്ല, ആരും മറുപടിയൊന്നും പറഞ്ഞതുമില്ല. ആ ചോദ്യങ്ങൾ അവരുടെ തെറ്റായ ചിന്താഗതിയെ തുറന്നുകാട്ടി.

ചിലപ്പോൾ സത്യക്രിസ്‌ത്യാനികൾ പോലും തെറ്റായ ചിന്താഗതിയിൽ അകപ്പെട്ടേക്കാം. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ ക്രിസ്‌ത്യാനികളിൽ ചിലർ, അവർതന്നെ പരിഹരിക്കേണ്ടിയിരുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ തങ്ങളുടെ സഹോദരന്മാരെ കോടതി കയറ്റി. അപ്പൊസ്‌തലനായ പൗലൊസ്‌ എങ്ങനെയാണ്‌ ഈ പ്രശ്‌നം കൈകാര്യം ചെയ്‌തത്‌? അവരുടെ ചിന്താഗതിയെ ക്രമപ്പെടുത്താൻ അവൻ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുടെ ഒരു പരമ്പരതന്നെ അവരുടെ മുന്നിൽ നിരത്തി.​—1 കൊരി. 6:​1-8.

പരിശീലനംകൊണ്ട്‌, ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്നത്‌ എങ്ങനെയെന്നു പഠിക്കാൻ കഴിയും. എന്നാൽ, ആദരവുള്ളവരായിരിക്കുക. പ്രത്യേകിച്ചും നിങ്ങളെക്കാൾ പ്രായമുള്ളവരോടും വ്യക്തിപരമായി നിങ്ങൾക്ക്‌ അടുത്ത്‌ അറിയാൻ പാടില്ലാത്തവരോടും അധികാരസ്ഥാനങ്ങളിൽ ഉള്ളവരോടും സംസാരിക്കുമ്പോൾ. ബൈബിൾ സത്യം ഹൃദ്യമായ വിധത്തിൽ അവതരിപ്പിക്കുന്നതിന്‌ ചോദ്യങ്ങൾ ഉപയോഗിക്കുക.

അത്‌ ചെയ്യാവുന്ന വിധം

  • സംഭാഷണത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിന്‌, മറ്റേ വ്യക്തി വളരെ പ്രധാനമെന്നു കരുതുന്ന കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉപയോഗിക്കുക.

  • ഒരു പ്രധാനപ്പെട്ട ആശയം പറയുന്നതിനു മുമ്പ്‌, അതു ശ്രദ്ധിക്കാൻ മറ്റുള്ളവരിൽ ആഗ്രഹം ജനിപ്പിക്കുന്ന ഒരു ചോദ്യം ചോദിക്കാൻ ശ്രമിക്കുക.

  • നടത്തിയ പ്രസ്‌താവനകൾക്കുള്ള അടിസ്ഥാനവും അവതരിപ്പിക്കപ്പെട്ട സത്യങ്ങളുടെ യുക്തിയും ആ സത്യങ്ങൾ ആളുകളുടെ ജീവിതത്തിൽ ഉളവാക്കുന്ന നല്ല ഫലങ്ങളും കാണാൻ അവരെ സഹായിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉപയോഗിക്കുക.

  • വസ്‌തുതകൾ ഉരുവിടാൻ മാത്രമല്ല, പഠിക്കുന്ന കാര്യത്തെ കുറിച്ച്‌ എന്തു തോന്നുന്നുവെന്നു പറയാനും വിദ്യാർഥിയെ ക്ഷണിക്കുന്നതിനു ചോദ്യങ്ങൾ ഉപയോഗിക്കുക.

അഭ്യാസങ്ങൾ: (1) സാക്ഷീകരണം നടത്തേണ്ട പ്രദേശം മനസ്സിൽ പിടിച്ചുകൊണ്ട്‌, ആളുകളുമായുള്ള അർഥവത്തായ സംഭാഷണങ്ങൾക്കു വഴി തുറക്കുന്നതിന്‌ നിങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന പല ചോദ്യങ്ങൾ തയ്യാറാകുക. (2) യഹൂദന്മാർക്കും വിജാതീയർക്കും ദൈവമുമ്പാകെയുള്ള നിലയെ കുറിച്ച്‌ യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനു പൗലൊസ്‌ ചോദ്യങ്ങൾ ഉപയോഗിച്ച വിധത്തിനു പ്രത്യേകം ശ്രദ്ധ കൊടുത്തുകൊണ്ട്‌ റോമർ 3-ാം അധ്യായം വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക