അധ്യായം പതിനഞ്ച്
അവൾ ദൈവജനത്തിന് തുണ നിന്നു
1-3. (എ) ഭർത്താവിനെ കാണാൻ പോകുകയെന്ന ചിന്തതന്നെ എസ്ഥേരിനെ ഭയപ്പെടുത്തിയിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) എസ്ഥേരിനെ സംബന്ധിച്ച് ഏതെല്ലാം ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
എസ്ഥേർ നടക്കുകയാണ്. അവളുടെ നെഞ്ചിടിപ്പ് കൂടി. ഉള്ളിലെ ആധിയും പരിഭ്രമവും അടക്കാൻ അവൾ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ, പറ്റുന്നില്ല. അവൾ നടന്നടുക്കുന്നത് ശൂശൻ രാജധാനിയുടെ അങ്കണത്തിലേക്കാണ്. കാണുന്നവരിൽ വിസ്മയവും അമ്പരപ്പും ഒരുപോലെ നിറയ്ക്കുന്ന നിർമിതിയാണ് ആ കൊട്ടാരം. ചുവരുകളിൽ വൈവിധ്യമാർന്ന ബഹുവർണ കൊത്തുരൂപങ്ങൾ! ചിറകുള്ള കാളകൾ, വില്ലാളിവീരന്മാർ, ഇഷ്ടികഭിത്തിയിൽ കൊത്തുപണി ചെയ്ത് മിനുക്കിയെടുത്ത മിഴിവാർന്ന സിംഹരൂപങ്ങൾ, അങ്ങനെയെന്തെല്ലാം! ചിത്രപ്പണി ചെയ്ത കൂറ്റൻ കരിങ്കൽ സ്തംഭങ്ങളും ശില്പകലയുടെ അഴകത്രയും വിളങ്ങിനിൽക്കുന്ന ശിലാരൂപങ്ങളും കൊണ്ട് പ്രൗഢമായ അരമന! മഞ്ഞുതൊപ്പിയണിഞ്ഞ സാഗ്രോസ് പർവതനിരയുടെ അരികുപറ്റി കെട്ടിയുയർത്തിയ വിശാലമായ സമനിരപ്പിൽ വിലസുകയാണ് ഈ കൊട്ടാരം. കോസ്പസ് നദിയിലെ തെളിനീരിൽ മുഖം നോക്കിനിൽക്കുന്ന രാജധാനി! ‘മഹാനായ ചക്രവർത്തി’ എന്നു സ്വയം വിശേഷിപ്പിച്ച ആളുടെ വസതിയാണ് ഇത്! തന്റെ അപാരമായ അധികാരവും പ്രതാപവും അവിടെയെത്തുന്ന ഓരോ സന്ദർശകനെയും ബോധ്യപ്പെടുത്താനായി പണിതുയർത്തിയതാണ് ഇതത്രയും! എസ്ഥേർ കാണാൻ വന്നിരിക്കുന്നത് അദ്ദേഹത്തെയാണ്, അഹശ്വേരോശിനെ! അദ്ദേഹം മറ്റാരുമല്ല, അവളുടെ ഭർത്താവാണ്!
2 ഭർത്താവോ! അതെങ്ങനെ? ദൈവഭക്തയായ ഒരു യഹൂദപെൺകുട്ടിക്ക് അഹശ്വേരോശിനെപ്പോലെ ഒരാളെ ഭർത്താവായി സങ്കല്പിക്കാനേ കഴിയില്ല!a ദൈവദാസനായിരുന്ന അബ്രാഹാമിനെപ്പോലെയൊന്നുമല്ല അദ്ദേഹം. അങ്ങനെയുള്ളവരെ മാതൃകയാക്കാൻ അദ്ദേഹം കൂട്ടാക്കുകയുമില്ല. തന്റെ ഭാര്യയായ സാറായുടെ വാക്ക് കേൾക്കാൻ ദൈവം പറഞ്ഞപ്പോൾ താഴ്മയോടെ അനുസരിച്ച ഭർത്താവായിരുന്നു അബ്രാഹാം. (ഉല്പ. 21:12) എസ്ഥേരിന്റെ ദൈവമായ യഹോവയെക്കുറിച്ചോ അവന്റെ ശ്രേഷ്ഠമായ ന്യായപ്രമാണസംഹിതയെക്കുറിച്ചോ ഈ രാജാവിന് ഒന്നുംതന്നെ അറിയില്ലായിരുന്നു. അഹശ്വേരോശിന് അറിയാവുന്നത് പേർഷ്യൻ നിയമസംഹിതയാണ്. എസ്ഥേർ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ആ നിയമസംഹിതയ്ക്ക് വിരുദ്ധമാണ്. എന്താണ് അത്? പേർഷ്യൻ നിയമപ്രകാരം, ചക്രവർത്തി വിളിച്ചിട്ടല്ലാതെ ആരെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ ചെന്നാൽ അയാൾക്ക് മരണശിക്ഷയാണ് ലഭിക്കുക! എസ്ഥേരിന് ഇപ്പോൾ രാജാവിന്റെ ക്ഷണം ലഭിച്ചിട്ടില്ല. എന്നിട്ടും അവൾ രാജസന്നിധിയിലേക്ക് പോകുകയാണ്. അവൾ അകത്തളത്തിലേക്ക് നടന്നടുത്തു. ഇപ്പോൾ രാജാവിന് സിംഹാസനത്തിലിരുന്നാൽ അവളെ കാണാം. മരണത്തിലേക്കാണ് താൻ ചുവടുകൾ വെക്കുന്നതെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും.—എസ്ഥേർ 4:11; 5:1 വായിക്കുക.
3 ഈ പെൺകുട്ടി അറിഞ്ഞുകൊണ്ട് എന്തിനാണ് ആപത്തിൽ ചാടാൻ നോക്കുന്നത്? ഇവളുടെ ശ്രദ്ധേയമായ വിശ്വാസത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ആദ്യം നമുക്ക് എസ്ഥേർ, പേർഷ്യയുടെ രാജ്ഞി എന്ന അസാധാരണപദവിയിൽ എത്താൻ ഇടയായത് എങ്ങനെയാണെന്ന് നോക്കാം.
എസ്ഥേരിന്റെ പശ്ചാത്തലം
4. എസ്ഥേരിന്റെ പശ്ചാത്തലം എന്തായിരുന്നു, അവൾ തന്റെ ബന്ധുവായ മൊർദെഖായിയുടെ വീട്ടിൽ വളരാൻ ഇടയായത് എങ്ങനെ?
4 ഒരു അനാഥബാലികയായിരുന്നു എസ്ഥേർ. അവളുടെ അച്ഛനമ്മമാർ അവൾക്ക് ഹദസ്സ എന്നു പേരിട്ടിരുന്നു. ഹദസ്സ എന്നത് വെളുത്ത പൂക്കളുള്ള ഒരിനം സുഗന്ധച്ചെടിയെ കുറിക്കാനുള്ള എബ്രായപദമാണ്. അവളുടെ അച്ഛനമ്മമാരെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. അവർ മരിച്ചപ്പോൾ അവളുടെ ബന്ധുവായ മൊർദെഖായി അവളെ ദത്തെടുത്തു. വളരെ മനസ്സലിവുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അവന്റെ ചിറ്റപ്പന്റെ മകളായിരുന്നു എസ്ഥേർ. എന്നാൽ മൊർദെഖായിക്ക് അവളെക്കാൾ വളരെ പ്രായമുണ്ടായിരുന്നു. അവൻ എസ്ഥേരിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സ്വന്തം മകളെപ്പോലെ വളർത്തി.—എസ്ഥേ. 2:5-7, 15.
മൊർദെഖായിക്ക് തന്റെ വളർത്തുമകളെക്കുറിച്ച് എന്നും അഭിമാനമായിരുന്നു
5, 6. (എ) മൊർദെഖായി എസ്ഥേരിനെ വളർത്തിയത് എങ്ങനെ? (ബി) ശൂശനിലെ അവരുടെ ജീവിതം എങ്ങനെയായിരുന്നു?
5 മൊർദെഖായിയും എസ്ഥേരും പേർഷ്യയുടെ തലസ്ഥാനനഗരിയിൽ യഹൂദപ്രവാസികളായി കഴിയുകയായിരുന്നു. തങ്ങളുടെ മതത്തിന്റെയും ന്യായപ്രമാണത്തിന്റെയും പേരിൽ അവർക്ക് കുറച്ചൊക്കെ മുൻവിധിയും അവഗണനയും സഹിക്കേണ്ടിവന്നിരിക്കാം. എന്നാൽ മൊർദെഖായി തന്റെ ഈ മകളെ യഹോവയെക്കുറിച്ച് പഠിപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിലുള്ള സ്നേഹബന്ധം ഏറിവന്നു. യഹോവ കരുണാമയനായ ദൈവമാണെന്നും മുൻകാലങ്ങളിൽ തന്റെ ജനം കുഴപ്പത്തിലായ സമയങ്ങളിലെല്ലാം അവരെ രക്ഷിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യുമെന്നും അവൻ അവൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. (ലേവ്യ. 26:44, 45) സ്നേഹവാത്സല്യങ്ങളും വിശ്വാസവും അടുപ്പവും ആദരവും എല്ലാം ഉൾച്ചേർന്ന ഒരു ബന്ധമായിരുന്നു അവരുടേത്.
6 മൊർദെഖായി ശൂശൻ രാജധാനിയിൽ ഏതോ ഒരു ഉദ്യോഗം വഹിച്ചിരുന്നതായി തോന്നുന്നു. അവൻ പതിവായി രാജധാനിയുടെ വാതിൽക്കൽ ഇരിക്കുന്നതായും, കൂടെ മറ്റ് രാജഭൃത്യന്മാരുള്ളതായും തിരുവെഴുത്തിൽ കാണാം. (എസ്ഥേ. 2:19, 21; 3:3) എസ്ഥേരെന്ന ബാലിക വളർന്നുവന്നപ്പോൾ സമയം ചെലവിട്ടിരുന്നത് എങ്ങനെയാണ്? ചില ഊഹങ്ങൾ നടത്താനേ നമുക്ക് കഴിയൂ. പക്ഷേ, ഒരു കാര്യം അവൾ എന്തായാലും ചെയ്തിട്ടുണ്ട്: അവൾ തന്റെ ഈ മൂത്ത ജ്യേഷ്ഠനെ നന്നായി പരിപാലിച്ചിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ ഓടിനടന്ന് ചെയ്തിട്ടുമുണ്ടാകും. രാജകൊട്ടാരത്തിന് എതിർവശത്ത് നദിക്ക് അക്കരെയുള്ള എളിയ ഭവനങ്ങളിൽ ഒന്നിലായിരിക്കാം അവർ പാർത്തിരുന്നത്. ശൂശനിലെ അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങാനൊക്കെ അവൾക്ക് ഇഷ്ടമായിരുന്നിരിക്കാം. സ്വർണപ്പണിക്കാരും വെള്ളിപ്പണിക്കാരും മറ്റു വ്യാപാരികളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്ന വിലപിടിപ്പുള്ള ആടയാഭരണങ്ങളും മറ്റും അവൾ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടാകില്ലേ? ഈ ആഡംബരവസ്തുക്കൾ ഒരിക്കൽ തന്റെ നിത്യോപയോഗവസ്തുക്കളായി മാറുമെന്ന് അവൾ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ല! ഭാവി എന്തായിത്തീരുമെന്ന് ഈ എളിയ യഹൂദപ്പെൺകുട്ടി എങ്ങനെ അറിയാൻ!
അവൾ “രൂപവതിയും സുമുഖിയും ആയിരുന്നു”
7. വസ്ഥിയെ രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിയത് എന്തുകൊണ്ട്, തുടർന്ന് എന്തുണ്ടായി?
7 അങ്ങനെയൊരു ദിവസം ശൂശനിൽ ഒരു വാർത്ത പരന്നു. എല്ലാവരും അടക്കിപ്പിടിച്ച സംസാരത്തിലാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടായിരിക്കുന്നു! സംഭവം ഇതാണ്: അഹശ്വേരോശ് രാജാവ് തന്റെ പ്രഭുക്കന്മാർക്കും കുലീനന്മാർക്കും ആയി ഒരു വലിയ വിരുന്ന് കഴിക്കുകയായിരുന്നു. വീഞ്ഞും എല്ലാത്തരം വിഭവങ്ങളും ഒരുക്കിയുള്ള ഒരു കെങ്കേമം വിരുന്ന്! അതേസമയം വസ്ഥി രാജ്ഞി തോഴിമാരും അന്തഃപുരസ്ത്രീകളും ആയി അരമനയിൽത്തന്നെ മറ്റൊരു വിരുന്ന് നടത്തുന്നുണ്ടായിരുന്നു. സുന്ദരിയായിരുന്നു വസ്ഥി രാജ്ഞി. വിശിഷ്ടാതിഥികൾക്ക് അവളെ പരിചയപ്പെടുത്താൻ രാജാവ് ആഗ്രഹിച്ചു. രാജസന്നിധിയിൽ വരാൻ അദ്ദേഹം അവൾക്ക് ആളയച്ചു. പക്ഷേ, അവൾ വരാൻ കൂട്ടാക്കിയില്ല. അപമാനിതനായ രാജാവ് കോപംകൊണ്ട് ജ്വലിച്ചു. വസ്ഥിക്ക് ഏത് ശിക്ഷ വിധിക്കണമെന്ന് അദ്ദേഹം ഉപദേശകരോട് ആരാഞ്ഞു. വസ്ഥിയെ രാജ്ഞിപദത്തിൽനിന്ന് നീക്കം ചെയ്യാനും അവൾക്കു പകരം മറ്റൊരാളെ രാജ്ഞിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനും അവർ ഉപദേശിച്ചു. അത് രാജാവിന് സമ്മതമായി. രാജസേവകന്മാർ നാടെങ്ങും നടന്ന് സുന്ദരികളായ കന്യകമാരെ തിരയാൻ തുടങ്ങി. അവരിൽനിന്ന് രാജാവിന് ബോധിച്ച ഒരാളെ പുതിയ രാജ്ഞിയായി തിരഞ്ഞെടുക്കും.—എസ്ഥേ. 1:1–2:4.
8. (എ) എസ്ഥേർ വളർന്നുവന്നപ്പോൾ മൊർദെഖായിക്ക് അവളെപ്പറ്റി കുറച്ചൊരു ഉത്കണ്ഠ തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള ബൈബിളിന്റെ സമനിലയുള്ള വീക്ഷണം എങ്ങനെ പിൻപറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? (സദൃശവാക്യങ്ങൾ 31:30-ഉം കാണുക.)
8 തന്റെ കുഞ്ഞുപെങ്ങളെ വാത്സല്യത്തോടെ നോക്കിനിൽക്കുന്ന മൊർദെഖായിയെ നിങ്ങൾക്ക് കാണാനാകുന്നില്ലേ? വർഷങ്ങൾ കടന്നുപോയി. അവൾ വളർന്ന് അതിസുന്ദരിയായ ഒരു പെൺകിടാവായി. “യുവതി രൂപവതിയും സുമുഖിയും ആയിരുന്നു” എന്നാണ് വിവരണത്തിൽ നമ്മൾ വായിക്കുന്നത്. (എസ്ഥേ. 2:7) മൊർദെഖായിക്ക് അവളെ ഓർത്ത് അഭിമാനം തോന്നി. ഒപ്പം ഒരു അച്ഛന്റെ സഹജമായ ആശങ്കയും ആ മനസ്സിൽ കൂടുകെട്ടുന്നുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ച് സമനിലയുള്ള കാഴ്ചപ്പാടാണ് ബൈബിളിന്റേത്. അഴകും സൗന്ദര്യവും ആരെയും ആകർഷിക്കും. പക്ഷേ അതോടൊപ്പം വിവേകവും വിനയവും ഉണ്ടായിരിക്കണമെന്നു മാത്രം. അല്ലാത്തപക്ഷം പൊങ്ങച്ചം, ദുരഭിമാനം തുടങ്ങി മറ്റ് പല ദുർഗുണങ്ങളും ഹൃദയത്തിൽ ഇടംപിടിക്കും. (സദൃശവാക്യങ്ങൾ 11:22 വായിക്കുക.) ഇത് ശരിയാണെന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടില്ലേ? എസ്ഥേരിന്റെ സൗന്ദര്യം അവൾക്ക് നന്മയായി ഭവിക്കുമോ അതോ വിനയാകുമോ? അത് ഉടൻതന്നെ തെളിയാൻ പോകുകയായിരുന്നു.
9. (എ) എസ്ഥേരിനെ കാണാനിടയായ രാജസേവകന്മാർ എന്തു ചെയ്തു, മൊർദെഖായിയെ പിരിഞ്ഞത് അവൾക്ക് സങ്കടമായിരുന്നോ, എന്തുകൊണ്ട്? (ബി) വിജാതീയനായ ഒരാളെ വിവാഹം കഴിക്കാൻ മൊർദെഖായി സമ്മതിച്ചത് എന്തുകൊണ്ട്? (ചതുരവും കാണുക.)
9 എസ്ഥേരിനെ കണ്ട രാജഭൃത്യന്മാർക്ക് അവളെ ബോധിച്ചു. കൊട്ടാരത്തിലേക്കുള്ള മറ്റ് കന്യകമാരുടെ കൂടെ അവർ അവളെയും കൂട്ടി. അവളെ ഇപ്പോൾ മൊർദെഖായിയുടെ ചിറകിൻകീഴിൽനിന്ന് നദിക്ക് അക്കരെയുള്ള ആ വലിയ കൊട്ടാരക്കെട്ടിലേക്ക് കൊണ്ടുപോകുകയാണ്. (എസ്ഥേ. 2:8) ഈ വേർപാട് രണ്ടുപേർക്കും ഒരുപോലെ സങ്കടമുണ്ടാക്കിക്കാണും. കാരണം അച്ഛനും മകളും പോലെയായിരുന്നു അവർ! തന്റെ വളർത്തുമകളെ അവിശ്വാസിയായ ഒരാൾ വിവാഹം കഴിക്കാൻ മൊർദെഖായി ഏതായാലും ആഗ്രഹിക്കില്ല, അത് രാജാവായാൽപോലും! പക്ഷേ, ഇവിടെ അവൻ നിസ്സഹായനായിരുന്നു.b കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് മൊർദെഖായി അവൾക്ക് പല ഉപദേശങ്ങളും കൊടുത്തിട്ടുണ്ടാകില്ലേ? അതെല്ലാം അവൾ ഒന്നും വിടാതെ മനസ്സിൽ സൂക്ഷിച്ചിട്ടുമുണ്ടാകും! ശൂശൻ രാജധാനിയിലേക്കുള്ള യാത്രയ്ക്കിടെ അവളുടെ മനസ്സിലേക്ക് നൂറായിരം ചോദ്യങ്ങൾ വന്നുകയറി. എങ്ങനെയുള്ള ഒരു ജീവിതത്തിലേക്കാണ് ഈ യാത്ര?
‘അവൾ എല്ലാവരുടെയും പ്രീതി നേടി’
10, 11. (എ) പുതിയ ചുറ്റുപാടുകൾ അവളെ എളുപ്പത്തിൽ സ്വാധീനിക്കാമായിരുന്നത് എങ്ങനെയെല്ലാം? (ബി) എസ്ഥേരിന്റെ ക്ഷേമത്തിലുള്ള താത്പര്യം മൊർദെഖായി കാണിച്ചത് എങ്ങനെ?
10 എസ്ഥേർ ഒരു അത്ഭുതലോകത്തിലെത്തി! ഇതുവരെ കാണാത്ത കാഴ്ചകൾ! പുത്തൻ അനുഭവങ്ങൾ! വിചിത്രമായ ചുറ്റുപാടുകൾ! പേർഷ്യൻ സാമ്രാജ്യത്തിലെമ്പാടുനിന്നും തിരഞ്ഞെടുത്ത് കൊണ്ടുവന്ന “അനേകം യുവതി”കളിൽ ഒരാളായിരുന്നു അവൾ. ആ യുവതികളുടെ ആചാരങ്ങൾ പലത്, ഭാഷകൾ പലത്! ഏറെ വ്യത്യസ്തമായ ചിന്തയും പെരുമാറ്റവും! അന്തഃപുരപാലകനായ ഹേഗായി എന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരുന്നു അവരെല്ലാം. അവർക്ക് ഒരു വർഷം നീളുന്ന വിപുലമായ ഒരു സൗന്ദര്യവർധക ചികിത്സ ഏർപ്പെടുത്തിയിരുന്നു. സുഗന്ധതൈലങ്ങൾകൊണ്ടുള്ള ഉഴിച്ചിലും മറ്റും ഉൾപ്പെട്ട ഒരു സൗന്ദര്യചികിത്സ. (എസ്ഥേ. 2:8, 12) എങ്ങനെയും സൗന്ദര്യം വർധിപ്പിക്കണമെന്ന ഒരേയൊരു ചിന്തയിൽ മുഴുകി ജീവിക്കുന്ന കുറേ പെൺകുട്ടികൾ! ഊണിലും ഉറക്കത്തിലും അവരിൽ പലർക്കും ഇതുമാത്രമാകാം ചിന്ത. പൊങ്ങച്ചവും അസൂയയും മത്സരവും ഒക്കെ വളർന്നുമുറ്റാൻ പറ്റിയ ചുറ്റുപാട്. എസ്ഥേർ ജീവിക്കേണ്ടത് ഇവർക്കിടയിലാണ്!
11 മൊർദെഖായിയെപ്പോലെ എസ്ഥേരിന്റെ കാര്യത്തിൽ ചിന്തയുള്ള മറ്റൊരാളും ഈ ഭൂമിയിലില്ല. അവളുടെ സുഖവർത്തമാനം അറിയാൻ എല്ലാ ദിവസവും അവൻ അന്തഃപുരത്തിന് അരികിലോളം ചെല്ലും. (എസ്ഥേ. 2:11) ഒരുപക്ഷേ, മൊർദെഖായിയെ പരിചയമുള്ള കൊട്ടാരസേവകരിൽ ആരെങ്കിലുമൊക്കെ എസ്ഥേരിനെക്കുറിച്ചുള്ള എന്തെങ്കിലും വിശേഷങ്ങൾ പറയും. അവ ഓരോന്ന് കേൾക്കുമ്പോഴും ആ ‘പിതാവിന്റെ’ മുഖം അഭിമാനംകൊണ്ട് തിളങ്ങിക്കാണില്ലേ? ആകട്ടെ, എന്തൊക്കെയാണ് എസ്ഥേരിന്റെ വിശേഷങ്ങൾ?
12, 13. (എ) കൊട്ടാരത്തിലുള്ളവർക്ക് എസ്ഥേർ എങ്ങനെയായിരുന്നു? (ബി) എസ്ഥേർ തന്റെ യഹൂദപാരമ്പര്യം വെളിപ്പെടുത്തിയില്ലെന്നു മനസ്സിലായപ്പോൾ മൊർദെഖായിക്ക് സന്തോഷം തോന്നിയത് എന്തുകൊണ്ടായിരിക്കാം?
12 അന്തഃപുരപാലകനായ ഹേഗായിക്ക് എസ്ഥേരിനോട് അത്രയ്ക്ക് ഇഷ്ടം തോന്നിയതുകൊണ്ട്, അവളോട് പ്രത്യേകപരിഗണനയും വാത്സല്യവും കാണിച്ചു. അവൾക്ക് ഏഴ് തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലവും കൊടുത്തു. “എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും” എന്ന് ബൈബിൾ അവളെക്കുറിച്ച് പറയുന്നു. (എസ്ഥേ. 2:9, 15) അവളുടെ സൗന്ദര്യം മാത്രമാണോ അവളെ എല്ലാവർക്കും ഇത്ര പ്രിയങ്കരിയാക്കിയത്? അല്ല, അതു മാത്രമല്ല അവരെ ആകർഷിച്ചത്, മറ്റു കാര്യങ്ങളുമുണ്ട്.
ബാഹ്യസൗന്ദര്യത്തെക്കാൾ വളരെയേറെ ആകർഷകമായ ഗുണങ്ങളാണ് താഴ്മയും വിവേകവും എന്ന് എസ്ഥേരിന് നന്നായി അറിയാമായിരുന്നു
13 ഉദാഹരണത്തിന്, ഈ വിവരണം നോക്കുക: “എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു.” (എസ്ഥേ. 2:10) താൻ യഹൂദവംശജയാണെന്ന് ആരും അറിയാതെ നോക്കണമെന്ന് മൊർദെഖായി അവളോട് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. രാജകുടുംബാംഗങ്ങൾക്കിടയിൽ യഹൂദരോട് കടുത്ത മുൻവിധിയുള്ളതായി അവന് അറിയാം. അതുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്. എസ്ഥേരിനെ കാണാൻ കിട്ടുന്നില്ലെങ്കിലും അവളെക്കുറിച്ച് കേൾക്കുന്നതെല്ലാം നല്ല വർത്തമാനങ്ങളാണ്! താൻ കൂടെയില്ലെങ്കിലും അവൾ ഇപ്പോഴും പറഞ്ഞതെല്ലാം അനുസരിച്ച് വിവേകത്തോടെയാണ് അവിടെ കഴിയുന്നത്. അത് അവന്റെ മനം കുളിർപ്പിച്ചു!
14. യുവപ്രായക്കാർക്ക് ഇന്ന് എസ്ഥേരിനെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
14 ഇന്നത്തെ യുവപ്രായക്കാർക്ക് ഇതിൽനിന്ന് ചിലത് പഠിക്കാനുണ്ട്. നിങ്ങളിൽ മിക്കവരും മാതാപിതാക്കളുടെ കൂടെയാണ് വളരുന്നത്. എന്നാൽ, ചിലരെ പോറ്റിവളർത്തുന്നത് ബന്ധുക്കളോ മറ്റാരെങ്കിലുമോ ആയിരിക്കും. എന്തായിരുന്നാലും നിങ്ങളുടെ രക്ഷിതാക്കളുടെ ഹൃദയത്തിന് അഭിമാനം പകരാൻ നിങ്ങൾക്കു കഴിയും! എപ്പോഴും നിങ്ങൾ അവരുടെ കൺവെട്ടത്തായിരിക്കണമെന്നില്ല. എന്തിനെയും കളിയായിട്ടെടുക്കുന്ന, സദാചാരബോധമില്ലാത്ത, ദ്രോഹബുദ്ധികളായ ആളുകൾക്കിടയിൽ നിങ്ങൾ പെട്ടുപോയേക്കാം. അപ്പോൾ ആ ദുഃസ്വാധീനങ്ങളെ ചെറുത്ത്, ശരിയെന്ന് നിങ്ങൾക്ക് ബോധ്യം വന്നിട്ടുള്ള ക്രിസ്തീയനിലവാരങ്ങളോട് പറ്റിനിൽക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എസ്ഥേരിനെപ്പോലെയാകുകയാണ്. അതു കണ്ട് നിങ്ങളുടെ സ്വർഗീയപിതാവായ യഹോവ സന്തോഷിക്കും!—സദൃശവാക്യങ്ങൾ 27:11 വായിക്കുക.
15, 16. (എ) എസ്ഥേർ എങ്ങനെയാണ് രാജാവിന്റെ സ്നേഹഭാജനമായത്? (ബി) എസ്ഥേരിന് ജീവിതത്തിൽ വന്ന മാറ്റങ്ങൾ വെല്ലുവിളിയായിത്തീരാമായിരുന്നത് എന്തുകൊണ്ട്?
15 അങ്ങനെ എസ്ഥേർ രാജസന്നിധിയിൽ ആനയിക്കപ്പെടേണ്ട ദിവസമെത്തി. അണിഞ്ഞൊരുങ്ങുമ്പോൾ സ്വന്തമായി ഭംഗി വരുത്തണമെന്നു തോന്നിയാൽ അതിനുവേണ്ട എന്തും എടുക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ എളിമയുണ്ടായിരുന്ന എസ്ഥേർ ഹേഗായി പറഞ്ഞ സാധനങ്ങൾ മാത്രമേ എടുത്തുള്ളൂ. (എസ്ഥേ. 2:15) രാജാവിന്റെ ഹൃദയം കവരാൻ സൗന്ദര്യം മാത്രം പോരെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാകും. അവളുടെ താഴ്മയും വിനയവും ആ രാജസദസ്സിൽ ഒരു അപൂർവകാഴ്ചയാകാൻ പോകുകയായിരുന്നു! അവൾക്ക് തെറ്റിപ്പോയോ?
16 വിവരണം പറയുന്നത് എന്താണെന്ന് നോക്കാം: “രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.” (എസ്ഥേ. 2:17) ആ എളിയ യഹൂദപെൺകുട്ടിയുടെ ജീവിതം പാടേ മാറി. അവളിപ്പോൾ രാജ്ഞിയാണ്! അന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ ചക്രവർത്തിയുടെ പട്ടമഹിഷി, മഹാറാണി! ഈ വലിയ മാറ്റവുമായി പൊരുത്തപ്പെട്ടുപോകാൻ ആ എളിയ പെൺകുട്ടിക്ക് അത്ര എളുപ്പമായിരുന്നെന്നു തോന്നുന്നില്ല. രാജ്ഞിപദം തലയ്ക്ക് പിടിച്ച് അവൾ അഹങ്കാരിയായോ? ഹേയ്, അങ്ങനെയൊന്നും സംഭവിച്ചില്ല!
17. (എ) എസ്ഥേർ വളർത്തച്ഛനെ പിന്നെയും അനുസരിച്ചുപോന്നത് എങ്ങനെ? (ബി) എസ്ഥേരിന്റെ മാതൃക നമുക്ക് ഇന്നു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 പിന്നീടങ്ങോട്ടും എസ്ഥേർ വളർത്തച്ഛനായ മൊർദെഖായിയോടുള്ള അനുസരണത്തിൽത്തന്നെ കഴിഞ്ഞു. യഹൂദജനതയുമായി തനിക്കുള്ള ബന്ധം അവൾ രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അഹശ്വേരോശിനെ വധിക്കാനുള്ള ഒരു ഗൂഢാലോചനയെപ്പറ്റി അറിയാനിടയായ മൊർദെഖായി, അത് എസ്ഥേരിനെ അറിയിച്ചു. അവൾ മൊർദെഖായിയുടെ നാമത്തിൽ അത് രാജാവിന്റെ അടുക്കലെത്തിച്ചു. അങ്ങനെ ആ രാജ്യദ്രോഹികളുടെ പദ്ധതി പൊളിഞ്ഞു. (എസ്ഥേ. 2:20-23) താഴ്മയും വിധേയത്വവും പുലർത്തിക്കൊണ്ട് തന്റെ ദൈവത്തിലുള്ള വിശ്വാസം അപ്പോഴും അവൾ തെളിയിച്ചു. എസ്ഥേരിന്റേതുപോലുള്ള അനുസരണം ഇന്ന് നമുക്ക് വളരെ അനിവാര്യമായ ഒരു ഗുണമാണ്. അനുസരണക്കേടും മത്സരവും സ്വീകാര്യമായി കാണുന്ന കാലമാണിത്. അങ്ങനെയാണ് വേണ്ടതെന്നുപോലും ചിലർ കരുതുന്നു. അനുസരണത്തിന് പുല്ലുവില മാത്രം! എന്നാൽ, യഥാർഥവിശ്വാസമുള്ള ആളുകൾ അനുസരണത്തെ നിധിയായി കാണും, എസ്ഥേരിനെപ്പോലെ!
എസ്ഥേരിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു
18. (എ) മൊർദെഖായി ഹാമാനെ കുമ്പിടാൻ വിസമ്മതിച്ചത് എന്തുകൊണ്ടായിരിക്കാം? (അടിക്കുറിപ്പും കാണുക.) (ബി) ഇന്നുള്ള ദൈവഭക്തരായ സ്ത്രീപുരുഷന്മാർ മൊർദെഖായിയുടെ മാതൃക അനുകരിക്കുന്നത് എങ്ങനെ?
18 അഹശ്വേരോശിന്റെ കൊട്ടാരത്തിൽ ഹാമാൻ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് സ്ഥാനക്കയറ്റം കിട്ടി ഉയർന്ന പദവിയിലെത്തി. രാജാവ് അയാളെ മന്ത്രിമാരിൽ പ്രധാനിയാക്കി. കൂടാതെ, രാജാവിന്റെ പ്രധാന ഉപദേഷ്ടാവും സാമ്രാജ്യത്തിലെ രണ്ടാമൻ എന്ന പദവിയും കല്പിച്ചുനൽകി. അയാളെ കാണുന്ന ഏതൊരാളും അയാളെ കുമ്പിടണമെന്ന ഒരു രാജകല്പനയും പുറപ്പെടുവിച്ചു. (എസ്ഥേ. 3:1-4) എന്നാൽ രാജാവിന്റെ ആ കല്പന മൊർദെഖായിയെ കുഴപ്പത്തിലാക്കി. രാജാവിനെ അനുസരിക്കാൻ മൊർദെഖായി തയ്യാറായിരുന്നു. എന്നാൽ ദൈവത്തെ അനാദരിച്ചുകൊണ്ട് ആ രാജകല്പന അനുസരിക്കാൻ അവന് മനസ്സായില്ല. ഹാമാൻ ആഗാഗ്യനായിരുന്നു എന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രവാചകനായ ശമുവേൽ വധിച്ച അമാലേക്യരാജാവായ ആഗാഗിന്റെ വംശപരമ്പരയിൽപ്പെട്ട ആളായിരിക്കാം ഈ ഹാമാൻ. (1 ശമൂ. 15:33) യഹോവയോടും ഇസ്രായേല്യരോടും ശത്രുത വെച്ചുപുലർത്തിയിരുന്ന ദുഷ്ടജനതയായിരുന്നു അമാലേക്യർ. ഒരു ജനതയെന്ന നിലയിൽ അവർ ദൈവമുമ്പാകെ ശപിക്കപ്പെട്ടവരായിരുന്നു.c (ആവ. 25:19) കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിശ്വസ്തനായ ഒരു യഹൂദന് എങ്ങനെ ഒരു അമാലേക്യനെ കുമ്പിടാൻ കഴിയും? കഴിയില്ല. അതുകൊണ്ട്, ഹാമാനെ കുമ്പിടാൻ മൊർദെഖായി തയ്യാറായില്ല! “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയത്രേ അധിപതിയായി അനുസരിക്കേണ്ടത്” എന്ന ബൈബിൾതത്ത്വം അനുസരിക്കുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാർ ഇക്കാലംവരെയും ഉണ്ടായിട്ടുണ്ട്. അതിനുവേണ്ടി, അവർ ജീവൻപോലും പണയപ്പെടുത്തിയിട്ടുമുണ്ട്.—പ്രവൃ. 5:29.
19. യഹൂദന്മാരെ എന്തു ചെയ്യാനാണ് ഹാമാൻ തീരുമാനിച്ചത്, അതിനു രാജാവിനെ സമ്മതിപ്പിക്കാൻ അവൻ എന്തെല്ലാം ചെയ്തു?
19 ഹാമാൻ ക്രുദ്ധനായി. എന്നാൽ മൊർദെഖായിയെ വകവരുത്താൻ അത് മതിയായ കാരണമായിരുന്നില്ല. മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം മുടിച്ചുകളയാൻ ഹാമാൻ ഉറച്ചു. അവൻ യഹൂദന്മാരെ വളരെ മോശക്കാരായി ചിത്രീകരിച്ച് രാജസന്നിധിയിൽ അവതരിപ്പിച്ചു. യഹൂദന്മാർ എന്ന് പേരെടുത്ത് പറയാതെ, നിന്റെ “രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു” എന്നു പറഞ്ഞുകൊണ്ട്, അവർ തീരെ നിസ്സാരരാണെന്നും സൂചിപ്പിച്ചു. ഇതെല്ലാം പോരാഞ്ഞ് അവർ രാജകല്പന അനുസരിക്കാത്തവരാണെന്നും അപകടകാരികളായ മത്സരികളാണെന്നും പറഞ്ഞുവെച്ചു. സാമ്രാജ്യമൊട്ടാകെയുള്ള യഹൂദന്മാരെ കൊന്നൊടുക്കാൻ വരുന്ന ചെലവുകൾക്കായി ഭീമമായ ഒരു തുക രാജഭണ്ഡാരത്തിലേക്ക് താൻ സംഭാവന ചെയ്യാമെന്നൊരു ആലോചനയും ഹാമാൻ ബോധിപ്പിച്ചു.d ഹാമാന്റെ മനസ്സിലുള്ള ഏത് ആലോചനയും നടപ്പാക്കാൻ സർവാധികാരവും കൊടുത്തുകൊണ്ട് രാജാവ് തന്റെ മുദ്രമോതിരം ഊരി ഹാമാനു നൽകി.—എസ്ഥേ. 3:5-10.
20, 21. (എ) പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള യഹൂദന്മാരെ ഹാമാന്റെ പ്രഖ്യാപനം എങ്ങനെ ബാധിച്ചു, അതു കേട്ട മൊർദെഖായിയുടെ പ്രതികരണമോ? (ബി) എസ്ഥേരിനോട് എന്തു ചെയ്യാനാണ് മൊർദെഖായി ആവശ്യപ്പെട്ടത്?
20 വൈകാതെ, കൊട്ടാരത്തിൽനിന്ന് കുതിരക്കാർ നാടുനീളെ പാഞ്ഞു. യഹൂദജനതയുടെ അന്ത്യം കുറിക്കുന്ന രാജകല്പനയുമായി ആ ദൂതന്മാർ വിശാലമായ സാമ്രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തി, കല്പന നാടെങ്ങും വിളംബരം ചെയ്തു. രാജകല്പന അങ്ങുദൂരെ യെരുശലേമിലും എത്തി. ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാരുടെ ഒരു ശേഷിപ്പ് നഗരം പുനർനിർമിക്കാൻ കഷ്ടപ്പെടുന്ന സമയമായിരുന്നു അത്. നഗരത്തിനാണെങ്കിൽ മതിൽപോലുമില്ല. ഈ കല്പന കേട്ട യെരുശലേം നിവാസികളുടെ അവസ്ഥയൊന്നു ചിന്തിച്ചുനോക്കൂ? രക്തം ഉറഞ്ഞുപോകുന്ന ഭീകരവാർത്ത കേട്ട് മൊർദെഖായി യെരുശലേമിനെയും ഇവിടെ ശൂശനിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചെല്ലാം ചിന്തിച്ചുകാണും. ഹൃദയം തകർന്ന്, വസ്ത്രം കീറി, ചാക്കുവസ്ത്രം ധരിച്ച്, തലയിൽ ചാരം വാരിയിട്ട് നഗരമധ്യത്തിൽ ചെന്ന് അവൻ ഉറക്കെ നിലവിളിച്ചു. അതേസമയം, ശൂശനിലെ യഹൂദന്മാർക്കും അവരുടെ ഉറ്റവർക്കും കൊലക്കയർ ഒരുക്കിയിട്ട് ഒന്നുമറിയാത്തവനെപ്പോലെ രാജാവിനൊപ്പം കുടിച്ച് രസിച്ചിരിക്കുകയാണ് ദ്രോഹിയായ ഹാമാൻ.—എസ്ഥേർ 3:12–4:1 വായിക്കുക.
21 സ്വജനത്തിന്റെ രക്ഷയ്ക്ക് താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് മൊർദെഖായിക്ക് തോന്നി. പക്ഷേ, അവന് എന്തു ചെയ്യാനാകും? മൊർദെഖായി എന്തോ സങ്കടത്തിലാണെന്ന് കേട്ടറിഞ്ഞ എസ്ഥേർ അവന് വസ്ത്രം കൊടുത്തയച്ചു. എന്നാൽ അവൻ അത് സ്വീകരിച്ചില്ല, ആശ്വാസം കൈക്കൊണ്ടുമില്ല. പ്രിയ മകളെ തന്നിൽനിന്ന് പറിച്ചെടുത്ത് ഒരു പുറജാതിരാജാവിന്റെ രാജ്ഞിയാകാൻ തന്റെ ദൈവമായ യഹോവ അനുവദിച്ചത് എന്തുകൊണ്ടാണ് എന്നത്, ഉത്തരം കിട്ടാത്ത ചോദ്യമായി അവനെ ഇത്രകാലവും അലട്ടിയിരുന്നിരിക്കാം. എന്നാൽ, ഇപ്പോൾ അവന് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയെന്നു തോന്നുന്നു. എസ്ഥേർ രാജ്ഞിക്ക് മൊർദെഖായി ഒരു സന്ദേശമയച്ചു. ഈ പ്രശ്നത്തിൽ, “തന്റെ ജനത്തിന്നു വേണ്ടി” തുണ നിന്ന് രാജാവിനോട് അപേക്ഷിക്കാൻ അവൻ എസ്ഥേരിനോട് ആവശ്യപ്പെട്ടു.—എസ്ഥേ. 4:4-8.
22. എസ്ഥേരിന് അവളുടെ ഭർത്താവായ രാജാവിന്റെ അടുക്കൽ മുഖം കാണിക്കാൻ ഭയം തോന്നിയത് എന്തുകൊണ്ടാണ്? (അടിക്കുറിപ്പും കാണുക.)
22 മൊർദെഖായിയുടെ സന്ദേശം വായിച്ച എസ്ഥേരിന് ഹൃദയം നിലച്ചതുപോലെയായി! ഇതാ, അവളുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധന! ഭയന്നുപോയ അവൾ മൊർദെഖായി ആവശ്യപ്പെട്ട കാര്യത്തിന്റെ ഗൗരവം തന്റെ മറുപടിയിലൂടെ അവനെ അറിയിച്ചു. രാജധാനിയിലെ കീഴ്വഴക്കം അവൾ മൊർദെഖായിയെ ഓർമിപ്പിച്ചു: ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്നത് മരണം വിളിച്ചുവരുത്തും. അങ്ങനെ ചെല്ലുന്ന ആൾ ആരായാലും അയാളുടെ നേരേ രാജാവ് തന്റെ സ്വർണചെങ്കോൽ നീട്ടിയെങ്കിൽ മാത്രമേ അയാൾ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ! എസ്ഥേരിന് രാജാവിൽനിന്ന് അത്തരമൊരു ദയാദാക്ഷിണ്യം പ്രതീക്ഷിക്കാനാകുമോ? ഹാജരാകാനുള്ള രാജകല്പന അനുസരിക്കാഞ്ഞ വസ്ഥിരാജ്ഞിക്കുണ്ടായ അനുഭവം അവളുടെ കണ്മുന്നിലുണ്ട്. അടുത്ത 30 ദിവസത്തേക്ക്, തന്നെ രാജാവ് ക്ഷണിച്ചിട്ടില്ലെന്ന് എസ്ഥേർ മൊർദെഖായിയോടു പറഞ്ഞു. രാജാവിന്റെ സ്വഭാവമാണെങ്കിൽ പെട്ടെന്ന് മാറുന്നതാണ്. ചിലപ്പോൾ തന്നോടുള്ള പ്രീതി നഷ്ടപ്പെട്ടിട്ടാണോ ഇത്ര ദീർഘമായ ഒരു കാലത്തേക്ക് തന്നെ വിളിക്കാത്തത്? എസ്ഥേരിന്റെ മനസ്സിലൂടെ ഈ ചിന്തകളും കടന്നുപോയിരിക്കാം.e—എസ്ഥേ. 4:9-11.
23. (എ) എസ്ഥേരിന്റെ വിശ്വാസം ഉറപ്പിക്കാൻ മൊർദെഖായി എന്താണ് ചെയ്തത്? (ബി) മൊർദെഖായിയെ മാതൃകയാക്കേണ്ടത് എന്തുകൊണ്ട്?
23 എസ്ഥേരിന്റെ വിശ്വാസം ബലപ്പെടുത്താൻ പോന്ന ദൃഢമായൊരു മറുപടിയാണ് മൊർദെഖായി നൽകിയത്. ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് അവൾക്ക് ചെയ്യാൻ കഴിയാതെവന്നാൽ, യഹൂദന്മാർക്ക് രക്ഷ വേറെ എവിടെനിന്നെങ്കിലും വരും എന്ന് അവൻ ബോധ്യത്തോടെ പറഞ്ഞു. രാജനിയമം പ്രാബല്യത്തിലായാൽ അവൾ അതിൽനിന്ന് ഒഴിവാകുമെന്ന് ഉറപ്പൊന്നുമില്ലെന്നും എസ്ഥേരിനോടു പറഞ്ഞു. യഹോവയിലുള്ള തന്റെ ആഴമായ വിശ്വാസമാണ് ഈ സന്ദർഭത്തിൽ മൊർദെഖായി കാണിച്ചത്. തന്റെ ജനം ഉന്മൂലനം ചെയ്യപ്പെടാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്നും അവന്റെ വാഗ്ദാനങ്ങൾ നിറവേറാതെ പോകില്ലെന്നും മൊർദെഖായിക്ക് ഉറപ്പായിരുന്നു. (യോശു. 23:14) പിന്നെ, മൊർദെഖായി എസ്ഥേരിനോട് ഇങ്ങനെ ചോദിച്ചു: “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” (എസ്ഥേ. 4:12-14) മൊർദെഖായി എന്ന മനുഷ്യന്റെ വിശ്വാസം മാതൃകയാക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ? അവൻ തന്റെ ദൈവമായ യഹോവയിൽ പൂർണമായി ആശ്രയിച്ചു. നമ്മൾ അങ്ങനെ ചെയ്യുമോ?—സദൃ. 3:5, 6.
മരണഭയം തോൽക്കുന്ന ശക്തമായ വിശ്വാസം!
24. എസ്ഥേർ വിശ്വാസവും ധൈര്യവും കാണിച്ചത് എങ്ങനെ?
24 എസ്ഥേരിന് ഇപ്പോൾ ഒരു തീരുമാനമെടുക്കേണ്ട സമയമായി. അവൾ മൊർദെഖായിക്ക് ഒരു മറുപടി കൊടുത്തയച്ചു: താൻ മൂന്നു ദിവസം ഉപവസിക്കാൻ പോകുകയാണ്. അവിടെയുള്ള യഹൂദരെയെല്ലാം വിളിച്ചുകൂട്ടി തന്നോടൊപ്പം ഉപവസിക്കുക. പിന്നെ ആ സന്ദേശം അവസാനിപ്പിക്കുന്നത് ധീരതയുടെയും വിശ്വാസത്തിന്റെയും ഉജ്ജ്വലമായ ഈ വാക്കുകളോടെയാണ്: “ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ!” (എസ്ഥേ. 4:15-17) ആ വിശ്വാസം, ആ ധൈര്യം, കാലങ്ങൾക്കിപ്പുറം കടന്ന് ഇന്നും പ്രതിധ്വനിക്കുന്നു! ആ മൂന്നു ദിവസം അവൾ ഉള്ളുരുകി പ്രാർഥിച്ചുകാണും അല്ലേ? ജീവിതത്തിൽ ഒരിക്കൽപ്പോലും അവൾ ഇത്ര തീവ്രമായ പ്രാർഥനകൾ നടത്തിയിട്ടുണ്ടാവില്ല. ഒടുവിൽ, സമയം വന്നു. രാജസന്നിധിയിലേക്കു പോകാൻ അവൾ ഒരുങ്ങുകയാണ്. രാജപത്നിയുടെ പ്രൗഢിയും പദവിയും വിളിച്ചോതുന്ന അതിമനോഹരമായ ഉടയാടകളും ആഭരണങ്ങളും അലങ്കാരങ്ങളും അണിഞ്ഞു. അങ്ങനെ തന്നെക്കൊണ്ടാകുന്നതെല്ലാം അവൾ ചെയ്തു. പിന്നെ രാജസന്നിധിയിലേക്കു പുറപ്പെട്ടു.
ദൈവജനത്തെ സംരക്ഷിക്കാൻ അവൾ ജീവൻ പണയപ്പെടുത്തി
25. എസ്ഥേർ തന്റെ ഭർത്താവിന്റെ മുമ്പാകെ ചെന്നപ്പോഴുള്ള സംഭവങ്ങൾ വിവരിക്കുക.
25 ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ എസ്ഥേർ രാജസഭയിലേക്ക് നടന്നു. ഇടതടവില്ലാതെ പ്രാർഥിച്ചുകൊണ്ട് നെഞ്ചിടിപ്പോടെ നടന്നുനീങ്ങുന്ന അവളുടെ അപ്പോഴത്തെ ഭാവം നമുക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ. അവൾ അകത്തളത്തിലേക്കു പ്രവേശിച്ചു. രാജാവ് സിംഹാസനത്തിലിരിക്കുന്നത് ഇപ്പോൾ അവൾക്കു കാണാം. ചീകിയൊതുക്കിയ ചുരുണ്ടമുടി. ചതുരാകൃതിയിൽ വെട്ടിയൊതുക്കി ഭംഗിവരുത്തിയ താടി. അദ്ദേഹത്തിന്റെ മുഖം ശാന്തമാണോ? അതോ ദേഷ്യത്തിലാണോ? അതൊന്ന് അറിയാൻ കഴിഞ്ഞെങ്കിൽ എന്നോർത്ത് അവൾ സൂക്ഷിച്ചുനോക്കിക്കാണും. ഒരുപക്ഷേ, അവൾക്ക് കുറച്ചൊന്നു കാത്തുനിൽക്കേണ്ടിവന്നിരിക്കാം, ആ ഓരോ നിമിഷവും ഓരോ യുഗങ്ങൾപോലെ അവൾക്ക് തോന്നിക്കാണും. അങ്ങനെ നിമിഷങ്ങൾ കഴിഞ്ഞു. അതാ, അവളുടെ ഭർത്താവ് അവളെ കണ്ടു. അദ്ദേഹം ശരിക്കും അമ്പരന്നുപോയി! പക്ഷേ ആ മുഖത്ത് മെല്ലെ പ്രസാദം പരന്നു. അദ്ദേഹം തന്റെ പൊൻചെങ്കോൽ അവൾക്കു നേരേ നീട്ടി!—എസ്ഥേ. 5:1, 2.
26. സത്യക്രിസ്ത്യാനികൾക്ക് എസ്ഥേരിനെപ്പോലെ ധൈര്യം ആവശ്യമുള്ളത് എന്തുകൊണ്ട്, എസ്ഥേരിന്റെ ദൗത്യം തുടങ്ങിയതേ ഉള്ളൂ എന്നു പറയുന്നത് എന്തുകൊണ്ട്?
26 ഹൊ, ആശ്വാസമായി! അവൾക്ക് പറയാനുള്ളതു കേൾക്കാൻ രാജാവിനു തിരുവുള്ളമുണ്ടായി! അവൾ തന്റെ ദൈവത്തിന്റെയും തന്റെ ജനത്തിന്റെയും പക്ഷത്ത് നിന്നു. ഇന്നോളമുള്ള സകല ദൈവദാസർക്കും അവൾ വിശ്വാസത്തിന്റെ തിളക്കമാർന്ന മാതൃകയായി! ഇതുപോലുള്ള ജീവിതമാതൃകകളെ പ്രിയങ്കരമായി കരുതുന്നവരാണ് സത്യക്രിസ്ത്യാനികൾ. സ്വയം പരിത്യജിച്ചുകൊണ്ടുള്ള സ്നേഹം തന്റെ യഥാർഥ ശിഷ്യന്മാരുടെ അടയാളമാണെന്ന് യേശു പറയുകയുണ്ടായി. (യോഹന്നാൻ 13:34, 35 വായിക്കുക.) എസ്ഥേരിനെപ്പോലെ ധീരരായവർക്കേ അത്തരത്തിലുള്ള സ്നേഹം കാണിക്കാനാകൂ. അന്ന് ദൈവജനത്തിനുവേണ്ടി രാജാവിനെ മുഖം കാണിച്ചതോടെ അവസാനിക്കുന്നതായിരുന്നില്ല പ്രശ്നങ്ങൾ, വാസ്തവത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. രാജാവിന്റെ പ്രിയപ്പെട്ട ഉപദേശകനായ ഹാമാൻ ദ്രോഹിയായ ഒരു തന്ത്രശാലിയാണെന്ന് രാജാവിനെ അവൾ എങ്ങനെ ബോധ്യപ്പെടുത്തും? തന്റെ ജനത്തെ രക്ഷിക്കാനുള്ള ഒരു വഴി എങ്ങനെ കണ്ടുപിടിക്കും? അടുത്ത അധ്യായത്തിൽ നമ്മൾ അതാണ് കാണാൻ പോകുന്നത്.
a ബി.സി 5-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യൻ സാമ്രാജ്യം ഭരിച്ച സെർക്സിസ് ഒന്നാമനാണ് അഹശ്വേരോശ് എന്ന് പൊതുവെ കരുതപ്പെടുന്നു.
b 16-ാം അധ്യായത്തിലെ, “എസ്ഥേരിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ” എന്ന ചതുരം കാണുക.
c ഹിസ്കീയാ രാജാവിന്റെ കാലത്ത് ‘അമാലേക്യരിൽ ശിഷ്ടജനത്തെ വെട്ടിക്കൊന്നു’ എന്നു പറയുന്ന സ്ഥിതിക്ക് ഹാമാൻ അമാലേക്യരിലെ, അവസാനകണ്ണികളിൽ ഒരാളായിരുന്നിരിക്കാം.—1 ദിന. 4:43.
d ഹാമാൻ 10,000 താലന്ത് വെള്ളിയാണ് വാഗ്ദാനം ചെയ്തത്. ഇന്നത്തെ കണക്കുപ്രകാരം, കോടിക്കണക്കിന് രൂപ മൂല്യം വരുന്ന വൻതുകയാണിത്. അഹശ്വേരോശ് രാജാവാണ് ചരിത്രത്തിൽ പറയുന്ന സെർക്സിസ് ഒന്നാമൻ എങ്കിൽ ഹാമാന്റെ ഈ വാഗ്ദാനം രാജാവിനെ സന്തോഷിപ്പിച്ചുകാണും. കാരണം സെർക്സിസ് രാജാവ് ഗ്രീക്കുകാരുമായി ഒരു യുദ്ധം നടത്താൻ ആലോചിക്കുന്നുണ്ടായിരുന്നു. അതിന് അദ്ദേഹത്തിന് ധാരാളം പണം ആവശ്യമായിരുന്നു. യുദ്ധം ഒടുവിൽ പേർഷ്യയുടെ ദുരന്തത്തിൽ കലാശിച്ചെന്നു മാത്രം.
e ക്ഷണനേരംകൊണ്ട് സ്വഭാവം മാറുന്ന ക്ഷിപ്രകോപിയായിരുന്നു സെർക്സിസ് ഒന്നാമൻ. അദ്ദേഹത്തിന്റെ ഈ പ്രകൃതം പരക്കെ അറിയപ്പെട്ടിരുന്നു. ഗ്രീക്കുകാർക്കെതിരെയുള്ള സെർക്സിസിന്റെ യുദ്ധകാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ ഹെറൊഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെലസ്പോണ്ട് കടലിടുക്കിനു കുറുകെ കപ്പലുകൾ നിരയായി ചേർത്ത് ഒരു താത്കാലികപാലം ഉണ്ടാക്കാൻ രാജാവ് ഉത്തരവിട്ടു. കൊടുങ്കാറ്റിൽ ആ പാലം തകർന്നപ്പോൾ അതിന്റെ എൻജിനീയർമാരെ ശിരച്ഛേദം ചെയ്യാൻ രാജാവ് കല്പിച്ചു. ഹെലസ്പോണ്ട് കടലിടുക്കിനെ അവഹേളിക്കുന്ന ഒരു കല്പന ഉറക്കെ വായിച്ചുകൊണ്ട് വെള്ളത്തെ ചാട്ടയ്ക്ക് അടിച്ച് ‘ശിക്ഷിക്കാനും’ അദ്ദേഹം തന്റെ ആൾക്കാരെ ചുമതലപ്പെടുത്തി. ആ യുദ്ധകാലത്തുതന്നെ വേറൊരു സംഭവമുണ്ടായി. സൈന്യത്തിൽ ചേരുന്നതിൽനിന്ന് തന്റെ മകനെ ഒഴിവാക്കണമെന്ന് ഒരു ധനികൻ അപേക്ഷിച്ചപ്പോൾ സെർക്സിസ് അയാളുടെ മകനെ രണ്ടായി വെട്ടിമുറിച്ചു. എന്നിട്ട് മൃതശരീരം ഒരു താക്കീതായി പ്രദർശിപ്പിച്ചു.