ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഫെബ്രുവരി 5-11
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 12:20-ന്റെ പഠനക്കുറിപ്പ്, nwtsty
പുകയുന്ന തിരി: സാധാരണയായി വീടുകളിൽ വിളക്കായി ഉപയോഗിച്ചിരുന്നത് ഒലിവെണ്ണ നിറച്ച ചെറിയ മൺപാത്രങ്ങളായിരുന്നു. ചണനാരുകൊണ്ടുള്ള തിരി, തീനാളം കത്തിനിൽക്കാൻവേണ്ട എണ്ണ വലിച്ചെടുക്കും. “പുകയുന്ന തിരി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപ്രയോഗം, കെടാറായ അല്ലെങ്കിൽ അണഞ്ഞുപോയ ഒരു തിരി പുകഞ്ഞുകത്തുന്നതിനെയായിരിക്കാം കുറിക്കുന്നത്. യശ 42:3-ലെ പ്രവചനം യേശുവിന്റെ അനുകമ്പയെക്കുറിച്ച് മുൻകൂട്ടിപ്പറയുകയായിരുന്നു. എളിയവരും അടിച്ചമർത്തപ്പെട്ടവരും ആയ ആളുകളുടെ പ്രതീക്ഷയുടെ അവസാനത്തെ തിരിനാളം യേശു ഒരിക്കലും കെടുത്തിക്കളയില്ലായിരുന്നു.
ഫെബ്രുവരി 12-18
ദൈവവചനത്തിലെ നിധികൾ | മത്തായി 14-15
“ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു”
മത്ത 14:21-ന്റെ പഠനക്കുറിപ്പ്, nwtsty
സ്ത്രീകളും കുട്ടികളും വേറെയും: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 15:7-ന്റെ പഠനക്കുറിപ്പ്, nwtsty
കപടഭക്തർ: ഇവിടെ കാണുന്ന ഹുപ്പൊക്രിറ്റീസ് എന്ന ഗ്രീക്കുപദം ആദ്യം ഗ്രീക്കുകാരുടെ (പിന്നീട് റോമാക്കാരുടെയും) നാടകവേദികളിൽ വലിയ മുഖംമൂടികൾ ധരിച്ച് എത്തുന്ന അഭിനേതാക്കളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്റെ തീവ്രത കൂട്ടാൻവേണ്ടിയുള്ളതായിരുന്നു ആ മുഖംമൂടികൾ. കപടഭാവത്തിലൂടെയോ നാട്യത്തിലൂടെയോ താൻ ശരിക്കും ആരാണെന്നും തന്റെ ഉദ്ദേശ്യം എന്താണെന്നും മറച്ചുവെക്കുന്നവരെ കുറിക്കാൻ ഈ പദം പിന്നീട് ആലങ്കാരികമായി ഉപയോഗിച്ചുതുടങ്ങി. യേശു ഇവിടെ “കപടഭക്തർ” എന്നു വിളിക്കുന്നതു ജൂതമതനേതാക്കന്മാരെയാണ്.—മത്ത 6:5, 16.
മത്ത 15:26-ന്റെ പഠനക്കുറിപ്പ്, nwtsty
മക്കൾ . . . നായ്ക്കുട്ടികൾ: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് നായ്ക്കൾ അശുദ്ധമായിരുന്നതുകൊണ്ട് മിക്കപ്പോഴും മോശമായൊരു ധ്വനിയോടെയാണു തിരുവെഴുത്തുകളിൽ ആ പദം ഉപയോഗിച്ചിരിക്കുന്നത്. (ലേവ 11:27; മത്ത 7:6; ഫിലി 3:2; വെളി 22:15) എന്നാൽ യേശു നടത്തിയ ഈ സംഭാഷണത്തെക്കുറിച്ചുള്ള മർക്കോസിന്റെയും (7:27) മത്തായിയുടെയും വിവരണത്തിൽ ഉപയോഗിച്ചിരിക്കുന്ന പദത്തിനു വ്യാകരണരൂപമനുസരിച്ച് (diminutive form) “നായ്ക്കുട്ടി,” “വളർത്തുനായ” എന്നൊക്കെയാണ് അർഥം. അത് ആ താരതമ്യത്തെ മയപ്പെടുത്തി. അതു കേട്ടവരുടെ മനസ്സിലേക്കു വന്നത്, ജൂതന്മാരല്ലാത്തവർ വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങളെ വാത്സല്യത്തോടെ വിളിച്ചിരുന്ന ഒരു പദമായിരിക്കാം. ഇസ്രായേല്യരെ “മക്കളോടും” ജൂതന്മാരല്ലാത്തവരെ “നായ്ക്കുട്ടികളോടും” താരതമ്യപ്പെടുത്തിയതിലൂടെ യേശു ഒരു മുൻഗണനാക്രമം സൂചിപ്പിക്കുകയായിരുന്നെന്നു തോന്നുന്നു. ഒരു വീട്ടിൽ കുട്ടികളും നായ്ക്കളും ഉള്ളപ്പോൾ ആദ്യം കുട്ടികൾക്കായിരിക്കും ഭക്ഷണം കൊടുക്കുന്നത്.
ഫെബ്രുവരി 19-25
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 16:18-ന്റെ പഠനക്കുറിപ്പ്, nwtsty
നീ പത്രോസാണ്; ഈ പാറമേൽ: പുല്ലിംഗരൂപത്തിലുള്ള പെട്രോസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരു പാറക്കഷണം; ഒരു കല്ല്” എന്നൊക്കെയാണ്. എന്നാൽ ഇവിടെ അത് ഒരു പേരായിട്ടാണ് (പത്രോസ്) ഉപയോഗിച്ചിരിക്കുന്നത്. യേശു ശിമോനു നൽകിയ പേരിന്റെ ഗ്രീക്കുരൂപമാണ് അത്. (യോഹ 1:42) പെട്ര എന്ന സ്ത്രീലിംഗരൂപം “പാറ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനു മണ്ണിന് അടിയിലെ ശിലാപാളികളെയോ ചെങ്കുത്തായ ഒരു പാറയെയോ ഒരു പാറക്കെട്ടിനെയോ അർഥമാക്കാനാകും. ഇതേ ഗ്രീക്കുപദം മത്ത 7:24, 25; 27:60; ലൂക്ക 6:48; 8:6; റോമ 9:33; 1കൊ 10:4; 1പത്ര 2:8 എന്നീ വാക്യങ്ങളിലും കാണാം. യേശു തന്റെ സഭ പണിയാനിരിക്കുന്ന പാറ താനാണെന്ന ഒരു ധാരണ പത്രോസിനുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. കാരണം നാളുകൾക്കു മുമ്പേ മുൻകൂട്ടിപ്പറഞ്ഞ ‘അടിസ്ഥാന മൂലക്കല്ലായി’ ദൈവം തിരഞ്ഞെടുത്തതു യേശുവിനെയാണെന്നു പത്രോസുതന്നെ 1പത്ര 2:4-8-ൽ എഴുതി. അതുപോലെ യേശുവാണ് ‘അടിസ്ഥാനവും’ ‘ആത്മീയപാറയും’ എന്നു പൗലോസ് അപ്പോസ്തലനും എഴുതി. (1കൊ 3:11; 10:4) അതുകൊണ്ട് യേശു ഇവിടെ രണ്ടു വാക്കുകളുടെ സാമ്യം പ്രയോജനപ്പെടുത്തി രസകരമായി ഒരു കാര്യം അവതരിപ്പിക്കുകയായിരുന്നിരിക്കണം. ഒരർഥത്തിൽ യേശു ഇതാണു പറഞ്ഞത്: ‘ഞാൻ പാറക്കഷണം (അഥവാ പത്രോസ്) എന്നു വിളിച്ച നിനക്ക്, ക്രിസ്തീയസഭയുടെ അടിസ്ഥാനമാകാൻപോകുന്ന “ഈ പാറ” (അഥവാ ക്രിസ്തു) ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു.’
സഭ: എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഈ പദം എക് (“വേർതിരിക്കുക”) എന്നും കലിയോ (“വിളിക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നതാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി വിളിച്ചുചേർത്ത ഒരു കൂട്ടം ആളുകളെയാണ് ഇത് അർഥമാക്കുന്നത്. (പദാവലി കാണുക.) ഒരു ‘ആത്മീയഭവനമായി പണിയപ്പെടുന്ന’ “ജീവനുള്ള കല്ലുകളായ” അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന് ക്രിസ്തീയസഭ രൂപംകൊള്ളുന്നതിനെക്കുറിച്ചാണു യേശു ഇവിടെ മുൻകൂട്ടിപ്പറഞ്ഞത്. (1പത്ര 2:4, 5) “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു തത്തുല്യമായി സെപ്റ്റുവജിന്റിലും ഈ ഗ്രീക്കുപദം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അവിടെ അതു മിക്കപ്പോഴും ദൈവജനത്തെ മുഴുവൻ, അതായത് ആ ജനതയെ ഒന്നാകെ, കുറിക്കുന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജിപ്തിൽനിന്ന് വിളിച്ചുകൊണ്ടുവന്ന ഇസ്രായേല്യരെ “സഭ” എന്നാണു വിളിച്ചിരിക്കുന്നത്. സമാനമായി ‘ഇരുളിൽനിന്ന് വിളിക്കപ്പെട്ടവരും’ ‘ലോകത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും’ ആയ ക്രിസ്ത്യാനികൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളിച്ചിരിക്കുന്നു.—1പത്ര 2:9; യോഹ 15:19; 1കൊ 1:2.
മത്ത 16:19-ന്റെ പഠനക്കുറിപ്പ്, nwtsty
സ്വർഗരാജ്യത്തിന്റെ താക്കോലുകൾ: ബൈബിളിൽ, ചിലർക്ക് അക്ഷരാർഥത്തിലുള്ളതോ ആലങ്കാരികാർഥത്തിലുള്ളതോ ആയ താക്കോലുകൾ ലഭിച്ചതായി പറഞ്ഞിട്ടുണ്ട്. അവർക്ക് ഒരളവിലുള്ള അധികാരം കൈവന്നു എന്നതിന്റെ സൂചനയായിരുന്നു അത്. (1ദിന 9:26, 27; യശ 22:20-22) അതുകൊണ്ടുതന്നെ “താക്കോൽ“ എന്ന പദം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമായി മാറി. പത്രോസ് തനിക്കു കിട്ടിയ “താക്കോലുകൾ” ഉപയോഗിച്ച് ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യക്കാർക്കും (പ്രവൃ 8:14-17) ജനതകളിൽപ്പെട്ടവർക്കും (പ്രവൃ 10:34-38) ദൈവാത്മാവ് ലഭിക്കാനുള്ള അവസരം തുറന്നുകൊടുത്തു. അതിലൂടെ അവർക്കു സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാകുമായിരുന്നു.
ഫെബ്രുവരി 26–മാർച്ച് 4
ദൈവവചനത്തിലെ നിധികൾ | മത്തായി 18-19
“വിശ്വാസത്തിൽനിന്ന് വീണുപോകരുത്, മറ്റുള്ളവരെ വീഴിക്കരുത്”
മത്ത 18:6-ന്റെ പഠനക്കുറിപ്പ്, nwtsty
കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ല്: അഥവാ “ഒരു വലിയ തിരികല്ല്.” അക്ഷ. “ഒരു കഴുതയുടെ തിരികല്ല്.” സാധ്യതയനുസരിച്ച് 1.2-1.5 മീ. (4-5 അടി) വ്യാസമുള്ള അത്തരം ഒരു തിരികല്ലിനു നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് അതു തിരിക്കാൻ ഒരു കഴുത വേണമായിരുന്നു.
ചിത്രം, nwtsty
തിരികല്ല്
ധാന്യം പൊടിക്കുന്നതിനും ഒലിവ് പഴങ്ങളിൽനിന്ന് എണ്ണയാട്ടിയെടുക്കുന്നതിനും ആണ് തിരികല്ലുകൾ ഉപയോഗിച്ചിരുന്നത്. ചിലതു ചെറുതും കൈകൊണ്ട് തിരിക്കാവുന്നവയും ആയിരുന്നു. എന്നാൽ വലിയ തിരികല്ലുകൾ തിരിക്കുന്നതിനു ഒരു മൃഗത്തെ ഉപയോഗിച്ചിരുന്നു. ഇതുപോലുള്ള വലിയ തിരികല്ലു തിരിക്കാനായിരിക്കാം ഫെലിസ്ത്യർ ശിംശോനെ ഉപയോഗിച്ചത്. (ന്യായ 16:21) മൃഗങ്ങൾ തിരിക്കുന്ന തിരികല്ല് ഇസ്രായേലിൽ മാത്രമല്ല റോമൻ സാമ്രാജ്യത്തിലുടനീളം ഉപയോഗിച്ചിരുന്നു.
തിരികല്ലിന്റെ മേൽക്കല്ലും അടിക്കല്ലും
ഇവിടെ കാണിച്ചിരിക്കുന്നതുപോലുള്ള വലിയ തിരികല്ല് കഴുതയെയോ അതുപോലെ ഏതെങ്കിലും ഒരു വളർത്തുമൃഗത്തെയോ ഉപയോഗിച്ചാണു തിരിക്കുന്നത്. ധാന്യം പൊടിക്കാനും ഒലിവുപഴങ്ങൾ ചതച്ച് ചാറാക്കാനും ആണ് അത് ഉപയോഗിച്ചിരുന്നത്. 1.5 മീറ്റർവരെ (5 അടി) വ്യാസം വരാവുന്ന മേൽക്കല്ല് അതിനെക്കാൾ വലിയ അടിക്കല്ലിൽവെച്ച് കറക്കിയിരുന്നു.
മത്ത 18:7-ന്റെ പഠനക്കുറിപ്പ്, nwtsty
വീഴിക്കുന്ന തടസ്സങ്ങൾ . . . മാർഗതടസ്സങ്ങൾ: ഇത്തരത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന സ്കാൻഡലോൺ എന്ന ഗ്രീക്കുപദം ആദ്യകാലത്ത് ഒരു കെണിയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അത് ഒരു കെണിയിൽ ഇരയെ കോർത്തുവെക്കുന്ന കമ്പിനെയാണ് അർഥമാക്കിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഒരാളുടെ കാൽ ഇടറാനോ അയാൾ ഇടറിവീഴാനോ ഇടയാക്കുന്ന ഏതൊരു തടസ്സത്തെ കുറിക്കാനും പിൽക്കാലത്ത് അത് ഉപയോഗിച്ചുതുടങ്ങി. ആലങ്കാരികാർഥത്തിൽ ഈ പദത്തിന് ഒരു വ്യക്തിയെ തെറ്റായ വഴിയിലേക്കു വശീകരിക്കുന്ന, അല്ലെങ്കിൽ അയാൾ ധാർമികമായി ഇടറാനോ വീഴാനോ, പാപത്തിൽ വീണുപോകാനോ ഇടയാക്കുന്ന ഏതൊരു പ്രവൃത്തിയെയും സാഹചര്യത്തെയും കുറിക്കാനാകും. മത്ത 18:8, 9-ൽ ഇതിനോടു ബന്ധമുള്ള സ്കാൻഡലിസോ എന്ന ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ ‘പാപം ചെയ്യാൻ ഇടയാക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ പദത്തെ “ഒരു കെണിയായിത്തീരുക; ഇടറിവീഴാൻ ഇടയാക്കുക” എന്നും പരിഭാഷപ്പെടുത്താം.
മത്ത 18:9-ന്റെ പഠനക്കുറിപ്പ്, nwtsty
ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രായവാക്കുകളിൽനിന്ന് വന്ന പദപ്രയോഗം. “ഹിന്നോമിന്റെ താഴ്വര” എന്നാണ് ഇതിന്റെ അർഥം. പുരാതനയരുശലേമിന്റെ പടിഞ്ഞാറും തെക്കും ആയിട്ടായിരുന്നു ഇതിന്റെ സ്ഥാനം. (അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.) യേശുവിന്റെ കാലമായപ്പോഴേക്കും ഈ താഴ്വര ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണനാശത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരുന്നു.
പദാവലി, nwtstg
ഗീഹെന്ന
പുരാതനയരുശലേമിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ഹിന്നോം താഴ്വരയുടെ ഗ്രീക്കുനാമം. (യിര 7:31) ശവങ്ങൾ ചിതറിക്കിടക്കുന്ന സ്ഥലമെന്ന് അതിനെക്കുറിച്ച് പ്രാവചനികമായി പറഞ്ഞിരുന്നു. (യിര 7:32; 19:6) മൃഗങ്ങളെയും മനുഷ്യരെയും ഗീഹെന്നയിലേക്ക് എറിഞ്ഞ് ജീവനോടെ ചുട്ടെരിക്കുകയോ ദണ്ഡിപ്പിക്കുകയോ ചെയ്തതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ മനുഷ്യദേഹിയെ തീയിൽ നിത്യം ദണ്ഡിപ്പിക്കുന്ന ഒരു അദൃശ്യലോകത്തെ ഈ സ്ഥലം പ്രതീകാത്മകമായി ചിത്രീകരിക്കുന്നില്ല. പകരം യേശുവും ശിഷ്യന്മാരും “രണ്ടാം മരണ”മാകുന്ന നിത്യശിക്ഷയെ, അതായത് നിത്യനാശത്തെ അല്ലെങ്കിൽ പൂർണമായ നാശത്തെ, കുറിക്കാനാണു ഗീഹെന്ന എന്ന പദം ഉപയോഗിച്ചത്.—വെളി 20:14; മത്ത 5:22; 10:28.
മത്ത 18:10-ന്റെ പഠനക്കുറിപ്പ്, nwtsty
എന്റെ പിതാവിന്റെ മുഖം കാണുന്നവർ: അഥവാ “എന്റെ പിതാവിന്റെ അടുത്ത് ചെല്ലാൻ അനുവാദമുള്ളവർ.” ആത്മവ്യക്തികൾക്കു ദൈവസന്നിധിയിൽ ചെല്ലാൻ അനുവാദമുള്ളതുകൊണ്ട് അവർക്കു മാത്രമേ ദൈവത്തിന്റെ മുഖം കാണാനാകൂ.—പുറ 33:20.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 18:22-ന്റെ പഠനക്കുറിപ്പ്, nwtsty
77 തവണ: അക്ഷ. “ഏഴ് എഴുപതു തവണ.” ഈ ഗ്രീക്കു പദപ്രയോഗത്തിന്, “7-ഉം 70-ഉം” (77 തവണ) എന്നോ “7-നെ 70 കൊണ്ട് ഗുണിച്ചത്” (490 തവണ) എന്നോ അർഥം വരാം. ഇതേ പദപ്രയോഗം സെപ്റ്റുവജിന്റിൽ ഉൽ 4:24-ലും കാണാം. ആ വാക്യത്തിന്റെ എബ്രായപാഠത്തിൽ കാണുന്നത് “77 ഇരട്ടി” എന്നായതുകൊണ്ട് ഇവിടുത്തെ “77 തവണ” എന്ന പരിഭാഷ ശരിയാണെന്നു കരുതാം. ഈ പദപ്രയോഗത്തിന്റെ അർഥം ഇതിൽ ഏതുമായിക്കൊള്ളട്ടെ, ഏഴ് എന്ന സംഖ്യയുടെ ആവർത്തനം ധ്വനിപ്പിക്കുന്നത് “അനന്തമായി,” “പരിധിയില്ലാതെ” എന്ന ആശയമാണ്. പത്രോസ് 7 തവണ എന്നു പറഞ്ഞത് 77 ആക്കിയതിലൂടെ യേശു ഉദ്ദേശിച്ചത്, ക്ഷമിക്കുന്ന കാര്യത്തിൽ തന്റെ അനുഗാമികൾ സ്വന്തമായി പരിധികൾ നിശ്ചയിക്കരുത് എന്നായിരുന്നു. അതേസമയം ബാബിലോണിയൻ തൽമൂദ് (യോമ 86ബി) ഇങ്ങനെ പറയുന്നു: “ഒരാൾ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു തെറ്റു ചെയ്താൽ അയാളോടു ക്ഷമിക്കും. എന്നാൽ നാലാം തവണ ക്ഷമിക്കില്ല.”
മത്ത 19:7-ന്റെ പഠനക്കുറിപ്പ്, nwtsty
മോചനപത്രം: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്, വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പുരുഷൻ നിയമപരമായ ഒരു രേഖ തയ്യാറാക്കുകയും സാധ്യതയനുസരിച്ച് മൂപ്പന്മാരുടെ ഉപദേശം തേടുകയും വേണമായിരുന്നു. നിയമത്തിൽ ഇങ്ങനെ വ്യവസ്ഥ ചെയ്തിരുന്നതുകൊണ്ട് ഗൗരവമേറിയ ആ തീരുമാനം ഒന്നു പുനഃപരിശോധിക്കാൻ അയാൾക്കു സമയം ലഭിച്ചിരുന്നു. എടുത്തുചാടിയുള്ള വിവാഹമോചനങ്ങൾ തടയുകയും സ്ത്രീകൾക്ക് ഒരു പരിധിവരെ നിയമപരിരക്ഷ നൽകുകയും ചെയ്യുക എന്നതായിരുന്നിരിക്കാം അതിന്റെ ഉദ്ദേശ്യം. (ആവ 24:1) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും സ്ഥിതി മാറി; വിവാഹമോചനം നേടുന്നതു മതനേതാക്കന്മാർ വളരെ എളുപ്പമാക്കിത്തീർത്തു. ‘ഏതു കാരണം പറഞ്ഞും വിവാഹമോചനം നേടാൻ (പുരുഷന്മാർക്കാകട്ടെ കാരണങ്ങൾക്കു പഞ്ഞവുമില്ല)’ ആളുകൾക്ക് അനുവാദമുണ്ടായിരുന്നു എന്നാണ് ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് അതെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനം നേടിയ ഒരു പരീശനായിരുന്നു അദ്ദേഹം.
ചിത്രം, nwtsty
മോചനപത്രം
അരമായ ഭാഷയിലുള്ള ഈ മോചനപത്രം എ.ഡി. 71-ലെയോ 72-ലെയോ ആണ്. യഹൂദ്യ മരുഭൂമിയിലെ വരണ്ടുണങ്ങിയ മുറാബാത്ത് നീർച്ചാലിനു വടക്കുനിന്നാണ് ഇതു കിട്ടിയത്. മസാദ പട്ടണത്തിലെ യോനാഥാന്റെ മകളായ മിര്യാമിനെ ജൂതവിപ്ലവത്തിന്റെ ആറാം വർഷം നക്സാന്റെ മകനായ യോസേഫ് വിവാഹമോചനം ചെയ്തു എന്ന് അതിൽ പറഞ്ഞിരിക്കുന്നു.