ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഏപ്രിൽ 2-8
ദൈവവചനത്തിലെ നിധികൾ | മത്തായി 26
“പെസഹയും സ്മാരകവും—സമാനതകളും വ്യത്യാസങ്ങളും”
ചിത്രം, nwtsty
പെസഹാഭക്ഷണം
പെസഹാഭക്ഷണത്തിനുള്ള പ്രധാനപ്പെട്ട സാധനങ്ങളായിരുന്നു: ചുട്ടെടുത്ത ആട്ടിൻകുട്ടി (അതിന്റെ അസ്ഥികളൊന്നും ഒടിക്കരുതായിരുന്നു.) (1); പുളിപ്പില്ലാത്ത അപ്പം (2); കയ്പുചീര (3). (പുറ 12:5, 8; സംഖ 9:11) മിഷ്ന പറയുന്നതനുസരിച്ച് കയ്പുചീര എന്നത് പച്ചടിച്ചീര, ചിക്കറി, സൂര്യകാന്തിയില എന്നിവപോലുള്ള ഒരുതരം ഏതെങ്കിലും കയ്പുള്ള ഇലയായിരിക്കും. ഇത് ഈജിപ്തിൽ ഇസ്രായേല്യർ അനുഭവിച്ചിരുന്ന കയ്പേറിയ അടിമത്തത്തെക്കുറിച്ച് അവരെ ഓർമിപ്പിച്ചു. പുളിപ്പില്ലാത്ത അപ്പം പൂർണതയുള്ള തന്റെ മനുഷ്യശരീരത്തിന്റെ പ്രതീകമായി യേശു ഉപയോഗിച്ചു. (മത്ത 26:26) പൗലോസ് അപ്പോസ്തലൻ യേശുവിനെ ‘പെസഹാക്കുഞ്ഞാട് ’ എന്നു വിളിച്ചിട്ടുണ്ട്. (1കൊ 5:7) ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പെസഹാഭക്ഷണത്തിന്റെ ഭാഗമായി വീഞ്ഞും (4) വിളമ്പിയിരുന്നു. യാഗമായി ചൊരിയാനിരുന്ന തന്റെ രക്തത്തിന്റെ പ്രതീകമായി യേശു വീഞ്ഞ് ഉപയോഗിച്ചു.—മത്ത 26:27, 28.
മത്ത 26:26-ന്റെ പഠനക്കുറിപ്പ്, nwtsty
പ്രതീകമാണ്: എസ്റ്റിൻ (അക്ഷരാർഥം “ആണ്.” അതായത്, “ഇത് എന്റെ ശരീരം ആണ് ” എന്ന അർഥത്തിൽ.) എന്ന ഗ്രീക്കുപദത്തിന് ഇവിടെ “അടയാളം; ചിഹ്നം; പ്രതിനിധാനം ചെയ്യുന്നത് ” എന്നിങ്ങനെയുള്ള അർഥങ്ങളാണുള്ളത്. അപ്പോസ്തലന്മാർക്കും അത് അങ്ങനെതന്നെയാണു മനസ്സിലായത്. കാരണം, യേശുവിന്റെ പൂർണതയുള്ള ശരീരവും അവർ കഴിക്കാനിരുന്ന പുളിപ്പില്ലാത്ത അപ്പവും ഒരേ സമയം അവരുടെ കൺമുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ അപ്പം യേശുവിന്റെ ശരീരമല്ലെന്ന് അവർക്കു മനസ്സിലാകുമായിരുന്നു. ഇതേ ഗ്രീക്കുപദം മത്ത 12:7-ലും കാണാം. അതിനെ പല ബൈബിൾപരിഭാഷകളും “അർഥം” എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മത്ത 26:28-ന്റെ പഠനക്കുറിപ്പ്, nwtsty
ഉടമ്പടിയുടെ രക്തം: യഹോവയും അഭിഷിക്തക്രിസ്ത്യാനികളും തമ്മിലുള്ള പുതിയ ഉടമ്പടിക്കു സാധുത നൽകിയതു യേശുവിന്റെ ബലിയാണ്. (എബ്ര 8:10) സീനായ് പർവതത്തിന് അടുത്തുവെച്ച്, ഇസ്രായേല്യരുമായുള്ള നിയമ ഉടമ്പടി നിലവിൽ വന്നപ്പോൾ അതിനു മധ്യസ്ഥനായിരുന്ന മോശ ഉപയോഗിച്ച അതേ പ്രയോഗമാണു യേശുവും ഇവിടെ ഉപയോഗിച്ചത്. (പുറ 24:8; എബ്ര 9:19-21) കാളകളുടെയും കോലാടുകളുടെയും രക്തം, ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള നിയമ ഉടമ്പടിക്കു സാധുത നൽകിയതുപോലെ യേശുവിന്റെ രക്തം, ആത്മീയ ഇസ്രായേലുമായി യഹോവ ചെയ്യാനിരുന്ന പുതിയ ഉടമ്പടിക്കു നിയമസാധുത നൽകി. എ.ഡി. 33-ലെ പെന്തിക്കോസ്തിലാണ് ആ ഉടമ്പടി നിലവിൽ വന്നത്.—എബ്ര 9:14, 15.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 26:17-ന്റെ പഠനക്കുറിപ്പ്, nwtsty
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം: പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം പെസഹയുടെ (നീസാൻ 14) പിറ്റേന്ന്, അതായത് നീസാൻ 15-നാണ് ആരംഭിച്ചിരുന്നത്. അത് ഏഴു ദിവസം നീണ്ടുനിൽക്കുമായിരുന്നു. (അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും പെസഹയ്ക്ക് ഈ ഉത്സവവുമായി അഭേദ്യമായ ഒരു ബന്ധമുണ്ടായിരുന്നതുകൊണ്ട് നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ‘പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളിക്കാറുണ്ടായിരുന്നു. (ലൂക്ക 22:1) ഈ വാക്യത്തിലെ “ഒന്നാം ദിവസം” എന്നതിനെ “മുമ്പുള്ള ദിവസം” എന്നും ഇവിടെ പരിഭാഷപ്പെടുത്താം. [യോഹ 1:15, 30 താരതമ്യം ചെയ്യുക. അവിടെ സമാനമായ ഒരു വ്യാകരണഘടന വരുന്നിടത്ത് “ഒന്നാം” എന്നതിനുള്ള ഗ്രീക്കുപദത്തെ (പ്രൊട്ടോസ് ) “മുമ്പേ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “എനിക്കും മുമ്പേ (പ്രൊട്ടോസ്) അദ്ദേഹമുണ്ടായിരുന്നു” എന്ന് അവിടെ വായിക്കുന്നു.] അതുകൊണ്ട് മൂലഗ്രീക്കുഭാഷയും ജൂതന്മാരുടെ അക്കാലത്തെ രീതിയും കണക്കിലെടുക്കുമ്പോൾ, ശിഷ്യന്മാർ യേശുവിനോട് ആ ചോദ്യം ചോദിച്ചതു നീസാൻ 13-ാം തീയതിതന്നെയാണെന്ന് അനുമാനിക്കാം. അപ്പോൾ നീസാൻ 13-ാം തീയതി പകൽസമയത്താണു ശിഷ്യന്മാർ പെസഹയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്തിയത്. തുടർന്ന് “സന്ധ്യയായപ്പോൾ,” അതായത് നീസാൻ 14 ആരംഭിച്ചപ്പോൾ, അതിന്റെ ആചരണവും നടന്നു.—മർ 14:16, 17.
മത്ത 26:39-ന്റെ പഠനക്കുറിപ്പ്, nwtsty
ഈ പാനപാത്രം . . . നീക്കേണമേ: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പാനപാത്രം” എന്ന പദം, മിക്കപ്പോഴും ആലങ്കാരികാർഥത്തിൽ ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരിയെ” ആണ് സൂചിപ്പിക്കുന്നത്. (മത്ത 20:22–ന്റെ പഠനക്കുറിപ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യദ്രോഹി എന്നീ കുറ്റങ്ങളും വഹിച്ച് മരിക്കേണ്ടിവന്നാൽ അതു ദൈവത്തിന്മേൽ വരുത്തിവെക്കുന്ന നിന്ദയെക്കുറിച്ച് യേശുവിനു വലിയ ഉത്കണ്ഠയുണ്ടായിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണ് “ഈ പാനപാത്രം” തന്നിൽനിന്ന് നീക്കാൻ യേശു പ്രാർഥിച്ചത്.
ഏപ്രിൽ 9-15
ദൈവവചനത്തിലെ നിധികൾ | മത്തായി 27-28
“പോയി ശിഷ്യരാക്കുക—എന്തുകൊണ്ട്, എവിടെ, എങ്ങനെ?”
മത്ത 28:19-ന്റെ പഠനക്കുറിപ്പ്, nwtsty
ശിഷ്യരാക്കുക: മതീറ്റ്യുവോ എന്ന ഗ്രീക്കുക്രിയയെ “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താനാകും. ആളുകളെ വിദ്യാർഥികളോ ശിഷ്യന്മാരോ ആക്കുക എന്ന ലക്ഷ്യത്തോടെ പഠിപ്പിക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (ഇതേ പദം, “പഠിപ്പിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മത്ത 13:52 താരതമ്യം ചെയ്യുക.) “ശിഷ്യരാക്കുക” എന്ന കല്പനയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു “സ്നാനപ്പെടുത്തുക,” “പഠിപ്പിക്കുക” എന്നീ ക്രിയകൾ വ്യക്തമാക്കുന്നു.
എല്ലാ ജനതകളിലെയും ആളുകൾ: ഇതിന്റെ അക്ഷരാർഥപരിഭാഷ “എല്ലാ ജനതകളും” എന്നാണ്. എന്നാൽ സന്ദർഭം സൂചിപ്പിക്കുന്നത് ഇത് എല്ലാ ജനതകളിലെയും ആളുകളെയാണ് കുറിക്കുന്നതെന്നാണ്. കാരണം അവരെ സ്നാനപ്പെടുത്തുക എന്ന പദപ്രയോഗത്തിലെ “അവർ” എന്ന സർവനാമം ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ളതാണ്. അതു ‘ജനതകളെയല്ല’ ആളുകളെയാണ് അർഥമാക്കുന്നത്. “ജനതകൾ” എന്ന പദമാകട്ടെ ഗ്രീക്കിൽ നപുംസകരൂപത്തിലുള്ളതും. ‘എല്ലാ ജനതകളിലെയും ആളുകളുടെ’ അടുക്കൽ എത്തുക എന്ന ഈ കല്പന പുതിയ ഒന്നായിരുന്നു. യേശുവിന്റെ ശുശ്രൂഷക്കാലത്തിനു മുമ്പ്, യഹോവയെ സേവിക്കാനായി വരുന്ന മറ്റു ജനതകളിൽപ്പെട്ടവരെ ഇസ്രായേലിലേക്കു സ്വാഗതം ചെയ്തിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. (1രാജ 8:41-43) എന്നാൽ ഈ കല്പനയിലൂടെ പ്രസംഗപ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള ഒരു നിയോഗം യേശു ശിഷ്യന്മാർക്കു നൽകി. ഇനിമുതൽ ജനനംകൊണ്ട് ജൂതന്മാരല്ലാത്തവരുടെ അടുത്തേക്കും അവർ പോകണമായിരുന്നു. ഈ ശിഷ്യരാക്കൽവേല ലോകവ്യാപകമായി നടക്കേണ്ടതാണെന്നാണു യേശു ഇതിലൂടെ സൂചിപ്പിച്ചത്.—മത്ത 10:1, 5-7; വെളി 7:9; മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.
മത്ത 28:20-ന്റെ പഠനക്കുറിപ്പ്, nwtsty
അവരെ പഠിപ്പിക്കുക: “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിൽ, അറിവ് പകർന്നുകൊടുക്കുന്നതും അതു വിശദീകരിക്കുന്നതും ന്യായവാദത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നതും തെളിവുകൾ നിരത്തുന്നതും ഉൾപ്പെട്ടിരിക്കുന്നു. (മത്ത 3:1; 4:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്. യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കാനും യേശുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനും യേശുവിന്റെ മാതൃക അനുകരിക്കാനും അവരെ പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെടുന്നു.—യോഹ 13:17; എഫ 4:21; 1പത്ര 2:21.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മത്ത 27:51-ന്റെ പഠനക്കുറിപ്പുകൾ, nwtsty
തിരശ്ശീല: ദേവാലയത്തിലെ വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കുന്ന ഈ തിരശ്ശീലയിൽ മനോഹരമായ ചിത്രപ്പണികളുണ്ടായിരുന്നു. ജൂതപാരമ്പര്യം പറയുന്നതനുസരിച്ച്, നല്ല ഭാരമുണ്ടായിരുന്ന ഈ തിരശ്ശീലയ്ക്കു 18 മീ. (60 അടി) നീളവും 9 മീ. (30 അടി) വീതിയും 7.4 സെ.മീ. (2.9 ഇഞ്ച് ) കനവും ഉണ്ടായിരുന്നു. തിരശ്ശീല രണ്ടായി കീറിയതിലൂടെ യഹോവ തന്റെ മകനെ കൊന്നവരോടുള്ള ക്രോധം പ്രകടിപ്പിച്ചു. സ്വർഗത്തിലേക്കുള്ള പ്രവേശനം ഇനി സാധ്യമാണെന്നും അതു സൂചിപ്പിച്ചു.—എബ്ര 10:19, 20; പദാവലി കാണുക.
വിശുദ്ധമന്ദിരം: നയോസ് എന്ന ഗ്രീക്കുപദം ഇവിടെ ആലയസമുച്ചയത്തിന്റെ കേന്ദ്രഭാഗത്തുള്ള കെട്ടിടത്തെ കുറിക്കുന്നു. അതിലായിരുന്നു വിശുദ്ധവും അതിവിശുദ്ധവും.
മത്ത 28:7-ന്റെ പഠനക്കുറിപ്പ്, nwtsty
ശിഷ്യന്മാരോട് ഇങ്ങനെ പറയുക: “യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു”: ക്രിസ്തുശിഷ്യരിൽ ഈ സ്ത്രീകളോടായിരുന്നു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ആദ്യം അറിയിച്ചത്. ഇതെക്കുറിച്ച് മറ്റു ശിഷ്യരെ അറിയിക്കാൻ നിയോഗിച്ചതും ഇവരെത്തന്നെയായിരുന്നു. (മത്ത 28:2, 5, 7) ജൂതപാരമ്പര്യമനുസരിച്ച് കോടതിയിൽ സാക്ഷിമൊഴി കൊടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇതിനു തിരുവെഴുത്തടിസ്ഥാനമില്ലായിരുന്നു. അതേസമയം സന്തോഷകരമായ ഈ നിയമനം സ്ത്രീകൾക്കു നൽകിക്കൊണ്ട് യഹോവയുടെ ദൂതൻ സ്ത്രീകളെ ആദരിച്ചു.
ഏപ്രിൽ 16-22
ദൈവവചനത്തിലെ നിധികൾ | മർക്കോസ് 1-2
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
jy-E 67 ¶3-5
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
ആളുകൾ തിങ്ങിനിറഞ്ഞ ആ മുറിയിൽ യേശു പഠിപ്പിക്കുമ്പോൾ നാലുപേർ ചേർന്ന് തളർന്നുപോയ ഒരു മനുഷ്യനെ കിടക്കയിൽ കിടത്തി എടുത്തുകൊണ്ടുവരുന്നു. ഈ സ്നേഹിതനെ യേശു സുഖപ്പെടുത്തണം, അതാണ് അവരുടെ ആഗ്രഹം. പക്ഷേ, ആൾക്കൂട്ടം കാരണം “അയാളെ യേശുവിന്റെ അടുത്ത് എത്തിക്കാൻ” കഴിയുന്നില്ല. (മർക്കോസ് 2:4) അവർക്ക് എത്ര വിഷമം തോന്നിക്കാണും! അതുകൊണ്ട് അവർ ആ വീടിന്റെ പരന്ന മേൽക്കൂരയിൽ കയറി, പാകിയിരിക്കുന്ന ഓട് ഇളക്കി മാറ്റി വലിയൊരു ദ്വാരമുണ്ടാക്കുന്നു. എന്നിട്ട് ആ മനുഷ്യനെ കിടക്കയോടെ താഴെ ഇറക്കുന്നു.
യേശുവിന് അതിൽ ദേഷ്യം തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല! അവരുടെ വിശ്വാസത്തിൽ യേശുവിന് വളരെയധികം മതിപ്പു തോന്നുന്നു. അതുകൊണ്ട് ആ തളർവാതരോഗിയോട് യേശു “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറയുന്നു. (മത്തായി 9:2) എന്നാൽ യേശുവിനു ശരിക്കും പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുമോ? പരീശന്മാർക്കും ശാസ്ത്രിമാർക്കും അതു തീരെ പിടിക്കുന്നില്ല. അവർ ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയുന്നത്? ഇതു ദൈവനിന്ദയാണ്. ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”—മർക്കോസ് 2:7.
അവരുടെ ചിന്ത തിരിച്ചറിഞ്ഞ യേശു പറയുന്നു: “നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ ആലോചിക്കുന്നത്? ഏതാണ് എളുപ്പം? തളർവാതരോഗിയോട്, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതാണോ അതോ ‘എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്കുക’ എന്നു പറയുന്നതാണോ?” (മർക്കോസ് 2:8, 9) താൻ അർപ്പിക്കാൻപോകുന്ന ബലിയുടെ അടിസ്ഥാനത്തിൽ യേശുവിന് ഈ വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുന്നു.
മർ 2:9-ന്റെ പഠനക്കുറിപ്പ്, nwtsty
ഏതാണ് എളുപ്പം: തനിക്കു മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിച്ചുകൊടുക്കാനാകും എന്ന് അവകാശപ്പെടാൻ എളുപ്പമാണ്. കാരണം അതു സംഭവിച്ചോ ഇല്ലയോ എന്നു സ്ഥിരീകരിക്കാനുള്ള ദൃശ്യമായ തെളിവുകൾ ആർക്കും ആവശ്യപ്പെടാനാകില്ല. എന്നാൽ എഴുന്നേറ്റ് . . . നടക്കുക എന്ന വാക്കുകൾ നിറവേറണമെങ്കിൽ ഒരു അത്ഭുതം നടന്നേ തീരൂ. അപ്പോൾ യേശുവിനു പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന കാര്യം എല്ലാവർക്കും വ്യക്തമാകുമായിരുന്നു. ഈ വിവരണവും യശ 33:24-ഉം, രോഗങ്ങളെ നമ്മുടെ പാപാവസ്ഥയുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മർ 1:11-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്.—മർ 9:7; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
നീ എന്റെ പ്രിയപുത്രൻ: ഒരു ആത്മജീവിയായിരുന്നപ്പോൾ യേശു ദൈവത്തിന്റെ പുത്രനായിരുന്നു. (യോഹ 3:16) മനുഷ്യനായി ജനിച്ചശേഷവും യേശു, പൂർണനായിരുന്ന ആദാമിനെപ്പോലെ, ‘ദൈവത്തിന്റെ മകനായിരുന്നു.’ (ലൂക്ക 1:35; 3:38) എന്നാൽ ഇവിടെ യേശു ആരാണെന്നു തിരിച്ചറിയിക്കാൻവേണ്ടി മാത്രം ദൈവം പറഞ്ഞ വാക്കുകളാണ് ഇതെന്നു തോന്നുന്നില്ല. സാധ്യതയനുസരിച്ച്, ഈ പ്രസ്താവന നടത്തുകയും ഒപ്പം പരിശുദ്ധാത്മാവിനെ പകരുകയും ചെയ്തതിലൂടെ യേശു എന്ന മനുഷ്യനെ തന്റെ ആത്മീയമകനായി ജനിപ്പിച്ചെന്നു സൂചിപ്പിക്കുകയായിരുന്നു ദൈവം. അങ്ങനെ ‘വീണ്ടും ജനിച്ച’ യേശുവിനു സ്വർഗത്തിലെ ജീവനിലേക്കു മടങ്ങാനുള്ള പ്രത്യാശ ലഭിച്ചെന്നും ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ യേശു ദൈവത്തിന്റെ നിയുക്ത രാജാവും മഹാപുരോഹിതനും ആയെന്നും സൂചിപ്പിക്കുകയായിരുന്നിരിക്കാം ദൈവം.—യോഹ 3:3-6; 6:51; ലൂക്ക 1:31-33-ഉം എബ്ര 2:17; 5:1, 4-10; 7:1-3-ഉം താരതമ്യം ചെയ്യുക.
നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു; നിന്നിൽ ഞാൻ വളരെ സംപ്രീതനാണ്.” മത്ത 12:18-ലും ഇതേ പദപ്രയോഗമാണു കാണുന്നത്. അതാകട്ടെ, വാഗ്ദത്തമിശിഹയെക്കുറിച്ച് അഥവാ ക്രിസ്തുവിനെക്കുറിച്ച് പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്. പരിശുദ്ധാത്മാവിനെ പകർന്നതും പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവനയും യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം വ്യക്തമായി തിരിച്ചറിയിച്ചു.—മത്ത 3:17; 12:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മർ 2:28-ന്റെ പഠനക്കുറിപ്പ്, nwtsty
ശബത്തിനു കർത്താവ്: യേശു തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, (മത്ത 12:8; ലൂക്ക 6:5) സ്വർഗീയപിതാവ് കല്പിച്ച കാര്യങ്ങൾ ശബത്തിൽ ചെയ്യാൻ തനിക്ക് അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു. (യോഹ 5:19; 10:37, 38 താരതമ്യം ചെയ്യുക.) രോഗികളെ സൗഖ്യമാക്കിയത് ഉൾപ്പെടെ, ശ്രദ്ധേയമായ അത്ഭുതങ്ങളിൽ ചിലതു യേശു ചെയ്തതു ശബത്തിലാണ്. (ലൂക്ക 13:10-13; യോഹ 5:5-9; 9:1-14) തെളിവനുസരിച്ച് ഈ അത്ഭുതങ്ങൾ ദൈവരാജ്യഭരണത്തിൻകീഴിൽ യേശു കൈവരുത്തുന്ന ആശ്വാസത്തിന്റെ ഒരു നിഴലായിരുന്നു. ശബത്തിലെ വിശ്രമത്തോട് അഥവാ സ്വസ്ഥതയോടു താരതമ്യം ചെയ്യാവുന്ന ഒരു സമയമായിരിക്കും അത്.—എബ്ര 10:1.
ഏപ്രിൽ 23-29
ദൈവവചനത്തിലെ നിധികൾ | മർക്കോസ് 3-4
“ശബത്തിൽ സുഖപ്പെടുത്തുന്നു”
jy-E 78 ¶1-2
ശബത്തിൽ ചെയ്യാനാകുന്ന ശരിയായ കാര്യങ്ങൾ എന്താണ്?
മറ്റൊരു ശബത്ത്. യേശു ഒരു സിനഗോഗിൽ ചെല്ലുന്നു. സാധ്യതയനുസരിച്ച് ഗലീലയിലാണ് ഇത്. അവിടെ വലതുകൈ ശോഷിച്ച ഒരാളെ കാണുന്നു. (ലൂക്കോസ് 6:6) ശാസ്ത്രിമാരും പരീശന്മാരും യേശുവിനെ അടുത്തു നിരീക്ഷിക്കുകയാണ്. എന്താണ് അവരുടെ ഉദ്ദേശ്യം? അവരുടെ ചോദ്യം അതു വെളിപ്പെടുത്തുന്നു: “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ?”—മത്തായി 12:10.
ജീവൻ അപകടത്തിലാണെങ്കിൽ മാത്രമേ ശബത്തിൽ സുഖപ്പെടുത്താവൂ എന്നാണു ജൂതമതനേതാക്കന്മാരുടെ പക്ഷം. അതുകൊണ്ടുതന്നെ അവരുടെ നോട്ടത്തിൽ ശബത്തുദിവസം ഒരാളുടെ അസ്ഥിയോ ഉളുക്കോ വെച്ചുകെട്ടുന്നത് ശരിയല്ല, കാരണം അതിന്റെ പേരിൽ ആരുടെയും ജീവനൊന്നും അപകടത്തിലല്ലല്ലോ. ശാസ്ത്രിമാരും പരീശന്മാരും യേശുവിനെ ചോദ്യം ചെയ്യുന്നത് ഈ പാവത്തിന്റെ വേദനയിൽ വിഷമം തോന്നിയിട്ടൊന്നുമല്ല. എങ്ങനെയും യേശുവിൽ കുറ്റം കണ്ടെത്താൻ നോക്കുകയാണ് അവർ.
jy-E 78 ¶3
ശബത്തിൽ ചെയ്യാനാകുന്ന ശരിയായ കാര്യങ്ങൾ എന്താണ്?
അവരുടെ ഈ ന്യായവാദം ഒട്ടും ശരിയല്ലെന്ന് യേശുവിന് അറിയാം. ശബത്തിൽ ജോലി ചെയ്യുന്നതിന് എതിരെയുള്ള നിയമത്തെക്കുറിച്ച് തിരുവെഴുത്തുവിരുദ്ധമായ അതിരുകടന്ന ഒരു വീക്ഷണമാണ് അവർക്കുള്ളത് എന്നു യേശു തിരിച്ചറിയുന്നു. (പുറപ്പാട് 20:8-10) യേശു ചെയ്ത നല്ല പ്രവൃത്തികൾ കണ്ടിട്ട് മുമ്പും ആളുകൾ ഇത്തരത്തിൽ അനാവശ്യമായി വിമർശിച്ചിട്ടുണ്ട്. യേശു ഇപ്പോൾ നാടകീയമായ ഒരു ഏറ്റുമുട്ടലിനു കളമൊരുക്കുന്നു. അതിനുവേണ്ടി ശോഷിച്ച കൈയുള്ള ഈ വ്യക്തിയോട് “എഴുന്നേറ്റ് ഇവിടെ നടുക്കു വന്ന് നിൽക്കുക” എന്നു പറയുന്നു.—മർക്കോസ് 3:3.
മർ 3:5-ന്റെ പഠനക്കുറിപ്പ്, nwtsty
മനസ്സു നൊന്ത്, ദേഷ്യത്തോടെ: ഈ അവസരത്തിൽ മതനേതാക്കന്മാരുടെ ഹൃദയകാഠിന്യം കണ്ടപ്പോഴത്തെ യേശുവിന്റെ പ്രതികരണം മർക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (മത്ത 12:13; ലൂക്ക 6:10) യേശുവിന്റെ വികാരങ്ങളെക്കുറിച്ച് ഇത്ര വ്യക്തമായൊരു ചിത്രം മർക്കോസിനു ലഭിച്ചത്, തീവ്രവികാരങ്ങളുള്ള വ്യക്തിയായിരുന്ന പത്രോസിൽനിന്നായിരിക്കാം.—“മർക്കോസ്: ആമുഖം” കാണുക.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മർ 3:29-ന്റെ പഠനക്കുറിപ്പുകൾ, nwtsty
പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ: “നിന്ദിച്ചാൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദം, ദൈവത്തെയോ വിശുദ്ധകാര്യങ്ങളെയോ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ സംസാരത്തെയാണു കുറിക്കുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് പുറപ്പെടുന്നതായതുകൊണ്ട് അതിന്റെ പ്രവർത്തനത്തെ മനഃപൂർവം എതിർക്കുന്നതോ നിഷേധിക്കുന്നതോ ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായിരുന്നു. മത്ത 12:24, 28-ലും മർ 3:22-ലും കാണുന്നതുപോലെ, യേശു അത്ഭുതങ്ങൾ ചെയ്തപ്പോൾ ദൈവാത്മാവ് പ്രവർത്തിക്കുന്നതു ജൂതമതനേതാക്കന്മാർ കണ്ടതാണ്; എന്നിട്ടും പിശാചായ സാത്താന്റെ ശക്തിയാലാണ് യേശു അതു ചെയ്തതെന്ന് അവർ പറഞ്ഞു.
ആ പാപം . . . എന്നേക്കുമായി കണക്കിടും: നിത്യമായ ഭവിഷ്യത്തുകളുള്ള മനഃപൂർവപാപത്തെയായിരിക്കാം ഇതു കുറിക്കുന്നത്. ഒരു ബലിക്കും അത്തരം പാപത്തെ മറയ്ക്കാനാകില്ല.—ഈ വാക്യത്തിലെ പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ എന്നതിന്റെ പഠനക്കുറിപ്പും സമാന്തരവിവരണമായ മത്ത 12:31-ന്റെ പഠനക്കുറിപ്പും കാണുക.
മർ 4:9-ന്റെ പഠനക്കുറിപ്പുകൾ, nwtsty
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ: “കേൾക്കൂ!” എന്നു പറഞ്ഞുകൊണ്ടാണു യേശു വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞുതുടങ്ങിയത്. (മർ 4:3) യേശു അതേ ദൃഷ്ടാന്തം ഈ ആഹ്വാനത്തോടെ ഉപസംഹരിച്ചത്, തന്റെ അനുഗാമികൾ താൻ നൽകിയ ഉപദേശങ്ങൾക്ക് എത്രയധികം ശ്രദ്ധ കൊടുക്കണം എന്ന കാര്യം ഊന്നിപ്പറയാനായിരുന്നു. ഇതിനോടു സമാനമായ ആഹ്വാനം, മത്ത 11:15; 13:9, 43; മർ 4:23; ലൂക്ക 8:8; 14:35; വെളി 2:7, 11, 17, 29; 3:6, 13, 22; 13:9 എന്നീ വാക്യങ്ങളിലും കാണാം.
ഏപ്രിൽ 30–മെയ് 6
ദൈവവചനത്തിലെ നിധികൾ | മർക്കോസ് 5-6
“മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനുണ്ട് ”
മർ 5:39-ന്റെ പഠനക്കുറിപ്പ്, nwtsty
മരിച്ചിട്ടില്ല, ഉറങ്ങുകയാണ്: ബൈബിളിൽ പലപ്പോഴും മരണത്തെ ഉറക്കത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. (സങ്ക 13:3; യോഹ 11:11-14; പ്രവൃ 7:60; 1കൊ 7:39; 15:51; 1തെസ്സ 4:13) യേശു ആ പെൺകുട്ടിക്കു വീണ്ടും ജീവൻ നൽകാനിരുന്നതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. ഗാഢനിദ്രയിൽനിന്ന് ഒരാളെ ഉണർത്തുന്നതുപോലെ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനാകും എന്നു യേശു തെളിയിക്കുമായിരുന്നു. ആ പെൺകുട്ടിയെ പുനരുത്ഥാനപ്പെടുത്താനുള്ള ശക്തി, “മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും ചെയ്യുന്ന” പിതാവിൽനിന്ന് യേശുവിനു ലഭിക്കുകയും ചെയ്തു.—റോമ 4:17.
jy-E 118 ¶6
ഒരു കൊച്ചു പെൺകുട്ടി വീണ്ടും ജീവനിലേക്ക് !
യേശു മുമ്പ് ചിലരെ സുഖപ്പെടുത്തിയപ്പോൾ അതെക്കുറിച്ച് മറ്റ് ആരോടും പറയരുതെന്നു പറഞ്ഞിട്ടുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കളോടും അതുതന്നെ പറയുന്നു. പക്ഷേ, സന്തോഷം അടക്കാനാകാതെ അവരും മറ്റുള്ളവരും ഇതെക്കുറിച്ച് പറഞ്ഞ് “വാർത്ത നാട്ടിലെങ്ങും” പരക്കുന്നു. (മത്തായി 9:26) നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചവരിൽനിന്ന് ഉയിർത്തു എന്നു കണ്ടാൽ നിങ്ങൾ അക്കാര്യം ആവേശത്തോടെ എല്ലാവരോടും പറയില്ലേ? യേശു മരിച്ചവരെ ഉയിർപ്പിച്ചതിന്റെ, രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ വിവരണമാണ് ഇത്.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
മർ 5:19-ന്റെ പഠനക്കുറിപ്പ്, nwtsty
വീട്ടുകാരുടെ അടുത്തേക്കു പോയി . . . പറയുക: തന്റെ അത്ഭുതങ്ങൾ പരസ്യമാക്കരുതെന്നു സാധാരണ പറയാറുള്ള യേശു (മർ 1:44; 3:12; 7:36) ഇത്തവണ പക്ഷേ, നടന്നതെല്ലാം വീട്ടുകാരോടു പറയാനാണ് ഈ മനുഷ്യനോട് ആവശ്യപ്പെട്ടത്. എന്തുകൊണ്ട് ? യേശുവിനോട് ആ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നതുകൊണ്ട് യേശുവിന് അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരിക്കാം ഒരു കാരണം. ഇനി, പന്നിക്കൂട്ടം ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിച്ചേക്കാവുന്ന കിംവദന്തികൾക്കു തടയിടാനും അത് ഉപകരിക്കുമായിരുന്നു.
മർ 6:11-ന്റെ പഠനക്കുറിപ്പ്, nwtsty
നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക: ദൈവം വരുത്താൻപോകുന്ന കാര്യങ്ങൾക്ക് ഇനി തങ്ങൾ ഉത്തരവാദികളല്ലെന്നു ശിഷ്യന്മാരുടെ ഈ പ്രവൃത്തി സൂചിപ്പിക്കുമായിരുന്നു. മത്ത 10:14-ലും ലൂക്ക 9:5-ലും ഇതേ പദപ്രയോഗം കാണാം. എന്നാൽ മർക്കോസും ലൂക്കോസും അത് അവർക്ക് (അഥവാ “അവർക്കെതിരെ”) ഒരു തെളിവാകട്ടെ എന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് ഇങ്ങനെ ചെയ്തതായി കാണാം. (പ്രവൃ 13:51) കൊരിന്തിൽവെച്ച് പൗലോസ് തന്റെ ‘വസ്ത്രം കുടഞ്ഞതും’ ഇതിനോടു സമാനമായൊരു കാര്യമായിരുന്നു. “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല” എന്നൊരു വിശദീകരണവും പൗലോസ് അതോടൊപ്പം നൽകി. (പ്രവൃ 18:6) ഇത്തരം രീതികൾ ശിഷ്യന്മാർക്കു സുപരിചിതമായിരുന്നിരിക്കണം. കാരണം മറ്റു ജനതകളിൽപ്പെട്ടവരുടെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടു ജൂതന്മാരുടെ പ്രദേശത്തേക്കു വീണ്ടും കടക്കുന്നതിനു മുമ്പ് മതഭക്തരായ ജൂതന്മാർ ചെരിപ്പിലെ പൊടി തട്ടിക്കളയുമായിരുന്നു. ആ പൊടി അശുദ്ധമായാണ് അവർ കണ്ടിരുന്നത്. എന്നാൽ ശിഷ്യന്മാർക്കു നിർദേശം കൊടുത്തപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായാലും ഇതായിരുന്നില്ല.