അധ്യായം 13
ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു
1, 2. (എ) പ്രസംഗപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തു കാര്യം ചെയ്യുന്നതിൽ മതനേതാക്കന്മാർ വിജയിച്ചു, എന്നാൽ അപ്പോസ്തലന്മാർ പ്രതികരിച്ചത് എങ്ങനെ? (ബി) പ്രസംഗപ്രവർത്തനത്തെ നിരോധിച്ചുകൊണ്ടുള്ള കല്പന അനുസരിക്കാൻ അപ്പോസ്തലന്മാർ വിസമ്മതിച്ചത് എന്തുകൊണ്ട്?
എ.ഡി. 33-ലെ പെന്തിക്കോസ്ത് കഴിഞ്ഞിട്ട് അധികമായില്ല. യരുശലേമിലെ ക്രിസ്തീയസഭ രൂപപ്പെട്ടിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. എന്തുകൊണ്ടും ഇതാണു പറ്റിയ അവസരമെന്നു സാത്താനു തോന്നുന്നു. സഭ വളർന്ന് ബലപ്പെടുന്നതിനു മുമ്പേ അതിനെ ഇല്ലാതാക്കണമെന്നാണ് അവന്റെ താത്പര്യം. മതനേതാക്കന്മാർ ദൈവരാജ്യപ്രസംഗപ്രവർത്തനത്തെ നിരോധിക്കുന്ന രീതിയിൽ അവൻ കരുക്കൾ നീക്കി. എന്നാൽ തുടർന്നും അപ്പോസ്തലന്മാർ ധൈര്യത്തോടെ പ്രസംഗിച്ചു. ധാരാളം സ്ത്രീപുരുഷന്മാർ “കർത്താവിൽ വിശ്വസി”ക്കുകയും ചെയ്തു.—പ്രവൃ. 4:18, 33; 5:14.
“യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ” അപ്പോസ്തലന്മാർ സന്തോഷിച്ചു
2 കോപിഷ്ഠരായ ശത്രുക്കൾ വെറുതേ ഇരുന്നില്ല. ഇപ്രാവശ്യം അവർ എല്ലാ അപ്പോസ്തലന്മാരെയും ജയിലിലാക്കി. എന്നാൽ രാത്രിയിൽ യഹോവയുടെ ദൂതൻ അവർക്കു ജയിലിന്റെ വാതിലുകൾ തുറന്നുകൊടുത്തു. നേരം പുലർന്നപ്പോൾ, അപ്പോസ്തലന്മാർ അതാ വീണ്ടും പ്രസംഗപ്രവർത്തനം നടത്തുന്നു! വീണ്ടും അവരെ അറസ്റ്റ് ചെയ്ത് അധികാരികളുടെ മുന്നിൽ ഹാജരാക്കി. പ്രസംഗപ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള കല്പന ധിക്കരിച്ചെന്നായിരുന്നു അവർക്കെതിരെയുള്ള ആരോപണം. മറുപടിയായി അപ്പോസ്തലന്മാർ ധൈര്യത്തോടെ ഇങ്ങനെ പറയുന്നു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.” കലി കയറിയ അധികാരികൾക്ക് അവരെ ‘കൊന്നുകളയണമെന്നു’ തോന്നി. എന്നാൽ നിർണായകമായ ആ നിമിഷം, നിയമാധ്യാപകനായ ഗമാലിയേൽ സംസാരിച്ചുതുടങ്ങുന്നു. എല്ലാവരും ആദരിച്ചിരുന്ന അദ്ദേഹം ആ അധികാരികൾക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു കൊടുക്കുന്നു: “നന്നായി ആലോചിച്ചിട്ടു മാത്രമേ ഇവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാവൂ . . . ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതെ അവരെ വിട്ടേക്കുക.” അതിശയകരമെന്നു പറയട്ടെ, അവർ അദ്ദേഹത്തിന്റെ ഉപദേശം കേട്ട് അപ്പോസ്തലന്മാരെ വിട്ടയയ്ക്കുന്നു. തുടർന്ന്, വിശ്വസ്തരായ ആ മനുഷ്യർ എന്താണു ചെയ്യുന്നത്? ധൈര്യസമേതം അവർ, “ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും” ചെയ്യുന്നു.—പ്രവൃ. 5:17-21, 27-42; സുഭാ. 21:1, 30.
3, 4. (എ) കാലങ്ങളായി ഫലം കണ്ടിരിക്കുന്ന ഏതു രീതിയാണു സാത്താൻ ദൈവജനത്തെ ആക്രമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്? (ബി) ഈ അധ്യായത്തിലും അടുത്ത രണ്ട് അധ്യായങ്ങളിലും നമ്മൾ എന്തു ചർച്ച ചെയ്യും?
3 ക്രിസ്തീയസഭയ്ക്കു നേരെ ഔദ്യോഗികമായുണ്ടായ ആദ്യത്തെ എതിർപ്പായിരുന്നു എ.ഡി. 33-ൽ ഒരു കോടതിയിൽവെച്ച് നടന്ന ആ കേസ്. എന്നാൽ അത് അവിടംകൊണ്ട് തീർന്നില്ല. (പ്രവൃ. 4:5-8; 16:20; 17:6, 7) ഇന്നത്തെ കാലത്തും സത്യാരാധനയുടെ എതിരാളികളെ ഉപയോഗിച്ച് അധികാരികളെ സ്വാധീനിക്കാനും അവരെക്കൊണ്ട് നമ്മുടെ പ്രസംഗപ്രവർത്തനത്തിനു നിരോധനം ഏർപ്പെടുത്താനും സാത്താൻ ശ്രമിക്കാറുണ്ട്. എത്രയെത്ര ആരോപണങ്ങളാണ് അക്കൂട്ടർ ദൈവജനത്തിന് എതിരെ നിരത്തിയിട്ടുള്ളത്! അതിലൊന്നാണ്, നമ്മൾ ക്രമസമാധാനം തകർക്കുന്നവരാണ് അഥവാ കുഴപ്പമുണ്ടാക്കുന്നവരാണ് എന്ന ആരോപണം. നമ്മൾ രാജ്യദ്രോഹികളാണ് എന്നതാണു മറ്റൊന്ന്. ഇനി, നമ്മൾ കച്ചവടക്കണ്ണുകളോടെ പ്രവർത്തിക്കുന്നവരാണ് എന്നും ആരോപണമുണ്ട്. അത്തരം ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാൻ നമ്മുടെ സഹോദരങ്ങൾ ഉചിതമായ ചില സാഹചര്യങ്ങളിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ആ കേസുകൾ നടത്തിയതുകൊണ്ട് പ്രയോജനമുണ്ടായോ? പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായ ചില കോടതിവിധികൾ ഇന്നു നിങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്? അത്തരം ചില കേസുകളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. “സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ” അവ എങ്ങനെയെല്ലാം സഹായിച്ചിരിക്കുന്നെന്ന് അപ്പോൾ നമുക്കു മനസ്സിലാകും.—ഫിലി. 1:7.
4 സ്വാതന്ത്ര്യത്തോടെ പ്രസംഗിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ നമ്മൾ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് ഈ അധ്യായം ചർച്ച ചെയ്യുന്നത്. ലോകത്തിന്റെ ഭാഗമല്ലാതിരിക്കാനും ദൈവരാജ്യത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കാനും വേണ്ടി നമ്മൾ നടത്തിയ ചില നിയമപോരാട്ടങ്ങളെക്കുറിച്ച് അടുത്ത രണ്ട് അധ്യായങ്ങളിൽ കാണാം.
കുഴപ്പമുണ്ടാക്കുന്നവരോ അതോ ദൈവരാജ്യത്തിന്റെ വിശ്വസ്തരായ വക്താക്കളോ?
5. 1930-കളുടെ ഒടുവിൽ ദൈവരാജ്യപ്രസംഗകരെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു, സംഘടനയിൽ നേതൃത്വമെടുത്തിരുന്നവർ എന്തു ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു?
5 ശുശ്രൂഷയിൽ ഏർപ്പെടാൻ യഹോവയുടെ സാക്ഷികൾ ഒരു പ്രത്യേകതരം അനുമതിപത്രം അഥവാ ലൈസൻസ് നിയമപരമായി നേടണമെന്ന കാര്യം നിർബന്ധമാക്കാൻ 1930-കളുടെ ഒടുവിൽ ഐക്യനാടുകളിലെ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഒരു ശ്രമം നടന്നു. എന്നാൽ നമ്മുടെ സഹോദരങ്ങൾ ലൈസൻസിന് അപേക്ഷിച്ചില്ല. ഒരു ലൈസൻസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനാകും എന്നതായിരുന്നു കാരണം. എന്നാൽ, ക്രിസ്ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കണമെന്ന യേശുവിന്റെ കല്പനയ്ക്കു തടസ്സംനിൽക്കാൻ ഒരു ഗവൺമെന്റിനും അധികാരമില്ല എന്നതായിരുന്നു അവരുടെ വിശ്വാസം. (മർക്കോ. 13:10) ദൈവരാജ്യത്തിന്റെ നൂറുകണക്കിനു പ്രചാരകരാണ് ആ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതിനെ തുടർന്ന്, അന്നു സംഘടനയിൽ നേതൃത്വമെടുത്തിരുന്നവർ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും മതവിശ്വാസമനുസരിച്ച് പ്രവർത്തിക്കാനുള്ള സാക്ഷികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തെളിയിക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അങ്ങനെയിരിക്കെ 1938-ൽ, ചരിത്രപ്രധാനമായ ഒരു കേസിനു വഴിമരുന്നിട്ട ഒരു സംഭവം നടന്നു. എന്തായിരുന്നു അത്?
6, 7. കാന്റ്വെൽ കുടുംബത്തിനുണ്ടായ അനുഭവം എന്തായിരുന്നു?
6 1938 ഏപ്രിൽ 26 ചൊവ്വാഴ്ച രാവിലെ 60-കാരനായ ന്യൂട്ടൺ കാന്റ്വെൽ, ഭാര്യ എസ്തർ, ആൺമക്കളായ ഹെൻറി, റസ്സൽ, ജെസ്സി എന്നിവർ കണറ്റിക്കട്ടിലെ ന്യൂ ഹേവൻ നഗരത്തിലേക്കു പോയി. അന്നു മുഴുവൻ അവിടെ പ്രസംഗപ്രവർത്തനം നടത്തുക എന്നതായിരുന്നു പ്രത്യേക മുൻനിരസേവകരായിരുന്ന ആ അഞ്ചു പേരുടെയും ലക്ഷ്യം. എങ്കിലും ഒരു ദിവസത്തിലധികം വീട്ടിൽനിന്ന് മാറിനിൽക്കാൻ വേണ്ട തയ്യാറെടുപ്പോടെയായിരുന്നു അവർ പുറപ്പെട്ടത്. അതിന്റെ കാരണം എന്തായിരുന്നു? അവരെ പലവട്ടം അറസ്റ്റ് ചെയ്തിട്ടുള്ളതുകൊണ്ട് ഇപ്രാവശ്യവും അതിനുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു ആ ഒരുക്കം. എന്നിട്ടും ദൈവരാജ്യസന്ദേശം അറിയിക്കാനുള്ള അവരുടെ ആഗ്രഹത്തിനു മങ്ങലേറ്റില്ല. രണ്ടു കാറുകളിലായി അവർ ന്യൂ ഹേവനിലെത്തി. ന്യൂട്ടൺ സഹോദരനാണ് അവരുടെ സ്വന്തം വണ്ടി ഓടിച്ചിരുന്നത്. ബൈബിൾപ്രസിദ്ധീകരണങ്ങളും കൈയിൽ കൊണ്ടുനടക്കാവുന്ന ഗ്രാമഫോണുകളും അതിലായിരുന്നു. മറ്റേ വണ്ടി ഒരു സൗണ്ട് കാറായിരുന്നു. 22-കാരനായ ഹെൻറിയാണ് അത് ഓടിച്ചിരുന്നത്. പ്രതീക്ഷിച്ചതുപോലെതന്നെ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസ് അവരെ തടഞ്ഞു.
7 ആദ്യം 18-കാരനായ റസ്സലിനെയും പിന്നീടു ന്യൂട്ടൺ സഹോദരനെയും എസ്തർ സഹോദരിയെയും അറസ്റ്റ് ചെയ്തു. പോലീസ് അപ്പനെയും അമ്മയെയും ചേട്ടനെയും പിടിച്ചുകൊണ്ടുപോകുന്നത് 16-കാരനായ ജെസ്സി ദൂരെനിന്ന് കാണുന്നുണ്ടായിരുന്നു. ഹെൻറി പ്രസംഗിച്ചുകൊണ്ടിരുന്നതു പട്ടണത്തിന്റെ മറ്റൊരു ഭാഗത്തായതുകൊണ്ട് ജെസ്സി ഒറ്റയ്ക്കായി. എങ്കിലും അവൻ ഗ്രാമഫോണുമായി പ്രസംഗപ്രവർത്തനം തുടർന്നു. അപ്പോൾ റഥർഫോർഡ് സഹോദരന്റെ, “ശത്രുക്കൾ” എന്ന തലക്കെട്ടോടുകൂടിയ പ്രസംഗത്തിന്റെ റിക്കാർഡ് കേൾക്കാൻ കത്തോലിക്കരായ രണ്ടു പേർ തയ്യാറായി. പ്രസംഗം കേട്ട് ആകെ ദേഷ്യംകയറിയ ആ പുരുഷന്മാർ ജെസ്സിയെ അടിക്കാൻ ഒരുങ്ങി. എന്നാൽ ശാന്തനായി അവിടെനിന്ന് നടന്നുനീങ്ങിയ ജെസ്സിയെ അധികം വൈകാതെ ഒരു പോലീസുകാരൻ തടഞ്ഞുനിറുത്തി. അങ്ങനെ ജെസ്സിയും കസ്റ്റഡിയിലായി. പോലീസ് എസ്തർ സഹോദരിയെ വെറുതേ വിട്ടെങ്കിലും കാന്റ്വെൽ സഹോദരന്റെയും ആൺമക്കളുടെയും പേരിൽ അവർ കേസ് എടുത്തു. എന്നാൽ ജാമ്യം കിട്ടിയ അവരെ അന്നുതന്നെ വിട്ടയച്ചു.
8. ജെസ്സി കാന്റ്വെൽ കുഴപ്പമുണ്ടാക്കുന്നയാളാണെന്നു കോടതി വിധിച്ചത് എന്തുകൊണ്ട്?
8 കുറച്ച് മാസങ്ങൾക്കു ശേഷം, 1938 സെപ്റ്റംബറിൽ കാന്റ്വെൽ കുടുംബം ന്യൂ ഹേവനിലെ വിചാരണക്കോടതിയിൽ ഹാജരായി. ലൈസൻസില്ലാതെ സംഭാവനകൾ ചോദിച്ചെന്ന കാരണത്താൽ ന്യൂട്ടൺ സഹോദരനെയും റസ്സലിനെയും ജെസ്സിയെയും കോടതി കുറ്റക്കാരെന്നു വിധിച്ചു. തുടർന്ന് കണറ്റിക്കട്ടിലെ പരമോന്നതനീതിപീഠത്തിൽ അവർ അപ്പീൽ നൽകി. എന്നാൽ സമാധാനം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ച, കുഴപ്പമുണ്ടാക്കുന്ന ഒരാളാണു ജെസ്സി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്തായിരുന്നു അത്തരമൊരു തീരുമാനത്തിനു പിന്നിൽ? ഗ്രാമഫോണിൽനിന്ന് പ്രസംഗം കേട്ട ആ രണ്ടു കത്തോലിക്കർ, ആ പ്രസംഗം അവരുടെ മതത്തെ അപമാനിച്ചെന്നും അവർക്കു പ്രകോപനമുണ്ടാക്കിയെന്നും കോടതിയിൽ മൊഴി കൊടുത്തു. എന്നാൽ നമ്മുടെ സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ ആ വിധിക്കെതിരെ രാജ്യത്തെ പരമോന്നതകോടതിയായ യു.എസ്. സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
9, 10. (എ) കാന്റ്വെൽ കുടുംബത്തിന്റെ കേസിൽ യു.എസ്. സുപ്രീംകോടതിയുടെ വിധി എന്തായിരുന്നു? (ബി) ഇന്നും അതു നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്?
9 1940 മാർച്ച് 29-നു വിചാരണ തുടങ്ങി. യഹോവയുടെ സാക്ഷികൾക്കുവേണ്ടി അഭിഭാഷകനായി ഹാജരായതു ഹെയ്ഡൻ കവിങ്ടൺ സഹോദരനായിരുന്നു. ചീഫ് ജസ്റ്റിസ് ചാൾസ് ഇ. ഹ്യൂസും എട്ടു സഹജഡ്ജിമാരും കവിങ്ടൺ സഹോദരന്റെ വാദങ്ങൾ ശ്രദ്ധിച്ചുകേട്ടു.a എന്നാൽ കണറ്റിക്കട്ട് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ, യഹോവയുടെ സാക്ഷികൾ കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചപ്പോൾ ജഡ്ജിമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചു: “ക്രിസ്തുയേശു പ്രസംഗിച്ച കാര്യങ്ങൾക്കും അന്നത്തെ കാലത്ത് ജനസമ്മതിയില്ലായിരുന്നു എന്ന കാര്യം ശരിയല്ലേ?” അപ്പോൾ ആ അഭിഭാഷകൻ പറഞ്ഞു: “അതെ. എന്റെ ഓർമ ശരിയാണെങ്കിൽ, ആ സന്ദേശം പ്രസംഗിച്ചതിന്റെ പേരിൽ യേശുവിന് എന്തു സംഭവിച്ചെന്നും ബൈബിളിലുണ്ട്.” എത്ര സത്യസന്ധമായൊരു പ്രസ്താവന! അറിയാതെയാണെങ്കിലും ആ അഭിഭാഷകൻ യഹോവയുടെ സാക്ഷികളെ യേശുവിനോടു താരതമ്യപ്പെടുത്തുകയായിരുന്നു. കണറ്റിക്കട്ട് സംസ്ഥാനത്തെ അദ്ദേഹം താരതമ്യപ്പെടുത്തിയതോ, യേശുവിനെ കുറ്റവാളിയായി പ്രഖ്യാപിച്ചവരോടും. ഒടുവിൽ 1940 മെയ് 20-നു കോടതി ഒരേ സ്വരത്തിൽ സാക്ഷികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
നിയമവിജയം നേടി കോടതിയിൽനിന്ന് പുറത്തേക്കു വരുന്ന ഹെയ്ഡൻ കവിങ്ടൺ സഹോദരനും (മുന്നിൽ, മധ്യത്തിൽ) ഗ്ലെൻ ഹൗ സഹോദരനും (ഇടത്ത്) മറ്റുള്ളവരും
10 ആ കോടതിവിധിയുടെ പ്രാധാന്യം എത്രത്തോളമായിരുന്നു? ഏതു മതവിശ്വാസമനുസരിച്ച് ജീവിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശത്തിനു കൂടുതൽ സംരക്ഷണം പകരുന്നതായിരുന്നു ആ വിധി. ആ വിധി വന്നതോടെ, ആ രാജ്യത്തെ ഗവൺമെന്റിനോ അവിടത്തെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ ഭരണകൂടത്തിനോ നിയമപരമായി മതസ്വാതന്ത്ര്യത്തിനു തടയിടാൻ കഴിയാതായി. ഇനി, ജെസ്സിയുടെ പെരുമാറ്റം “യാതൊരു തരത്തിലും സമൂഹത്തിലെ ക്രമസമാധാനനിലയ്ക്ക് ഒരു ഭീഷണിയല്ല” എന്നും കോടതി കണ്ടെത്തി. അതിലൂടെ, യഹോവയുടെ സാക്ഷികൾ സമൂഹത്തിന്റെ ക്രമസമാധാനം തകർക്കുന്നവരെല്ലന്ന വസ്തുതയ്ക്കു കോടതി അടിവരയിടുകയായിരുന്നു. ദൈവസേവകർക്ക് എത്ര നിർണായകമായൊരു നിയമവിജയമായിരുന്നു അത്! ഇന്നും അതു നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെയാണ്? യഹോവയുടെ സാക്ഷിയായ ഒരു അഭിഭാഷകൻ പറയുന്നു: “അന്യായമായ നിയന്ത്രണങ്ങളെ പേടിക്കാതെ സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുള്ളതുകൊണ്ട് സാക്ഷികളായ നമുക്കു നമ്മുടെ അയൽക്കാരെ പ്രത്യാശയുടെ സന്ദേശം അറിയിക്കാനാകുന്നു.”
രാജ്യദ്രോഹികളോ അതോ സത്യം പ്രഖ്യാപിക്കുന്നവരോ?
ദൈവത്തോടും ക്രിസ്തുവിനോടും സ്വാതന്ത്ര്യത്തോടും ഉള്ള ക്യുബെക്കിന്റെ കടുത്ത വിദ്വേഷം കാനഡയ്ക്കു മുഴുവൻ ലജ്ജാകരം എന്ന ലഘുലേഖ
11. കാനഡയിലെ നമ്മുടെ സഹോദരങ്ങൾ ഏതു പ്രചാരണ പരിപാടിയാണു നടത്തിയത്, എന്തുകൊണ്ട്?
11 1940-കളിൽ കാനഡയിലെ യഹോവയുടെ സാക്ഷികൾക്ക് അതിഭയങ്കരമായ ഉപദ്രവം നേരിട്ടു. അതുകൊണ്ട് 1946-ൽ, അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ 16 ദിവസം നീണ്ട ഒരു പ്രചാരണ പരിപാടി നടത്തി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന, ആരാധനാസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് ഒട്ടും വില കല്പിക്കാത്ത തരം നടപടികൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ആ പ്രചാരണ പരിപാടിയുടെ ഭാഗമായി അവർ ദൈവത്തോടും ക്രിസ്തുവിനോടും സ്വാതന്ത്ര്യത്തോടും ഉള്ള ക്യുബെക്കിന്റെ കടുത്ത വിദ്വേഷം കാനഡയ്ക്കു മുഴുവൻ ലജ്ജാകരം (ഇംഗ്ലീഷ്) എന്നൊരു ലഘുലേഖ വിതരണം ചെയ്തു. ക്യുബെക്ക് പ്രവിശ്യയിൽ നമ്മുടെ സഹോദരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമം, ജനക്കൂട്ടത്തിൽനിന്നുള്ള ആക്രമണങ്ങൾ, വൈദികന്മാർ ഇളക്കിവിടുന്ന കലാപങ്ങൾ എന്നിവയെല്ലാം ആ ലഘുലേഖ നന്നായി വിശദീകരിച്ചിരുന്നു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയുടെ സാക്ഷികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പ്രവണത തുടരുകയാണ്. ഗ്രേറ്റർ മോൺട്രിയൽ പ്രദേശത്ത് യഹോവയുടെ സാക്ഷികൾക്കെതിരെ 800 കേസുകൾ കുമിഞ്ഞുകൂടിയിട്ടുണ്ട്.”
12. (എ) ലഘുലേഖ വിതരണം ചെയ്ത പ്രചാരണ പരിപാടിയോട് എതിരാളികൾ പ്രതികരിച്ചത് എങ്ങനെയായിരുന്നു? (ബി) നമ്മുടെ സഹോദരങ്ങളുടെമേൽ ചുമത്തിയ കുറ്റം എന്തായിരുന്നു? (അടിക്കുറിപ്പും കാണുക.)
12 അന്നു ക്യുബെക്കിന്റെ ഭരണാധികാരിയായിരുന്ന മോറിസ് ഡ്യൂപ്ലസി റോമൻ കത്തോലിക്കാ സഭയിലെ കർദിനാളായിരുന്ന വിലെനെവിന്റെ അടുത്ത സുഹൃത്തായിരുന്നു. യഹോവയുടെ സാക്ഷികൾക്കെതിരെ “കരുണയില്ലാത്ത ഒരു യുദ്ധം” പ്രഖ്യാപിച്ചുകൊണ്ടാണ് ആ ലഘുലേഖയോടു ഡ്യൂപ്ലസി പ്രതികരിച്ചത്. പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇരട്ടിച്ചു. അത് 800-ൽനിന്ന് 1,600-ലേക്കു കുതിച്ചുയർന്നു. അക്കാലത്തെക്കുറിച്ച് മുൻനിരസേവികയായിരുന്ന ഒരു സഹോദരി ഓർക്കുന്നു: “പോലീസ് എത്ര തവണ ഞങ്ങളെ അറസ്റ്റ് ചെയ്തെന്നോ, എണ്ണംപോലും ഓർമയില്ല.” ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ പിടിയിലായ സഹോദരങ്ങളുടെമേൽ ചുമത്തിയ കുറ്റം, അവർ “രാജ്യദ്രോഹപരമായ ലേഖനം” പ്രചരിപ്പിച്ചു എന്നതായിരുന്നു.b
13. ആർക്കാണു രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ആദ്യമായി കോടതിവിചാരണ നേരിടേണ്ടിവന്നത്, കോടതിവിധി എന്തായിരുന്നു?
13 1947-ൽ ഇമേ ബൂഷേ സഹോദരനും അദ്ദേഹത്തിന്റെ മക്കളായ 18-കാരി ഷിസെലിനും 11-കാരി ലൂയിസിലിനും കോടതിവിചാരണ നേരിടേണ്ടിവന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ആദ്യമായി കോടതികയറിയവർ ഇവരായിരുന്നു. ക്യുബെക്ക് നഗരത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിലുള്ള തങ്ങളുടെ കൃഷിയിടത്തിന് അടുത്ത്, ക്യുബെക്കിന്റെ കടുത്ത വിദ്വേഷം ലഘുലേഖകൾ വിതരണം ചെയ്തതായിരുന്നു അവർ ചെയ്ത കുറ്റം. പക്ഷേ അവർ നിയമവിരുദ്ധമായി കുഴപ്പമുണ്ടാക്കുന്നവരാണെന്നു ചിന്തിക്കാൻ വളരെ പ്രയാസമായിരുന്നു. കാരണം താഴ്മയുള്ള, സൗമ്യനായ ഒരു വ്യക്തിയായിരുന്നു ബൂഷേ സഹോദരൻ. തന്റെ ചെറിയ കൃഷിയിടവുമായി ഒതുങ്ങിക്കഴിയുന്ന ഒരു മനുഷ്യൻ. ഇടയ്ക്കു വല്ലപ്പോഴുമൊക്കെ തന്റെ കുതിരവണ്ടിയുമായി അദ്ദേഹം പട്ടണത്തിലേക്കു പോകും. അതായിരുന്നു അവരുടെ ജീവിതം. എങ്കിലും ആ ലഘുലേഖയിൽ ചൂണ്ടിക്കാണിച്ചിരുന്ന പല ഉപദ്രവങ്ങൾക്കും അദ്ദേഹത്തിന്റെ കുടുംബവും ഇരയായിട്ടുണ്ടായിരുന്നു. യഹോവയുടെ സാക്ഷികളെ വെറുപ്പായിരുന്ന വിചാരണക്കോടതിജഡ്ജി, ബൂഷേ സഹോദരന്റെ കുടുംബം നിരപരാധികളാണെന്നുള്ളതിന്റെ തെളിവുകൾ അംഗീകരിക്കാൻ വിസമ്മതിച്ചു. പകരം, ആ ലഘുലേഖ വിദ്വേഷം ഇളക്കിവിടുന്നതാണെന്നും അതുകൊണ്ട് ബൂഷേ കുടുംബത്തെ കുറ്റക്കാരായി കാണണമെന്നും ഉള്ള വാദിഭാഗം അഭിഭാഷകന്റെ വാദമാണ് അദ്ദേഹം അംഗീകരിച്ചത്. ഒരർഥത്തിൽ ആ ജഡ്ജിയുടെ കാഴ്ചപ്പാട് ഇതായിരുന്നെന്നു പറയാം: സത്യം പറയുന്നത് ഒരു കുറ്റമാണ്! രാജ്യദ്രോഹപരമായ ലേഖനങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഇമേ സഹോദരനെയും ഷിസെലിനെയും കുറ്റക്കാരായി മുദ്രകുത്തി. കുഞ്ഞു ലൂയിസിലിനും രണ്ടു ദിവസം ജയിലറയിൽ കിടക്കേണ്ടിവന്നു. തുടർന്ന് സഹോദരങ്ങൾ കാനഡയിലെ പരമോന്നതനീതിപീഠമായ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കോടതി ആ കേസിലെ വാദം കേൾക്കാൻ തയ്യാറായി.
14. ഉപദ്രവമുണ്ടായ വർഷങ്ങളിൽ ക്യുബെക്കിലെ നമ്മുടെ സഹോദരങ്ങൾ പ്രതികരിച്ചത് എങ്ങനെ?
14 എന്നാൽ ഇതേസമയം, ഇടതടവില്ലാതെ ഉഗ്രമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും ക്യുബെക്കിലെ നമ്മുടെ ധീരരായ സഹോദരീസഹോദരന്മാർ മറ്റുള്ളവരെ ദൈവരാജ്യസന്ദേശം അറിയിച്ചുകൊണ്ടിരുന്നു. പലപ്പോഴും അവർക്കു വളരെ നല്ല ഫലങ്ങളും കിട്ടി. ലഘുലേഖാവിതരണം തുടങ്ങിയ 1946-നു ശേഷമുള്ള നാലു വർഷംകൊണ്ട് ക്യുബെക്കിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം 300-ൽനിന്ന് 1,000-ത്തിലെത്തി!c
15, 16. (എ) ബൂഷേ കുടുംബത്തിന്റെ കേസിൽ സുപ്രീംകോടതി എന്തിന്റെ അടിസ്ഥാനത്തിലാണു വിധി പുറപ്പെടുവിച്ചത്? (ബി) ഈ വിജയം നമ്മുടെ സഹോദരങ്ങളെയും മറ്റുള്ളവരെയും എങ്ങനെയാണു ബാധിച്ചത്?
15 1950 ജൂണിൽ കാനഡയിലെ സുപ്രീംകോടതിയുടെ ഒൻപതു ജഡ്ജിമാർ അടങ്ങിയ സംഘം ഇമേ ബൂഷേ സഹോദരന്റെ കേസിലെ വാദം കേട്ടു. ആറു മാസത്തിനു ശേഷം, 1950 ഡിസംബർ 18-നു കോടതി നമുക്ക് അനുകൂലമായി വിധിച്ചു. എന്തായിരുന്നു കാരണം? ഗവൺമെന്റിന് എതിരെയുള്ള ലഹളയ്ക്കോ അക്രമത്തിനോ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഉൾപ്പെട്ടിട്ടില്ലെങ്കിൽ അതിനെ “രാജ്യദ്രോഹം” എന്നു വിളിക്കാനാകില്ല എന്നായിരുന്നു നമ്മുടെ വാദം. കോടതി അതിനോടു യോജിച്ചു എന്നാണ് യഹോവയുടെ സാക്ഷികളുടെ അഭിഭാഷകനായ ഗ്ലെൻ ഹൗ സഹോദരൻ പറഞ്ഞത്. ആ ലഘുലേഖയിൽ “അത്തരത്തിലൊരു പ്രേരണ തോന്നിപ്പിക്കുന്ന യാതൊന്നും ഇല്ലാത്തതുകൊണ്ട് അതു സംസാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുന്നതും നിയമാനുസൃതവും” ആയിരുന്നു. “യഹോവ വിജയം നൽകിയത് എങ്ങനെയെന്നു ഞാൻ നേരിട്ട് കണ്ടു” എന്നു ഹൗ സഹോദരൻ പറഞ്ഞു.d
16 അതെ, സുപ്രീംകോടതിയുടെ ആ വിധി ദൈവരാജ്യത്തിന്റെ വലിയൊരു വിജയമായിരുന്നു. അന്നു ക്യുബെക്കിലെ യഹോവയുടെ സാക്ഷികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്ന മറ്റ് 122 കേസുകൾ തീർപ്പാകാതെ കിടപ്പുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽനിന്നുള്ള വിധിയോടെ ആ കേസുകൾക്കൊന്നിനും ഒരു അടിസ്ഥാനവുമില്ലെന്നായി. ഇനി, ആ കോടതിവിധികൊണ്ട് കാനഡയിലെയും കോമൺവെൽത്ത് രാജ്യങ്ങളിലെയും പൗരന്മാർക്കെല്ലാം നേട്ടമുണ്ടായി. ഗവൺമെന്റിന്റെ ചില നടപടികളെക്കുറിച്ചുള്ള അവരുടെ ആകുലതകൾ പരസ്യമാക്കാനുള്ള സ്വാതന്ത്ര്യം അതോടെ അവർക്കു ലഭിച്ചു. അതു മാത്രമല്ല, യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾക്കു നേരെ ക്രൈസ്തവസഭയും ഭരണകൂടവും സംഘംചേർന്ന് നടത്തുന്ന ആക്രമണത്തിന്റെ നടുവൊടിക്കാനും ആ വിജയത്തിനായി.e
കച്ചവടക്കാരോ അതോ ദൈവരാജ്യത്തിന്റെ തീക്ഷ്ണതയുള്ള പ്രചാരകരോ?
17. നമ്മുടെ പ്രസംഗപ്രവർത്തനത്തെ നിയന്ത്രിക്കാൻ ചില ഗവൺമെന്റുകൾ ശ്രമിക്കുന്നത് എങ്ങനെ?
17 ആദ്യകാലക്രിസ്ത്യാനികളെപ്പോലെ യഹോവയുടെ ഇന്നത്തെ സേവകരും “ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല.” (2 കൊരിന്ത്യർ 2:17 വായിക്കുക.) എങ്കിലും വാണിജ്യമേഖലയ്ക്കു ബാധകമാകുന്ന ചില നിയമങ്ങൾ ഉപയോഗിച്ച്, നമ്മുടെ ശുശ്രൂഷയുടെ ഭാഗമായ പ്രവർത്തനങ്ങൾക്കു തടയിടാൻ ചില ഗവൺമെന്റുകൾ ശ്രമിക്കുന്നു. യഹോവയുടെ സാക്ഷികൾ കച്ചവടക്കാരാണോ അതോ ശുശ്രൂഷകരാണോ എന്ന ചോദ്യത്തിനു തീർപ്പുണ്ടാക്കിയ രണ്ടു കോടതിവിധികളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
18, 19. ഡെന്മാർക്കിലെ അധികാരികൾ പ്രസംഗപ്രവർത്തനം തടയാൻ ശ്രമിച്ചത് എങ്ങനെ?
18 ഡെന്മാർക്ക്. 1932 ഒക്ടോബർ 1-ന് അവിടെ ഒരു പുതിയ നിയമം നിലവിൽ വന്നു. കച്ചവടക്കാർക്കായുള്ള ലൈസൻസ് കൈയിലില്ലാത്തവർ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നത് അതോടെ നിയമവിരുദ്ധമായിത്തീർന്നു. എന്നാൽ നമ്മുടെ സഹോദരങ്ങൾ ലൈസൻസിന് അപേക്ഷിച്ചില്ല. അടുത്ത ദിവസം അഞ്ചു പ്രചാരകർ തലസ്ഥാനമായ കോപ്പൻഹേഗനിൽനിന്ന് 30 കിലോമീറ്ററോളം പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന റസ്കില പട്ടണത്തിലേക്കു പ്രസംഗിക്കാനായി പോയി. അന്നേ ദിവസം മുഴുവൻ അവർ അവിടെ പ്രവർത്തിച്ചു. എന്നാൽ വൈകുന്നേരമായപ്പോൾ അവരിൽ ഒരാളായ ഔഗുസ്റ്റ് ലേമാനെ കാണാനില്ലായിരുന്നു. ലൈസൻസില്ലാതെ വിൽപ്പന നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
19 1932 ഡിസംബർ 19-ന് ഔഗുസ്റ്റ് ലേമാൻ കോടതിയിൽ ഹാജരായി. ആളുകൾക്കു ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാനാണ് അവരെ സന്ദർശിച്ചതെന്ന് അദ്ദേഹം മൊഴി നൽകി. എന്നാൽ താൻ കച്ചവടം നടത്തുകയായിരുന്നെന്ന വാദം അദ്ദേഹം നിഷേധിച്ചു. അദ്ദേഹത്തോടു യോജിച്ച വിചാരണക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളയാളാണു പ്രതി. ഈ പ്രവർത്തനത്തിൽനിന്ന് അദ്ദേഹത്തിനു സാമ്പത്തികനേട്ടമൊന്നും ഉണ്ടായിട്ടില്ല, അതിനുള്ള ആഗ്രഹവും അദ്ദേഹത്തിനില്ലായിരുന്നു. വാസ്തവത്തിൽ അത് അദ്ദേഹത്തിനു സാമ്പത്തികനഷ്ടമാണു വരുത്തിവെച്ചിട്ടുള്ളത്.” യഹോവയുടെ സാക്ഷികളുടെ ഭാഗം ശരിവെച്ച കോടതി, ലേമാൻ സഹോദരന്റെ പ്രവർത്തനങ്ങളെ “വ്യാപാരമെന്നു വിളിക്കാനാകില്ല” എന്നു വിധിച്ചു. എന്നാൽ ആ നാട്ടിൽ മുഴുവൻ പ്രസംഗപ്രവർത്തനത്തിനു വിലക്ക് ഏർപ്പെടുത്താനുള്ള ഉദ്യമത്തിൽനിന്ന് ദൈവജനത്തിന്റെ ശത്രുക്കൾ അണുവിട പിന്നോട്ടു മാറിയില്ല. (സങ്കീ. 94:20) ഗവൺമെന്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ അപ്പീലുമായി രാജ്യത്തെ സുപ്രീംകോടതി വരെ പോയി. നമ്മുടെ സഹോദരങ്ങൾ ഇതിനോട് എങ്ങനെയാണു പ്രതികരിച്ചത്?
20. ഡെന്മാർക്കിലെ സുപ്രീംകോടതിയുടെ തീരുമാനം എന്തായിരുന്നു, നമ്മുടെ സഹോദരങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്?
20 സുപ്രീംകോടതി ഈ കേസിലെ വാദം കേൾക്കുന്നതിനുള്ള ദിവസം അടുത്തെത്തി. അതിനു മുമ്പുള്ള ഒരാഴ്ചക്കാലത്ത് ഡെന്മാർക്കിലെ യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിന്റെ ആക്കം കൂട്ടി. 1933 ഒക്ടോബർ 3 ചൊവ്വാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ഔഗുസ്റ്റ് ലേമാന്റെ പ്രവൃത്തി നിയമവിരുദ്ധമല്ലെന്നുള്ള കീഴ്ക്കോടതിവിധി സുപ്രീംകോടതി ശരിവെച്ചു. അതോടെ, സാക്ഷികൾക്കു തുടർന്നും സ്വതന്ത്രമായി പ്രസംഗപ്രവർത്തനം നടത്താമെന്നായി. ഈ നിയമവിജയം നൽകിയതിന് യഹോവയോടുള്ള നന്ദി പ്രകടിപ്പിക്കാൻ സഹോദരീസഹോദരന്മാർ പ്രസംഗപ്രവർത്തനത്തിലെ തങ്ങളുടെ പങ്കു വീണ്ടും വർധിപ്പിച്ചു. ആ വിധി വന്നതിൽപ്പിന്നെ ശുശ്രൂഷയുടെ കാര്യത്തിൽ ഡെന്മാർക്കിലെ സഹോദരങ്ങൾക്കു ഗവൺമെന്റിൽനിന്ന് യാതൊരു തടസ്സവും നേരിട്ടിട്ടില്ല.
ഡെന്മാർക്കിലെ ധീരരായ സാക്ഷികൾ (1930-കളിലെ ചിത്രം.)
21, 22. മർഡോക് സഹോദരന്റെ കേസിൽ യു.എസ്. സുപ്രീംകോടതി എന്തു വിധിച്ചു?
21 ഐക്യനാടുകൾ. 1940 ഫെബ്രുവരി 25 ഞായറാഴ്ച പെൻസിൽവേനിയ സംസ്ഥാനത്തെ പിറ്റ്സ്ബർഗിന് അടുത്തുള്ള ജനറ്റ് നഗരത്തിൽ പ്രസംഗപ്രവർത്തനം നടത്തുകയായിരുന്ന റോബർട്ട് മർഡോക് ജൂനിയർ എന്ന മുൻനിരസേവകനെയും മറ്റ് ഏഴു സാക്ഷികളെയും അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ആളുകൾക്കു പ്രസിദ്ധീകരണം നൽകാൻ ശ്രമിച്ചു എന്നതായിരുന്നു അവരുടെ പേരിലുള്ള കുറ്റം. നമ്മൾ നൽകിയ അപ്പീൽ സ്വീകരിച്ച യു.എസ്. സുപ്രീംകോടതി കേസിലെ വാദം കേൾക്കാൻ തയ്യാറായി.
22 1943 മെയ് 3-നു സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അത് യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായിരുന്നു. “രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചുകൊടുത്തിട്ടുള്ള ഒരു അവകാശം ആസ്വദിക്കാൻ പണം നൽകേണ്ടിവരുന്നു” എന്നതുകൊണ്ടാണു പണം കൊടുത്ത് അത്തരമൊരു ലൈസൻസ് നേടുന്നതിനെ കോടതി എതിർത്തത്. ആ നഗരം പുറപ്പെടുവിച്ച ഉത്തരവ്, “പത്രസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയും ഇഷ്ടമുള്ള മതവിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു തടസ്സവും” ആണെന്നു കണ്ട് സുപ്രീംകോടതി അത് അസാധുവാക്കി. കോടതിയുടെ ഭൂരിപക്ഷാഭിപ്രായം പ്രസ്താവിക്കുന്നതിനിടെ ജസ്റ്റിസ് വില്യം ഒ. ഡഗ്ലസ് യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “(അവരുടെ പ്രവർത്തനത്തെ) കേവലം പ്രസംഗം എന്നു മാത്രം വിളിക്കാനാകില്ല, അതു മതപ്രസിദ്ധീകരണങ്ങളുടെ വെറുമൊരു വിതരണം മാത്രവുമല്ല. അത് അവ രണ്ടും ചേർന്നതാണെന്നു പറയാം.” അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കും വേദികളിൽനിന്നുള്ള സുവിശേഷപ്രസംഗങ്ങൾക്കും നമ്മൾ നൽകുന്ന അതേ ആദരവുതന്നെ ഇത്തരത്തിലുളള ഒരു മതപ്രവർത്തനത്തിനും നൽകേണ്ടതാണ്.”
23. 1943-ലെ കോടതിവിജയങ്ങൾക്കു നമ്മുടെ കാലത്ത് എന്തു പ്രാധാന്യമാണുള്ളത്?
23 സുപ്രീംകോടതിയുടെ ആ വിധി ദൈവജനത്തിനു കിട്ടിയ വലിയൊരു നിയമവിജയമായിരുന്നു. നമ്മൾ ക്രിസ്തീയശുശ്രൂഷകരാണ് അല്ലാതെ വിൽപ്പന നടത്തുന്ന കച്ചവടക്കാരല്ല എന്ന യാഥാർഥ്യത്തിന് അത് അടിവരയിട്ടു. 1943-ലെ ആ ദിനം അവിസ്മരണീയമായിരുന്നു! കാരണം മർഡോക് കേസ് ഉൾപ്പെടെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള 13 കേസുകളിൽ 12-ലും അന്ന് യഹോവയുടെ സാക്ഷികൾ വിജയിച്ചു. ആ കോടതിവിധികൾകൊണ്ട് മറ്റൊരു പ്രയോജനവുമുണ്ടായി. അടുത്ത കാലത്ത്, പരസ്യമായും വീടുതോറും ദൈവരാജ്യസന്ദേശം അറിയിക്കാനുള്ള നമ്മുടെ അവകാശത്തെ എതിരാളികൾ വീണ്ടും വെല്ലുവിളിച്ച കേസുകളിലും ആ വിധികൾ വലിയ സ്വാധീനം ചെലുത്തി.
“ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്”
24. ഒരു ഗവൺമെന്റ് നമ്മുടെ പ്രസംഗപ്രവർത്തനം നിരോധിച്ചാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും?
24 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം സ്വതന്ത്രമായി അറിയിക്കാനുള്ള നിയമപരമായ അവകാശം ചില ഗവൺമെന്റുകൾ അനുവദിച്ചുതരുമ്പോൾ യഹോവയുടെ സേവകരായ നമുക്ക് അതിനോടു വലിയ വിലമതിപ്പു തോന്നാറുണ്ട്. എന്നാൽ ഒരു ഗവൺമെന്റ് നമ്മുടെ പ്രസംഗപ്രവർത്തനം നിരോധിച്ചാലോ? അപ്പോൾ, നമ്മൾ നമ്മുടെ രീതികൾക്കു ചില മാറ്റങ്ങൾ വരുത്തി എങ്ങനെയും നമ്മുടെ പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ ശ്രമിക്കും. അപ്പോസ്തലന്മാരെപ്പോലെ നമ്മൾ അപ്പോൾ “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.” (പ്രവൃ. 5:29; മത്താ. 28:19, 20) അതേസമയം, നമ്മുടെ പ്രവർത്തനങ്ങളുടെ മേലുള്ള നിരോധനം നീക്കാൻ നമ്മൾ കോടതികളിൽ അപ്പീൽ നൽകാറുമുണ്ട്. രണ്ട് ഉദാഹരണങ്ങൾ നോക്കാം.
25, 26. നിക്കരാഗ്വയിലെ സുപ്രീംകോടതിയുടെ മുന്നിൽ വന്ന കേസിന്റെ പശ്ചാത്തലം എന്തായിരുന്നു, എന്തായിരുന്നു കോടതിവിധി?
25 നിക്കരാഗ്വ. അവിടത്തെ മിഷനറിയും ബ്രാഞ്ച് ദാസനും ആയിരുന്ന ഡോണവൻ മൺസ്റ്റർമാൻ 1952 നവംബർ 19-നു രാജ്യത്തിന്റെ തലസ്ഥാനമായ മനാഗ്വയിലെ ഇമിഗ്രേഷൻ ഓഫീസിലെത്തി. ആ ഓഫീസിലെ മേലധികാരിയായിരുന്ന ക്യാപ്റ്റൻ ആർനോൾഡോ ഗാർസീയായെ കാണണമെന്നുള്ള ഉത്തരവ് കിട്ടി വന്നതായിരുന്നു അദ്ദേഹം. നിക്കരാഗ്വയിലെ എല്ലാ യഹോവയുടെ സാക്ഷികളെയും, “അവരുടെ ഉപദേശങ്ങൾ പ്രസംഗിക്കുന്നതിൽനിന്നും അവരുടെ മതപ്രവർത്തനങ്ങൾ ഉന്നമിപ്പിക്കുന്നതിൽനിന്നും വിലക്കുകയാണ്” എന്ന് ആ ഉദ്യോഗസ്ഥൻ ഡോണവൻ സഹോദരനോടു പറഞ്ഞു. അതിനു കാരണം ചോദിച്ചപ്പോൾ ക്യാപ്റ്റൻ ഗാർസീയാ പറഞ്ഞത്, സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നടത്താൻ മന്ത്രിയിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും അവർ കമ്മ്യൂണിസ്റ്റുകാരാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നും ആയിരുന്നു. ആരായിരുന്നു ആ ആരോപണത്തിനു പിന്നിൽ? റോമൻ കത്തോലിക്കാ വൈദികർ!
നിക്കരാഗ്വയിലെ സഹോദരങ്ങൾ, നിരോധനകാലത്തെ ചിത്രം
26 ഉടനെതന്നെ മൺസ്റ്റർമാൻ സഹോദരൻ അവിടത്തെ മതമന്ത്രാലയത്തിനും പ്രസിഡന്റായ അനാസ്റ്റാസ്യോ സോമോസാ ഗാർസീയായ്ക്കും അപ്പീൽ നൽകിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. അതുകൊണ്ട് സഹോദരങ്ങൾ തങ്ങളുടെ രീതികൾക്കു ചില മാറ്റങ്ങൾ വരുത്തി. അവർ രാജ്യഹാൾ അടച്ചുപൂട്ടി, ചെറിയ കൂട്ടങ്ങളായി കൂടിവരാൻ തുടങ്ങി, കൂടാതെ തെരുവുസാക്ഷീകരണം നിറുത്തി. എന്നാൽ ദൈവരാജ്യസന്ദേശം അവർ തുടർന്നും പ്രസംഗിച്ചുകൊണ്ടിരുന്നു. അതോടൊപ്പം, നിരോധനം അസാധുവാക്കാനുള്ള ഒരു അപേക്ഷ നിക്കരാഗ്വയിലെ സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പത്രങ്ങളിൽ ഇതു ചൂടുപിടിച്ച വാർത്തയായി. നമ്മൾ കോടതിയിൽ നൽകിയ അപേക്ഷയുടെ വിശദാംശങ്ങളും പത്രങ്ങൾ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കാൻ തയ്യാറായി. ഒടുവിൽ കോടതി എന്തു വിധിച്ചു? 1953 ജൂൺ 19-നു സുപ്രീംകോടതി ഏകകണ്ഠമായി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. മനസ്സാക്ഷിക്കനുസൃതമായും സ്വന്തം മതവിശ്വാസമനുസരിച്ചും കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിലും ഭരണഘടന ഉറപ്പുകൊടുക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിലും കൈകടത്തുന്നതാണ് ഈ നിരോധനമെന്നു കോടതി കണ്ടെത്തി. നിക്കരാഗ്വയിലെ ഗവൺമെന്റും യഹോവയുടെ സാക്ഷികളും തമ്മിലുള്ള ബന്ധം പഴയപടിയാക്കാൻ വേണ്ട നടപടികളെടുക്കാനും കോടതി വിധിച്ചു.
27. സുപ്രീംകോടതിയുടെ വിധി നിക്കരാഗ്വക്കാരെ അമ്പരപ്പിച്ചുകളഞ്ഞത് എന്തുകൊണ്ട്, ഈ വിജയത്തെ സഹോദരങ്ങൾ എങ്ങനെയാണു കണ്ടത്?
27 സുപ്രീംകോടതി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിച്ചതു നിക്കരാഗ്വക്കാരെ അമ്പരപ്പിച്ചുകളഞ്ഞു. അതിന് ഒരു കാരണമുണ്ടായിരുന്നു. വൈദികരുടെ സ്വാധീനശക്തി നിമിത്തം, കോടതി അവരുമായി കൊമ്പു കോർക്കുന്നത് ഒഴിവാക്കാറായിരുന്നു പതിവ്. മാത്രമല്ല, ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ കോടതി മറികടക്കുന്നതും അപൂർവമായിരുന്നു. അത്രയ്ക്കായിരുന്നു അവർക്ക് അന്നാട്ടിലുള്ള അധികാരം. തങ്ങളുടെ രാജാവിൽനിന്ന് സംരക്ഷണം കിട്ടിയതുകൊണ്ടും പ്രസംഗപ്രവർത്തനം നിറുത്താതിരുന്നതുകൊണ്ടും ആണ് ഈ വിജയം സ്വന്തമായതെന്ന കാര്യത്തിൽ നമ്മുടെ സഹോദരങ്ങൾക്കു ലവലേശം സംശയമില്ലായിരുന്നു.—പ്രവൃ. 1:8.
28, 29. 1980-കളുടെ മധ്യത്തിൽ സയറിൽ അപ്രതീക്ഷിതമായ എന്തു മാറ്റമുണ്ടായി?
28 സയർ. ഇന്നു കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്ന് അറിയപ്പെടുന്ന സയറിൽ 1980-കളുടെ മധ്യത്തിൽ ഏതാണ്ട് 35,000 സാക്ഷികളുണ്ടായിരുന്നു. ദൈവരാജ്യപ്രവർത്തനങ്ങൾ വർധിച്ചുവരുന്നതു കണക്കിലെടുത്ത് ബ്രാഞ്ച് ചില പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ തുടങ്ങി. 1985 ഡിസംബറിൽ തലസ്ഥാനനഗരിയായ കിൻഷാസയിൽവെച്ച് ഒരു അന്താരാഷ്ട്ര കൺവെൻഷനും നടത്തി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് എത്തിയ 32,000 പ്രതിനിധികളെക്കൊണ്ട് കിൻഷാസയിലെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. എന്നാൽ ക്രമേണ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അവ സയറിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ ബാധിച്ചു. എന്താണു സംഭവിച്ചത്?
29 കാനഡയിലെ ക്യുബെക്കിൽനിന്നുള്ള മിഷനറിയായ മാഴ്സെൽ ഫിൽറ്റോ ആ സമയത്ത് സയറിൽ സേവിക്കുന്നുണ്ടായിരുന്നു. ക്യുബെക്കിലെ ഡ്യൂപ്ലസി ഭരണകൂടത്തിന്റെ കടുത്ത ഉപദ്രവങ്ങൾ അനുഭവിച്ചിട്ടുണ്ടായിരുന്ന അദ്ദേഹം സയറിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നു: “സയറിലെ യഹോവയുടെ സാക്ഷികളുടെ സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഒരു കത്ത് 1986 മാർച്ച് 12-ന് ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾക്കു ലഭിച്ചു.” ആ നിരോധനം, രാജ്യത്തെ പ്രസിഡന്റായ മൊമ്പുട്ടൂ സേസേ സേക്കോ ഒപ്പുവെച്ചതായിരുന്നു.
30. ഏതു സുപ്രധാനചോദ്യമാണു ബ്രാഞ്ച് കമ്മിറ്റിയുടെ മുന്നിലുണ്ടായിരുന്നത്, എന്തായിരുന്നു അവരുടെ തീരുമാനം?
30 “(സയറിൽ) മേലാൽ നമ്മൾ യഹോവയുടെ സാക്ഷികളെക്കുറിച്ച് കേൾക്കില്ല” എന്നൊരു പ്രഖ്യാപനം പിറ്റേ ദിവസം ദേശീയ റേഡിയോനിലയം സംപ്രേഷണം ചെയ്തു. ഒട്ടും വൈകിയില്ല, സാക്ഷികൾക്കെതിരെ കടുത്ത ഉപദ്രവം തുടങ്ങി. രാജ്യഹാളുകൾ നശിപ്പിച്ചു, സഹോദരങ്ങളെ കവർച്ചയ്ക്ക് ഇരയാക്കി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു, പലപ്പോഴും അവർക്കു മർദനവുമേറ്റു. യഹോവയുടെ സാക്ഷികളുടെ കുട്ടികളെപ്പോലും അവർ തടവിലാക്കി. 1988 ഒക്ടോബർ 12-നു ഗവൺമെന്റ് നമ്മുടെ വസ്തുവകകൾ കണ്ടുകെട്ടി. സിവിൽ ഗാർഡ് എന്ന സൈനികയൂണിറ്റ് നമ്മുടെ ബ്രാഞ്ച് വളപ്പിൽ കടന്ന് അതു കൈയേറി. ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ പ്രസിഡന്റ് മൊമ്പുട്ടൂവിന് അപ്പീൽ നൽകിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. “ഇപ്പോൾ നമ്മൾ സുപ്രീംകോടതിയിൽ അപ്പീലിനു പോകണോ അതോ കാത്തിരിക്കണോ” എന്നതായിരുന്നു ബ്രാഞ്ച് കമ്മിറ്റിയുടെ മുന്നിൽ അപ്പോഴുണ്ടായിരുന്ന ഒരു സുപ്രധാനചോദ്യം. ഒരു മിഷനറിയും ആ സമയത്ത് ബ്രാഞ്ച് കമ്മിറ്റി ഏകോപകനും ആയിരുന്ന തിമോത്തി ഹോംസ് സഹോദരൻ ഓർക്കുന്നു: “ജ്ഞാനത്തിനും മാർഗനിർദേശത്തിനും ആയി ഞങ്ങൾ യഹോവയിലേക്കു നോക്കി.” പ്രാർഥനാപൂർവമായ ചർച്ചകൾക്കു ശേഷം, അത് ഒരു നിയമനടപടിക്ക് ഇണങ്ങുന്ന സമയമല്ലെന്ന നിഗമനത്തിൽ ബ്രാഞ്ച് കമ്മിറ്റി എത്തിച്ചേർന്നു. പകരം, സഹോദരങ്ങൾക്കു വേണ്ട സഹായം നൽകുന്നതിലും പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ടുപോകാനുള്ള വഴികൾ കണ്ടെത്തുന്നതിലും അവർ മുഴുശ്രദ്ധയും കൊടുത്തു.
“യഹോവയ്ക്ക് എങ്ങനെ വേണമെങ്കിലും കാര്യങ്ങൾ മാറ്റിയെടുക്കാനാകും. കേസ് നടക്കുന്ന സമയത്ത് അക്കാര്യം ഞങ്ങൾക്കു ബോധ്യമായി”
31, 32. സയറിലെ സുപ്രീംകോടതി സുപ്രധാനമായ ഏതു വിധി പുറപ്പെടുവിച്ചു, നമ്മുടെ സഹോദരങ്ങളെ അത് എങ്ങനെ സ്വാധീനിച്ചു?
31 വർഷങ്ങൾ കടന്നുപോയി. യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള എതിർപ്പുകൾക്കു ക്രമേണ അയവ് വന്നു. രാജ്യത്ത് മനുഷ്യാവകാശങ്ങളോടുള്ള ആദരവും വർധിച്ചു. നിലവിലുള്ള നിരോധനത്തിന് എതിരെ എന്തെങ്കിലും ചെയ്യാൻ പറ്റിയ സമയം ഇതാണെന്നു ബ്രാഞ്ച് കമ്മിറ്റിക്കു മനസ്സിലായി. സയറിലെ സുപ്രീംകോടതിക്ക് അപ്പീൽ നൽകാനായിരുന്നു തീരുമാനം. അതിശയമെന്നു പറയട്ടെ, സുപ്രീംകോടതി കേസിന്റെ വാദം കേൾക്കാൻ തയ്യാറായി. ഒടുവിൽ, പ്രസിഡന്റ് നിരോധനത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഏതാണ്ട് ഏഴു വർഷങ്ങൾക്കു ശേഷം 1993 ജനുവരി 8-ാം തീയതി കേസിലെ വിധി വന്നു. യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള ഗവൺമെന്റ് നടപടികൾ നിയമവിരുദ്ധമായിരുന്നെന്നു കോടതി വിധിച്ചു. നിരോധനം നീക്കി. അതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! ജീവൻ പണയംവെച്ചുകൊണ്ടാണ് ആ ജഡ്ജിമാർ രാജ്യത്തെ പ്രസിഡന്റിന്റെ തീരുമാനം അസാധുവാക്കിയത്. ഹോംസ് സഹോദരൻ പറയുന്നു: “യഹോവയ്ക്ക് എങ്ങനെ വേണമെങ്കിലും കാര്യങ്ങൾ മാറ്റിയെടുക്കാനാകും. കേസ് നടക്കുന്ന സമയത്ത് അക്കാര്യം ഞങ്ങൾക്കു ബോധ്യമായി.” (ദാനി. 2:21) ആ വിജയം നമ്മുടെ സഹോദരങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കി. എപ്പോൾ, എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന കാര്യം മനസ്സിലാക്കാൻ രാജാവായ യേശു തന്റെ ജനത്തെ നയിച്ചത് അവർ അനുഭവിച്ചറിഞ്ഞു.
യഹോവയെ ആരാധിക്കാൻ സ്വാതന്ത്ര്യമുള്ളതിൽ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ സാക്ഷികൾ സന്തോഷമുള്ളവരാണ്
32 നിരോധനം നീങ്ങിയതോടെ ബ്രാഞ്ച് ഓഫീസിനു രാജ്യത്തേക്കു മിഷനറിമാരെ കൊണ്ടുവരാനും ബ്രാഞ്ചിനുവേണ്ടി പുതിയ കെട്ടിടങ്ങൾ പണിയാനും ബൈബിൾപ്രസിദ്ധീകരണങ്ങൾ ഇറക്കുമതി ചെയ്യാനും അനുമതി ലഭിച്ചു.f യഹോവ തന്റെ ജനത്തിന്റെ ആത്മീയക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതു കാണുമ്പോൾ ലോകമെങ്ങുമുള്ള ദൈവസേവകർക്ക് എത്ര വലിയ സന്തോഷമാണു തോന്നുന്നത്!—യശ. 52:10.
“യഹോവ എന്നെ സഹായിക്കും”
33. ചില കോടതിവിചാരണകളുടെ ഹ്രസ്വമായ ഒരു അവലോകനത്തിൽനിന്ന് നമ്മൾ എന്തു പഠിച്ചു?
33 ഈ നിയമപോരാട്ടങ്ങളെല്ലാം അവലോകനം ചെയ്തതിൽനിന്ന് നമുക്ക് ഒരു കാര്യം വ്യക്തമാണ്. “നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും” എന്ന വാക്കു യേശു പാലിച്ചിരിക്കുന്നു. (ലൂക്കോസ് 21:12-15 വായിക്കുക.) തെളിവുകൾ വെച്ച് നോക്കുമ്പോൾ തന്റെ ജനത്തെ സംരക്ഷിക്കാൻ യഹോവ ചിലപ്പോഴൊക്കെ ആധുനികകാല ഗമാലിയേൽമാരെ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. നീതിയുടെ പക്ഷത്ത് നിൽക്കാൻ ചിലപ്പോഴെല്ലാം ധീരരായ ജഡ്ജിമാരെയും അഭിഭാഷകരെയും ദൈവം പ്രേരിപ്പിച്ചിട്ടുമുണ്ട്. യഹോവ നമ്മുടെ ശത്രുക്കളുടെ ആയുധങ്ങളുടെ മുനയൊടിച്ചിരിക്കുന്നു. (യശയ്യ 54:17 വായിക്കുക.) നമുക്കു ദൈവം ഏൽപ്പിച്ചുതന്ന പ്രവർത്തനത്തിനു തടയിടാൻ യാതൊരു എതിർപ്പുകൾക്കുമാകില്ല.
34. നമ്മുടെ നിയമവിജയങ്ങൾ ഇത്ര ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്, അത് എന്താണു തെളിയിക്കുന്നത്? (“പ്രസംഗപ്രവർത്തനത്തിനു പിന്തുണയേകിയ ചില സുപ്രധാന നിയമവിജയങ്ങൾ” എന്ന ചതുരവും കാണുക.)
34 നമ്മുടെ നിയമവിജയങ്ങൾ ഇത്ര ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? ഇതെക്കുറിച്ചൊന്നു ചിന്തിക്കുക: യഹോവയുടെ സാക്ഷികൾ അത്ര പ്രമുഖവ്യക്തികളല്ല, അവർക്കു വലിയ സ്വാധീനശക്തിയുമില്ല. നമ്മൾ വോട്ടു ചെയ്യാറില്ല, രാഷ്ട്രീയ പ്രചാരണ പരിപാടികളെ പിന്തുണയ്ക്കാറില്ല, രാഷ്ട്രീയക്കാരെ സ്വാധീനിക്കാറില്ല. മാത്രമോ, കേസുകളുമായി ബന്ധപ്പെട്ട് കോടതികയറേണ്ടിവരുമ്പോൾ നമ്മളെ മറ്റുള്ളവർ, “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയിട്ടാണു പൊതുവേ കാണുന്നതും. (പ്രവൃ. 4:13) എന്നിട്ടും നമ്മുടെ അതിശക്തരായ മത-രാഷ്ട്രീയ എതിരാളികൾക്കെതിരെ വിധി പ്രസ്താവിച്ചുകൊണ്ട് നമ്മുടെ തുണയ്ക്കെത്താൻ കോടതികളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരു മാനുഷികകാഴ്ചപ്പാടിൽ നോക്കിയാൽ അതിനു പ്രത്യേകിച്ചു കാരണമൊന്നുംതന്നെയില്ല. എങ്കിലും കോടതികൾ വീണ്ടുംവീണ്ടും നമുക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുന്നു! നമ്മൾ “ദൈവസന്നിധിയിൽ . . . ക്രിസ്തുവിനോടു ചേർന്ന്” നടക്കുന്നവരാണെന്നാണു നമ്മുടെ നിയമവിജയങ്ങൾ തെളിയിക്കുന്നത്. (2 കൊരി. 2:17) അതുകൊണ്ട് പൗലോസ് അപ്പോസ്തലനെപ്പോലെ നമുക്കും ഇങ്ങനെ പറയാനാകുന്നു: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.”—എബ്രാ. 13:6.
a കാന്റ്വെൽ Vs കണറ്റിക്കട്ട് സംസ്ഥാനം എന്ന ഈ കേസ്, നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ഹെയ്ഡൻ കവിങ്ടൺ സഹോദരൻ സുപ്രീംകോടതിയിൽ വാദിച്ച 43 കേസുകളിൽ ആദ്യത്തേതായിരുന്നു. 1978-ൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡൊറോത്തി 2015-ൽ 92-ാമത്തെ വയസ്സിൽ മരണമടയുന്നതുവരെ വിശ്വസ്തയായി സേവിച്ചു.
b 1606-ൽ നിലവിൽവന്ന ഒരു നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇങ്ങനെയൊരു കുറ്റം അവരുടെ മേൽ ചുമത്തിയത്. ഒരു വ്യക്തി പറയുന്ന കാര്യം സത്യമാണെങ്കിൽപ്പോലും അതു വിദ്വേഷം ഊട്ടിവളർത്തുന്നതായി തോന്നിയാൽ ആ വ്യക്തിയെ കുറ്റക്കാരനായി വിധിക്കാൻ അനുവാദം നൽകുന്നതായിരുന്നു ആ നിയമം.
c 1950-ൽ 164 മുഴുസമയശുശ്രൂഷകർ ക്യുബെക്കിൽ സേവിക്കുന്നുണ്ടായിരുന്നു. തങ്ങളെ കാത്തിരിക്കുന്ന കഠിനമായ ഉപദ്രവങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും അവിടേക്കുള്ള നിയമനം മനസ്സോടെ സ്വീകരിച്ച 63 ഗിലെയാദ് ബിരുദധാരികളും അതിൽപ്പെടും.
d 1943 മുതൽ 2003 വരെയുള്ള കാലത്ത് കാനഡയിലും മറ്റു രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾക്കുവേണ്ടി അതീവനൈപുണ്യത്തോടെ നൂറുകണക്കിനു നിയമപോരാട്ടങ്ങൾ നടത്തിയ ധീരനായ ഒരു അഭിഭാഷകനായിരുന്നു ഡബ്ല്യു. ഗ്ലെൻ ഹൗ സഹോദരൻ.
e ഈ കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ, 2000 ഏപ്രിൽ 22 ലക്കം ഉണരുക!-യുടെ 18-24 പേജുകളിലുള്ള “യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്” എന്ന ലേഖനം കാണുക.
f ബ്രാഞ്ച് വളപ്പു കൈയേറിയ സിവിൽ ഗാർഡ് പിന്നീട് ആ സ്ഥലം ഒഴിഞ്ഞു. എന്നാൽ ബ്രാഞ്ചിന്റെ പുതിയ കെട്ടിടങ്ങൾ പണിതതു മറ്റൊരു സ്ഥലത്താണ്.