വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • kr അധ്യാ. 13 പേ. 134-147
  • ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു
  • ദൈവരാജ്യം ഭരിക്കുന്നു!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രോ അതോ ദൈവ​രാ​ജ്യ​ത്തി​ന്റെ വിശ്വസ്‌ത​രായ വക്താക്ക​ളോ?
  • രാജ്യ​ദ്രോ​ഹി​ക​ളോ അതോ സത്യം പ്രഖ്യാ​പി​ക്കു​ന്ന​വ​രോ?
  • കച്ചവട​ക്കാ​രോ അതോ ദൈവ​രാ​ജ്യ​ത്തി​ന്റെ തീക്ഷ്‌ണ​ത​യുള്ള പ്രചാ​ര​ക​രോ?
  • “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌”
  • “യഹോവ എന്നെ സഹായി​ക്കും”
  • സുവാർത്തയെ നിയമപരമായി സംരക്ഷിക്കൽ
    വീക്ഷാഗോപുരം—1998
  • ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം
    ദൈവരാജ്യം ഭരിക്കുന്നു!
  • “യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”
    ഉണരുക!—2000
  • യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അനുകൂല വിധി
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദൈവരാജ്യം ഭരിക്കുന്നു!
kr അധ്യാ. 13 പേ. 134-147

അധ്യായം 13

ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രചാ​രകർ കോട​തി​യെ സമീപി​ക്കു​ന്നു

മുഖ്യവിഷയം

യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യേശു​വി​ന്റെ ജനത്തിനു പ്രസംഗ പ്രവർത്ത​ന​ത്തിൽ നിയമ​പ​ര​മായ എതിർപ്പു​ക​ളു​ണ്ടാ​കു​ന്നു

1, 2. (എ) പ്രസം​ഗ​പ്ര​വർത്ത​നത്തെ പ്രതി​കൂ​ല​മാ​യി ബാധി​ക്കുന്ന എന്തു കാര്യം ചെയ്യു​ന്ന​തിൽ മതനേ​താ​ക്ക​ന്മാർ വിജയി​ച്ചു, എന്നാൽ അപ്പോസ്‌ത​ല​ന്മാർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ? (ബി) പ്രസം​ഗ​പ്ര​വർത്ത​നത്തെ നിരോ​ധി​ച്ചു​കൊ​ണ്ടുള്ള കല്‌പന അനുസ​രി​ക്കാൻ അപ്പോസ്‌ത​ല​ന്മാർ വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌?

എ.ഡി. 33-ലെ പെന്തി​ക്കോസ്‌ത്‌ കഴിഞ്ഞിട്ട്‌ അധിക​മാ​യില്ല. യരുശ​ലേ​മി​ലെ ക്രിസ്‌തീ​യസഭ രൂപ​പ്പെ​ട്ടിട്ട്‌ ഏതാനും ആഴ്‌ച​കളേ ആയിട്ടു​ള്ളൂ. എന്തു​കൊ​ണ്ടും ഇതാണു പറ്റിയ അവസര​മെന്നു സാത്താനു തോന്നു​ന്നു. സഭ വളർന്ന്‌ ബലപ്പെ​ടു​ന്ന​തി​നു മുമ്പേ അതിനെ ഇല്ലാതാ​ക്ക​ണ​മെ​ന്നാണ്‌ അവന്റെ താത്‌പ​ര്യം. മതനേ​താ​ക്ക​ന്മാർ ദൈവ​രാ​ജ്യ​പ്ര​സം​ഗ​പ്ര​വർത്ത​നത്തെ നിരോ​ധി​ക്കുന്ന രീതി​യിൽ അവൻ കരുക്കൾ നീക്കി. എന്നാൽ തുടർന്നും അപ്പോസ്‌ത​ല​ന്മാർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു. ധാരാളം സ്‌ത്രീ​പു​രു​ഷ​ന്മാർ “കർത്താ​വിൽ വിശ്വസി”ക്കുകയും ചെയ്‌തു.—പ്രവൃ. 4:18, 33; 5:14.

സൻഹെദ്രിനിൽനിന്ന്‌ പുറത്തേക്കു വരുന്ന ക്രിസ്‌തുവിന്റെ അപ്പോസ്‌തലന്മാർ. അടിയേറ്റെങ്കിലും അവർ സന്തോഷമുള്ളവരാണ്‌

“യേശു​വി​ന്റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ച​തിൽ” അപ്പോസ്‌ത​ല​ന്മാർ സന്തോ​ഷി​ച്ചു

2 കോപിഷ്‌ഠ​രായ ശത്രുക്കൾ വെറുതേ ഇരുന്നില്ല. ഇപ്രാ​വ​ശ്യം അവർ എല്ലാ അപ്പോസ്‌ത​ല​ന്മാ​രെ​യും ജയിലി​ലാ​ക്കി. എന്നാൽ രാത്രി​യിൽ യഹോ​വ​യു​ടെ ദൂതൻ അവർക്കു ജയിലി​ന്റെ വാതി​ലു​കൾ തുറന്നു​കൊ​ടു​ത്തു. നേരം പുലർന്ന​പ്പോൾ, അപ്പോസ്‌ത​ല​ന്മാർ അതാ വീണ്ടും പ്രസം​ഗ​പ്ര​വർത്തനം നടത്തുന്നു! വീണ്ടും അവരെ അറസ്റ്റ്‌ ചെയ്‌ത്‌ അധികാ​രി​ക​ളു​ടെ മുന്നിൽ ഹാജരാ​ക്കി. പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ചു​കൊ​ണ്ടുള്ള കല്‌പന ധിക്കരി​ച്ചെ​ന്നാ​യി​രു​ന്നു അവർക്കെ​തി​രെ​യുള്ള ആരോ​പണം. മറുപ​ടി​യാ​യി അപ്പോസ്‌ത​ല​ന്മാർ ധൈര്യ​ത്തോ​ടെ ഇങ്ങനെ പറയുന്നു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.” കലി കയറിയ അധികാ​രി​കൾക്ക്‌ അവരെ ‘കൊന്നു​ക​ള​യ​ണ​മെന്നു’ തോന്നി. എന്നാൽ നിർണാ​യ​ക​മായ ആ നിമിഷം, നിയമാ​ധ്യാ​പ​ക​നായ ഗമാലി​യേൽ സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. എല്ലാവ​രും ആദരി​ച്ചി​രുന്ന അദ്ദേഹം ആ അധികാ​രി​കൾക്ക്‌ ഇങ്ങനെ​യൊ​രു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “നന്നായി ആലോ​ചി​ച്ചി​ട്ടു മാത്രമേ ഇവരുടെ കാര്യ​ത്തിൽ എന്തെങ്കി​ലും ചെയ്യാവൂ . . . ഈ മനുഷ്യ​രു​ടെ കാര്യ​ത്തിൽ ഇടപെ​ടാ​തെ അവരെ വിട്ടേ​ക്കുക.” അതിശ​യ​ക​ര​മെന്നു പറയട്ടെ, അവർ അദ്ദേഹ​ത്തി​ന്റെ ഉപദേശം കേട്ട്‌ അപ്പോസ്‌ത​ല​ന്മാ​രെ വിട്ടയയ്‌ക്കു​ന്നു. തുടർന്ന്‌, വിശ്വസ്‌ത​രായ ആ മനുഷ്യർ എന്താണു ചെയ്യു​ന്നത്‌? ധൈര്യ​സ​മേതം അവർ, “ക്രിസ്‌തു​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത നിറു​ത്താ​തെ പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും” ചെയ്യുന്നു.—പ്രവൃ. 5:17-21, 27-42; സുഭാ. 21:1, 30.

3, 4. (എ) കാലങ്ങ​ളാ​യി ഫലം കണ്ടിരി​ക്കുന്ന ഏതു രീതി​യാ​ണു സാത്താൻ ദൈവ​ജ​നത്തെ ആക്രമി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌? (ബി) ഈ അധ്യാ​യ​ത്തി​ലും അടുത്ത രണ്ട്‌ അധ്യാ​യ​ങ്ങ​ളി​ലും നമ്മൾ എന്തു ചർച്ച ചെയ്യും?

3 ക്രിസ്‌തീ​യ​സ​ഭയ്‌ക്കു നേരെ ഔദ്യോ​ഗി​ക​മാ​യു​ണ്ടായ ആദ്യത്തെ എതിർപ്പാ​യി​രു​ന്നു എ.ഡി. 33-ൽ ഒരു കോട​തി​യിൽവെച്ച്‌ നടന്ന ആ കേസ്‌. എന്നാൽ അത്‌ അവിടം​കൊണ്ട്‌ തീർന്നില്ല. (പ്രവൃ. 4:5-8; 16:20; 17:6, 7) ഇന്നത്തെ കാലത്തും സത്യാ​രാ​ധ​ന​യു​ടെ എതിരാ​ളി​കളെ ഉപയോ​ഗിച്ച്‌ അധികാ​രി​കളെ സ്വാധീ​നി​ക്കാ​നും അവരെ​ക്കൊണ്ട്‌ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നിരോ​ധനം ഏർപ്പെ​ടു​ത്താ​നും സാത്താൻ ശ്രമി​ക്കാ​റുണ്ട്‌. എത്ര​യെത്ര ആരോ​പ​ണ​ങ്ങ​ളാണ്‌ അക്കൂട്ടർ ദൈവ​ജ​ന​ത്തിന്‌ എതിരെ നിരത്തി​യി​ട്ടു​ള്ളത്‌! അതി​ലൊ​ന്നാണ്‌, നമ്മൾ ക്രമസ​മാ​ധാ​നം തകർക്കു​ന്ന​വ​രാണ്‌ അഥവാ കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രാണ്‌ എന്ന ആരോ​പണം. നമ്മൾ രാജ്യ​ദ്രോ​ഹി​ക​ളാണ്‌ എന്നതാണു മറ്റൊന്ന്‌. ഇനി, നമ്മൾ കച്ചവട​ക്ക​ണ്ണു​ക​ളോ​ടെ പ്രവർത്തി​ക്കു​ന്ന​വ​രാണ്‌ എന്നും ആരോ​പ​ണ​മുണ്ട്‌. അത്തരം ആരോ​പ​ണ​ങ്ങ​ളു​ടെ പൊള്ള​ത്തരം തുറന്നു​കാ​ട്ടാൻ നമ്മുടെ സഹോ​ദ​രങ്ങൾ ഉചിത​മായ ചില സാഹച​ര്യ​ങ്ങ​ളിൽ കോട​തി​യെ സമീപി​ച്ചി​ട്ടുണ്ട്‌. ആ കേസുകൾ നടത്തി​യ​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടാ​യോ? പതിറ്റാ​ണ്ടു​കൾക്കു മുമ്പു​ണ്ടായ ചില കോട​തി​വി​ധി​കൾ ഇന്നു നിങ്ങളെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അത്തരം ചില കേസു​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. “സന്തോ​ഷ​വാർത്തയ്‌ക്കു​വേണ്ടി വാദിച്ച്‌ അതു നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ” അവ എങ്ങനെ​യെ​ല്ലാം സഹായി​ച്ചി​രി​ക്കു​ന്നെന്ന്‌ അപ്പോൾ നമുക്കു മനസ്സി​ലാ​കും.—ഫിലി. 1:7.

4 സ്വാത​ന്ത്ര്യ​ത്തോ​ടെ പ്രസം​ഗി​ക്കാ​നുള്ള അവകാശം സ്ഥാപി​ച്ചെ​ടു​ക്കാൻ നമ്മൾ നടത്തിയ ശ്രമങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ അധ്യായം ചർച്ച ചെയ്യു​ന്നത്‌. ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കാ​നും ദൈവ​രാ​ജ്യ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നും വേണ്ടി നമ്മൾ നടത്തിയ ചില നിയമ​പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റിച്ച്‌ അടുത്ത രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ കാണാം.

കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രോ അതോ ദൈവ​രാ​ജ്യ​ത്തി​ന്റെ വിശ്വസ്‌ത​രായ വക്താക്ക​ളോ?

5. 1930-കളുടെ ഒടുവിൽ ദൈവ​രാ​ജ്യ​പ്ര​സം​ഗ​കരെ അറസ്റ്റ്‌ ചെയ്‌തത്‌ എന്തിനാ​യി​രു​ന്നു, സംഘട​ന​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ എന്തു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തിച്ചു?

5 ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ യഹോ​വ​യു​ടെ സാക്ഷികൾ ഒരു പ്രത്യേ​ക​തരം അനുമ​തി​പ​ത്രം അഥവാ ലൈസൻസ്‌ നിയമ​പ​ര​മാ​യി നേടണ​മെന്ന കാര്യം നിർബ​ന്ധ​മാ​ക്കാൻ 1930-കളുടെ ഒടുവിൽ ഐക്യ​നാ​ടു​ക​ളി​ലെ എല്ലാ സംസ്ഥാ​ന​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും ഒരു ശ്രമം നടന്നു. എന്നാൽ നമ്മുടെ സഹോ​ദ​രങ്ങൾ ലൈസൻസിന്‌ അപേക്ഷി​ച്ചില്ല. ഒരു ലൈസൻസ്‌ എപ്പോൾ വേണ​മെ​ങ്കി​ലും റദ്ദാക്കാ​നാ​കും എന്നതാ​യി​രു​ന്നു കാരണം. എന്നാൽ, ക്രിസ്‌ത്യാ​നി​കൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം പ്രസം​ഗി​ക്ക​ണ​മെന്ന യേശു​വി​ന്റെ കല്‌പ​നയ്‌ക്കു തടസ്സം​നിൽക്കാൻ ഒരു ഗവൺമെ​ന്റി​നും അധികാ​ര​മില്ല എന്നതാ​യി​രു​ന്നു അവരുടെ വിശ്വാ​സം. (മർക്കോ. 13:10) ദൈവ​രാ​ജ്യ​ത്തി​ന്റെ നൂറു​ക​ണ​ക്കി​നു പ്രചാ​ര​ക​രാണ്‌ ആ സംഭവ​വു​മാ​യി ബന്ധപ്പെട്ട്‌ അറസ്റ്റി​ലാ​യത്‌. ഇതിനെ തുടർന്ന്‌, അന്നു സംഘട​ന​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ കോട​തി​യെ സമീപി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ച്ചു. ഭരണകൂ​ട​ത്തി​ന്റെ ഈ നടപടി നിയമ​വി​രു​ദ്ധ​മാ​ണെ​ന്നും മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നുള്ള സാക്ഷി​ക​ളു​ടെ അവകാ​ശ​ത്തി​ന്മേ​ലുള്ള കടന്നു​ക​യ​റ്റ​മാ​ണെ​ന്നും തെളി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു അവരുടെ പ്രതീക്ഷ. അങ്ങനെ​യി​രി​ക്കെ 1938-ൽ, ചരി​ത്ര​പ്ര​ധാ​ന​മായ ഒരു കേസിനു വഴിമ​രു​ന്നിട്ട ഒരു സംഭവം നടന്നു. എന്തായി​രു​ന്നു അത്‌?

6, 7. കാന്റ്‌വെൽ കുടും​ബ​ത്തി​നു​ണ്ടായ അനുഭവം എന്തായി​രു​ന്നു?

6 1938 ഏപ്രിൽ 26 ചൊവ്വാഴ്‌ച രാവിലെ 60-കാരനായ ന്യൂട്ടൺ കാന്റ്‌വെൽ, ഭാര്യ എസ്‌തർ, ആൺമക്ക​ളായ ഹെൻറി, റസ്സൽ, ജെസ്സി എന്നിവർ കണറ്റി​ക്ക​ട്ടി​ലെ ന്യൂ ഹേവൻ നഗരത്തി​ലേക്കു പോയി. അന്നു മുഴുവൻ അവിടെ പ്രസം​ഗ​പ്ര​വർത്തനം നടത്തുക എന്നതാ​യി​രു​ന്നു പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി​രുന്ന ആ അഞ്ചു പേരു​ടെ​യും ലക്ഷ്യം. എങ്കിലും ഒരു ദിവസ​ത്തി​ല​ധി​കം വീട്ടിൽനിന്ന്‌ മാറി​നിൽക്കാൻ വേണ്ട തയ്യാ​റെ​ടു​പ്പോ​ടെ​യാ​യി​രു​ന്നു അവർ പുറ​പ്പെ​ട്ടത്‌. അതിന്റെ കാരണം എന്തായി​രു​ന്നു? അവരെ പലവട്ടം അറസ്റ്റ്‌ ചെയ്‌തി​ട്ടു​ള്ള​തു​കൊണ്ട്‌ ഇപ്രാ​വ​ശ്യ​വും അതിനുള്ള സാധ്യത മുന്നിൽക്ക​ണ്ടാ​യി​രു​ന്നു ആ ഒരുക്കം. എന്നിട്ടും ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാ​നുള്ള അവരുടെ ആഗ്രഹ​ത്തി​നു മങ്ങലേ​റ്റില്ല. രണ്ടു കാറു​ക​ളി​ലാ​യി അവർ ന്യൂ ഹേവനി​ലെത്തി. ന്യൂട്ടൺ സഹോ​ദ​ര​നാണ്‌ അവരുടെ സ്വന്തം വണ്ടി ഓടി​ച്ചി​രു​ന്നത്‌. ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും കൈയിൽ കൊണ്ടു​ന​ട​ക്കാ​വുന്ന ഗ്രാമ​ഫോ​ണു​ക​ളും അതിലാ​യി​രു​ന്നു. മറ്റേ വണ്ടി ഒരു സൗണ്ട്‌ കാറാ​യി​രു​ന്നു. 22-കാരനായ ഹെൻറി​യാണ്‌ അത്‌ ഓടി​ച്ചി​രു​ന്നത്‌. പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​തന്നെ, ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ പോലീസ്‌ അവരെ തടഞ്ഞു.

7 ആദ്യം 18-കാരനായ റസ്സലി​നെ​യും പിന്നീടു ന്യൂട്ടൺ സഹോ​ദ​ര​നെ​യും എസ്‌തർ സഹോ​ദ​രി​യെ​യും അറസ്റ്റ്‌ ചെയ്‌തു. പോലീസ്‌ അപ്പനെ​യും അമ്മയെ​യും ചേട്ട​നെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നത്‌ 16-കാരനായ ജെസ്സി ദൂരെ​നിന്ന്‌ കാണു​ന്നു​ണ്ടാ​യി​രു​ന്നു. ഹെൻറി പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നതു പട്ടണത്തി​ന്റെ മറ്റൊരു ഭാഗത്താ​യ​തു​കൊണ്ട്‌ ജെസ്സി ഒറ്റയ്‌ക്കാ​യി. എങ്കിലും അവൻ ഗ്രാമ​ഫോ​ണു​മാ​യി പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. അപ്പോൾ റഥർഫോർഡ്‌ സഹോ​ദ​രന്റെ, “ശത്രുക്കൾ” എന്ന തലക്കെ​ട്ടോ​ടു​കൂ​ടിയ പ്രസം​ഗ​ത്തി​ന്റെ റിക്കാർഡ്‌ കേൾക്കാൻ കത്തോ​ലി​ക്ക​രായ രണ്ടു പേർ തയ്യാറാ​യി. പ്രസംഗം കേട്ട്‌ ആകെ ദേഷ്യം​ക​യ​റിയ ആ പുരു​ഷ​ന്മാർ ജെസ്സിയെ അടിക്കാൻ ഒരുങ്ങി. എന്നാൽ ശാന്തനാ​യി അവി​ടെ​നിന്ന്‌ നടന്നു​നീ​ങ്ങിയ ജെസ്സിയെ അധികം വൈകാ​തെ ഒരു പോലീ​സു​കാ​രൻ തടഞ്ഞു​നി​റു​ത്തി. അങ്ങനെ ജെസ്സി​യും കസ്റ്റഡി​യി​ലാ​യി. പോലീസ്‌ എസ്‌തർ സഹോ​ദ​രി​യെ വെറുതേ വിട്ടെ​ങ്കി​ലും കാന്റ്‌വെൽ സഹോ​ദ​ര​ന്റെ​യും ആൺമക്ക​ളു​ടെ​യും പേരിൽ അവർ കേസ്‌ എടുത്തു. എന്നാൽ ജാമ്യം കിട്ടിയ അവരെ അന്നുതന്നെ വിട്ടയച്ചു.

8. ജെസ്സി കാന്റ്‌വെൽ കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണെന്നു കോടതി വിധി​ച്ചത്‌ എന്തു​കൊണ്ട്‌?

8 കുറച്ച്‌ മാസങ്ങൾക്കു ശേഷം, 1938 സെപ്‌റ്റം​ബ​റിൽ കാന്റ്‌വെൽ കുടും​ബം ന്യൂ ഹേവനി​ലെ വിചാ​ര​ണ​ക്കോ​ട​തി​യിൽ ഹാജരാ​യി. ലൈസൻസി​ല്ലാ​തെ സംഭാ​വ​നകൾ ചോദി​ച്ചെന്ന കാരണ​ത്താൽ ന്യൂട്ടൺ സഹോ​ദ​ര​നെ​യും റസ്സലി​നെ​യും ജെസ്സി​യെ​യും കോടതി കുറ്റക്കാ​രെന്നു വിധിച്ചു. തുടർന്ന്‌ കണറ്റി​ക്ക​ട്ടി​ലെ പരമോ​ന്ന​ത​നീ​തി​പീ​ഠ​ത്തിൽ അവർ അപ്പീൽ നൽകി. എന്നാൽ സമാധാ​നം തകർക്കുന്ന രീതി​യിൽ പ്രവർത്തിച്ച, കുഴപ്പ​മു​ണ്ടാ​ക്കുന്ന ഒരാളാ​ണു ജെസ്സി എന്നായി​രു​ന്നു കോട​തി​യു​ടെ കണ്ടെത്തൽ. എന്തായി​രു​ന്നു അത്തര​മൊ​രു തീരു​മാ​ന​ത്തി​നു പിന്നിൽ? ഗ്രാമ​ഫോ​ണിൽനിന്ന്‌ പ്രസംഗം കേട്ട ആ രണ്ടു കത്തോ​ലി​ക്കർ, ആ പ്രസംഗം അവരുടെ മതത്തെ അപമാ​നി​ച്ചെ​ന്നും അവർക്കു പ്രകോ​പ​ന​മു​ണ്ടാ​ക്കി​യെ​ന്നും കോട​തി​യിൽ മൊഴി കൊടു​ത്തു. എന്നാൽ നമ്മുടെ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാർ ആ വിധി​ക്കെ​തി​രെ രാജ്യത്തെ പരമോ​ന്ന​ത​കോ​ട​തി​യായ യു.എസ്‌. സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി.

9, 10. (എ) കാന്റ്‌വെൽ കുടും​ബ​ത്തി​ന്റെ കേസിൽ യു.എസ്‌. സുപ്രീം​കോ​ട​തി​യു​ടെ വിധി എന്തായി​രു​ന്നു? (ബി) ഇന്നും അതു നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌?

9 1940 മാർച്ച്‌ 29-നു വിചാരണ തുടങ്ങി. യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേണ്ടി അഭിഭാ​ഷ​ക​നാ​യി ഹാജരാ​യതു ഹെയ്‌ഡൻ കവിങ്‌ടൺ സഹോ​ദ​ര​നാ​യി​രു​ന്നു. ചീഫ്‌ ജസ്റ്റിസ്‌ ചാൾസ്‌ ഇ. ഹ്യൂസും എട്ടു സഹജഡ്‌ജി​മാ​രും കവിങ്‌ടൺ സഹോ​ദ​രന്റെ വാദങ്ങൾ ശ്രദ്ധി​ച്ചു​കേട്ടു.a എന്നാൽ കണറ്റി​ക്കട്ട്‌ സംസ്ഥാ​ന​ത്തി​നു​വേണ്ടി ഹാജരായ അഭിഭാ​ഷകൻ, യഹോ​വ​യു​ടെ സാക്ഷികൾ കുഴപ്പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​രാ​ണെന്നു വരുത്തി​ത്തീർക്കാൻ ശ്രമി​ച്ച​പ്പോൾ ജഡ്‌ജി​മാ​രിൽ ഒരാൾ ഇങ്ങനെ ചോദി​ച്ചു: “ക്രിസ്‌തു​യേശു പ്രസം​ഗിച്ച കാര്യ​ങ്ങൾക്കും അന്നത്തെ കാലത്ത്‌ ജനസമ്മ​തി​യി​ല്ലാ​യി​രു​ന്നു എന്ന കാര്യം ശരിയല്ലേ?” അപ്പോൾ ആ അഭിഭാ​ഷകൻ പറഞ്ഞു: “അതെ. എന്റെ ഓർമ ശരിയാ​ണെ​ങ്കിൽ, ആ സന്ദേശം പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ യേശു​വിന്‌ എന്തു സംഭവി​ച്ചെ​ന്നും ബൈബി​ളി​ലുണ്ട്‌.” എത്ര സത്യസ​ന്ധ​മാ​യൊ​രു പ്രസ്‌താ​വന! അറിയാ​തെ​യാ​ണെ​ങ്കി​ലും ആ അഭിഭാ​ഷകൻ യഹോ​വ​യു​ടെ സാക്ഷി​കളെ യേശു​വി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കണറ്റി​ക്കട്ട്‌ സംസ്ഥാ​നത്തെ അദ്ദേഹം താരത​മ്യ​പ്പെ​ടു​ത്തി​യ​തോ, യേശു​വി​നെ കുറ്റവാ​ളി​യാ​യി പ്രഖ്യാ​പി​ച്ച​വ​രോ​ടും. ഒടുവിൽ 1940 മെയ്‌ 20-നു കോടതി ഒരേ സ്വരത്തിൽ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പുറ​പ്പെ​ടു​വി​ച്ചു.

കോടതിമുറിയിൽനിന്ന്‌ പുറത്തേക്കു വരുന്ന സന്തുഷ്ടരായ സഹോദരീസഹോദരന്മാർ. ഹെയ്‌ഡൻ കവിങ്‌ടൺ സഹോദരനും ഗ്ലെൻ ഹൗ സഹോദരനും അക്കൂട്ടത്തിലുണ്ട്‌

നിയമവിജയം നേടി കോട​തി​യിൽനിന്ന്‌ പുറ​ത്തേക്കു വരുന്ന ഹെയ്‌ഡൻ കവിങ്‌ടൺ സഹോ​ദ​ര​നും (മുന്നിൽ, മധ്യത്തിൽ) ഗ്ലെൻ ഹൗ സഹോ​ദ​ര​നും (ഇടത്ത്‌) മറ്റുള്ള​വ​രും

10 ആ കോട​തി​വി​ധി​യു​ടെ പ്രാധാ​ന്യം എത്ര​ത്തോ​ള​മാ​യി​രു​ന്നു? ഏതു മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ ജീവി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള അവകാ​ശ​ത്തി​നു കൂടുതൽ സംരക്ഷണം പകരു​ന്ന​താ​യി​രു​ന്നു ആ വിധി. ആ വിധി വന്നതോ​ടെ, ആ രാജ്യത്തെ ഗവൺമെ​ന്റി​നോ അവിടത്തെ ഏതെങ്കി​ലു​മൊ​രു സംസ്ഥാ​ന​ത്തി​ന്റെ​യോ പ്രദേ​ശ​ത്തി​ന്റെ​യോ ഭരണകൂ​ട​ത്തി​നോ നിയമ​പ​ര​മാ​യി മതസ്വാ​ത​ന്ത്ര്യ​ത്തി​നു തടയി​ടാൻ കഴിയാ​താ​യി. ഇനി, ജെസ്സി​യു​ടെ പെരു​മാ​റ്റം “യാതൊ​രു തരത്തി​ലും സമൂഹ​ത്തി​ലെ ക്രമസ​മാ​ധാ​ന​നി​ലയ്‌ക്ക്‌ ഒരു ഭീഷണി​യല്ല” എന്നും കോടതി കണ്ടെത്തി. അതിലൂ​ടെ, യഹോ​വ​യു​ടെ സാക്ഷികൾ സമൂഹ​ത്തി​ന്റെ ക്രമസ​മാ​ധാ​നം തകർക്കു​ന്ന​വ​രെല്ലന്ന വസ്‌തു​തയ്‌ക്കു കോടതി അടിവ​ര​യി​ടു​ക​യാ​യി​രു​ന്നു. ദൈവ​സേ​വ​കർക്ക്‌ എത്ര നിർണാ​യ​ക​മാ​യൊ​രു നിയമ​വി​ജ​യ​മാ​യി​രു​ന്നു അത്‌! ഇന്നും അതു നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? യഹോ​വ​യു​ടെ സാക്ഷി​യായ ഒരു അഭിഭാ​ഷകൻ പറയുന്നു: “അന്യാ​യ​മായ നിയ​ന്ത്ര​ണ​ങ്ങളെ പേടി​ക്കാ​തെ സ്വന്തം മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ ജീവി​ക്കാൻ സ്വാത​ന്ത്ര്യ​മു​ള്ള​തു​കൊണ്ട്‌ സാക്ഷി​ക​ളായ നമുക്കു നമ്മുടെ അയൽക്കാ​രെ പ്രത്യാ​ശ​യു​ടെ സന്ദേശം അറിയി​ക്കാ​നാ​കു​ന്നു.”

രാജ്യ​ദ്രോ​ഹി​ക​ളോ അതോ സത്യം പ്രഖ്യാ​പി​ക്കു​ന്ന​വ​രോ?

ദൈവത്തോടും ക്രിസ്‌തുവിനോടും സ്വാതന്ത്ര്യത്തോടും ഉള്ള ക്യുബെക്കിന്റെ കടുത്ത വിദ്വേഷം കാനഡയ്‌ക്കു മുഴുവൻ ലജ്ജാകരം എന്ന ലഘുലേഖയുടെ പുറംതാൾ

ദൈവത്തോടും ക്രിസ്‌തു​വി​നോ​ടും സ്വാത​ന്ത്ര്യ​ത്തോ​ടും ഉള്ള ക്യു​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം കാനഡയ്‌ക്കു മുഴുവൻ ലജ്ജാകരം എന്ന ലഘുലേഖ

11. കാനഡ​യി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ ഏതു പ്രചാരണ പരിപാ​ടി​യാ​ണു നടത്തി​യത്‌, എന്തു​കൊണ്ട്‌?

11 1940-കളിൽ കാനഡ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതിഭ​യ​ങ്ക​ര​മായ ഉപദ്രവം നേരിട്ടു. അതു​കൊണ്ട്‌ 1946-ൽ, അവി​ടെ​യുള്ള നമ്മുടെ സഹോ​ദ​രങ്ങൾ 16 ദിവസം നീണ്ട ഒരു പ്രചാരണ പരിപാ​ടി നടത്തി. ഭരണകൂ​ട​ത്തി​ന്റെ ഭാഗത്തു​നിന്ന്‌ ഉണ്ടാകുന്ന, ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നുള്ള അവകാ​ശ​ത്തിന്‌ ഒട്ടും വില കല്‌പി​ക്കാത്ത തരം നടപടി​കൾ പൊതു​ജ​ന​ശ്ര​ദ്ധ​യിൽ കൊണ്ടു​വ​രുക എന്നതാ​യി​രു​ന്നു അതിന്റെ ലക്ഷ്യം. ആ പ്രചാരണ പരിപാ​ടി​യു​ടെ ഭാഗമാ​യി അവർ ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും സ്വാത​ന്ത്ര്യ​ത്തോ​ടും ഉള്ള ക്യു​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം കാനഡയ്‌ക്കു മുഴുവൻ ലജ്ജാകരം (ഇംഗ്ലീഷ്‌) എന്നൊരു ലഘുലേഖ വിതരണം ചെയ്‌തു. ക്യു​ബെക്ക്‌ പ്രവി​ശ്യ​യിൽ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കെ​തി​രെ നടക്കുന്ന പോലീസ്‌ അതി​ക്രമം, ജനക്കൂ​ട്ട​ത്തിൽനി​ന്നുള്ള ആക്രമ​ണങ്ങൾ, വൈദി​ക​ന്മാർ ഇളക്കി​വി​ടുന്ന കലാപങ്ങൾ എന്നിവ​യെ​ല്ലാം ആ ലഘുലേഖ നന്നായി വിശദീ​ക​രി​ച്ചി​രു​ന്നു. അതിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “യഹോ​വ​യു​ടെ സാക്ഷി​കളെ നിയമ​വി​രു​ദ്ധ​മാ​യി അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടു​പോ​കുന്ന പ്രവണത തുടരു​ക​യാണ്‌. ഗ്രേറ്റർ മോൺട്രി​യൽ പ്രദേ​ശത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ 800 കേസുകൾ കുമി​ഞ്ഞു​കൂ​ടി​യി​ട്ടുണ്ട്‌.”

12. (എ) ലഘുലേഖ വിതരണം ചെയ്‌ത പ്രചാരണ പരിപാ​ടി​യോട്‌ എതിരാ​ളി​കൾ പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യാ​യി​രു​ന്നു? (ബി) നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ​മേൽ ചുമത്തിയ കുറ്റം എന്തായി​രു​ന്നു? (അടിക്കു​റി​പ്പും കാണുക.)

12 അന്നു ക്യു​ബെ​ക്കി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രുന്ന മോറിസ്‌ ഡ്യൂപ്ലസി റോമൻ കത്തോ​ലി​ക്കാ സഭയിലെ കർദി​നാ​ളാ​യി​രുന്ന വിലെ​നെ​വി​ന്റെ അടുത്ത സുഹൃ​ത്താ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ “കരുണ​യി​ല്ലാത്ത ഒരു യുദ്ധം” പ്രഖ്യാ​പി​ച്ചു​കൊ​ണ്ടാണ്‌ ആ ലഘു​ലേ​ഖ​യോ​ടു ഡ്യൂപ്ലസി പ്രതി​ക​രി​ച്ചത്‌. പെട്ടെ​ന്നു​തന്നെ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ​യുള്ള കേസു​ക​ളു​ടെ എണ്ണം ഇരട്ടിച്ചു. അത്‌ 800-ൽനിന്ന്‌ 1,600-ലേക്കു കുതി​ച്ചു​യർന്നു. അക്കാല​ത്തെ​ക്കു​റിച്ച്‌ മുൻനി​ര​സേ​വി​ക​യാ​യി​രുന്ന ഒരു സഹോ​ദരി ഓർക്കു​ന്നു: “പോലീസ്‌ എത്ര തവണ ഞങ്ങളെ അറസ്റ്റ്‌ ചെയ്‌തെ​ന്നോ, എണ്ണം​പോ​ലും ഓർമ​യില്ല.” ലഘുലേഖ വിതരണം ചെയ്യു​ന്ന​തി​നി​ടെ പിടി​യി​ലായ സഹോ​ദ​ര​ങ്ങ​ളു​ടെ​മേൽ ചുമത്തിയ കുറ്റം, അവർ “രാജ്യ​ദ്രോ​ഹ​പ​ര​മായ ലേഖനം” പ്രചരി​പ്പി​ച്ചു എന്നതാ​യി​രു​ന്നു.b

13. ആർക്കാണു രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്റെ പേരിൽ ആദ്യമാ​യി കോട​തി​വി​ചാ​രണ നേരി​ടേ​ണ്ടി​വ​ന്നത്‌, കോട​തി​വി​ധി എന്തായി​രു​ന്നു?

13 1947-ൽ ഇമേ ബൂഷേ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ മക്കളായ 18-കാരി ഷിസെ​ലി​നും 11-കാരി ലൂയി​സി​ലി​നും കോട​തി​വി​ചാ​രണ നേരി​ടേ​ണ്ടി​വന്നു. രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്റെ പേരിൽ ആദ്യമാ​യി കോട​തി​ക​യ​റി​യവർ ഇവരാ​യി​രു​ന്നു. ക്യു​ബെക്ക്‌ നഗരത്തി​ന്റെ തെക്കു​ഭാ​ഗത്തെ കുന്നു​ക​ളി​ലുള്ള തങ്ങളുടെ കൃഷി​യി​ട​ത്തിന്‌ അടുത്ത്‌, ക്യു​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം ലഘു​ലേ​ഖകൾ വിതരണം ചെയ്‌ത​താ​യി​രു​ന്നു അവർ ചെയ്‌ത കുറ്റം. പക്ഷേ അവർ നിയമ​വി​രു​ദ്ധ​മാ​യി കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രാ​ണെന്നു ചിന്തി​ക്കാൻ വളരെ പ്രയാ​സ​മാ​യി​രു​ന്നു. കാരണം താഴ്‌മ​യുള്ള, സൗമ്യ​നായ ഒരു വ്യക്തി​യാ​യി​രു​ന്നു ബൂഷേ സഹോ​ദരൻ. തന്റെ ചെറിയ കൃഷി​യി​ട​വു​മാ​യി ഒതുങ്ങി​ക്ക​ഴി​യുന്ന ഒരു മനുഷ്യൻ. ഇടയ്‌ക്കു വല്ലപ്പോ​ഴു​മൊ​ക്കെ തന്റെ കുതി​ര​വ​ണ്ടി​യു​മാ​യി അദ്ദേഹം പട്ടണത്തി​ലേക്കു പോകും. അതായി​രു​ന്നു അവരുടെ ജീവിതം. എങ്കിലും ആ ലഘു​ലേ​ഖ​യിൽ ചൂണ്ടി​ക്കാ​ണി​ച്ചി​രുന്ന പല ഉപദ്ര​വ​ങ്ങൾക്കും അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും ഇരയാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കളെ വെറു​പ്പാ​യി​രുന്ന വിചാ​ര​ണ​ക്കോ​ട​തി​ജഡ്‌ജി, ബൂഷേ സഹോ​ദ​രന്റെ കുടും​ബം നിരപ​രാ​ധി​ക​ളാ​ണെ​ന്നു​ള്ള​തി​ന്റെ തെളി​വു​കൾ അംഗീ​ക​രി​ക്കാൻ വിസമ്മ​തി​ച്ചു. പകരം, ആ ലഘുലേഖ വിദ്വേ​ഷം ഇളക്കി​വി​ടു​ന്ന​താ​ണെ​ന്നും അതു​കൊണ്ട്‌ ബൂഷേ കുടും​ബത്തെ കുറ്റക്കാ​രാ​യി കാണണ​മെ​ന്നും ഉള്ള വാദി​ഭാ​ഗം അഭിഭാ​ഷ​കന്റെ വാദമാണ്‌ അദ്ദേഹം അംഗീ​ക​രി​ച്ചത്‌. ഒരർഥ​ത്തിൽ ആ ജഡ്‌ജി​യു​ടെ കാഴ്‌ച​പ്പാട്‌ ഇതായി​രു​ന്നെന്നു പറയാം: സത്യം പറയു​ന്നത്‌ ഒരു കുറ്റമാണ്‌! രാജ്യ​ദ്രോ​ഹ​പ​ര​മായ ലേഖനങ്ങൾ പ്രചരി​പ്പി​ച്ച​തി​ന്റെ പേരിൽ ഇമേ സഹോ​ദ​ര​നെ​യും ഷിസെ​ലി​നെ​യും കുറ്റക്കാ​രാ​യി മുദ്ര​കു​ത്തി. കുഞ്ഞു ലൂയി​സി​ലി​നും രണ്ടു ദിവസം ജയില​റ​യിൽ കിട​ക്കേ​ണ്ടി​വന്നു. തുടർന്ന്‌ സഹോ​ദ​രങ്ങൾ കാനഡ​യി​ലെ പരമോ​ന്ന​ത​നീ​തി​പീ​ഠ​മായ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി. കോടതി ആ കേസിലെ വാദം കേൾക്കാൻ തയ്യാറാ​യി.

14. ഉപദ്ര​വ​മു​ണ്ടായ വർഷങ്ങ​ളിൽ ക്യു​ബെ​ക്കി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

14 എന്നാൽ ഇതേസ​മയം, ഇടതട​വി​ല്ലാ​തെ ഉഗ്രമായ ആക്രമ​ണങ്ങൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടും ക്യു​ബെ​ക്കി​ലെ നമ്മുടെ ധീരരായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മറ്റുള്ള​വരെ ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. പലപ്പോ​ഴും അവർക്കു വളരെ നല്ല ഫലങ്ങളും കിട്ടി. ലഘു​ലേ​ഖാ​വി​ത​രണം തുടങ്ങിയ 1946-നു ശേഷമുള്ള നാലു വർഷം​കൊണ്ട്‌ ക്യു​ബെ​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം 300-ൽനിന്ന്‌ 1,000-ത്തിലെത്തി!c

15, 16. (എ) ബൂഷേ കുടും​ബ​ത്തി​ന്റെ കേസിൽ സുപ്രീം​കോ​ടതി എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു വിധി പുറ​പ്പെ​ടു​വി​ച്ചത്‌? (ബി) ഈ വിജയം നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​യും മറ്റുള്ള​വ​രെ​യും എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

15 1950 ജൂണിൽ കാനഡ​യി​ലെ സുപ്രീം​കോ​ട​തി​യു​ടെ ഒൻപതു ജഡ്‌ജി​മാർ അടങ്ങിയ സംഘം ഇമേ ബൂഷേ സഹോ​ദ​രന്റെ കേസിലെ വാദം കേട്ടു. ആറു മാസത്തി​നു ശേഷം, 1950 ഡിസംബർ 18-നു കോടതി നമുക്ക്‌ അനുകൂ​ല​മാ​യി വിധിച്ചു. എന്തായി​രു​ന്നു കാരണം? ഗവൺമെ​ന്റിന്‌ എതി​രെ​യുള്ള ലഹളയ്‌ക്കോ അക്രമ​ത്തി​നോ പ്രേരി​പ്പി​ക്കുന്ന എന്തെങ്കി​ലും ഉൾപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ അതിനെ “രാജ്യ​ദ്രോ​ഹം” എന്നു വിളി​ക്കാ​നാ​കില്ല എന്നായി​രു​ന്നു നമ്മുടെ വാദം. കോടതി അതി​നോ​ടു യോജി​ച്ചു എന്നാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അഭിഭാ​ഷ​ക​നായ ഗ്ലെൻ ഹൗ സഹോ​ദരൻ പറഞ്ഞത്‌. ആ ലഘു​ലേ​ഖ​യിൽ “അത്തരത്തി​ലൊ​രു പ്രേരണ തോന്നി​പ്പി​ക്കുന്ന യാതൊ​ന്നും ഇല്ലാത്ത​തു​കൊണ്ട്‌ അതു സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പരിധി​യിൽപ്പെ​ടു​ന്ന​തും നിയമാ​നു​സൃ​ത​വും” ആയിരു​ന്നു. “യഹോവ വിജയം നൽകി​യത്‌ എങ്ങനെ​യെന്നു ഞാൻ നേരിട്ട്‌ കണ്ടു” എന്നു ഹൗ സഹോ​ദരൻ പറഞ്ഞു.d

16 അതെ, സുപ്രീം​കോ​ട​തി​യു​ടെ ആ വിധി ദൈവ​രാ​ജ്യ​ത്തി​ന്റെ വലി​യൊ​രു വിജയ​മാ​യി​രു​ന്നു. അന്നു ക്യു​ബെ​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമത്തി​യി​രുന്ന മറ്റ്‌ 122 കേസുകൾ തീർപ്പാ​കാ​തെ കിടപ്പു​ണ്ടാ​യി​രു​ന്നു. എന്നാൽ സുപ്രീം​കോ​ട​തി​യിൽനി​ന്നുള്ള വിധി​യോ​ടെ ആ കേസു​കൾക്കൊ​ന്നി​നും ഒരു അടിസ്ഥാ​ന​വു​മി​ല്ലെ​ന്നാ​യി. ഇനി, ആ കോട​തി​വി​ധി​കൊണ്ട്‌ കാനഡ​യി​ലെ​യും കോമൺവെൽത്ത്‌ രാജ്യ​ങ്ങ​ളി​ലെ​യും പൗരന്മാർക്കെ​ല്ലാം നേട്ടമു​ണ്ടാ​യി. ഗവൺമെ​ന്റി​ന്റെ ചില നടപടി​ക​ളെ​ക്കു​റി​ച്ചുള്ള അവരുടെ ആകുല​തകൾ പരസ്യ​മാ​ക്കാ​നുള്ള സ്വാത​ന്ത്ര്യം അതോടെ അവർക്കു ലഭിച്ചു. അതു മാത്രമല്ല, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവകാ​ശ​ങ്ങൾക്കു നേരെ ക്രൈസ്‌ത​വ​സ​ഭ​യും ഭരണകൂ​ട​വും സംഘം​ചേർന്ന്‌ നടത്തുന്ന ആക്രമ​ണ​ത്തി​ന്റെ നടു​വൊ​ടി​ക്കാ​നും ആ വിജയ​ത്തി​നാ​യി.e

കച്ചവട​ക്കാ​രോ അതോ ദൈവ​രാ​ജ്യ​ത്തി​ന്റെ തീക്ഷ്‌ണ​ത​യുള്ള പ്രചാ​ര​ക​രോ?

17. നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​നത്തെ നിയ​ന്ത്രി​ക്കാൻ ചില ഗവൺമെ​ന്റു​കൾ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

17 ആദ്യകാ​ല​ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ യഹോ​വ​യു​ടെ ഇന്നത്തെ സേവക​രും “ദൈവ​വ​ച​നത്തെ കച്ചവട​ച്ച​ര​ക്കാ​ക്കു​ന്നില്ല.” (2 കൊരി​ന്ത്യർ 2:17 വായി​ക്കുക.) എങ്കിലും വാണി​ജ്യ​മേ​ഖ​ലയ്‌ക്കു ബാധക​മാ​കുന്ന ചില നിയമങ്ങൾ ഉപയോ​ഗിച്ച്‌, നമ്മുടെ ശുശ്രൂ​ഷ​യു​ടെ ഭാഗമായ പ്രവർത്ത​ന​ങ്ങൾക്കു തടയി​ടാൻ ചില ഗവൺമെ​ന്റു​കൾ ശ്രമി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ കച്ചവട​ക്കാ​രാ​ണോ അതോ ശുശ്രൂ​ഷ​ക​രാ​ണോ എന്ന ചോദ്യ​ത്തി​നു തീർപ്പു​ണ്ടാ​ക്കിയ രണ്ടു കോട​തി​വി​ധി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

18, 19. ഡെന്മാർക്കി​ലെ അധികാ​രി​കൾ പ്രസം​ഗ​പ്ര​വർത്തനം തടയാൻ ശ്രമി​ച്ചത്‌ എങ്ങനെ?

18 ഡെന്മാർക്ക്‌. 1932 ഒക്‌ടോ​ബർ 1-ന്‌ അവിടെ ഒരു പുതിയ നിയമം നിലവിൽ വന്നു. കച്ചവട​ക്കാർക്കാ​യുള്ള ലൈസൻസ്‌ കൈയി​ലി​ല്ലാ​ത്തവർ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിൽക്കു​ന്നത്‌ അതോടെ നിയമ​വി​രു​ദ്ധ​മാ​യി​ത്തീർന്നു. എന്നാൽ നമ്മുടെ സഹോ​ദ​രങ്ങൾ ലൈസൻസിന്‌ അപേക്ഷി​ച്ചില്ല. അടുത്ത ദിവസം അഞ്ചു പ്രചാ​രകർ തലസ്ഥാ​ന​മായ കോപ്പൻഹേ​ഗ​നിൽനിന്ന്‌ 30 കിലോ​മീ​റ്റ​റോ​ളം പടിഞ്ഞാ​റു മാറി സ്ഥിതി ചെയ്യുന്ന റസ്‌കില പട്ടണത്തി​ലേക്കു പ്രസം​ഗി​ക്കാ​നാ​യി പോയി. അന്നേ ദിവസം മുഴുവൻ അവർ അവിടെ പ്രവർത്തി​ച്ചു. എന്നാൽ വൈകു​ന്നേ​ര​മാ​യ​പ്പോൾ അവരിൽ ഒരാളായ ഔഗുസ്റ്റ്‌ ലേമാനെ കാണാ​നി​ല്ലാ​യി​രു​ന്നു. ലൈസൻസി​ല്ലാ​തെ വിൽപ്പന നടത്തി​യ​തിന്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തി​രു​ന്നു.

19 1932 ഡിസംബർ 19-ന്‌ ഔഗുസ്റ്റ്‌ ലേമാൻ കോട​തി​യിൽ ഹാജരാ​യി. ആളുകൾക്കു ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കാ​നാണ്‌ അവരെ സന്ദർശി​ച്ച​തെന്ന്‌ അദ്ദേഹം മൊഴി നൽകി. എന്നാൽ താൻ കച്ചവടം നടത്തു​ക​യാ​യി​രു​ന്നെന്ന വാദം അദ്ദേഹം നിഷേ​ധി​ച്ചു. അദ്ദേഹ​ത്തോ​ടു യോജിച്ച വിചാ​ര​ണ​ക്കോ​ടതി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “സാമ്പത്തി​ക​മാ​യി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി​യു​ള്ള​യാ​ളാ​ണു പ്രതി. ഈ പ്രവർത്ത​ന​ത്തിൽനിന്ന്‌ അദ്ദേഹ​ത്തി​നു സാമ്പത്തി​ക​നേ​ട്ട​മൊ​ന്നും ഉണ്ടായി​ട്ടില്ല, അതിനുള്ള ആഗ്രഹ​വും അദ്ദേഹ​ത്തി​നി​ല്ലാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ അത്‌ അദ്ദേഹ​ത്തി​നു സാമ്പത്തി​ക​ന​ഷ്ട​മാ​ണു വരുത്തി​വെ​ച്ചി​ട്ടു​ള്ളത്‌.” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭാഗം ശരിവെച്ച കോടതി, ലേമാൻ സഹോ​ദ​രന്റെ പ്രവർത്ത​ന​ങ്ങളെ “വ്യാപാ​ര​മെന്നു വിളി​ക്കാ​നാ​കില്ല” എന്നു വിധിച്ചു. എന്നാൽ ആ നാട്ടിൽ മുഴുവൻ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു വിലക്ക്‌ ഏർപ്പെ​ടു​ത്താ​നുള്ള ഉദ്യമ​ത്തിൽനിന്ന്‌ ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ അണുവിട പിന്നോ​ട്ടു മാറി​യില്ല. (സങ്കീ. 94:20) ഗവൺമെ​ന്റി​നു​വേണ്ടി ഹാജരായ അഭിഭാ​ഷകൻ അപ്പീലു​മാ​യി രാജ്യത്തെ സുപ്രീം​കോ​ടതി വരെ പോയി. നമ്മുടെ സഹോ​ദ​രങ്ങൾ ഇതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

20. ഡെന്മാർക്കി​ലെ സുപ്രീം​കോ​ട​തി​യു​ടെ തീരു​മാ​നം എന്തായി​രു​ന്നു, നമ്മുടെ സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

20 സുപ്രീം​കോ​ടതി ഈ കേസിലെ വാദം കേൾക്കു​ന്ന​തി​നുള്ള ദിവസം അടു​ത്തെത്തി. അതിനു മുമ്പുള്ള ഒരാഴ്‌ച​ക്കാ​ലത്ത്‌ ഡെന്മാർക്കി​ലെ യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ആക്കം കൂട്ടി. 1933 ഒക്‌ടോ​ബർ 3 ചൊവ്വാഴ്‌ച സുപ്രീം​കോ​ടതി വിധി പ്രഖ്യാ​പി​ച്ചു. ഔഗുസ്റ്റ്‌ ലേമാന്റെ പ്രവൃത്തി നിയമ​വി​രു​ദ്ധ​മ​ല്ലെ​ന്നുള്ള കീഴ്‌ക്കോ​ട​തി​വി​ധി സുപ്രീം​കോ​ടതി ശരി​വെച്ചു. അതോടെ, സാക്ഷി​കൾക്കു തുടർന്നും സ്വത​ന്ത്ര​മാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്താ​മെ​ന്നാ​യി. ഈ നിയമ​വി​ജയം നൽകി​യ​തിന്‌ യഹോ​വ​യോ​ടുള്ള നന്ദി പ്രകടി​പ്പി​ക്കാൻ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ തങ്ങളുടെ പങ്കു വീണ്ടും വർധി​പ്പി​ച്ചു. ആ വിധി വന്നതിൽപ്പി​ന്നെ ശുശ്രൂ​ഷ​യു​ടെ കാര്യ​ത്തിൽ ഡെന്മാർക്കി​ലെ സഹോ​ദ​ര​ങ്ങൾക്കു ഗവൺമെ​ന്റിൽനിന്ന്‌ യാതൊ​രു തടസ്സവും നേരി​ട്ടി​ട്ടില്ല.

പ്ലക്കാർഡുകളുമായി പോകുന്ന ഡെന്മാർക്കിലെ യഹോവയുടെ സാക്ഷികൾ. 1930-കളിലെ ചിത്രം

ഡെന്മാർക്കിലെ ധീരരായ സാക്ഷികൾ (1930-കളിലെ ചിത്രം.)

21, 22. മർഡോക്‌ സഹോ​ദ​രന്റെ കേസിൽ യു.എസ്‌. സുപ്രീം​കോ​ടതി എന്തു വിധിച്ചു?

21 ഐക്യ​നാ​ടു​കൾ. 1940 ഫെബ്രു​വരി 25 ഞായറാഴ്‌ച പെൻസിൽവേ​നിയ സംസ്ഥാ​നത്തെ പിറ്റ്‌സ്‌ബർഗിന്‌ അടുത്തുള്ള ജനറ്റ്‌ നഗരത്തിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ക​യാ​യി​രുന്ന റോബർട്ട്‌ മർഡോക്‌ ജൂനിയർ എന്ന മുൻനി​ര​സേ​വ​ക​നെ​യും മറ്റ്‌ ഏഴു സാക്ഷി​ക​ളെ​യും അറസ്റ്റ്‌ ചെയ്‌തു. ലൈസൻസി​ല്ലാ​തെ ആളുകൾക്കു പ്രസി​ദ്ധീ​ക​രണം നൽകാൻ ശ്രമിച്ചു എന്നതാ​യി​രു​ന്നു അവരുടെ പേരി​ലുള്ള കുറ്റം. നമ്മൾ നൽകിയ അപ്പീൽ സ്വീക​രിച്ച യു.എസ്‌. സുപ്രീം​കോ​ടതി കേസിലെ വാദം കേൾക്കാൻ തയ്യാറാ​യി.

22 1943 മെയ്‌ 3-നു സുപ്രീം​കോ​ടതി വിധി പ്രഖ്യാ​പി​ച്ചു. അത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി​രു​ന്നു. “രാജ്യ​ത്തി​ന്റെ ഭരണഘടന അനുവ​ദി​ച്ചു​കൊ​ടു​ത്തി​ട്ടുള്ള ഒരു അവകാശം ആസ്വദി​ക്കാൻ പണം നൽകേ​ണ്ടി​വ​രു​ന്നു” എന്നതു​കൊ​ണ്ടാ​ണു പണം കൊടുത്ത്‌ അത്തര​മൊ​രു ലൈസൻസ്‌ നേടു​ന്ന​തി​നെ കോടതി എതിർത്തത്‌. ആ നഗരം പുറ​പ്പെ​ടു​വിച്ച ഉത്തരവ്‌, “പത്രസ്വാ​ത​ന്ത്ര്യ​ത്തി​നു വിലങ്ങു​ത​ടി​യും ഇഷ്ടമുള്ള മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നു തടസ്സവും” ആണെന്നു കണ്ട്‌ സുപ്രീം​കോ​ടതി അത്‌ അസാധു​വാ​ക്കി. കോട​തി​യു​ടെ ഭൂരി​പ​ക്ഷാ​ഭി​പ്രാ​യം പ്രസ്‌താ​വി​ക്കു​ന്ന​തി​നി​ടെ ജസ്റ്റിസ്‌ വില്യം ഒ. ഡഗ്ലസ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “(അവരുടെ പ്രവർത്ത​നത്തെ) കേവലം പ്രസംഗം എന്നു മാത്രം വിളി​ക്കാ​നാ​കില്ല, അതു മതപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വെറു​മൊ​രു വിതരണം മാത്ര​വു​മല്ല. അത്‌ അവ രണ്ടും ചേർന്ന​താ​ണെന്നു പറയാം.” അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “പള്ളിക​ളിൽ നടക്കുന്ന ആരാധ​നയ്‌ക്കും വേദി​ക​ളിൽനി​ന്നുള്ള സുവി​ശേ​ഷ​പ്ര​സം​ഗ​ങ്ങൾക്കും നമ്മൾ നൽകുന്ന അതേ ആദരവു​തന്നെ ഇത്തരത്തി​ലു​ളള ഒരു മതപ്ര​വർത്ത​ന​ത്തി​നും നൽകേ​ണ്ട​താണ്‌.”

23. 1943-ലെ കോട​തി​വി​ജ​യ​ങ്ങൾക്കു നമ്മുടെ കാലത്ത്‌ എന്തു പ്രാധാ​ന്യ​മാ​ണു​ള്ളത്‌?

23 സുപ്രീം​കോ​ട​തി​യു​ടെ ആ വിധി ദൈവ​ജ​ന​ത്തി​നു കിട്ടിയ വലി​യൊ​രു നിയമ​വി​ജ​യ​മാ​യി​രു​ന്നു. നമ്മൾ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​ക​രാണ്‌ അല്ലാതെ വിൽപ്പന നടത്തുന്ന കച്ചവട​ക്കാ​രല്ല എന്ന യാഥാർഥ്യ​ത്തിന്‌ അത്‌ അടിവ​ര​യി​ട്ടു. 1943-ലെ ആ ദിനം അവിസ്‌മ​ര​ണീ​യ​മാ​യി​രു​ന്നു! കാരണം മർഡോക്‌ കേസ്‌ ഉൾപ്പെടെ സുപ്രീം​കോ​ട​തി​യു​ടെ പരിഗ​ണ​ന​യി​ലുള്ള 13 കേസു​ക​ളിൽ 12-ലും അന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിജയി​ച്ചു. ആ കോട​തി​വി​ധി​കൾകൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വു​മു​ണ്ടാ​യി. അടുത്ത കാലത്ത്‌, പരസ്യ​മാ​യും വീടു​തോ​റും ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാ​നുള്ള നമ്മുടെ അവകാ​ശത്തെ എതിരാ​ളി​കൾ വീണ്ടും വെല്ലു​വി​ളിച്ച കേസു​ക​ളി​ലും ആ വിധികൾ വലിയ സ്വാധീ​നം ചെലുത്തി.

“ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌”

24. ഒരു ഗവൺമെന്റ്‌ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ചാൽ നമ്മുടെ പ്രതി​ക​രണം എന്തായി​രി​ക്കും?

24 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം സ്വത​ന്ത്ര​മാ​യി അറിയി​ക്കാ​നുള്ള നിയമ​പ​ര​മായ അവകാശം ചില ഗവൺമെ​ന്റു​കൾ അനുവ​ദി​ച്ചു​ത​രു​മ്പോൾ യഹോ​വ​യു​ടെ സേവക​രായ നമുക്ക്‌ അതി​നോ​ടു വലിയ വിലമ​തി​പ്പു തോന്നാ​റുണ്ട്‌. എന്നാൽ ഒരു ഗവൺമെന്റ്‌ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ചാ​ലോ? അപ്പോൾ, നമ്മൾ നമ്മുടെ രീതി​കൾക്കു ചില മാറ്റങ്ങൾ വരുത്തി എങ്ങനെ​യും നമ്മുടെ പ്രവർത്തനം തുടർന്നു​കൊ​ണ്ടു​പോ​കാൻ ശ്രമി​ക്കും. അപ്പോസ്‌ത​ല​ന്മാ​രെ​പ്പോ​ലെ നമ്മൾ അപ്പോൾ “മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.” (പ്രവൃ. 5:29; മത്താ. 28:19, 20) അതേസ​മയം, നമ്മുടെ പ്രവർത്ത​ന​ങ്ങ​ളു​ടെ മേലുള്ള നിരോ​ധനം നീക്കാൻ നമ്മൾ കോട​തി​ക​ളിൽ അപ്പീൽ നൽകാ​റു​മുണ്ട്‌. രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം.

25, 26. നിക്കരാ​ഗ്വ​യി​ലെ സുപ്രീം​കോ​ട​തി​യു​ടെ മുന്നിൽ വന്ന കേസിന്റെ പശ്ചാത്തലം എന്തായി​രു​ന്നു, എന്തായി​രു​ന്നു കോട​തി​വി​ധി?

25 നിക്കരാ​ഗ്വ. അവിടത്തെ മിഷന​റി​യും ബ്രാഞ്ച്‌ ദാസനും ആയിരുന്ന ഡോണവൻ മൺസ്റ്റർമാൻ 1952 നവംബർ 19-നു രാജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ മനാഗ്വ​യി​ലെ ഇമി​ഗ്രേഷൻ ഓഫീ​സി​ലെത്തി. ആ ഓഫീ​സി​ലെ മേലധി​കാ​രി​യാ​യി​രുന്ന ക്യാപ്‌റ്റൻ ആർനോൾഡോ ഗാർസീ​യാ​യെ കാണണ​മെ​ന്നുള്ള ഉത്തരവ്‌ കിട്ടി വന്നതാ​യി​രു​ന്നു അദ്ദേഹം. നിക്കരാ​ഗ്വ​യി​ലെ എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും, “അവരുടെ ഉപദേ​ശങ്ങൾ പ്രസം​ഗി​ക്കു​ന്ന​തിൽനി​ന്നും അവരുടെ മതപ്ര​വർത്ത​നങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തിൽനി​ന്നും വിലക്കു​ക​യാണ്‌” എന്ന്‌ ആ ഉദ്യോ​ഗസ്ഥൻ ഡോണവൻ സഹോ​ദ​ര​നോ​ടു പറഞ്ഞു. അതിനു കാരണം ചോദി​ച്ച​പ്പോൾ ക്യാപ്‌റ്റൻ ഗാർസീ​യാ പറഞ്ഞത്‌, സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നടത്താൻ മന്ത്രി​യിൽനിന്ന്‌ അനുമതി വാങ്ങി​യി​ട്ടി​ല്ലെ​ന്നും അവർ കമ്മ്യൂ​ണി​സ്റ്റു​കാ​രാ​ണെന്ന ആരോ​പണം ഉയർന്നി​ട്ടു​ണ്ടെ​ന്നും ആയിരു​ന്നു. ആരായി​രു​ന്നു ആ ആരോ​പ​ണ​ത്തി​നു പിന്നിൽ? റോമൻ കത്തോ​ലി​ക്കാ വൈദി​കർ!

1953-ന്‌ അടുത്തുള്ള കാലത്ത്‌ നിക്കരാഗ്വയിലെ ഒരു തുറസ്സായ സ്ഥലത്തുവെച്ച്‌ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ

നിക്കരാഗ്വയിലെ സഹോ​ദ​രങ്ങൾ, നിരോ​ധ​ന​കാ​ലത്തെ ചിത്രം

26 ഉടനെ​തന്നെ മൺസ്റ്റർമാൻ സഹോ​ദരൻ അവിടത്തെ മതമ​ന്ത്രാ​ല​യ​ത്തി​നും പ്രസി​ഡ​ന്റായ അനാസ്റ്റാ​സ്യോ സോ​മോ​സാ ഗാർസീ​യായ്‌ക്കും അപ്പീൽ നൽകി​യെ​ങ്കി​ലും പ്രയോ​ജ​ന​മൊ​ന്നു​മു​ണ്ടാ​യില്ല. അതു​കൊണ്ട്‌ സഹോ​ദ​രങ്ങൾ തങ്ങളുടെ രീതി​കൾക്കു ചില മാറ്റങ്ങൾ വരുത്തി. അവർ രാജ്യ​ഹാൾ അടച്ചു​പൂ​ട്ടി, ചെറിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രാൻ തുടങ്ങി, കൂടാതെ തെരു​വു​സാ​ക്ഷീ​ക​രണം നിറുത്തി. എന്നാൽ ദൈവ​രാ​ജ്യ​സ​ന്ദേശം അവർ തുടർന്നും പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. അതോ​ടൊ​പ്പം, നിരോ​ധനം അസാധു​വാ​ക്കാ​നുള്ള ഒരു അപേക്ഷ നിക്കരാ​ഗ്വ​യി​ലെ സുപ്രീം​കോ​ട​തി​യിൽ സമർപ്പി​ക്കു​ക​യും ചെയ്‌തു. പത്രങ്ങ​ളിൽ ഇതു ചൂടു​പി​ടിച്ച വാർത്ത​യാ​യി. നമ്മൾ കോട​തി​യിൽ നൽകിയ അപേക്ഷ​യു​ടെ വിശദാം​ശ​ങ്ങ​ളും പത്രങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. സുപ്രീം​കോ​ടതി കേസ്‌ പരിഗ​ണി​ക്കാൻ തയ്യാറാ​യി. ഒടുവിൽ കോടതി എന്തു വിധിച്ചു? 1953 ജൂൺ 19-നു സുപ്രീം​കോ​ടതി ഏകകണ്‌ഠ​മാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പുറ​പ്പെ​ടു​വി​ച്ചു. മനസ്സാ​ക്ഷി​ക്ക​നു​സൃ​ത​മാ​യും സ്വന്തം മതവി​ശ്വാ​സ​മ​നു​സ​രി​ച്ചും കാര്യങ്ങൾ ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​ലും ഭരണഘടന ഉറപ്പു​കൊ​ടു​ക്കുന്ന അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ലും കൈക​ട​ത്തു​ന്ന​താണ്‌ ഈ നിരോ​ധ​ന​മെന്നു കോടതി കണ്ടെത്തി. നിക്കരാ​ഗ്വ​യി​ലെ ഗവൺമെ​ന്റും യഹോ​വ​യു​ടെ സാക്ഷി​ക​ളും തമ്മിലുള്ള ബന്ധം പഴയപ​ടി​യാ​ക്കാൻ വേണ്ട നടപടി​ക​ളെ​ടു​ക്കാ​നും കോടതി വിധിച്ചു.

27. സുപ്രീം​കോ​ട​തി​യു​ടെ വിധി നിക്കരാ​ഗ്വ​ക്കാ​രെ അമ്പരപ്പി​ച്ചു​ക​ള​ഞ്ഞത്‌ എന്തു​കൊണ്ട്‌, ഈ വിജയത്തെ സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു കണ്ടത്‌?

27 സുപ്രീം​കോ​ടതി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി​ച്ചതു നിക്കരാ​ഗ്വ​ക്കാ​രെ അമ്പരപ്പി​ച്ചു​ക​ളഞ്ഞു. അതിന്‌ ഒരു കാരണ​മു​ണ്ടാ​യി​രു​ന്നു. വൈദി​ക​രു​ടെ സ്വാധീ​ന​ശക്തി നിമിത്തം, കോടതി അവരു​മാ​യി കൊമ്പു കോർക്കു​ന്നത്‌ ഒഴിവാ​ക്കാ​റാ​യി​രു​ന്നു പതിവ്‌. മാത്രമല്ല, ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രു​ടെ തീരു​മാ​ന​ങ്ങളെ കോടതി മറിക​ട​ക്കു​ന്ന​തും അപൂർവ​മാ​യി​രു​ന്നു. അത്രയ്‌ക്കാ​യി​രു​ന്നു അവർക്ക്‌ അന്നാട്ടി​ലുള്ള അധികാ​രം. തങ്ങളുടെ രാജാ​വിൽനിന്ന്‌ സംരക്ഷണം കിട്ടി​യ​തു​കൊ​ണ്ടും പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താ​തി​രു​ന്ന​തു​കൊ​ണ്ടും ആണ്‌ ഈ വിജയം സ്വന്തമാ​യ​തെന്ന കാര്യ​ത്തിൽ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ലവലേശം സംശയ​മി​ല്ലാ​യി​രു​ന്നു.—പ്രവൃ. 1:8.

28, 29. 1980-കളുടെ മധ്യത്തിൽ സയറിൽ അപ്രതീ​ക്ഷി​ത​മായ എന്തു മാറ്റമു​ണ്ടാ​യി?

28 സയർ. ഇന്നു കോം​ഗോ ജനാധി​പത്യ റിപ്പബ്ലിക്‌ എന്ന്‌ അറിയ​പ്പെ​ടുന്ന സയറിൽ 1980-കളുടെ മധ്യത്തിൽ ഏതാണ്ട്‌ 35,000 സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. ദൈവ​രാ​ജ്യ​പ്ര​വർത്ത​നങ്ങൾ വർധി​ച്ചു​വ​രു​ന്നതു കണക്കി​ലെ​ടുത്ത്‌ ബ്രാഞ്ച്‌ ചില പുതിയ കെട്ടി​ടങ്ങൾ നിർമി​ക്കാൻ തുടങ്ങി. 1985 ഡിസം​ബ​റിൽ തലസ്ഥാ​ന​ന​ഗ​രി​യായ കിൻഷാ​സ​യിൽവെച്ച്‌ ഒരു അന്താരാഷ്‌ട്ര കൺ​വെൻ​ഷ​നും നടത്തി. ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനിന്ന്‌ എത്തിയ 32,000 പ്രതി​നി​ധി​ക​ളെ​ക്കൊണ്ട്‌ കിൻഷാ​സ​യി​ലെ സ്റ്റേഡിയം നിറഞ്ഞു​ക​വി​ഞ്ഞു. എന്നാൽ ക്രമേണ ചില മാറ്റങ്ങൾ കണ്ടുതു​ടങ്ങി. അവ സയറിലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നത്തെ ബാധിച്ചു. എന്താണു സംഭവി​ച്ചത്‌?

29 കാനഡ​യി​ലെ ക്യു​ബെ​ക്കിൽനി​ന്നുള്ള മിഷന​റി​യായ മാഴ്‌സെൽ ഫിൽറ്റോ ആ സമയത്ത്‌ സയറിൽ സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്യു​ബെ​ക്കി​ലെ ഡ്യൂപ്ലസി ഭരണകൂ​ട​ത്തി​ന്റെ കടുത്ത ഉപദ്ര​വങ്ങൾ അനുഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രുന്ന അദ്ദേഹം സയറിൽ നടന്ന സംഭവങ്ങൾ വിവരി​ക്കു​ന്നു: “സയറിലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​നയെ നിയമ​വി​രു​ദ്ധ​മാ​യി പ്രഖ്യാ​പി​ക്കുന്ന ഒരു കത്ത്‌ 1986 മാർച്ച്‌ 12-ന്‌ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചു.” ആ നിരോ​ധനം, രാജ്യത്തെ പ്രസി​ഡ​ന്റായ മൊമ്പു​ട്ടൂ സേസേ സേക്കോ ഒപ്പു​വെ​ച്ച​താ​യി​രു​ന്നു.

30. ഏതു സുപ്ര​ധാ​ന​ചോ​ദ്യ​മാ​ണു ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ മുന്നി​ലു​ണ്ടാ​യി​രു​ന്നത്‌, എന്തായി​രു​ന്നു അവരുടെ തീരു​മാ​നം?

30 “(സയറിൽ) മേലാൽ നമ്മൾ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കേൾക്കില്ല” എന്നൊരു പ്രഖ്യാ​പനം പിറ്റേ ദിവസം ദേശീയ റേഡി​യോ​നി​ലയം സം​പ്രേ​ഷണം ചെയ്‌തു. ഒട്ടും വൈകി​യില്ല, സാക്ഷി​കൾക്കെ​തി​രെ കടുത്ത ഉപദ്രവം തുടങ്ങി. രാജ്യ​ഹാ​ളു​കൾ നശിപ്പി​ച്ചു, സഹോ​ദ​ര​ങ്ങളെ കവർച്ചയ്‌ക്ക്‌ ഇരയാക്കി, അറസ്റ്റ്‌ ചെയ്‌തു, ജയിലി​ല​ടച്ചു, പലപ്പോ​ഴും അവർക്കു മർദന​വു​മേറ്റു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​ക​ളെ​പ്പോ​ലും അവർ തടവി​ലാ​ക്കി. 1988 ഒക്‌ടോ​ബർ 12-നു ഗവൺമെന്റ്‌ നമ്മുടെ വസ്‌തു​വ​കകൾ കണ്ടു​കെട്ടി. സിവിൽ ഗാർഡ്‌ എന്ന സൈനി​ക​യൂ​ണിറ്റ്‌ നമ്മുടെ ബ്രാഞ്ച്‌ വളപ്പിൽ കടന്ന്‌ അതു കൈ​യേറി. ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​രങ്ങൾ പ്രസി​ഡന്റ്‌ മൊമ്പു​ട്ടൂ​വിന്‌ അപ്പീൽ നൽകി​യെ​ങ്കി​ലും മറുപ​ടി​യൊ​ന്നും കിട്ടി​യില്ല. “ഇപ്പോൾ നമ്മൾ സുപ്രീം​കോ​ട​തി​യിൽ അപ്പീലി​നു പോക​ണോ അതോ കാത്തി​രി​ക്ക​ണോ” എന്നതാ​യി​രു​ന്നു ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ മുന്നിൽ അപ്പോ​ഴു​ണ്ടാ​യി​രുന്ന ഒരു സുപ്ര​ധാ​ന​ചോ​ദ്യം. ഒരു മിഷന​റി​യും ആ സമയത്ത്‌ ബ്രാഞ്ച്‌ കമ്മിറ്റി ഏകോ​പ​ക​നും ആയിരുന്ന തിമോ​ത്തി ഹോംസ്‌ സഹോ​ദരൻ ഓർക്കു​ന്നു: “ജ്ഞാനത്തി​നും മാർഗ​നിർദേ​ശ​ത്തി​നും ആയി ഞങ്ങൾ യഹോ​വ​യി​ലേക്കു നോക്കി.” പ്രാർഥ​നാ​പൂർവ​മായ ചർച്ചകൾക്കു ശേഷം, അത്‌ ഒരു നിയമ​ന​ട​പ​ടിക്ക്‌ ഇണങ്ങുന്ന സമയമ​ല്ലെന്ന നിഗമ​ന​ത്തിൽ ബ്രാഞ്ച്‌ കമ്മിറ്റി എത്തി​ച്ചേർന്നു. പകരം, സഹോ​ദ​ര​ങ്ങൾക്കു വേണ്ട സഹായം നൽകു​ന്ന​തി​ലും പ്രസം​ഗ​പ്ര​വർത്തനം തുടർന്നു​കൊ​ണ്ടു​പോ​കാ​നുള്ള വഴികൾ കണ്ടെത്തു​ന്ന​തി​ലും അവർ മുഴു​ശ്ര​ദ്ധ​യും കൊടു​ത്തു.

“യഹോ​വയ്‌ക്ക്‌ എങ്ങനെ വേണ​മെ​ങ്കി​ലും കാര്യങ്ങൾ മാറ്റി​യെ​ടു​ക്കാ​നാ​കും. കേസ്‌ നടക്കുന്ന സമയത്ത്‌ അക്കാര്യം ഞങ്ങൾക്കു ബോധ്യ​മാ​യി”

31, 32. സയറിലെ സുപ്രീം​കോ​ടതി സുപ്ര​ധാ​ന​മായ ഏതു വിധി പുറ​പ്പെ​ടു​വി​ച്ചു, നമ്മുടെ സഹോ​ദ​ര​ങ്ങളെ അത്‌ എങ്ങനെ സ്വാധീ​നി​ച്ചു?

31 വർഷങ്ങൾ കടന്നു​പോ​യി. യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരെ​യുള്ള എതിർപ്പു​കൾക്കു ക്രമേണ അയവ്‌ വന്നു. രാജ്യത്ത്‌ മനുഷ്യാ​വ​കാ​ശ​ങ്ങ​ളോ​ടുള്ള ആദരവും വർധിച്ചു. നിലവി​ലുള്ള നിരോ​ധ​ന​ത്തിന്‌ എതിരെ എന്തെങ്കി​ലും ചെയ്യാൻ പറ്റിയ സമയം ഇതാ​ണെന്നു ബ്രാഞ്ച്‌ കമ്മിറ്റി​ക്കു മനസ്സി​ലാ​യി. സയറിലെ സുപ്രീം​കോ​ട​തിക്ക്‌ അപ്പീൽ നൽകാ​നാ​യി​രു​ന്നു തീരു​മാ​നം. അതിശ​യ​മെന്നു പറയട്ടെ, സുപ്രീം​കോ​ടതി കേസിന്റെ വാദം കേൾക്കാൻ തയ്യാറാ​യി. ഒടുവിൽ, പ്രസി​ഡന്റ്‌ നിരോ​ധ​ന​ത്തി​നുള്ള ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചിട്ട്‌ ഏതാണ്ട്‌ ഏഴു വർഷങ്ങൾക്കു ശേഷം 1993 ജനുവരി 8-ാം തീയതി കേസിലെ വിധി വന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ​യുള്ള ഗവൺമെന്റ്‌ നടപടി​കൾ നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നെന്നു കോടതി വിധിച്ചു. നിരോ​ധനം നീക്കി. അതി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ജീവൻ പണയം​വെ​ച്ചു​കൊ​ണ്ടാണ്‌ ആ ജഡ്‌ജി​മാർ രാജ്യത്തെ പ്രസി​ഡ​ന്റി​ന്റെ തീരു​മാ​നം അസാധു​വാ​ക്കി​യത്‌. ഹോംസ്‌ സഹോ​ദരൻ പറയുന്നു: “യഹോ​വയ്‌ക്ക്‌ എങ്ങനെ വേണ​മെ​ങ്കി​ലും കാര്യങ്ങൾ മാറ്റി​യെ​ടു​ക്കാ​നാ​കും. കേസ്‌ നടക്കുന്ന സമയത്ത്‌ അക്കാര്യം ഞങ്ങൾക്കു ബോധ്യ​മാ​യി.” (ദാനി. 2:21) ആ വിജയം നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കി. എപ്പോൾ, എങ്ങനെ മുന്നോ​ട്ടു നീങ്ങണ​മെന്ന കാര്യം മനസ്സി​ലാ​ക്കാൻ രാജാ​വായ യേശു തന്റെ ജനത്തെ നയിച്ചത്‌ അവർ അനുഭ​വി​ച്ച​റി​ഞ്ഞു.

കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽവെച്ച്‌ നടന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കുന്ന രണ്ടു ക്രിസ്‌തീയസഹോദരിമാർ

യഹോവയെ ആരാധി​ക്കാൻ സ്വാത​ന്ത്ര്യ​മു​ള്ള​തിൽ കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌

32 നിരോ​ധനം നീങ്ങി​യ​തോ​ടെ ബ്രാഞ്ച്‌ ഓഫീ​സി​നു രാജ്യ​ത്തേക്കു മിഷന​റി​മാ​രെ കൊണ്ടു​വ​രാ​നും ബ്രാഞ്ചി​നു​വേണ്ടി പുതിയ കെട്ടി​ടങ്ങൾ പണിയാ​നും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ഇറക്കു​മതി ചെയ്യാ​നും അനുമതി ലഭിച്ചു.f യഹോവ തന്റെ ജനത്തിന്റെ ആത്മീയ​ക്ഷേ​മ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​ന്നതു കാണു​മ്പോൾ ലോക​മെ​ങ്ങു​മുള്ള ദൈവ​സേ​വ​കർക്ക്‌ എത്ര വലിയ സന്തോ​ഷ​മാ​ണു തോന്നു​ന്നത്‌!—യശ. 52:10.

“യഹോവ എന്നെ സഹായി​ക്കും”

33. ചില കോട​തി​വി​ചാ​ര​ണ​ക​ളു​ടെ ഹ്രസ്വ​മായ ഒരു അവലോ​ക​ന​ത്തിൽനിന്ന്‌ നമ്മൾ എന്തു പഠിച്ചു?

33 ഈ നിയമ​പോ​രാ​ട്ട​ങ്ങ​ളെ​ല്ലാം അവലോ​കനം ചെയ്‌ത​തിൽനിന്ന്‌ നമുക്ക്‌ ഒരു കാര്യം വ്യക്തമാണ്‌. “നിങ്ങളു​ടെ എല്ലാ എതിരാ​ളി​ക​ളും ഒന്നിച്ചു​നി​ന്നാൽപ്പോ​ലും അവർക്ക്‌ എതിർത്തു​പ​റ​യാ​നോ ഖണ്ഡിക്കാ​നോ പറ്റാത്ത​തു​പോ​ലുള്ള വാക്കു​ക​ളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും” എന്ന വാക്കു യേശു പാലി​ച്ചി​രി​ക്കു​ന്നു. (ലൂക്കോസ്‌ 21:12-15 വായി​ക്കുക.) തെളി​വു​കൾ വെച്ച്‌ നോക്കു​മ്പോൾ തന്റെ ജനത്തെ സംരക്ഷി​ക്കാൻ യഹോവ ചില​പ്പോ​ഴൊ​ക്കെ ആധുനി​ക​കാല ഗമാലി​യേൽമാ​രെ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്നു വ്യക്തം. നീതി​യു​ടെ പക്ഷത്ത്‌ നിൽക്കാൻ ചില​പ്പോ​ഴെ​ല്ലാം ധീരരായ ജഡ്‌ജി​മാ​രെ​യും അഭിഭാ​ഷ​ക​രെ​യും ദൈവം പ്രേരി​പ്പി​ച്ചി​ട്ടു​മുണ്ട്‌. യഹോവ നമ്മുടെ ശത്രു​ക്ക​ളു​ടെ ആയുധ​ങ്ങ​ളു​ടെ മുന​യൊ​ടി​ച്ചി​രി​ക്കു​ന്നു. (യശയ്യ 54:17 വായി​ക്കുക.) നമുക്കു ദൈവം ഏൽപ്പി​ച്ചു​തന്ന പ്രവർത്ത​ന​ത്തി​നു തടയി​ടാൻ യാതൊ​രു എതിർപ്പു​കൾക്കു​മാ​കില്ല.

34. നമ്മുടെ നിയമ​വി​ജ​യങ്ങൾ ഇത്ര ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അത്‌ എന്താണു തെളി​യി​ക്കു​ന്നത്‌? (“പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പിന്തു​ണ​യേ​കിയ ചില സുപ്ര​ധാന നിയമ​വി​ജ​യങ്ങൾ” എന്ന ചതുര​വും കാണുക.)

34 നമ്മുടെ നിയമ​വി​ജ​യങ്ങൾ ഇത്ര ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഇതെക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക: യഹോ​വ​യു​ടെ സാക്ഷികൾ അത്ര പ്രമു​ഖ​വ്യ​ക്തി​കളല്ല, അവർക്കു വലിയ സ്വാധീ​ന​ശ​ക്തി​യു​മില്ല. നമ്മൾ വോട്ടു ചെയ്യാ​റില്ല, രാഷ്‌ട്രീയ പ്രചാരണ പരിപാ​ടി​കളെ പിന്തു​ണയ്‌ക്കാ​റില്ല, രാഷ്‌ട്രീ​യ​ക്കാ​രെ സ്വാധീ​നി​ക്കാ​റില്ല. മാത്ര​മോ, കേസു​ക​ളു​മാ​യി ബന്ധപ്പെട്ട്‌ കോട​തി​ക​യ​റേ​ണ്ടി​വ​രു​മ്പോൾ നമ്മളെ മറ്റുള്ളവർ, “സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രും” ആയിട്ടാ​ണു പൊതു​വേ കാണു​ന്ന​തും. (പ്രവൃ. 4:13) എന്നിട്ടും നമ്മുടെ അതിശ​ക്ത​രായ മത-രാഷ്‌ട്രീയ എതിരാ​ളി​കൾക്കെ​തി​രെ വിധി പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ നമ്മുടെ തുണയ്‌ക്കെ​ത്താൻ കോട​തി​കളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ഒരു മാനു​ഷി​ക​കാഴ്‌ച​പ്പാ​ടിൽ നോക്കി​യാൽ അതിനു പ്രത്യേ​കി​ച്ചു കാരണ​മൊ​ന്നും​ത​ന്നെ​യില്ല. എങ്കിലും കോട​തി​കൾ വീണ്ടും​വീ​ണ്ടും നമുക്ക്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു! നമ്മൾ “ദൈവ​സ​ന്നി​ധി​യിൽ . . . ക്രിസ്‌തു​വി​നോ​ടു ചേർന്ന്‌” നടക്കു​ന്ന​വ​രാ​ണെ​ന്നാ​ണു നമ്മുടെ നിയമ​വി​ജ​യങ്ങൾ തെളി​യി​ക്കു​ന്നത്‌. (2 കൊരി. 2:17) അതു​കൊണ്ട്‌ പൗലോസ്‌ അപ്പോസ്‌ത​ല​നെ​പ്പോ​ലെ നമുക്കും ഇങ്ങനെ പറയാ​നാ​കു​ന്നു: “യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല.”—എബ്രാ. 13:6.

a കാന്റ്‌വെൽ Vs കണറ്റി​ക്കട്ട്‌ സംസ്ഥാനം എന്ന ഈ കേസ്‌, നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി ഹെയ്‌ഡൻ കവിങ്‌ടൺ സഹോ​ദരൻ സുപ്രീം​കോ​ട​തി​യിൽ വാദിച്ച 43 കേസു​ക​ളിൽ ആദ്യ​ത്തേ​താ​യി​രു​ന്നു. 1978-ൽ അദ്ദേഹം മരിച്ചു. അദ്ദേഹ​ത്തി​ന്റെ ഭാര്യ ഡൊ​റോ​ത്തി 2015-ൽ 92-ാമത്തെ വയസ്സിൽ മരണമ​ട​യു​ന്ന​തു​വരെ വിശ്വസ്‌ത​യാ​യി സേവിച്ചു.

b 1606-ൽ നിലവിൽവന്ന ഒരു നിയമ​ത്തി​ന്റെ ചുവടു​പി​ടി​ച്ചാ​യി​രു​ന്നു ഇങ്ങനെ​യൊ​രു കുറ്റം അവരുടെ മേൽ ചുമത്തി​യത്‌. ഒരു വ്യക്തി പറയുന്ന കാര്യം സത്യമാ​ണെ​ങ്കിൽപ്പോ​ലും അതു വിദ്വേ​ഷം ഊട്ടി​വ​ളർത്തു​ന്ന​താ​യി തോന്നി​യാൽ ആ വ്യക്തിയെ കുറ്റക്കാ​ര​നാ​യി വിധി​ക്കാൻ അനുവാ​ദം നൽകു​ന്ന​താ​യി​രു​ന്നു ആ നിയമം.

c 1950-ൽ 164 മുഴു​സ​മ​യ​ശു​ശ്രൂ​ഷകർ ക്യു​ബെ​ക്കിൽ സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തങ്ങളെ കാത്തി​രി​ക്കുന്ന കഠിന​മായ ഉപദ്ര​വ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അവി​ടേ​ക്കുള്ള നിയമനം മനസ്സോ​ടെ സ്വീക​രിച്ച 63 ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളും അതിൽപ്പെ​ടും.

d 1943 മുതൽ 2003 വരെയുള്ള കാലത്ത്‌ കാനഡ​യി​ലും മറ്റു രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേണ്ടി അതീവ​നൈ​പു​ണ്യ​ത്തോ​ടെ നൂറു​ക​ണ​ക്കി​നു നിയമ​പോ​രാ​ട്ടങ്ങൾ നടത്തിയ ധീരനായ ഒരു അഭിഭാ​ഷ​ക​നാ​യി​രു​ന്നു ഡബ്ല്യു. ഗ്ലെൻ ഹൗ സഹോ​ദരൻ.

e ഈ കേസി​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ, 2000 ഏപ്രിൽ 22 ലക്കം ഉണരുക!-യുടെ 18-24 പേജു​ക​ളി​ലുള്ള “യുദ്ധം നിങ്ങളു​ടേതല്ല; ദൈവ​ത്തി​ന്റേ​താണ്‌” എന്ന ലേഖനം കാണുക.

f ബ്രാഞ്ച്‌ വളപ്പു കൈ​യേ​റിയ സിവിൽ ഗാർഡ്‌ പിന്നീട്‌ ആ സ്ഥലം ഒഴിഞ്ഞു. എന്നാൽ ബ്രാഞ്ചി​ന്റെ പുതിയ കെട്ടി​ടങ്ങൾ പണിതതു മറ്റൊരു സ്ഥലത്താണ്‌.

ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?

  • നമ്മൾ കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രോ രാജ്യ​ദ്രോ​ഹി​ക​ളോ കച്ചവട​ക്കാ​രോ അല്ല, മറിച്ച്‌ ശുശ്രൂ​ഷ​ക​രാ​ണെന്ന വസ്‌തു​തയെ കോട​തി​കൾ പിന്തു​ണ​ച്ചത്‌ എങ്ങനെ?

  • കഴിഞ്ഞ കാലത്തെ നിയമ​വി​ജ​യങ്ങൾ ഇന്നും നമുക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌?

  • പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ചാൽ നമ്മൾ എങ്ങനെ​യാ​യി​രി​ക്കും പ്രതി​ക​രി​ക്കുക?

  • യഹോ​വ​യു​ടെ സാക്ഷി​കൾക്കു ചരി​ത്ര​പ്ര​ധാ​ന​മായ ഇത്ര​യേറെ കോട​തി​വി​ജ​യങ്ങൾ കിട്ടി​യ​തിൽ പലർക്കും അത്ഭുതം തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • നിയമ​പോ​രാ​ട്ട​ങ്ങ​ളു​ടെ ഈ അവലോ​കനം നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

സെർബിയയിലെ ഒരു ക്രിസ്‌തീയദമ്പതികൾ വീട്ടുവാതിൽക്കൽവെച്ച്‌ ഒരു സ്‌ത്രീയെ സന്തോഷവാർത്ത അറിയിക്കുന്നു

സ്റ്റാറാ പാസോവ, സെർബിയ

പ്രസംഗപ്രവർത്തനത്തിനു പിന്തു​ണ​യേ​കിയ ചില സുപ്ര​ധാന നിയമ​വി​ജ​യ​ങ്ങൾ

വിധിദിനം 1927 നവംബർ 11

രാജ്യം സ്വിറ്റ്‌സർലൻഡ്‌

വിഷയം മതസ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ക​യാ​യി​രുന്ന അഡോൾഫ്‌ ഹ്യൂബർ സഹോ​ദ​രനെ ഒരു പോലീസ്‌ ഓഫീസർ തടയുന്നു. സഹോ​ദരൻ മതസ്‌പർധ ഇളക്കി​വി​ടു​ക​യാ​ണെന്നു പറഞ്ഞ്‌ അദ്ദേഹ​ത്തി​ന്റെ കൈയി​ലുള്ള ബൈബിൾല​ഘു​ലേ​ഖകൾ പിടി​ച്ചെ​ടു​ക്കു​ന്നു.

തീർപ്പ്‌ ആ പോലീസ്‌ ഓഫീ​സ​റു​ടെ പ്രവൃ​ത്തി​യു​ടെ നിയമ​സാ​ധു​തയെ ചോദ്യം ചെയ്‌തു​കൊണ്ട്‌ ഹ്യൂബർ സഹോ​ദരൻ രാജ്യത്തെ സുപ്രീം​കോ​ട​തി​യെ സമീപി​ച്ചു. മതപര​മായ ലഘു​ലേ​ഖകൾ പിടി​ച്ചെ​ടു​ക്കു​ന്നതു “മതസ്വാ​ത​ന്ത്ര്യ​ത്തിൽ” കൈക​ട​ത്ത​ലാ​ണെന്നു കോടതി കണ്ടെത്തു​ന്നു.

നേട്ടം ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ശുശ്രൂ​ഷയെ പോലീസ്‌ ഏതെങ്കി​ലും വിധത്തിൽ തടസ്സ​പ്പെ​ടു​ത്തു​ന്നത്‌ ആ വിധി തടഞ്ഞു.

വിധിദിനം 1935 ജൂലൈ 9

രാജ്യം റൊമാ​നി​യ

വിഷയം അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ നമ്മുടെ പുസ്‌ത​കങ്ങൾ വിതരണം ചെയ്‌ത ആറു സാക്ഷി​കളെ അറസ്റ്റ്‌ ചെയ്യുന്നു. അവ “ക്രമസ​മാ​ധാ​ന​ത്തി​നും രാജ്യ​സു​ര​ക്ഷയ്‌ക്കും ഭീഷണി​യാണ്‌” എന്നായി​രു​ന്നു ആരോ​പണം. സഹോ​ദ​ര​ന്മാ​രെ 15 ദിവസത്തെ ജയിൽശി​ക്ഷയ്‌ക്കു വിധി​ക്കു​ന്നു.

തീർപ്പ്‌ യഹോ​വ​യു​ടെ സാക്ഷികൾ വളരെ സമാധാ​ന​പ​ര​മാ​യാ​ണു തങ്ങളുടെ പ്രവർത്ത​നങ്ങൾ നടത്തു​ന്ന​തെന്നു സുപ്രീം​കോ​ടതി കണ്ടെത്തി. അവരുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ യാതൊ​രു വിധത്തി​ലും ക്രമസ​മാ​ധാ​ന​ത്തിന്‌ ഒരു ഭീഷണി​യ​ല്ലെ​ന്നും അവർക്കു സ്വന്തം അഭി​പ്രാ​യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ അവകാ​ശ​മു​ണ്ടെ​ന്നും കോടതി പ്രസ്‌താ​വി​ച്ചു.

നേട്ടം ഈ വിധി, പ്രസം​ഗ​പ്ര​വർത്തനം നടത്താൻ സഹോ​ദ​ര​ങ്ങൾക്കുള്ള ഭരണഘ​ട​നാ​പ​ര​മായ അവകാശം ഉറപ്പു തരുന്ന​താ​യി​രു​ന്നു. 1933 മുതൽ 1939 വരെയുള്ള കാലത്ത്‌ കോടതി തീർപ്പാ​ക്കിയ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മറ്റ്‌ 530 കേസു​ക​ളിൽ ചിലതി​ലും സമാന​മായ വിധികൾ ഉണ്ടായി. അതു​കൊണ്ട്‌ ഇന്നു നമുക്ക്‌ അവിടെ സ്വത​ന്ത്ര​മാ​യി പ്രസം​ഗി​ക്കാ​നാ​കു​ന്നു.

വിധിദിനം 1953 മാർച്ച്‌ 17

രാജ്യം നെതർലൻഡ്‌സ്‌

വിഷയം അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, പത്രസ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ ആഴ്‌ച​യിൽ ആകെ ചൊവ്വാഴ്‌ച​ക​ളി​ലും ബുധനാഴ്‌ച​ക​ളി​ലും മാത്രമേ മറ്റുള്ള​വർക്കു പ്രസി​ദ്ധീ​ക​ര​ണങ്ങൾ നൽകാൻ പാടുള്ളൂ എന്നും, അതും രാവിലെ 9 മണി മുതൽ 11 മണി വരെ മാത്രമേ ആകാവൂ എന്നും ഉള്ള ഉത്തരവ്‌ ലംഘി​ച്ച​തി​നു പീറ്റർ ഹാവനാർ സഹോ​ദ​രനെ അറസ്റ്റ്‌ ചെയ്യുന്നു.

തീർപ്പ്‌ ആ നിയ​ന്ത്രണം അതിരു​ക​ട​ന്ന​താ​യി​പ്പോ​യെന്നു സുപ്രീം​കോ​ടതി കണ്ടെത്തു​ന്നു.

നേട്ടം ആ കോട​തി​വി​ധി വന്നതോ​ടെ, അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിതരണം അസാധ്യ​മാ​ക്കുന്ന തരത്തി​ലുള്ള ഏതൊരു ഉത്തരവി​നും നിയമ​സാ​ധു​ത​യി​ല്ലാ​താ​യി. പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യാ​നുള്ള അവകാ​ശ​ത്തിൽ അത്ര​ത്തോ​ളം കൈക​ട​ത്താ​നുള്ള ഏതൊരു നീക്കവും സുപ്രീം​കോ​ടതി അതുവഴി തടഞ്ഞു.

വിധിദിനം 1953 ഒക്‌ടോ​ബർ 6

രാജ്യം കാനഡ

വിഷയം ആരാധ​നാ​സ്വാ​ത​ന്ത്ര്യം, അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ പോലീ​സിൽനിന്ന്‌ അനുമ​തി​പ​ത്രം വാങ്ങാതെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യു​ന്നതു വിലക്കുന്ന ഒരു പ്രാ​ദേ​ശി​ക​നി​യമം ക്യു​ബെക്ക്‌ നഗരത്തിൽ നടപ്പാക്കി. ഈ നിയമം ലംഘി​ച്ച​തി​ന്റെ പേരിൽ സഞ്ചാര​മേൽവി​ചാ​ര​ക​നായ ലോറ്യെ സോമു​വെർ സഹോ​ദ​രനു മൂന്നു മാസം ജയിലിൽ കിട​ക്കേ​ണ്ടി​വന്നു.

തീർപ്പ്‌ സാക്ഷി​ക​ളു​ടെ കാര്യ​ത്തിൽ ഈ നിയമം നടപ്പാ​ക്കു​ന്നതു നിയമാ​നു​സൃ​ത​മ​ല്ലെന്നു സുപ്രീം​കോ​ടതി കണ്ടെത്തി. ബൈബിൾസ​ന്ദേശം അച്ചടിച്ച്‌ വിതരണം ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീ​യാ​രാ​ധ​ന​യു​ടെ ഭാഗമാ​ണെന്നു കോടതി അംഗീ​ക​രി​ച്ചു. ആ ഗണത്തിൽപ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഉള്ളടക്കം പരി​ശോ​ധിച്ച്‌ എന്തെങ്കി​ലും നിയ​ന്ത്ര​ണങ്ങൾ വെക്കാൻ ഭരണഘടന അധികാ​രി​കൾക്ക്‌ അനുമതി നൽകി​യി​ട്ടി​ല്ലാ​യി​രു​ന്നു.

നേട്ടം ക്യു​ബെക്ക്‌ പ്രവി​ശ്യ​യിൽ ആ പ്രാ​ദേ​ശി​ക​നി​യമം ലംഘി​ച്ച​തി​ന്റെ പേരി​ലു​ണ്ടാ​യി​രുന്ന 1,600-ലധികം കേസുകൾ ഈ വിധി​യോ​ടെ തള്ളി​പ്പോ​യി.

വിധിദിനം 1983, ജൂലൈ 13

രാജ്യം സെർബിയ

വിഷയം അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, പത്രസ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്‌ത​തി​നു രണ്ടു സഹോ​ദ​രി​മാ​രെ അറസ്റ്റ്‌ ചെയ്‌തു. “ക്രമസ​മാ​ധാ​നം തകർക്കുന്ന കാര്യങ്ങൾ ചെയ്യുന്നു” എന്ന കുറ്റം ആരോ​പിച്ച്‌ അവരെ അഞ്ചു ദിവസം ജയിലി​ലി​ട്ടു.

തീർപ്പ്‌ അവർ സമാധാ​നം തകർക്കു​ന്ന​വ​രാ​ണെന്ന ആരോ​പണം അടിസ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അവർ നിയമ​ലം​ഘ​ന​മൊ​ന്നും നടത്തി​യി​ട്ടി​ല്ലെ​ന്നും സുപ്രീം​കോ​ടതി കണ്ടെത്തി.

നേട്ടം ഈ നിയമ​വി​ജ​യ​ത്തോ​ടെ സാക്ഷി​കളെ അറസ്റ്റ്‌ ചെയ്യു​ന്ന​തും പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടു​കെ​ട്ടു​ന്ന​തും തീരെ കുറഞ്ഞു.

വിധിദിനം 1986 മെയ്‌ 26

രാജ്യം തുർക്കി

വിഷയം മതസ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ രാജ്യത്തെ മൂന്നു സാക്ഷി​ക്കു​ടും​ബങ്ങൾ തങ്ങളുടെ മതം ‘യഹോ​വ​യു​ടെ സാക്ഷികൾ’ എന്നു രേഖ​പ്പെ​ടു​ത്തി​ക്കി​ട്ടാൻ അപേക്ഷി​ച്ച​തി​നു പിന്നാലെ, രാജ്യത്തെ സാമൂ​ഹിക-രാഷ്‌ട്രീയ വ്യവസ്ഥി​തി മാറ്റി​മ​റി​ക്കാൻ ശ്രമി​ച്ചെന്ന്‌ ആരോ​പിച്ച്‌ 23 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ തടവി​ലാ​ക്കി.

തീർപ്പ്‌ ആ ആരോ​പ​ണങ്ങൾ തള്ളിക്ക​ളഞ്ഞ്‌ അവരെ കുറ്റവി​മു​ക്ത​രാ​ക്കിയ സുപ്രീം​കോ​ടതി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസ്വാ​ത​ന്ത്ര്യ​ത്തി​നുള്ള അവകാശം ഉയർത്തി​പ്പി​ടി​ച്ചു.

നേട്ടം ആ വിധി​യോ​ടെ, ക്രിസ്‌തീ​യ​പ്ര​വർത്ത​നങ്ങൾ നടത്തു​ന്ന​തി​ന്റെ പേരിൽ വ്യക്തി​കളെ അറസ്റ്റ്‌ ചെയ്യു​ന്നതു നിലച്ചു. തുർക്കി​യി​ലെ എല്ലാ പൗരന്മാർക്കും ഈ വിധി മതസ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വാതി​ലു​കൾ തുറന്നു​കൊ​ടു​ത്തു.

വിധിദിനം 1993 മെയ്‌ 25

രാജ്യം ഗ്രീസ്‌

വിഷയം മതവി​ശ്വാ​സം പരസ്യ​മാ​യി പ്രകടി​പ്പി​ക്കാ​നുള്ള സ്വാത​ന്ത്ര്യം

സംഭവിച്ചത്‌ മതപരി​വർത്തനം നടത്തി​യെന്ന പേരിൽ 1986-ൽ മിനോസ്‌ കൊക്കി​നാ​ക്കിസ്‌ സഹോ​ദ​രനെ കുറ്റക്കാ​ര​നാ​യി വിധി​ക്കു​ന്നു. ഇത്‌ 18-ാം തവണയാ​യി​രു​ന്നു ഇതേ കാര്യ​ത്തിന്‌ അദ്ദേഹത്തെ ശിക്ഷി​ക്കു​ന്നത്‌. ഗ്രീസിൽ നിലവി​ലി​രുന്ന മതപരി​വർത്തന നിരോ​ധ​ന​നി​യ​മ​ത്തി​ന്റെ പേരിൽ 1938 മുതൽ 1992 വരെയുള്ള കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ അറസ്റ്റ്‌ ചെയ്യപ്പെട്ട കേസുകൾ 19,000-ത്തിലധി​ക​മാ​യി​രു​ന്നു.

തീർപ്പ്‌ ആ സംഭവ​ത്തിൽ ചിന്താ​സ്വാ​ത​ന്ത്ര്യം, മനസ്സാ​ക്ഷി​സ്വാ​ത​ന്ത്ര്യം, മതസ്വാ​ത​ന്ത്ര്യം എന്നിവ ഹനിക്ക​പ്പെ​ട്ട​താ​യി യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി കണ്ടെത്തി. മതവി​ശ്വാ​സം പരസ്യ​മാ​യി പ്രകടി​പ്പി​ക്കാ​നുള്ള അവകാ​ശ​ത്തിൽ അന്യാ​യ​മായ കൈക​ട​ത്ത​ലാ​ണു​ണ്ടാ​യ​തെ​ന്നും കോടതി നിരീ​ക്ഷി​ച്ചു. “അറിയ​പ്പെ​ടുന്ന ഒരു മതം” എന്ന പദവി യഹോ​വ​യു​ടെ സാക്ഷി​കൾക്കു​ണ്ടെ​ന്നും കോടതി അഭി​പ്രാ​യ​പ്പെട്ടു.

നേട്ടം കൊക്കി​നാ​ക്കിസ്‌ കേസിലെ വിധിയെ മറിക​ട​ക്കുന്ന തീരു​മാ​നങ്ങൾ കൈ​ക്കൊ​ള്ള​രു​തെന്ന്‌ എല്ലാ കോട​തി​കൾക്കും ഗ്രീസി​ലെ ഗവൺമെന്റ്‌ നിർദേശം നൽകി. വ്യക്തി​കളെ മതപരി​വർത്ത​ന​ത്തി​ന്റെ പേരിൽ കുറ്റക്കാ​രാ​ക്കുന്ന നടപടി അതോടെ ഇല്ലാതാ​യി.

വിധിദിനം 2002 ജൂൺ 17

രാജ്യം ഐക്യ​നാ​ടു​കൾ

വിഷയം അഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം.

സംഭവിച്ചത്‌ വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തി​നു പോകു​ന്ന​വ​രെ​ല്ലാം ഒരു അനുമ​തി​പ​ത്രം വാങ്ങി​യി​രി​ക്ക​ണ​മെന്ന്‌ ഒഹായോ സംസ്ഥാ​നത്തെ സ്‌ട്രാ​റ്റൻ ഗ്രാമം ഉത്തരവി​ട്ടു. ആ ഉത്തരവ്‌ ഭരണഘ​ട​നാ​പ​ര​മാ​ണെ​ന്നാ​യി​രു​ന്നു വിചാ​ര​ണ​ക്കോ​ട​തി​ക​ളു​ടെ​യും അപ്പീൽക്കോ​ട​തി​ക​ളു​ടെ​യും നിലപാട്‌.

തീർപ്പ്‌ ആ ഉത്തരവ്‌ ഭരണഘ​ട​നാ​വി​രു​ദ്ധ​മാ​ണെന്നു പറഞ്ഞ്‌ സുപ്രീം​കോ​ടതി അതു റദ്ദാക്കി. സ്വന്തം മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ ജീവി​ക്കാ​നും അഭി​പ്രാ​യങ്ങൾ പ്രകടി​പ്പി​ക്കാ​നും ഉള്ള സ്വാത​ന്ത്ര്യ​ത്തെ അത്‌ ഉയർത്തി​പ്പി​ടി​ച്ചു. “തങ്ങൾക്കു പ്രസം​ഗി​ക്കാ​നുള്ള അധികാ​രം തന്നതു തിരു​വെ​ഴു​ത്തു​ക​ളാ​ണെന്നു” സാക്ഷികൾ വിശദീ​ക​രി​ച്ച​തും കോടതി എടുത്തു​പ​റഞ്ഞു.

നേട്ടം ഇതോടെ, സമാന​മായ ഉത്തരവു​കൾ ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷയ്‌ക്കു തടയി​ടാ​നുള്ള നീക്കങ്ങ​ളിൽനിന്ന്‌ നൂറു​ക​ണ​ക്കി​നു മുനി​സി​പ്പാ​ലി​റ്റി​കൾ പിന്മാറി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക