അധ്യായം 14
ദൈവത്തിന്റെ ഗവൺമെന്റിനോടു മാത്രം കൂറുള്ളവർ
1, 2. (എ) യേശുവിന്റെ അനുഗാമികളെ ഇന്നുവരെ വഴികാട്ടിയിട്ടുള്ള ഒരു തത്ത്വം ഏതാണ്? (ബി) ശത്രുക്കൾ നമ്മളെ ജയിക്കാൻ ശ്രമിച്ചിരിക്കുന്നത് എങ്ങനെയാണ്, എന്നാൽ എന്തു സംഭവിച്ചു?
പീലാത്തൊസ് എന്ന ആ റോമൻന്യായാധിപന്റെ സന്നിധിയിൽ നിൽക്കുകയാണു യേശു. ജൂതജനതയ്ക്കു വിധി കല്പിക്കുന്ന ഏറ്റവും പ്രബലനായ ആ ജഡ്ജിയുടെ മുന്നിൽവെച്ച് യേശു പറഞ്ഞ ഒരു തത്ത്വം യേശുവിന്റെ യഥാർഥ അനുഗാമികളെ ഇന്നുവരെ വഴികാട്ടിയിട്ടുണ്ട്. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു യേശു പറഞ്ഞു. എന്നിട്ട് ഇങ്ങനെയും പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ. എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” (യോഹ. 18:36) പീലാത്തൊസ് യേശുവിനു വധശിക്ഷ നൽകി. പക്ഷേ ആ വിജയം അധികം നീണ്ടുനിന്നില്ല. യേശു ഉയിർപ്പിക്കപ്പെട്ടു. ശക്തമായ റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാർ ക്രിസ്തുവിന്റെ അനുഗാമികളെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വിഫലമായി. ക്രിസ്ത്യാനികൾ അന്നത്തെ ലോകം മുഴുവൻ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിച്ചു. —കൊലോ. 1:23.
2 1914-ൽ ദൈവരാജ്യം സ്ഥാപിതമായശേഷം, ചരിത്രത്തിലെ വൻസൈനികശക്തികളിൽ ചിലതു ദൈവജനത്തെ തുടച്ചുനീക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആരും നമ്മളെ ജയിച്ചിട്ടില്ല. അനേകം ഗവൺമെന്റുകളും രാഷ്ട്രീയവിഭാഗങ്ങളും അവരുടെ പോരാട്ടങ്ങളിൽ പക്ഷം പിടിക്കാൻ നമ്മളെ നിർബന്ധിച്ചിട്ടുമുണ്ട്. എന്നാൽ നമ്മളെ ഭിന്നിപ്പിക്കുന്നതിൽ അവരാരും വിജയിച്ചിട്ടില്ല. ഇന്നു ദൈവരാജ്യത്തിന്റെ പ്രജകൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുംതന്നെയുണ്ട്. എങ്കിലും ലോകവ്യാപകമായി ഒരു യഥാർഥ സഹോദരസമൂഹമെന്ന നിലയിൽ നമ്മൾ ഐക്യമുള്ളവരാണ്. ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ നമ്മൾ തികച്ചും നിഷ്പക്ഷരായി നിലകൊള്ളുന്നു. ദൈവരാജ്യം ഭരിക്കുന്നു എന്നതിന്റെയും രാജാവായ യേശുക്രിസ്തു തന്റെ പ്രജകളെ നയിക്കുകയും ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതിന്റെയും ശക്തമായ തെളിവാണു നമ്മുടെ ഐക്യം. യേശു അത് എങ്ങനെയാണു ചെയ്തിരിക്കുന്നതെന്നു നമുക്കു നോക്കാം. ‘ലോകത്തിന്റെ ഭാഗമല്ലാതെ’ തുടരുന്ന നമുക്കു യേശു തന്ന ചില നിയമവിജയങ്ങളും പരിശോധിക്കാം. അവ നമ്മുടെ വിശ്വാസം ബലപ്പെടുത്തും.—യോഹ. 17:14.
ഒരു പ്രശ്നം ചൂടുപിടിക്കുന്നു
3, 4. (എ) ദൈവരാജ്യം ജനിച്ച സമയത്ത് എന്തെല്ലാം സംഭവങ്ങൾ അരങ്ങേറി? (ബി) നിഷ്പക്ഷത എന്ന വിഷയത്തെക്കുറിച്ച് ദൈവജനത്തിന് എല്ലാ കാലത്തും ശരിയായ അറിവുണ്ടായിരുന്നോ? വിശദീകരിക്കുക.
3 ദൈവരാജ്യത്തിന്റെ പിറവിയെത്തുടർന്നു സ്വർഗത്തിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ സാത്താനെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. (വെളിപാട് 12:7-10, 12 വായിക്കുക.) ഭൂമിയിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതു ദൈവജനത്തിന്റെ നിശ്ചയദാർഢ്യം നല്ലവണ്ണം പരിശോധിച്ചു. കാരണം, യേശുവിന്റെ മാതൃക അനുകരിക്കാനും ലോകത്തിന്റെ ഭാഗമാകാതിരിക്കാനും ഉറച്ച തീരുമാനമെടുത്തവരായിരുന്നു അവർ. പക്ഷേ എല്ലാ രാഷ്ട്രീയകാര്യങ്ങളിൽനിന്നും വിട്ടുനിൽക്കണമെങ്കിൽ തങ്ങൾ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേണ്ടിവരുമെന്ന് ആദ്യമൊന്നും അവർക്ക് അത്ര അറിയില്ലായിരുന്നു.
4 ഉദാഹരണത്തിന്, 1904-ൽ പ്രസിദ്ധീകരിച്ച സഹസ്രാബ്ദോദയം പരമ്പരയിലെ ആറാം വാല്യം,a യുദ്ധത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. എന്നാൽ ഒരു ക്രിസ്ത്യാനിയെ നിർബന്ധമായി സൈന്യത്തിൽ ചേർത്താൽ അദ്ദേഹം ആയുധം എടുത്ത് പോരാടേണ്ടതില്ലാത്ത ഏതെങ്കിലും ഒരു വിഭാഗത്തിൽ ജോലി നേടിയെടുക്കാൻ ശ്രമിക്കണമായിരുന്നു. അതു നടക്കാതെവരുകയും അദ്ദേഹത്തെ യുദ്ധമുന്നണിയിലേക്ക് അയയ്ക്കുകയും ചെയ്താലോ? എങ്കിൽ ആരെയും കൊല്ലുന്നില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. അക്കാലത്തെ സാഹചര്യങ്ങളെക്കുറിച്ച് ബ്രിട്ടനിൽ താമസിച്ചിരുന്ന, 1905-ൽ സ്നാനമേറ്റ ഹെർബർട്ട് സീന്യെർ സഹോദരൻ ഇങ്ങനെ ഓർക്കുന്നു: “അന്നൊക്കെ സഹോദരങ്ങൾക്കു വലിയ ആശയക്കുഴപ്പമായിരുന്നു. ആയുധം എടുത്ത് പോരാടേണ്ടതില്ലാത്ത ഒരു ജോലിക്കായിട്ടാണെങ്കിൽ സൈന്യത്തിൽ ചേരുന്നതിൽ കുഴപ്പമുണ്ടോ എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു നിർദേശവും കിട്ടിയിരുന്നില്ല.”
5. 1915 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം നമ്മുടെ ഗ്രാഹ്യത്തിനു മാറ്റം വരുത്താൻ തുടങ്ങിയത് എങ്ങനെയാണ്?
5 എന്നാൽ ഈ വിഷയത്തിലെ നമ്മുടെ ഗ്രാഹ്യത്തിന് 1915 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. വേദാദ്ധ്യയനങ്ങൾ എന്ന പ്രസിദ്ധീകരണം മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് ആ മാസിക ഇങ്ങനെ പറഞ്ഞു: “അങ്ങനെ ചെയ്താൽ അതൊരു വിട്ടുവീഴ്ചയായിപ്പോകില്ലേ?” പക്ഷേ ഒരു ക്രിസ്ത്യാനി സൈനികവേഷം അണിയാനും സൈനികസേവനം ചെയ്യാനും വിസമ്മതിച്ചാൽ അദ്ദേഹത്തെ വെടിവെച്ച് കൊല്ലും എന്നു വന്നാലോ? അതെക്കുറിച്ച് ആ ലേഖനം ഇങ്ങനെ വിശദീകരിച്ചു: “സമാധാനപ്രഭുവിനോടു കൂറു പുലർത്തുകയും അദ്ദേഹത്തിന്റെ കല്പന ലംഘിക്കാൻ വിസമ്മതിക്കുകയും ചെയ്താൽ ഒരുപക്ഷേ നമ്മൾ കൊല്ലപ്പെട്ടേക്കാം. എന്നാൽ ഭൂമിയിലെ രാജാക്കന്മാർക്കു പിന്നിൽ അണിനിരന്ന്, അവരെ പിന്തുണയ്ക്കുന്നെന്ന ധാരണ നൽകിക്കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് അതല്ലേ? നമ്മൾ ഭൂമിയിലെ രാജാക്കന്മാരുടെ പക്ഷത്ത് നിരചേർന്നാൽ അതു നമ്മുടെ സ്വർഗീയരാജാവിന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയാകില്ലേ? കുറഞ്ഞപക്ഷം മറ്റുള്ളവർക്ക് അങ്ങനെയല്ലേ തോന്നൂ? ഇതിൽ ഏതു പക്ഷത്ത് നിന്നാലും മരിക്കേണ്ടിവരുമെങ്കിൽ നമ്മൾ സ്വർഗീയരാജാവിനോടു വിശ്വസ്തരായി മരിക്കുന്നതു തിരഞ്ഞെടുക്കും. അതാണു നമുക്ക് ഏറെ ഇഷ്ടം.” അത് അത്രയും ശക്തമായ ഒരു പ്രസ്താവനയായിരുന്നിട്ടും ആ ലേഖനം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: “ഞങ്ങൾ ഇക്കാര്യം അടിച്ചേൽപ്പിക്കുകയാണെന്നു കരുതരുത്. ഇത് ഒരു നിർദേശം മാത്രമാണ്.”
6. ഹെർബർട്ട് സീന്യെർ സഹോദരനിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
6 ചില സഹോദരങ്ങൾക്കു കാര്യം വളരെ വ്യക്തമായി. ഭവിഷ്യത്തുകൾ എന്തായാലും നേരിടാൻ അവർ ഒരുക്കമായിരുന്നു. മുമ്പ് പറഞ്ഞ ഹെർബർട്ട് സീന്യെർ സഹോദരൻ അതെക്കുറിച്ച് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: “ഒരു കപ്പലിൽനിന്ന് പീരങ്കിയുണ്ടകൾ ഇറക്കാൻ സഹായിക്കുന്നതും (അതായത്, ആയുധം എടുത്തുള്ള പോരാട്ടം ഉൾപ്പെടാത്ത സൈനികസേവനം ചെയ്യുന്നത്.) അവ പീരങ്കിയിൽ ഇട്ട് നിറയൊഴിക്കുന്നതും തമ്മിൽ, കാര്യമായ എന്തെങ്കിലും വ്യത്യാസമുള്ളതായി എനിക്കു തോന്നുന്നില്ല.” (ലൂക്കോ. 16:10) മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനം ചെയ്യാൻ വിസമ്മതിച്ചതിനു സീന്യെർ സഹോദരനെ ജയിലിലിട്ടു. സീന്യെർ സഹോദരനെയും നാലു സഹോദരന്മാരെയും മറ്റു മതപശ്ചാത്തലങ്ങളിൽനിന്നുള്ള ചിലരെയും അതേ കാരണത്തിന്റെ പേരിൽ തടവിലാക്കിയിട്ടുണ്ടായിരുന്നു. കുറച്ച് കാലം ബ്രിട്ടനിലെ റിച്ച്മണ്ട് ജയിലിൽ കഴിഞ്ഞ ആ 16 പേർ പിന്നീട് ‘റിച്ച്മണ്ട് 16’ എന്ന പേരിൽ അറിയപ്പെട്ടു. ഒരിക്കൽ ഹെർബർട്ടിനെയും അതേ കാരണത്താൽ തടവിലിട്ടിരുന്നവരെയും ഇരുചെവിയറിയാതെ ഫ്രാൻസിലെ യുദ്ധമുന്നണിയിലേക്കു കപ്പലിൽ അയച്ചു. അവിടെ എത്തിയ അവരെ വെടിവെച്ചുകൊല്ലാൻ വിധിച്ചു. വധശിക്ഷ നടപ്പാക്കാൻ തയ്യാറായി നിന്ന സൈനികരുടെ മുന്നിൽ ഹെർബർട്ടിനെയും മറ്റു പലരെയും നിരത്തിനിറുത്തി. പക്ഷേ അവരെ കൊന്നില്ല. പകരം, അവരുടെ ശിക്ഷ പത്തു വർഷത്തെ ജയിൽവാസമായി കുറച്ചു.
“യുദ്ധഭീഷണികൾക്കിടയിലും ദൈവജനം എല്ലാവരുമായും സമാധാനത്തിലായിരിക്കണമെന്നു ഞാൻ മനസ്സിലാക്കി.”—സൈമൺ ക്രേക്കർ (ഏഴാം ഖണ്ഡിക കാണുക)
7. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയമായപ്പോഴേക്കും യഹോവയുടെ ജനത്തിന് എന്തു മനസ്സിലായിരുന്നു?
7 നിഷ്പക്ഷരായിരിക്കുക എന്നതിന്റെ അർഥം എന്താണെന്നും യേശുവിന്റെ മാതൃക പിന്തുടരാൻ എന്താണ് ആവശ്യമായിരിക്കുന്നതെന്നും രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയമായപ്പോഴേക്കും യഹോവയുടെ ജനത്തിനു കൂടുതൽ വ്യക്തമായി മനസ്സിലായിരുന്നു. (മത്താ. 26:51-53; യോഹ. 17:14-16; 1 പത്രോ. 2:21) ഉദാഹരണത്തിന്, 1939 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ, “നിഷ്പക്ഷത” എന്ന തലക്കെട്ടുള്ള അതിപ്രധാനമായ ഒരു ലേഖനമുണ്ടായിരുന്നു. അത് ഇങ്ങനെ പറഞ്ഞു: “പോരടിക്കുന്ന രാജ്യങ്ങൾക്കിടയിൽ നമ്മൾ കർശനമായ നിഷ്പക്ഷത പാലിക്കണം. ഈ നിയമമാണ് യഹോവയുടെ ഉടമ്പടിജനത്തെ ഇപ്പോൾ നയിക്കേണ്ടത്.” പിൽക്കാലത്ത് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്ത് സേവിച്ച സൈമൺ ക്രേക്കർ സഹോദരൻ ആ ലേഖനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യുദ്ധഭീഷണികൾക്കിടയിലും ദൈവജനം എല്ലാവരുമായും സമാധാനത്തിലായിരിക്കണമെന്നു ഞാൻ മനസ്സിലാക്കി.” അതു തക്കസമയത്ത് കിട്ടിയ ആത്മീയഭക്ഷണമായിരുന്നു. കാരണം, ദൈവരാജ്യത്തോടുള്ള കൂറിനു ഭീഷണിയുയർത്തുന്ന ഒരു ആക്രമണം ദൈവജനത്തിനു നേരെ വരാനിരിക്കുകയായിരുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ അത്തരം ആക്രമണത്തെ നേരിടാൻ ആ ആത്മീയഭക്ഷണം അവരെ ഒരുക്കി.
എതിർപ്പിന്റെ “നദി” ഭീഷണിയാകുന്നു
8, 9. യോഹന്നാൻ അപ്പോസ്തലന്റെ പ്രവചനം നിറവേറിയത് എങ്ങനെ?
8 1914-ലെ ദൈവരാജ്യത്തിന്റെ ജനനത്തിനു ശേഷം, പിശാചായ സാത്താൻ എന്ന ഭീകരസർപ്പം വായിൽനിന്ന് ഒരു ആലങ്കാരികനദി പുറപ്പെടുവിച്ച്, ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവരെ തുടച്ചുനീക്കാൻ ശ്രമിക്കുമെന്നു യോഹന്നാൻ അപ്പോസ്തലൻ പ്രവചിച്ചിരുന്നു.b (വെളിപാട് 12:9, 15 വായിക്കുക.) ആ പ്രവചനം എങ്ങനെയാണു നിറവേറിയത്? 1920-കൾ മുതൽ ദൈവജനത്തിനു നേരെ എതിർപ്പിന്റെ ഒരു വേലിയേറ്റംതന്നെ ഉണ്ടായെന്നു പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് വടക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന മറ്റ് അനേകം സഹോദരന്മാരെപ്പോലെ ദൈവരാജ്യത്തോടു കൂറു പുലർത്തിയതിനു ക്രേക്കർ സഹോദരനെയും ജയിലിലടച്ചു. വാസ്തവത്തിൽ, ആ യുദ്ധകാലത്ത് മതപരമായ കാരണങ്ങളാൽ യുദ്ധത്തിൽ പങ്കെടുക്കാതിരുന്നതിന് ഐക്യനാടുകളിലെ ജയിലുകളിൽ അടച്ചിരുന്നവരിൽ മൂന്നിൽ രണ്ടു ഭാഗത്തിലധികം യഹോവയുടെ സാക്ഷികളായിരുന്നു.
9 ലോകമെമ്പാടുമുള്ള ദൈവരാജ്യത്തിന്റെ പ്രജകളുടെ വിശ്വസ്തത തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയായിരുന്നു പിശാചും അവന്റെ കൂട്ടാളികളും. ആഫ്രിക്ക, യൂറോപ്പ്, ഐക്യനാടുകൾ എന്നിവിടങ്ങളിലെങ്ങും ദൈവജനത്തെ കോടതികയറ്റി, പരോൾ സമിതികളുടെ മുമ്പാകെയും അവരെ ഹാജരാക്കി. നിഷ്പക്ഷരായിരിക്കാനുള്ള അവരുടെ അചഞ്ചലമായ തീരുമാനം കാരണം അവരെ ജയിലിൽ അടയ്ക്കുകയും മർദിക്കുകയും അവർക്ക് അംഗഭംഗം വരുത്തുകയും ചെയ്തു. ജർമനിയിൽ ഹിറ്റ്ലറെ വാഴ്ത്താനും യുദ്ധത്തെ പിന്തുണയ്ക്കാനും തയ്യാറാകാതിരുന്നതുകൊണ്ട് ദൈവജനത്തിനു കടുത്ത സമ്മർദം അനുഭവിക്കേണ്ടിവന്നു. നാസി ഭരണകാലത്ത് അത്തരത്തിൽ ഏതാണ്ട് 6,000 പേരെ തടങ്കൽപ്പാളയങ്ങളിലാക്കി എന്നാണു കണക്ക്. ജർമനിയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ഉള്ള 1,600-ലേറെ സാക്ഷികളാണു കഠിനമായ ഉപദ്രവത്തിന് ഇരയായി മരിച്ചത്. ഇങ്ങനെയൊക്കെയായിട്ടും ദൈവജനത്തിനു സ്ഥായിയായ എന്തെങ്കിലും ഹാനി വരുത്താൻ പിശാചിനു കഴിഞ്ഞില്ല. —മർക്കോ. 8:34, 35.
‘ഭൂമി നദിയെ വിഴുങ്ങിക്കളയുന്നു’
10. “ഭൂമി” എന്തിനെ പ്രതീകപ്പെടുത്തുന്നു, ദൈവജനത്തിനുവേണ്ടി അത് എങ്ങനെയാണ് ഇടപെട്ടിരിക്കുന്നത്?
10 ഉപദ്രവത്തിന്റെ ‘നദിയെ’ “ഭൂമി” വിഴുങ്ങുമെന്നും അങ്ങനെ അതു ദൈവജനത്തിന്റെ സഹായത്തിന് എത്തുമെന്നും യോഹന്നാൻ അപ്പോസ്തലൻ രേഖപ്പെടുത്തിയ പ്രവചനം സൂചിപ്പിച്ചു. എന്താണു “ഭൂമി?” ഈ വ്യവസ്ഥിതിയിലെ ചില ഘടകങ്ങൾ താരതമ്യേന മറ്റുള്ളവയെക്കാൾ കൂടുതൽ ന്യായബോധത്തോടെ പെരുമാറുന്നു. ആ ഘടകങ്ങളാണു “ഭൂമി.” എന്നാൽ ‘നദിയെ’ “ഭൂമി” വിഴുങ്ങുമെന്നുള്ള പ്രവചനഭാഗം എങ്ങനെയാണു നിറവേറിയിരിക്കുന്നത്? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പതിറ്റാണ്ടുകളിൽ, മിശിഹൈകരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവർക്കുവേണ്ടി പലപ്പോഴും “ഭൂമി” ഇടപെട്ടിട്ടുണ്ട്. (വെളിപാട് 12:16 വായിക്കുക.) ഉദാഹരണത്തിന്, ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടാൽ അതു നിരസിക്കാനും സൈനികസേവനത്തിനു വിസമ്മതിക്കാനും ഉള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെ ഉന്നതാധികാരമുള്ള പല കോടതികളും സംരക്ഷിച്ചിട്ടുണ്ട്. ആദ്യമായി, സൈനികസേവനം നടത്തുന്നതുമായി ബന്ധപ്പെട്ട ചില കേസുകളിൽ തന്റെ ജനത്തിനു യഹോവ നൽകിയ ചില സുപ്രധാനവിജയങ്ങളെക്കുറിച്ച് നമുക്കു നോക്കാം.—സങ്കീ. 68:20.
11, 12. സിക്കറെല്ല സഹോദരനും ത്ലിമിനോസ് സഹോദരനും നേരിട്ട പ്രശ്നങ്ങൾ എന്തെല്ലാം, ഒടുവിൽ എന്തു സംഭവിച്ചു?
11 ഐക്യനാടുകൾ. ഒരു സാക്ഷിക്കുടുംബത്തിൽ വളർന്നുവന്ന ആറു മക്കളിൽ ഒരാളായിരുന്നു ആന്തണി സിക്കറെല്ല. 15-ാം വയസ്സിൽ അദ്ദേഹം സ്നാനമേറ്റു. സൈന്യത്തിലേക്ക് ആളെ ചേർക്കുന്ന സമിതിയുടെ നിബന്ധനയനുസരിച്ച് 21 വയസ്സായപ്പോൾ അദ്ദേഹം തന്റെ പേര് രജിസ്റ്റർ ചെയ്തു. ഒരു മതശുശ്രൂഷകൻ എന്ന വിഭാഗത്തിലാണ് അദ്ദേഹം അന്നു പേര് ചേർത്തത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞ്, 1950-ൽ മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിനു വിസമ്മതിക്കുന്ന വ്യക്തി എന്ന വിഭാഗത്തിലേക്കു തന്റെ പേര് മാറ്റിക്കിട്ടാൻ അദ്ദേഹം അപേക്ഷിച്ചു. ഗവൺമെന്റിന്റെ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് അനുകൂലമായിരുന്നെങ്കിലും നീതിന്യായവകുപ്പ് അദ്ദേഹത്തിന്റെ അപേക്ഷയ്ക്കു തടസ്സംനിന്നു. കുറെയേറെ കോടതിനടപടികൾ തുടർന്നുണ്ടായി. ഒടുവിൽ യു.എസ്. സുപ്രീംകോടതി സഹോദരന്റെ കേസ് കേട്ടു. കീഴ്ക്കോടതിവിധി അസാധുവാക്കിയ സുപ്രീംകോടതി, സിക്കറെല്ല സഹോദരന് അനുകൂലമായി വിധി പ്രസ്താവിച്ചു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിനു വിസമ്മതിക്കുന്ന ഐക്യനാടുകളിലെ മറ്റു പൗരന്മാരുടെ കാര്യത്തിലും സുപ്രീംകോടതിയുടെ ഈ വിധി ഒരു കീഴ്വഴക്കമായി.
12 ഗ്രീസ്. സൈനികവേഷം ധരിക്കാൻ വിസമ്മതിച്ച യാക്കോവോസ് ത്ലിമിനോസ് എന്ന സഹോദരനെ 1983-ൽ ആജ്ഞാലംഘനമെന്ന കുറ്റം ചുമത്തി ജയിൽശിക്ഷയ്ക്കു വിധിച്ചു. ജയിൽമോചിതനായശേഷം അദ്ദേഹം ഒരു അക്കൗണ്ടന്റിന്റെ ജോലിക്ക് അപേക്ഷിച്ചു. പക്ഷേ രേഖകളിൽ കുറ്റവാളിയെന്നു മുദ്രകുത്തിയിരുന്നതുകൊണ്ട് അദ്ദേഹത്തിനു ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം കോടതിയെ സമീപിച്ചു. ഗ്രീസിലെ കോടതികളിൽ കേസ് പരാജയപ്പെട്ടതോടെ അദ്ദേഹം യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ഇസിഎച്ച്ആർ) കേസ് കൊടുത്തു. 2000-ത്തിൽ മനുഷ്യാവകാശ കോടതിയുടെ 17 ജഡ്ജിമാർ അടങ്ങുന്ന സമിതിയായ ‘ഗ്രാൻഡ് ചേംബർ’ അദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. പിന്നീടങ്ങോട്ടും വിവേചനത്തിനു തടയിടാൻ ആ വിധി സ്ഥാപിച്ച കീഴ്വഴക്കം ഉപകരിച്ചു. ഈ വിധി വരുന്നതിനു മുമ്പ്, ഗ്രീസിൽ നിഷ്പക്ഷതയുടെ പേരിൽ തടവിലായ 3,500-ലധികം സഹോദരങ്ങളുടെ രേഖകളിൽ അവർ കുറ്റവാളികളാണെന്നു മുദ്രകുത്തിയിരുന്നു. എന്നാൽ വിധി അനുകൂലമായതോടെ ഗ്രീസിലെ ഗവൺമെന്റ് ആ സഹോദരങ്ങളുടെ പേരിലുള്ള അത്തരം ആരോപണങ്ങളെല്ലാം നീക്കാനുള്ള ഒരു നിയമം പാസ്സാക്കി. കൂടാതെ, ഗ്രീസിലെ ഭരണഘടന പരിഷ്കരിച്ചപ്പോൾ, അവിടത്തെ പൗരന്മാർക്കു സൈനികസേവനത്തിനു പകരമുള്ള ജോലികൾ ചെയ്യാൻ അവകാശം നൽകുന്ന ഒരു നിയമത്തിനു പരിരക്ഷ നൽകുകയും ചെയ്തു. വാസ്തവത്തിൽ ആ നിയമം ഏതാനും വർഷങ്ങൾക്കു മുമ്പ് പാസ്സാക്കിയിരുന്നതാണെങ്കിലും ഗ്രീസിലെ ഭരണഘടന പരിഷ്കരിച്ചത് അതിനു കൂടുതൽ കരുത്തു പകർന്നു.
“കോടതിമുറിയിലേക്കു കടക്കുന്നതിനു മുമ്പ് ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. യഹോവ തന്ന ശാന്തത ഞാൻ അപ്പോൾ അനുഭവിച്ചറിഞ്ഞു.”—ഇവൈലോ സ്റ്റിഫാനോഫ് (13-ാം ഖണ്ഡിക കാണുക)
13, 14. ഇവൈലോ സ്റ്റിഫാനോഫ്, വാഹാൻ ബായാറ്റ്യാൻ എന്നിവർ ഉൾപ്പെട്ട കേസുകളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
13 ബൾഗേറിയ. 1994-ൽ, സൈന്യത്തിൽ ചേരാനുള്ള ഉത്തരവ് കിട്ടുമ്പോൾ ഇവൈലോ സ്റ്റിഫാനോഫിനു 19 വയസ്സായിരുന്നു പ്രായം. എന്നാൽ സൈന്യത്തിൽ ചേരാനോ സൈന്യം നിർദേശിക്കുന്ന, പോരാട്ടം ഉൾപ്പെടാത്ത ജോലികൾ ചെയ്യാനോ അദ്ദേഹം വിസമ്മതിച്ചു. അതിന് അദ്ദേഹത്തിന് 18 മാസത്തെ ജയിൽശിക്ഷ വിധിച്ചു. എന്നാൽ മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിനു വിസമ്മതിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ചൂണ്ടിക്കാട്ടി അദ്ദേഹം ഈ വിധിക്കെതിരെ അപ്പീൽ കൊടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിക്കു വിട്ടു. 2001-ൽ കോടതി ആ കേസിന്റെ വാദം കേൾക്കുന്നതിനു മുമ്പുതന്നെ അധികൃതർ സ്റ്റിഫാനോഫ് സഹോദരനുമായി രമ്യമായ ഒരു ഒത്തുതീർപ്പിലെത്തി. സ്റ്റിഫാനോഫ് സഹോദരനു മാത്രമല്ല, സൈനികസേവനത്തിനു പകരമുള്ള മറ്റു ജോലികൾ ചെയ്യാൻ തയ്യാറായിരുന്ന എല്ലാ ബൾഗേറിയൻ പൗരന്മാർക്കും അന്നാട്ടിലെ ഗവൺമെന്റ് പൊതുമാപ്പു നൽകുകയും ചെയ്തു.c
14 അർമേനിയ. രാജ്യത്തെ നിയമമനുസരിച്ച് 2001-ൽ വാഹാൻ ബായാറ്റ്യാൻ സഹോദരനു നിർബന്ധിതസൈനികസേവനത്തിനു പോകേണ്ട സമയം വന്നു.d എന്നാൽ മനസ്സാക്ഷി അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു. പക്ഷേ രാജ്യത്തെ എല്ലാ കോടതികളും അദ്ദേഹത്തിന്റെ അപ്പീൽ തള്ളുകയാണുണ്ടായത്. 2002 സെപ്റ്റംബറിൽ അദ്ദേഹം രണ്ടര വർഷത്തെ ജയിൽശിക്ഷ അനുഭവിക്കാൻ തുടങ്ങി. എന്നാൽ പത്തര മാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. അക്കാലയളവിൽ അദ്ദേഹം യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കോടതി അദ്ദേഹത്തിന്റെ ഭാഗം കേട്ടു. എന്നാൽ 2009 ഒക്ടോബർ 27-ന് ആ കോടതിയും അദ്ദേഹത്തിന് എതിരായി വിധിച്ചു. ഇതേ പ്രശ്നം നേരിട്ടിരുന്ന അർമേനിയയിലെ എല്ലാ സഹോദരങ്ങൾക്കും ഈ വിധി ഒരു കനത്ത തിരിച്ചടിയായതുപോലെ കാണപ്പെട്ടു. എന്നാൽ ആ കോടതിയുടെ ‘ഗ്രാൻഡ് ചേംബർ’ ഈ വിധി പുനഃപരിശോധിച്ചു. 2011 ജൂലൈ 7-നു കോടതി ബായാറ്റ്യാൻ സഹോദരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഒരു വ്യക്തിക്കു ചിന്താസ്വാതന്ത്ര്യം, മനസ്സാക്ഷിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശമുള്ളതുകൊണ്ട് സ്വന്തം മതവിശ്വാസമനുസരിച്ച് മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിനു വിസമ്മതിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തോടു യൂറോപ്യൻ മനുഷ്യാവകാശ കോടതി യോജിച്ചു. ഇക്കാര്യം ആദ്യമായിട്ടായിരുന്നു കോടതി അംഗീകരിക്കുന്നത്. യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾ മാത്രമല്ല, യൂറോപ്യൻ കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങളുംകൂടെയാണ് ഈ വിധി സംരക്ഷിക്കുന്നത്.e
അർമേനിയയിലെ സഹോദരങ്ങൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ അനുകൂലവിധിയെത്തുടർന്ന് ജയിൽമോചിതരാകുന്നു
ദേശഭക്തിപരമായ ചടങ്ങുകൾ
15. യഹോവയുടെ ജനം ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്?
15 സൈനികസേവനം നിരസിച്ചുകൊണ്ട് മാത്രമല്ല, ദേശഭക്തിപരമായ ചടങ്ങുകളിൽനിന്ന് ആദരപൂർവം വിട്ടുനിന്നുകൊണ്ടും യഹോവയുടെ ജനം മിശിഹൈകരാജ്യത്തോടു കൂറു പുലർത്തുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഗോളവ്യാപകമായി ശക്തമായ ദേശീയത്വവികാരങ്ങൾ അലയടിക്കാൻ തുടങ്ങി. മിക്ക രാജ്യങ്ങളിലും ഒരു പ്രതിജ്ഞ ചൊല്ലിക്കൊണ്ടോ ദേശഭക്തിഗാനം ആലപിച്ചുകൊണ്ടോ ദേശീയപതാകയെ വന്ദിച്ചുകൊണ്ടോ ഒക്കെ മാതൃരാജ്യത്തോടുള്ള വിശ്വസ്തതയ്ക്ക് ഉറപ്പുകൊടുക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നമ്മൾ യഹോവയ്ക്കാണു സമ്പൂർണഭക്തി കൊടുക്കുന്നത്. (പുറ. 20:4, 5) അതുകൊണ്ടുതന്നെ നമുക്ക് ഉപദ്രവങ്ങളുടെ ഒരു പ്രളയംതന്നെ നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഈ എതിർപ്പുകളിൽ ചിലതിനെ വിഴുങ്ങിക്കളയാൻ യഹോവ വീണ്ടും ‘ഭൂമിയെ’ ഉപയോഗിച്ചിരിക്കുന്നു. ഇതിനുള്ള ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം. യഹോവ ക്രിസ്തുവിലൂടെ നമുക്കു തന്ന ശ്രദ്ധേയമായ ചില വിജയങ്ങളാണ് അവ. —സങ്കീ. 3:8.
16, 17. ലിൽയൻ ഗോബൈറ്റസും വില്യം ഗോബൈറ്റസും നേരിട്ട പ്രശ്നം എന്തായിരുന്നു, ആ കേസിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
16 ഐക്യനാടുകൾ. 1940-ൽ ഐക്യനാടുകളിലെ സുപ്രീംകോടതി, ഗോബൈറ്റിസ് കേസിൽ (മൈനെഴ്സ്വിൽ സ്കൂൾ ഡിസ്ട്രിക്റ്റ് Vs ഗോബൈറ്റിസ്) യഹോവയുടെ സാക്ഷികൾക്കെതിരെ വിധി പുറപ്പെടുവിച്ചു. ഒന്നിന് എതിരെ എട്ട് എന്ന ഭൂരിപക്ഷത്തിലാണു കോടതി ആ വിധി പ്രസ്താവിച്ചത്. 12 വയസ്സുകാരിയായ ലിൽയൻ ഗോബൈറ്റസുംf 10 വയസ്സുകാരനായ അനിയൻ വില്യമും യഹോവയോടു വിശ്വസ്തരായിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് പതാകയെ വന്ദിക്കാനോ പ്രതിജ്ഞ ചൊല്ലാനോ തയ്യാറായില്ല. അതിന്റെ പേരിൽ അവരെ സ്കൂളിൽനിന്ന് പുറത്താക്കി. കേസ് സുപ്രീംകോടതിയിലെത്തി. സ്കൂളിന്റെ നടപടികൾ “രാജ്യത്തിന്റെ ഐക്യം” ഉന്നമിപ്പിക്കുന്നതായിരുന്നെന്നും അതുകൊണ്ട് അതു ഭരണഘടനാപരമാണെന്നും ആയിരുന്നു കോടതിയുടെ കണ്ടെത്തൽ. ആ വിധി ഉപദ്രവങ്ങളുടെ ഒരു കൊടുങ്കാറ്റുതന്നെ ഇളക്കിവിട്ടു. ധാരാളം സാക്ഷിക്കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കി. മുതിർന്നവർക്കു ജോലി നഷ്ടമായി. യഹോവയുടെ സാക്ഷികളിൽ അനേകർക്കു ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം നേരിട്ടു. “20-ാം നൂറ്റാണ്ടിലെ അമേരിക്ക കണ്ട മതപരമായ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രകടനമായിരുന്നു 1941 മുതൽ 1943 വരെയുള്ള കാലത്ത് സാക്ഷികൾക്കു നേരെ രാജ്യത്ത് നടന്ന അതിക്രമങ്ങൾ” എന്നാണ് അതെക്കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ശോഭ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത്.
17 ദൈവത്തിന്റെ ശത്രുക്കൾക്കു കിട്ടിയ വിജയം അൽപ്പായുസ്സായിരുന്നു. 1943-ൽ ഗോബൈറ്റിസ് കേസിനോടു സമാനമായ മറ്റൊരു കേസ് സുപ്രീംകോടതിയുടെ മുന്നിലെത്തി. അതാണു ബാർനെറ്റ് കേസ് (വെസ്റ്റ് വെർജിനിയ സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ Vs ബാർനെറ്റ്). പക്ഷേ ഇത്തവണ സുപ്രീംകോടതി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിച്ചു. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ സുപ്രീംകോടതി അതിന്റെതന്നെ നിലപാടു മാറ്റുന്നത് ഐക്യനാടുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ആ വിധി വന്നതോടെ യഹോവയുടെ ജനത്തിനു നേരെ ഐക്യനാടുകളിൽ നടന്നിരുന്ന അക്രമത്തിനും അഴിഞ്ഞാട്ടത്തിനും വലിയൊരു ശമനം വന്നു. ഈ കേസുകൊണ്ട് മറ്റൊരു പ്രയോജനവുമുണ്ടായി. കേസിന്റെ വിധി ഐക്യനാടുകളിലെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾക്കു കൂടുതൽ ബലമേകി.
18, 19. പിടിച്ചുനിൽക്കാൻ സഹായിച്ചത് എന്താണെന്നാണു പാബ്ലോ ബാരോസ് സഹോദരൻ പറഞ്ഞത്, മറ്റു ദൈവസേവകർക്ക് ആ മാതൃക എങ്ങനെ അനുകരിക്കാം?
18 അർജന്റീന. പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് 1976-ൽ എട്ടു വയസ്സുകാരനായ പാബ്ലോ ബാരോസിനെയും ഏഴു വയസ്സുകാരനായ യൂഗോ ബാരോസിനെയും സ്കൂളിൽനിന്ന് പുറത്താക്കി. ഒരിക്കൽ സ്കൂളിൽവെച്ച് പ്രധാനാധ്യാപിക പാബ്ലോയെ പിടിച്ച് തള്ളുകയും അവന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. സ്കൂൾസമയം കഴിഞ്ഞ് ഒരു മണിക്കൂർകൂടി അവർ ആ രണ്ടു കുട്ടികളെയും സ്കൂളിൽ പിടിച്ചുനിറുത്തി. എന്നിട്ട് ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. ആ ദുരനുഭവത്തെക്കുറിച്ച് പാബ്ലോ ഓർക്കുന്നു: “യഹോവയുടെ സഹായമില്ലായിരുന്നെങ്കിൽ എന്റെ വിശ്വസ്തതയെ തകർക്കാൻപോന്ന ആ സമ്മർദത്തിനു ഞാൻ വഴങ്ങിപ്പോയേനേ.”
19 ആ കേസ് കോടതിയിലെത്തി. എന്നാൽ പാബ്ലോയെയും യൂഗോയെയും പുറത്താക്കാനുള്ള സ്കൂളിന്റെ തീരുമാനത്തെ ജഡ്ജി അനുകൂലിക്കുകയാണുണ്ടായത്. അപ്പീൽ നൽകിയതിനെത്തുടർന്ന് അർജന്റീനയിലെ സുപ്രീംകോടതി ആ കേസ് പരിഗണിച്ചു. 1979-ൽ കീഴ്ക്കോടതിവിധി അസാധുവാക്കിക്കൊണ്ട് സുപ്രീംകോടതി ഇങ്ങനെ പ്രസ്താവിച്ചു: “വിദ്യാഭ്യാസം നേടുന്നതിനുള്ള ഭരണഘടനാപരമായ അവകാശത്തിനും (14-ാം വകുപ്പ്) പ്രാഥമികവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ കടമയ്ക്കും (5-ാം വകുപ്പ്) എതിരാണ് ആ ശിക്ഷ (സ്കൂളിൽനിന്ന് പുറത്താക്കിയ നടപടി.).” ആ കോടതിവിധി ഏകദേശം 1,000-ത്തോളം സാക്ഷിക്കുട്ടികൾക്കു പ്രയോജനം ചെയ്തു. വിധിയെത്തുടർന്ന് അവരിൽ ചിലരെ പുറത്താക്കാനുള്ള നടപടികൾ പാതിവഴിക്ക് ഉപേക്ഷിച്ചു, പാബ്ലോയെയും യൂഗോയെയും പോലെയുള്ള ചില കുട്ടികളെ സ്കൂളിൽ തിരിച്ചെടുക്കുകയും ചെയ്തു.
പരിശോധനകൾ നേരിട്ടപ്പോൾ സാക്ഷികളായ പല ചെറുപ്പക്കാരും വിശ്വസ്തത തെളിയിച്ചിട്ടുണ്ട്
20, 21. റോയെലും എമിലിയും ഉൾപ്പെട്ട കേസ് നിങ്ങളുടെ വിശ്വാസം ബലപ്പെടുത്തുന്നത് എങ്ങനെയാണ്?
20 ഫിലിപ്പീൻസ്. ദേശീയപതാകയെ വണങ്ങാത്തതിന്റെ പേരിൽ 1990-ൽ ഒൻപതു വയസ്സുകാരനായ റോയെൽ എംബ്രാലിനാഗിനെയുംg അവന്റെ ചേച്ചി പത്തു വയസ്സുകാരിയായ എമിലിയെയും യഹോവയുടെ സാക്ഷികളായ ഏതാണ്ട് 66 കുട്ടികളെയും സ്കൂളിൽനിന്ന് പുറത്താക്കി. റോയെലിന്റെയും എമിലിയുടെയും പിതാവായ ലെയോനാർഡോ സ്കൂൾ അധികാരികളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്യങ്ങൾ കൂടുതൽ വഷളായതോടെ ലെയോനാർഡോ സുപ്രീംകോടതിയിൽ ഹർജി നൽകി. എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ പണമില്ലായിരുന്നു, കേസിൽ തന്റെ ഭാഗം വാദിക്കാൻ അഭിഭാഷകനുമില്ലായിരുന്നു. മാർഗനിർദേശത്തിനായി ആ കുടുംബം യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. കുട്ടികളുടെ കാര്യമോ? ഈ സമയമത്രയും അവർ മറ്റുള്ളവരിൽനിന്നുള്ള കളിയാക്കലുകളും നിന്ദയും സഹിച്ചു. നിയമപരിശീലനം കിട്ടിയിട്ടില്ലാത്തതുകൊണ്ട് ഈ കേസ് ജയിക്കാമെന്നു ലെയോനാർഡോയ്ക്കു യാതൊരു പ്രതീക്ഷയുമില്ലായിരുന്നു.
21 എന്നാൽ ഇതിനിടെ ഒരു സംഭവമുണ്ടായി. ആ കുടുംബത്തിനുവേണ്ടി കേസ് വാദിക്കാൻ ഫെലീനോ ഗാനാൽ എന്നൊരു അഭിഭാഷകൻ തയ്യാറായി. ആ രാജ്യത്തെ പേരുകേട്ട നിയമസ്ഥാപനങ്ങളിലൊന്നിൽ ജോലി ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. എന്നാൽ ഈ കേസിന്റെ സമയമായപ്പോഴേക്കും ഗാനാൽ സഹോദരൻ ആ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നിരുന്നു. കേസിന്റെ വാദം കേട്ട സുപ്രീംകോടതി ഏകകണ്ഠമായി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിക്കുകയും കുട്ടികളെ പുറത്താക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. അങ്ങനെ, ദൈവജനത്തിന്റെ വിശ്വസ്തത തകർക്കാൻ ശ്രമിച്ചവർ വീണ്ടും പരാജയം രുചിച്ചു.
നിഷ്പക്ഷത ഐക്യത്തിലേക്കു നയിക്കുന്നു
22, 23. (എ) എന്തുകൊണ്ടാണു നമുക്കു ചരിത്രപ്രധാനമായ ഇത്രയേറെ നിയമവിജയങ്ങൾ കിട്ടിയത്? (ബി) സമാധാനം കളിയാടുന്ന നമ്മുടെ ആഗോളസഹോദരകുടുംബം എന്തിനു തെളിവേകുന്നു?
22 എന്തുകൊണ്ടാണ് യഹോവയുടെ ജനത്തിനു ചരിത്രപ്രധാനമായ ഇത്രയേറെ നിയമവിജയങ്ങൾ കിട്ടിയത്? രാഷ്ട്രീയസ്വാധീനങ്ങളില്ലാഞ്ഞിട്ടും ഒന്നിനു പുറകേ ഒന്നായി പലപല രാജ്യങ്ങളിൽ നമുക്കു നിയമവിജയം ലഭിച്ചിരിക്കുന്നു. ശക്തരായ എതിരാളികളുടെ കടന്നാക്രമണങ്ങളിൽനിന്ന് നമ്മളെ സംരക്ഷിച്ചുകൊണ്ട് നീതിബോധമുള്ള ന്യായാധിപന്മാർ നമ്മുടെ തുണയ്ക്കെത്തി. ഇത്തരം കേസുകൾ പലപ്പോഴും ഭരണഘടനാപരമായ നിയമങ്ങളെ ബാധിക്കുന്ന കീഴ്വഴക്കങ്ങൾപോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരം വിജയങ്ങൾക്കായുള്ള നമ്മുടെ പരിശ്രമങ്ങൾക്കു ക്രിസ്തുവിന്റെ പിന്തുണയുണ്ടായിരുന്നു എന്നതിനു സംശയമില്ല. (വെളിപാട് 6:2 വായിക്കുക.) എന്തിനാണു നമ്മൾ ഇങ്ങനെയുള്ള നിയമപോരാട്ടങ്ങൾ നടത്തുന്നത്? നിയമവ്യവസ്ഥയുടെ പരിഷ്കാരമല്ല നമ്മുടെ ഉദ്ദേശ്യം. തടസ്സങ്ങളില്ലാതെ നമ്മുടെ രാജാവായ യേശുക്രിസ്തുവിനെ തുടർന്നും സേവിക്കുക, അത് ഉറപ്പാക്കുകയാണു നമ്മുടെ ലക്ഷ്യം.—പ്രവൃ. 4:29.
23 രാഷ്ട്രീയസ്പർധ വിള്ളൽ വീഴ്ത്തിയിരിക്കുന്ന ഒരു ലോകമാണ് ഇത്. കെടാത്ത പക ഈ ലോകത്തെ വികൃതമാക്കിയിരിക്കുന്നു. പക്ഷേ ഈയൊരു സാഹചര്യത്തിലും നിഷ്പക്ഷരായിരിക്കാൻ ലോകമെങ്ങുമുള്ള തന്റെ അനുഗാമികൾ നടത്തുന്ന ശ്രമങ്ങളെ, ഇപ്പോൾ വാണുകൊണ്ടിരിക്കുന്ന രാജാവായ യേശുക്രിസ്തു അനുഗ്രഹിച്ചിരിക്കുന്നു. നമ്മുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി നമ്മളെ കീഴടക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ വിഫലമായിരിക്കുന്നു. ദൈവരാജ്യം കൂട്ടിച്ചേർത്തിരിക്കുന്ന ദശലക്ഷങ്ങൾ ‘യുദ്ധം ചെയ്യാൻ പരിശീലിക്കാത്തവരാണ്.’ സമാധാനം കളിയാടുന്ന നമ്മുടെ ആഗോളസഹോദരകുടുംബം ഒരു അത്ഭുതംതന്നെ! അതെ, ദൈവരാജ്യം ഭരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവാണ് അത്.—യശ. 2:4.
a ഈ വാല്യം പുതിയ സൃഷ്ടി എന്ന പേരിലും അറിയപ്പെടുന്നു. പിൽക്കാലത്ത് സഹസ്രാബ്ദോദയത്തിന്റെ വാല്യങ്ങൾ വേദാദ്ധ്യയനങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു.
b ഈ പ്രവചനത്തെക്കുറിച്ചുള്ള വിശദീകരണത്തിനായി വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പ്രസിദ്ധീകരണത്തിന്റെ 27-ാം അധ്യായം, 184-186 പേജുകൾ കാണുക.
c വ്യവസ്ഥപ്രകാരം, മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനം ചെയ്യാൻ വിസമ്മതിക്കുന്ന എല്ലാവർക്കും സൈന്യത്തിന്റെ നിയന്ത്രണത്തിലല്ലാത്ത വകുപ്പുകളിൽ, സൈനികസേവനത്തിനു പകരമുള്ള ജോലികൾ നൽകാനും ബൾഗേറിയൻ ഗവൺമെന്റ് ബാധ്യസ്ഥമായിരുന്നു.
d കൂടുതൽ വിശദാംശങ്ങൾക്ക് 2012 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 29-31 പേജുകൾ കാണുക.
e 20 വർഷത്തിനിടെ അർമേനിയൻ ഗവൺമെന്റ് യഹോവയുടെ സാക്ഷികളായ 450 യുവാക്കളെ ജയിലിലടച്ചിരുന്നു. 2013 നവംബറിൽ അതിൽ അവസാനത്തെയാളും ജയിൽമോചിതനായി.
f അക്ഷരപ്പിശകു കടന്നുകൂടിയതുകൊണ്ട് കോടതിരേഖകളിൽ ഗോബൈറ്റസ് എന്ന കുടുംബപ്പേരിനു പകരം ഗോബൈറ്റിസ് എന്നാണു വന്നത്.
g എന്നാൽ അക്ഷരപ്പിശകു കടന്നുകൂടിയതുകൊണ്ട് ഈ പേര് എബ്രാലിനാഗ് എന്നാണു കോടതിരേഖകളിൽ വന്നത്.