നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
മീറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നു
2020 ജൂൺ 26
ലോകമെങ്ങുമുള്ള ഗവൺമെന്റുകൾ നിർദേശിച്ചിരിക്കുന്നത് സാമൂഹിക അകലം പാലിക്കാനും പൊതുകൂടിവരുകൾ റദ്ദാക്കാനും ആണ്. ഈ നിർദേശങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ സുരക്ഷിതമായി ആരാധനയ്ക്കായി ഒരുമിച്ച് കൂടാൻ യഹോവയുടെ സാക്ഷികൾ തീരുമാനിച്ചു. അതിനുവേണ്ടി സൂം പോലുള്ള വീഡിയോ കോൺഫറൻസിങ് ആപ്പുകളിലൂടെ മീറ്റിങ്ങുകൾ നടത്തുന്നു.
തടസ്സമില്ലാതെ, സുരക്ഷിതമായി യോഗങ്ങൾ നടത്തുന്നതിനായി, സംഭാവനകൾ ഉപയോഗിച്ച് സഭകൾക്കുവേണ്ടി ഒരു സൂം അക്കൗണ്ട് വാങ്ങാൻ ഭരണസംഘം തീരുമാനിച്ചു. സൂം അക്കൗണ്ട് വാങ്ങാനുള്ള ചെലവ് താങ്ങാൻ ബുദ്ധിമുട്ടുള്ള സഭകൾക്ക് ഇതു വലിയൊരു സഹായമായിരുന്നു. ഒരു സൂം അക്കൗണ്ടിനായി 1,100 മുതൽ 1,500 വരെയോ അതിലധികമോ പണം നൽകണമായിരുന്നു. അതുവരെ പല സഭകളും സൗജന്യ ആപ്ലിക്കേഷനുകളാണ് അതിനായി ഉപയോഗിച്ചിരുന്നത്. അത്തരം ആപ്ലിക്കേഷനുകൾക്ക് വേണ്ടത്ര സുരക്ഷ ഇല്ലായിരുന്നു, കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും കഴിയില്ലായിരുന്നു. എന്നാൽ സംഘടനയുടെ സൂം അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സഭകൾക്കും ഇപ്പോൾ സുരക്ഷിതമായി, ഒരുപാട് ആളുകളെ ഉൾപ്പെടുത്തികൊണ്ട് യോഗങ്ങൾ നടത്താനാകുന്നു. ഇതുവരെയും 170-ലധികം രാജ്യങ്ങളിലായി 65,000-ത്തിലധികം സഭകളാണ് ഇതിൽനിന്നും പ്രയോജനം നേടുന്നത്.
ഇന്തൊനേഷ്യയിൽ നോർത്ത് സുലവേസിയിലെ മാനഡോയിലുള്ള കൈരാഗി സഭ സൗജന്യ വീഡിയോ കോൺഫറൻസിങ് ആപ്പിനു പകരം സംഘടനയുടെ സൂം അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങി. ഹാഡി സാന്റോസോ സഹോദരൻ പറയുന്നു, “ഒരു മീറ്റിങ്ങിനു വേണ്ടിത്തന്നെ പല തവണ ലോഗിൻ ചെയ്യേണ്ടതില്ലാത്തതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ അധികം അറിയില്ലാത്ത സഹോദരങ്ങൾക്കുപോലും ഇപ്പോൾ മീറ്റിങ്ങ് നന്നായി ആസ്വദിക്കാനാകുന്നു.”
ഇക്വഡോറിൽ ഗ്വൈയാകീലിലെ ഗ്വൈയാകെയ്ൻസ് ഒസ്റ്റെ സഭയിലെ ഒരു മൂപ്പനായ ലെസ്റ്റർ ജിജോൺ ജൂനിയർ പറയുന്നു, “പല സഹോദരങ്ങളും പാവപ്പെട്ടവരായതുകൊണ്ട് സഭയിലെ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു സൂമിന്റെ ലൈസൻസ് വാങ്ങാൻ ചില സഭകൾക്ക് എളുപ്പമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് പേരെ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു അക്കൗണ്ട് തന്നതിനു സംഘടനയ്ക്കു വളരെ നന്ദി. അതുകൊണ്ട് ഞങ്ങൾക്ക് യാതൊരു പേടിയുമില്ലാതെ, സന്തോഷത്തോടെ ആളുകളെ മീറ്റിങ്ങിനു ക്ഷണിക്കാനാകുന്നു. അതും ഒരുപാട് പേരെ.”
സാംമ്പിയയിൽ ലുസാകായിലുള്ള നഗ്വെരേരെ നോർത്ത് സഭയിലെ മൂപ്പനായ ജോൺസൺ മവൻസ പറയുന്നു: “പല സഹോദരീസഹോദരന്മാരും കൂടെക്കൂടെ പറഞ്ഞത് ഇതായിരുന്നു, സംഘടനയുടെ ഈ ക്രമീകരണം സഹോദരങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നു മാത്രമല്ല അതിലൂടെ യഹോവയുടെ സ്നേഹവും കരുതലും അനുഭവിച്ചറിയാനും ഞങ്ങൾക്കായി.”
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽനിന്നാണ് ഈ അക്കൗണ്ട് വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തിയത്. ലോകവ്യാപക വേലയ്ക്കുവേണ്ടിയുള്ള ഈ സ്വമേധയാ സംഭാവനകൾ കൂടുതലും ലഭിക്കുന്നത് donate.jw.org-ലൂടെയാണ്. ലോകമെങ്ങുമായി നടക്കുന്ന ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി നിങ്ങൾ നൽകുന്ന ഉദാരമായ സംഭാവനകൾക്കു വളരെ നന്ദി.—2 കൊരിന്ത്യർ 8:14.