ബൈബിളിന്റെ വീക്ഷണം
സ്വവർഗരതിയെ ന്യായീകരിക്കാനാകുമോ?
സ്വവർഗരതി പല ദേശങ്ങളിലും സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു. സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം “വർത്തമാനകാല ജ്ഞാനത്തിന്റെ” വെളിച്ചത്തിൽ പുനർവ്യാഖ്യാനം ചെയ്യണമെന്ന് മുറവിളികൂട്ടുകയാണ് ഐക്യനാടുകളിലെ ഒരു പള്ളിയിലുള്ള ഒരു വിഭാഗം ആളുകൾ. അടുത്തയിടെ സ്വവർഗവിവാഹം കഴിച്ച ബ്രസീലിലെ ഒരു പാസ്റ്റർ തന്റെ സഭയുടെ ഇപ്പോഴത്തെ വീക്ഷണത്തെ ന്യായീകരിക്കുന്നതിനുവേണ്ടി, “ബൈബിൾ പുതിയരീതിയിൽ അപഗ്രഥിച്ചു നോക്കാൻ” പറയുകയുണ്ടായി.
അതേസമയം, സ്വവർഗരതിയെ അംഗീകരിക്കാത്തവരെ, മുൻവിധി വെച്ചുപുലർത്തുന്നവരെന്നും സ്വവർഗരതിക്കാരെ വെറുക്കുന്നവരെന്നും പലപ്പോഴും മുദ്രകുത്തുന്നു. എന്നാൽ സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്?
ബൈബിൾ പറയുന്നത്
ആളുകളെ മുൻവിധിയോടെ കാണാൻ ബൈബിൾ ഒരിക്കലും ആവശ്യപ്പെടുന്നില്ല. എന്നാൽ സ്വവർഗരതി സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം വളച്ചുകെട്ടില്ലാത്തതാണ്:
“സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത.”—ലേവ്യപുസ്തകം 18:22.
ഇസ്രായേല്യർക്കു കൊടുത്തിരുന്ന മോശൈക ന്യായപ്രമാണത്തിലെ അനവധി സദാചാര നിയമങ്ങളിൽ ഒന്നു മാത്രമായിരുന്നു ഈ വിലക്ക്. എന്നിരുന്നാലും “അതു മ്ലേച്ഛത”യാണ് എന്നു പറഞ്ഞപ്പോൾ സ്വവർഗരതിയെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വ്യക്തമാകുന്നു—അതിൽ ഏർപ്പെടുന്നത് യഹൂദന്മാരാണെങ്കിലും മറ്റുള്ളവരാണെങ്കിലും. ഇസ്രായേല്യർക്കു ചുറ്റുമുണ്ടായിരുന്ന ജനതകൾ സ്വവർഗരതിയിലും നിഷിദ്ധബന്ധുവേഴ്ചയിലും വ്യഭിചാരത്തിലും ന്യായപ്രമാണം വിലക്കിയിരുന്ന മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. അതിനാൽ ദൈവം അവരെ അശുദ്ധരായി കണക്കാക്കി. (ലേവ്യപുസ്തകം 18:24, 25) ക്രിസ്ത്യാനികളുടെ കാലമായപ്പോഴേക്കും ബൈബിളിന്റെ ആ വീക്ഷണത്തിന് എന്തെങ്കിലും മാറ്റം വന്നോ? താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്ത് നോക്കുക:
“ദൈവം അവരെ നിന്ദ്യമായ ഭോഗതൃഷ്ണകളിലേക്കു വിട്ടുകളഞ്ഞു. അവരുടെ സ്ത്രീകൾ സ്വാഭാവികവേഴ്ച വിട്ട് പ്രകൃതിവിരുദ്ധമായതിൽ ഏർപ്പെട്ടു. അതുപോലെതന്നെ പുരുഷന്മാരും, സ്ത്രീകളുമായുള്ള സ്വാഭാവികവേഴ്ച വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ വഷളത്തം പ്രവർത്തിച്ചു.”—റോമർ 1:26, 27.
സ്വവർഗരതി പ്രകൃതിവിരുദ്ധവും വഷളത്തവും ആണെന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ടാണ്? കാരണം അത് സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായ ലൈംഗിക നടപടിയാണ്. അതിലൂടെ സന്താനോത്പാദനം സാധ്യമാകുന്നില്ല. മത്സരികളായ ദൂതന്മാരും (ഈ ദൂതന്മാർ പിന്നീട് ഭൂതങ്ങളെന്ന് അറിയപ്പെട്ടു) നോഹയുടെ നാളിലെ പ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന സ്ത്രീകളും തമ്മിലുണ്ടായ ലൈംഗികവേഴ്ചയോടാണ് സ്വവർഗരതിയെ ബൈബിൾ താരതമ്യം ചെയ്യുന്നത്. (ഉല്പത്തി 6:4; 19:4, 5; യൂദാ 6, 7) ഈ രണ്ടുപ്രവൃത്തികളും ദൈവദൃഷ്ടിയിൽ പ്രകൃതിവിരുദ്ധമാണ്.
ന്യായീകരിക്കാൻ കാരണങ്ങളോ?
‘ജനിതക തകരാറോ ജീവിതസാഹചര്യങ്ങളോ ലൈംഗിക ദുഷ്പെരുമാറ്റം പോലുള്ള ദുരനുഭവങ്ങളോ നിമിത്തം ഒരാൾ സ്വവർഗരതിയിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല’ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ യാഥാർഥ്യം അതല്ല. ഒരു ഉദാഹരണം നോക്കുക: മദ്യം ദുരുപയോഗം ചെയ്യാനുള്ള പ്രവണത ഒരു വ്യക്തിക്ക് ചിലപ്പോൾ ജന്മനാ കിട്ടിയേക്കാമെന്ന് ചില ഗവേഷകർ പറയുന്നു. അല്ലെങ്കിൽ, മദ്യം ദുരുപയോഗം ചെയ്തിരുന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരിക്കാം അദ്ദേഹം വളർന്നുവന്നത്. അത്തരം സാഹചര്യത്തിലുള്ള വ്യക്തിയോട് മിക്ക ആളുകൾക്കും സഹതാപം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിന്റെയെല്ലാം പേരിൽ മദ്യത്തിന്റെ ദുരുപയോഗം തുടരാനോ അതിനെതിരെയുള്ള പോരാട്ടം നിറുത്തിക്കളയാനോ അദ്ദേഹത്തെ ആരും പ്രോത്സാഹിപ്പിക്കുകയില്ല.
അതുപോലെ, സ്വവർഗരതിയിൽ ഏർപ്പെടാനുള്ള പ്രവണതയോട് മല്ലിടുന്നവരെ ബൈബിൾ അവജ്ഞയോടെ വീക്ഷിക്കുന്നില്ല. അതേസമയം, ജന്മനാലുള്ള പ്രവണത നിമിത്തമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ അത്തരം പ്രലോഭനങ്ങൾക്ക് വഴിപ്പെടുന്നതിനെ അത് ഒരുതരത്തിലും ന്യായീകരിക്കുന്നുമില്ല. (റോമർ 7:21-25; 1 കൊരിന്ത്യർ 9:27) മറിച്ച്, സ്വവർഗരതിക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാനാവശ്യമായ പ്രായോഗിക സഹായവും പ്രോത്സാഹനവും ബൈബിൾ വാഗ്ദാനം ചെയ്യുന്നു.
സ്വവർഗരതിയിൽ ഏർപ്പെടാൻ ചായ്വുള്ളവരെ സംബന്ധിച്ച ദൈവഹിതം
‘സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നും’ ആണ് ദൈവത്തിന്റെ ആഗ്രഹമെന്ന് ബൈബിൾ ഉറപ്പുനൽകുന്നു. (1 തിമൊഥെയൊസ് 2:4) സ്വവർഗരതിയെ ബൈബിൾ കുറ്റം വിധിക്കുന്നെങ്കിലും അതിൽ ഏർപ്പെടുന്നവരെ വെറുക്കാൻ ബൈബിൾ ആവശ്യപ്പെടുന്നില്ല.
സ്വവർഗരതിയെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരത്തിൽ വെള്ളം ചേർക്കാനാകില്ല. “സ്വവർഗഭോഗികൾ” “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് 1 കൊരിന്ത്യർ 6:9, 10 വ്യക്തമായി പറയുന്നു. എന്നാൽ 11-ാം വാക്യം സാന്ത്വനമേകുന്ന മറ്റൊരു കാര്യം പറയുന്നു: “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങൾ കഴുകിവെടിപ്പാക്കപ്പെട്ടും വിശുദ്ധീകരിക്കപ്പെട്ടും നീതീകരിക്കപ്പെട്ടും ഇരിക്കുന്നു.”
ദൈവത്തിന്റെ വ്യവസ്ഥകൾക്ക് ചേർച്ചയിൽ അവനെ ആരാധിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചവർക്കെല്ലാം ആദിമ ക്രിസ്തീയ സഭ സ്വാഗതമരുളി. ബൈബിളിനെ പുനർവ്യാഖ്യാനിക്കുന്നതിനു പകരം അതിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്, ദൈവത്തിന്റെ അംഗീകാരം കാംക്ഷിക്കുന്ന ആത്മാർഥതയുള്ള സകലരുടെയും കാര്യത്തിൽ ഇന്നും ഇത് സത്യമാണ്! (g12-E 01)
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● സ്വവർഗരതിയെ ബൈബിൾ എങ്ങനെ വീക്ഷിക്കുന്നു?—റോമർ 1:26, 27.
● സ്വവർഗരതിക്കാരോട് ബൈബിൾ വിവേചന കാണിക്കുന്നുണ്ടോ?—1 തിമൊഥെയൊസ് 2:4.
● സ്വവർഗരതിയിൽനിന്ന് പുറത്തുകടക്കുക സാധ്യമാണോ?—1 കൊരിന്ത്യർ 6:9-11.
[29-ാം പേജിലെ ചിത്രം]
സ്വവർഗരതിയെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം പുനർവ്യാഖ്യാനിക്കണമോ?