ബൈബിളിന്റെ വീക്ഷണം
ദാമ്പത്യം വിജയപ്രദമാക്കാൻ എങ്ങനെ കഴിയും?
“ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും’ എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? . . . അതിനാൽ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മത്തായി 19:4-6-ൽ യേശുക്രിസ്തു പറഞ്ഞത്.
മൂല്യങ്ങൾക്ക് യാതൊരു സ്ഥിരതയും ഇല്ലാത്ത ഈ ലോകം ദാമ്പത്യത്തെ ചവിട്ടിമെതിക്കുന്നതാണ് നാം കാണുന്നത്. വിവാഹത്തിന്റെ പുറംമോടി നഷ്ടപ്പെടുന്നതോടെ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നതോടെ തീരുന്നു ഇന്നു പല ദാമ്പത്യങ്ങളും. വെറും നിസ്സാര കാര്യങ്ങളെച്ചൊല്ലിപ്പോലും ഇണകൾ വേർപിരിഞ്ഞു താമസിക്കുന്നു, ചിലർ വഴിപിരിയുന്നു. പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നതോ നിഷ്കളങ്കരായ കുട്ടികളും.
ഇത്തരം സംഭവവികാസങ്ങൾ ബൈബിൾ പഠിക്കുന്നവരെ ആശ്ചര്യപ്പെടുത്തുന്നില്ല. കാരണം, നാം ജീവിക്കുന്ന ഈ “അന്ത്യകാലത്ത്,” കുടുംബബന്ധങ്ങളെ കോർത്തിണക്കുന്ന ആത്മാർഥ സ്നേഹം, വിശ്വസ്തത, സഹജസ്നേഹം എന്നിങ്ങനെയുള്ള ഗുണങ്ങൾ ആളുകൾക്ക് പൊതുവെ ഉണ്ടായിരിക്കുകയില്ലെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1-5) അങ്ങേയറ്റം മൂല്യമുള്ള ഒന്നായിട്ട് നിങ്ങൾ ദാമ്പത്യത്തെ വീക്ഷിക്കുന്നുണ്ടോ? സമൂഹത്തിലെ മൂല്യശോഷണവും അത് കുടുംബത്തകർച്ചയ്ക്ക് കാരണമാകുന്നതും കാണുമ്പോൾ നിങ്ങൾക്ക് ആശങ്ക തോന്നുന്നുണ്ടോ?
എങ്കിൽ ബൈബിൾതത്ത്വങ്ങൾക്ക് നിങ്ങളെ ആശ്വസിപ്പിക്കാനാകും. കാലം മാറ്റുതെളിയിച്ച ആ ഉപദേശങ്ങൾ അനേകം ദമ്പതികളെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, താഴെ കൊടുത്തിരിക്കുന്ന അഞ്ചുബൈബിൾതത്ത്വങ്ങൾ മാത്രം ഒന്നു നോക്കുക. വിവാഹബന്ധത്തിന് പുതുജീവൻ പകരാൻ ഇവയ്ക്കാകും!a
ദാമ്പത്യം വിജയകരമാക്കാൻ അഞ്ചുപടികൾ
(1) വിവാഹത്തെ ഒരു പരിപാവന ബന്ധമായി കാണുക. ഇടത്തു വശത്ത് കാണുന്ന, യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് അവനും സ്രഷ്ടാവായ യഹോവയാംദൈവവും വിവാഹബന്ധത്തെ പവിത്രമായി വീക്ഷിക്കുന്നു എന്നാണ്. ചെറുപ്പക്കാരികളെ വിവാഹം കഴിക്കുന്നതിനുവേണ്ടി ഭാര്യമാരെ ഉപേക്ഷിച്ച പുരാതനകാലത്തെ ചില പുരുഷന്മാർക്ക് ദൈവം നൽകിയ ശക്തമായ താക്കീതും ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ദൈവം പറഞ്ഞു: ‘നീയും നിന്റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള കരാറിന് കർത്താവു സാക്ഷിയായിരുന്നു.’ പക്ഷേ, “നിന്റെ സഖിയും നിന്റെ കരാർ അനുസരിച്ചുള്ള ഭാര്യയും ആയിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.” (മലാഖി 2:14, 15, ഓശാന ബൈബിൾ) തുടർന്ന് വിവാഹമോചനത്തെക്കുറിച്ച് യഹോവ ശക്തമായ ഈ പ്രസ്താവന നടത്തി: ‘പുരുഷന്മാരുടെ ക്രൂരതകൾ ഞാൻ വെറുക്കുന്നു.’ (മലാഖി 2:16, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) ദൈവം വിവാഹത്തെ കളിയായി വീക്ഷിക്കുന്നില്ലെന്നു വ്യക്തം; ഭാര്യാഭർത്താക്കന്മാർ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതും അവൻ ശ്രദ്ധിക്കുന്നു.
(2) കർത്തവ്യബോധമുള്ള ഭർത്താവായിരിക്കുക. കുടുംബത്തിൽ ഗൗരവമേറിയ വിഷയങ്ങൾ ഉടലെടുക്കുമ്പോൾ ആരെങ്കിലും ഒരാൾ തീരുമാനം എടുക്കേണ്ടതായിവരും. ആ ഉത്തരവാദിത്വം ഭർത്താവിനാണ് ബൈബിൾ നൽകിയിരിക്കുന്നത്: “ഭർത്താവ് ഭാര്യയുടെ ശിരസ്സ് ആകുന്നു” എന്ന് എഫെസ്യർ 5:23 പറയുന്നു. എന്നാൽ ശിരസ്ഥാനം എന്നത് ഭാര്യയെ അടിച്ചമർത്താനുള്ള അധികാരമല്ല. താനും ഭാര്യയും “ഏകശരീര”മാണെന്ന് ഭർത്താവ് എപ്പോഴും ഓർക്കണം. അദ്ദേഹം അവളെ ആദരിക്കുകയും കുടുംബകാര്യങ്ങളിൽ അവളുടെ അഭിപ്രായം ആരായുകയും വേണം. (1 പത്രോസ് 3:7) ബൈബിളിന്റെ ഉദ്ബോധനം ഇതാണ്: ‘ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം.’—എഫെസ്യർ 5:28.
(3) പിന്തുണയേകുന്ന ഭാര്യയായിരിക്കുക. ഭർത്താവിന് “തക്കതായൊരു തുണ” എന്നാണ് ഭാര്യയെ ബൈബിൾ വിശേഷിപ്പിക്കുന്നത്. (ഉല്പത്തി 2:18) അതുകൊണ്ട് ദാമ്പത്യവിജയത്തിന് ആവശ്യമായ ചില പ്രധാന ഗുണങ്ങൾ അവൾക്കുമുണ്ട്. ഭർത്താവിന്റെ തുണയായി പ്രവർത്തിക്കുന്ന അവൾ മത്സരിക്കാതെ സ്നേഹപൂർവം അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അതാകട്ടെ കുടുംബത്തിൽ സമാധാനം കൈവരുത്തുന്നു. “ഭാര്യമാർ . . . തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കട്ടെ” എന്നാണ് എഫെസ്യർ 5:22 പറയുന്നത്. എന്നാൽ, ഭാര്യയ്ക്ക് ഏതെങ്കിലും കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നെങ്കിലോ? അക്കാര്യം അവൾക്ക് തുറന്നുപറയാവുന്നതാണ്; പക്ഷേ അത് മാന്യതയോടും ആദരവോടും കൂടെ, അതായത് ഭർത്താവ് തന്നോട് എങ്ങനെയാണോ സംസാരിക്കാൻ ആഗ്രഹിക്കുന്നത് ആ വിധത്തിൽ ആയിരിക്കണം.
(4) യാഥാർഥ്യം അംഗീകരിക്കുക, പ്രശ്നങ്ങൾ പ്രതീക്ഷിക്കുക. ചിന്താശൂന്യവും ദയാരഹിതവും ആയ സംസാരം, സാമ്പത്തിക പ്രശ്നങ്ങൾ, മാരകമായ രോഗങ്ങൾ, കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ കുടുംബത്തിൽ താളപ്പിഴകൾക്ക് ഇടയാക്കിയേക്കാം. അതുകൊണ്ടാണ് “വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ കഷ്ടം ഉണ്ടാകും” എന്ന് വളച്ചുകെട്ടില്ലാതെ ബൈബിൾ പറയുന്നത്. (1 കൊരിന്ത്യർ 7:28) എന്നാൽ ഇത്തരം കഷ്ടങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ സുദൃഢദാമ്പത്യത്തിന് വിലങ്ങുതടിയാകേണ്ടതില്ല. ഇണകൾ പരസ്പരം സ്നേഹിക്കുകയും ഒപ്പം ദൈവികജ്ഞാനം സമ്പാദിക്കുകയും ചെയ്യുന്നെങ്കിൽ ഉടലെടുത്തേക്കാവുന്ന ഭിന്നതകളെ പരിഹരിക്കാൻ അവർക്കാകും. കുടുംബത്തിൽ പൊങ്ങിവന്നേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ജ്ഞാനം നിങ്ങൾക്കുണ്ടോ? ബൈബിൾ പറയുന്നു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട് യാചിച്ചുകൊണ്ടേയിരിക്കട്ടെ; . . . അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.”—യാക്കോബ് 1:5.
(5) പരസ്പരം വിശ്വസ്തരായിരിക്കുക. വിവാഹബന്ധത്തെ കശക്കിയെറിയാൻപോന്ന ഒന്നാണ് പരസംഗം അഥവാ വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധം. വിവാഹമോചനത്തിന് ദൈവം അംഗീകരിക്കുന്ന ഒരേയൊരു കാരണവും ഇതാണ്. (മത്തായി 19:9) ബൈബിൾ പറയുന്നു: “വിവാഹത്തെ എല്ലാവരും ആദരണീയമായി കരുതട്ടെ; വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ; പരസംഗികളെയും വ്യഭിചാരികളെയും ദൈവം ന്യായംവിധിക്കുമല്ലോ.” (എബ്രായർ 13:4) ലൈംഗിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനായി വിവാഹബാഹ്യ ബന്ധങ്ങളിലേക്കു തിരിയാനുള്ള പ്രലോഭനത്തിന് വഴിപ്പെടാതിരിക്കാൻ ദമ്പതികൾക്ക് എന്തു ചെയ്യാനാകും? ബൈബിളിന്റെ നിർദേശം ഇതാണ്: “ഭർത്താവു തന്റെ ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റട്ടെ; അതുപോലെതന്നെ ഭാര്യയും ചെയ്യട്ടെ.”—1 കൊരിന്ത്യർ 7:3, 4.
മേൽപ്പറഞ്ഞ നിർദേശങ്ങളൊന്നും പ്രായോഗികമല്ലെന്നും അവ പഴഞ്ചനാണെന്നും ആണ് ചിലരുടെ ധാരണ. പക്ഷേ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നാണ്. ജീവിതത്തിലെ എല്ലാ മേഖലകളിലും മാർഗനിർദേശത്തിനായി ദൈവത്തിലേക്കു തിരിയുന്ന ഒരാൾക്കു ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:2, 3) ദാമ്പത്യജീവിതത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. കാരണം “ചെയ്യുന്നതൊക്കെയും” എന്നതിൽ ദാമ്പത്യം വിജയപ്രദമാക്കുന്നതും ഉൾപ്പെടുന്നു. (g11-E 11)
[അടിക്കുറിപ്പ്]
a വിവാഹജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 2011 ജൂലൈ-സെപ്റ്റംബർ ലക്കം കാണുക.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● വിവാഹമോചനത്തെ ദൈവം വീക്ഷിക്കുന്നത് എങ്ങനെ?—മലാഖി 2:14-16.
● ഭർത്താവ് ഭാര്യയോട് എങ്ങനെ ഇടപെടണം?—എഫെസ്യർ 5:23, 28.
● ദാമ്പത്യവിജയത്തിന് ആരുടെ ജ്ഞാനമാണ് അനിവാര്യമായിരിക്കുന്നത്?—സങ്കീർത്തനം 1:2, 3.