അന്ത്യദിനഘടികാരത്തിന്റെ പ്രവചനങ്ങളൊന്നും നിറവേറാൻപോകുന്നില്ല. ഭൂമിക്കും മനുഷ്യർക്കും ശോഭനമായ ഭാവിയാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്
മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ബൈബിൾ എന്താണ് പറയുന്നത്?
ഇന്നത്തെ ലോകത്തിന്റെ അതിദാരുണമായ അവസ്ഥയെക്കുറിച്ച് ബൈബിൾ നൂറ്റാണ്ടുകൾക്കു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ അതു മാത്രമല്ല, മനുഷ്യകുടുംബത്തിന് ശോഭനമായ ഒരു ഭാവിയുണ്ടെന്ന കാര്യവും അതിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങൾ സകലവിശദാംശങ്ങളും സഹിതം കൃത്യമായി നിറവേറിയിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ട് അതിലെ കാര്യങ്ങൾ കേട്ടപാടെ തള്ളിക്കളയുന്നത് ഉചിതമായിരിക്കില്ല.
ഉദാഹരണത്തിന്, പിൻവരുന്ന ബൈബിൾപ്രവചനങ്ങളെക്കുറിച്ച് ചിന്തിക്കുക:
“ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.”—മത്തായി 24:7.
“അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും” ആയിരിക്കും.—2 തിമൊഥെയൊസ് 3:1-4.
ഈ ലോകം യാതൊരു നിയന്ത്രണവുമില്ലാതെ നാശത്തിലേക്കു കൂപ്പുകുത്തുകയാണെന്ന് ഈ പ്രവചനങ്ങൾ പറയുന്നു. ഒരർഥത്തിൽ ഈ ലോകത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്, ഒരു മനുഷ്യനും അതു നേരെയാക്കാനാകില്ല. ബൈബിൾ പറയുന്നതനുസരിച്ച് ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം വരുത്താനുള്ള ജ്ഞാനമോ ശക്തിയോ മനുഷ്യർക്കില്ല. പിൻവരുന്ന തിരുവെഴുത്തുകൾ അതു വ്യക്തമാക്കുന്നു:
“ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും; എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.”—സുഭാഷിതങ്ങൾ 14:12.
“മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് . . . അവർക്കു ദോഷം ചെയ്തിരിക്കുന്നു.”—സഭാപ്രസംഗകൻ 8:9.
“സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.”—യിരെമ്യ 10:23.
മനുഷ്യർ തോന്നിയതുപോലെ പ്രവർത്തിക്കുന്നതിൽ തുടർന്നാൽ ഒരു ആഗോളദുരന്തത്തിൽ ചെന്ന് അവസാനിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ല! എന്തുകൊണ്ട്? ബൈബിൾ പറയുന്നത് ഇതാണ്:
ദൈവം “ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.”—സങ്കീർത്തനം 104:5.
“ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു. പക്ഷേ ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
“ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
ബൈബിളിന്റെ ഈ പഠിപ്പിക്കലുകൾ വ്യക്തമായ ഉത്തരങ്ങൾ നൽകുന്നു. മലിനീകരണത്താലോ ഭക്ഷണം, വെള്ളം എന്നിവയുടെ ക്ഷാമത്താലോ ഒരു ആഗോള പകർച്ചവ്യാധിയാലോ മനുഷ്യവർഗം ഒരിക്കലും തുടച്ചുനീക്കപ്പെടില്ല. ഇനി ഒരു ആണവദുരന്തത്തിലൂടെയും ഈ ലോകം നശിക്കില്ല. എന്തുകൊണ്ട്? കാരണം നമ്മുടെ ഗ്രഹത്തിന്റെ ഭാവി പൂർണമായും ദൈവത്തിന്റെ കൈയിൽ സുഭദ്രമാണ്. മനുഷ്യർക്ക് ദൈവം ഇച്ഛാസ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു എന്നത് സത്യംതന്നെ. എന്നാൽ അവർ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ അവർതന്നെ അനുഭവിക്കും. (ഗലാത്യർ 6:7) പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് വലിയ ഒരു അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, ബ്രേക്ക് നഷ്ടപ്പെട്ട ഒരു തീവണ്ടിപോലെയല്ല ഇന്നത്തെ ലോകം. തങ്ങൾക്കുതന്നെ നാശംവരുത്തുന്ന രീതിയിൽ മനുഷ്യന് എത്രത്തോളം പ്രവർത്തിക്കാമെന്നതിന് ദൈവം അതിർവരമ്പുകൾ വെച്ചിട്ടുണ്ട്.—സങ്കീർത്തനം 83:18; എബ്രായർ 4:13.
ദൈവം ഇനിയും ഒട്ടനവധി കാര്യങ്ങൾ ചെയ്യാനിരിക്കുകയാണ്. സ്രഷ്ടാവ് ഭൂമിയിൽ “സമാധാനസമൃദ്ധി” കൊണ്ടുവരും. (സങ്കീർത്തനം 37:11) ദശലക്ഷക്കണക്കിനുവരുന്ന യഹോവയുടെ സാക്ഷികൾ ബൈബിൾപഠനത്തിലൂടെ മനസ്സിലാക്കിയിരിക്കുന്ന ശുഭപ്രതീക്ഷകളുടെ ഒരു നുറുങ്ങുവെട്ടം മാത്രമാണ് ഈ ലേഖനത്തിൽ കാണുന്നത്.
വ്യത്യസ്ത പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള സ്ത്രീപുരുഷന്മാരുടെ ഒരു ആഗോളസമൂഹമാണ് യഹോവയുടെ സാക്ഷികൾ. ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവമായ യഹോവയെ ആരാധിക്കുന്നവരാണ് അവർ. അവർ ഭാവിയെ ഭയക്കുന്നില്ല. കാരണം ബൈബിൾ ഇങ്ങനെയാണ് പറയുന്നത്: “ആകാശത്തിന്റെ സ്രഷ്ടാവായ സത്യദൈവം, ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കിയ ദൈവം, അതെ, യഹോവ പറയുന്നു: ‘ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.’”—യശയ്യ 45:18.
ഈ ലേഖനം ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും ഭാവിയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ 5-ാം പാഠം കാണുക. www.jw.org സൈറ്റിലും ഇതു ലഭ്യം.
ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്? എന്ന വീഡിയോയും www.jw.org സൈറ്റിൽ നിങ്ങൾക്ക് കാണാം. (പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ എന്നതിനു കീഴിൽ നോക്കുക)