അനുബന്ധം
ശിരോവസ്ത്രം ധരിക്കേണ്ടത് എപ്പോൾ, എന്തുകൊണ്ട്?
ആരാധനയോടുള്ള ബന്ധത്തിൽ ഒരു ക്രിസ്തീയസ്ത്രീ ശിരോവസ്ത്രം ധരിക്കേണ്ടത് എപ്പോഴാണ്? എന്തുകൊണ്ടാണ് അതു ധരിക്കേണ്ടത്? ഈ വിഷയം സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി എന്തു പറഞ്ഞെന്നു നമുക്കു നോക്കാം. ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന നല്ല തീരുമാനങ്ങളെടുക്കാൻ സഹായകമായ മാർഗനിർദേശങ്ങൾ അപ്പോസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കിലെടുക്കേണ്ട മൂന്നു ഘടകങ്ങളെക്കുറിച്ച് 1 കൊരിന്ത്യർ 11:3-16-ൽ പൗലോസ് പറയുന്നു: (1) ഏതു പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഒരു സ്ത്രീ ശിരോവസ്ത്രം ധരിക്കേണ്ടത്, (2) ശിരോവസ്ത്രം ധരിക്കേണ്ട സാഹചര്യങ്ങൾ, (3) ഈ തത്ത്വം പിൻപറ്റാനുള്ള പ്രേരകഘടകങ്ങൾ.
പ്രവർത്തനങ്ങൾ. ഈ വിഷയത്തിൽ രണ്ടു കാര്യങ്ങളാണു പൗലോസ് പട്ടികപ്പെടുത്തുന്നത്: പ്രാർഥിക്കുന്നതും പ്രവചിക്കുന്നതും. (4, 5 വാക്യങ്ങൾ) യഹോവയോടുള്ള ഭക്തിനിർഭരമായ ആശയവിനിമയമാണല്ലോ പ്രാർഥന. ആകട്ടെ, പ്രവചിക്കുന്നതിൽ ഇന്ന് എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ബൈബിളിനെ ആധാരമാക്കി ക്രിസ്തീയശുശ്രൂഷകർ നിർവഹിക്കുന്ന ഏതൊരു അധ്യാപനവും അതിൽപ്പെടും. പ്രാർഥിക്കുകയോ ബൈബിൾസത്യം പഠിപ്പിക്കുകയോ ചെയ്യുന്ന എല്ലാ അവസരങ്ങളിലും സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നാണോ പൗലോസ് ഉദ്ദേശിച്ചത്? അല്ല. സാഹചര്യമാണ് അതു തീരുമാനിക്കുന്നത്.
സാഹചര്യങ്ങൾ. രണ്ടു സാഹചര്യങ്ങളാണു പൗലോസിന്റെ വാക്കുകളിൽ നമ്മൾ കാണുന്നത്: കുടുംബവും സഭയും. പൗലോസ് പറയുന്നു: “സ്ത്രീയുടെ തല പുരുഷൻ; . . . ഒരു സ്ത്രീ തല മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്നെങ്കിൽ അവൾ തന്റെ തലയെ അപമാനിക്കുകയാണ്.” (3, 5 വാക്യങ്ങൾ) കുടുംബത്തിൽ ഭർത്താവിനെയാണ് യഹോവ സ്ത്രീയുടെ തലയായി നിയമിച്ചിരിക്കുന്നത്. ഭർത്താവിന്റെ സ്ഥാനത്തിന് അർഹമായ അംഗീകാരം കൊടുക്കാതെ ഒരു ഭാര്യ, അദ്ദേഹത്തിനു ദൈവം നിയമിച്ചുകൊടുത്ത ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നെങ്കിൽ അവൾ ഭർത്താവിനെ അപമാനിക്കുകയായിരിക്കും ചെയ്യുന്നത്. ഒരു ഉദാഹരണം നോക്കാം. തന്റെ ഭർത്താവ് വീട്ടിലുണ്ടായിരിക്കെ ഒരു സഹോദരി ബൈബിൾപഠനം നടത്തുന്നു എന്നിരിക്കട്ടെ. ഭാര്യ പഠിപ്പിക്കുന്നത് അദ്ദേഹത്തിനു കാണാനോ കേൾക്കാനോ കഴിയുമെന്നും കരുതുക. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ അധികാരത്തെ ആദരിച്ചുകൊണ്ട് അവൾ ശിരോവസ്ത്രം ധരിക്കേണ്ടതാണ്—അദ്ദേഹം സ്നാനമേറ്റ വ്യക്തിയാണെങ്കിലും അല്ലെങ്കിലും. കാരണം അദ്ദേഹം കുടുംബത്തിന്റെ തലയാണ്.a ഇനി, സ്നാനമേറ്റ മൈനറായ മകനാണു വീട്ടിലുള്ളതെങ്കിലോ? ആ സാഹചര്യത്തിലും, പ്രാർഥിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോൾ ക്രിസ്തീയസ്ത്രീ ശിരോവസ്ത്രം ധരിക്കേണ്ടതാണ്. മകൻ കുടുംബനാഥനാണെന്നല്ല അതിന് അർഥം. സ്നാനമേറ്റ ഒരു സഹോദരനു ക്രിസ്തീയസഭയിലുള്ള സ്ഥാനത്തെ മാനിക്കുന്നതുകൊണ്ടാണ് അവൾ അങ്ങനെ ചെയ്യുന്നത്.
രണ്ടാമത്തെ സാഹചര്യം സഭയോടു ബന്ധപ്പെട്ടതാണ്. അതിനെക്കുറിച്ച് പൗലോസ് പറയുന്നതു ശ്രദ്ധിക്കുക: “ആരെങ്കിലും ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊന്നിനുവേണ്ടി വാദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്വഴക്കം ഞങ്ങൾക്കോ ദൈവത്തിന്റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ.” (16-ാം വാക്യം) ക്രിസ്തീയസഭയിൽ ശിരഃസ്ഥാനം സ്നാനമേറ്റ പുരുഷന്മാർക്കുള്ളതാണ്. (1 തിമൊഥെയൊസ് 2:11-14; എബ്രായർ 13:17) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാനുള്ള ദൈവദത്തമായ ഉത്തരവാദിത്വത്തോടെ മൂപ്പന്മാരായും ശുശ്രൂഷാദാസന്മാരായും നിയമിക്കപ്പെടുന്നതു പുരുഷന്മാർ മാത്രമാണ്. (പ്രവൃത്തികൾ 20:28) സ്നാനമേറ്റ, യോഗ്യതയുള്ള ഒരു പുരുഷൻ നിർവഹിക്കേണ്ട ഉത്തരവാദിത്വം ഒരു ക്രിസ്തീയസ്ത്രീ നിർവഹിക്കേണ്ട അപൂർവം സന്ദർഭങ്ങൾ ഉണ്ടായെന്നുവരാം. ഉദാഹരണത്തിന്, സ്നാനമേറ്റ യോഗ്യതയുള്ള ഒരു സഹോദരന്റെ അഭാവത്തിൽ അല്ലെങ്കിൽ അസാന്നിധ്യത്തിൽ ഒരു സഹോദരിക്കു ചിലപ്പോൾ വയൽസേവനയോഗം നടത്തേണ്ടിവന്നേക്കാം. അല്ലെങ്കിൽ സ്നാനമേറ്റ ഒരു സഹോദരന്റെ സാന്നിധ്യത്തിൽ ഒരു ഭവന ബൈബിൾപഠനം നടത്തേണ്ടിവന്നേക്കാം.b സാധാരണഗതിയിൽ ഒരു സഹോദരൻ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളാണു താൻ കൈകാര്യം ചെയ്യുന്നതെന്ന് അംഗീകരിച്ചുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ അവൾ ശിരോവസ്ത്രം ധരിക്കുന്നു.
എന്നാൽ ആരാധനയോടു ബന്ധപ്പെട്ട് ഒരു സഹോദരി ശിരോവസ്ത്രം ധരിക്കേണ്ടതില്ലാത്ത പല സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, ക്രിസ്തീയയോഗത്തിൽ അഭിപ്രായം പറയുകയോ ഭർത്താവിനോടോ സ്നാനമേറ്റ മറ്റൊരു സഹോദരനോടോ ഒപ്പം വയൽസേവനത്തിൽ ഏർപ്പെടുകയോ സ്നാനമേറ്റിട്ടില്ലാത്ത മക്കളെ പഠിപ്പിക്കുകയോ അവരോടൊത്ത് പ്രാർഥിക്കുകയോ ചെയ്യുമ്പോൾ ഒരു സഹോദരി ശിരോവസ്ത്രം ധരിക്കേണ്ടതില്ല. ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു പല ചോദ്യങ്ങളും ഉയർന്നുവന്നേക്കാം. ഒരു സഹോദരിക്ക് അതേപ്പറ്റി നിശ്ചയമില്ലെങ്കിൽ കൂടുതലായ ഗവേഷണം നടത്താവുന്നതാണ്.c എന്നിട്ടും സഹോദരിക്കു സംശയമുണ്ടായിരിക്കുകയും ശിരോവസ്ത്രം ധരിക്കാൻ മനസ്സാക്ഷി പ്രേരിപ്പിക്കുകയും ചെയ്യുന്നെങ്കിലോ? 241-ാം പേജിലെ ചിത്രത്തിൽ കാണുന്നതുപോലെ, അത്തരം സാഹചര്യങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല.
പ്രേരകഘടകങ്ങൾ. ഈ വ്യവസ്ഥ പാലിക്കാൻ ഒരു ക്രിസ്തീയസ്ത്രീയെ പ്രേരിപ്പിക്കുന്ന രണ്ടു ഘടകങ്ങൾ 10-ാം വാക്യത്തിൽ കാണാം: ‘ദൂതന്മാർ നിമിത്തം സ്ത്രീയുടെ തലയിൽ കീഴ്പെടലിന്റെ ഒരു അടയാളം ഉണ്ടായിരിക്കട്ടെ.’ ഒന്നാമതായി, “കീഴ്പെടലിന്റെ ഒരു അടയാളം” എന്ന പ്രയോഗം ശ്രദ്ധിക്കുക. സഭയിലുള്ള സ്നാനമേറ്റ പുരുഷന്മാർക്ക് യഹോവ നൽകിയിരിക്കുന്ന അധികാരത്തിനു താൻ കീഴ്പെട്ടിരിക്കുന്നു എന്നു കാണിക്കാനുള്ള ഒരു ഉപാധിയാണു ശിരോവസ്ത്രം. അതു ധരിക്കുകവഴി അവൾ യഹോവയോടുള്ള സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുകയായിരിക്കും. അടുത്തതായി, ‘ദൂതന്മാർ നിമിത്തം’ എന്ന പ്രയോഗത്തിൽ രണ്ടാമത്തെ കാരണം നമ്മൾ കാണുന്നു. ആകട്ടെ, ശിരോവസ്ത്രവും ദൂതന്മാരും തമ്മിൽ എന്താണു ബന്ധം?
സ്വർഗത്തിലായാലും ഭൂമിയിലായാലും യഹോവയുടെ സംഘടനയുടെ എല്ലാ മേഖലകളിലും ദൈവദത്തമായ അധികാരം അംഗീകരിക്കപ്പെട്ടുകാണാൻ അതിയായി ആഗ്രഹിക്കുന്നവരാണു ദൂതന്മാർ. ഇക്കാര്യത്തിൽ അപൂർണമനുഷ്യർ വെക്കുന്ന മാതൃക അവർക്കും പ്രയോജനം ചെയ്യുന്നു. അവരും അധികാരത്തിനു കീഴ്പെട്ടിരിക്കേണ്ടവരാണല്ലോ. പുരാതനകാലത്ത്, ഒട്ടേറെ ദൂതന്മാർ ഇക്കാര്യത്തിൽ പരാജയപ്പെടുകയുണ്ടായി. (യൂദ 6) സഭയിലെ സ്നാനമേറ്റ ഒരു പുരുഷനെക്കാൾ അനുഭവസമ്പത്തും അറിവും ബുദ്ധിയും ഉണ്ടെങ്കിലും ഒരു ക്രിസ്തീയസഹോദരി അദ്ദേഹത്തിന്റെ അധികാരത്തിനു മനസ്സോടെ കീഴ്പെടുന്നതു ദൂതന്മാർ നിരീക്ഷിക്കുന്നുണ്ടാകാം. ഒരുപക്ഷേ ഈ സഹോദരി, ക്രിസ്തുവിനോടൊപ്പം ഭരിക്കാനുള്ള പദവി ലഭിക്കാനിരിക്കുന്ന ഒരു അഭിഷിക്തക്രിസ്ത്യാനിപോലും ആയിരുന്നേക്കാം. ഭാവിയിൽ ദൂതന്മാരെക്കാൾ ഉന്നതമായ ഒരു സ്ഥാനമാണ് ആ സഹോദരിക്കു ലഭിക്കുക. സ്വർഗത്തിൽനിന്ന് നിരീക്ഷിക്കുന്ന ലക്ഷോപലക്ഷം വിശുദ്ധദൂതന്മാർക്ക് എത്ര നല്ല മാതൃകയാണ് അത്! അതെ, അനുസരണത്തിലൂടെ വിശ്വസ്തതയും കീഴ്പെടലും കാണിക്കാനുള്ള എത്ര മഹത്തായ പദവിയാണു സഹോദരിമാർക്കുള്ളത്!
a വിശ്വാസിയായ ഭർത്താവ് അടുത്തുണ്ടെന്നിരിക്കെ ഒരു ക്രിസ്തീയഭാര്യ ഉറക്കെ പ്രാർഥിക്കാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ രോഗത്താലോ മറ്റോ അദ്ദേഹത്തിന്റെ സംസാരപ്രാപ്തി നഷ്ടപ്പെട്ടെന്നിരിക്കട്ടെ. അത്തരം ചില സാഹചര്യങ്ങളിൽ അവൾക്ക് ഉച്ചത്തിൽ പ്രാർഥിക്കേണ്ടിവന്നേക്കാം.
b സ്നാനമേൽക്കാത്ത ഒരു സഹോദരന്റെ സാന്നിധ്യത്തിൽ ഒരു സഹോദരി, മുന്നമേ ക്രമീകരിച്ച ഒരു ഭവന ബൈബിൾപഠനം നടത്തുമ്പോൾ ശിരോവസ്ത്രം ധരിക്കേണ്ടതില്ല. എന്നാൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ ശിരോവസ്ത്രം ധരിക്കണം.
c കൂടുതൽ വിവരങ്ങൾക്കു വീക്ഷാഗോപുരത്തിന്റെ 2015 ഫെബ്രുവരി 15 ലക്കം 30-ാം പേജും 2002 ജൂലൈ 15 ലക്കം 26-27 പേജുകളും 1977 ഫെബ്രുവരി 15 ലക്കം (ഇംഗ്ലീഷ്) 125-128 പേജുകളും കാണുക.