സമയനിഷ്ഠ പാലിക്കേണ്ടത് എന്തുകൊണ്ട്?
സമയനിഷ്ഠ പാലിക്കുക—എപ്പോഴും അത്ര എളുപ്പമല്ലാത്ത ഒരു കാര്യം. യാത്രാദൂരം, ഗതാഗതക്കുരുക്ക്, തിരക്കുപിടിച്ച ജീവിതം എന്നിവയൊക്കെ ആയിരിക്കാം പ്രതിബന്ധങ്ങൾ. കാരണങ്ങൾ എന്തായിരുന്നാലും കൃത്യനിഷ്ഠയുടെ പ്രാധാന്യം കുറച്ചുകാണരുത്. സമയം പാലിക്കുന്ന ഒരു വ്യക്തിക്ക്, ആശ്രയിക്കാവുന്ന, കഠിനാധ്വാനിയായ വ്യക്തിയെന്ന ഖ്യാതിയായിരിക്കും ജോലിസ്ഥലത്ത് ഉണ്ടായിരിക്കുക. നേരെമറിച്ച്, ഒരാൾ ജോലിക്കു താമസിച്ചുവന്നാൽ മറ്റുള്ളവരുടെ പണികൂടെ ഉഴപ്പാൻ ഇടയുണ്ടെന്നു മാത്രമല്ല അയാൾ ചെയ്യുന്ന ജോലിയുടെ ഗുണനിലവാരവും കുറഞ്ഞേക്കാം. വൈകിവരുന്ന ഒരു വിദ്യാർഥിക്കു ക്ലാസ് നഷ്ടമാകുന്നതു കൂടാതെ അവന്റെ പഠനനിലവാരത്തെയും അതു ബാധിച്ചെന്നു വരും. ഇനി, ഡോക്ടറെ കാണാൻ സമയത്തു ചെല്ലുന്നില്ലെങ്കിലോ? രോഗിക്ക് വേണ്ടവിധം ചികിത്സ കിട്ടാതെ വന്നേക്കാം.
ചില സ്ഥലങ്ങളിൽ സമയനിഷ്ഠയ്ക്ക് ആളുകൾ അത്ര പ്രാധാന്യം കൊടുക്കാറില്ല. അങ്ങനെയൊരു ചുറ്റുപാടിലാണ് ജീവിക്കുന്നതെങ്കിൽ നമ്മളും അത്തരമൊരു ശീലം വളർത്തിയെടുത്തേക്കാം. നിങ്ങൾക്ക് അത്തരമൊരു ശീലമുണ്ടോ? എങ്കിൽ സമയം പാലിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുക. കൃത്യനിഷ്ഠ പാലിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതും ഇക്കാര്യത്തിൽ മെച്ചപ്പെടാൻ നിങ്ങളെ സഹായിക്കും. അങ്ങനെയെങ്കിൽ, സമയനിഷ്ഠ പാലിക്കേണ്ടത് എന്തുകൊണ്ടാണ്? അതിനുള്ള പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്? നമുക്കു നോക്കാം.
യഹോവ, സമയനിഷ്ഠയുള്ള ദൈവം
നാം ആരാധിക്കുന്ന ദൈവത്തെ അനുകരിക്കാൻ നാം ആഗ്രഹിക്കുന്നു. കൃത്യനിഷ്ഠ പാലിക്കാൻ നാം ആഗ്രഹിക്കുന്നതിന്റെ മുഖ്യകാരണം അതാണ്. (എഫെ. 5:1) കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഉത്തമ മാതൃകയായ യഹോവ ഒരു കാര്യത്തിലും കാലതാമസം വരുത്താത്ത ദൈവമാണ്. ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനോടുള്ള ബന്ധത്തിൽ അവൻ തന്റെ സമയപ്പട്ടിക കൃത്യമായി പാലിക്കുന്നു. നോഹയുടെ കാലത്ത് അവൻ ദുഷ്ടന്മാരെ നശിപ്പിച്ച സംഭവംതന്നെ എടുക്കുക. പ്രളയം വരുത്തുന്നതിനുമുമ്പ് യഹോവ നോഹയോട് ഇങ്ങനെ പറഞ്ഞു: “നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക.” നാശത്തിനുള്ള സമയം അടുത്തപ്പോൾ, പെട്ടകത്തിൽ കയറാൻ യഹോവ നോഹയ്ക്കു നിർദേശം കൊടുത്തു. എന്നിട്ട്, യഹോവ അവനെ അറിയിച്ചു: “ഇനി ഏഴു ദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” കൃത്യം “ഏഴു ദിവസം കഴിഞ്ഞ ശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.” (ഉല്പ. 6:14; 7:4, 10) സമയത്ത് പെട്ടകത്തിൽ കയറിയില്ലായിരുന്നെങ്കിൽ നോഹയുടെയും കുടുംബത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിച്ചുനോക്കൂ. അതെ, അവർ ആരാധിച്ചിരുന്ന ദൈവത്തെപ്പോലെതന്നെ അവരും സമയനിഷ്ഠ പാലിക്കേണ്ടിയിരുന്നു.
ഇനി, ജലപ്രളയത്തിനുശേഷം 450 വർഷം കഴിഞ്ഞു നടന്ന ഒരു സംഭവം നോക്കാം. ഗോത്രപിതാവായ അബ്രാഹാമിനോട്, അവനൊരു പുത്രൻ ജനിക്കുമെന്നും ആ പുത്രനിലൂടെ വാഗ്ദത്ത സന്തതി വരുമെന്നും യഹോവ പറഞ്ഞു. (ഉല്പ. 17:15-17) “ഇനിയത്തെ ആണ്ടു ഈ സമയത്ത്” യിസ്ഹാക്ക് ജനിക്കുമെന്ന് ദൈവം അറിയിച്ചു. അതു സംഭവിച്ചോ? തീർച്ചയായും. “അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.”—ഉല്പ. 17:21; 21:2.
യഹോവയുടെ സമയനിഷ്ഠ വ്യക്തമാക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ ഇനിയും ബൈബിളിലുണ്ട്. (യിരെ. 25:11-13; ദാനീ. 4:20-25; 9:25) അവന്റെ വരാനിരിക്കുന്ന ന്യായവിധി ദിവസത്തിനായി കാത്തിരിക്കാനും ബൈബിൾ നമ്മോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യരായ നമുക്ക് അതു ‘വൈകുന്നതായി’ തോന്നിയേക്കാം. പക്ഷേ അതു ‘താമസിക്കില്ല’ എന്നതു നിശ്ചയമാണ്.—ഹബ. 2:3.
ആരാധനയിൽ സമയനിഷ്ഠയുടെ പ്രാധാന്യം
ഇസ്രായേലിലെ പുരുഷന്മാരെല്ലാം, ‘അതതു കാലത്തു വിളിച്ചുകൂട്ടിയിരുന്ന യഹോവയുടെ ഉത്സവങ്ങൾക്കായി’ നിശ്ചിത സ്ഥലത്ത് യഥാസമയം എത്തിച്ചേരണമായിരുന്നു. (ലേവ്യ. 23:2, 4) ചില യാഗങ്ങൾ അർപ്പിക്കേണ്ട സമയവും യഹോവ പറഞ്ഞിരുന്നു. (പുറ. 29:38, 39; ലേവ്യ. 23:37, 38) ആരാധനയുടെ കാര്യത്തിൽ തന്റെ ദാസന്മാർ സമയനിഷ്ഠ പാലിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നല്ലേ ഇതു കാണിക്കുന്നത്?
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ യോഗങ്ങളുടെ കാര്യമോ? യോഗങ്ങൾ എങ്ങനെയായിരിക്കണം എന്നു വിശദീകരിക്കവെ കൊരിന്ത്യ ക്രിസ്ത്യാനികളോട് പൗലോസ് ഇങ്ങനെ പറഞ്ഞു: “സകലവും ഉചിതമായും ക്രമീകൃതമായും നടക്കട്ടെ.” (1 കൊരി. 14:40) ക്രിസ്തീയ യോഗങ്ങൾ ഒരു നിശ്ചിത സമയത്തുതന്നെ ആരംഭിക്കേണ്ടിയിരുന്നു എന്നാണ് ഈ നിർദേശം സൂചിപ്പിക്കുന്നത്. സമയനിഷ്ഠയുടെ കാര്യത്തിൽ യഹോവയുടെ വീക്ഷണത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. (മലാ. 3:6) അങ്ങനെയെങ്കിൽ യോഗങ്ങൾക്കു സമയത്തിനെത്താൻ നിങ്ങൾക്ക് എന്തുചെയ്യാനാകും?
പ്രതിബന്ധങ്ങളെ മറികടക്കുക
കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് ഏറെ ഗുണംചെയ്യുമെന്ന് ചിലർ കണ്ടിരിക്കുന്നു. (സദൃ. 21:5) ഉദാഹരണത്തിന്, ഒരു നിശ്ചിതസമയത്ത് നിങ്ങൾക്ക് ഒരു സ്ഥലത്ത് എത്തിച്ചേരേണ്ടതുണ്ടെന്നു കരുതുക. കൃത്യം ആ സമയത്തു സ്ഥലത്ത് എത്തുന്ന വിധത്തിൽ യാത്രപുറപ്പെടുന്നത് ബുദ്ധിയായിരിക്കുമോ? പോകുന്ന വഴിക്ക് “യാദൃച്ഛികമായി” എന്തെങ്കിലും സംഭവിച്ചാലും സമയത്ത് അവിടെ എത്തിച്ചേരാനാകുംവിധം അൽപ്പം നേരത്തേ ഇറങ്ങുന്നതായിരിക്കില്ലേ നല്ലത്? (സഭാ. 9:11, പി.ഒ.സി. ബൈബിൾ) “സമയത്ത് എത്തിച്ചേരണമെങ്കിൽ യാത്രയ്ക്ക് എത്ര സമയം വേണ്ടിവരുമെന്ന് ഒരു ധാരണയുണ്ടായിരിക്കണം,” കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യുന്ന ഹോസെa എന്ന യുവാവ് പറയുന്നു.
യോഗങ്ങൾക്കു സമയത്തിനുമുമ്പേ എത്തിച്ചേരണമെങ്കിൽ ചിലർക്ക് ജോലിസ്ഥലത്തുനിന്ന് നേരത്തേ പോരാൻ ക്രമീകരണം ചെയ്യേണ്ടതുണ്ടായിരിക്കാം. എത്യോപ്യയിലെ ഒരു സഹോദരൻ ചെയ്തത് അതാണ്. ജോലിസമയം മാറിവന്നതുനിമിത്തം യോഗങ്ങൾക്ക് എത്താൻ 45 മിനിട്ടു വൈകും എന്നു മനസ്സിലാക്കിയ അദ്ദേഹം തനിക്കുശേഷം ജോലിക്കുവരുന്ന വ്യക്തിയോട് യോഗങ്ങളുള്ള വൈകുന്നേരങ്ങളിൽ അൽപ്പം നേരത്തേ വരാമോ എന്നു ചോദിച്ചു. പകരമായി ഏഴുമണിക്കൂർനീണ്ട ഒരു ഷിഫ്റ്റ് അദ്ദേഹത്തിനുവേണ്ടി ചെയ്യാമെന്ന് സഹോദരൻ ഏറ്റു.
ചെറിയ കുട്ടികളുണ്ടെങ്കിൽ യോഗങ്ങൾക്കു സമയത്ത് എത്തിച്ചേരുന്നത് വിശേഷാൽ ബുദ്ധിമുട്ടായിരിക്കും. സാധാരണഗതിയിൽ അമ്മമാർക്കാണ് കുട്ടികളെ ഒരുക്കിക്കൊണ്ടുവരുന്ന ഉത്തരവാദിത്വം. പക്ഷേ, മറ്റു കുടുംബാംഗങ്ങൾക്കും സഹായിക്കാനാകും, അവർ അങ്ങനെ ചെയ്യുകയും വേണം. ഇപ്പോൾ 5-നും 23-നും ഇടയ്ക്കു പ്രായമുള്ള എട്ടുമക്കളെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവന്ന ഒരു അമ്മയാണ് മെക്സിക്കോയിലെ എസ്പെരാൻസ. സമയത്ത് യോഗങ്ങൾക്ക് എത്തിച്ചേരാൻ തങ്ങൾക്കു കഴിയുന്നത് എങ്ങനെയെന്ന് ആ അമ്മ വിശദീകരിക്കുന്നു: “മൂത്തവർ ഇളയവരെ ഒരുക്കുന്നതുകൊണ്ട് വീട്ടുജോലികൾ എല്ലാം തീർത്ത്, ഒരുങ്ങി കൃത്യസമയത്ത് ഇറങ്ങാൻ എനിക്കു കഴിയുന്നു.” യോഗങ്ങൾക്കായി വീട്ടിൽനിന്നിറങ്ങാൻ ഈ കുടുംബത്തിന് ഒരു കൃത്യസമയമുണ്ട്; എല്ലാവരും അതിനോടു സഹകരിക്കുന്നു.
ആരാധനയിൽ കൃത്യനിഷ്ഠ പാലിക്കൂ, പ്രയോജനം നേടൂ
ക്രിസ്തീയയോഗങ്ങൾക്ക് നേരത്തേ എത്തിച്ചേരുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ എന്തുവിലകൊടുത്തും അങ്ങനെ ചെയ്യാൻ നാം തീരുമാനിക്കും; സമയനിഷ്ഠ പാലിക്കാനുള്ള ആഗ്രഹവും നമുക്കുണ്ടാകും. യോഗങ്ങൾക്കു നേരത്തേ എത്താറുള്ള സാന്ദ്ര എന്ന യുവതി പറയുന്നത് ഇങ്ങനെയാണ്: “നേരത്തേ എത്തുന്നതുകൊണ്ട് എനിക്ക് സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യാനും അവരോടു കുശലപ്രശ്നങ്ങൾ നടത്താനും അവരെ അടുത്തറിയാനും സാധിക്കുന്നു.” നാം രാജ്യഹാളിൽ നേരത്തേ എത്തി മറ്റുള്ളവരോടു സംസാരിക്കുന്നെങ്കിൽ, പ്രശ്നങ്ങളിന്മധ്യേ അവർ സഹിച്ചുനിൽക്കുന്നത് എങ്ങനെയെന്ന് അറിയാനും അവരുടെ വിശ്വസ്ത സേവനത്തെക്കുറിച്ചു മനസ്സിലാക്കാനും നമുക്ക് കഴിയും. അത് നമുക്ക് പ്രയോജനം ചെയ്യും. നമ്മുടെ സാമീപ്യവും പ്രോത്സാഹജനകമായ സംഭാഷണവും മറ്റു സഹോദരങ്ങൾക്കും ഒരു അനുഗ്രഹമായിരിക്കും; അതിലൂടെ നമുക്കവരെ ‘സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാനാകും.’—എബ്രാ. 10:24, 25.
നമ്മുടെ ക്രിസ്തീയയോഗങ്ങളെല്ലാം ആരംഭിക്കുന്നത് ഗീതത്തോടും പ്രാർഥനയോടും കൂടിയാണ്. സത്യാരാധനയുടെ അവിഭാജ്യഘടകങ്ങളാണവ. (സങ്കീ. 149:1) ഗീതങ്ങളുടെ കാര്യമെടുക്കുക. യഹോവയെ വാഴ്ത്തുന്നവയാണ് നമ്മുടെ ഗീതങ്ങൾ. നാം വളർത്തിയെടുക്കേണ്ട ഗുണങ്ങൾ അവ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു; സന്തോഷത്തോടെ ശുശ്രൂഷയിൽ ഏർപ്പെടാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു. ഇനി പ്രാരംഭപ്രാർഥനയുടെ കാര്യമോ? പുരാതനനാളിൽ യഹോവ തന്റെ ആലയത്തെ ‘പ്രാർത്ഥനാലയം’ എന്നു വിശേഷിപ്പിക്കുകയുണ്ടായി. (യെശ. 56:7) പ്രാർഥിക്കുന്നതിനായി ഇന്ന് നമ്മളും ക്രിസ്തീയയോഗങ്ങൾക്കു കൂടിവരുന്നു. യഹോവയുടെ വഴിനടത്തിപ്പിനും പരിശുദ്ധാത്മാവിനും വേണ്ടിയുള്ള അഭ്യർഥന മാത്രമല്ല പ്രാരംഭപ്രാർഥന; പഠിക്കാൻപോകുന്ന കാര്യങ്ങൾക്കായി അത് നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കുകയും ചെയ്യും. അതുകൊണ്ട് പ്രാരംഭഗീതത്തിനും പ്രാർഥനയ്ക്കും മുമ്പുതന്നെ യോഗങ്ങൾക്ക് എത്തിച്ചേരാൻ നാം ദൃഢനിശ്ചയം ചെയ്യണം.
യോഗങ്ങൾക്കു നേരത്തേ എത്തിച്ചേരാൻ തന്നെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് 23-കാരിയായ ഹെലൻ പറയുന്നു: “യഹോവയോട് എനിക്കു സ്നേഹമുണ്ടെന്നു തെളിയിക്കാനുള്ള ഒരു മാർഗമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. കാരണം, പ്രാരംഭഗീതവും പ്രാർഥനയും ഉൾപ്പെടെ അവിടെ നടക്കുന്ന പരിപാടികളെല്ലാം അവന്റെ കരുതലുകളാണല്ലോ.” നമുക്കും അത്തരമൊരു വീക്ഷണമല്ലേ ഉണ്ടായിരിക്കേണ്ടത്? അതെ, എല്ലാകാര്യത്തിലും, വിശേഷാൽ സത്യാരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന ശീലം വളർത്തിയെടുക്കാൻ നമുക്ക് പരമാവധി ശ്രമിക്കാം.
[അടിക്കുറിപ്പ്]
a പേരുകൾ മാറ്റിയിട്ടുണ്ട്.
[26-ാം പേജിലെ ചിത്രം]
നേരത്തേതന്നെ എല്ലാം എടുത്തുവെക്കുക
[26-ാം പേജിലെ ചിത്രം]
‘യാദൃച്ഛികസംഭവങ്ങൾ’ കൈകാര്യം ചെയ്യാൻ സമയം ഉണ്ടായിരിക്കണം
[26-ാം പേജിലെ ചിത്രങ്ങൾ]
യോഗങ്ങൾക്കു നേരത്തേ വരുന്നതിന്റെ പ്രയോജനം ആസ്വദിക്കുക