സുവാർത്തക്കു യോഗ്യമായവിധത്തിൽ നടക്കുക
1 യഹോവയുടെ സാക്ഷികളെന്ന നിലയിൽ യഹോവയുടെ നാമത്തിനു മഹത്ത്വം കൈവരുത്താൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ നടത്തക്കും സംസാരത്തിനും ചമയത്തിനും വസ്ത്രധാരണത്തിനും മറ്റുള്ളവർ സത്യാരാധനയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കാൻ കഴിയും എന്നു നമുക്കറിയാം. നാം യോഗങ്ങൾക്കു കൂടിവരുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. യോഗങ്ങളിൽ പറയുന്നതും ചെയ്യുന്നതുമെല്ലാം സുവാർത്തക്കു യോഗ്യമായതും യഹോവക്കു മഹത്ത്വം കൈവരുത്തുന്നതും ആണെന്ന് ഉറപ്പുവരുത്താൻ നാം ആഗ്രഹിക്കുന്നു.—ഫിലി. 2:4.
2 വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ലോകത്തിന്റെ പല നിലവാരങ്ങളും ക്രിസ്ത്യാനികൾക്കു സ്വീകാര്യമല്ല. പല മണ്ഡലങ്ങളിലും അവ്യക്തമാണ്. സുവാർത്തയുടെ ശുശ്രൂഷകർ അത്യധികം ശ്രദ്ധ നൽകേണ്ട ഒരു കാര്യമാണിത്. 1989 ജൂൺ 1-ലെ വാച്ച്ടവറിന്റെ 20-ാം പേജ് ഇപ്രകാരം പ്രസ്താവിച്ചു: “നമ്മുടെ വസ്ത്രങ്ങൾ വിലപിടിപ്പുള്ളതായിരിക്കണമെന്നില്ല, എന്നാൽ അതു വൃത്തിയുള്ളതും ഹൃദ്യവും അടക്കമൊതുക്കമുള്ളതുമായിരിക്കണം. നമ്മുടെ ചെരിപ്പുകളും നല്ല നിലയിലുള്ളതും കാണാൻ കൊള്ളാവുന്നതുമായിരിക്കണം. സമാനമായി, പുസ്തകാധ്യയനം ഉൾപ്പെടെ എല്ലാ യോഗത്തിലും നമ്മുടെ ശരീരവും ശുദ്ധിയുള്ളതായിരിക്കണം. നാം വൃത്തിയായും ഉചിതമായും വസ്ത്രധാരണം ചെയ്തിരിക്കുകയും വേണം.”
3 സമയനിഷ്ഠ പാലിക്കുന്നത് സ്നേഹപൂർവകമായ പരിഗണനയുടെയും ചിന്തയുടെയും അടയാളമാണ്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ നിമിത്തം നമുക്ക് ഇടയ്ക്കൊക്കെ യോഗത്തിനു കൃത്യസമയത്തു വരാൻ കഴിയാതിരുന്നേക്കാം. എന്നാൽ പതിവായി താമസിച്ചു വരുന്നതു യോഗങ്ങളുടെ വിശുദ്ധ ഉദ്ദേശ്യത്തോടുള്ള വിലമതിപ്പില്ലായ്മയെ ആയിരിക്കും പ്രകടിപ്പിക്കുന്നത്. കൂടാതെ മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ വിലമതിക്കുന്നതിനുള്ള പരാജയത്തെയും. താമസിച്ചുവരുന്നവർ മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ പതറിക്കുകയും പരിപാടിയിൽനിന്നു പൂർണപ്രയോജനം ലഭിക്കുന്നതിൽനിന്ന് അവരെ തടയുകയും ചെയ്യുന്നു. സമയനിഷ്ഠപാലിക്കുന്നതു ഹാജരായിരിക്കുന്ന എല്ലാവരുടെയും വികാരങ്ങളെയും താത്പര്യങ്ങളെയും നാം ആദരിക്കുന്നുവെന്നു പ്രകടമാക്കുന്നു.
4 യോഗത്തിനിടയിലും ശ്രദ്ധാശൈഥില്യം ഉണ്ടാക്കാതിരിക്കാൻ അയൽസ്നേഹം നമ്മെ ജാഗ്രതയുള്ളവരാക്കണം. അടക്കംപറയുന്നതോ, തിന്നുന്നതോ, ച്യൂയിംഗം ചവക്കുന്നതോ, കടലാസ് ചുരുട്ടുന്നതോ, അനാവശ്യമായി കക്കൂസിൽ പോകുന്നതോ മറ്റുള്ളവരുടെ ശ്രദ്ധപതറിക്കുകയോ യഹോവയുടെ ആരാധനാസ്ഥലത്തിന് അർഹമായ ശ്രേഷ്ഠത കുറക്കുകയോ ചെയ്തേക്കാം. സഹോദരങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങൾ വിട്ടുപോകുന്നത് അവശ്യമാക്കുന്ന ഏതെങ്കിലും അടിയന്തിരാവശ്യങ്ങൾ ഇല്ലാത്തപക്ഷം സഭാപരമായ കാര്യങ്ങൾ നടത്തുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്യുന്നത് അനുചിതമാണ്. അങ്ങനെയല്ലാത്തപക്ഷം, തങ്ങൾക്കുതന്നെയും തങ്ങളുടെ കുടുംബത്തിനും പ്രയോജനം ലഭിക്കാൻതക്കവണ്ണം എല്ലാവരും ഇരിപ്പിടത്തിൽ ഇരുന്നു പരിപാടി ശ്രദ്ധിക്കേണ്ടതാണ്. മോശമായ ശീലങ്ങൾക്കു രാജ്യഹാളിൽ യാതൊരു സ്ഥാനവുമില്ല, കാരണം “സ്നേഹം . . . അയോഗ്യമായി നടക്കുന്നില്ല.”—1 കൊരി. 13:4, 5; ഗലാ. 6:10.
5 യോഗങ്ങളിൽ നമ്മുടെ കുട്ടികളുടെ നല്ല നടത്തയും യഹോവയുടെ നാമത്തിനു സ്തുതിയും മഹത്ത്വവും കൈവരുത്തുന്നു. മാതാപിതാക്കളുടെ കർശനമായ മേൽനോട്ടം സുപ്രധാനമാണ്. ശ്രദ്ധിക്കുന്നതിനും പങ്കെടുക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. കൊച്ചുകുട്ടികളുള്ള പല മാതാപിതാക്കളും മറ്റുള്ളവരുടെ ശ്രദ്ധയെ ഏറെ പതറിക്കാതെ എളുപ്പത്തിൽ ഇറങ്ങിപ്പോയി തങ്ങളുടെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതിനു സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇരിക്കാനിഷ്ടപ്പെടുന്നു.
6 ‘സുവാർത്തക്കു യോഗ്യമാംവണ്ണം നടപ്പിൻ’ എന്ന് പൗലോസ് ഉദ്ബോധിപ്പിച്ചു. (ഫിലി. 1:27) അതുകൊണ്ട്, യോഗങ്ങൾക്കു ഹാജരാകുമ്പോൾ നല്ല പെരുമാറ്റ ശീലങ്ങളും മറ്റുള്ളവരുടെ നേർക്കു പരിഗണനയും ഉള്ളവരായിക്കുന്നതിനു നമുക്കു ശ്രമിക്കാം. എല്ലാവരുടെയും സഹകരണം ‘മറ്റുള്ളവരുടെ വിശ്വാസത്താൽ ഓരോരുത്തർക്കും പ്രോത്സാഹനക്കൈമാറ്റം’ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും.—റോമ. 1:12.