യഹോവയുടെ ആരാധനാസ്ഥലത്തോട് ആദരവുകാട്ടുക
1 ഒരാളുടെ അതിഥിയായിരിക്കുമ്പോൾ നാം ആ വ്യക്തിയുടെ വസ്തുവകകളോട് ആദരവു കാട്ടുന്നു. നാം അവയ്ക്കു കേടുപാടുകൾ വരുത്തുകയോ ആ കുടുംബത്തിലെ ദിനചര്യയെ തടസ്സപ്പെടുത്തുകയോ ഇല്ല. നാം യഹോവയുടെ അതിഥികളായിരിക്കുമ്പോൾ ഇത് എത്രയധികം സത്യമായിരിക്കണം! അവന്റെ ഭവനത്തിൽ എങ്ങനെ പെരുമാറണമെന്ന് നാം അറിഞ്ഞിരിക്കണം. (സങ്കീ. 15:1; 1 തിമൊ. 3:15) നമ്മുടെ ക്രിസ്തീയ യോഗം നടക്കുന്നത് രാജ്യഹാളിലോ ഒരു സ്വകാര്യ ഭവനത്തിലോ ഒരു പൊതു കെട്ടിടത്തിലോ ആയിരുന്നാലും, നമ്മിൽ ബഹുഭൂരിപക്ഷവും ആരാധനാസ്ഥലത്തോട്, “മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്ന” യഹോവയുടെ ഭവനമെന്നവണ്ണം എല്ലായ്പോഴും ആദരവുകാട്ടുന്നു.—സങ്കീ. 148:13.
2 ഒച്ചയുണ്ടാക്കിക്കൊണ്ടോ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ അപ്രധാനമാണെന്നുള്ള മട്ടിൽ പെരുമാറിക്കൊണ്ടോ ചില സഹോദരങ്ങൾ യോഗസമയത്ത് ആദരവില്ലായ്മ കാണിക്കുന്നു. യോഗം നടക്കുമ്പോൾ ചില മുതിർന്നവർ വരാന്തയിലും സാഹിത്യ-മാസികാ കൗണ്ടറുകളുടെ ചുറ്റിലും ടോയ്ലറ്റിലും രാജ്യഹാളിന്റെ പുറത്തുമായി അനാവശ്യ സംഭാഷണങ്ങളിൽ ഏർപ്പെടുന്നു. ഒരു മുതിർന്ന കുട്ടിയെ ഒരു കൊച്ചു കുട്ടിയുടെ മേൽനോട്ടം ഏൽപ്പിക്കുമ്പോൾ ചിലപ്പോൾ രണ്ടുപേരുംകൂടെ കളിക്കാൻ തുടങ്ങുകയും പരിപാടിയിൽനിന്ന് കാര്യമായ യാതൊരു പ്രയോജനവും നേടാതിരിക്കുകയും ചെയ്യുന്നു. ചില ചെറുപ്പക്കാർ യോഗങ്ങൾക്കുശേഷം രാജ്യഹാളിനു വെളിയിൽ കളിക്കുകയോ അമിതമായി ഒച്ചയിടുകയോ പരസ്പരം കരാട്ടേ ശൈലിയിലുള്ള ചുവടുവെയ്പ്പുകൾ നടത്തുകപോലുമോ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ചില കേസുകളിൽ അവർ അയൽക്കാരെ അലോസരപ്പെടുത്തുകയോ തെരുവിലെ ഗതാഗതത്തിനു തടസ്സംസൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നു.
3 ആദരവില്ലായ്മ ഒഴിവാക്കാവുന്ന വിധം: നമ്മുടെ ആരാധനയുടെ ആദരണീയതയും വിശുദ്ധിയും നാം തിരിച്ചറിയുന്നെങ്കിൽ, സ്വകാര്യം പറയുകയോ എന്തെങ്കിലും കഴിക്കുകയോ ചൂയിങ് ഗം ചവയ്ക്കുകയോ കടലാസുകൊണ്ട് കിരുകിര ശബ്ദമുണ്ടാക്കുകയോ അനാവശ്യമായി ടോയ്ലറ്റിലേക്ക് പോകുകയോ യോഗത്തിന് പതിവായി താമസിച്ചുവരുകയോ ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് ശ്രദ്ധാശൈഥില്യമുണ്ടാക്കാൻ നാം തീർച്ചയായും ആഗ്രഹിക്കില്ല. ആദരവും വിലമതിപ്പുമുള്ള മാതാപിതാക്കൾ രാജ്യഹാളിലെയോ പുസ്തകാധ്യയനം നടക്കുന്ന വീട്ടിലെയോ തറയിൽ ചപ്പുചവറുകൾ ഇടാനോ ഇരിപ്പിടങ്ങളോ ചുവരുകളോ വൃത്തികേടാക്കാനോ തങ്ങളുടെ കുട്ടികളെ അനുവദിക്കില്ല. ഏതു തരത്തിലുള്ള ലജ്ജാകരമായ നടത്തയും അബദ്ധസംസാരവും വൃത്തികെട്ട തമാശയും അവിടെ തികച്ചും അനുചിതമാണെന്നുള്ളതിനോട് നാമെല്ലാം നിസ്സംശയമായും യോജിക്കുന്നു.—എഫെ. 5:4.
4 ക്രിസ്തീയ യോഗങ്ങളുടെ ഉദ്ദേശ്യം നാം എല്ലായ്പോഴും ഓർമിക്കുന്നെങ്കിൽ നാമും നമ്മുടെ കുട്ടികളും, നാം “നിൽക്കാൻ തീരുമാനിച്ചിരിക്കുന്ന” യഹോവയുടെ ആരാധനാസ്ഥലത്തോട് ഉചിതമായ ആദരവുകാട്ടുന്നുവെന്ന് ഉറപ്പുവരുത്തും.—സങ്കീ. 84:10, NW.