മുഖ്യലേഖനം: മോശയിൽനിന്ന് എന്തു പഠിക്കാം?
ആരായിരുന്നു മോശ?
മോശ എന്ന പേരു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? പിൻവരുന്നവ ശ്രദ്ധിക്കുക . . .
സ്വന്തം അമ്മ ഒരു കുട്ടയിലാക്കി നൈൽ നദിയിൽ ഒളിപ്പിച്ചു വെച്ച പിഞ്ചുപൈതൽ!
ഈജിപ്‌തിൽ ഫറവോന്റെ പുത്രിയുടെ മകനായി സുഖലോലുപതയിൽ വളർന്നെങ്കിലും സ്വന്തം പൈതൃകം മറക്കാതിരുന്ന ഇസ്രായേല്യബാലൻ!
40 വർഷം മിദ്യാനിൽ ആട്ടിടയനായി ജീവിച്ച യുവാവ്!
കത്തുന്ന മുൾപ്പടർപ്പിനരികെ നിന്ന് യഹോവയുമായിa സംസാരിച്ച മനുഷ്യൻ!
ഇസ്രായേല്യരെ അടിമത്തത്തിൽ നിന്നു വിട്ടയയ്‌ക്കാൻ ഈജിപ്‌തിലെ രാജാവിനോട് ആവശ്യപ്പെട്ട ധീരനായ മനുഷ്യൻ!
ഈജിപ്‌തിലെ രാജാവ് സത്യദൈവത്തെ നിന്ദിച്ചപ്പോൾ ആ ദേശത്തിന്മേൽ ദൈവം വരുത്താൻ പോകുന്ന പത്ത് ബാധകളെക്കുറിച്ചു പ്രഖ്യാപിച്ച പുരുഷൻ!
ഇസ്രായേല്യരെ ഈജിപ്‌തിൽനിന്ന് അത്ഭുതകരമായി വിടുവിച്ചപ്പോൾ നേതൃത്വം നൽകിയ വ്യക്തി!
ചെങ്കടലിനെ വിഭജിക്കാനായി യഹോവ ഉപയോഗിച്ച മനുഷ്യൻ!
ദൈവത്തിൽനിന്നുള്ള പത്ത് കല്‌പനകൾ ഇസ്രായേല്യർക്കു നൽകിയ വ്യക്തി!
മോശയുടെ ജീവിതത്തിലെ ഏതാനും അനുഭവങ്ങൾ മാത്രമാണ് ഇവ. ക്രിസ്‌ത്യാനികളും യഹൂദരും മുസ്ലീങ്ങളും ഒരുപോലെ ഈ വിശ്വസ്‌തമനുഷ്യനെ ആദരിക്കുന്നതിൽ അതിശയിക്കാനില്ല.
‘ഭയങ്കര കാര്യങ്ങൾ’ പ്രവർത്തിച്ച ഒരു പ്രവാചകനായിരുന്നു മോശ എന്നതിനു സംശയമില്ല. (ആവർത്തനപുസ്‌തകം 34:10-12) അത്ഭുതകരമായ വിധത്തിൽ തന്നെ ഉപയോഗിക്കാൻ അവൻ ദൈവത്തെ അനുവദിച്ചു. എന്നിരുന്നാലും, മോശ ഒരു സാധാരണ മനുഷ്യനായിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു പ്രവാചകനായിരുന്ന ഏലിയാവിനെ “നമ്മെപ്പോലെതന്നെയുള്ള” ഒരു മനുഷ്യൻ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് ഒരു ദർശനത്തിൽ ഈ ഏലിയാവിനോടൊപ്പം മോശയെയും കാണുകയുണ്ടായി. (യാക്കോബ് 5:17; മത്തായി 17:1-9) അവരും നമ്മൾ അഭിമുഖീകരിക്കുന്നതുപോലെയുള്ള പല പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ട്. ആകട്ടെ, മോശ എങ്ങനെയാണ് അത്തരം പ്രശ്‌നങ്ങളെ വിജയകരമായി തരണം ചെയ്‌തത്?
അത് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? മോശ പ്രകടമാക്കിയ മൂന്നു ഗുണങ്ങളും അതിൽനിന്നു നമുക്ക് എന്തു പഠിക്കാമെന്നും പരിചിന്തിക്കാം. (w13-E 02/01)
a ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ പേര്.