ജീവിതകഥ
“ഞാൻ കണ്ടു എങ്കിലും ഗ്രഹിച്ചില്ല”
1975-ൽ എനിക്കു രണ്ടു വയസ്സുള്ളപ്പോൾ എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് അമ്മയ്ക്കു സംശയം തോന്നി. ഒരു ദിവസം ഞാൻ അമ്മയുടെ കൈയിലിരിക്കുമ്പോൾ അമ്മയുടെ കൂട്ടുകാരിയുടെ കൈയിൽനിന്നു ഭാരമുള്ള എന്തോ താഴെ വീണു. അത്ര വലിയ ശബ്ദമുണ്ടായിട്ടും ഞാൻ ഒന്ന് അനങ്ങുകപോലും ചെയ്തില്ലെന്ന് അമ്മ ശ്രദ്ധിച്ചു. മൂന്നു വയസ്സായിട്ടും ഞാൻ സംസാരിച്ചുമില്ല. അങ്ങനെയിരിക്കുമ്പോളാണു ഞെട്ടിക്കുന്ന ആ വാർത്ത ഡോക്ടർമാർ എന്റെ മാതാപിതാക്കളെ അറിയിക്കുന്നത്. “നിങ്ങളുടെ മകൻ പൂർണമായും ബധിരനാണ്!”
എന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ അവരുടെ വിവാഹബന്ധം വേർപെടുത്തി. എന്നെയും എന്റെ ചേച്ചിയെയും രണ്ടു ചേട്ടന്മാരെയും വളർത്താനുള്ള ഉത്തരവാദിത്വം അമ്മയുടെ ചുമലിലായി. അക്കാലത്ത് എന്റെ നാടായ ഫ്രാൻസിൽ, ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിനു ചില കടുത്ത മുറകൾ പ്രയോഗിച്ചിരുന്നു. അതു ഞങ്ങളുടെ പഠനം വളരെ ദുഷ്കരമാക്കി. എങ്കിലും, ബധിരരായ പല കുട്ടികൾക്കും ലഭിക്കാതിരുന്ന ഒരു അവസരം എനിക്കു ലഭിച്ചു. എന്താണെന്നോ? ഞാൻ വിശദീകരിക്കാം.
എനിക്ക് അഞ്ചുവയസ്സ് ഉള്ളപ്പോൾ
ബധിരരെ പഠിപ്പിക്കുന്നതു സംബന്ധിച്ചു പല അധ്യാപകർക്കിടയിലും തെറ്റിദ്ധാരണ നിലനിന്നിരുന്നു. ചുണ്ടുകളുടെ ചലനം മനസ്സിലാക്കി സംസാരിക്കാൻ നിർബന്ധിക്കുന്നതായിരുന്നു അവരുടെ പഠിപ്പിക്കൽരീതി. മാത്രമല്ല, ഫ്രാൻസിലെ സ്കൂളുകളിൽ ആംഗ്യഭാഷ പൂർണമായും വിലക്കിയിരുന്നു. ആംഗ്യങ്ങൾ കാണിക്കാതിരിക്കാൻ ചില കുട്ടികളുടെ കൈകൾ പുറകിൽ കെട്ടിവെക്കുകപോലും ചെയ്തു.
എന്റെ കുട്ടിക്കാലത്തെ ഏതാനും വർഷങ്ങൾ, ഓരോ വാരവും മണിക്കൂറുകളോളം ഞാൻ ഒരു സംസാരവൈകല്യവിദഗ്ധയുടെ ചികിത്സയിലായിരുന്നു. അവർ എന്റെ താടിയിലോ തലയിലോ അമർത്തി ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ ബധിരനായ ഞാൻ അവ എങ്ങനെ കേട്ട് ആവർത്തിക്കാനാണ്! മറ്റു കുട്ടികളുമായി ആശയവിനിമയം നടത്താനും എനിക്കു കഴിഞ്ഞിരുന്നില്ല. ആ കാലഘട്ടം എന്റെ ജീവിതത്തിലെ ദുരിതം നിറഞ്ഞ ഒരു അധ്യായമായിരുന്നു.
ആറു വയസ്സായപ്പോൾ എന്നെ ബധിരർക്കുള്ള ബോർഡിംഗ് സ്കൂളിൽ ചേർത്തു. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ മറ്റു ബധിരരായ കുട്ടികളുമായി സമ്പർക്കത്തിൽ വന്നു. പക്ഷേ, ഇവിടെയും ആംഗ്യഭാഷ അനുവദനീയമല്ലായിരുന്നു. ക്ലാസ്സിലെങ്ങാനും ആംഗ്യം കാണിക്കുന്നതു കണ്ടാൽ അധ്യാപകർ ഞങ്ങളുടെ വിരൽമുട്ടിന് അടിക്കുകയോ തലമുടി പറിക്കുകയോ ചെയ്യുമായിരുന്നു. പക്ഷേ, ആരും കാണാതെ ഞങ്ങൾത്തന്നെ ചില ആംഗ്യങ്ങൾ കണ്ടുപിടിച്ചു. ഒടുവിൽ, അതുപയോഗിച്ച് എനിക്കു മറ്റു കുട്ടികളുമായി ആശയവിനിമയം നടത്താൻ സാധിച്ചു! അങ്ങനെ എന്റെ ജീവിതത്തിലെ ആനന്ദം നിറഞ്ഞ നാലു വർഷങ്ങൾ കടന്നുപോയി.
പത്തു വയസ്സായപ്പോൾ എന്റെ എല്ലാ സന്തോഷവും ഊതിക്കെടുത്തിക്കൊണ്ട് എന്നെ സാധാരണകുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കു മാറ്റി. ഞാൻ തകർന്നുപോയി! ഈ ലോകത്തിൽ ജീവനോടെയുള്ള ഒരേയൊരു ബധിരനായ കുട്ടി ഞാനാണെന്ന് എനിക്കു തോന്നിപ്പോയി. എന്റെ മാതാപിതാക്കളാണെങ്കിൽ ആംഗ്യഭാഷ പഠിച്ചിട്ടുമില്ലായിരുന്നു; ആംഗ്യഭാഷ എന്റെ സംസാരചികിത്സയുടെ ഫലങ്ങൾ ഇല്ലാതാക്കുമെന്നു ഡോക്ടർമാർ അവരോടു പറഞ്ഞിരുന്നു. അതേ കാരണത്താൽത്തന്നെ മറ്റു ബധിരകുട്ടികളുമായി ഇടപെടാൻ എന്നെ അനുവദിച്ചിരുന്നുമില്ല. ഒരിക്കൽ ഒരു ശ്രവണവിദഗ്ധനെ കാണാൻ പോയ സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു ആംഗ്യഭാഷാപ്പുസ്തകം ഇരിക്കുന്നതു ഞാൻ കണ്ടു. അതിന്റെ പുറത്തെ ചിത്രങ്ങൾ കണ്ടപ്പോൾ അത് എനിക്കു തരാമോ എന്നു ഞാൻ ചോദിച്ചു. പക്ഷേ, ആ ഡോക്ടർ ഉടനെ അത് എടുത്ത് ഒളിപ്പിച്ചുവെച്ചു!a
ബൈബിൾസത്യം വേരുപിടിക്കുന്നു
അമ്മ ഞങ്ങൾ കുട്ടികളെ ക്രിസ്തീയതത്ത്വങ്ങൾക്കനുസരിച്ചു വളർത്തി. ബോർദോ എന്ന സ്ഥലത്തിന് അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ മേറിന്യാക് സഭയിൽ അമ്മ ഞങ്ങളെ യോഗങ്ങൾക്കു കൊണ്ടുപോകുമായിരുന്നു. കൊച്ചുകുട്ടിയായിരുന്ന എനിക്ക് അവിടെ പറയുന്ന കാര്യങ്ങൾ ഒട്ടുംതന്നെ മനസ്സിലായിരുന്നില്ല. പക്ഷേ സഭയിലുള്ളവർ മാറിമാറി എന്റെ അടുത്തിരുന്നു പരിപാടിയിലെ വിവരങ്ങൾ എന്നെ എഴുതിക്കാണിക്കുമായിരുന്നു. അവരുടെ സ്നേഹവും കരുതലും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. വീട്ടിൽവെച്ച് അമ്മ എന്നെ ബൈബിൾ പഠിപ്പിച്ചെങ്കിലും കാര്യങ്ങൾ എനിക്കു പൂർണമായി മനസ്സിലായിരുന്നില്ല. പുരാതനകാലത്ത് ഒരു ദൂതനിൽനിന്നു സന്ദേശം ലഭിച്ച ദാനിയേൽ പ്രവാചകൻ “കേട്ടു എങ്കിലും ഗ്രഹിച്ചില്ല” എന്നു പറഞ്ഞ അതേ അവസ്ഥയിലായി ഞാൻ. (ദാനീയേൽ 12:8) എന്റെ കാര്യത്തിൽ, “കണ്ടു എങ്കിലും ഗ്രഹിച്ചില്ല” എന്നു പറയേണ്ടി വരുമെന്നു മാത്രം.
എന്നിരുന്നാലും പതിയെപ്പതിയെ സത്യം എന്റെ ഹൃദയത്തിൽ വേരുപിടിക്കാൻ തുടങ്ങി. മനസ്സിലായ ബൈബിൾസത്യങ്ങൾ ഞാൻ നിധിപോലെ കരുതുകയും ജീവിതത്തിൽ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്തു. സഹോദരങ്ങളുടെ പെരുമാറ്റം നിരീക്ഷിച്ചതിലൂടെയും ഞാൻ പലതും പഠിച്ചു. ഉദാഹരണത്തിന്, ക്ഷമയുള്ളവരായിരിക്കാൻ ബൈബിൾ നമ്മോടു പറയുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. (യാക്കോബ് 5:7, 8) എന്നാൽ സഹോദരങ്ങൾ ക്ഷമ കാണിക്കുന്നതു കണ്ടപ്പോളാണ് ആ ഗുണം എന്താണെന്ന് എനിക്കു ശരിക്കും മനസ്സിലായത്. ക്രിസ്തീയസഭയിൽനിന്ന് എനിക്കു ലഭിച്ച നിരവധി പ്രയോജനങ്ങളിൽ ഒന്നു മാത്രമാണ് ഇത്.
നിരാശയും വിസ്മയവും
ബൈബിൾ പഠിക്കാൻ സ്റ്റെഫാൻ എന്നെ സഹായിച്ചു
എന്റെ കൗമാരകാലത്ത് ഒരു ദിവസം ചില ബധിരയുവാക്കൾ ആംഗ്യഭാഷയിൽ സംസാരിച്ചുകൊണ്ടു വഴിയിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആംഗ്യഭാഷ ഉപയോഗിക്കുന്നതിൽ വീട്ടുകാർക്കുള്ള എതിർപ്പു ഗണ്യമാക്കാതെ രഹസ്യമായി ഞാൻ അവരുമായി ചങ്ങാത്തത്തിലായി. അവർ എന്നെ ഫ്രഞ്ച് ആംഗ്യഭാഷ (FSL) പഠിപ്പിച്ചു. ക്രിസ്തീയയോഗങ്ങൾക്കു മുടങ്ങാതെ പോയതും എനിക്കു ഗുണം ചെയ്തു. അവിടെയുള്ള ഒരു യുവാവായ സ്റ്റെഫാൻ എനിക്കു താങ്ങും തണലും ആയിത്തീർന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും എന്നോടു സംസാരിക്കാൻ അദ്ദേഹം എല്ലാ ശ്രമവും നടത്തി. ഞങ്ങൾ അങ്ങനെ ആത്മസുഹൃത്തുക്കളായിത്തീർന്നു. പക്ഷേ, ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ക്രിസ്തീയനിഷ്പക്ഷത പാലിച്ച സ്റ്റെഫാൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടു ജയിലിലായി. എന്റെ ഹൃദയം തകർന്നുപോയി! നിരാശയ്ക്ക് അടിമപ്പെട്ട ഞാൻ യോഗങ്ങൾക്കു പോകുന്നത് ഏറെക്കുറെ നിർത്തിയ മട്ടായി.
പതിനൊന്നു മാസങ്ങൾക്കു ശേഷം സ്റ്റെഫാൻ ജയിൽമോചിതനായി. തിരിച്ചുവന്ന അദ്ദേഹം ആംഗ്യഭാഷയിൽ എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിസ്മയിച്ചുപോയി! ഇത് എങ്ങനെ സാധിച്ചു? ജയിലിൽവെച്ചു സ്റ്റെഫാൻ ഫ്രഞ്ച് ആംഗ്യഭാഷ പഠിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ കൈകളുടെ ചലനങ്ങളും മുഖത്തു വിരിഞ്ഞ ഭാവങ്ങളും എന്നെ കോരിത്തരിപ്പിച്ചു. ഇനി ആത്മീയ സത്യങ്ങൾ ഏറെ വ്യക്തമായി ഗ്രഹിക്കാൻ കഴിയുമല്ലോ എന്നോർത്തു ഞാൻ ആവേശഭരിതനായി.
സത്യം സ്വന്തമാക്കുന്നു
സ്റ്റെഫാൻ എന്നെ ആംഗ്യഭാഷയിൽ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് എന്റെ മനസ്സിൽ മുമ്പു പതിഞ്ഞിരുന്ന ബൈബിൾസത്യത്തിന്റെ നുറുങ്ങുകൾ കൂടിച്ചേർന്ന് ഒരു പൂർണചിത്രം രൂപപ്പെടാൻ തുടങ്ങിയത്. കുഞ്ഞായിരുന്നപ്പോൾ, നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ മനോഹരമായ ചിത്രങ്ങൾ നോക്കിയിരിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. അതിലെ വിശദാംശങ്ങൾ പരിശോധിച്ചും കഥാപാത്രങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തിയും കൊണ്ടു ബൈബിൾക്കഥകൾ ഞാൻ മനസ്സിൽ പതിപ്പിച്ചു. എനിക്ക് അബ്രാഹാമിനെയും “സന്തതി”യെയും “മഹാപുരുഷാര”ത്തെയും കുറിച്ച് അറിയാമായിരുന്നു. പക്ഷേ ആംഗ്യഭാഷയിൽ വിശദീകരിച്ചപ്പോൾ മാത്രമാണ് അവയുടെ കൃത്യമായ അർഥം എനിക്കു മനസ്സിലായത്. (ഉല്പത്തി 22:15-18; വെളിപാട് 7:9) അവസാനം എന്റെ ഭാഷ ഞാൻ കണ്ടെത്തി!
അങ്ങനെ, സഭായോഗങ്ങളിൽ പറയുന്ന കാര്യങ്ങൾ എനിക്കു മനസ്സിലാകാനും അവ എന്റെ ഹൃദയത്തെ സ്പർശിക്കാനും തുടങ്ങി. എന്റെ ആത്മീയദാഹം കൂടിക്കൂടി വന്നു. സ്റ്റെഫാന്റെ സഹായത്താൽ ബൈബിളിനെക്കുറിച്ചുള്ള എന്റെ അറിവു വർധിക്കുകയും 1992-ൽ ഞാൻ യഹോവയ്ക്ക് എന്റെ ജീവിതം സമർപ്പിച്ച് സ്നാനമേൽക്കുകയും ചെയ്തു. ഇത്രയൊക്കെ പുരോഗതി വരുത്തിയെങ്കിലും ചെറുപ്പത്തിൽ ആളുകളുമായി ഇടപഴകാൻ കഴിയാതിരുന്നത് എന്നെ അന്തർമുഖനും ലജ്ജാലുവും ആക്കിത്തീർത്തിരുന്നു.
ലജ്ജാശീലത്തെ മറികടക്കുന്നു
താമസിയാതെ ഞാൻ സഹവസിച്ചിരുന്ന ആംഗ്യഭാഷാക്കൂട്ടം ബോർദോനഗരത്തിന്റെ പ്രാന്തപ്രദേശമായ പെസാക്കിലെ സഭയോടു കൂട്ടിച്ചേർത്തു. അത് ഒരു വലിയ സഹായമായി; എനിക്ക് ആത്മീയമായി പുരോഗമിക്കാൻ കഴിഞ്ഞു. ആശയവിനിമയം ചെയ്യാനുള്ള പരിമിതമായ പ്രാപ്തിയുമായി ഞാൻ മല്ലിടുകയായിരുന്നെങ്കിലും കേൾവിശക്തിയുള്ള എന്റെ സുഹൃത്തുക്കൾ, എല്ലാം എനിക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. സഭയിലെ ഒരു ദമ്പതികളായ ഴീലും എലോഡിയും എന്നോടു സംസാരിക്കാൻ പ്രത്യേകശ്രമം ചെയ്തു. അവർ പലപ്പോഴും യോഗങ്ങൾക്കു ശേഷം കാപ്പി കുടിക്കാനും ഒരുമിച്ചു ഭക്ഷണം കഴിക്കാനും എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. യഹോവയുടെ വഴികളിൽ നടക്കുന്നവരോടൊപ്പം ആയിരിക്കുന്നത് എത്ര സന്തോഷകരമാണ്!
എന്നെ നന്നായി പിന്തുണയ്ക്കുന്ന വനേസ്സയോടൊപ്പം
ഈ സഭയിൽവെച്ചാണു ഞാൻ സുന്ദരിയായ വനേസ്സയെ പരിചയപ്പെട്ടത്. അവളുടെ നീതിബോധവും സഹാനുഭൂതിയും എനിക്കു വളരെ ഇഷ്ടപ്പെട്ടു. എന്റെ ബധിരത ഒരു തടസ്സമായല്ല, പകരം ജീവിതം സമ്പുഷ്ടമാക്കുന്ന ഒരു പുതിയ അനുഭവമായാണ് അവൾ കണ്ടത്. അവൾ എന്റെ ഹൃദയം കവർന്നു; 2005-ൽ ഞങ്ങൾ വിവാഹിതരായി. ആശയവിനിമയപ്രാപ്തിയുടെ കാര്യത്തിൽ ഞാൻ കാര്യമായി മെച്ചപ്പെട്ടിട്ടില്ലെങ്കിലും ലജ്ജാശീലം മറികടക്കാനും കുറെക്കൂടെ തുറന്ന് ആളുകളോട് ഇടപെടാനും വനേസ്സയുടെ സഹായത്താൽ എനിക്ക് ഇപ്പോൾ കഴിയുന്നു. എന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ അവൾ എനിക്കു നൽകുന്ന പിന്തുണ ഞാൻ വളരെ വിലമതിക്കുന്നു.
യഹോവയിൽനിന്നുള്ള മറ്റൊരു സമ്മാനം
ഞങ്ങളുടെ വിവാഹം കഴിഞ്ഞ അതേ വർഷം, ഒരു മാസത്തെ പരിഭാഷാപരിശീലനത്തിനുവേണ്ടി എന്നെ ലൂവ്യയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്കു ക്ഷണിച്ചു. ഫ്രഞ്ച് ആംഗ്യഭാഷയിൽ ഡിവിഡി-കൾ തയ്യാറാക്കാനായി ബ്രാഞ്ചിലെ സഹോദരങ്ങൾ കുറച്ചുവർഷങ്ങളായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. കൂടുതൽ ഡിവിഡി-കൾ തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നതിനാൽ അവിടെയുള്ള പരിഭാഷാസംഘത്തിനു സഹായം ആവശ്യമായിരുന്നു.
ഫ്രഞ്ച് ആംഗ്യഭാഷയിൽ പ്രസംഗം നടത്തുന്നു
ബെഥേലിൽ സേവിക്കാൻ എനിക്കു ലഭിച്ച ക്ഷണം യഹോവയിൽനിന്നുള്ള സമ്മാനവും പദവിയും ആയി ഞങ്ങൾ വീക്ഷിച്ചെങ്കിലും അല്പം ആശങ്കയും ഞങ്ങൾക്കു തോന്നാതിരുന്നില്ല. ഞങ്ങളുടെ ആംഗ്യഭാഷാക്കൂട്ടത്തിന്റെ കാര്യമെന്താകും? ഞങ്ങളുടെ വീടിന്റെ കാര്യമോ? ബ്രാഞ്ചോഫീസിനടുത്തു വനേസ്സയ്ക്കു ജോലി കിട്ടുമോ? സന്തോഷകരമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെല്ലാം യഹോവ അത്ഭുതകരമായി പരിഹരിച്ചു. ബധിരരോടും ഞങ്ങളോടും ഉള്ള യഹോവയുടെ സ്നേഹം ഞാൻ ഒരിക്കൽക്കൂടെ അനുഭവിച്ചറിഞ്ഞു.
ഒരുമയുള്ള ഒരു ജനത്തിന്റെ പിന്തുണ
ബധിരരെ ആത്മീയമായി സഹായിക്കാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഏറെ നന്നായി മനസ്സിലാക്കാൻ പരിഭാഷാവേലയിലായിരിക്കുന്നത് എന്നെ സഹായിക്കുന്നു. എന്നോടു സംസാരിക്കാൻവേണ്ടി സഹോദരങ്ങൾ ആംഗ്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ അത് എന്നെ എത്ര സന്തോഷിപ്പിക്കുന്നെന്നോ! തഴയപ്പെടുന്നതായി എനിക്കു തോന്നുന്നതേ ഇല്ല. സ്നേഹത്തിന്റെ ആ പ്രകടനങ്ങളെല്ലാം യഹോവയുടെ ജനത്തിനിടയിലെ അതുല്യമായ ഐക്യത്തിന്റെ പ്രതിഫലനങ്ങളാണെന്നു ഞാൻ തിരിച്ചറിയുന്നു.—സങ്കീർത്തനം 133:1.
ബ്രാഞ്ചോഫീസിലെ പരിഭാഷാവിഭാഗത്തിൽ സേവിക്കുന്നു
എനിക്കു സഹായം ആവശ്യമുള്ളപ്പോഴൊക്കെ ക്രിസ്തീയസഭയിലെ സഹോദരങ്ങളെ യഹോവ ഉപയോഗിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ദൈവത്തെ അറിയാനും ദൈവത്തോട് അടുക്കാനും ബധിരരെ സഹായിക്കുന്നതിൽ എനിക്കുള്ള എളിയ പങ്കു ഞാൻ വളരെ വിലമതിക്കുന്നു. ആശയവിനിമയത്തിനുള്ള തടസ്സങ്ങളെല്ലാം പരിഹരിച്ച് എല്ലാ ആളുകളും യഹോവയെയും അവന്റെ ഉദ്ദേശങ്ങളെയും കുറിച്ചുള്ള സത്യമാകുന്ന “നിർമലഭാഷ” സംസാരിക്കുന്ന ആ നാളിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.—സെഫന്യാവു 3:9, NW. ▪ (w13-E 03/01)
a 1991-ലാണു ഫ്രഞ്ച് ഗവണ്മെന്റ് ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിന് ആംഗ്യഭാഷ ഉപയോഗിക്കാൻ അനുമതി നൽകിയത്.