കുടുംബസന്തുഷ്ടിയുടെ രഹസ്യം
നിങ്ങളുടെ കുട്ടിക്ക് ഒരു വൈകല്യം ഉള്ളപ്പോൾ
ഡെന്നി:a “ഞങ്ങളുടെ മകൻ ആൻഡ്രൂവിന് ജനിതകവൈകല്യം (Down’s syndrome) ഉണ്ട്. അവന്റെ രോഗം ഞങ്ങളെ ശാരീരികമായും മാനസികമായും വൈകാരികമായും തളർത്തിക്കളയുന്നു. ആരോഗ്യവാനായ ഒരു കുട്ടിയെ പരിപാലിക്കുന്നതിനെക്കാൾ നൂറുമടങ്ങു ശക്തി രോഗിയായ കുട്ടിയെ പരിപാലിക്കുന്നതിന് ആവശ്യമാണ്. ചിലപ്പോഴൊക്കെ അതു ഞങ്ങളുടെ കുടുംബജീവിതത്തെപ്പോലും ബാധിക്കാറുണ്ട്.”
മിയ: “ആൻഡ്രൂവിനെ നിസ്സാരകാര്യങ്ങൾപ്പോലും പഠിപ്പിക്കാൻ വളരെയധികം ക്ഷമയും പരിശ്രമവും വേണം. ഞാൻ ക്ഷീണിതയായിരിക്കുമ്പോൾ അക്ഷമയാകുകയും ഭർത്താവായ ഡെന്നിയോട് കോപിക്കുകയും ചെയ്യാറുണ്ട്. ഇക്കാരണത്താൽ ചിലപ്പോഴൊക്കെ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും അതു തർക്കത്തിലേക്കു നയിക്കുകയും ചെയ്യുന്നു.”
നിങ്ങളുടെ കുട്ടി ജനിച്ച ആ ദിവസം നിങ്ങൾക്ക് ഓർമിക്കാനാകുമോ? കുഞ്ഞിനെ എടുക്കാൻ നിങ്ങൾ എത്ര ആകാംഷയുള്ളവരായിരുന്നു! എന്നാൽ തങ്ങളുടെ കുട്ടിക്ക് ഒരു അസുഖമോ വൈകല്യമോ ഉണ്ടെന്നു കേൾക്കുമ്പോൾ ഡെന്നിയെയും മിയയെയും പോലുള്ള മാതാപിതാക്കൾക്ക് അവരുടെ സന്തോഷത്തോടൊപ്പം ഉത്കണ്ഠയുമുണ്ടാകുന്നു.
നിങ്ങൾക്കു വൈകല്യമുള്ള ഒരു കുട്ടിയുണ്ടോ? ഉണ്ടെങ്കിൽ, അതുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. നിരാശപ്പെടേണ്ട. നിങ്ങളെപ്പോലെയുള്ള പല മാതാപിതാക്കളും സമാനമായ പ്രശ്നങ്ങൾ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന മൂന്നു പ്രശ്നങ്ങളെയും ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തിനു നിങ്ങളെ സഹായിക്കാൻ കഴിയുന്ന വിധത്തെയും കുറിച്ചു പരിചിന്തിക്കാം.
പ്രശ്നം 1: വൈകല്യമുണ്ടെന്ന വസ്തുത അംഗീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്.
തങ്ങളുടെ കുട്ടി രോഗബാധിതനാണെന്ന് അറിയുന്നത് അനേകം മാതാപിതാക്കളെയും തളർത്തിക്കളയുന്നു. “ഞങ്ങളുടെ മകൻ ആൽഫ്രഡിന് ഒരുതരം തളർവാതം (Cerebral Palsy) ഉണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് അതു വിശ്വസിക്കാനായില്ല. ലോകം കീഴ്മേൽ മറിയുന്നതുപോലെ എനിക്കു തോന്നി,” മെക്സിക്കോയിലുള്ള ജൂലി പറയുന്നു. “എന്റെ പ്രായത്തിലുള്ള സ്ത്രീകൾക്കു കുട്ടികൾ ഉണ്ടാകുന്നത് അപകടകരമാണെന്ന് അറിഞ്ഞിട്ടും ഞാൻ അതിനു മുതിർന്നു. ഇപ്പോൾ എന്റെ മകൻ ജനിതകവൈകല്യവുമായി (Down’s syndrome) മല്ലിടുന്നതു കാണുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു,” ഇറ്റലിയിൽ നിന്നുള്ള ലിഡിയ പറയുന്നു. ഇതേ വികാരമായിരിക്കാം മറ്റു ചിലർക്കുമുള്ളത്.
നിങ്ങൾക്കു കുറ്റബോധമോ നിരാശയോ തോന്നുന്നെങ്കിൽ അതു സ്വാഭാവികമാണ്. കാരണം, ദൈവത്തിന്റെ ആദിമോദ്ദേശത്തിന്റെ ഭാഗമായിരുന്നില്ല രോഗങ്ങൾ. (ഉല്പത്തി 1:27, 28) രോഗങ്ങളും വൈകല്യങ്ങളും പോലുള്ള അസ്വാഭാവികമായ എന്തെങ്കിലും എളുപ്പം അംഗീകരിക്കാനുള്ള പ്രാപ്തിയോടെയല്ല അവൻ മാതാപിതാക്കളെ സൃഷ്ടിച്ചത്. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്കു വൈകല്യമുണ്ടെന്ന് അറിയുമ്പോൾ വല്ലാത്ത ദുഃഖം തോന്നിയേക്കാം. നിങ്ങളുടെ മാനസികാവസ്ഥയുമായും പുതിയ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ സമയം എടുത്തേക്കാം.
കുട്ടിയുടെ വൈകല്യത്തിന്റെ ഉത്തരവാദി നിങ്ങളാണെന്നു തോന്നുന്നെങ്കിൽ എന്ത്? ഓർക്കുക, ഒരു കുട്ടിയുടെ ആരോഗ്യത്തെ പാരമ്പര്യവും പരിസ്ഥിതിയും മറ്റു ഘടകങ്ങളും എങ്ങനെ ബാധിക്കുന്നെന്ന് ആർക്കും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇനി, കുട്ടിയുടെ വൈകല്യത്തിന് ഇണയെ കുറ്റപ്പെടുത്താനുള്ള പ്രവണതയുണ്ടെങ്കിലോ? അതിനെ ചെറുക്കുക. നിങ്ങളുടെ ഇണയോട് സഹകരിച്ചു കുട്ടിയെ പരിപാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും.—സഭാപ്രസംഗി 4:9, 10.
നിർദേശം: നിങ്ങളുടെ കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ചു പഠിക്കുക; അതാണ് ജ്ഞാനപൂർവകമായ ഗതി. “ജ്ഞാനത്താൽ വീടു പണിയപ്പെടുന്നു” എന്നും “വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു” എന്നും ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 24:3, പി.ഒ.സി. ബൈബിൾ.
ആശ്രയയോഗ്യമായ വിവരങ്ങൾ അടങ്ങിയ പ്രസിദ്ധീകരണങ്ങളിൽനിന്നും വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരിൽനിന്നും നിങ്ങൾക്കു പഠിക്കാൻ കഴിയും. കുട്ടിയുടെ അവസ്ഥ മനസ്സിലാക്കുന്നതിനെ ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നതുമായി താരതമ്യം ചെയ്യാം. ആദ്യം ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും സാവധാനം നിങ്ങൾക്ക് അതു പഠിക്കാൻ കഴിയും.
തുടക്കത്തിൽ പരാമർശിച്ച ഡെന്നിയും മിയയും, ഡോക്ടറിൽനിന്നും ജനിതകവൈകല്യത്തെപ്പറ്റി വിശദമായി പഠിക്കുന്ന ഒരു സംഘടനയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. “ഈ രോഗംമൂലം വരാവുന്ന ബുദ്ധിമുട്ടുകൾ മാത്രമല്ല, ഇത്തരമൊരു രോഗിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങൾക്കു മനസ്സിലാക്കാനായി. ജീവിതത്തിന്റെ പല വശങ്ങളിലും അവന് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന തിരിച്ചറിവ് ഞങ്ങൾക്കു വളരെ ആശ്വാസമേകി,” അവർ പറയുന്നു.
ശ്രമിച്ചുനോക്കുക: നിങ്ങളുടെ കുട്ടിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബം ഒത്തൊരുമിച്ചു കാര്യാദികളിൽ പങ്കെടുക്കാൻ ആസൂത്രണം ചെയ്യുക. ഒരു ചെറിയ കാര്യം ചെയ്യുന്നതിൽ വിജയിക്കുമ്പോൾപോലും കുട്ടിയെ പ്രശംസിക്കുകയും അവന്റെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുക.
പ്രശ്നം 2: നിങ്ങൾക്കു വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു, വൈകാരികമായി ഒറ്റപ്പെട്ടതായി തോന്നുന്നു.
രോഗിയായ കുട്ടിയെ പരിപാലിക്കുമ്പോൾ നിങ്ങളുടെ മുഴുശക്തിയും ചോർന്നുപോകുന്നതായി തോന്നിയേക്കാം. ന്യൂസിലൻഡിലുള്ള ജെന്നി പറയുന്നു: “എന്റെ മകന് നട്ടെല്ലിനോടു ബന്ധപ്പെട്ട രോഗമാണെന്ന് അറിഞ്ഞശേഷം, പതിവിൽ കൂടുതൽ വീട്ടുജോലികൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാൻ വല്ലാതെ ക്ഷീണിതയാകുകയും കരയുകയും ചെയ്യുന്നു.”
നിങ്ങൾ അനുഭവിച്ചേക്കാവുന്ന മറ്റൊരു പ്രശ്നമാണ് ഏകാന്തത. പേശീശോഷണത്താലും മാനസികവൈകല്യത്താലും ബുദ്ധിമുട്ടുന്ന ഒരു കുട്ടിയുള്ള ബെന്നി പറയുന്നത്: “ഞങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് മിക്ക ആളുകൾക്കും മനസ്സിലാക്കാനാകില്ല.” കുട്ടിയുടെ രോഗാവസ്ഥയെയും നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ മിക്ക സുഹൃത്തുക്കൾക്കും ആരോഗ്യമുള്ള കുട്ടികളുള്ളതുകൊണ്ട് അവരോട് മനസ്സുതുറക്കാൻ നിങ്ങൾക്കു മടി തോന്നാം.
നിർദേശം: സഹായം ചോദിക്കാൻ മടിക്കരുത്; ആരെങ്കിലും സഹായിക്കാൻ മനസ്സുകാണിച്ചാൽ അതു സ്വീകരിക്കുക. നേരത്തെ പരാമർശിച്ച ജൂലി സമ്മതിച്ചുപറയുന്നു: “സഹായം ചോദിക്കാൻ ആദ്യമൊക്കെ എനിക്കും ഭർത്താവിനും മടിയായിരുന്നു. എന്നിരുന്നാലും, മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ സഹായത്താൽ ഞങ്ങൾ ഇപ്പോൾ ഏകാന്തതയെ തരണം ചെയ്തിരിക്കുന്നു.” ഒരു സാമൂഹികകൂടിവരവിനോ ക്രിസ്തീയയോഗത്തിനോ പോകുമ്പോൾ നിങ്ങളുടെ ഉറ്റസുഹൃത്തോ കുടുംബാംഗമോ കുട്ടിയോടൊപ്പം ഇരിക്കാമെന്നു പറയുകയാണെങ്കിൽ സന്തോഷത്തോടെ ആ വാഗ്ദാനം സ്വീകരിക്കുക. “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു” എന്നും “അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്നും ഒരു ബൈബിൾ പഴമൊഴി പറയുന്നു.—സദൃശവാക്യങ്ങൾ 17:17.
നിങ്ങളുടെ സ്വന്തം ആരോഗ്യത്തിനു ശ്രദ്ധകൊടുക്കുക. ഉദാഹരണത്തിന്, രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ആംബുലൻസിൽ കൂടെക്കൂടെ ഇന്ധനം നിറക്കേണ്ടതുണ്ട്. അതുപോലെതന്നെ നിങ്ങളുടെ കുട്ടിക്ക് അർഹിക്കുന്ന സംരക്ഷണം നൽകണമെങ്കിൽ നിങ്ങൾക്കു നല്ല ആരോഗ്യം ആവശ്യമാണ്. അതിനു ക്രമമായ വ്യായാമം, വിശ്രമം, പോഷകഗുണമുള്ള ആഹാരം എന്നിവ അത്യന്താപേക്ഷിതമാണ്. ജോസഫ് പറയുന്നു: “നടക്കാൻ കഴിയാത്ത എന്റെ മകനെ എടുത്തുകൊണ്ടുനടക്കുന്നതിന് എനിക്കു നല്ല ആരോഗ്യം വേണം. എന്റെ കാലുകളാണ് അവന്റെ കാലുകൾ. അതുകൊണ്ടു ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നു.”
ആരോഗ്യം പരിപാലിക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ സമയം കണ്ടെത്താൻ കഴിയും? ചില മാതാപിതാക്കൾ അവരുടെ കുട്ടിയെ മാറിമാറി പരിപാലിക്കുന്നു. അപ്പോൾ, മാതാപിതാക്കളിൽ ഒരാൾക്ക് വിശ്രമിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കാനും കഴിയും. സമനിലയോടെ കാര്യങ്ങൾ ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കുന്നതിനാൽ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽനിന്നു സമയം വിലയ്ക്കുവാങ്ങേണ്ടതുണ്ട്. ഇന്ത്യയിൽനിന്നുള്ള മാതാവായ മയൂരി പറയുന്നതുപോലെ, അങ്ങനെ ചെയ്യുമ്പോൾ “ക്രമേണ അതു നിങ്ങളുടെ ദിനചര്യയായി മാറും.”
ആശ്രയയോഗ്യനായ ഒരു സുഹൃത്തിനോടു സംസാരിക്കുക. രോഗമില്ലാത്ത കുട്ടികളുള്ള സുഹൃത്തുക്കൾക്കുപോലും സമാനുഭാവമുള്ള കേൾവിക്കാരായിരിക്കാനാകും. നിങ്ങൾക്ക് യഹോവയാം ദൈവത്തോടു പ്രാർഥിക്കാനും കഴിയും. പ്രാർഥന യഥാർഥത്തിൽ നിങ്ങളെ സഹായിക്കുമോ? യാസ്മിന് ഗുരുതരമായ ദഹന-ശ്വസന പ്രശ്നങ്ങളുള്ള (cystic fibrosis) രണ്ടു കുട്ടികളുണ്ട്. അവൾ പറയുന്നു: “ചില സാഹചര്യങ്ങളിൽ കടുത്ത സമ്മർദംമൂലം മരിച്ചുപോകുമെന്നുപോലും എനിക്കു തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ആശ്വാസത്തിനായും ശക്തിക്കായും യഹോവയോടു പ്രാർഥിക്കുമ്പോൾ എനിക്കു തുടർന്നും മുന്നോട്ടു പോകാൻ ശക്തി ലഭിക്കുന്നതായി തോന്നുന്നു.”—സങ്കീർത്തനം 145:18.
ശ്രമിച്ചുനോക്കുക: നിങ്ങൾ എന്തു കഴിക്കുന്നു, എപ്പോൾ വ്യായാമം ചെയ്യുന്നു, എത്ര സമയം ഉറങ്ങുന്നു ഇവയെല്ലാം പരിശോധിക്കുക. പ്രാധാന്യമില്ലാത്ത കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്നു സമയം വിലയ്ക്കുവാങ്ങുക. അപ്പോൾ, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ആ സമയം ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ ദിനചര്യയിൽ ആവശ്യാനുസരണം പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുക.
പ്രശ്നം 3: മറ്റു കുടുംബാംഗങ്ങൾക്കു കൊടുക്കുന്നതിനെക്കാൾ അധികം ശ്രദ്ധ രോഗിയായ കുട്ടിക്കു കൊടുക്കുന്നു.
രോഗിയായ ഒരു കുട്ടി വീട്ടിലുണ്ടെങ്കിൽ കുടുംബത്തിലുള്ളവർ എന്തു കഴിക്കുന്നു, എവിടെ പോകുന്നു, മാതാപിതാക്കൾ തങ്ങളുടെ മറ്റു കുട്ടികൾക്കുവേണ്ടി എത്ര സമയം ചെലവഴിക്കുന്നു എന്നതിനെയെല്ലാം അതു ബാധിച്ചേക്കാം. മറ്റു കുട്ടികൾക്കു മാതാപിതാക്കൾ തങ്ങളെ അവഗണിക്കുന്നതായി തോന്നാനിടയുണ്ട്. രോഗിയായ കുട്ടിയെ പരിപാലിക്കുന്നതിനുവേണ്ടി ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നത് അവരുടെ ദാമ്പത്യം തകരാറിലാക്കിയേക്കാം. ലൈബീരിയയിൽനിന്നുള്ള ജെറോം പറയുന്നു: “കുടുംബോത്തരവാദിത്തങ്ങളുടെ മുഖ്യപങ്ക് വഹിക്കുന്നത് താനാണെന്നു ഭാര്യ പറയാറുണ്ട്. മകനുവേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ലെന്നുമാണ് അവളുടെ പരാതി. ഇതൊക്കെ കേൾക്കുമ്പോൾ അവൾ എന്നെ ബഹുമാനിക്കുന്നില്ലെന്ന തോന്നൽ എന്നിൽ ഉളവാകുന്നു. അതുകൊണ്ട് ചിലപ്പോഴൊക്കെ ഞാൻ അവളോടു പരുഷമായി സംസാരിച്ചുപോകുന്നു.”
നിർദേശം: കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് അവരിൽ എല്ലാവരിലും നിങ്ങൾ തത്പരരാണെന്ന് ഉറപ്പുകൊടുക്കുക. “ചിലപ്പോൾ, മൂത്ത മകന് ഇഷ്ടപ്പെട്ട ഹോട്ടലിൽ കയറി ഒരു നേരത്തെ ഭക്ഷണം കഴിച്ചുകൊണ്ടുപോലും ഞങ്ങൾ അവനു പ്രത്യേകപരിഗണന നൽകാറുണ്ട്,” മുമ്പു പറഞ്ഞ ജെന്നി പറയുന്നു.
നിങ്ങളുടെ എല്ലാ മക്കളോടും താൽപര്യം കാണിക്കുക
നിങ്ങളുടെ ദാമ്പത്യം സംരക്ഷിക്കാനായി ഒരുമിച്ചു പ്രാർഥിക്കുകയും ഇണയുമായി സംസാരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുക. അപസ്മാരം ബാധിച്ച ഒരു കുട്ടിയുടെ പിതാവായ ഇന്ത്യയിൽനിന്നുള്ള അസിം പറയുന്നു: “ചില സാഹചര്യങ്ങളിൽ ക്ഷീണവും നിരുത്സാഹവും അനുഭവപ്പെടുമ്പോൾ ഞാനും ഭാര്യയും ഒരുമിച്ചിരുന്നു പ്രാർഥിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ കുട്ടികൾ ഉണരുന്നതിനു മുമ്പ് ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ബൈബിൾ വാക്യം പരിചിന്തിക്കാറുണ്ട്.” മറ്റു ചില ദമ്പതികൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് സ്വകാര്യസംഭാഷണങ്ങളിൽ ഏർപ്പെടുന്നു. കടുത്ത സമ്മർദമുള്ള സാഹചര്യങ്ങളിൽ സ്വകാര്യസംഭാഷണങ്ങളും ആത്മാർഥമായ പ്രാർഥനകളും നിങ്ങളുടെ വിവാഹജീവിതം കൂടുതൽ ശക്തിപ്പെടുത്തും. (സദൃശവാക്യങ്ങൾ 15:22) “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമാർന്ന നിമിഷങ്ങൾ കടുത്ത സമ്മർദമുള്ള ദിവസങ്ങളിലായിരുന്നു” എന്ന് ഒരു ദമ്പതികൾ പറയുകയുണ്ടായി.
ശ്രമിച്ചുനോക്കുക: രോഗിയായ കുട്ടിയെ മറ്റു കുട്ടികൾ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുമ്പോൾ അവരെ അഭിനന്ദിക്കുക. കുട്ടികളോടും ഇണയോടും ഉള്ള സ്നേഹവും വിലമതിപ്പും കൂടെക്കൂടെ പ്രകടമാക്കുക.
ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക
പ്രായമുള്ളവരെയും ചെറുപ്പക്കാരെയും ബാധിക്കുന്ന എല്ലാ അസുഖങ്ങളും വൈകല്യങ്ങളും ദൈവം പെട്ടെന്നുതന്നെ തുടച്ചുനീക്കുമെന്നു ബൈബിൾ ഉറപ്പുനൽകുന്നു. (വെളിപാട് 21:3, 4) അന്ന് “‘എനിക്കു ദീനം’ എന്നു യാതൊരു നിവാസിയും പറകയില്ല.”b—യെശയ്യാവു 33:24.
വൈകല്യമുള്ള ഒരു കുട്ടിയുടെ മാതാവോ പിതാവോ ആണെങ്കിലും നിങ്ങൾക്കു വിജയിക്കാനാകും. “കാര്യങ്ങളൊന്നും ശരിയാകുന്നില്ല എന്നു തോന്നുമ്പോൾ നിരാശിതരാകുന്നതിനു പകരം കുട്ടിയുടെ കഴിവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുക, കാരണം അവന് അനേകം കഴിവുകളുണ്ടല്ലോ” എന്നു മുമ്പ് പരാമർശിച്ച ഡാനിയും മിയയും പറയുന്നു. ▪ (w13-E 02/01)
a പേരുകൾ മാറ്റിയിട്ടുണ്ട്.
b എല്ലാവർക്കും പൂർണമായ ആരോഗ്യം ലഭിക്കുമെന്ന ബൈബിൾവാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 3-ാം അധ്യായം കാണുക.
നിങ്ങളോടുതന്നെ ചോദിക്കുക . . .
എന്റെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആരോഗ്യം കാത്തുസൂക്ഷിക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?
എന്റെ മറ്റു കുട്ടികൾ ചെയ്ത സഹായത്തിന് അവസാനമായി ഞാൻ എന്നാണ് അവരെ അഭിനന്ദിച്ചത്?