വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 4/1 പേ. 8-9
  • നുണ വരുത്തിയ കുഴപ്പങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നുണ വരുത്തിയ കുഴപ്പങ്ങൾ
  • 2013 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • നുണ പറയരുതാത്തത്‌ എന്തുകൊണ്ട്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സത്യം പറയാഞ്ഞ രണ്ടു വ്യക്തികൾ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • പേടി മാറ്റാൻ എന്താണ്‌ മാർഗം?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
2013 വീക്ഷാഗോപുരം
w13 4/1 പേ. 8-9

മക്കളെ പഠിപ്പിക്കാൻ

നുണ വരുത്തിയ കുഴപ്പങ്ങൾ

സത്യമല്ലാത്ത കാര്യങ്ങൾ പറയുന്നതാണു നുണ എന്നു നമുക്കെല്ലാം അറിയാം. നിങ്ങൾ എന്നെങ്കിലും നുണ പറഞ്ഞിട്ടുണ്ടോ?—a ദൈവത്തെ സ്‌നേഹിച്ചിരുന്ന ചില ആളുകൾ നുണ പറഞ്ഞിട്ടുണ്ട്‌. അങ്ങനെയുള്ള ഒരാളെപ്പറ്റി ബൈബിൾ പറയുന്നു. അത്‌ ആരാണെന്ന്‌ അറിയാമോ? പത്രോസാണ്‌ അത്‌, യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരാൾ. പത്രോസ്‌ എന്തിനാണു നുണ പറഞ്ഞത്‌? നമുക്കു നോക്കാം.

[8-ാം പേജിലെ ചിത്രം]

യേശുവിനെ പിടികൂടിയിരിക്കുന്നു. അവനെ ഇപ്പോൾ മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോയിരിക്കുകയാണ്‌. സമയം പാതിരാത്രി കഴിഞ്ഞു. യേശുവിനെ പിന്തുടർന്നു വന്ന പത്രോസ്‌ ഇപ്പോൾ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റം വരെയെത്തി. ആരും അവനെ തിരിച്ചറിഞ്ഞില്ല. പക്ഷേ അവനെ അകത്തേക്കു കടത്തിവിട്ട ദാസിപ്പെൺകുട്ടി തീയുടെ വെളിച്ചത്തിൽ അവനെ തിരിച്ചറിഞ്ഞു. അവൾ ഇങ്ങനെ ചോദിച്ചു: “യേശുവിന്റെകൂടെ നീയും ഉണ്ടായിരുന്നല്ലോ?” പേടിച്ചുപോയ പത്രോസ്‌ ഇല്ല എന്ന്‌ ഉത്തരം പറഞ്ഞു.

പിന്നീട്‌, “മറ്റൊരു പെൺകുട്ടി അവനെ കണ്ടു” എന്നു ബൈബിൾ പറയുന്നു. “ഈ മനുഷ്യൻ നസറായനായ യേശുവിനോടൊപ്പം ഉണ്ടായിരുന്നവനാണ്‌” എന്ന്‌ അവൾ പറഞ്ഞു. അപ്പോഴും പത്രോസ്‌ അതു നിഷേധിച്ചു. അല്‌പനേരം കഴിഞ്ഞപ്പോൾ മറ്റുള്ളവരും അവനോട്‌, “നീ അവരിൽ ഒരുവനാണ്‌ തീർച്ച” എന്നു പറഞ്ഞു.

പത്രോസ്‌ ഭയന്നുപോയി. അങ്ങനെ, മൂന്നാം പ്രാവശ്യവും “ആ മനുഷ്യനെ ഞാൻ അറിയുകയില്ല” എന്ന്‌ അവൻ കള്ളം പറഞ്ഞു. ഉടൻതന്നെ കോഴി കൂകി. പെട്ടെന്ന്‌ യേശു പത്രോസിനെ നോക്കി. അപ്പോൾ, “കോഴി കൂകുംമുമ്പ്‌ നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞത്‌ അവൻ ഓർത്തു. അവന്‌ ഒത്തിരി സങ്കടമായി! അവൻ പൊട്ടിക്കരഞ്ഞുപോയി.

[9-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ ഇങ്ങനെ സംഭവിക്കുമോ?— നിങ്ങൾ സ്‌കൂളിലാണെന്നു വിചാരിക്കുക. മറ്റു കുട്ടികൾ യഹോവയുടെ സാക്ഷികളെപ്പറ്റി സംസാരിക്കുന്നതു നിങ്ങൾ കേൾക്കുന്നു. ഒരു കുട്ടി പറയുന്നു: “അവർ ദേശീയഗാനം പാടില്ല.” അപ്പോൾ മറ്റൊരു കുട്ടി പറയുന്നു: “അവർ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യില്ല.” ഇത്‌ കേട്ട വേറൊരു കുട്ടി പറയുകയാണ്‌, “അവർ ശരിക്കും ക്രിസ്‌ത്യാനികളൊന്നുമല്ല, അവർ ക്രിസ്‌മസ്സുപോലും ആഘോഷിക്കില്ല.” പെട്ടെന്ന്‌ അവരിലൊരാൾ നിങ്ങളെ ചൂണ്ടി ചോദിക്കുന്നു: “നീ ഒരു യഹോവയുടെ സാക്ഷിയല്ലേ?” നിങ്ങൾ എന്തു പറയും?—

നേരത്തേതന്നെ പരിശീലിക്കുന്നെങ്കിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ ശരിയായി മറുപടി പറയാൻ നമുക്കു കഴിയും. പത്രോസ്‌ അങ്ങനെ ചെയ്‌തില്ല. അതുകൊണ്ടാണു പേടി തോന്നിയപ്പോൾ അവൻ നുണ പറഞ്ഞുപോയത്‌. എന്നാലും താൻ ചെയ്‌തതു തെറ്റാണെന്നു മനസ്സിലായപ്പോൾ അവനു കുറ്റബോധം തോന്നി; യഹോവ അവനോടു ക്ഷമിക്കുകയും ചെയ്‌തു.

അക്കാലത്തു ജീവിച്ചിരുന്ന, യേശുവിന്റെ മറ്റൊരു ശിഷ്യനായിരുന്നു അനന്യാസ്‌. അവനും ഭാര്യ സഫീറയും നുണ പറയാൻ തമ്മിൽ പറഞ്ഞൊത്തു. നുണ പറഞ്ഞ അവരോടു പക്ഷേ യഹോവ ക്ഷമിച്ചില്ല. എന്തുകൊണ്ടായിരിക്കാം ദൈവം അവരോടു ക്ഷമിക്കാഞ്ഞത്‌? നമുക്കു നോക്കാം.

അപ്പൊസ്‌തലന്മാരെ വിട്ട്‌, യേശു സ്വർഗത്തിൽ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോയിട്ടു പത്തു ദിവസമായിരിക്കുന്നു. യെരുശലേമിൽ പെന്തെക്കൊസ്‌ത്‌ പെരുന്നാളിൽ പങ്കെടുക്കാനായി പല ദേശങ്ങളിൽനിന്നും കുറെ ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്‌. അന്നു 3,000-ത്തോളം പേരാണു സ്‌നാനമേറ്റു ക്രിസ്‌തുവിന്റെ ശിഷ്യന്മാരായിത്തീർന്നത്‌. തങ്ങളുടെ പുതിയ വിശ്വാസത്തെക്കുറിച്ചു കൂടുതൽ പഠിക്കാനായി അവിടെത്തന്നെ തങ്ങാൻ അവർ തീരുമാനിച്ചു. അവരെ സഹായിക്കാനായി യേശുവിന്റെ ചില ശിഷ്യന്മാർ തങ്ങളുടെ പണം ചെലവഴിക്കാൻ തയ്യാറായി.

പുതുതായി സ്‌നാനമേറ്റവരെ സഹായിക്കാനായി അനന്യാസും ഭാര്യയും തങ്ങളുടെ നിലം വിറ്റു. വിറ്റുകിട്ടിയ പണം അപ്പൊസ്‌തലന്മാരെ ഏൽപ്പിച്ചപ്പോൾ അതു തനിക്കു ലഭിച്ച മുഴുവൻ തുകയാണെന്നാണ്‌ അവൻ പറഞ്ഞത്‌. പക്ഷേ അതു പച്ചക്കള്ളമായിരുന്നു! ശരിക്കും അവൻ കുറച്ചെടുത്തു തനിക്കായിത്തന്നെ മാറ്റിവെച്ചിരുന്നു! അനന്യാസ്‌ കാണിച്ച ഈ കള്ളത്തരത്തെപ്പറ്റി ദൈവം പത്രോസിന്‌ അറിവു കൊടുത്തു. അപ്പോൾ പത്രോസ്‌ അനന്യാസിനോടു പറഞ്ഞു: “നീ വ്യാജം കാണിച്ചിരിക്കുന്നതു മനുഷ്യനോടല്ല, ദൈവത്തോടത്രേ.” ഇതു കേട്ട ഉടനെ അനന്യാസ്‌ നിലത്തു വീണു മരിച്ചു. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ അവിടെയെത്തി. തന്റെ ഭർത്താവിനു സംഭവിച്ചതൊന്നും അവൾ അറിഞ്ഞിരുന്നില്ല. അവളും അതേ നുണ ആവർത്തിച്ചു. ഫലമോ? അനന്യാസിനെപ്പോലെ അവളും നിലത്തു വീണു മരിച്ചു.

ഇതു നമുക്കു വലിയൊരു പാഠമാണ്‌. എപ്പോഴും സത്യം പറയാൻ പഠിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌, അല്ലേ? എങ്കിലും നമുക്കെല്ലാം തെറ്റു പറ്റും, പ്രത്യേകിച്ചും നമ്മൾ കുട്ടികളായിരിക്കുമ്പോൾ. എന്നാലും, യഹോവ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും പത്രോസിനോടു ക്ഷമിച്ചതുപോലെ നിങ്ങളോടും ക്ഷമിക്കുമെന്നും അറിയുന്നതിൽ സന്തോഷമില്ലേ?— പക്ഷേ ഒരു കാര്യം ഓർക്കണം, സത്യം മാത്രമേ പറയാവൂ. എന്നാൽ എപ്പോഴെങ്കിലും നുണ പറഞ്ഞുപോയാൽ ക്ഷമയ്‌ക്കായി നാം യഹോവയോടു യാചിക്കണം. പത്രോസ്‌ അങ്ങനെ യാചിച്ചതുകൊണ്ടായിരിക്കാം യഹോവ അവനോടു ക്ഷമിച്ചത്‌. അതോടൊപ്പം മേലാൽ നുണ പറയാതിരിക്കാൻ നന്നായി ശ്രമിക്കുകയും വേണം. അപ്പോൾ യഹോവ നമ്മളോടും ക്ഷമിക്കും. ▪ (w13-E 03/01)

നിങ്ങളുടെ ബൈബിളിൽനിന്നു വായിക്കുക

  • മത്തായി 26:69-75

  • പ്രവൃത്തികൾ 2:38-42; 4:32-37; 5:1-11

a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്‌, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക