ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ലോകസമാധാനം നമ്മുടെ എത്തുപാടിലല്ലാത്തത് എന്തുകൊണ്ട്?
ആളുകളുടെ ഹൃദയത്തിനു പരിവർത്തനം വരുത്താൻ കഴിയുന്ന ഒരു ഗവൺമെന്റിനു മാത്രമേ ലോകസമാധാനം കൊണ്ടുവരാൻ കഴിയൂ
രണ്ടു പ്രധാനകാരണങ്ങളിലേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു. ഒന്നാമതായി, വിസ്മയാവഹമായ പല നേട്ടങ്ങളും മനുഷ്യർ കൈവരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെതന്നെ കാൽച്ചുവടുകളെ നിയന്ത്രിക്കാനുള്ള പ്രാപ്തിയോടെയല്ല അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രണ്ടാമതായി, “സർവ്വലോകവും ദുഷ്ടന്റെ,” അതായത് പിശാചായ സാത്താന്റെ, “അധീനതയിൽ കിടക്കു”ന്നതുകൊണ്ടാണു മനുഷ്യരുടെ പദ്ധതികൾ പരാജയപ്പെടുന്നത്. അങ്ങനെ, മനുഷ്യരുടെ ശ്രമങ്ങൾ ലോകസമാധാനം കൈവരുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.—യിരെമ്യാവു 10:23; 1 യോഹന്നാൻ 5:19 വായിക്കുക.
മാത്രമല്ല, മനുഷ്യരുടെ സ്വാർഥതാത്പര്യങ്ങളും അത്യാഗ്രഹവും ലോകസമാധാനം അപ്രാപ്യമാക്കുന്നു. ശരിയായതിനെ സ്നേഹിക്കാനും അന്യോന്യം കരുതാനും പഠിപ്പിക്കുന്ന ഒരു ലോകഗവൺമെന്റിനു മാത്രമേ ലോകസമാധാനം കൊണ്ടുവരാൻ സാധിക്കൂ.—യെശയ്യാവു 32:17; 48:18, 22 വായിക്കുക.
ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്നത് ആരായിരിക്കും?
മുഴുമനുഷ്യവർഗത്തെയും ഭരിക്കുന്ന ഒരു ഏകലോകഗവൺമെന്റ് സ്ഥാപിക്കുമെന്നു സർവശക്തനായ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ആ ഗവൺമെന്റ് ഇന്നത്തെ മാനുഷഗവൺമെന്റുകളുടെ സ്ഥാനം ഏറ്റെടുക്കും. (ദാനീയേൽ 2:44) ദൈവപുത്രനായ യേശു സമാധാനപ്രഭുവെന്ന നിലയിൽ ഭരിക്കുകയും സർവഭൂമിയിൽനിന്നും തിന്മ തുടച്ചുനീക്കി സമാധാനത്തിന്റെ വഴി ആളുകളെ പഠിപ്പിക്കുകയും ചെയ്യും.—യെശയ്യാവു 9:6, 7; 11:4, 9 വായിക്കുക.
യേശുവിന്റെ നേതൃത്വത്തിൽ ദശലക്ഷങ്ങൾ ഇപ്പോൾത്തന്നെ പരസ്പരം സമാധാനത്തിൽ വർത്തിക്കാൻ ദൈവവചനമായ ബൈബിൾ ഉപയോഗിച്ചുകൊണ്ടു ലോകവ്യാപകമായി ആളുകളെ പഠിപ്പിക്കുന്നു. പെട്ടെന്നുതന്നെ ലോകസമാധാനം ഒരു യാഥാർഥ്യമായിത്തീരും.—യെശയ്യാവു 2:3, 4; 54:13 വായിക്കുക. (w13-E 06/01)