യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കുക
“ആകയാൽ പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ.”—എഫെ. 5:1.
1. (എ) യഹോവയുടെ ഏതെല്ലാം ഗുണങ്ങൾ നിങ്ങൾക്കു പറയാൻ കഴിയും? (ബി) ഈ ഗുണങ്ങൾ പരിശോധിക്കുകവഴി നമുക്ക് എങ്ങനെ പ്രയോജനം നേടാം?
യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏതെല്ലാം ഗുണങ്ങളാണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളെക്കുറിച്ചായിരിക്കും മിക്കവരും ചിന്തിക്കുന്നത്. എങ്കിലും പ്രിയങ്കരമായ മറ്റു നിരവധി ഗുണങ്ങൾ യഹോവയ്ക്കുണ്ടെന്ന് നമുക്ക് അറിയാം. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ യഹോവയുടെ 40-ലേറെ ഗുണങ്ങൾ വിശകലനവിധേയമായിട്ടുണ്ട്. ആ നിധിശേഖരത്തെക്കുറിച്ച് ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ഒറ്റയ്ക്കോ കുടുംബമൊന്നിച്ചോ അവയെക്കുറിച്ചു പഠിക്കുന്നെങ്കിൽ യഹോവയുടെ വ്യക്തിത്വത്തിന്റെ വിസ്മയകരമായ എത്രയെത്ര സവിശേഷതകളാണ് നമുക്കു മുമ്പിൽ ചുരുൾനിവരുക! അത്തരമൊരു പഠനത്തിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? അത് സ്വർഗീയപിതാവിനോടുള്ള നമ്മുടെ വിലമതിപ്പിന്റെ ആഴമേറ്റും. അവനോട് അടുക്കാനും അവനെ അനുകരിക്കാനും ഉള്ള നമ്മുടെ ആഗ്രഹവും അത് അനുസരിച്ച് തീവ്രമാകും.—യോശു. 23:8; സങ്കീ. 73:28.
2. (എ) യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ വർധിപ്പിക്കാമെന്ന് ഉദാഹരിക്കുക. (ബി) നാം എന്താണ് പരിചിന്തിക്കാൻപോകുന്നത്?
2 എന്തിനെയെങ്കിലും ‘വിലമതിക്കുക’ എന്നാൽ എന്താണ് അർഥം? ഒരു സംഗതിയുടെ യഥാർഥമൂല്യം തിരിച്ചറിയുക എന്ന അർഥത്തിലാണ് ആ വാക്ക് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വിലമതിപ്പ് ആഴമുള്ളതായിത്തീരുന്നത് ക്രമാനുഗതമായാണെന്നു പറയാം. ഉദാഹരണത്തിന്, പുതിയൊരു ഭക്ഷ്യവിഭവത്തോടുള്ള നമ്മുടെ പ്രിയം വളരുക പടിപടിയായിട്ടാണ്. അതിന്റെ ഗന്ധമായിരിക്കും ആദ്യം നമ്മെ ആകർഷിക്കുക. പിന്നെ അത് അൽപ്പാൽപ്പമായി നാം ആസ്വദിച്ച് കഴിക്കും. ഒടുവിൽ അത് സ്വയം പാകം ചെയ്തുനോക്കാൻ നാം പ്രേരിതരായിത്തീരും. സമാനമായി, യഹോവയാം ദൈവത്തിന്റെ ഒരു ഗുണത്തോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കാൻ ആദ്യം നാം അതേക്കുറിച്ച് അറിയണം, പിന്നെ അതേക്കുറിച്ചു ചിന്തിക്കണം, തുടർന്ന് സ്വന്തം ജീവിതത്തിൽ അതു പകർത്തണം. (എഫെ. 5:1) യഹോവയുടെ പ്രമുഖഗുണങ്ങൾപോലെ അത്ര കൂടെക്കൂടെ പരാമർശിക്കാത്ത ചില ഗുണങ്ങളോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനവും തുടർന്നുവരുന്ന രണ്ടു ലേഖനങ്ങളും. ഓരോ ഗുണത്തെക്കുറിച്ചും പഠിക്കവെ നാം ഈ ചോദ്യങ്ങൾ പരിചിന്തിക്കും: എന്താണ് അതിന്റെ അർഥം? യഹോവ എങ്ങനെയാണ് അത് പ്രകടിപ്പിക്കുന്നത്? ഈ ഗുണം കാണിക്കുന്നതിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
ആർക്കും സമീപിക്കാവുന്നവനാണ് യഹോവ
3, 4. (എ) ആർക്കും സമീപിക്കാനാകുന്ന ഒരാളെ നിങ്ങൾ എങ്ങനെ വർണിക്കും? (ബി) താൻ സമീപിക്കാവുന്നവനാണെന്ന് യഹോവ എങ്ങനെയാണ് ഉറപ്പുനൽകുന്നത്?
3 ആർക്കും സമീപിക്കാനാകുന്നവൻ എന്നു പറഞ്ഞാൽ എന്താണ് അർഥം? അങ്ങനെയുള്ള ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ വർണിക്കും? നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, ‘ദയയോടെ പെരുമാറുന്ന, സദാ സന്നദ്ധനായ, സങ്കോചംകൂടാതെ നമുക്ക് സംസാരിക്കാൻ സാധിക്കുന്ന ഒരാൾ.’ ഒരു വ്യക്തി സമീപിക്കാൻ കൊള്ളാവുന്നവനാണോ അല്ലയോ എന്ന് നിങ്ങൾക്ക് അദ്ദേഹത്തിന്റെ സംസാരം ശ്രദ്ധിക്കുന്നതിലൂടെയും ശരീരഭാഷ അതായത്, ആംഗ്യം, മുഖഭാവം, മറ്റ് അംഗവിക്ഷേപങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലൂടെയും വിവേചിച്ചറിയാൻ കഴിയും.
4 ആർക്കും സമീപിക്കാവുന്നവനാണ് താൻ എന്ന് യഹോവ എങ്ങനെയാണ് കാണിച്ചുതരുന്നത്? ഈ ബൃഹത്പ്രപഞ്ചത്തിന്റെ മഹാസ്രഷ്ടാവാണ് യഹോവ. എന്നിട്ടും നമ്മുടെ പ്രാർഥനകൾ കേൾക്കാനും അതിനോടു പ്രതികരിക്കാനും തനിക്ക് മനസ്സൊരുക്കവും അതിയായ താത്പര്യവും ഉണ്ടെന്ന് യഹോവ ഉറപ്പുനൽകുന്നു. (സങ്കീർത്തനം 145:18; യെശയ്യാവു 30:18, 19, ഓശാന ബൈബിളിൽനിന്ന് വായിക്കുക.a) എവിടെവെച്ചും ഏതു സമയത്തും എത്രനേരം വേണമെങ്കിലും നമുക്ക് യഹോവയോടു സംസാരിക്കാം. യഹോവ നമ്മെ ഒരിക്കലും ശകാരിക്കുകയില്ല എന്ന ബോധ്യത്തോടെ നമുക്ക് അവനെ സ്വാതന്ത്ര്യത്തോടെ സമീപിക്കാം. (സങ്കീ. 65:2; യാക്കോ. 1:5) നാം യഹോവയെ സമീപിക്കാൻ അവൻ ആഗ്രഹിക്കുന്നെന്നു വ്യക്തമാക്കുന്നതാണ് അവനെക്കുറിച്ച് ദൈവവചനത്തിൽ കാണുന്ന ചില വർണനകൾ. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദ്, “യഹോവയുടെ കണ്ണ്” നമ്മുടെമേൽ ഉണ്ടെന്നും അവന്റെ ‘വലങ്കൈ നമ്മെ താങ്ങുന്നു’ എന്നും എഴുതി. (സങ്കീ. 34:15; 63:8) പ്രവാചകനായ യെശയ്യാവ് യഹോവയെ ഒരു ഇടയനോട് താരതമ്യപ്പെടുത്തി ഇങ്ങനെ പറയുന്നു: “(അവൻ) കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു” വഹിക്കുന്നു. (യെശ. 40:11) അതൊന്നു സങ്കൽപ്പിച്ചുനോക്കൂ! ഒരു കുഞ്ഞാട് സ്നേഹമുള്ള അതിന്റെ ഇടയന്റെ മാർവിടത്തിൽ പറ്റിച്ചേർന്ന് ഇരിക്കുന്നതുപോലെ നാം യഹോവയോടു ചേർന്നിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. മടികൂടാതെ സമീപിക്കാനാകുന്ന എത്ര നല്ല പിതാവാണ് നമുക്കുള്ളത്! യഹോവയുടെ ഈ ഗുണം നമുക്ക് എങ്ങനെ അനുകരിക്കാനാകും?
അത്യന്തം മൂല്യവത്തായ ഒരു ഗുണം
5. മൂപ്പന്മാർ ആർക്കും സമീപിക്കാവുന്നവരായിരിക്കണം എന്നു പറയുന്നത് എന്തുകൊണ്ട്?
5 ഈ അടുത്ത കാലത്ത്, വ്യത്യസ്തഭൂഖണ്ഡങ്ങളിൽനിന്നുള്ള തീക്ഷ്ണരായ കുറെ സാക്ഷികളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: “ഒരു മൂപ്പനിൽ നിങ്ങൾ ഏറ്റവും അധികം വിലമതിക്കുന്ന ഗുണം ഏതാണ്?” ബഹുഭൂരിപക്ഷത്തിന്റെയും ഉത്തരം, “അദ്ദേഹം സമീപിക്കാൻ കൊള്ളാവുന്ന ആളായിരിക്കണം” എന്നായിരുന്നു. എല്ലാ ക്രിസ്ത്യാനികളും ഈ ഗുണം വളർത്തിയെടുക്കേണ്ടതുണ്ട് എന്നതു ശരിതന്നെ. എന്നാൽ വിശേഷിച്ച് മൂപ്പന്മാർ ഈ ഗുണമുള്ളവരായിരിക്കണം. (യെശ. 32:1, 2) അത് ഇത്ര പ്രധാനമാണെന്ന് തനിക്കു തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഒരു സഹോദരി പറയുന്നു: “ഒരു മൂപ്പൻ സമീപിക്കാൻ കൊള്ളാവുന്ന ആളാണെങ്കിൽ മാത്രമേ അദ്ദേഹത്തിൽ കണ്ടേക്കാവുന്ന മറ്റ് നല്ല ഗുണങ്ങളിൽനിന്ന് നമുക്കു പ്രയോജനം നേടാനാകൂ.” അതിലെ യുക്തി നിങ്ങൾക്കു കാണാനാകുന്നില്ലേ? എന്നാൽ ഒരു വ്യക്തിയെ ആർക്കും സമീപിക്കാവുന്ന ആളാക്കുന്നത് എന്താണ്?
6. ആർക്കും സമീപിക്കാവുന്നവനായിരിക്കാൻ ഒരാൾക്ക് എങ്ങനെ കഴിയും?
6 ഒരു വ്യക്തി സമീപിക്കാവുന്നവനാണെന്ന് മറ്റുള്ളവർക്ക് തോന്നണമെങ്കിൽ അയാൾ മറ്റുള്ളവരിൽ ആത്മാർഥമായ താത്പര്യമെടുക്കുന്ന ആളായിരിക്കണം. ഒരു മൂപ്പൻ മറ്റുള്ളവരുടെ കാര്യത്തിൽ താത്പര്യമെടുക്കുകയും അവർക്കുവേണ്ടി ഏതു ത്യാഗത്തിനും സന്നദ്ധനാകുകയും ചെയ്യുമ്പോൾ സഹോദരങ്ങൾ അദ്ദേഹത്തിന്റെ ഈ മനോഭാവം തിരിച്ചറിയും. കുട്ടികൾക്കുപോലും അതു മനസ്സിലാകും. (മർക്കോ. 10:13-16) 12 വയസ്സുള്ള കാർലോസ് പറയുന്നു: “രാജ്യഹാളിൽ ചെല്ലുമ്പോൾ, പുഞ്ചിരിതൂകുന്ന മുഖത്തോടെ ദയാപുരസ്സരം ഇടപെടുന്ന മൂപ്പന്മാരെ കാണാൻ എനിക്കിഷ്ടമാണ്.” ആർക്കും എപ്പോൾവേണമെങ്കിലും തന്നെ സമീപിക്കാം എന്ന് ഒരു മൂപ്പൻ പറഞ്ഞാൽമാത്രം പോരാ, അദ്ദേഹത്തിന്റെ ഇടപെടലുകളിൽനിന്ന് മറ്റുള്ളവർക്ക് അതു തോന്നണം. (1 യോഹ. 3:18) അദ്ദേഹത്തിന് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
7. കൺവെൻഷൻ ബാഡ്ജുകൾ ധരിക്കുന്നത് പലപ്പോഴും സംഭാഷണത്തിലേക്കു നയിക്കുന്നത് എന്തുകൊണ്ട്, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
7 ഒരു താരതമ്യം നമുക്ക് പരിചിന്തിക്കാം. കുറച്ചു നാളുകൾക്കു മുമ്പ് ഒരു സഹോദരൻ വിദേശരാജ്യത്തെ ഒരു കൺവെൻഷനിൽ സംബന്ധിച്ചശേഷം വിമാനത്തിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അദ്ദേഹം കൺവെൻഷൻ ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. “അങ്ങയുടെ രാജ്യം വരേണമേ!” എന്ന ബാഡ്ജിലെ വാക്കുകൾ കണ്ട് വിമാനത്തിലെ ഒരു ജോലിക്കാരൻ സഹോദരനോട് ഇങ്ങനെ പറഞ്ഞു: “അതെ, അതു വരണം! നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കണമല്ലോ.” തുടർന്ന് അവർ അതേക്കുറിച്ചു സംസാരിക്കുകയും ആ ജോലിക്കാരൻ സന്തോഷത്തോടെ നമ്മുടെ മാസികകൾ സ്വീകരിക്കുകയും ചെയ്തു. നമ്മിൽ പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നു ചിന്തിക്കുക, കൺവെൻഷൻ ബാഡ്ജുകൾ പലപ്പോഴും സംഭാഷണത്തിലേക്കു നയിക്കുന്നത് എന്തുകൊണ്ടാണ്? ഒരർഥത്തിൽ, ബാഡ്ജ് ധരിക്കുന്നതിലൂടെ നാം ആളുകൾക്ക് നൽകുന്ന സന്ദേശം ഇതാണ്: “ഒരു മടിയും കൂടാതെ എന്നെ സമീപിച്ച് ഞാൻ എവിടെപ്പോകുകയാണെന്ന് ചോദിച്ചോളൂ.” നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചു പറയാൻ നാം തയ്യാറാണെന്ന് ആളുകളെ അറിയിക്കുന്ന ദൃശ്യസൂചകമാണ് ബാഡ്ജ്. അതുപോലെ ക്രിസ്തീയമൂപ്പന്മാരും, “എന്നെ സമീപിക്കാൻ മടിക്കേണ്ട” എന്ന സന്ദേശം സഹവിശ്വാസികൾക്ക് ലഭിക്കത്തക്കവിധം ചില സൂചനകൾ നൽകേണ്ടതുണ്ട്. അത്തരത്തിലുള്ള ചില സൂചനകൾ ഏവയാണ്?
8. മൂപ്പന്മാർ മറ്റുള്ളവരിൽ യഥാർഥതാത്പര്യം ഉണ്ടെന്നുള്ളതിന്റെ സൂചന നൽകുന്നത് എങ്ങനെയാണ്, സഭയിൽ അത് എന്തു ഫലം ഉളവാക്കും?
8 ദേശന്തോറും ആചാരമര്യാദകൾ വ്യത്യാസപ്പെട്ടിരിക്കാം. എങ്കിലും സഹോദരങ്ങളെ കാണുമ്പോഴുള്ള നമ്മുടെ ഹൃദ്യമായ പുഞ്ചിരി, ആത്മാർഥമായ ഹസ്തദാനം, ഉള്ളുതുറന്നുള്ള അഭിവാദനം എന്നിവയിലൂടെ അവരിൽ യഥാർഥതാത്പര്യമുണ്ട് എന്നതിനു സൂചന നൽകുകയാണ് നാം. ആകട്ടെ, ആരാണ് ഇതിനു മുൻകൈ എടുക്കേണ്ടത്? യേശു വെച്ച മാതൃക നോക്കുക. തന്റെ ശിഷ്യന്മാരുമായി കൂടിവന്ന ഒരു അവസരത്തിൽ, “യേശു അവരുടെ അടുക്കൽ ചെന്ന് അവരോടു” സംസാരിച്ചതായി മത്തായിയുടെ വിവരണം പറയുന്നു. (മത്താ. 28:18) സമാനമായി, സഹവിശ്വാസികളുടെ അടുക്കലേക്കു ചെന്ന് അവരോടു സംസാരിക്കുന്നതിന് ഇന്ന് മൂപ്പന്മാർ മുൻകൈ എടുക്കുന്നു. അവരുടെ ആ രീതിക്ക് സഭയിലുള്ളവരുടെമേൽ എന്തു ക്രിയാത്മകസ്വാധീനം ചെലുത്താനാകും? 88 വയസ്സുള്ള ഒരു പയനിയർ സഹോദരി ഇപ്രകാരം പറയുന്നു: “ഞാൻ രാജ്യഹാളിലേക്കു കടന്നുവരുമ്പോൾ മൂപ്പന്മാരുടെ ഹൃദയംനിറഞ്ഞ പുഞ്ചിരിയും ബലപ്പെടുത്തുന്ന വാക്കുകളും എന്തൊരാശ്വാസമാണ്! അത് അവരെ എനിക്കു പ്രിയങ്കരരാക്കുന്നു.” വിശ്വസ്തയായ മറ്റൊരു സഹോദരി പറയുന്നത് ഇങ്ങനെയാണ്: “കേട്ടാൽ ഇതിൽ എന്തിരിക്കുന്നെന്നു തോന്നാം, പക്ഷേ, പുഞ്ചിരിയോടെ ഒരു മൂപ്പൻ എനിക്ക് സ്വാഗതമരുളുമ്പോൾ എനിക്ക് അതൊരു വലിയ കാര്യമാണ്!”
സമീപിക്കാവുന്നവരും സമയം നൽകാൻ സന്നദ്ധരും
9, 10. (എ) യഹോവ എന്തു നല്ല മാതൃക വെച്ചിരിക്കുന്നു? (ബി) തങ്ങൾ സദാ സന്നദ്ധരാണെന്ന് മൂപ്പന്മാർക്ക് എങ്ങനെ തെളിയിക്കാം?
9 നാം മറ്റുള്ളവർക്കുവേണ്ടി സമയം നൽകാൻ സന്നദ്ധരല്ലെങ്കിൽ ആളുകൾ നമ്മുടെ അടുക്കലേക്കു വരില്ല. ഇക്കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നല്ല മാതൃക നോക്കുക: “(അവൻ) നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.” (പ്രവൃ. 17:27) കേൾക്കാൻ സന്നദ്ധരാണെന്ന് മൂപ്പന്മാർക്ക് തെളിയിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ സഹോദരീസഹോദരന്മാരോട് സംസാരിക്കാൻ യോഗങ്ങൾക്കു മുമ്പും പിമ്പും സമയം കണ്ടെത്തുന്നതാണ് ഒരു വിധം. പയനിയറായ ഒരു സഹോദരൻ പറയുന്നു: “ഒരു മൂപ്പൻസഹോദരൻ എന്നോട്, കാര്യങ്ങൾ എങ്ങനെ പോകുന്നെന്നു ചോദിച്ചിട്ട്, അദ്ദേഹം നിന്ന് എന്റെ മറുപടി ശ്രദ്ധിച്ചുകേൾക്കുമ്പോൾ ഞാൻ വേണ്ടപ്പെട്ടവനാണെന്ന് എനിക്കു തോന്നാറുണ്ട്.” 50-ഓളം വർഷമായി യഹോവയെ സേവിക്കുന്ന ഒരു സഹോദരി പറഞ്ഞു: “യോഗങ്ങൾക്കുശേഷം എന്നോടു സംസാരിക്കാൻ സമയമെടുക്കുന്ന മൂപ്പന്മാർ ഞാൻ വിലപ്പെട്ടവളാണെന്ന തോന്നൽ എന്റെ മനസ്സിൽ ഉളവാക്കുന്നു.”
10 ക്രിസ്തീയ ഇടയന്മാർക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട് എന്നതു വാസ്തവമാണ്. എങ്കിലും, യോഗങ്ങൾക്കു വരുമ്പോൾ ആടുകൾക്ക് മുഖ്യശ്രദ്ധ നൽകുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം.
യഹോവ പക്ഷപാതമില്ലാത്ത ദൈവം
11, 12. (എ) പക്ഷപാതം കാണിക്കാതിരിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത്? (ബി) യഹോവ പക്ഷപാതമില്ലാത്തവനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നത് എങ്ങനെ?
11 നിഷ്പക്ഷപാതിത്വം അഥവാ പക്ഷപാതമില്ലായ്മ യഹോവയുടെ പ്രിയങ്കരമായ മറ്റൊരു ഗുണമാണ്. പക്ഷപാതമില്ലാതിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ഏതെങ്കിലും പക്ഷത്തോട് പ്രത്യേക മമതയോ ആഭിമുഖ്യമോ കാണിക്കാതെ ന്യായത്തോടെ പെരുമാറുന്നതാണ് അതിൽ ഉൾപ്പെടുന്നത്. ഒരു വ്യക്തിക്ക് പക്ഷപാതമില്ല എന്നു പറയണമെങ്കിൽ അതിൽ രണ്ടു സംഗതികൾ ഉൾപ്പെട്ടിരിക്കുന്നു. അയാളുടെ മനോഭാവവും പ്രവർത്തനങ്ങളും. രണ്ടും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഉള്ളിൽ പക്ഷപാതമില്ലാത്ത ഒരാൾക്കുമാത്രമേ പക്ഷഭേദം കൂടാതെ പെരുമാറാനാകൂ. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ‘പക്ഷപാതമുള്ളവനല്ല’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അക്ഷരാർഥം ‘മുഖപക്ഷമില്ലാത്തവൻ’ അഥവാ മുഖം നോക്കി പക്ഷം പിടിക്കാത്തവൻ എന്നാണ്. (പ്രവൃ. 10:34, സത്യവേദപുസ്തകം) അതുകൊണ്ട് യഥാർഥത്തിൽ പക്ഷപാതരഹിതനായ ഒരാൾ മറ്റൊരാളുടെ ബാഹ്യരൂപമോ പശ്ചാത്തലമോ നോക്കിയല്ല പിന്നെയോ അയാളുടെ വ്യക്തിത്വം നോക്കി അയാൾക്ക് അർഹമായ ആദരവുനൽകും.
12 പക്ഷപാതം കാണിക്കാത്തതിന്റെ ഏറ്റവും മികച്ച ഉദാഹരണം യഹോവയാണ്. അവൻ “പക്ഷപാതമുള്ളവനല്ലെന്നും” “മുഖം നോക്കുന്നില്ല” എന്നും അവന്റെ വചനം പറയുന്നു. (പ്രവൃത്തികൾ 10:34, 35; ആവർത്തനപുസ്തകം 10:17 വായിക്കുക.) ഇതു വ്യക്തമാക്കുന്നതാണ് മോശയുടെ കാലത്ത് ഉയർന്നുവന്ന ഒരു സാഹചര്യം.
സെലോഫഹാദിന്റെ പുത്രിമാർ ദൈവത്തിന്റെ പക്ഷപാതമില്ലായ്മ വിലമതിച്ചു (13, 14 ഖണ്ഡികകൾ കാണുക)
13, 14. (എ) സെലോഫഹാദിന്റെ അഞ്ചു പുത്രിമാർ ഏതു വിഷമസന്ധിയിലായി? (ബി) യഹോവ ഇക്കാര്യത്തിൽ നിഷ്പക്ഷമതിയായി പ്രവർത്തിച്ചത് എങ്ങനെ?
13 ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പുള്ള സമയം. ഇപ്പോൾ, ഒരു ഇസ്രായേല്യകുടുംബത്തിലെ അവിവാഹിതരായ അഞ്ചു ജ്യേഷ്ഠാനുജത്തിമാർ ഒരു വിഷമസാഹചര്യത്തിലായി. എന്തായിരുന്നു അത്? എല്ലാ ഇസ്രായേല്യകുടുംബങ്ങളെയുംപോലെ തങ്ങളുടെ കുടുംബത്തിനും പിതാവിന്റെ അവകാശമായി ദേശത്ത് ഭൂമി ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. (സംഖ്യാ. 26:52-55) എന്നാൽ മനശ്ശെഗോത്രക്കാരനായ അവരുടെ അപ്പൻ സെലോഫഹാദ് മരിച്ചുപോയിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ദായക്രമമനുസരിച്ച് സെലോഫഹാദിന്റെ പുത്രന്മാർക്ക് ആ ഭൂമി അവകാശമായി കിട്ടുമായിരുന്നു. എന്നാൽ സെലോഫഹാദിന് പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. (സംഖ്യാ. 26:33) അവകാശം കൈപ്പറ്റാൻ പുത്രന്മാർ ഇല്ലാത്തതിനാൽ ആ ഭൂമി ബന്ധുക്കൾക്ക് ചെന്നുചേരുകയും അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർക്ക് കുടുംബസ്വത്ത് നഷ്ടമാകുകയും ചെയ്യുമായിരുന്നോ?
14 ആ അഞ്ചു സഹോദരിമാർ മോശയെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: “ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു?” തുടർന്ന് അവർ ഇങ്ങനെ അപേക്ഷിച്ചു: “അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാശം തരേണം.” എന്തായിരുന്നു മോശയുടെ മറുപടി? ‘നിയമത്തിൽ അങ്ങനെയൊരു ഇളവ് അനുവദിക്കാനാവില്ല’ എന്നായിരുന്നോ? അല്ല, അവൻ “അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.” (സംഖ്യാ. 27:2-5) എന്തായിരുന്നു യഹോവയുടെ തീരുമാനം? യഹോവ മോശയോട് ഇപ്രകാരം പറഞ്ഞു: “സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം.” എന്നാൽ യഹോവ അത്രയുംകൊണ്ട് നിറുത്തിയില്ല. അവൻ ആ ഇളവിനെ ഒരു നിയമമാക്കിത്തീർത്തു. മോശയ്ക്ക് ഇങ്ങനെയൊരു നിർദേശവും കൊടുത്തു: “ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.” (സംഖ്യാ. 27:6-8; യോശു. 17:1-6) അന്നുമുതൽ സമാനമായ സാഹചര്യത്തിലാകുന്ന എല്ലാ ഇസ്രായേല്യസ്ത്രീകൾക്കും ഇതേ പ്രയോജനം ലഭിക്കുമായിരുന്നു.
15. (എ) യഹോവ തന്റെ ജനത്തോട്, വിശേഷിച്ച് അരക്ഷിതാവസ്ഥയിലുള്ളവരോട് എങ്ങനെയാണ് ഇടപെടുന്നത്? (ബി) യഹോവ പക്ഷപാതമില്ലാത്തവനാണെന്നു തെളിയിക്കുന്ന മറ്റു ചില ബൈബിൾവിവരണങ്ങൾ ഏതൊക്കെയാണ്?
15 തികച്ചും പക്ഷപാതരഹിതമായ ഒരു തീരുമാനമായിരുന്നു അത്! മെച്ചപ്പെട്ട സാഹചര്യത്തിലായിരുന്ന ഇസ്രായേല്യരോട് പെരുമാറിയിരുന്നതുപോലെതന്നെ മാന്യത കൽപ്പിച്ചുകൊണ്ടാണ് അരക്ഷിതാവസ്ഥയിലായ ഈ സ്ത്രീകളോടും യഹോവ ഇടപെട്ടത്. (സങ്കീ. 68:5) അതെ, യഹോവ തന്റെ എല്ലാ ദാസന്മാരോടും പക്ഷപാതരഹിതമായി ഇടപെടുന്നു. ഹൃദയോഷ്മളമായ ഈ സത്യത്തിന് അടിവരയിടുന്ന അനേകം ബൈബിൾവിവരണങ്ങളിൽ ഒന്നുമാത്രമാണ് ഇത്.—1 ശമൂ. 16:1-13; പ്രവൃ. 10:30-35, 44-48.
നമുക്ക് യഹോവയെ അനുകരിക്കാം
16. നമുക്ക് നിഷ്പക്ഷപാതിത്വം എങ്ങനെ വളർത്തിയെടുക്കാനും മെച്ചപ്പെടുത്താനും കഴിയും?
16 യഹോവയുടെ പക്ഷപാതമില്ലായ്മ നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? ഓർക്കുക: പക്ഷപാതമില്ലായ്മയ്ക്ക് രണ്ടു വശങ്ങളുണ്ട്. നാം ഉള്ളിൽ നിഷ്പക്ഷമതിയാണെങ്കിൽ മാത്രമേ നമുക്ക് മുഖം നോക്കാതെ മറ്റുള്ളവരോട് ഇടപെടാൻ സാധിക്കുകയുള്ളൂ. ‘ഞാൻ തുറന്ന മനഃസ്ഥിതിക്കാരനും നിഷ്പക്ഷമതിയുമാണ്’ എന്നാണ് പൊതുവെ നാം നമ്മെക്കുറിച്ചു ചിന്തിക്കാറ്. എന്നാൽ നമ്മുടെ സ്വന്തം വികാരങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുക എല്ലായ്പോഴും അത്ര എളുപ്പമല്ല എന്ന സംഗതി നാമെല്ലാം അംഗീകരിക്കും. അങ്ങനെയെങ്കിൽ, പക്ഷംപിടിക്കാത്ത ഒരാളായിട്ടാണോ താൻ അറിയപ്പെടുന്നത് എന്ന് അറിയാൻ ഒരു വ്യക്തിക്ക് എന്തു ചെയ്യാനാകും? ആളുകൾ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാൻ ആഗ്രഹിച്ചപ്പോൾ യേശു തന്റെ വിശ്വസ്തരായ സുഹൃത്തുക്കളോട് ഇങ്ങനെ ചോദിച്ചു: “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത്?” (മത്താ. 16:13, 14) ഇക്കാര്യത്തിൽ നമുക്ക് യേശുവിനെ അനുകരിക്കരുതോ? കാര്യങ്ങൾ തുറന്നുപറയുമെന്ന് ഉറപ്പുള്ള ഒരു സുഹൃത്തിനോട്, നിഷ്പക്ഷമതി എന്ന പേരാണോ നിങ്ങൾക്കുള്ളത് എന്ന് ചോദിച്ചറിയുക. വംശീയമോ സാമുദായികമോ സാമ്പത്തികമോ ആയ വിവേചനത്തിന്റെ അൽപ്പമൊരു ലാഞ്ഛനം നിങ്ങളിൽ അവശേഷിക്കുന്നതായി ഇടയ്ക്കു തോന്നാറുണ്ടെന്ന് നിങ്ങളുടെ സുഹൃത്ത് പറയുന്നെങ്കിലോ? നിങ്ങൾ എന്തു ചെയ്യണം? മറ്റുള്ളവരോടുള്ള നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് യഹോവയോട് ആത്മാർഥമായി പ്രാർഥിക്കുക. അവന്റെ മുഖപക്ഷമില്ലായ്മ ഏറെ മെച്ചമായി അനുകരിക്കാനാകുംവിധം നിങ്ങളുടെ മനോഭാവത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താനുള്ള സഹായത്തിനായി അവനോടു യാചിക്കുക.—മത്താ. 7:7; കൊലോ. 3:10, 11.
17. ഏതെല്ലാം വിധങ്ങളിൽ നമുക്ക് മറ്റുള്ളവരോട് നിഷ്പക്ഷപാതിത്വം പ്രകടമാക്കാം?
17 ക്രിസ്തീയസഭയിൽ എല്ലാ സഹോദരീസഹോദരന്മാരോടും സ്നേഹത്തോടും ദയയോടും മാന്യതയോടും കൂടെ ഇടപെട്ടുകൊണ്ട് യഹോവയെപ്പോലെ നിഷ്പക്ഷമതികളായിരിക്കാൻ നാം ആഗ്രഹിക്കുന്നെന്ന് നമുക്കു തെളിയിക്കാം. ഉദാഹരണത്തിന് അതിഥിസത്കാരം കാണിക്കുന്ന സന്ദർഭങ്ങളിൽ പല പശ്ചാത്തലങ്ങളിലുള്ള സഹവിശ്വാസികളെ ക്ഷണിക്കാവുന്നതാണ്. ദരിദ്രരും അനാഥരും വിധവമാരും പോലെ നമ്മുടേതിൽനിന്നു ഭിന്നമായ സാഹചര്യങ്ങളിലുള്ളവരെയും നാം ഉൾപ്പെടുത്തണം. (ഗലാത്യർ 2:10; യാക്കോബ് 1:27 വായിക്കുക.) അന്യനാട്ടുകാർ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിലും പശ്ചാത്തലങ്ങളിലും നിന്നുള്ള ആളുകളുമായി സുവാർത്ത പങ്കുവെച്ചുകൊണ്ട് രാജ്യപ്രസംഗവേലയിലും നാം മുഖപക്ഷം കൂടാതെ പ്രവർത്തിക്കുന്നു. 600-ഓളം ഭാഷകളിൽ ഇന്ന് ബൈബിൾസാഹിത്യം ലഭ്യമായിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! നിഷ്പക്ഷപാതിത്വത്തിന്റെ തികച്ചും അനിഷേധ്യമായ ഒരു തെളിവ്!
18. യഹോവ പക്ഷപാതമില്ലാത്തവനും ആർക്കും സമീപിക്കാവുന്നവനും ആണ് എന്നുള്ളത് നിങ്ങളെ എന്തുചെയ്യാൻ പ്രേരിപ്പിക്കുന്നു?
18 യഹോവ പക്ഷപാതമില്ലാത്തവനും ആർക്കും സമീപിക്കാവുന്നവനും ആണ് എന്നുള്ള വസ്തുതയെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. അപ്പോൾ അവനോടുള്ള നമ്മുടെ വിലമതിപ്പ് കൂടുതൽ ആഴമുള്ളതായിത്തീരും. വിലമതിപ്പ് ആഴമേറിയതാകുമ്പോൾ, സഹവിശ്വാസികളോടും നാം സുവാർത്ത പ്രസംഗിക്കുന്നവരോടും ഉള്ള ഇടപെടലുകളിൽ യഹോവയുടെ ഗുണങ്ങൾ ഏറ്റവും നന്നായി പകർത്താൻ അത് നമുക്ക് പ്രചോദനമേകും.
“യഹോവ, . . . തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.”—സങ്കീ. 145:18 (9-ാം ഖണ്ഡിക കാണുക)
“നിങ്ങളുടെ ദൈവമായ യഹോവ . . . മുഖം നോക്കുന്നില്ല.”—ആവ. 10:17 (17-ാം ഖണ്ഡിക കാണുക)
[അടിക്കുറിപ്പ്]
a ഓശാന ബൈബിൾ, യെശയ്യാവു 30:18, 19 ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “പക്ഷേ, കർത്താവ് നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു; നിങ്ങളോട് കരുണകാണിക്കാൻ അവൻ എഴുന്നേല്ക്കുന്നു. കാരണം, കർത്താവ് നീതിയുടെ ദൈവമാണ്; അവന്നുവേണ്ടി കാത്തിരിക്കുന്നവരെല്ലാം അനുഗൃഹീതരാണ്. അതേ, ജെറൂശലേമിൽ വസിക്കുന്ന സീയോൻകാരേ, നിങ്ങൾ ഇനി വിലപിക്കയില്ല; നിന്റെ നിലവിളിയുടെ ശബ്ദം കേൾക്കുമ്പോൾ അവൻ നിശ്ചയമായും നിന്നിൽ പ്രസാദിക്കും. അതു കേൾക്കുമ്പോൾ അവൻ നിനക്ക് ഉത്തരമരുളും.”