ദൈവത്തോട് അടുത്തുചെല്ലുക
“ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു!”
നിങ്ങൾക്കും കുടുംബത്തിനും നല്ല ആരോഗ്യവും ദീർഘായുസ്സും നിങ്ങൾ ആഗ്രഹിക്കുന്നുവോ? വേദനയും ദുരിതവും മരണവും പഴങ്കഥയായി മാറുന്ന ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആശിക്കുന്നുവോ? അത്തരം ഒരു ലോകം കേവലം സാങ്കല്പികമല്ല. നേരെമറിച്ച്, നീതി വസിക്കുന്ന ഒരു പുതിയ ലോകം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും, യഹോവയാം ദൈവത്തിന്റെ ഉദ്ദേശമാണത്. അവന്റെ ഈ വാഗ്ദാനത്തിന്റെ നിവൃത്തിയെക്കുറിച്ച് വെളിപാട് 21:3-5-ൽ (വായിക്കുക) വിവരിച്ചിരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക.
“(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും.” (വെളിപാട് 21:4) ഏതുതരത്തിലുള്ള കണ്ണുനീരാണ് ദൈവം തുടച്ചുകളയുക? സന്തോഷാശ്രുക്കളോ നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്ന കണ്ണുനീരോ അല്ല. ദുരിതവും ദുഃഖവും ഉണ്ടാക്കുന്ന കണ്ണുനീരിനെയാണ് ദൈവത്തിന്റെ വാഗ്ദാനം ഇവിടെ പരാമർശിക്കുന്നത്. ദൈവം കണ്ണുനീർ കേവലം ഒപ്പുകയല്ല; പകരം അതിന് ഇടയാക്കുന്ന കാരണങ്ങൾ, അതായത് ദുരിതവും ദുഃഖവും, പൂർണമായും തുടച്ചുനീക്കുകയാണ് ചെയ്യുന്നത്.
“മേലാൽ മരണം ഉണ്ടായിരിക്കുകയില്ല.” (വെളിപാട് 21:4) വേദനയുളവാക്കുന്ന കണ്ണുനീർ ഏറ്റവുമധികം വരുത്തിവെക്കുന്നത് നമ്മുടെ ശത്രുവായ മരണമാണ്. യഹോവ അനുസരണമുള്ള മനുഷ്യവർഗത്തെ മരണത്തിന്റെകൈപ്പിടിയിൽനിന്നു മോചിപ്പിക്കുന്നത് എങ്ങനെയായിരിക്കും? മരണത്തിന്റെ അടിസ്ഥാന കാരണം, അതായത് ആദാമിൽനിന്നു കൈവശപ്പെടുത്തിയ പാപം, ഉന്മൂലനം ചെയ്തുകൊണ്ട്. (റോമർ 5:12) യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ അനുസരണമുള്ള മനുഷ്യരെ പൂർണതയിലേക്കു വരുത്തും.a തുടർന്ന് അവസാനത്തെ ശത്രുവായ മരണം “നീക്കം ചെയ്യപ്പെടും.” (1 കൊരിന്ത്യർ 15:26) ദൈവം ഉദ്ദേശിച്ചതുപോലെതന്നെ വിശ്വസ്തമനുഷ്യർക്ക് പൂർണാരോഗ്യത്തോടെ എന്നേക്കും ജീവിക്കാനാകും.
‘മേലാൽ വേദന ഉണ്ടായിരിക്കുകയില്ല.’ (വെളിപാട് 21:4) എങ്ങനെയുള്ള വേദനയാണ് മേലാൽ ഉണ്ടായിരിക്കുകയില്ലാത്തത്? ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ക്ലേശകരമാക്കിയ, പാപത്തിന്റെയും അപൂർണതയുടെയും ഫലമായി ഉണ്ടാകുന്ന മാനസികവും വൈകാരികവും ശാരീരികവും ആയ യാതൊരു വേദനയും മേലാൽ ഉണ്ടായിരിക്കുകയില്ല.
കണ്ണുനീരും മരണവും വേദനയും ഇല്ലാത്ത ഒരു ജീവിതം ഉടൻതന്നെ യാഥാർഥ്യമാകും. ‘എന്നാൽ അത് എവിടെയായിരിക്കും വരുക’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ‘സ്വർഗത്തിലെ ജീവിതത്തെക്കുറിച്ചുള്ളതാണോ ദൈവത്തിന്റെ ഈ വാഗ്ദാനം?’ അല്ല. എന്തുകൊണ്ട്? ഒന്നാമതായി, അത് ആരംഭിക്കുന്നത് “ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ” എന്ന വാക്കുകളോടെയാണ്. മനുഷ്യർ ജീവിക്കുന്നതോ, ഭൂമിയിലും. (വെളിപാട് 21:3) രണ്ടാമതായി, ‘മേലാൽ മരണം ഉണ്ടായിരിക്കുകയില്ലാത്ത’ ഒരു ലോകത്തെക്കുറിച്ചുള്ളതാണ് ആ വാഗ്ദാനം—മരണം ഒരിക്കൽ ഉണ്ടായിരുന്നതും ഇനിമേൽ ഇല്ലാത്തതും ആയ ഒരു ലോകത്തെക്കുറിച്ച്. സ്വർഗത്തിൽ ഒരിക്കലും മരണം ഉണ്ടായിരുന്നിട്ടില്ല, ഭൂമിയിലാകട്ടെ മരണം കാലങ്ങളായി നിലനിൽക്കുന്നു. അതുകൊണ്ട് ഒരു നല്ല ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഈ വാഗ്ദാനം തീർച്ചയായും ഭൂമിയിൽത്തന്നെ നിറവേറും.
ദുരിതത്താലും ദുഃഖത്താലും നിറഞ്ഞൊഴുകുന്ന കണ്ണീർത്തടാകങ്ങളെ യഹോവ വറ്റിക്കും!
നീതി വസിക്കുന്ന ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള തന്റെ വാഗ്ദാനത്തിൽ നാം വിശ്വസിക്കാൻ യഹോവ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു വിവരിച്ച ഉടനെ തന്റെ വാഗ്ദാനത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു!” ദൈവം ഇങ്ങനെയും കൂട്ടിച്ചേർത്തു, “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.” (വെളിപാട് 21:5) ദൈവത്തിന്റെ വാഗ്ദാനം മഹത്ത്വമാർന്ന വിധത്തിൽ സാക്ഷാത്കരിക്കപ്പെടുമ്പോൾദൈവദാസർ ആ സന്തോഷം ആസ്വദിക്കും. അക്കൂട്ടത്തിലായിരിക്കാൻ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചുകൂടേ? ▪ (w13-E 12/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം
a ക്രിസ്തുവിന്റെ മറുവിലയാഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 5-ാം അധ്യായം കാണുക.