“കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” അത് പ്രായോഗികമോ?
“എനിക്ക് കല്യാണം കഴിക്കാൻ പറ്റിയ ആരും സഭയിലെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെനിന്ന് മൂത്ത് നരയ്ക്കത്തേ ഉള്ളൂ!”
“ലോകക്കാരാണെങ്കിലും എനിക്കറിയാവുന്ന ചിലർ ദയയും സ്നേഹവും കരുതലും ഒക്കെ ഉള്ളവരാണ്. അവർക്കാണെങ്കിൽ എന്റെ മതത്തോട് എതിർപ്പുമില്ല. ഏതായാലും സഭയിലുള്ള ചില സഹോദരന്മാരേക്കാൾ കൊള്ളാം.”
ഇത്തരം അഭിപ്രായപ്രകടനങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? കല്യാണം കഴിക്കാൻ യോജിച്ച ഒരാളെ സഭയിൽ കണ്ടെത്താനാകാതെ ചിലർ അങ്ങനെ പറഞ്ഞിട്ടുണ്ട്. എങ്കിൽപ്പോലും, “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന് പൗലോസ് അപ്പൊസ്തലൻ നൽകിയ ബുദ്ധിയുപദേശം സകല ക്രിസ്ത്യാനികൾക്കും ബാധകമാണെന്ന് അവർക്ക് നന്നായി അറിയാം. (1 കൊരി. 7:39) പിന്നെയും എന്തേ പലരും അങ്ങനെയൊക്കെ പറഞ്ഞുപോകുന്നു?
പ്രായോഗികമാണോ എന്ന് ചിലർ സംശയിക്കുന്നതിന്റെ കാരണം
വിവാഹപ്രായമായ സഹോദരന്മാരുടെയും സഹോദരിമാരുടെയും എണ്ണത്തിലുള്ള വ്യത്യാസമായിരിക്കാം അനേകരെയും ആകുലപ്പെടുത്തുന്നത്. പല രാജ്യങ്ങളിലും അത് ഒരു വസ്തുതയാണുതാനും. ദൃഷ്ടാന്തത്തിന്, കൊറിയയിൽനിന്നുള്ള കണക്കനുസരിച്ച്, അവിടെ ഒറ്റക്കാരായുള്ള 100 സാക്ഷികളിൽ ശരാശരി 57 പേർ സഹോദരിമാരും 43 പേർ സഹോദരന്മാരും ആണെന്നാണ്. കൊളംബിയയിലാകട്ടെ, സാക്ഷികളിൽ 66 ശതമാനവും സഹോദരിമാരാണ്. 34 ശതമാനമേ സഹോദരന്മാരുള്ളൂ!
ചില ദേശങ്ങളിൽ, വലിയ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കണമെന്ന് വിശ്വാസത്തിലല്ലാത്ത മാതാപിതാക്കൾ വാശിപിടിക്കുന്നതു നിമിത്തം എളിയ ചുറ്റുപാടുകളുള്ള സഹോദരന്മാർക്ക് വിവാഹം കഴിക്കുക ബുദ്ധിമുട്ടായിത്തീരുന്നു. ഇത് പ്രശ്നം സങ്കീർണമാക്കുന്നു. ഇത്തരം പ്രതിബന്ധങ്ങളെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ, “കർത്താവിൽ” വിവാഹം കഴിക്കുക എന്നുള്ളത് ഒരു കാലത്തും നടക്കാൻപോകുന്ന കാര്യമല്ല എന്ന് ഒരു സഹോദരി ചിന്തിച്ചേക്കാം. അതുകൊണ്ട്, “സാക്ഷികളുടെ ഇടയിൽനിന്ന് നല്ലൊരു പങ്കാളിയെ കിട്ടാൻ കാത്തിരിക്കുന്നത് ബുദ്ധിയാണോ” എന്ന് ഒരുവേള ആ സഹോദരി ചോദിച്ചുപോയേക്കാം.a
യഹോവയിലുള്ള ആശ്രയം അത്യന്താപേക്ഷിതം
ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടോ? എങ്കിൽ ഓർക്കുക: നിങ്ങളുടെ സാഹചര്യം യഹോവയ്ക്ക് നന്നായി അറിയാം. അതെ, നിങ്ങളുടെ വികാരങ്ങളും സ്വകാര്യദുഃഖങ്ങളും ദൈവം അറിയുന്നു.—2 ദിന. 6:29, 30.
എന്നിട്ടും, കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ എന്ന നിർദേശം തന്റെ വചനത്തിൽ യഹോവ നൽകിയിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, തന്റെ ജനത്തിന് എന്താണ് നല്ലതെന്ന് ദൈവത്തിന് നന്നായി അറിയാം. ബുദ്ധിയില്ലാത്ത പ്രവൃത്തികളുടെ കയ്പുനീരിൽനിന്ന് തന്റെ ദാസരെ സംരക്ഷിക്കാൻ മാത്രമല്ല, അവർ സന്തുഷ്ടരായിരിക്കണമെന്നും യഹോവ ആഗ്രഹിക്കുന്നു. നെഹമ്യാവിന്റെ കാലത്ത്, പല യഹൂദന്മാരും സത്യാരാധകരല്ലാത്ത പുറജാതീയസ്ത്രീകളെ വിവാഹം ചെയ്തപ്പോൾ ശലോമോന് പറ്റിയ അബദ്ധത്തെക്കുറിച്ച് നെഹെമ്യാവ് അവരെ ഓർമിപ്പിച്ചു. ശലോമോൻ “തന്റെ ദൈവത്തിന്നു പ്രിയനായിരു”ന്നിട്ടുപോലും അദ്ദേഹത്തെ “അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചു.” (നെഹെ. 13:23-26) അതുകൊണ്ട്, സത്യാരാധകരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് യഹോവ നിഷ്കർഷിച്ചിരിക്കുന്നത് ദൈവദാസരുടെ നന്മയ്ക്കുവേണ്ടിയാണ്. (സങ്കീ. 19:7-10; യെശ. 48:17, 18) ദൈവത്തിന്റെ സ്നേഹപുരസ്സരമായ പരിപാലനത്തിന് സത്യക്രിസ്ത്യാനികൾ നന്ദിയുള്ളവരാണ്. അവർ യഹോവയുടെ മാർഗനിർദേശത്തിൽ പൂർണമായി ആശ്രയിക്കുന്നു. അങ്ങനെ, ഭരണാധികാരിയെന്ന നിലയിൽ യഹോവയ്ക്ക് പൂർണമായും കീഴടങ്ങിയിരുന്നുകൊണ്ട്, യഹോവയെ സാർവത്രിക പരമാധികാരിയായി അവർ അംഗീകരിക്കുന്നു.—സദൃ. 1:5.
ദൈവവുമായുള്ള ബന്ധത്തിൽനിന്ന് നിങ്ങളെ അകറ്റിക്കളഞ്ഞേക്കാവുന്ന ആരെങ്കിലുമായി “ചേർച്ചയില്ലാത്ത പങ്കാളിത്തം” ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കും എന്നതിൽ സംശയമില്ല. (2 കൊരി. 6:14, അടിക്കുറിപ്പ്) പിഴവറ്റതെന്ന് കാലം തെളിയിച്ചിരിക്കുന്ന ആ ദിവ്യമാർഗനിർദേശം അനുസരിച്ചതിന്റെ ഫലമായി അനേകം ക്രിസ്ത്യാനികൾ സംരക്ഷണം ആസ്വദിച്ചിരിക്കുന്നു. തങ്ങൾ തിരഞ്ഞെടുത്തത് ജ്ഞാനത്തിന്റെ മാർഗമായിരുന്നെന്ന് അവർ നന്ദിയോടെ സ്മരിക്കുന്നു. പക്ഷേ, ഖേദകരമെന്നു പറയട്ടെ, മറ്റുചിലർ ആ മാർഗനിർദേശം കാറ്റിൽപ്പറത്തിയിരിക്കുന്നു!
ഇന്നും പ്രായോഗികം
യഹോവയുടെ സാക്ഷിയല്ലാത്ത ഒരാളുമായി പ്രണയത്തിലായതിനെ തുടർന്ന് സംഭവിച്ചതിനെപ്പറ്റി ഓസ്ട്രേലിയയിൽ താമസിക്കുന്ന മാഗിb ഇങ്ങനെ പറയുന്നു: “കാമുകനോടൊപ്പം ആയിരിക്കാൻവേണ്ടി ഞാൻ കൂടെക്കൂടെ യോഗങ്ങൾ മുടക്കാൻ തുടങ്ങി. എന്റെ ആത്മീയത കുത്തനെ ഇടിഞ്ഞു.” ഇന്ത്യക്കാരിയായ രത്തന കൂടെപ്പഠിക്കുന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. അയാൾ ബൈബിൾ പഠിക്കാനും തുടങ്ങിയിരുന്നു. എന്നാൽ കാലക്രമേണ കള്ളി വെളിച്ചത്തായി. അവളെ പ്രേമിക്കാനുള്ള അയാളുടെ ഒരു അടവു മാത്രമായിരുന്നു അത്. കാമുകനെ കല്യാണം കഴിക്കാനായി രത്തന ഒടുവിൽ മതം മാറുകയും സത്യം ഉപേക്ഷിക്കുകയും ചെയ്തു.
കാമറൂണിലെ എൻഡെൻകെയുടെതാണ് മറ്റൊരു ഉദാഹരണം. 19-ാം വയസ്സിൽ അവളുടെ വിവാഹം കഴിഞ്ഞു. സ്വന്തം മതം ആചരിക്കാനുള്ള സർവസ്വാതന്ത്ര്യവും പ്രതിശ്രുതവരൻ അവൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ അയാളുടെ തനിനിറം പുറത്തായി. അവൾ ക്രിസ്തീയയോഗങ്ങൾക്ക് പോകുന്നത് ഭർത്താവ് വിലക്കി. അവൾ പറയുന്നതിങ്ങനെ: “ഞാൻ ശരിക്കും ഒറ്റപ്പെട്ടു. കരഞ്ഞുകരഞ്ഞ് ഞാൻ തളർന്നു. ജീവിതത്തിന്റെ കടിഞ്ഞാൺ കൈവിട്ടുപോയി. കുറ്റബോധവും നിരാശയും എന്നെ വേട്ടയാടി.”
വിശ്വാസത്തിലല്ലാത്ത ഇണകളെല്ലാം ക്രൂരരും ന്യായബോധമില്ലാത്തവരും ആയിത്തീരും എന്നൊന്നുമല്ല പറഞ്ഞുവരുന്നതിന്റെ സാരം. അവിശ്വാസിയെ വിവാഹം കഴിച്ചതുകൊണ്ട് അത്തരം പരിണതഫലങ്ങൾ നിങ്ങൾ ഒരുപക്ഷേ നേരിടണമെന്നുമില്ല. പക്ഷേ, സ്നേഹനിധിയായ സ്വർഗീയപിതാവുമായുള്ള നിങ്ങളുടെ ബന്ധത്തെ അത് എങ്ങനെ ബാധിക്കും? നിങ്ങളുടെ നന്മയ്ക്കുവേണ്ടി ദൈവം നൽകിയ ബുദ്ധിയുപദേശം ശ്രദ്ധിക്കാൻ നിങ്ങൾ കൂട്ടാക്കിയില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ എന്താണ് നിങ്ങൾക്ക് അനുഭവപ്പെടുന്നത്? അതിലെല്ലാമുപരി, നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് ദൈവത്തിന് എന്തായിരിക്കും തോന്നുന്നത്?—സദൃ. 1:33.
‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് സാക്ഷ്യപ്പെടുത്താൻ ലോകമെങ്ങുംനിന്നുള്ള സഹോദരീസഹോദരന്മാർക്ക് സാധിക്കും. ഏകാകികളായിട്ടുള്ളവർ, ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചുറച്ചിരിക്കുന്നു, അതുകൊണ്ട് സഹാരാധകരുടെ ഇടയിൽനിന്നു മാത്രം യോജിച്ച ഒരു വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നു. ജപ്പാനിലെ മിച്ചിക്കോ എന്ന സഹോദരിയുടെ അനുഭവം നോക്കാം. ഒരു സാക്ഷിയല്ലാത്ത ഒരാളെ വിവാഹം ചെയ്യാൻ ബന്ധുക്കൾ അവളുടെമേൽ സമ്മർദം ചെലുത്തി. ആ സമ്മർദം ചെറുത്തുനിൽക്കുന്നതോടൊപ്പം, തന്റെ പല സുഹൃത്തുക്കളും പരിചയക്കാരും സഭയിൽനിന്നുതന്നെ യോജിച്ച പങ്കാളികളെ കണ്ടെത്തുന്നതും അവൾ നിരീക്ഷിച്ചു. അവൾ ഇങ്ങനെ പറയുന്നു: ‘യഹോവ “സന്തുഷ്ടനായ” ദൈവമായതുകൊണ്ട് നമ്മൾ വിവാഹിതരാണോ അല്ലയോ എന്നുള്ളതല്ല നമ്മുടെ സന്തുഷ്ടിക്ക് ആധാരം എന്ന് ഞാൻ എന്നോടുതന്നെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളൊക്കെയും അവൻ നമുക്കു തരുമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്, വിവാഹം കഴിക്കാനാഗ്രഹിച്ചിട്ടും യോജിച്ച ഒരാളെ കണ്ടെത്താനാകുന്നില്ലെങ്കിൽ, തൽക്കാലം വിവാഹം കഴിക്കാതെ നിൽക്കുന്നതാണ് ഏറ്റവും നല്ലത്.’ (1 തിമൊ. 1:11, അടിക്കുറിപ്പ്) ഒടുവിൽ മിച്ചിക്കോ തനിക്ക് യോജിച്ച ഒരു സഹോദരനെ വിവാഹം ചെയ്തു. കാത്തിരുന്നത് നന്നായെന്ന് അവൾക്ക് ബോധ്യമായി.
സമാനമായി ചില സഹോദരന്മാരും യോജിച്ച ഒരു വധുവിനെ കണ്ടെത്തുന്നതുവരെ കാത്തിരുന്നിട്ടുണ്ട്. ഓസ്ട്രേലിയക്കാരൻ ബിൽ ആ ഗണത്തിൽപ്പെടും. സഭയ്ക്കുപുറത്ത് ചില പെൺകുട്ടികളെ ചിലപ്പോഴെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറയുന്നു. പക്ഷേ, ഒരു അവിശ്വാസിയുമായും അടുത്ത ചങ്ങാത്തത്തിലേക്കു വഴുതിവീഴാതിരിക്കാൻ അദ്ദേഹം എല്ലായ്പോഴും ജാഗ്രത പാലിച്ചു. എന്തുകൊണ്ട്? “ചേർച്ചയില്ലാത്ത പങ്കാളിത്ത”ത്തിലേക്കുള്ള ആദ്യചുവടുവെപ്പായിരിക്കും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ജ്ഞാനപൂർവം അദ്ദേഹം അത് ഒഴിവാക്കി. അതിനിടെ ചില സഹോദരിമാരെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതാണ്. പക്ഷേ, അവർക്ക് സമ്മതമല്ലായിരുന്നു. അങ്ങനെ 30 വർഷം ബിൽ കാത്തിരുന്നു. പക്ഷേ ഒടുവിൽ യോജിച്ച ഒരു ഇണയെ അദ്ദേഹം കണ്ടെത്തുകതന്നെ ചെയ്തു. ബിൽ പറയുന്നു: “ഇത്രയും നാൾ കാത്തിരുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല. പകരം അനുഗൃഹീതനായാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് ഒരുമിച്ച് ശുശ്രൂഷയ്ക്കു പോകാനാകുന്നു, ഒരുമിച്ച് പഠിക്കാനാകുന്നു, ഒരുമിച്ച് ആരാധിക്കാനാകുന്നു. എന്റെ ഭാര്യയോടൊപ്പം അവളുടെ കൂട്ടുകാരെ സന്ദർശിക്കാനും അവരുമായി സഹവസിക്കാനും കഴിയുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. കാരണം അവരെല്ലാം യഹോവയുടെ ആരാധകരാണ്. ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹത്തെ കെട്ടുറപ്പുള്ളതായി കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിയുന്നു.”
യഹോവയ്ക്കായി കാത്തിരിക്കവെ. . .
യഹോവയുടെ കരുതലുള്ള കരങ്ങളിൽ കാര്യങ്ങൾ ഭരമേൽപ്പിച്ച് കാത്തിരിക്കവെ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ഒന്നാമതായി, നിങ്ങൾ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ചിന്തിക്കുക. “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന ബൈബിൾനിർദേശം പിൻപറ്റുന്നതിനാലാണ് നിങ്ങൾ വിവാഹം കഴിക്കാത്തതെങ്കിൽ ആ ദിവ്യകല്പന അനുസരിക്കുന്നതിനെപ്രതി നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. തന്റെ വചനം അനുസരിക്കാനായി നിങ്ങൾ കാണിക്കുന്ന നിശ്ചയദാർഢ്യത്തിൽ യഹോവ സംപ്രീതനാണെന്ന് ഉറപ്പുള്ളവരായിരിക്കുക. (1 ശമൂ. 15:22; സദൃ. 27:11) പ്രാർഥനയിൽ “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരു”ന്നതിൽ തുടരുക. (സങ്കീ. 62:8) ഇടവിടാതെ ആത്മാർഥമായി നിങ്ങൾ അഭയയാചന നടത്തുമ്പോൾ നിങ്ങളുടെ പ്രാർഥനകൾ കൂടുതൽ അർഥപൂർണമാകും. സഭയിൽനിന്നും പുറത്തുനിന്നും ഉള്ള സമ്മർദങ്ങൾ ഗണ്യമാക്കാതെ നിങ്ങൾ ഉറച്ചു നിൽക്കുമ്പോൾ ദൈവവുമായുള്ള നിങ്ങളുടെ ബന്ധം അനുദിനം ദൃഢമാകും. അത്യുന്നതനായ ദൈവം തന്റെ സകല വിശ്വസ്താരാധകരിലും താത്പര്യം എടുക്കുന്നുവെന്നും ദൈവത്തിന്റെ കണ്ണിൽ നിങ്ങൾ വിലയേറിയവരാണെന്നും ഉറപ്പുള്ളവരായിരിക്കുക. നിങ്ങളുടെ ആവശ്യങ്ങളും ഹൃദയവാഞ്ഛകളും ദൈവം കാണുകയും അവയ്ക്കായി കരുതുകയും ചെയ്യുന്നു. താൻ ജീവിതപങ്കാളിയെ കൊടുത്തുകൊള്ളാമെന്ന് ദൈവം ആർക്കും വാക്കു കൊടുക്കുന്നില്ല. പക്ഷേ, നിങ്ങൾക്ക് ഒരു വിവാഹ ഇണയെ യഥാർഥത്തിൽ ആവശ്യമാണെങ്കിൽ നിങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾ ഉചിതമായ വിധത്തിൽ തൃപ്തിപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ദൈവത്തിന് അറിയാം.—സങ്കീ. 145:16; മത്താ. 6:32.
ചില സാഹചര്യങ്ങളിൽ സങ്കീർത്തനക്കാരനായ ദാവീദിന്റേതുപോലെ നിങ്ങളുടെ ഹൃദയം വിതുമ്പിയേക്കാം: “യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.” (സങ്കീ. 143:5-7, 10) അത്തരം സമയങ്ങളിൽ, നിങ്ങളെക്കുറിച്ചുള്ള തന്റെ ഇഷ്ടം എന്തെന്ന് കാണിച്ചുതരാൻ നിങ്ങളുടെ സ്വർഗീയപിതാവിന് സമയം അനുവദിക്കുക. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും? ദൈവവചനം വായിക്കാനും വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കുക. ദൈവത്തിന്റെ കല്പനകൾ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കും. തന്റെ ജനത്തിനുവേണ്ടി മുൻകാലങ്ങളിൽ ദൈവം പ്രവർത്തിച്ച വിധം നിങ്ങൾ കാണുകയും ചെയ്യും. അങ്ങനെ യഹോവയെ ശ്രദ്ധിക്കുന്നതുവഴി, ദൈവത്തെ അനുസരിക്കുന്നതിലെ ജ്ഞാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം വർധിച്ചുവരും.
കുടുംബങ്ങളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന ഏകാകികളായ സഹോദരീസഹോദരന്മാർ സഭയ്ക്ക് വേണ്ടപ്പെട്ടവരാണ്
ഒറ്റയ്ക്കായിരിക്കുന്ന നാളുകൾ സന്തോഷപ്രദവും ഫലപ്രദവും ആക്കാൻ നിങ്ങൾക്ക് മറ്റെന്തെങ്കിലും ചെയ്യാനാകുമോ? ഒരു സന്തുഷ്ട കുടുംബജീവിതത്തിന് അത്യന്താപേക്ഷിതമായ ആത്മീയ വിവേചനാപ്രാപ്തി, ഉദാരമനസ്കത, അധ്വാനശീലം, പ്രസന്നമനോഭാവം, ദൈവഭക്തി, സത്കീർത്തി തുടങ്ങിയവ ആർജിച്ചെടുക്കാൻ ഏകാകിയായിരിക്കുന്ന നാളുകൾ നന്നായി ഉപയോഗപ്പെടുത്താനാകും. ഭാവിയിൽ സന്തുഷ്ടദാമ്പത്യത്തിന് ഇവ തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല. (ഉല്പ. 24:16-21; രൂത്ത് 1:16, 17; 2:6, 7, 11; സദൃ. 31:10-27) പ്രസംഗവേലയിലും മറ്റു ക്രിസ്തീയപ്രവർത്തനങ്ങളിലും പൂർണമായി പങ്കെടുത്തുകൊണ്ട് രാജ്യം ഒന്നാമത് അന്വേഷിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് ഒരു സംരക്ഷണമായിരിക്കും. നേരത്തേ പരാമർശിച്ച ബിൽ തന്റെ വിവാഹത്തിനു മുമ്പുള്ള നാളുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ആ നാളുകൾ പറന്നുപോയതുപോലെ തോന്നി! പയനിയറിങ് ചെയ്തുകൊണ്ട് ഞാൻ ആ സമയം യഹോവയുടെ സേവനത്തിൽ ഉപയോഗിച്ചു.”
അതെ, “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന കല്പന ഇക്കാലത്തും യാഥാർഥ്യത്തിനു നിരക്കുന്നതുതന്നെയാണ്. അത് അനുസരിക്കുന്നതുമൂലം യഹോവയെ ബഹുമാനിക്കാനും നിലനിൽക്കുന്ന സംതൃപ്തി നേടിയെടുക്കാനും നിങ്ങൾക്കും സാധിക്കും. “യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. . . . ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സങ്കീ. 112:1, 3) അതുകൊണ്ട്, “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന ദിവ്യകല്പന അനുസരിക്കാൻ നിശ്ചയിച്ചുറയ്ക്കുക.
a ഈ ലേഖനത്തിൽ ഒരു സഹോദരിയുടെ കണ്ണിലൂടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ തത്ത്വങ്ങൾ സഹോദരന്മാർക്കും ബാധകമാണ്.
b ചില പേരുകൾ മാറ്റിയിട്ടുണ്ട്.