നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ?
“ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി . . . എന്നിവയിൽനിന്ന് ഉളവാകുന്നസ്നേഹം നമുക്കേവർക്കും ഉണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു; അതുകൊണ്ടത്രേ ഇങ്ങനെയൊരു നിർദേശം ഞാൻ നൽകുന്നത്.”—1 തിമൊ. 1:5.
1, 2. മനസ്സാക്ഷി ആരാണ് നമുക്ക് നൽകിയത്, അതിന് നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
സ്വതന്ത്രമായ ഇച്ഛാശക്തിയോടെ, അതായത് ചിന്തിച്ച് ഇഷ്ടാനുസരണം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിന് യഹോവ നമുക്ക് ഒരു വഴികാട്ടിയെ തന്നിട്ടുണ്ട്. ആ വഴികാട്ടിയാണ് മനസ്സാക്ഷി. ശരിയും തെറ്റും സംബന്ധിച്ച നമ്മുടെ ആന്തരികബോധമാണ് അത്. നമ്മുടെ മനസ്സാക്ഷി ശരിയായ വിധത്തിൽ ഉപയോഗിക്കുമ്പോൾ നന്മ ചെയ്യാനും തിന്മ ഒഴിവാക്കാനും അതു നമ്മളെ സഹായിക്കും. യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും നമ്മൾ വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നെന്നും ഉള്ളതിന്റെ തെളിവാണ് നമുക്ക് അവൻ തന്നിരിക്കുന്ന മനസ്സാക്ഷി.
2 ബൈബിളിന്റെ നിലവാരങ്ങൾ അറിയില്ലെങ്കിലും ചില ആളുകൾ നല്ല കാര്യങ്ങൾ ചെയ്യുകയും തെറ്റായ കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. (റോമർ 2:14, 15 വായിക്കുക.) എന്തുകൊണ്ട്? അവരുടെ മനസ്സാക്ഷിയാണ് അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് അത് പലരെയും തടയുന്നു. ആർക്കും മനസ്സാക്ഷി ഇല്ലായിരുന്നെങ്കിൽ ലോകം എത്ര വഷളാകുമായിരുന്നു എന്ന് സങ്കല്പിച്ചുനോക്കൂ! അങ്ങനെയായിരുന്നെങ്കിൽ, ഇപ്പോൾ നടക്കുന്നതിനെക്കാൾ അങ്ങേയറ്റം മോശമായ കാര്യങ്ങളായിരുന്നേനേ നമ്മൾ കേൾക്കുന്നത്. യഹോവ മനുഷ്യർക്ക് മനസ്സാക്ഷി നൽകിയിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരായിരിക്കണം!
3. സഭയിലായിരിക്കെ, മനസ്സാക്ഷിക്ക് നമ്മളെ ഏതു വിധത്തിൽ സഹായിക്കാനാകും?
3 മിക്ക ആളുകളും മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ യഹോവയുടെ ജനം തങ്ങളുടെ മനസ്സാക്ഷി ഉചിതമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. കാരണം, സഭയുടെ ഐക്യം ഉന്നമിപ്പിക്കാൻ സഹായിക്കുന്നതിൽ മനസ്സാക്ഷിക്ക് വലിയൊരു പങ്കുണ്ട്. ശരിയും തെറ്റും, നന്മയും തിന്മയും സംബന്ധിച്ചുള്ള ബൈബിൾനിലവാരങ്ങളെക്കുറിച്ച് മനസ്സാക്ഷി നമ്മളെ ഓർമിപ്പിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. എങ്കിലും, മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിച്ചാൽ മാത്രം പോരാ. പകരം, നമ്മൾ ദൈവത്തിന്റെ നിലവാരങ്ങളെ പ്രിയപ്പെടുകയും അത് നമ്മുടെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുകയും വേണം. പൗലോസ് എഴുതി: “ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, നിഷ്കപടമായ വിശ്വാസം എന്നിവയിൽനിന്ന് ഉളവാകുന്ന സ്നേഹം നമുക്കേവർക്കും ഉണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു; അതുകൊണ്ടത്രേ ഇങ്ങനെയൊരു നിർദേശം ഞാൻ നൽകുന്നത്.” (1 തിമൊ. 1:5) മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ യഹോവയോടുള്ള സ്നേഹവും അവനിലുള്ള വിശ്വാസവും വളരും. മനസ്സാക്ഷി എങ്ങനെ ഉപയോഗിക്കുന്നു എന്നത് യഹോവയോടുള്ള അടുപ്പം എത്ര ശക്തമാണെന്നും അവനെ സന്തോഷിപ്പിക്കാൻ നമ്മൾ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നും തെളിയിക്കുന്നു. നമ്മൾ യഥാർഥത്തിൽ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന് മനസ്സാക്ഷി വെളിപ്പെടുത്തുന്നു.
4. മനസ്സാക്ഷിയെ നമുക്ക് എങ്ങനെ പരിശീലിപ്പിക്കാൻ കഴിയും?
4 മനസ്സാക്ഷിയെ നമുക്ക് എങ്ങനെ പരിശീലിപ്പിക്കാം? ബൈബിൾ ക്രമമായി പഠിക്കുക, പഠിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുക, അവ പ്രാവർത്തികമാക്കാൻ യഹോവയോട് സഹായം ചോദിക്കുക. അതിന് അർഥം, നമ്മൾ കേവലം വസ്തുതകളും നിയമങ്ങളും പഠിച്ചാൽ മാത്രം പോരാ എന്നാണ്. ബൈബിൾ പഠിക്കുമ്പോൾ നമ്മുടെ ലക്ഷ്യം യഹോവയെ മെച്ചമായി അറിയുക എന്നതാണ്. അവൻ ഏതുതരം വ്യക്തിയാണ്, അവന്റെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം നമ്മൾ അറിയും. യഹോവയെക്കുറിച്ച് നമ്മൾ കൂടുതൽ പഠിക്കുന്തോറും അവന്റെ ദൃഷ്ടിയിൽ ശരിയേത് തെറ്റേത് എന്ന് പെട്ടെന്ന് തിരിച്ചറിയാൻ മനസ്സാക്ഷി നമ്മളെ സഹായിക്കും. മനസ്സാക്ഷിയെ നമ്മൾ എത്രത്തോളം പരിശീലിപ്പിക്കുന്നുവോ അത്രത്തോളം നമ്മൾ യഹോവയെപ്പോലെ ചിന്തിക്കാൻ പഠിക്കും.
5. ഈ ലേഖനത്തിൽ നമ്മൾ എന്ത് പരിശോധിക്കും?
5 എങ്കിലും നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നന്നായി പരിശീലിപ്പിച്ച മനസ്സാക്ഷി നമ്മളെ എങ്ങനെ സഹായിക്കും? സഹവിശ്വാസിയുടെ മനസ്സാക്ഷിയെ നമുക്ക് എങ്ങനെ മാനിക്കാം? ശരിയായത് ചെയ്യാൻ മനസ്സാക്ഷിക്ക് നമ്മളെ എങ്ങനെ പ്രേരിപ്പിക്കാൻ കഴിയും? നന്നായി പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷി ആവശ്യമായിവരുന്ന മൂന്നു മേഖലകൾ നമ്മൾ ഇപ്പോൾ പരിശോധിക്കും. (1) ആരോഗ്യ പരിപാലനം (2) വിനോദം (3) നമ്മുടെ പ്രസംഗപ്രവർത്തനം.
ന്യായബോധമുള്ളവരായിരിക്കുക
6. ചികിത്സാകാര്യങ്ങളിൽ നമ്മൾ എന്ത് തീരുമാനം എടുക്കും?
6 നമുക്ക് ദോഷംചെയ്യുന്ന കാര്യങ്ങൾ ഒഴിവാക്കാനും തീറ്റിയും കുടിയും പോലുള്ള ശീലങ്ങളിൽ ന്യായബോധമുള്ളവരായിരിക്കാനും ബൈബിൾ നമ്മളോടു പറയുന്നു. (സദൃ. 23:20; 2 കൊരി. 7:1) ബൈബിളിന്റെ മാർഗനിർദേശം അനുസരിക്കുന്നത് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. എന്നിരുന്നാലും, നമ്മൾ രോഗികളാകുകയും വൃദ്ധരാകുകയും ചെയ്യും. അപ്പോൾ നമ്മൾ എന്ത് തീരുമാനം എടുക്കേണ്ടിവന്നേക്കാം? ചില രാജ്യങ്ങളിൽ പരമ്പരാഗതചികിത്സയും പകരചികിത്സയും ലഭ്യമാണ്. വ്യത്യസ്ത ചികിത്സാരീതികളെക്കുറിച്ച് സംശയങ്ങൾ ചോദിച്ചുകൊണ്ട് സഹോദരങ്ങൾ ബ്രാഞ്ചോഫീസിന് കൂടെക്കൂടെ എഴുതാറുണ്ട്. ‘ഒരു യഹോവയുടെ സാക്ഷിക്ക് ഈ ചികിത്സ പറ്റുമോ, ആ ചികിത്സ പറ്റുമോ’ എന്നൊക്കെ അറിയാനാണ് മിക്ക സഹോദരങ്ങളും ആഗ്രഹിക്കുന്നത്.
7. രക്തത്തോട് ബന്ധപ്പെട്ട തീരുമാനങ്ങൾ നമുക്ക് എങ്ങനെ എടുക്കാം?
7 ആരോഗ്യകാര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് ഒരു വ്യക്തി ചോദിച്ചാൽപ്പോലും അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ബ്രാഞ്ചോഫീസിനോ സഭയിലെ മൂപ്പന്മാർക്കോ ഇല്ല. (ഗലാ. 6:5) എന്നാലും, ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നതിന് മൂപ്പന്മാർക്ക് യഹോവ പറയുന്ന കാര്യങ്ങൾ അദ്ദേഹവുമായി പങ്കുവെക്കാനാകും. ഉദാഹരണത്തിന്, രക്തം വർജിക്കാൻ ദൈവം നമ്മളോട് കൽപ്പിച്ചിരിക്കുന്നു. (പ്രവൃ. 15:29) രക്തം അതേപടിയോ അതിന്റെ നാലു പ്രമുഖഘടകങ്ങളിൽ ഏതെങ്കിലുമോ ഉൾപ്പെടുന്ന ചികിത്സാരീതി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാൻ ഈ കല്പന ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നു. രക്തത്തിന്റെ ഘടകാംശങ്ങൾ—നാലു പ്രമുഖഘടകങ്ങളുടെ ചെറുഘടകങ്ങൾ—സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമ്പോഴും ഈ വിവരം ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷിയെ ബാധിച്ചേക്കാം.a ചികിത്സയോട് ബന്ധപ്പെട്ട് ഉചിതമായ തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്ന മറ്റ് ബൈബിളുപദേശങ്ങൾ ഏതെല്ലാമാണ്?
8. ആരോഗ്യപരിപാലനത്തെക്കുറിച്ച് ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ ഫിലിപ്പിയർ 4:5 സഹായിക്കുന്നതെങ്ങനെ?
8 “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു,” എന്ന് സദൃശവാക്യങ്ങൾ 14:15 പറയുന്നു. ഇന്ന് ചില രോഗങ്ങൾക്ക് അറിയപ്പെടുന്ന ചികിത്സകളൊന്നുമില്ല. അതുകൊണ്ട്, ഫലംകണ്ടതിന്റെ ഒരു തെളിവുമില്ലാതിരിക്കെ ഒരു രോഗം ഭേദമാക്കാമെന്ന് അവകാശപ്പെടുന്ന ചികിത്സകളെക്കുറിച്ച് നമ്മൾ ജാഗ്രത പാലിക്കണം. പൗലോസ് എഴുതി: “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” (ഫിലി. 4:5) നമ്മുടെ ജീവിതം ആരോഗ്യകാര്യങ്ങളെ ചുറ്റിപ്പറ്റി ആയിരിക്കുന്നതിനു പകരം സത്യാരാധനയെ കേന്ദ്രീകരിച്ചുള്ളതായിരിക്കാൻ ന്യായബോധം സഹായിക്കും. നമ്മുടെ ജീവിതത്തിൽ ആരോഗ്യപരിപാലനം ഒരു പ്രമുഖകാര്യമായിത്തീർന്നിട്ടുണ്ടെങ്കിൽ നമ്മൾ നമ്മളെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുന്നത്. (ഫിലി. 2:4) ഈ വ്യവസ്ഥിതിയിൽ പൂർണാരോഗ്യം എന്നത് ഒരു സ്വപ്നം മാത്രമാണ്. അതുകൊണ്ട് യഹോവയെ സേവിക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായ കാര്യമെന്ന് ഉറപ്പുവരുത്തുക.—ഫിലിപ്പിയർ 1:10 വായിക്കുക.
നിങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ടോ? (9-ാം ഖണ്ഡിക കാണുക)
9. ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള നമ്മുടെ തീരുമാനങ്ങളെ റോമർ 14:13, 19 ബാധിക്കുന്നതെങ്ങനെ, ഇത് നമ്മുടെ ഐക്യത്തെ അപകടപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
9 ന്യായബോധമുള്ള ഒരു ക്രിസ്ത്യാനി തനിക്ക് ശരിയെന്നു തോന്നുന്ന ഒരു കാര്യം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയില്ല. ഒരു രാജ്യത്ത് ഒരു ദമ്പതികൾ മറ്റുള്ളവരെ ചില പ്രത്യേക പോഷകാഹാരങ്ങൾ കഴിക്കാനും പ്രത്യേക ഭക്ഷണക്രമം പിൻപറ്റാനും പ്രേരിപ്പിച്ചു. അവർ ചിലരെ പറഞ്ഞ് പാട്ടിലാക്കിയെങ്കിലും, മറ്റു ചിലർ അതിനു വഴങ്ങിയില്ല. അവർ നിർദേശിച്ച കാര്യങ്ങൾക്ക് ഉദ്ദേശിച്ച ഫലം കിട്ടാതെവന്നപ്പോൾ പല സഹോദരങ്ങളും അസ്വസ്ഥരും നിരാശരും ആയി. മറ്റുള്ളവരോട് നിർദേശിച്ച ഇക്കാര്യങ്ങൾ ആ ദമ്പതികൾക്ക് വേണമെങ്കിൽ സ്വന്തം കാര്യത്തിൽ നടപ്പാക്കാമായിരുന്നു. എന്നാൽ ഈ ആരോഗ്യപരിപാലനത്തിന്റെ പേരു പറഞ്ഞ് സഭയുടെ ഐക്യം അപകടപ്പെടുത്തിയത് ന്യായമായിരുന്നോ? പുരാതന റോമിലെ ചില ക്രിസ്ത്യാനികൾക്ക് ചില പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പൗലോസ് അവർക്ക് എന്ത് ഉപദേശമാണ് നൽകിയത്? അവൻ പറഞ്ഞു: “ഒരുവൻ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ മാനിക്കുന്നു. മറ്റൊരുവൻ എല്ലാ ദിവസങ്ങളെയും ഒരുപോലെ മാനിക്കുന്നു. ഓരോരുത്തനും അവനവന്റെ മനസ്സിൽ പൂർണബോധ്യമുണ്ടായിരിക്കട്ടെ.” മറ്റുള്ളവർക്ക് ഒരു മോശമായ മാതൃക ആകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.—റോമർ 14:5, 13, 15, 19, 20 വായിക്കുക.
10. മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ നമ്മൾ മാനിക്കേണ്ടത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 സഭയിൽ ആരെങ്കിലും വ്യക്തിപരമായൊരു കാര്യത്തെക്കുറിച്ച് ഒരു പ്രത്യേക തീരുമാനം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചില സാഹചര്യങ്ങളിൽ നമുക്ക് മനസ്സിലാകാതിരുന്നേക്കാം. അപ്പോൾ നമ്മൾ എന്ത് ചെയ്യണം? അദ്ദേഹത്തെ വിധിക്കാൻ തിടുക്കംകൂട്ടരുത്; മനസ്സുമാറ്റാൻ സമ്മർദം ചെലുത്തുകയും അരുത്. ചിലപ്പോൾ അദ്ദേഹം തന്റെ മനസ്സാക്ഷിയെ കൂടുതൽ പരിശീലിപ്പിക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ മനസ്സാക്ഷി വളരെ ലോലമായിരിക്കാം. (1 കൊരി. 8:11, 12) ഇനി അതുമല്ലെങ്കിൽ, നമ്മുടെ മനസ്സാക്ഷിക്ക് കൂടുതൽ പരിശീലനം ആവശ്യമായിരിക്കാം. ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും മറ്റ് കാര്യങ്ങളിലും നമ്മൾ വ്യക്തിപരമായി തീരുമാനമെടുക്കുകയും അതിന്റെ ഉത്തരവാദിത്വം വഹിക്കുകയും വേണം.
വിനോദം ആസ്വദിക്കുക
11, 12. വിനോദങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബൈബിൾ നമ്മളെ സഹായിക്കുന്നതെങ്ങനെ?
11 വിനോദങ്ങൾ ആസ്വദിക്കാനും അതിൽനിന്ന് പ്രയോജനം നേടാനും കഴിയുന്ന വിധത്തിലാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. ‘ചിരിക്കാൻ ഒരു കാലവും നൃത്തംചെയ്യാൻ ഒരു കാലവും’ ഉണ്ടെന്ന് ശലോമോൻ എഴുതി. (സഭാ. 3:4) എന്നിരുന്നാലും, എല്ലാ വിനോദങ്ങളും പ്രയോജനപ്രദവും പിരിമുറുക്കം ഇല്ലാതാക്കുന്നതും ഉന്മേഷം പകരുന്നതും അല്ല. അതുപോലെ, വിനോദത്തിനുവേണ്ടി കണക്കിലധികം സമയം ചെലവഴിക്കുന്നതും നമ്മൾ ഒഴിവാക്കണം. യഹോവ അംഗീകരിക്കുന്ന വിനോദങ്ങൾ ആസ്വദിക്കാനും അതിൽനിന്ന് പ്രയോജനം നേടാനും മനസ്സാക്ഷി നമ്മളെ സഹായിക്കുന്നതെങ്ങനെ?
12 “ജഡത്തിന്റെ പ്രവൃത്തികൾ”ക്കെതിരെ ബൈബിൾ നമുക്ക് മുന്നറിയിപ്പു നൽകുന്നു. അത് “പരസംഗം, അശുദ്ധി, ദുർന്നടപ്പ്, വിഗ്രഹാരാധന, ഭൂതവിദ്യ, ശത്രുത, ശണ്ഠ, സ്പർധ, ക്രോധം, കലഹം, ഭിന്നത, ഭിന്നപക്ഷങ്ങൾ, അസൂയ, മദ്യപാനം, വെറിക്കൂത്ത് തുടങ്ങിയവ ആകുന്നു. ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് പൗലോസ് എഴുതി. (ഗലാ. 5:19-21) അതുകൊണ്ട് നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാം: ‘ക്രൂരതയും അക്രമവും നിറഞ്ഞതും മത്സരവും ദേശീയതയും ഉന്നമിപ്പിക്കുന്നതും ആയ വിനോദങ്ങൾ ഒഴിവാക്കാൻ മനസ്സാക്ഷി എന്നെ സഹായിക്കുന്നുണ്ടോ? അശ്ലീലരംഗങ്ങൾ ചിത്രീകരിക്കുന്നതോ അധാർമികത, മദ്യാസക്തി, ഭൂതവിദ്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ എന്തെങ്കിലും കാണാനുള്ള പ്രലോഭനമുണ്ടാകുമ്പോൾ മനസ്സാക്ഷി എനിക്ക് മുന്നറിയിപ്പു നൽകാറുണ്ടോ?’
13. വിനോദത്തിന്റെ കാര്യത്തിൽ, 1 തിമൊഥെയൊസ് 4:8, സദൃശവാക്യങ്ങൾ 13:20 എന്നീ വാക്യങ്ങളിലെ ഉപദേശം നമ്മളെ സഹായിക്കുന്നതെങ്ങനെ?
13 വിനോദങ്ങളുടെ കാര്യത്തിൽ നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ ബൈബിൾതത്ത്വങ്ങൾക്ക് സഹായിക്കാനാകും. ഉദാഹരണത്തിന്, “കായികപരിശീലനം അൽപ്പപ്രയോജനമുള്ളത്” എന്ന് ബൈബിൾ പറയുന്നു. (1 തിമൊ. 4:8) ക്രമമായ വ്യായാമം ഉന്മേഷം പകരുന്നതും നല്ല ആരോഗ്യം നേടിത്തരുന്നതും ആണെന്ന് അനേകരും ചിന്തിക്കുന്നു. എന്നാൽ നമ്മൾ ഒരു കൂട്ടത്തോടൊപ്പമാണ് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിലോ? വ്യായാമം ചെയ്യുന്നത് ആരോടൊപ്പമാണ് എന്നതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ബൈബിൾപരിശീലിത മനസ്സാക്ഷി ഉപയോഗിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തമല്ലേ?
14. ഒരു യുവസഹോദരി മാതാപിതാക്കളോട് എന്ത് പറഞ്ഞു, അവരുടെ മറുപടി റോമർ 14:2-4-ന് ചേർച്ചയിലായിരുന്നത് എങ്ങനെ?
14 ക്രിസ്റ്റീനിനും ഡാനിയേലയ്ക്കും കൗമാരപ്രായക്കാരായ രണ്ടു പെൺകുട്ടികളാണുള്ളത്. ക്രിസ്റ്റീൻ പറയുന്നു: “കുടുംബാരാധനയിൽ ഞങ്ങൾ വിനോദത്തെക്കുറിച്ച് ചർച്ച ചെയ്തു. ചില വിനോദങ്ങൾ സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവും ആണെന്ന് ഞങ്ങൾ തീരുമാനിച്ചു. കൂട്ടുകൂടാൻ ഏറ്റവും പറ്റിയത് ആരാണെന്നും ഞങ്ങൾ ചർച്ച ചെയ്തു. സ്കൂളിലെ ഇടവേളകളിൽ സാക്ഷികളായ ചില കുട്ടികൾ അവളുടെ വീക്ഷണത്തിൽ ശരിയല്ലെന്നു തോന്നുന്ന വിധത്തിൽ പെരുമാറുന്നതായി ഞങ്ങളുടെ മക്കളിൽ ഒരാൾ പരാതിപ്പെട്ടു. അവർ ചെയ്യുന്നതുപോലെതന്നെ ചെയ്യാനുള്ള ഒരു സമ്മർദത്തിൻ കീഴിലായി അവൾ. അപ്പോൾ ഞങ്ങൾ അവളോട്, നമുക്കോരോരുത്തർക്കും ഒരു മനസ്സാക്ഷിയുണ്ട്; നമ്മൾ എന്തു ചെയ്യുന്നു, ആരോടൊപ്പം ചെയ്യുന്നു എന്നൊക്കെ തീരുമാനിക്കേണ്ടിവരുമ്പോൾ ഈ മനസ്സാക്ഷിയായിരിക്കണം നമ്മെ നയിക്കേണ്ടതെന്ന് ന്യായവാദം ചെയ്തു.”—റോമർ 14:2-4 വായിക്കുക.
ബൈബിൾപരിശീലിത മനസ്സാക്ഷി അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും (14-ാം ഖണ്ഡിക കാണുക)
15. വിനോദങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ മത്തായി 6:33 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
15 വിനോദങ്ങൾക്കായി നിങ്ങൾ എത്രത്തോളം സമയം ചെലവഴിക്കുന്നുണ്ട്? യോഗങ്ങൾ, വയൽസേവനം, ബൈബിൾപഠനം എന്നിവയാണോ നിങ്ങൾ ജീവിതത്തിൽ ഒന്നാമത് വെക്കുന്നത്, അതോ വിനോദം ആണോ? ഏതാണ് നിങ്ങൾക്ക് പ്രധാനം? യേശു പറഞ്ഞു: “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.” (മത്താ. 6:33) എങ്ങനെ സമയം ചെലവഴിക്കണം എന്ന് തീരുമാനിക്കുമ്പോൾ, മനസ്സാക്ഷി നിങ്ങളെ യേശുവിന്റെ ഈ ഉപദേശം ഓർമപ്പെടുത്താറുണ്ടോ?
പ്രസംഗിക്കാനുള്ള പ്രചോദനം
16. പ്രസംഗിക്കാൻ മനസ്സാക്ഷി നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
16 പരിശീലനം ലഭിച്ച മനസ്സാക്ഷി തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ മുന്നറിയിപ്പ് തരുമെന്ന് മാത്രമല്ല സത്പ്രവൃത്തികൾ ചെയ്യാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യും. വീടുതോറുമുള്ള വേലയിലോ അനൗപചാരികമായി കണ്ടുമുട്ടുന്നവരോടോ സുവാർത്ത അറിയിക്കുക എന്നതാണ് അത്തരം സത്പ്രവൃത്തികളിൽ ഒന്ന്. പൗലോസ് അപ്പൊസ്തലൻ ചെയ്തത് അതാണ്. അവൻ എഴുതി: “ഞാൻ അതിനു ബാധ്യസ്ഥനാകുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം!” (1 കൊരി. 9:16) ഇക്കാര്യത്തിൽ പൗലോസിനെ അനുകരിക്കുമ്പോൾ, ശരി ചെയ്യുന്നു എന്ന തിരിച്ചറിവിൽനിന്ന് നമുക്കൊരു നല്ല മനസ്സാക്ഷി ലഭിക്കും. ആളുകളോട് സുവിശേഷം അറിയിക്കുമ്പോൾ ശരിയായത് ചെയ്യാൻ നമ്മൾ അവരുടെ മനസ്സാക്ഷിയോട് അഭ്യർഥിക്കുകയാണ്. പൗലോസ് പറഞ്ഞു: “സത്യം വെളിപ്പെടുത്തിക്കൊണ്ട് ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു സ്വീകാര്യരായി ഞങ്ങൾ ഞങ്ങളെത്തന്നെ സമർപ്പിക്കുന്നു.”—2 കൊരി. 4:2.
17. ഒരു യുവസഹോദരി തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷി അനുസരിച്ച് പ്രവർത്തിച്ചതെങ്ങനെ?
17 ജാക്വിലിന് 16 വയസ്സുള്ളപ്പോൾ ജീവശാസ്ത്ര ക്ലാസ്സിൽ പരിണാമസിദ്ധാന്തം പഠിക്കാനുണ്ടായിരുന്നു. “സാധാരണഗതിയിൽ ക്ലാസ്സിലെ ചർച്ചകളിൽ ഞാൻ സജീവമായി പങ്കെടുക്കുമായിരുന്നു. പക്ഷെ, ഈ ചർച്ചയിൽ പങ്കുചേരാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല. എനിക്ക് പരിണാമസിദ്ധാന്തത്തെ പിന്തുണയ്ക്കാൻ കഴിയില്ലായിരുന്നു. ഞാൻ അധ്യാപകനെ കണ്ട് എന്റെ നിലപാട് വ്യക്തമാക്കി. അതിശയമെന്ന് പറയട്ടെ, വളരെ സൗഹൃദത്തോടെ ഇടപെട്ടുകൊണ്ട്, സൃഷ്ടി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സിൽ സംസാരിക്കാൻ അദ്ദേഹം എനിക്ക് അവസരം തന്നു.” തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തതിൽ ജാക്വിലിന് സംതൃപ്തി തോന്നി. ശരിയായത് ചെയ്യാൻ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടോ?
18. ആശ്രയയോഗ്യമായ ഒരു നല്ല മനസ്സാക്ഷിയുണ്ടായിരിക്കാൻ നമ്മൾ ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
18 യഹോവയുടെ തത്ത്വങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ ജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താൻ മനസ്സാക്ഷിക്ക് നമ്മളെ സഹായിക്കാനാകും. ദൈവവചനം ക്രമമായി പഠിക്കുകയും ധ്യാനിക്കുകയും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമ്മൾ നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. അപ്പോൾ മനസ്സാക്ഷിയെന്ന അമൂല്യമായ ഈ സമ്മാനം നമ്മുടെ ക്രിസ്തീയജീവിതത്തിൽ ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായിരിക്കും.