മുഖ്യലേഖനം | പ്രാർഥന—എന്താണ് പ്രയോജനം?
പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത് എന്തുകൊണ്ടാണ്?
തന്റെ സുഹൃത്താകാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു.
ഒരു നല്ല ബന്ധം സ്ഥാപിക്കാൻ സുഹൃത്തുക്കൾ ആശയവിനിമയം നടത്തുന്നു. അതുപോലെ, ദൈവം തന്നോട് സംസാരിക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു. ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കൽവന്നു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന ശ്രവിക്കും.” (യിരെമ്യാവു 29:12, പി.ഒ.സി.) അങ്ങനെ, ദൈവത്തോട് നിങ്ങളുടെ സംസാരം തുടരുമ്പോൾ നിങ്ങൾ ‘ദൈവത്തോട് അടുത്തു ചെല്ലും; അവൻ നിങ്ങളോട് അടുത്തു’ വരികയും ചെയ്യും. (യാക്കോബ് 4:8) ദൈവം “തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്ന് ബൈബിൾ ഉറപ്പുനൽകുന്നു. (സങ്കീർത്തനം 145:18) നമ്മൾ എത്രത്തോളം ദൈവത്തോട് പ്രാർഥിക്കുന്നുവോ അത്രത്തോളം ദൈവവുമായുള്ള ബന്ധവും തഴച്ചുവളരും.
“യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും. . . സമീപസ്ഥനാകുന്നു.”—സങ്കീർത്തനം 145:18
നിങ്ങളെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
യേശു പറഞ്ഞു: “മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ആരെങ്കിലും അവനു കല്ല് കൊടുക്കുമോ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ. . . നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് നന്മകൾ എത്രയധികം നൽകും!” (മത്തായി 7:9-11) അതെ, ദൈവം ‘നിങ്ങളെക്കുറിച്ചു കരുതലുള്ളവനും’ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവനും ആയതിനാൽ പ്രാർഥിക്കാനായി നിങ്ങളെ ക്ഷണിക്കുന്നു. (1 പത്രോസ് 5:7) നിങ്ങളുടെ പ്രശ്നങ്ങൾപോലും പ്രാർഥനയിൽ തന്നെ അറിയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.
മനുഷ്യന് ദൈവവുമായുള്ള ബന്ധം ആവശ്യമാണ്.
കോടിക്കണക്കിന് ആളുകൾക്ക് പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നതായി മനുഷ്യരുടെ പ്രകൃതത്തെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു. ഈ ഗണത്തിൽ അജ്ഞേയവാദികളും (ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാവില്ലെന്ന് കരുതുന്നവർ), എന്തിന് ചില നിരീശ്വരവാദികൾപോലും ഉൾപ്പെടുന്നു.a ഇതെല്ലാം കാണിക്കുന്നത് ദൈവവുമായുള്ള ബന്ധം ഉണ്ടായിരിക്കത്തക്ക വിധത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ഇതുതന്നെയാണ് “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്ന് പറഞ്ഞപ്പോൾ യേശുവും അർഥമാക്കിയത്. (മത്തായി 5:3) ആ ആവശ്യം നിവർത്തിക്കാനുള്ള ഒരു മാർഗം ദൈവത്തോട് പതിവായി ആശയവിനിമയം ചെയ്യുക എന്നതാണ്.
പ്രാർഥിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമ്മൾ സ്വീകരിക്കുന്നെങ്കിൽ എന്തെല്ലാം പ്രയോജനങ്ങൾ പ്രതീക്ഷിക്കാനാകും?
(w15-E 10/01)
a 2012-ൽ ഒരു ഗവേഷണകേന്ദ്രം (Pew Research Center) ഐക്യനാടുകളിലുള്ള നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 11 ശതമാനത്തോളം പേർ മാസത്തിലൊരിക്കലെങ്കിലും പ്രാർഥിക്കുന്നതായി വെളിപ്പെടുത്തി.