യഹോവ നിങ്ങൾക്കായി കരുതുന്നു
യഹോവ നിങ്ങൾക്കുവേണ്ടി ആത്മാർഥമായി കരുതുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്? ബൈബിൾ അത് കൃത്യമായി പറയുന്നുണ്ടെന്നുള്ളതാണ് ഒരു കാരണം. “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ” എന്ന് 1 പത്രോസ് 5:7-ൽ പറയുന്നു. യഹോവയ്ക്ക് നിങ്ങളിൽ താത്പര്യമുണ്ടെന്നുള്ളതിന് എന്ത് തെളിവാണുള്ളത്?
ദൈവം ആളുകളുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുന്നു
ഒരു മാതൃകവെച്ചുകൊണ്ട് യഹോവ ദയയും ഔദാര്യവും കാണിക്കുന്നു
ഉറ്റ സുഹൃത്തിന് ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലുള്ള ഗുണങ്ങൾ ദൈവത്തിനുണ്ട്. പരസ്പരം ദയയും ഉദാരതയും കാണിക്കുന്നവർ മിക്കപ്പോഴും ഉറ്റ സുഹൃത്തുക്കളായിത്തീരും. യഹോവ മനുഷ്യരോട് എല്ലാ ദിവസവും ദയയും ഉദാരതയും കാണിക്കുന്നുണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. ഒരു ഉദാഹരണം നോക്കാം, “ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ (യഹോവ) തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.” (മത്താ. 5:45) ആളുകൾക്ക് ‘ആഹാരവും ആനന്ദവും നൽകി ഹൃദയങ്ങളെ നിറയ്ക്കുന്നതിന്’ യഹോവ മഴയും വെയിലും ക്രമീകരിച്ചിരിക്കുന്നു. (പ്രവൃ. 14:17) ഭൂമി ധാരാളം ഭക്ഷണം ഉത്പാദിപ്പിക്കുന്നുവെന്ന കാര്യം യഹോവ ഉറപ്പുവരുത്തുന്നു. ഒരു നല്ല ഭക്ഷണത്തെക്കാൾ സന്തോഷം തരുന്ന അധികം കാര്യങ്ങളൊന്നുമില്ല.
അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ പട്ടിണി കിടക്കുന്നത്? കാരണം മനുഷ്യഭരണാധികാരികൾ മിക്കപ്പോഴും രാഷ്ട്രീയ അധികാരം നേടുന്നതിനും സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനും ആണ് മുഖ്യശ്രദ്ധ കൊടുക്കുന്നത്, ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനല്ല. അത്യാഗ്രഹം മൂലമുള്ള ഈ പ്രശ്നത്തിന് യഹോവ പെട്ടെന്നുതന്നെ പരിഹാരം വരുത്തും. അതിന്, ദൈവം ഇപ്പോഴുള്ള രാഷ്ട്രീയവ്യവസ്ഥിതിയെ മാറ്റി, പകരം ഒരു സ്വർഗീയഗവണ്മെന്റ് സ്ഥാപിക്കും. അതിന്റെ രാജാവ് ദൈവപുത്രനായ യേശു ആയിരിക്കും. അന്ന് ആരും പട്ടിണി കിടക്കില്ല. അതുവരെ ദൈവം തന്റെ വിശ്വസ്തദാസർക്കുവേണ്ടി കരുതും. (സങ്കീ. 37:25) ദൈവം കരുതലുള്ളവനാണെന്നതിന്റെ തെളിവല്ലേ ഇത്!
സമയത്തിന്റെ കാര്യത്തിൽ യഹോവ പിശുക്ക് കാണിക്കുന്നില്ല
ഒരു മാതൃകവെച്ചുകൊണ്ട് യഹോവ സമയത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നില്ല
നല്ലൊരു സുഹൃത്ത് നിങ്ങൾക്കായി അദ്ദേഹത്തിന്റെ സമയം മാറ്റിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾക്ക് രണ്ടു പേർക്കും താത്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം മണിക്കൂറുകളോളം വാതോരാതെ സംസാരിച്ചേക്കാം. നിങ്ങളുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും പറയുമ്പോൾ നല്ലൊരു സുഹൃത്ത് ശ്രദ്ധവെച്ചു കേൾക്കും. യഹോവ അത്തരത്തിലുള്ള ഒരു സുഹൃത്താണോ? തീർച്ചയായും! നമ്മുടെ പ്രാർഥനകൾ യഹോവ ശ്രദ്ധിച്ച് കേൾക്കുന്നു. അതുകൊണ്ട് ‘പ്രാർഥനയിൽ ഉറ്റിരിക്കാനും’ ‘ഇടവിടാതെ പ്രാർഥിക്കാനും’ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു.—റോമ. 12:12; 1 തെസ്സ. 5:17.
എത്ര സമയം യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കും? ബൈബിളിൽനിന്നുള്ള ഒരു ദൃഷ്ടാന്തം അതിനുള്ള ഉത്തരം തരുന്നു. അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ‘രാത്രി മുഴുവൻ അവൻ (യേശു) ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.’ (ലൂക്കോ. 6:12) സാധ്യതയനുസരിച്ച് ആ പ്രാർഥനയിൽ യേശു പല ശിഷ്യന്മാരുടെയും പേരും അവരുടെ ഗുണങ്ങളും കുറവുകളും ഒക്കെ എടുത്ത് പറഞ്ഞിട്ടുണ്ടാകും. അവരിൽനിന്ന് ആരെയൊക്കെ തിരഞ്ഞെടുക്കണമെന്ന് അറിയാൻ യേശു പിതാവിനോട് സഹായം ചോദിച്ചു. പിറ്റേന്നായപ്പോഴേക്കും താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എല്ലാംകൊണ്ടും യോഗ്യരായവരാണെന്ന് യേശുവിന് ഉറപ്പാക്കാനായി. ‘പ്രാർഥന കേൾക്കുന്നവനായതുകൊണ്ട്’ ആത്മാർഥമായ എല്ലാ പ്രാർഥനകളും കേൾക്കാൻ യഹോവയ്ക്ക് സന്തോഷമുണ്ട്. (സങ്കീ. 65:2) മനസ്സിനെ അലട്ടുന്ന ഒരു കാര്യത്തെക്കുറിച്ച് ഒരാൾ മണിക്കൂറുകളോളം പ്രാർഥിച്ചാലും ‘ഇയാൾ പ്രാർഥിക്കാൻ തുടങ്ങിയിട്ട് എത്ര സമയമായി’ എന്നൊന്നും യഹോവ ചിന്തിക്കില്ല.
യഹോവ ക്ഷമിക്കാൻ തയ്യാറാണ്
ഒരു മാതൃകവെച്ചുകൊണ്ട് യഹോവ ക്ഷമിക്കാൻ മടി കാണിക്കുന്നില്ല
ക്ഷമിക്കേണ്ടിവരുമ്പോൾ ഉറ്റ സുഹൃത്തുക്കൾക്കുപോലും ചിലപ്പോൾ പ്രയാസം തോന്നാറുണ്ട്. ക്ഷമിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ദീർഘകാലസൗഹൃദംപോലും ചിലർ വേണ്ടെന്നുവെച്ചേക്കാം. എന്നാൽ യഹോവ അങ്ങനെയല്ല. യഹോവ ‘ധാരാളമായി’ ക്ഷമിക്കുന്നവനാണ്! (യശ. 55:6, 7) അതുകൊണ്ട് ആത്മാർഥഹൃദയരായ എല്ലാവരോടും ക്ഷമയ്ക്കുവേണ്ടി യാചിക്കാൻ ബൈബിൾ പറയുന്നു. ഇങ്ങനെ സൗജന്യമായി ക്ഷമിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്താണ്?
ദൈവത്തിന്റെ അതുല്യമായ സ്നേഹമാണ് അതിന് കാരണം. യഹോവ ലോകത്തെ അതിയായി സ്നേഹിക്കുന്നു. അതുകൊണ്ട് മനുഷ്യകുടുംബത്തെ പാപത്തിൽനിന്നും അതിന്റെ ദോഷകരമായ ഫലങ്ങളിൽനിന്നും രക്ഷിക്കാനായി യഹോവ തന്റെ മകനായ യേശുവിനെ നൽകി. (യോഹ. 3:16) മറുവിലകൊണ്ട് മറ്റു പ്രയോജനങ്ങളുമുണ്ട്. താൻ സ്നേഹിക്കുന്നവരോട് ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവ ക്ഷമിക്കുന്നു. അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “എന്നാൽ നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനും ആകയാൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും.” (1 യോഹ. 1:9) യഹോവ ക്ഷമിക്കുന്നവനായതുകൊണ്ട് ആളുകൾക്ക് യഹോവയുമായുള്ള സൗഹൃദത്തിൽ തുടരാനാകും. ഇക്കാര്യം നമ്മളെ ആഴത്തിൽ സ്പർശിക്കുന്നു.
ആവശ്യമുള്ളപ്പോൾ യഹോവ നമ്മളെ സഹായിക്കും
ഒരു മാതൃകവെച്ചുകൊണ്ട് യഹോവ അവശ്യഘട്ടത്തിൽ പിന്തുണയ്ക്കുന്നു
ഒരു യഥാർഥ സുഹൃത്ത് ആവശ്യം വരുമ്പോൾ സഹായിക്കും. യഹോവയും അങ്ങനെതന്നെയല്ലേ ചെയ്യുന്നത്? യഹോവയെ സേവിക്കുന്ന ഒരാൾ “വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു” എന്ന് ദൈവവചനം പറയുന്നു. (സങ്കീ. 37:24) യഹോവ പല വിധങ്ങളിൽ തന്റെ ദാസരെ താങ്ങുന്നു. കരീബിയൻ ദ്വീപുകളിലൊന്നായ സെന്റ് ക്രോയിയിൽനിന്നുള്ള ഒരു അനുഭവം നോക്കാം.
വിശ്വാസപരമായ കാരണങ്ങളാൽ പതാകയെ വന്ദിക്കാഞ്ഞതുകൊണ്ട് ഒരു കൊച്ചുപെൺകുട്ടിക്ക് സഹപാഠികളിൽനിന്ന് സമ്മർദമുണ്ടായി. സഹായത്തിനായി യഹോവയോട് അപേക്ഷിച്ചതിനു ശേഷം ആ പ്രശ്നത്തെ നേരിടാൻ അവൾ തീരുമാനിച്ചു. അവൾ പതാകവന്ദനത്തെക്കുറിച്ച് ക്ലാസ്സിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോയുടെയും സാഹചര്യം തന്റെ സാഹചര്യവുമായി ചേർച്ചയിലാണെന്ന് എന്റെ ബൈബിൾ കഥാപുസ്തകം ഉപയോഗിച്ച് അവൾ വിശദീകരിച്ചു. അവൾ ഇങ്ങനെ പറഞ്ഞു: “ആ ബിംബത്തെ ആരാധിക്കാഞ്ഞതുകൊണ്ട് യഹോവ ആ യുവാക്കളെ സംരക്ഷിച്ചു.” എന്നിട്ട് അവിടെയുണ്ടായിരുന്ന എല്ലാവരെയും അവൾ ആ പുസ്തകം കാണിച്ചു. അവളുടെ സഹപാഠികളിൽ 11 പേർ അത് വേണമെന്നു പറഞ്ഞു. ഇതുപോലുള്ളൊരു വിവാദവിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ ധൈര്യവും ജ്ഞാനവും യഹോവയാണ് തന്നതെന്ന് തിരിച്ചറിഞ്ഞ അവൾക്ക് വലിയ സന്തോഷം തോന്നി.
യഹോവ നിങ്ങൾക്കായി കരുതുന്നുണ്ടെന്ന കാര്യത്തിൽ സംശയം തോന്നുന്നുണ്ടെങ്കിൽ സങ്കീർത്തനം 34:17-19; 55:22; 145:18, 19 പോലുള്ള വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. തങ്ങൾക്കായി യഹോവ കരുതിയിട്ടുള്ളത് എങ്ങനെയെന്ന് ദീർഘകാലസാക്ഷികളോട് ചോദിച്ചറിയുക. നിങ്ങൾക്ക് സഹായം വേണ്ടിവരുമ്പോൾ അതിനായി യഹോവയോട് പ്രാർഥിക്കുക. യഹോവ ‘നിങ്ങളെക്കുറിച്ച് കരുതലുള്ളവനാണെന്ന്’ നിങ്ങൾ താമസിയാതെ കണ്ടറിയും.