“നിന്റെ കൈകൾ തളരരുത്”
“നിന്റെ കൈകൾ തളരരുത്.”—സെഫ. 3:16, ഓശാന.
1, 2. (എ) ഇന്നു പലരും എന്തൊക്കെ പ്രശ്നങ്ങളാണു നേരിടുന്നത്, അതിന്റെ ഫലം എന്താണ്? (ബി) യശയ്യ 41:10, 13-ൽ നമുക്ക് എന്ത് ഉറപ്പു കാണാനാകും?
ഒരു മൂപ്പന്റെ മുൻനിരസേവികയായ ഭാര്യ ഇങ്ങനെ പറഞ്ഞു: “ഒരു നല്ല ആത്മീയചര്യ കാത്തുസൂക്ഷിച്ചിരുന്നെങ്കിലും വർഷങ്ങളോളം ഞാൻ ഉത്കണ്ഠയോടു മല്ലിട്ടു. അത് എന്റെ ഉറക്കം കെടുത്തി, എന്റെ ആരോഗ്യത്തെയും പെരുമാറ്റരീതികളെയും ബാധിച്ചു. ഒന്നും ചെയ്യാതെ വെറുതേ ഒരു മൂലയിൽ ഒതുങ്ങിക്കൂടാൻ ചിലപ്പോഴൊക്കെ എനിക്കു തോന്നുമായിരുന്നു.”
2 ആ സഹോദരിയുടെ വിഷമം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ദുഃഖകരമെന്നു പറയട്ടെ, സാത്താൻ ഭരിക്കുന്ന ഈ ദുഷ്ടലോകത്തിലെ ജീവിതം സമ്മർദങ്ങൾ നിറഞ്ഞതാണ്. അത് ഉത്കണ്ഠയ്ക്കു കാരണമാകും. അത് ഒരു വ്യക്തിയെ തളർത്തിക്കളയും. ഒരു ബോട്ടിന്റെ നങ്കൂരം അതിനെ മുന്നോട്ടുപോകാൻ അനുവദിക്കാത്തതുപോലെ ജീവിതസമ്മർദങ്ങൾ നമ്മളെ തളച്ചിട്ടേക്കാം. (സദൃ. 12:25) നിങ്ങളെ തളർത്തിക്കളയുന്ന ചില കാര്യങ്ങൾ എന്തായിരിക്കാം? ഒരുപക്ഷേ നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയിരിക്കാം, അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗവുമായി നിങ്ങൾ മല്ലിടുകയായിരിക്കും, അതുമല്ലെങ്കിൽ കടുത്ത സാമ്പത്തികബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ കാലത്ത് കുടുംബത്തെ നോക്കാൻ നിങ്ങൾ പാടുപെടുകയായിരിക്കാം. നിങ്ങൾ നേരിടുന്ന എതിർപ്പായിരിക്കാം മറ്റൊരു കാരണം. എന്താണെങ്കിലും, ഇതിന്റെയൊക്കെ ഫലമായി നിങ്ങൾ അനുഭവിക്കുന്ന വൈകാരികസമ്മർദം പതിയെപ്പതിയെ നിങ്ങളുടെ ശക്തി ചോർത്തിക്കളഞ്ഞേക്കാം. നിങ്ങളുടെ സന്തോഷവും നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ ഇരുകൈയും നീട്ടി നിങ്ങളെ സഹായിക്കാൻ ദൈവം തയ്യാറാണെന്ന് ഉറപ്പുള്ളവരായിരിക്കുക.—യശയ്യ 41:10, 13 വായിക്കുക.
3, 4. (എ) “കൈ” എന്ന പദം ബൈബിളിൽ ഏതൊക്കെ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്? (ബി) നമ്മുടെ കൈകൾ തളർന്നുപോകാൻ എന്ത് ഇടയാക്കിയേക്കാം?
3 സ്വഭാവസവിശേഷതകളും പ്രവൃത്തികളും ചിത്രീകരിക്കാനായി ബൈബിൾ ചിലപ്പോൾ മനുഷ്യശരീരത്തിലെ അവയവങ്ങൾ പ്രതീകങ്ങളായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ബൈബിൾ നൂറുകണക്കിനു പ്രാവശ്യം കൈയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരാളുടെ കൈ ബലപ്പെട്ടു എന്നു പറഞ്ഞാൽ ആ വ്യക്തി പ്രോത്സാഹിതനായി, ധൈര്യം ആർജിച്ചു, അദ്ദേഹത്തിനു പ്രവർത്തിക്കാൻ വേണ്ട ശക്തി കിട്ടി എന്നൊക്കെ അർഥമുണ്ട്. (1 ശമു. 23:16; എസ്ര 1:6) ശുഭാപ്തിവിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കുന്നതിനെയും അത് അർഥമാക്കുന്നു.
4 നിരുത്സാഹിതരും മനസ്സിടിഞ്ഞവരും പ്രത്യാശയില്ലാത്തവരും ആയ ആളുകളെ വർണിക്കാൻ തളർന്ന കൈകൾ എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്. (2 ദിന. 15:7; എബ്രാ. 12:12) സാധാരണയായി അത്തരം സാഹചര്യത്തിൽ ഒരു വ്യക്തി മടുത്ത് പിന്മാറും. എന്നാൽ നിങ്ങളുടെ കാര്യമോ? നിങ്ങളെ സമ്മർദത്തിലാക്കുന്നതോ അല്ലെങ്കിൽ ശാരീരികമോ വൈകാരികമോ ആത്മീയമോ ആയി ഭാരപ്പെടുത്തുന്നതോ ആയ സാഹചര്യങ്ങൾ നേരിടുമ്പോൾ ആവശ്യമായ ഉൾക്കരുത്ത് നിങ്ങൾക്ക് എവിടെനിന്ന് ലഭിക്കും? സഹിച്ചുനിൽക്കാനുള്ള പ്രചോദനവും ശക്തിയും എങ്ങനെ ലഭിക്കും? സന്തോഷം നിലനിറുത്താൻ എങ്ങനെ സാധിക്കും?
“രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല”
5. (എ) പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തു ചെയ്യാനായിരിക്കും നമുക്കു തോന്നുന്നത്, പക്ഷേ നമ്മൾ ഏതു കാര്യം ഓർക്കണം? (ബി) നമ്മൾ എന്തു ചർച്ച ചെയ്യും?
5 സെഫന്യ 3:16, 17 വായിക്കുക. ഭയത്തിനും നിരുത്സാഹത്തിനും കീഴടങ്ങുന്നതു നമ്മൾ ‘അധൈര്യപ്പെടാൻ’ അഥവാ നമ്മുടെ ‘കൈകൾ തളർന്നുപോകാൻ’ അനുവദിക്കുന്നതുപോലെയാണ്. അതിനു പകരം, നമ്മുടെ ‘സകല ചിന്താകുലവും എന്റെമേൽ ഇട്ടുകൊള്ളുവിൻ’ എന്നാണു നമ്മളെക്കുറിച്ച് ചിന്തയുള്ള, നമ്മുടെ പിതാവായ യഹോവ പറയുന്നത്. (1 പത്രോ. 5:7) വിശ്വസ്തദാസരെ ‘രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ ശക്തിയുള്ള കൈ കുറുകീട്ടില്ല’ എന്ന് ഇസ്രായേല്യരോടു യഹോവ പറഞ്ഞു. ആ വാക്കുകൾ നമുക്ക് എപ്പോഴും ഓർത്തിരിക്കാം. (യശ. 59:1) ഒരുതരത്തിലും മുന്നോട്ടുപോകാനാവില്ലെന്നു തോന്നുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും തന്റെ ഇഷ്ടം ചെയ്യാൻ ദൈവജനത്തെ ശക്തീകരിക്കാനുള്ള ആഗ്രഹവും പ്രാപ്തിയും യഹോവയ്ക്കുണ്ട്. ഇതു തെളിയിക്കുന്ന മൂന്നു ബൈബിൾദൃഷ്ടാന്തങ്ങൾ നമ്മൾ ചർച്ച ചെയ്യും. അതു തീർച്ചയായും നിങ്ങളെ ബലപ്പെടുത്തും.
6, 7. അമാലേക്യരുമായുള്ള യുദ്ധത്തിൽ ഇസ്രായേല്യർ വിജയിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
6 ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരായ ഇസ്രായേൽ ജനതയെ അധികം വൈകാതെ അമാലേക്യർ ആക്രമിച്ചു. മോശയുടെ നിർദേശമനുസരിച്ച്, ധീരനായ യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേല്യർ യുദ്ധത്തിനു പുറപ്പെട്ടു. ആ സമയത്ത് മോശ അഹരോനെയും ഹൂരിനെയും കൂട്ടി അടുത്തുള്ള ഒരു കുന്നിൻചെരിവിലേക്കു പോയി. അവിടെ നിന്നാൽ അവർക്കു യുദ്ധസ്ഥലം കാണാനാകുമായിരുന്നു. അവർ പേടിച്ച് ഓടിപ്പോയതാണോ? ഒരിക്കലുമല്ല!
7 വിജയത്തിലേക്കു നയിച്ച ഒരു പദ്ധതി മോശ നടപ്പിലാക്കുകയായിരുന്നു. മോശ സത്യദൈവത്തിന്റെ വടി എടുത്ത് കൈകൾ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ചു. മോശയുടെ കൈകൾ അങ്ങനെതന്നെ നിന്ന സമയത്ത് യുദ്ധത്തിൽ മുന്നേറാൻ യഹോവ ഇസ്രായേല്യരെ സഹായിച്ചു. എന്നാൽ മോശയുടെ കൈകൾക്കു ഭാരം തോന്നി താഴ്ന്നുതുടങ്ങിയപ്പോൾ അമാലേക്യർ വിജയിക്കാൻതുടങ്ങി. ആ സമയത്ത് അഹരോനും ഹൂരും പെട്ടെന്നു ചിന്തിച്ച് പ്രവർത്തിച്ചു. “അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ (മോശ) അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.” അതെ, ദൈവത്തിന്റെ ശക്തമായ കൈ ഇസ്രായേല്യരെ വിജയത്തിലേക്കു നയിച്ചു.—പുറ. 17:8-13.
8. (എ) യഹൂദയെ എത്യോപ്യർ ആക്രമിക്കാൻ വന്നപ്പോൾ ആസ എന്തു ചെയ്തു? (ബി) ആസ ദൈവത്തിൽ ആശ്രയിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 ആസ രാജാവിന്റെ കാലത്തും തന്റെ കൈ കുറുകിയിട്ടില്ലെന്ന് യഹോവ തെളിയിച്ചു. ബൈബിളിൽ പല യുദ്ധങ്ങളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലിയ സൈന്യം അണിനിരന്നതു കൂശ്യനായ അഥവാ എത്യോപ്യക്കാരനായ സേരഹിന്റെ കീഴിലായിരുന്നു. സേരഹിനു പരിചയസമ്പന്നരായ 10,00,000 പടയാളികളുണ്ടായിരുന്നു. ആസയുടെ സൈന്യം സേരഹിന്റെ സൈന്യത്തിന്റെ ഏതാണ്ടു പകുതിയോളമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ആസയ്ക്ക് ഉത്കണ്ഠയും ഭയവും തോന്നിയോ? പരാജയഭീതിയിൽ ആസയുടെ കൈകൾ തളർന്നുപോയോ? ഇല്ല! ആസ പെട്ടെന്നുതന്നെ സഹായത്തിനായി യഹോവയിലേക്കു തിരിഞ്ഞു. സൈനികരുടെ എണ്ണം വെച്ചുനോക്കിയാൽ എത്യോപ്യരെ തോൽപ്പിക്കാൻ ഇസ്രായേല്യർക്കു കഴിയുമായിരുന്നില്ല. എന്നാൽ “ദൈവത്തിനു സകലവും സാധ്യം” ആണ്. (മത്താ. 19:26) ദൈവം തന്റെ മഹത്തായ ശക്തി കാണിച്ചു. തന്റെ ‘ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായി’ ഹൃദയം സൂക്ഷിച്ച ആസയുടെ മുന്നിൽ ദൈവം “കൂശ്യരെ തോല്ക്കുമാറാക്കി.”—1 രാജാ. 15:14; 2 ദിന. 14:8-13.
9. (എ) യരുശലേമിന്റെ മതിൽ പുനർനിർമിക്കുന്നതിൽനിന്ന് നെഹമ്യയെ എന്തു തടഞ്ഞില്ല? (ബി) ദൈവം നെഹമ്യയുടെ പ്രാർഥനയ്ക്ക് എങ്ങനെയാണ് ഉത്തരം കൊടുത്തത്?
9 യരുശലേമിൽ ചെന്നപ്പോൾ നെഹമ്യ എന്താണു കണ്ടത്? നഗരം സുരക്ഷിതമല്ലായിരുന്നു. അവിടെ താമസിക്കുന്ന ജൂതന്മാരാകട്ടെ നിരുത്സാഹിതരുമായിരുന്നു. ശത്രുക്കളുടെ ഭീഷണി കാരണം ജൂതന്മാരുടെ കൈകൾ തളർന്നുപോയതുകൊണ്ട്, അതായത് അവരുടെ ധൈര്യം ചോർന്നുപോയതുകൊണ്ട്, അവർ മതിൽ പുനർനിർമിച്ചതുമില്ല. ഇതൊക്കെ കണ്ട് നിരുത്സാഹിതനായി തന്റെയും കൈകൾ തളർന്നുപോകാൻ നെഹമ്യ അനുവദിച്ചോ? ഇല്ല! മോശയെപ്പോലെ, ആസയെപ്പോലെ, മറ്റ് അനേകം ദൈവദാസരെപ്പോലെ, പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുന്ന ഒരു രീതി നെഹമ്യ വളർത്തിയെടുത്തിരുന്നു. ഈ സാഹചര്യത്തിലും നെഹമ്യ അതുതന്നെയാണു ചെയ്തത്. മുന്നിൽ വന്ന തടസ്സങ്ങൾ തരണം ചെയ്യാനാകില്ലെന്നു ജൂതന്മാർക്കു തോന്നിയെങ്കിലും സഹായത്തിനായുള്ള നെഹമ്യയുടെ ആത്മാർഥമായ അപേക്ഷ യഹോവ കേട്ടു. തന്റെ “മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും” ദൈവം ജൂതന്മാരുടെ കുഴഞ്ഞ കൈകൾ ശക്തിപ്പെടുത്തി. (നെഹമ്യ 1:10; 2:17-20; 6:9 വായിക്കുക.) യഹോവ തന്റെ “മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും” ഇന്നത്തെ ദൈവദാസരെ ബലപ്പെടുത്തുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
യഹോവ നിങ്ങളുടെ കൈകൾക്കു ബലം പകരും
10, 11. (എ) നമ്മുടെ കൈകൾ തളർത്തിക്കളയാൻ സാത്താൻ എങ്ങനെയാണു ശ്രമിക്കുന്നത്? (ബി) നമ്മളെ ബലപ്പെടുത്താനും നമുക്കു ശക്തി പകരാനും യഹോവ എന്താണു ചെയ്യുന്നത്? (സി) ദിവ്യാധിപത്യ വിദ്യാഭ്യാസത്തിൽനിന്നും പരിശീലനത്തിൽനിന്നും നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിച്ചിരിക്കുന്നത്?
10 ഒരു കാര്യം ഓർക്കുക: സാത്താന്റെ കൈകൾ ഒരിക്കലും തളർന്നുപോകുന്നില്ല. നമ്മുടെ ക്രിസ്തീയപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ അവൻ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗവൺമെന്റുകളുടെയും മതനേതാക്കന്മാരുടെയും വിശ്വാസത്യാഗികളുടെയും നുണകളും ഭീഷണികളും സാത്താൻ അതിനുവേണ്ടി ഉപയോഗിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ നമ്മുടെ കൈകൾ തളർത്തിക്കളയുക എന്നതാണ് അവന്റെ ലക്ഷ്യം. എന്നാൽ പരിശുദ്ധാത്മാവിലൂടെ നമുക്കു ശക്തി പകരാൻ യഹോവയ്ക്കു കഴിയും, യഹോവ അതിനു സന്നദ്ധനുമാണ്. (1 ദിന. 29:12) സാത്താനും അവന്റെ ദുഷ്ടലോകവും നമ്മുടെ നേർക്കു കൊണ്ടുവരുന്ന ഏതൊരു വെല്ലുവിളിയും നേരിടുന്നതിനു നമ്മൾ പരിശുദ്ധാത്മാവിൽ ആശ്രയിക്കേണ്ടതു വളരെ പ്രധാനമാണ്. (സങ്കീ. 18:39; 1 കൊരി. 10:13) പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ദൈവവചനം നമുക്കുള്ളതിലും നമ്മൾ നന്ദിയുള്ളവരാണ്. ഓരോ മാസവും നമുക്കു കിട്ടുന്ന ആത്മീയാഹാരത്തെക്കുറിച്ച് ചിന്തിക്കുക. യരുശലേമിലെ ദേവാലയം പുനർനിർമിച്ച സമയത്ത് യഹോവ പറഞ്ഞ വാക്കുകളാണു സെഖര്യ 8:9, 13-ൽ (വായിക്കുക.) രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ കൈകൾ ശക്തീകരിക്കാൻ അഥവാ അവർ ‘ധൈര്യപ്പെടാൻ’ യഹോവ ചെയ്ത ആഹ്വാനം ഇന്നു നമുക്കും പ്രയോജനം ചെയ്യുന്നതാണ്.
11 ക്രിസ്തീയയോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ദിവ്യാധിപത്യസ്കൂളുകളിലൂടെയും ലഭിക്കുന്ന ദൈവികവിദ്യാഭ്യാസവും നമ്മളെ ബലപ്പെടുത്തുന്നു. അത്തരം പരിശീലനം നമുക്കു പ്രചോദനം പകരും. കൂടാതെ, ആത്മീയലക്ഷ്യങ്ങൾ വെക്കാനും ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും അവ സഹായിക്കും. (സങ്കീ. 119:32) അത്തരം വിദ്യാഭ്യാസത്തിൽനിന്ന് ബലം നേടാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?
12. ആത്മീയമായി ശക്തരായി നിലനിൽക്കാൻ നമ്മൾ എന്തു ചെയ്തേ മതിയാവൂ?
12 അമാലേക്യരെയും എത്യോപ്യരെയും തോൽപ്പിക്കാൻ യഹോവ ഇസ്രായേല്യരെ സഹായിച്ചു. നെഹമ്യക്കും കൂടെയുള്ളവർക്കും പുനർനിർമാണവേല പൂർത്തീകരിക്കാനുള്ള ശക്തി കൊടുക്കുകയും ചെയ്തു. സമാനമായി, എതിർപ്പിനും ആളുകൾ കാണിക്കുന്ന താത്പര്യക്കുറവിനും നമ്മുടെതന്നെ ഉത്കണ്ഠയ്ക്കും എതിരെ ഉറച്ചുനിന്ന് പ്രസംഗവേലയിൽ തുടരാനുള്ള ശക്തി ദൈവം നമുക്കും തരും. (1 പത്രോ. 5:10) യഹോവ നമുക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. നമ്മൾ ചെയ്യേണ്ടതു നമ്മൾത്തന്നെ ചെയ്യണം. അതായത്, ദൈവവചനം ദിവസവും വായിക്കുക, എല്ലാ യോഗത്തിനും തയ്യാറാകുകയും ഹാജരാകുകയും ചെയ്യുക, വ്യക്തിപരമായ പഠനത്തിലൂടെയും കുടുംബാരാധനയിലൂടെയും നമ്മുടെ മനസ്സും ഹൃദയവും ആത്മീയകാര്യങ്ങൾകൊണ്ട് നിറയ്ക്കുക, എപ്പോഴും പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. നമ്മളെ ശക്തരാക്കാനും പ്രോത്സാഹിപ്പിക്കാനും ആയി യഹോവ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ മറ്റു പ്രവർത്തനങ്ങളെ നമ്മൾ ഒരിക്കലും അനുവദിക്കരുത്. ഈ കാര്യങ്ങളിൽ ഏതിലെങ്കിലും നിങ്ങളുടെ കൈകൾ കുഴഞ്ഞുപോയതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ ദൈവത്തോടു സഹായം ചോദിക്കുക. “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന്” ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ പ്രവർത്തിക്കുന്നത് അപ്പോൾ നിങ്ങൾ അനുഭവിച്ചറിയും. (ഫിലി. 2:13) അങ്ങനെയെങ്കിൽ, മറ്റുള്ളവരുടെ കൈകൾ ബലപ്പെടുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
തളർന്ന കൈകൾ ബലപ്പെടുത്തുക
13, 14. (എ) ഭാര്യ മരിച്ചുപോയ ഒരു സഹോദരൻ ബലം വീണ്ടെടുത്തത് എങ്ങനെ? (ബി) നമുക്ക് ഏതൊക്കെ വിധങ്ങളിൽ മറ്റുള്ളവരെ ബലപ്പെടുത്താൻ കഴിയും?
13 നമുക്കു പ്രോത്സാഹനം പകരാൻ കഴിയുന്ന, നമ്മളെക്കുറിച്ച് ചിന്തയുള്ള സഹോദരങ്ങളുടെ ഒരു ലോകവ്യാപകകൂട്ടത്തെ യഹോവ നമുക്കു തന്നിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “തളർന്ന കൈകളും കുഴഞ്ഞ കാൽമുട്ടുകളും നിവർക്കുവിൻ . . . നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ.” (എബ്രാ. 12:12, 13) ഒന്നാം നൂറ്റാണ്ടിലെ പലർക്കും മറ്റു സഹോദരങ്ങളിൽനിന്ന് ഇതുപോലുള്ള ആത്മീയബലം ലഭിച്ചു. ഇന്നും അത്തരം സഹായം ലഭ്യമാണ്. ഭാര്യ മരിച്ചുപോകുകയും വേദന നിറഞ്ഞ മറ്റു സാഹചര്യങ്ങൾ നേരിടുകയും ചെയ്ത ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഏതു പരിശോധനയാണു നേരിടാൻ പോകുന്നതെന്നു നമുക്കു പറയാനാകില്ല. അത് എപ്പോൾ വരുമെന്നും എത്ര കൂടെക്കൂടെ വരുമെന്നും നമുക്ക് അറിയില്ല. എന്നാൽ വെള്ളത്തിനു മുകളിൽ തല ഉയർത്തിനിൽക്കാൻ ഒരു ലൈഫ് ജാക്കറ്റു സഹായിക്കുന്നതുപോലെ, പ്രാർഥനയും വ്യക്തിപരമായ പഠനവും എന്നെ സഹായിച്ചു. എന്റെ ആത്മീയ സഹോദരീസഹോദരന്മാരും ആശ്വാസത്തിന്റെ ഒരു വലിയ ഉറവായിരുന്നു. പ്രയാസസാഹചര്യങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതു പ്രധാനമാണെന്നു ഞാൻ മനസ്സിലാക്കി.”
മറ്റുള്ളവർക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കാൻ സഭയിലെ ഓരോരുത്തർക്കും കഴിയും (14-ാം ഖണ്ഡിക കാണുക)
14 യുദ്ധത്തിന്റെ സമയത്ത് അഹരോനും ഹൂരും അക്ഷരാർഥത്തിൽ മോശയുടെ കൈ താങ്ങിപ്പിടിച്ചു. നമ്മുടെ കാര്യമോ? മറ്റുള്ളവരെ പിന്തുണയ്ക്കാനും സഹായിക്കാനും ഉള്ള അവസരങ്ങൾക്കായി നമ്മൾ നോക്കിയിരിക്കണം. വാർധക്യത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ, കുടുംബത്തിൽനിന്ന് എതിർപ്പു നേരിടുന്നവർ, ഏകാന്തത അനുഭവിക്കുന്നവർ, പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായവർ എന്നിവരെയൊക്കെ നമ്മൾ ബലപ്പെടുത്തണം. ബലപ്പെടുത്തേണ്ട മറ്റൊരു കൂട്ടരാണു യുവപ്രായക്കാർ. തെറ്റു ചെയ്യാനും വിദ്യാഭ്യാസപരമോ സാമ്പത്തികമോ തൊഴിൽസംബന്ധമോ ആയി ഈ വ്യവസ്ഥിതിയിൽ ‘വിജയം’ നേടാനും അവർ സമ്മർദം അനുഭവിക്കുന്നുണ്ട്. (1 തെസ്സ. 3:1-3; 5:11, 14) രാജ്യഹാളിലായിരിക്കുമ്പോഴും ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും ഫോണിലൂടെ സംസാരിക്കുമ്പോഴും ഒക്കെ മറ്റുള്ളവരിൽ ആത്മാർഥമായ താത്പര്യം കാണിക്കാൻ പ്രത്യേകശ്രമം ചെയ്യുക.
15. നല്ല വാക്കുകൾ സഹവിശ്വാസികളെ എങ്ങനെ സ്വാധീനിക്കും?
15 യുദ്ധത്തിൽ ഗംഭീരവിജയം നേടിയ ആസയെയും ജനത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രവാചകനായ അസര്യ പറഞ്ഞു: “നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.” (2 ദിന. 15:7) സത്യാരാധന പുനഃസ്ഥാപിക്കുന്നതിനു വേണ്ട പല മാറ്റങ്ങളും വരുത്താൻ ഈ വാക്കുകൾ ആസയെ പ്രചോദിപ്പിച്ചു. അതുപോലെ, നിങ്ങളുടെ നല്ല വാക്കുകൾക്കു മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും. യഹോവയെ കൂടുതൽ മെച്ചമായി സേവിക്കാൻ നിങ്ങൾക്ക് അങ്ങനെ അവരെ സഹായിക്കാനാകും. (സദൃ. 15:23) യോഗങ്ങളിൽ അഭിപ്രായം പറയാൻ കൈ ഉയർത്തുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴും നിങ്ങൾ മറ്റുള്ളവരെ ബലപ്പെടുത്തുകയാണ്.
16. നെഹമ്യയെപ്പോലെ ഇക്കാലത്തെ മൂപ്പന്മാർക്കു സഭയിലുള്ളവരുടെ കൈകൾ ബലപ്പെടുത്താൻ എങ്ങനെ കഴിയും, സഹവിശ്വാസികൾ നിങ്ങൾക്കു വ്യക്തിപരമായി എന്തൊക്കെ സഹായങ്ങളാണു ചെയ്തുതന്നിട്ടുള്ളത്?
16 സഹായിക്കാൻ യഹോവയുണ്ടായിരുന്നതുകൊണ്ട് നെഹമ്യയുടെയും കൂട്ടരുടെയും കൈകൾ ബലപ്പെട്ടു. അങ്ങനെ വെറും 52 ദിവസംകൊണ്ട് അവർ യരുശലേമിന്റെ മതിലുകൾ പണിത് പൂർത്തിയാക്കി. (നെഹ. 2:18; 6:15, 16) നെഹമ്യ പണിയുടെ മേൽനോട്ടം വഹിക്കുക മാത്രമല്ല, മറ്റു പണിക്കാരോടൊപ്പം ജോലി ചെയ്യുകയും ചെയ്തു. (നെഹ. 5:16) സ്നേഹസമ്പന്നരായ പല മൂപ്പന്മാരും ഇന്നു നെഹമ്യയെപ്പോലെയാണ്. ദിവ്യാധിപത്യനിർമാണപ്രവർത്തനങ്ങളിലും രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണിയിലും എല്ലാം അവരും പങ്കെടുക്കുന്നു. മറ്റു പ്രചാരകരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും ഇടയസന്ദർശനങ്ങൾ നടത്തിക്കൊണ്ടും അവർ മനോഭീതിയുള്ളവരുടെ തളർന്ന കൈകൾ ബലപ്പെടുത്തുന്നു.—യശയ്യ 35:3, 4 വായിക്കുക.
“നിന്റെ കൈകൾ തളരരുത്”
17, 18. പ്രശ്നങ്ങൾ നേരിടുമ്പോഴോ ഉത്കണ്ഠകൾ അനുഭവപ്പെടുമ്പോഴോ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
17 സഹോദരീസഹോദരന്മാരോടൊപ്പം ക്രിസ്തീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു നമുക്കിടയിൽ ഐക്യം വളർത്തും. നിലനിൽക്കുന്ന സുഹൃദ്ബന്ധങ്ങൾക്കു തുടക്കം കുറിക്കാനും ദൈവരാജ്യത്തിൽ കിട്ടാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അന്യോന്യം വിശ്വാസം വളർത്താനും അതു സഹായിക്കും. മറ്റുള്ളവരുടെ കൈകൾ ബലപ്പെടുത്തുമ്പോൾ ജീവിതത്തിലെ നിരാശ നിറഞ്ഞ സാഹചര്യങ്ങളോടു പൊരുതിനിൽക്കാനും ശുഭപ്രതീക്ഷയോടെ ഭാവിയെ നോക്കിക്കാണാനും അവരെ സഹായിക്കുകയായിരിക്കും നമ്മൾ. അതു മാത്രമല്ല, മറ്റുള്ളവരുടെ കൈകൾക്കു കരുത്തു പകരുമ്പോൾ നമ്മുടെ കൈകൾക്കും ബലം കിട്ടും, ആത്മീയകാര്യങ്ങളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതു നമ്മളെ സഹായിക്കും.
18 വ്യത്യസ്തസാഹചര്യങ്ങളിൽ യഹോവ തന്റെ വിശ്വസ്തരെ സഹായിച്ചതിനെക്കുറിച്ചും സംരക്ഷിച്ചതിനെക്കുറിച്ചും മനസ്സിലാക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസവും ആശ്രയത്വവും വർധിക്കും. അതുകൊണ്ട് പ്രലോഭനങ്ങളോ പ്രശ്നങ്ങളോ സമ്മർദങ്ങളോ നേരിടുമ്പോൾ നിങ്ങളുടെ “കൈകൾ തളരരുത്.” സഹായത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക. കരുത്തുറ്റ കൈകൾകൊണ്ട് യഹോവ ശക്തിപ്പെടുത്തുന്നതും നിങ്ങൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളിലേക്കു നടത്തുന്നതും അനുഭവിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും.—സങ്കീ. 73:23, 24.