ജീവിതകഥ
‘എല്ലാവർക്കും എല്ലാമായിത്തീരുന്നു’
“നീ സ്നാനമേറ്റാൽ ഞാൻ എന്റെ വഴിക്കുപോകും!” പപ്പ മമ്മിയെ ഭീഷണിപ്പെടുത്തി. 1941-ലായിരുന്നു സംഭവം. എന്നാൽ അതൊന്നും വകവെക്കാതെ മമ്മി ധൈര്യത്തോടെ യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാനമേറ്റു. പപ്പ പറഞ്ഞപോലെതന്നെ ചെയ്തു, ഞങ്ങളെ ഉപേക്ഷിച്ച് പോയി. എനിക്ക് അന്ന് എട്ടു വയസ്സ്.
എനിക്കും ബൈബിൾസത്യത്തോടു താത്പര്യം തോന്നിത്തുടങ്ങിയിരുന്നു. മമ്മി കൊണ്ടുവന്നിരുന്ന ബൈബിൾപ്രസിദ്ധീകരണങ്ങളിലെ വിഷയങ്ങൾ, പ്രത്യേകിച്ച് അതിലെ ചിത്രങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. പഠിക്കുന്ന കാര്യങ്ങൾ മമ്മി എന്നോടു പറയുന്നതു പപ്പയ്ക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ എനിക്ക് അവയെല്ലാം അറിയണമെന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ മമ്മിയോടു ചോദ്യങ്ങൾ ചോദിക്കും. പപ്പ വീട്ടിലില്ലാത്ത സമയത്ത് മമ്മി എന്നെ പഠിപ്പിക്കുമായിരുന്നു. അതിന്റെ ഫലമായി യഹോവയ്ക്കു ജീവിതം സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു. 1943-ൽ എനിക്കു പത്തു വയസ്സുള്ളപ്പോൾ, ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിൽവെച്ച് ഞാൻ സ്നാനമേറ്റു.
യഹോവയെ സേവിച്ചുതുടങ്ങുന്നു
അക്കാലംമുതൽ മമ്മിയും ഞാനും കൂടി ക്രമമായി വയൽസേവനത്തിൽ ഏർപ്പെടാൻ തുടങ്ങി. ബൈബിൾസന്ദേശം അറിയിക്കുന്നതിനു ഞങ്ങൾ ഗ്രാമഫോൺ ഉപയോഗിച്ചു. വളരെ വലിയ ഒരു ഉപകരണമായിരുന്നു അത്, ഏതാണ്ട് നാലര കിലോഗ്രാം ഭാരം വരും. എന്നെപ്പോലെ ഒരു കൊച്ചുകുട്ടി അതും ചുമന്നുകൊണ്ട് നടക്കുന്നത് ഒന്നു ചിന്തിച്ചുനോക്കൂ!
എനിക്ക് ഏകദേശം 14 വയസ്സുള്ളപ്പോൾ ഞാൻ മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ആദ്യം സഞ്ചാരദാസനോട് (ഇന്നത്തെ സർക്കിട്ട് മേൽവിചാരകൻ) ഇതെപ്പറ്റി സംസാരിക്കാൻ മമ്മി എന്നോടു പറഞ്ഞു. മുൻനിരസേവനം ചെയ്യാൻ വേണ്ട പണം കണ്ടെത്തുന്നതിന് ഏതെങ്കിലും തൊഴിൽ പഠിച്ചെടുക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. രണ്ടു വർഷം ജോലി ചെയ്തതിനു ശേഷം മറ്റൊരു സർക്കിട്ട് മേൽവിചാരകനോടു മുൻനിരസേവനം തുടങ്ങുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ധൈര്യമായി തുടങ്ങിക്കോളൂ!”
അങ്ങനെ, 1949 ഏപ്രിലിൽ, ഞങ്ങളുടെ വാടകവീട്ടിലെ സാധനങ്ങളിൽ കുറെ ഞങ്ങൾ മറ്റുള്ളവർക്കു കൊടുത്തു, ബാക്കി ഞങ്ങൾ വിറ്റു. എന്നിട്ട് ഞാനും മമ്മിയും മാഞ്ചസ്റ്ററിന് അടുത്തുള്ള മിഡിൽടണിലേക്കു പോയി. അവിടെ ഞങ്ങൾ മുൻനിരസേവനം തുടങ്ങി. നാലു മാസം കഴിഞ്ഞപ്പോൾ മുൻനിരസേവനത്തിന് എനിക്ക് ഒരു സഹോദരനെ കൂട്ടുകിട്ടി. പുതുതായി തുടങ്ങിയ ഇർലാം സഭയിൽ സേവിക്കാൻ ബ്രാഞ്ചോഫീസ് ഞങ്ങളോട് ആവശ്യപ്പെട്ടു. മമ്മി മറ്റൊരു സഭയിൽ ഒരു സഹോദരിയോടൊപ്പം മുൻനിരസേവനം തുടർന്നു.
പുതിയ സഭയിൽ മീറ്റിങ്ങുകൾ നടത്താൻ യോഗ്യതയുള്ള സഹോദരങ്ങൾ തീരെ കുറവായിരുന്നു. അതുകൊണ്ട്, എനിക്കു വെറും 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മീറ്റിങ്ങുകൾ നടത്താനുള്ള ഉത്തരവാദിത്വം എന്നെയും കൂടെയുണ്ടായിരുന്ന സഹോദരനെയും ഏൽപ്പിച്ചു. പിന്നീട്, സഹായം ആവശ്യമായിരുന്ന ബക്സ്റ്റൻ സഭയിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ ഏതാനും ചില പ്രചാരകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം ഭാവിനിയമനങ്ങൾക്കായി എന്നെ ഒരുക്കിയെന്നു പറയാനാകും.
മറ്റുള്ളവരോടൊപ്പം ന്യൂയോർക്കിലെ റോഷസ്റ്ററിൽ ഒരു പ്രസംഗം പരസ്യപ്പെടുത്തുന്നു,1953-ൽ
1951-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂളിൽ പങ്കെടുക്കാൻ ഞാൻ അപേക്ഷ അയച്ചു. എന്നാൽ, 1952 ഡിസംബറിൽ സൈനികസേവനത്തിനു ഹാജരാകാൻ എന്നോട് ആവശ്യപ്പെട്ടു. മുഴുസമയശുശ്രൂഷകനായതുകൊണ്ട് എന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി എന്നെ ഒരു ശുശ്രൂഷകനായി അംഗീകരിച്ചില്ല. പകരം എന്നെ ആറു മാസം ജയിൽശിക്ഷയ്ക്കു വിധിച്ചു. അവിടെയായിരുന്നപ്പോൾ എനിക്കു ഗിലെയാദിന്റെ 22-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചു. അങ്ങനെ, 1953 ജൂലൈയിൽ ജോർജിക് എന്ന കപ്പലിൽ ഞാൻ ന്യൂയോർക്കിലേക്കു യാത്ര പുറപ്പെട്ടു.
അവിടെ എത്തിയ എനിക്ക് 1953-ലെ പുതിയ ലോക സമുദായം സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു. അവിടെനിന്ന് സ്കൂൾ നടക്കുന്ന ന്യൂയോർക്കിലെ സൗത്ത് ലാൻസിങിലേക്കു ഞാൻ ട്രെയിൻ കയറി. ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ട് അധികമാകാത്തതിനാൽ എന്റെ കൈയിൽ പണം കുറവായിരുന്നു. ട്രെയിനിൽനിന്ന് ഇറങ്ങി സൗത്ത് ലാൻസിങിലേക്കു പോകാൻ ബസ്സു കയറിയപ്പോൾ ബസ്സുകൂലി തീരെ നിസ്സാരതുകയായിരുന്നെങ്കിലും ഒരു യാത്രക്കാരനിൽനിന്ന് എനിക്ക് അതു കടം മേടിക്കേണ്ടിവന്നു.
ഒരു വിദേശനിയമനം
മിഷനറിവേല ചെയ്യുന്നവർക്ക്, ‘എല്ലാവർക്കും എല്ലാമായിത്തീരാനുള്ള’ വിദഗ്ധപരിശീലനം ഗിലെയാദ് സ്കൂൾ നൽകി. (1 കൊരി. 9:22) ഞങ്ങൾ മൂന്നു പേരെ, പോൾ ബ്രൂണിനെയും റെയ്മണ്ട് ലീച്ചിനെയും എന്നെയും ഫിലിപ്പീൻസിലേക്കു നിയമിച്ചു. വിസ കിട്ടുന്നതിനുവേണ്ടി കുറച്ച് മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഞങ്ങൾ കപ്പൽ കയറി. റോട്ടർഡാം, മധ്യധരണ്യാഴി, സൂയസ് കനാൽ, ഇന്ത്യൻ മഹാസമുദ്രം, മലേഷ്യ, ഹോങ്കോങ് എല്ലാം കടന്ന് 47 ദിവസത്തിനു ശേഷം ഞങ്ങൾ 1954 നവംബർ 19-നു മനിലയിൽ എത്തിച്ചേർന്നു.
ഞാനും മിഷനറിപങ്കാളിയായ റെയ്മണ്ട് ലീച്ചും 47 ദിവസം കപ്പൽയാത്ര ചെയ്താണു ഫിലിപ്പീൻസിൽ എത്തിയത്
അങ്ങനെ, പുതിയ ആളുകളുമായി, പുതിയ ദേശവുമായി, ഒരു പുതിയ ഭാഷയുമായി ഇണങ്ങിച്ചേരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ഞങ്ങളെ മൂന്നു പേരെയും ആദ്യം നിയമിച്ചത് കിസോൺ സിറ്റിയിലെ സഭയിലേക്കായിരുന്നു. ആ നഗരത്തിലെ മിക്കവരും ഇംഗ്ലീഷാണു സംസാരിച്ചിരുന്നത്. അതുകൊണ്ട് ആറു മാസം കഴിഞ്ഞപ്പോഴും തഗലോഗ് ഭാഷയിലെ ഏതാനും ചില വാക്കുകൾ മാത്രമേ ഞങ്ങൾക്കു പഠിക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ ഞങ്ങളുടെ അടുത്ത നിയമനം ഈ പ്രശ്നം പരിഹരിക്കുന്നതായിരുന്നു.
1955 മെയ്യിൽ വയൽസേവനം കഴിഞ്ഞ് ഞങ്ങൾ തിരിച്ചെത്തിയപ്പോൾ ലീച്ച് സഹോദരനെയും എന്നെയും കാത്ത് ഞങ്ങളുടെ മുറിയിൽ കത്തുകൾ കിടപ്പുണ്ടായിരുന്നു. ഞങ്ങളെ സർക്കിട്ട് മേൽവിചാരകന്മാരായി നിയമിച്ചുകൊണ്ടുള്ള കത്തുകളായിരുന്നു അത്. എനിക്ക് അന്ന് 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പുതിയ വിധങ്ങളിൽ ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ ഈ നിയമനം എനിക്ക് അവസരം തന്നു.
ബിക്കോൾ ഭാഷയിൽ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിൽ പൊതുപ്രസംഗം നടത്തുന്നു
അക്കാലത്ത് ഫിലിപ്പീൻസിൽ പൊതുപ്രസംഗമെന്നു പറഞ്ഞാൽ, അതു ശരിക്കും പൊതുജനങ്ങളുടെ മുന്നിൽവെച്ച് നടത്തുന്നതാണെന്നു ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകനായുള്ള എന്റെ ആദ്യത്തെ പൊതുപ്രസംഗം ഞാൻ നടത്തിയതു ഗ്രാമത്തിലെ തുറസ്സായ ഒരു സ്ഥലത്ത്, ഒരു കടയുടെ മുന്നിൽവെച്ചായിരുന്നു. സർക്കിട്ടിലെ വ്യത്യസ്തസഭകൾ സന്ദർശിച്ചപ്പോൾ ഇതുപോലുള്ള പല ‘സ്റ്റേജുകളിൽനിന്ന്’ ഞാൻ പ്രസംഗങ്ങൾ നടത്തി. പൊതുസ്ഥലങ്ങളിലെ തുറന്ന വേദികൾ, ചന്തസ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ നിന്നും അതുപോലെ മുനിസിപ്പൽഹാളിന്റെ മുന്നിൽ നിന്നും ബാസ്കറ്റ്ബോൾ കോർട്ടിൽ നിന്നും തെരുവിന്റെ കോണിൽ നിന്നുകൊണ്ടും ഒക്കെ ഞാൻ പ്രസംഗങ്ങൾ നടത്തി. ഒരിക്കൽ സാൻ പാബ്ലോ സിറ്റിയിൽ ചന്തസ്ഥലത്തുനിന്ന് പ്രസംഗിക്കാൻ കഴിയാതെവന്നു. കോരിച്ചൊരിയുന്ന മഴയായിരുന്നു കാരണം. രാജ്യഹാളിൽവെച്ച് പ്രസംഗം നടത്താമെന്ന് ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരോടു ഞാൻ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ഇത് ഒരു പൊതുപ്രസംഗമായി റിപ്പോർട്ട് ചെയ്യാൻ കഴിയുമോയെന്നു സഹോദരന്മാർ എന്നോടു ചോദിച്ചു. അതൊരു പൊതുവേദിയിൽവെച്ചല്ല നടത്തിയത് എന്നതായിരുന്നു അവർ പറഞ്ഞ കാരണം.
സഹോദരങ്ങളുടെ വീടുകളിലായിരുന്നു ഞങ്ങൾ എപ്പോഴും താമസിച്ചിരുന്നത്. ചെറുതായിരുന്നെങ്കിലും വൃത്തിയുള്ള വീടുകളായിരുന്നു എല്ലാം. പലകകൊണ്ടുള്ള തറയിൽ വിരിച്ച പായ ആയിരുന്നു എന്റെ മെത്ത. പലയിടത്തും കുളിമുറി ഇല്ലായിരുന്നതുകൊണ്ട് വെളിയിൽ നിന്ന് കുളിക്കാൻ ഞാൻ പഠിച്ചു. ജീപ്പിലും ബസ്സിലും ആണ് ഞാൻ യാത്ര ചെയ്തിരുന്നത്, മറ്റു ദ്വീപുകളിലേക്കു പോകുമ്പോൾ ബോട്ടിലും. എന്റെ സേവനകാലത്ത് ഒരിക്കൽപോലും എനിക്കു സ്വന്തമായി ഒരു കാറുണ്ടായിരുന്നില്ല.
വയൽസേവനത്തിൽ ഏർപ്പെടുന്നതും സഭകൾ സന്ദർശിക്കുന്നതും തഗലോഗ് ഭാഷ പഠിക്കാൻ എന്നെ സഹായിച്ചു. ഭാഷ പഠിക്കാനായി ഞാൻ പ്രത്യേക ഭാഷാക്ലാസ്സിനൊന്നും പോയില്ല. വയൽസേവനത്തിലും മീറ്റിങ്ങുകളിലും സഹോദരങ്ങൾ പറയുന്നതു കേട്ടാണു പഠിച്ചത്. സഹോദരങ്ങൾ എന്നെ സഹായിച്ചു. അവരുടെ ക്ഷമയും സത്യസന്ധമായ അഭിപ്രായങ്ങളും ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു.
കാലം കടന്നുപോയപ്പോൾ പുതിയ നിയമനങ്ങൾ എനിക്കു കിട്ടി. അവയുമായി പൊരുത്തപ്പെട്ടുപോകാൻ ഞാൻ പഠിച്ചു. 1956-ൽ നേഥൻ നോർ സഹോദരൻ ഫിലിപ്പീൻസ് സന്ദർശിച്ചപ്പോൾ അവിടെ നടന്ന ദേശീയ കൺവെൻഷന്റെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ടുമെന്റ് എന്നെയാണ് ഏൽപ്പിച്ചത്. ഇക്കാര്യത്തിൽ എനിക്ക് അനുഭവപരിചയമൊന്നുമില്ലായിരുന്നു. മറ്റുള്ളവർ എന്നെ സന്തോഷത്തോടെ സഹായിച്ചു. ഒരു വർഷം തികയുന്നതിനു മുമ്പ് മറ്റൊരു ദേശീയ കൺവെൻഷൻ ക്രമീകരിച്ചു. ലോകാസ്ഥാനത്തുനിന്ന് ഫ്രഡറിക് ഫ്രാൻസ് സഹോദരനാണു വന്നത്. കൺവെൻഷൻ മേൽവിചാരകനായി സേവിച്ചതു ഞാനായിരുന്നു. ആളുകളുമായി ഇണങ്ങിച്ചേരാനുള്ള ഫ്രാൻസ് സഹോദരന്റെ മനസ്സൊരുക്കത്തിൽനിന്ന് പലതും പഠിക്കാൻ ആ സമയത്ത് എനിക്കു കഴിഞ്ഞു. ഫിലിപ്പീൻസിന്റെ പരമ്പരാഗതവേഷമായ ബറോംഗ് തഗലോഗ് ധരിച്ച് ഫ്രാൻസ് സഹോദരൻ പൊതുപ്രസംഗം നടത്തിയപ്പോൾ അവിടുത്തെ സഹോദരങ്ങൾക്കു വളരെയധികം സന്തോഷമായി.
ഒരു ഡിസ്ട്രിക്റ്റ്മേൽവിചാരകനായിട്ടായിരുന്നു എന്റെ അടുത്ത നിയമനം. അതു കൂടുതൽ പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിത്തീർത്തു. ആ സമയത്ത് പുതിയ ലോക സമുദായത്തിന്റെ സന്തോഷം എന്ന ചലച്ചിത്രം ഞങ്ങൾ പ്രദർശിപ്പിച്ചു. മിക്കപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് അതു കാണിച്ചിരുന്നത്. ചിലപ്പോൾ പ്രാണികൾ ഞങ്ങൾക്കൊരു പ്രശ്നമായിരുന്നു. പ്രൊജക്ടറിന്റെ വെളിച്ചം കണ്ട് വരുന്ന പ്രാണികൾ അതിൽ പറ്റിപ്പിടിച്ചിരിക്കും. പ്രദർശനം കഴിഞ്ഞ് പ്രൊജക്ടർ വൃത്തിയാക്കുന്നതു നല്ലൊരു പണിതന്നെയായിരുന്നു. ഈ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ, യഹോവയുടെ സംഘടന ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഒന്നാണെന്നു മനസ്സിലാക്കിയപ്പോഴുള്ള ആളുകളുടെ പ്രതികരണം ഞങ്ങൾക്കു സംതൃപ്തി നൽകി.
സമ്മേളനങ്ങൾ നടത്തുന്നതിന് അനുമതി കൊടുക്കാതിരിക്കാൻ കത്തോലിക്കാപുരോഹിതന്മാർ ചില പ്രാദേശിക അധികാരികളുടെ മേൽ സമ്മർദം ചെലുത്തി. പള്ളികളുടെ അടുത്താണു പ്രസംഗങ്ങൾ നടന്നിരുന്നതെങ്കിൽ പള്ളിമണികൾ മുഴക്കി അവർ നമ്മുടെ പരിപാടിയെ ശല്യപ്പെടുത്തുമായിരുന്നു. എങ്കിലും വേല പുരോഗമിച്ചു. ആ സ്ഥലങ്ങളിലുള്ള പലരും ഇന്ന് യഹോവയുടെ ആരാധകരാണ്.
വീണ്ടും പുതിയ നിയമനങ്ങൾ!
ബ്രാഞ്ചോഫീസിൽ നിയമിച്ചുകൊണ്ടുള്ള ഒരു കത്ത് 1959-ൽ എനിക്കു കിട്ടി. ഈ സേവനം പുതിയ പല പാഠങ്ങളും എന്നെ പഠിപ്പിച്ചു. പിന്നീട് മേഖലാസന്ദർശനങ്ങൾ നടത്തുന്നതിനു മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ഒരു യാത്രയിൽ തായ്ലൻഡിൽ മിഷനറിയായി സേവിച്ചിരുന്ന ജാനറ്റ് ഡുമാണ്ട് എന്ന സഹോദരിയെ ഞാൻ പരിചയപ്പെട്ടു. ഞങ്ങൾ പരസ്പരം കത്തുകൾ അയയ്ക്കാൻ തുടങ്ങി. പിന്നീട് ഞങ്ങൾ വിവാഹിതരായി. ഞങ്ങൾ ഒരുമിച്ച് ദൈവത്തെ സേവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 51 വർഷം കഴിഞ്ഞിരിക്കുന്നു.
ജാനറ്റുമായി ഫിലിപ്പീൻസിലെ ഒരു ദ്വീപിൽ
33 രാജ്യങ്ങളിലുള്ള യഹോവയുടെ ജനത്തെ സന്ദർശിക്കാനുള്ള പദവി എനിക്കു കിട്ടി. വ്യത്യസ്തതരത്തിലുള്ള ആളുകളുമായി ഇടപെടുന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. പക്ഷേ എന്റെ ആദ്യത്തെ നിയമനങ്ങൾ അതിനായി എന്നെ ഒരുക്കിയെന്ന് എനിക്കു പറയാനാകും. ഈ സന്ദർശനങ്ങൾ കൂടുതൽ വിശാലമായി കാര്യങ്ങൾ കാണാൻ എന്നെ പഠിപ്പിച്ചു. എല്ലാ തരത്തിലുമുള്ള ആളുകളെയും യഹോവ സ്വീകരിക്കുന്നു. യഹോവയുടെ സ്നേഹം എത്ര വിശാലമാണ്!—പ്രവൃ. 10:34, 35.
ശുശ്രൂഷയിൽ ക്രമമായ ഒരു പങ്കുണ്ടെന്നു ഞങ്ങൾ ഉറപ്പുവരുത്തുന്നു
ഇപ്പോഴും പൊരുത്തപ്പെടുത്തലുകൾ
ഫിലിപ്പീൻസിലെ സഹോദരങ്ങളോടൊത്ത് സേവിക്കുന്നത് എത്ര സന്തോഷം നൽകുന്നെന്നോ! ഞാൻ ഇവിടെ സേവിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിന്റെ പത്ത് ഇരട്ടിയാണ് ഇപ്പോൾ ഇവിടുത്തെ പ്രചാരകരുടെ എണ്ണം. ജാനറ്റും ഞാനും ഇപ്പോൾ കിസോൺ സിറ്റിയിലെ ഫിലിപ്പീൻസ് ബ്രാഞ്ചോഫീസിൽ സേവിക്കുന്നു. വിദേശനിയമനം തുടങ്ങിയിട്ട് 60 വർഷത്തിൽ അധികമായെങ്കിലും യഹോവ ആവശ്യപ്പെടുന്നതനുസരിച്ച് പൊരുത്തപ്പെടുത്തൽ വരുത്തി കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇപ്പോഴും തയ്യാറായിരിക്കേണ്ടതുണ്ട്. ഇയ്യിടെ വന്ന സംഘടനാപരമായ മാറ്റങ്ങളും നമ്മൾ സേവനത്തിൽ വഴക്കം കാണിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു.
സാക്ഷികളുടെ എണ്ണത്തിലെ വർധനവ് ഞങ്ങൾക്ക് എപ്പോഴും സന്തോഷം തരുന്നു
ഒരു കാര്യം യഹോവയുടെ ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞാൽ അതിനനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ നല്ല ശ്രമം ചെയ്യുന്നു. അങ്ങനെയൊരു ജീവിതമാണ് ഏറ്റവും സംതൃപ്തി തരുന്നത്. ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തി സഹോദരങ്ങളെ നന്നായി സേവിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. യഹോവ ആവശ്യപ്പെടുന്നിടത്തോളം ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ ഞങ്ങൾ ഉറച്ച് തീരുമാനിച്ചിരിക്കുന്നു.
ഞങ്ങൾ ഇപ്പോഴും കിസോൺ സിറ്റിയിലെ ബ്രാഞ്ചോഫീസിൽ സേവിക്കുന്നു