വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 സെപ്‌റ്റംബർ പേ. 28-32
  • ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ധൈര്യത്തിന്റെ മാതൃകകൾ
  • ധൈര്യം ആവശ്യമായ സാഹചര്യങ്ങൾ
  • സഭയിൽ ധൈര്യം ആവശ്യമായ സാഹചര്യങ്ങൾ
  • “യഹോവ നിന്റെകൂടെയുണ്ട്‌”
  • നല്ല ധൈര്യമുള്ളവരായിരിക്കുക!
    വീക്ഷാഗോപുരം—1993
  • ‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’
    2012 വീക്ഷാഗോപുരം
  • ധൈര്യമുള്ളവരായിരിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • എനിക്കു ധൈര്യം തരേണമേ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 സെപ്‌റ്റംബർ പേ. 28-32
ഇസ്രായേല്യചാരന്മാരെ അന്വേഷിച്ചുവന്ന ആളുകളെ രാഹാബ്‌ വഴിതിരിച്ച്‌ വിടുന്നു

ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌

“ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക; പണി ആരംഭിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. കാരണം . . . യഹോവ നിന്റെകൂടെയുണ്ട്‌.”—1 ദിന. 28:20.

ഗീതങ്ങൾ: 38, 34

നിങ്ങളുടെ ഉത്തരം എന്താണ്‌?

  • ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും എങ്ങനെ ധൈര്യം കാണിക്കാം?

  • പ്രായമുള്ള സഹോദരിമാർക്ക്‌ എങ്ങനെ ധൈര്യം കാണിക്കാം?

  • സ്‌നാനപ്പെട്ട സഹോദരന്മാർക്ക്‌ എങ്ങനെ ധൈര്യം കാണിക്കാം?

1, 2. (എ) ശലോമോനു പ്രധാനപ്പെട്ട ഏതു നിയമനമാണു കിട്ടിയത്‌? (ബി) ആ നിയമനം നിർവഹിക്കാൻ ശലോമോനു കഴിയുമോ എന്നു ദാവീദ്‌ ചിന്തിച്ചത്‌ എന്തുകൊണ്ട്‌?

ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാണപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു യരുശലേമിലെ ദേവാലയനിർമാണം. ആ കെട്ടിടം ‘അതിശ്രേഷ്‌ഠമായിരിക്കണമായിരുന്നു; അതിന്റെ പ്രൗഢിയും ഭംഗിയും എല്ലാ ദേശക്കാരും അറിയണമായിരുന്നു.’ അതിലും പ്രധാനമായി, ആ ദേവാലയം ‘സത്യദൈവമായ യഹോവയുടെ ഭവനമാകുമായിരുന്നു.’ ഈ നിർമാണപദ്ധതിക്കു മേൽനോട്ടം വഹിക്കുന്നതു ശലോമോനായിരിക്കുമെന്ന്‌ യഹോവ പറഞ്ഞു.—1 ദിന. 22:1, 5, 9-11.

2 ദൈവം ശലോമോനെ പിന്തുണയ്‌ക്കുമെന്നു ദാവീദ്‌ രാജാവിന്‌ ഉറപ്പായിരുന്നു. പക്ഷേ ‘ശലോമോൻ ചെറുപ്പമായിരുന്നു, അവന്‌ അനുഭവപരിചയവുമില്ലായിരുന്നു.’ ദേവാലയംപണി ഏറ്റെടുക്കാനുള്ള ധൈര്യം ശലോമോനു കാണുമായിരുന്നോ? പ്രായക്കുറവും പരിചയക്കുറവും ഒരു തടസ്സമാകുമായിരുന്നോ? വിജയിക്കണമെങ്കിൽ, ശലോമോൻ ധൈര്യത്തോടെ പണിയുമായി മുന്നോട്ടുപോകണമായിരുന്നു.

3. ശലോമോനു പിതാവിൽനിന്ന്‌ ധൈര്യത്തെക്കുറിച്ച്‌ എന്തു പഠിക്കാനുണ്ടായിരുന്നു?

3 പിതാവായ ദാവീദിൽനിന്ന്‌ ശലോമോൻ ധൈര്യത്തെക്കുറിച്ച്‌ ധാരാളം പഠിച്ചിരിക്കാനിടയുണ്ട്‌. ചെറുപ്പമായിരുന്നപ്പോൾ, അപ്പന്റെ ആടുകളെ പിടിച്ചുകൊണ്ടുപോയ വന്യമൃഗങ്ങളെ നേരിട്ടവനായിരുന്നു ദാവീദ്‌. (1 ശമു. 17:34, 35) പിന്നീട്‌ യുദ്ധവീരനായ ഒരു മല്ലനെ എതിരിട്ടപ്പോഴും ദാവീദ്‌ അസാമാന്യധൈര്യം കാണിച്ചു. ദൈവത്തിന്റെ സഹായത്തോടെ, മിനുസമുള്ള ഒരു കല്ലുകൊണ്ട്‌ അന്നു ദാവീദ്‌ ഗൊല്യാത്തിനെ തോൽപ്പിച്ചു.—1 ശമു. 17:45, 49, 50.

4. ശലോമോനു ധൈര്യം ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

4 അതുകൊണ്ട്‌ ധൈര്യത്തോടെ ആലയം പണിയാനായി ശലോമോനെ പ്രോത്സാഹിപ്പിക്കാൻ എന്തുകൊണ്ടും യോഗ്യനായിരുന്നു ദാവീദ്‌. (1 ദിനവൃത്താന്തം 28:20 വായിക്കുക.) പരാജയഭീതി കാരണം ശലോമോൻ പണി തുടങ്ങാതിരുന്നെങ്കിൽ അതു പണി തുടങ്ങിയിട്ടു പരാജയപ്പെടുന്നതിലും പരിതാപകരമാകുമായിരുന്നു.

5. നമുക്കു ധൈര്യം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

5 യഹോവ തരുന്ന നിയമനങ്ങൾ ധൈര്യത്തോടെ ചെയ്യാൻ ശലോമോനെപ്പോലെ നമുക്കും ദൈവത്തിന്റെ സഹായം വേണം. നമുക്ക്‌ ഇപ്പോൾ, ധൈര്യത്തിന്റെ ഉത്തമമാതൃകകളായ ചിലരെക്കുറിച്ച്‌ ചിന്തിക്കാം. ചെയ്യേണ്ട കാര്യങ്ങൾ ധൈര്യത്തോടെ ചെയ്യാൻ നമുക്ക്‌ എങ്ങനെ കഴിയുമെന്നും നോക്കാം.

ധൈര്യത്തിന്റെ മാതൃകകൾ

6. യോസേഫ്‌ ധൈര്യത്തോടെ പ്രവർത്തിച്ചതിൽ നിങ്ങൾക്കു ശ്രദ്ധേയമായി തോന്നിയത്‌ എന്താണ്‌?

6 ലൈംഗിക അധാർമികതയിൽ ഏർപ്പെടാൻ പോത്തിഫറിന്റെ ഭാര്യ പ്രലോഭിപ്പിച്ചപ്പോൾ യോസേഫ്‌ കാണിച്ച ധൈര്യത്തെക്കുറിച്ച്‌ ചിന്തിക്കുക. അവളുടെ ആവശ്യം നിരാകരിച്ചാൽ ഉണ്ടായേക്കാവുന്ന ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച്‌ യോസേഫ്‌ ബോധവാനായിരുന്നിരിക്കണം. എന്നിട്ടും അതിനു വഴങ്ങിക്കൊടുക്കുന്നതിനു പകരം യോസേഫ്‌ ധൈര്യത്തോടെ അതിനെ ചെറുത്തു, അതിനു രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല.—ഉൽപ. 39:10, 12.

7. രാഹാബിന്റെ ധൈര്യത്തെക്കുറിച്ച്‌ വിശദീകരിക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

7 ധൈര്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണു രാഹാബ്‌. ഇസ്രായേല്യചാരന്മാർ യരീഹൊയിലെ തന്റെ വീട്ടിൽ വന്നപ്പോൾ രാഹാബ്‌ ഭയത്തിനു കീഴടങ്ങിയിരുന്നെങ്കിൽ അവരെ ഒഴിവാക്കിയേനേ. പക്ഷേ യഹോവയിൽ ആശ്രയിച്ച രാഹാബ്‌ ധൈര്യത്തോടെ ആ രണ്ടു പുരുഷന്മാരെ ഒളിപ്പിക്കുകയും അവിടെനിന്ന്‌ രക്ഷപ്പെടാൻ അവരെ സഹായിക്കുകയും ചെയ്‌തു. (യോശു. 2:4, 5, 9, 12-16) യഹോവയാണു സത്യദൈവമെന്നു രാഹാബ്‌ വിശ്വസിച്ചിരുന്നു. ഏതെങ്കിലും ഒരു വിധത്തിൽ യഹോവ ഇസ്രായേല്യർക്ക്‌ ആ ദേശം കൊടുക്കുമെന്നു രാഹാബിന്‌ ഉറപ്പായിരുന്നു. യരീഹൊയിലെ രാജാവിനെയോ അയാളുടെ ആളുകളെയോ മറ്റ്‌ ആരെയെങ്കിലുമോ പേടിച്ച്‌ പിന്മാറുന്നതിനു പകരം രാഹാബ്‌ ധൈര്യത്തോടെ പ്രവർത്തിച്ചു, അതു രാഹാബിന്റെയും കുടുംബത്തിന്റെയും രക്ഷയിൽ കലാശിച്ചു.—യോശു. 6:22, 23.

8. യേശുവിന്റെ ധൈര്യം അപ്പോസ്‌തലന്മാരെ എങ്ങനെയാണു സ്വാധീനിച്ചത്‌?

8 യേശുവിന്റെ വിശ്വസ്‌തരായ അപ്പോസ്‌തലന്മാരും ധൈര്യത്തിന്റെ നല്ല മാതൃകകളായിരുന്നു. യേശുവിന്റെ ധൈര്യം നേരിട്ട്‌ കണ്ടവരായിരുന്നു അവർ. (മത്താ. 8:28-32; യോഹ. 2:13-17; 18:3-5) ആ മാതൃക, ധൈര്യം വളർത്തിയെടുക്കാൻ അവരെ സഹായിച്ചു. അതുകൊണ്ടാണ്‌ സദൂക്യർ എതിർത്തപ്പോഴും യേശുവിന്റെ നാമത്തിൽ പഠിപ്പിക്കുന്നത്‌ അവർ നിറുത്താതിരുന്നത്‌.—പ്രവൃ. 5:17, 18, 27-29.

9. ധൈര്യത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ 2 തിമൊഥെയൊസ്‌ 1:7 എന്താണു പറയുന്നത്‌?

9 യോസേഫിന്റെയും രാഹാബിന്റെയും യേശുവിന്റെയും അപ്പോസ്‌തലന്മാരുടെയും ഉൾക്കരുത്ത്‌ ശരിയായ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. അവരുടെ ധൈര്യം അമിതമായ ആത്മവിശ്വാസമായിരുന്നില്ല. യഹോവയിലുള്ള ആശ്രയത്തിൽനിന്നാണ്‌ അവർക്കു ധൈര്യം കിട്ടിയത്‌. ധൈര്യം ആവശ്യമായിരിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലുമുണ്ടാകും. അപ്പോഴൊക്കെ നമ്മളിൽത്തന്നെ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുക. (2 തിമൊഥെയൊസ്‌ 1:7 വായിക്കുക.) ധൈര്യം കാണിക്കേണ്ട രണ്ടു മേഖലകളെക്കുറിച്ച്‌ ഇപ്പോൾ ചിന്തിക്കാം: കുടുംബവും സഭയും.

ധൈര്യം ആവശ്യമായ സാഹചര്യങ്ങൾ

10. ക്രിസ്‌ത്യാനികളായ യുവാക്കൾക്കു ധൈര്യം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 യഹോവയെ സേവിക്കാൻ ധൈര്യം കാണിക്കേണ്ട പല സാഹചര്യങ്ങളും ക്രിസ്‌ത്യാനികളായ യുവാക്കളുടെ ജീവിതത്തിലുണ്ടാകാറുണ്ട്‌. അവർക്കു ശലോമോൻ ഒരു നല്ല മാതൃകയാണ്‌. ദേവാലയനിർമാണം പൂർത്തിയാക്കുന്നതിനു ജ്ഞാനത്തോടെ പല തീരുമാനങ്ങളുമെടുക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. യുവാക്കൾക്കു മാതാപിതാക്കളിൽനിന്ന്‌ മാർഗനിർദേശം ലഭിക്കുമെന്നതു ശരിയാണ്‌, അവർ അതു സ്വീകരിക്കുകയും വേണം. പക്ഷേ അവർക്കു സ്വന്തമായി പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കേണ്ടിവരും. (സുഭാ. 27:11) കൂട്ടുകെട്ട്‌, വിനോദം, ധാർമികശുദ്ധി, സ്‌നാനം എന്നീ കാര്യങ്ങളിൽ ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ അവർക്കു ധൈര്യം വേണം. എന്തുകൊണ്ട്‌? കാരണം ശരിയായ തീരുമാനങ്ങളെടുക്കുമ്പോൾ അവർ ദൈവത്തെ നിന്ദിക്കുന്ന സാത്താന്റെ ഇഷ്ടത്തിന്‌ എതിരെയാണു പ്രവർത്തിക്കുന്നത്‌.

11, 12. (എ) ധൈര്യത്തിന്റെ കാര്യത്തിൽ മോശ എങ്ങനെയാണു മാതൃകവെച്ചത്‌? (ബി) മോശയുടെ മാതൃക യുവാക്കൾക്ക്‌ എങ്ങനെ അനുകരിക്കാം?

11 യുവാക്കളെടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്‌ അവരുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടാണ്‌. ചില രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം, നല്ല ശമ്പളമുള്ള ജോലി എന്നിവയെ ചുറ്റിപ്പറ്റിയുള്ള ലക്ഷ്യങ്ങൾ വെക്കാൻ യുവാക്കളുടെ മേൽ സമ്മർദമുണ്ട്‌. മറ്റു ചില രാജ്യങ്ങളിലാകട്ടെ, അവിടങ്ങളിലെ സാമ്പത്തികസാഹചര്യം നിമിത്തം, കുടുംബത്തെ ഭൗതികമായി കരുതുന്നതിലായിരിക്കണം തങ്ങളുടെ മുഖ്യശ്രദ്ധയെന്നു യുവാക്കൾ ചിന്തിച്ചേക്കാം. നിങ്ങളുടെ സാഹചര്യം ഏതായാലും മോശയുടെ മാതൃക സഹായിക്കും. ഫറവോന്റെ പുത്രിയുടെ മകനായി വളർന്നതുകൊണ്ട്‌ മോശയ്‌ക്കു പ്രാമുഖ്യതയും സാമ്പത്തികഭദ്രതയും ഒക്കെ ലക്ഷ്യംവെക്കാമായിരുന്നു. ഈജിപ്‌തിലെ കുടുംബവും അധ്യാപകരും ഉപദേശകരും എല്ലാം മോശയുടെ മേൽ എത്രമാത്രം സമ്മർദം ചെലുത്തിയിട്ടുണ്ടാകണം. പക്ഷേ അതിനു വശംവദനാകുന്നതിനു പകരം മോശ ധൈര്യത്തോടെ സത്യാരാധനയ്‌ക്കുവേണ്ടി നിലപാടെടുത്തു. ഈജിപ്‌തിലെ സമ്പത്തുകൾ ഉപേക്ഷിച്ചശേഷം മോശ യഹോവയിൽ ആശ്രയിച്ചു. (എബ്രാ. 11:24-26) അതിന്‌ യഹോവ മോശയെ അനുഗ്രഹിച്ചു, ഭാവിയിൽ കൂടുതൽ അനുഗ്രഹങ്ങൾ മോശയ്‌ക്കായി യഹോവ കരുതിവെച്ചിട്ടുമുണ്ട്‌.

12 അതുപോലെ, ധൈര്യത്തോടെ ആത്മീയലക്ഷ്യങ്ങൾ വെച്ച്‌ മുന്നോട്ട്‌ നീങ്ങുകയും ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെയും യഹോവ അനുഗ്രഹിക്കും. അവരുടെ കുടുംബങ്ങൾക്കുവേണ്ടി കരുതാൻ യഹോവ അവരെ സഹായിക്കും. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിമൊഥെയൊസ്‌ എന്ന യുവാവിന്റെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നിങ്ങൾക്കും അതുതന്നെ ചെയ്യാം.a—ഫിലിപ്പിയർ 2:19-22 വായിക്കുക.

തൊഴിലുടമയോടു സംസാരിക്കുന്ന ഒരു സഹോദരൻ, ദിവ്യാധിപത്യനിർമാണപ്രവർത്തനത്തിൽ ഏർപ്പെടുന്ന സഹോദരിമാർ, രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിൽ പങ്കെടുക്കുന്ന ഒരു സഹോദരി

ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ധൈര്യം കാണിക്കാൻ നിങ്ങൾ തീരുമാനിച്ചുറച്ചിട്ടുണ്ടോ? (13-17 ഖണ്ഡികകൾ കാണുക)

13. ലക്ഷ്യങ്ങളിൽ എത്താൻ ധൈര്യം ഒരു സഹോദരിയെ സഹായിച്ചത്‌ എങ്ങനെ?

13 ഐക്യനാടുകളിലെ അലബാമയിലുള്ള ഒരു യുവസഹോദരിക്ക്‌ ആത്മീയലക്ഷ്യങ്ങൾ വെക്കാൻ ധൈര്യം വളർത്തിയെടുക്കണമായിരുന്നു. സഹോദരി എഴുതുന്നു: “ഞാൻ ഒരു നാണക്കാരിയായിരുന്നു. രാജ്യഹാളിൽ സഹോദരങ്ങളോടുപോലും ഞാൻ അധികം സംസാരിച്ചിരുന്നില്ല. അപ്പോൾപ്പിന്നെ ഒട്ടും പരിചയമില്ലാത്തവരോട്‌ അവരുടെ വീടുകളിൽ ചെന്ന്‌ സംസാരിക്കുന്ന കാര്യം പറയണോ!” എങ്കിലും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായത്തോടെ മുൻനിരസേവികയാകാനുള്ള ലക്ഷ്യം സഹോദരി എത്തിപ്പിടിച്ചു. സഹോദരി പറയുന്നതു ശ്രദ്ധിക്കുക: “സാത്താന്റെ ലോകം നല്ല ലക്ഷ്യങ്ങളായി എടുത്തുകാട്ടുന്നത്‌ ഉന്നതവിദ്യാഭ്യാസം, പ്രശസ്‌തി, പണം, ധാരാളം വസ്‌തുവകകൾ ഒക്കെയാണ്‌. മിക്കപ്പോഴും ഈ ലക്ഷ്യങ്ങൾ കൈയെത്താദൂരത്താണ്‌ എന്നതാണു സത്യം. ഇവയുടെ പുറകേയുള്ള പരക്കംപാച്ചിൽ മാനസികപിരിമുറുക്കവും ഹൃദയവേദനയും മാത്രമായിരിക്കും സമ്മാനിക്കുക. എന്നാൽ യഹോവയെ സേവിക്കുന്നത്‌ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തരുന്നു. ഇപ്പോൾ എന്തു സംതൃപ്‌തിയുണ്ടെന്നോ!”

14. ക്രിസ്‌തീയമാതാപിതാക്കൾ ധൈര്യം കാണിക്കേണ്ട ചില സന്ദർഭങ്ങൾ പറയുക.

14 ക്രിസ്‌തീയമാതാപിതാക്കൾക്കും ധൈര്യം വേണം. ഉദാഹരണത്തിന്‌, അധികസമയം ജോലി ചെയ്യാൻ തൊഴിലുടമ നിങ്ങളോട്‌ ആവശ്യപ്പെടുന്നതു നിങ്ങൾ കുടുംബാരാധനയ്‌ക്കോ വയൽസേവനത്തിനോ യോഗങ്ങൾക്കോ വേണ്ടി മാറ്റിവെച്ചിരിക്കുന്ന സായാഹ്നങ്ങളിലും വാരാന്തങ്ങളിലും ആണെങ്കിലോ? പതിവായുള്ള ഇത്തരം ആവശ്യങ്ങൾ നിരസിക്കാനും അങ്ങനെ മക്കൾക്ക്‌ ഒരു നല്ല മാതൃക വെക്കാനും ധൈര്യം വേണം. മറ്റൊരു സാഹചര്യം നോക്കാം. നിങ്ങളുടെ കുട്ടി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കാത്ത ഒരു കാര്യം സഭയിലെ ചില മാതാപിതാക്കൾ അവരുടെ മക്കളെ അനുവദിക്കുന്നെന്നിരിക്കട്ടെ. നിങ്ങളുടെ കുട്ടി എന്തുകൊണ്ടാണ്‌ അത്തരം കാര്യങ്ങൾ ചെയ്യാത്തതെന്ന്‌ ആ മാതാപിതാക്കൾ ചോദിച്ചേക്കാം. ധൈര്യത്തോടെയും എന്നാൽ നയത്തോടെയും നിങ്ങളുടെ തീരുമാനത്തിനു പിന്നിലെ കാരണം നിങ്ങൾ വിശദീകരിക്കുമോ?

15. സങ്കീർത്തനം 37:25, എബ്രായർ 13:5 എന്നീ വാക്യങ്ങൾ മാതാപിതാക്കളെ എങ്ങനെയാണു സഹായിക്കുന്നത്‌?

15 ആത്മീയലക്ഷ്യങ്ങൾ വെക്കാനും അവ എത്തിപ്പിടിക്കാനും മക്കളെ സഹായിച്ചുകൊണ്ടും നമുക്കു ധൈര്യം കാണിക്കാം. മുൻനിരസേവകരായി ജീവിതം നയിക്കാനോ ആവശ്യം അധികമുള്ളിടത്ത്‌ പോയി സേവിക്കാനോ ബഥേൽസേവനം ഏറ്റെടുക്കാനോ ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങളിൽ പങ്കുചേരാനോ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ചില മാതാപിതാക്കൾ മടി കാണിച്ചേക്കാം. പ്രായമാകുമ്പോൾ തങ്ങളെ നോക്കാൻ കുട്ടിക്കു കഴിയാതെവന്നാലോ എന്ന ഉത്‌കണ്‌ഠയായിരിക്കാം അവർക്ക്‌. എന്നാൽ വിവേകമുള്ള മാതാപിതാക്കൾ ധൈര്യത്തോടെ യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കും. (സങ്കീർത്തനം 37:25; എബ്രായർ 13:5 വായിക്കുക.) അതേ വിശ്വാസവും ധൈര്യവും വളർത്തിയെടുക്കാൻ കുട്ടികളെ സഹായിച്ചുകൊണ്ടും മാതാപിതാക്കൾക്കു ധൈര്യവും യഹോവയിലുള്ള ആശ്രയവും തെളിയിക്കാം.—1 ശമു. 1:27, 28; 2 തിമൊ. 3:14, 15.

16. ആത്മീയലക്ഷ്യങ്ങൾ വെക്കാൻ ചില മാതാപിതാക്കൾ മക്കളെ എങ്ങനെയാണു സഹായിച്ചിരിക്കുന്നത്‌, അതുകൊണ്ട്‌ എന്തു നേട്ടമുണ്ടായിരിക്കുന്നു?

16 ആത്മീയലക്ഷ്യങ്ങൾ വെക്കാൻ കുട്ടികളെ സഹായിച്ച അമേരിക്കയിലുള്ള ഒരു ദമ്പതികളുടെ അനുഭവം നോക്കാം. ഭർത്താവ്‌ ഇങ്ങനെ പറയുന്നു: “കുട്ടികൾക്കു സംസാരിക്കാനും നടക്കാനും പ്രായമാകുന്നതിനു മുമ്പേ, മുൻനിരസേവനം ചെയ്യുന്നതിന്റെയും സഭയെ സഹായിക്കുന്നതിന്റെയും സന്തോഷത്തെക്കുറിച്ച്‌ അവരോടു ഞങ്ങൾ സംസാരിക്കുമായിരുന്നു. ഇപ്പോൾ അതാണ്‌ അവരുടെയും ലക്ഷ്യം. ആത്മീയലക്ഷ്യങ്ങൾ വെച്ച്‌, അവ നേടിയെടുക്കുന്നതു സാത്താന്റെ ലോകത്തുനിന്നുള്ള സമ്മർദങ്ങളെ ചെറുത്തുനിൽക്കാനും യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങളുടെ മക്കളെ സഹായിക്കുന്നു. അതാണല്ലോ യഥാർഥമായുള്ളത്‌.” രണ്ടു മക്കളുള്ള ഒരു സഹോദരൻ എഴുതി: “കായിക-വിനോദ-വിദ്യാഭ്യാസ മേഖലകളിൽ മക്കൾ ഉയരങ്ങൾ കീഴടക്കാൻ ഇന്നു പല മാതാപിതാക്കളും വളരെയധികം കഷ്ടപ്പെടുന്നു, അവർക്കുള്ള വസ്‌തുവകകൾ അതിനായി ചെലവഴിക്കുന്നു. എന്നാൽ നമ്മുടെ ഊർജവും വിഭവങ്ങളും ഉപയോഗിച്ച്‌ ആത്മീയലക്ഷ്യങ്ങളിൽ എത്താൻ കുട്ടികളെ സഹായിക്കുന്നതല്ലേ ബുദ്ധി? മക്കൾ ആത്മീയലക്ഷ്യങ്ങളിൽ എത്തിയതു കണ്ടതിന്റെ സന്തോഷം മാത്രമല്ല, ആ യാത്രയിൽ അവരെ കൈപിടിച്ച്‌ നടത്താൻ കഴിഞ്ഞതിന്റെ സംതൃപ്‌തിയും ഞങ്ങൾക്കു ലഭിച്ചു.” ആത്മീയലക്ഷ്യങ്ങൾ വെക്കാനും അത്‌ എത്തിപ്പിടിക്കാനും മക്കളെ സഹായിക്കുന്ന മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക.

സഭയിൽ ധൈര്യം ആവശ്യമായ സാഹചര്യങ്ങൾ

17. ക്രിസ്‌തീയസഭയിൽ ധൈര്യം ആവശ്യമായിരിക്കുന്നതിന്‌ ഉദാഹരണങ്ങൾ പറയുക.

17 സഭയിലും ധൈര്യം കാണിക്കേണ്ട സാഹചര്യങ്ങളുണ്ടാകും. ഉദാഹരണത്തിന്‌, നീതിന്യായകാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും വൈദ്യസഹായം തേടുന്ന ഗുരുതരാവസ്ഥയിലുള്ള സഹോദരങ്ങളെ സഹായിക്കുമ്പോഴും മൂപ്പന്മാർക്കു ധൈര്യം ആവശ്യമാണ്‌. തടവുകാരുമായി ബൈബിൾ പഠിക്കാനും അവിടെ മീറ്റിങ്ങുകൾ നടത്താനും ആയി ചില മൂപ്പന്മാർ ജയിലുകൾ സന്ദർശിക്കാറുണ്ട്‌. ഒറ്റയ്‌ക്കുള്ള സഹോദരിമാരുടെ കാര്യമോ? മുൻനിരസേവനം ചെയ്‌തുകൊണ്ടോ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിച്ചുകൊണ്ടോ പ്രാദേശിക ഡിസൈൻ/നിർമാണ വേലയിൽ പങ്കുപറ്റിക്കൊണ്ടോ രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിലേക്ക്‌ അപേക്ഷിച്ചുകൊണ്ടോ ശുശ്രൂഷ വികസിപ്പിക്കാനുള്ള അനേകം അവസരങ്ങൾ ഇപ്പോൾ അവർക്കുണ്ട്‌. ചിലരെ ഗിലെയാദ്‌ സ്‌കൂളിലേക്കുപോലും ക്ഷണിക്കാറുണ്ട്‌.

18. പ്രായമുള്ള സ്‌ത്രീകൾക്ക്‌ എങ്ങനെ ധൈര്യം കാണിക്കാം?

18 പ്രായമുള്ള സ്‌ത്രീകൾ സഭയ്‌ക്ക്‌ ഒരു അനുഗ്രഹമാണ്‌. ഈ പ്രിയരാം സോദരിമാരെ നമ്മൾ അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്നില്ലേ? ദൈവസേവനത്തിൽ, മുമ്പ്‌ ചെയ്‌തിരുന്നത്രയും ചെയ്യാൻ അവരിൽ ചിലർക്ക്‌ ഇപ്പോൾ കഴിയുന്നില്ലായിരിക്കാം. എങ്കിലും അവർക്കും ധൈര്യം കാണിക്കാനുള്ള അവസരങ്ങളുണ്ട്‌. (തീത്തോസ്‌ 2:3-5 വായിക്കുക.) ഉദാഹരണത്തിന്‌, ചെറുപ്പക്കാരിയായ ഒരു സഹോദരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ സംസാരിക്കാൻ പ്രായമുള്ള ഒരു സഹോദരിയോട്‌ ആവശ്യപ്പെടുന്നെന്നിരിക്കട്ടെ. അതു ചെയ്യാൻ ആ സഹോദരിക്കു ധൈര്യം വേണം. എന്നാൽ, ശകാരിക്കുന്ന രീതിയിൽ ആ സഹോദരി സംസാരിക്കില്ല. മറിച്ച്‌, തന്റെ വസ്‌ത്രധാരണരീതി മറ്റുള്ളവരെ എങ്ങനെ ബാധിച്ചേക്കാമെന്നു ചിന്തിക്കാൻ ആ ചെറുപ്പക്കാരിയെ സഹോദരിക്കു ദയയോടെ സഹായിക്കാനായേക്കും. (1 തിമൊ. 2:9, 10) അത്തരം സ്‌നേഹവും കരുതലും നല്ല ഫലം ചെയ്‌തേക്കാം.

19. (എ) സ്‌നാനമേറ്റ സഹോദരന്മാർക്ക്‌ എങ്ങനെ ധൈര്യം കാണിക്കാം? (ബി) ധൈര്യം വളർത്തിയെടുക്കാൻ ഫിലിപ്പിയർ 2:13-ഉം 4:13-ഉം സഹോദരന്മാരെ സഹായിക്കുന്നത്‌ എങ്ങനെ?

19 ധൈര്യത്തോടെ പ്രവർത്തിക്കേണ്ട മറ്റൊരു കൂട്ടരാണു സ്‌നാനമേറ്റ സഹോദരന്മാർ. സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മനസ്സുള്ള ധീരരായ പുരുഷന്മാർ സഭയ്‌ക്ക്‌ ഒരു അനുഗ്രഹമാണ്‌. (1 തിമൊ. 3:1) എന്നാൽ ചിലർക്ക്‌ അതിന്‌ അൽപ്പം മടി കാണും. ചിലപ്പോൾ ഒരു സഹോദരൻ മുമ്പ്‌ ചില തെറ്റുകളൊക്കെ ചെയ്‌തിട്ടുണ്ടാകാം. അതുകൊണ്ട്‌ ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കാൻ തനിക്കു യോഗ്യതയില്ലെന്ന്‌ അദ്ദേഹത്തിനു തോന്നിയേക്കാം. തനിക്ക്‌ അതിനുള്ള പ്രാപ്‌തിയില്ല എന്ന ചിന്തയായിരിക്കാം മറ്റു ചിലരെ പുറകോട്ടു വലിക്കുന്നത്‌. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുണ്ടോ? എങ്കിൽ ധൈര്യം വളർത്തിയെടുക്കാൻ യഹോവ സഹായിക്കും. (ഫിലിപ്പിയർ 2:13; 4:13 വായിക്കുക.) ഓർക്കുക, ഒരിക്കൽ ഒരു നിയമനം ലഭിച്ചപ്പോൾ അതു നിർവഹിക്കാനുള്ള യോഗ്യത തനിക്കില്ലെന്നു മോശയ്‌ക്കു തോന്നി. (പുറ. 3:11) എങ്കിലും ആ ഉത്തരവാദിത്വം പൂർത്തീകരിക്കാനുള്ള ധൈര്യം നേടിയെടുക്കാൻ യഹോവ മോശയെ സഹായിച്ചു. ദൈവത്തിന്റെ സഹായത്തിനുവേണ്ടി ആത്മാർഥമായി യാചിച്ചുകൊണ്ടും ദിവസവും ബൈബിൾ വായിച്ചുകൊണ്ടും സ്‌നാനമേറ്റ ഒരു സഹോദരനു സമാനമായ ധൈര്യം നേടിയെടുക്കാനാകും. ധൈര്യത്തെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ധ്യാനിക്കുന്നതും അദ്ദേഹത്തെ സഹായിക്കും. വേണ്ട പരിശീലനത്തിനായി താഴ്‌മയോടെ മൂപ്പന്മാരെ സമീപിക്കാവുന്നതാണ്‌. സഭയിൽ എന്തു സഹായവും ചെയ്‌തുകൊടുക്കാൻ തയ്യാറായി മുന്നോട്ടുവരുക. ധൈര്യത്തോടെ സഭയ്‌ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ സ്‌നാനമേറ്റ എല്ലാ സഹോദരന്മാരോടും ഞങ്ങൾ ആഹ്വാനം ചെയ്യുകയാണ്‌!

“യഹോവ നിന്റെകൂടെയുണ്ട്‌”

20, 21. (എ) ദാവീദ്‌ ശലോമോന്‌ എന്ത്‌ ഉറപ്പുകൊടുത്തു? (ബി) ഏതു കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം?

20 ദേവാലയത്തിന്റെ നിർമാണത്തിലുടനീളം യഹോവ കൂടെയുണ്ടായിരിക്കുമെന്നു ദാവീദ്‌ രാജാവ്‌ ശലോമോനെ ഓർമിപ്പിച്ചു. (1 ദിന. 28:20) പിതാവിന്റെ ആ വാക്കുകൾ ശലോമോന്റെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞു. അതുകൊണ്ട്‌ പ്രായക്കുറവോ അനുഭവപരിചയമില്ലായ്‌മയോ തന്നെ തടയാൻ ശലോമോൻ അനുവദിച്ചില്ല. അദ്ദേഹം നല്ല ധൈര്യത്തോടെ കാര്യങ്ങൾ ചെയ്‌തു. യഹോവയുടെ സഹായത്തോടെ ഏഴര വർഷംകൊണ്ട്‌ പ്രൗഢഗംഭീരമായ ഒരു ആലയം പണികഴിപ്പിച്ചു.

21 ശലോമോനെ സഹായിച്ചതുപോലെ, ധൈര്യത്തോടെ കുടുംബത്തിലെയും സഭയിലെയും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ യഹോവ നമ്മളെയും സഹായിക്കും. (യശ. 41:10, 13) ധൈര്യത്തോടെ യഹോവയെ സേവിക്കുമ്പോൾ ഇപ്പോഴും ഭാവിയിലും അനുഗ്രഹങ്ങൾ സുനിശ്ചിതമാണ്‌. അതുകൊണ്ട്‌ നമ്മളോടുള്ള ആഹ്വാനം ഇതാണ്‌: ധൈര്യത്തോടെ പ്രവർത്തിക്കുക!

a 2004 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങളുടെ സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താൻ ആത്മീയ ലാക്കുകളെ ഉപയോഗിക്കുക” എന്ന ലേഖനത്തിൽ, ആത്മീയലക്ഷ്യങ്ങൾ വെക്കാൻ സഹായിക്കുന്ന പ്രായോഗികനിർദേശങ്ങളുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക